പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അറബിക്കടലിൽ പത്തേമാരികാണുമ്പോൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൻ. ഗോവിന്ദൻകുട്ടി

പുനർവായന

മലയാള കഥാസാഹിത്യത്തിലെ എക്കാലത്തെയും മഹാരഥന്മാരായിരുന്ന പോയതലമുറയിലെ പ്രമുഖകഥാകൃത്തുക്കളുടെ ഏതാനും കഥകൾ ഓരോ ലക്കത്തിലായി പ്രസിദ്ധീകരിക്കുന്നു. പുതിയ എഴുത്തുകാർക്ക്‌ കഥാരചനയിൽ മാർഗ്ഗദർശിയാകാൻ ഈ കഥകൾ പ്രയോജനപ്പെടും. ഈ ലക്കത്തിൽ എൻ. ഗോവിന്ദൻകുട്ടിയുടെ ‘അറബിക്കടലിൽ പത്തേമാരികാണുമ്പോൾ​‍്‌’ എന്ന കഥ വായിക്കുക.

ഒരു കുടിൽ

പട്ടണത്തിൽ നിന്നു പത്തുമുപ്പതുമൈൽ അകലെ കിടക്കുന്ന ഗ്രാമത്തിലെ കോളിവാഡയിലാണ്‌ ഞാൻ പറയുന്ന കുടിൽ നിലകൊള്ളുന്നത്‌. ചുറ്റും പ്രശാന്തത പറ്റിപ്പിടിച്ചുനില്‌ക്കുന്ന ഈ കുടിലിലാണ്‌ സുന്ദരിയായ ചിമനയും വിരൂപനായ ജയറാമും താമസിച്ചിരുന്നത്‌.

ഒരുകാലത്ത്‌, എന്നുവെച്ചാൽ ഉദ്ദേശം രണ്ടുകൊല്ലം മുമ്പ്‌, വടക്കേ ഇന്ത്യയിലെ ഒരു വലിയ പട്ടണത്തിന്റെ പല ഭാഗങ്ങളിലുമായി ഞാൻ അലഞ്ഞുനടന്നിരുന്നു. ഒരു നേരത്തെ ആഹാരം ലഭിച്ചില്ലെങ്കിൽതന്നെയും, ഹൃദയം നിറച്ചു ശുദ്ധവായു ശ്വസിക്കുവാൻ ഞാൻ കൊതിച്ചു. ഒടുവിൽ തിക്കും തിരക്കും നിറഞ്ഞ പട്ടണത്തിൽ നിന്നും വീർപ്പുമുട്ടി ഞാൻ ഓടിയെത്തിയതാണ്‌, കോളിവാഡയിൽ അവിടെ എത്തിയപ്പോൾ എനിക്കല്‌പം ആശ്വാസം തോന്നി. ചിരിക്കുന്ന മുഖങ്ങളും നല്ല വാക്കുകളും എനിക്കു സമാധാനം നല്‌കി. ശുദ്ധവായു ശ്വസിച്ചു. പുഴയിലെ വെള്ളം കുടിച്ചു പച്ചക്കുടകൾ വിരിച്ചുനില്‌ക്കുന്ന ‘പിപ്ലാ’ മരങ്ങളുടെ തണൽപ്പായിൽ എവിടെയെങ്കിലും കിടന്നു മരിക്കാമല്ലോ.

ഒരു രാത്രി.

നിലാവുള്ള ഒരു രാത്രിയായിരുന്നു അത്‌.

ഗ്രാമത്തിലെ മണൽത്തരികളെ നക്കിക്കുടിക്കുവാൻ ഉൾക്കടലിൽ നിന്നു ചോർന്നുപോന്ന ഒരു കൊച്ചു പുഴയുണ്ടവിടെ. കരയിൽ ഉയർന്നുനില്‌ക്കുന്ന കരിമ്പാറകളുണ്ട്‌. നൂറ്റാണ്ടുകളായി തപോനിഷ്‌ഠയിലിരിക്കുന്ന കരിമ്പാറകൾ! ചലനമില്ല - നാശമില്ല. ആ പാറകളിൽ ഒന്നിന്റെ മുകളിൽ ഞാൻ ഇരിക്കുകയായിരുന്നു. ഭൂമിയുടെ തുറന്ന വായിലേക്കു പാലൊഴിക്കുന്ന നിലാവിൽ ഒരു പൈതലിനെപ്പോലെ ദേവഭാഷയിൽ എന്തോ പുലമ്പിക്കൊണ്ടൊഴുകുന്ന ആ പുഴ വെള്ളികസവിന്റെ ബോർഡുള്ള ഒരു ഇളംനീലപ്പട്ടുസാരിപോലെ മനോഹരമായിരുന്നു.

നേരം വെളുക്കുന്നതു ‘ഹോളി’യാണ്‌. ഗ്രാമത്തിനു പുതുജീവനും ഉണർവ്വും നല്‌കുന്ന ഹോളി ഓരോ കുടിലിലും ഹോളി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടക്കുന്നുണ്ട്‌. പുഴയ്‌ക്കക്കരനിന്നു കോളിപ്പെണ്ണുങ്ങൾ ‘ഡബ്ബു’ കൊട്ടി ഏതോ നാടൻ പാട്ട്‌ ഈണത്തിൽ പാടിക്കൊണ്ടിരുന്നു. ആ ഗ്രാമീണഗാനമുയർത്തിയ കുഞ്ഞലകൾ ഗ്രാമഹൃദയത്തിൽ നവോന്മേഷത്തിന്റെ വൈദ്യതശക്തിയേറ്റിക്കൊണ്ടിരുന്നു. കുടിലുകളിൽ മിന്നിക്കത്തുന്ന ദീപനാളങ്ങൾപോലെ ആയിരമായിരം നക്ഷത്രങ്ങൾ ആകാശത്തിൽ തെളിഞ്ഞിട്ടുണ്ട്‌.

നാളെ ഹോളിയാണ്‌ നല്ലൊരു ദിവസം!

കോളിവാഡയിലെ ഓരോ ആണും പെണ്ണും ഗ്രാമക്ഷേത്രത്തിൽ ഉച്ചതിരിഞ്ഞുള്ള ദർശനം കഴിയുന്നതുവരെ ചായത്തിൽ കുളിച്ചിരിക്കും. കടുംമഞ്ഞയും ചോപ്പും പിന്നെ നീലയും....! പശ്ചിമചക്രവാളത്തിന്റെ മുഖത്തും കടുംമഞ്ഞയും, ചോപ്പും, പിന്നെ നീലയും. ചായങ്ങൾ കുടഞ്ഞുകൊണ്ട്‌ നാളത്തെ സന്ധ്യയും കെട്ടടങ്ങും.

എന്റെ ദേഹത്ത്‌ ആരെങ്കിലും ചായം തളിക്കുമോ? ഇല്ല. ആവോ?

അക്കരയിൽ നിന്നുണർന്നിരുന്ന നാടൻ ഗാനം പെട്ടെന്നു നിലച്ചു. എവിടെയോ പെരുമ്പറയടിക്കുന്ന ശബ്‌ദം!

ഥും! ബ്‌ഥും!

വീണ്ടും ഥും! ബ്‌ഥും!

ഗ്രാമത്തിന്റെ തെക്കേ ഭാഗത്തുനിന്നു ചോന്ന പ്രകാശമുണർന്നു.

ഇരമ്പൽ! നൂറു നൂറു കണ്‌ഠങ്ങളിൽ നിന്നു താളവും ലയവുമില്ലാതെ ഉയരുന്ന കനത്ത ശബ്‌ദങ്ങൾ. കൊടുമ്പിരികൊണ്ടു മനുഷ്യർ ഒന്നിച്ചു പാടുകയാണ്‌. മേളമുണ്ട്‌. പെരുമ്പറയുടെ ശബ്‌ദവും ഥും! ബ്‌ഥും!

ചോന്ന പ്രകാശം അടുത്തുവന്നു. ഗാനത്തിന്റെ ഇരമ്പൽ അടുത്തുവന്നു.

നിഴലുകൾ! കരിനിഴലുകൾ നീങ്ങുന്നു. കൂടെ കത്തിയെരിയുന്ന കൈപ്പന്തങ്ങളും.

തീയുടെ വെളിച്ചത്തിലും ചൂടിലും വിയർത്തൊലിച്ച പെരുമ്പറയുടെ മേളത്തോടൊപ്പം കനത്ത പാട്ടുപാടി കറുത്ത, മനുഷ്യക്കോലങ്ങൾ തുള്ളിച്ചടുന്നു. അരയ്‌ക്കു കീഴെ മുൻഭാഗം മാത്രം ത്രികോണാകൃതിയിലുള്ള നിറത്തുണികൊണ്ടു മറച്ച്‌ പുരുഷന്മാർ.

ഇതിന്റെയൊക്കെ മുന്നിൽ ഒരുകൈയ്യിൽ ആരിവേപ്പിൻ തുഞ്ചുകളും മറുകരത്തിൽ വായ്‌ത്തല വളഞ്ഞ ഒരു വെട്ടുകത്തിയും പിടിച്ചു തുള്ളിക്കൊണ്ട്‌ ഒരു പൂജാരി നീങ്ങുന്നു. അയാൾ രക്തചന്ദനവും ഭസ്‌മവും മേലാകെ പൂശിയിട്ടുണ്ട്‌.

വെട്ടുകത്തിയുടെ വളഞ്ഞ വായ്‌ത്തല തീപ്പന്തങ്ങളുടെ ചോന്ന പ്രകാശത്തിൽ വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.

ഓരോ ഗൃഹത്തിന്റെ വാതില്‌ക്കലും പൂജാരി അലറിക്കൊണ്ട്‌ ഭസ്‌മംവാരി വിതറുന്നുണ്ട്‌. ഗൃഹനായികമാർ വഴിപാടുകൾ കൊടുക്കുന്നു.

കാര്യമിതാണ്‌ ഃ ദുർഗ്ഗയ്‌ക്കു പൂജ നടത്തുകയാണവർ. ഗ്രാമത്തിന്റെ ഏതോ ഭാഗത്തു മസൂരി പടർന്നു പിടിച്ചു തുടങ്ങിയിട്ടുണ്ട്‌. കാളിയുടെ കോപംകൊണ്ടാണ്‌ ആ ഭയങ്കരരോഗം ആക്രമിക്കുന്നതെന്ന്‌ അവർ വിശ്വസിക്കുന്നു. അതിനു കാളിമാതാവിനെ പ്രീതിപ്പെടുത്തുവാൻ പൂജ നടത്തുകയാണ്‌.

തീപ്പന്തങ്ങളുടെ ചോന്ന പ്രകാശത്തിൽ കരിനിഴലുകൾ അകന്നുകൊണ്ടിരുന്നു. പെരുമ്പറയുടെ ശബ്‌ദം നേർത്തു നേരത്തു കേൾക്കാതായി.

അപ്പോഴാണ്‌ ആ പൊട്ടിച്ചിരി. ഞാൻ ഞെട്ടിപ്പോയി. തിരിഞ്ഞുനോക്കി.

ആരോ രണ്ടുപേർ പാറക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നടുക്കുന്നുണ്ട്‌. ഒന്ന്‌ ഒരു കോളിസ്‌ത്രീയാണ്‌, തീർച്ച കോളയുവതിയുടെ കണങ്കാലുകളിൽ കമിഴ്‌ന്നുകിടക്കാറുള്ള ഒരു പ്രത്യേകതരം ചിലമ്പു കിലുങ്ങുന്നു. ഝിലും ഝിലും......ഝിലും...ഝിലും.....ഝിലും.....ഝിലും ഝിലും ഝിലും!

തെളിഞ്ഞ നിലാവിൽ ഞാൻ അവരെ കണ്ടു. സുന്ദരിയായ ഒരു യുവതി. വിരൂപനായ ഒരു പുരുഷൻ.

സുന്ദരിയായ യുവതിക്കു കഷ്‌ടിച്ചു പതിനാറോ പതിനേഴോ വയസ്സു കാണും. നിലാവിന്റെ വെള്ളിപ്പുഴയിൽ അവളുടെ നീണ്ട കണ്ണുകൾ രണ്ടു പരൽമിനുകളെപ്പോലെ പിടഞ്ഞു മിന്നിയിരുന്നു. മഴക്കാലത്തെ കാർമുകിലിൽ നിന്നെടുത്ത കറുപ്പും, കുഞ്ഞലകളുടെ ഒടിവും അവളുടെ തലമുടിക്കുണ്ട്‌. അതിൽ ഇലകളോടുകൂടി നുള്ളിയെടുത്ത ഒരു കാട്ടുപുഷ്‌പം അവൾ കൊരുത്തു ചേർത്തിരുന്നു. ചോലിക്കെട്ടു പൊട്ടിക്കുമെന്നു തോന്നുന്ന മുഴുത്തുരുണ്ട മാറിടവും, വടിവൊത്ത തുടകളോടുചേർന്ന്‌ ഇറുകെയുടുത്ത ചേലക്കുത്തിലൂടെ ഉയർന്നുകാണുന്ന നിതംബവും നേർത്ത അരക്കെട്ടും ആകർഷകമായിരുന്നു. അജന്താഗുഹകളിലെ കരിങ്കൽത്തൂണുകളിൽനിന്നും കലാശില്‌പം തികഞ്ഞ ഒരു കിന്നരിയുടെ രൂപം ജീവൻപൂണ്ട്‌ ഇറങ്ങിയിരിക്കയാണെന്നു സംശയിക്കും അവളെ കണ്ടാൽ. ഗ്രാമത്തിന്റെ കൊച്ചുദേവതയെപ്പോലെ മനോഹരിയായ ആ പെണ്ണ്‌ അടിവെച്ചടിവെച്ച്‌ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

ഝിലും ഝിലും ഝിലും....

ഝിലും ഝിലും ഝിലും....

അവൾ അപ്പോഴും ചിരിക്കുന്നുണ്ടായിരുന്നു. കരളിൽ കോരിത്തരിപ്പേറുന്ന ആ പൊട്ടിച്ചിരി അവളുടെ സൗന്ദര്യത്തിന്റെ ഒരംശമാണെന്നു പറയാം. മലമുകളിൽ നിന്നു താഴെ വെള്ളപ്പാറകളിലേക്കു കുത്തനെ വീഴുന്ന കാട്ടറിന്റെ ശബ്‌ദപ്രവാഹം ഓർത്തുപോകും ആ ചിരികേട്ടാൽ.

വീരൂപനായ മനുഷ്യന്‌ ഉദ്ദേശം മുപ്പതുമുപ്പത്തിയൊന്നു വയസ്സുണ്ട്‌. മെലിഞ്ഞ ഉയരംകൂടിയ ശരീരം. പാറിപ്പറന്ന ചെമ്പൻ മുടി. മസൂരിക്കുഴികൾ നിറഞ്ഞ വൃത്തികെട്ട മുഖം. പോരെങ്കിൽ ഒറ്റക്കണ്ണനും.

അവർ ആ പാറമേൽ കയറി പുഴയിലേക്കു കാലും നീട്ടിയിരിപ്പായി.

അവളുടെ സൗന്ദര്യത്തിന്‌ അപമാനം ചേർക്കുന്ന ആ മനുഷ്യൻ തവളകരയുംപോലെ എന്തൊക്കെയൊ ചിലമ്പിക്കൊണ്ടിരുന്നു. അപ്പോഴൊക്കെ അവൾ പൊട്ടിച്ചിരിച്ചു. കാലാട്ടി ചിലമ്പു കിലുങ്ങി. പൊട്ടിച്ചിരിയും ചിലമ്പിന്റെ കിലുക്കവും പാറക്കെട്ടുകളിൽത്തട്ടി മാറ്റൊലികൊണ്ടിരുന്നു. വിരൂപനായ ആ മനുഷ്യൻ ഫലിതം പറയുകയോ?

എന്തു വൈരുദ്ധ്യമാണ്‌?

അവർ ഭാര്യ ഭർത്താക്കന്മാരായിരിക്കാം. അല്ലെങ്കിൽ കാമിനീകാമുകന്മാരായിരിക്കാം. എന്തെല്ലാം ചേഷ്‌ടകളാണ്‌! ശ്ശ്‌ എങ്ങനെ പെരുമാറുന്നു! വളരെ അടുത്താണെങ്കിലും നിശ്ചലനായി ഇരിക്കുന്ന എന്നെ കണ്ടിരുന്നില്ലെന്നുള്ളത്‌ ആശ്വാസകരമായി എനിക്കു തോന്നി. ഒരുപക്ഷേ, മുഷിഞ്ഞ കാക്കിക്കുപ്പായം ധരിച്ചിരുന്ന എന്നെ കരിമ്പാറകളുടെ ഉച്ചികളിൽ ഒന്നായി അവർ കണക്കാക്കിയിരിക്കാം.

അയാൾ അവളുടെ മുഖം കൈപ്പത്തികൾകൊണ്ടു പിടിച്ചു താടിയുയർത്തി. ചെമ്പനീർപ്പൂവിന്റെ ഇതളുകൾപോലെ മനോഹരവും മൃദുലവുമായ ആ കവിളിണകളിൽ മരക്കൊള്ളിപോലുള്ള മെലിഞ്ഞ കൈവിരലുകൾ യാന്ത്രികമായി ഓടിക്കളിച്ചു.

അയാൾ വിളിക്കുകയാണ്‌.

“ചിമനാ! എന്റെ ചിമനാ!

അവൾ വിളികേട്ടു.

”ദേവാ! എന്റെ ഈശ്വരാ!“

സാധാരണ കോളികൾ സംസാരിക്കാറുള്ള ഒരുവിധം പ്രാകൃത മറാഠിയിലാണ്‌ അവർ സംസാരിച്ചിരുന്നത്‌. പട്ടണത്തിലെ അലഞ്ഞുതിരിഞ്ഞുള്ള ജീവിതം എന്നെ ആ ഭാഷ പഠിപ്പിച്ചിരുന്നു.

ഹൃദയത്തിന്റെ ഉള്ളറകളിൽ നിന്നു പൊങ്ങിയ ശബ്‌ദങ്ങൾ ചിമനയുടെ തൊണ്ടയിൽനിന്ന്‌ അടർന്നടർന്നു വീണു കൊണ്ടിരുന്നു.

”ഹാവൂ ജയറാം, അങ്ങെന്റെ ഈശ്വരനാണ്‌.

“ചിമനാ!”

“ദേവാ!” അവളുടെ കൺപിലികൾ നനഞ്ഞിരിക്കണം.

സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്യുന്ന അവർ അവർക്കുള്ളതെല്ലാം - അവരെത്തന്നെ - പരസ്‌പരം അടയറവെയ്‌ക്കുവാൻ സന്നദ്ധരാവുകയാണ്‌.

ജയറാമിന്റെ കൈകൾ ചിമനയുടെ സുന്ദരമായ കഴുത്തിലൂടെ മെല്ലെ മെല്ലെ കീഴോട്ടിറങ്ങി.. അപ്പോൾ അവന്റെ രോമം നിറഞ്ഞ നെഞ്ചത്ത്‌ അമർന്നുരസ്സുവാൻ അവൾ ഉത്സാഹം കാണിച്ചു.

മിനുങ്ങുന്ന, മിനുസമുള്ള മാംസത്തിൽ ജയറാമിന്റെ വിറയ്‌ക്കുന്ന വിരലുകൾ തിരുപ്പിടിപ്പിച്ചുകൊണ്ടിരുന്നു. അപകടം സൂചിപ്പിക്കുവാൻ ഗുണിതചിഹ്‌നത്തിൽ വെയ്‌ക്കാറുള്ള രണ്ട്‌ അസ്‌ഥിഖണ്ഡങ്ങൾപോലിരുന്നു അയാളുടെ കരങ്ങൾ. ചിമനയ്‌ക്ക്‌ ഇക്കിളി തോന്നിയിരിക്കണം. പൊട്ടിച്ചിരിച്ചുകൊണ്ട്‌ അവൾ അവന്റെ മടിയിലേക്കു തളർന്നു വീണു. എന്നിട്ടവൾ തെരുതെരെ നിശ്വസിച്ചു. നിലാവിന്റെ കുളുർമ്മയിൽ ചോരയും നീരുമുള്ള സ്‌ത്രീയുടെയും പുരുഷന്റേയും ശരീരങ്ങൾ ഉരസ്സുമ്പോളുണ്ടാകുന്ന ഇളംചൂട്‌ ആത്മാവിൽ സ്വർഗ്ഗീയാനുഭൂതികളുടെ പുളകം നിറയ്‌ക്കുമായിരിക്കാം. ദിവ്യമായ ഒരു പരിവേഷം അവരെ വലയം ചെയ്‌തിരിക്കുന്നതായി എനിക്കു തോന്നി.

മാദകമായ അന്തരീക്ഷം.

ഞാൻ എഴുന്നേറ്റു. എന്റെ സന്മാർഗ്ഗബോധവും സംസ്‌കാരവും എന്നെ എന്തുകൊണ്ട്‌ അവിടെനിന്നോടിക്കുന്നില്ല? അനങ്ങരുത്‌. അവരെ ശല്യപ്പെടുത്തികൂടാ. നിശബ്‌ദനായി നിശ്ചേഷ്‌ടനായി അവിടെ നില്‌ക്കാൻ മാത്രമേ എനിക്കു കഴിഞ്ഞുള്ളൂ.

താമരത്തണ്ടുപോലെ തളർന്നുകിടക്കുന്ന സൗന്ദര്യത്തെ അറപ്പുളവാക്കുന്ന വൈകൃതം വാരിയെടുത്തു. ചിമനയുടെ മാറും മുഖവും ഉയർന്നു. പൂർണ്ണചന്ദ്രനെ വിഴുങ്ങാനെത്തുന്ന രാഹുവിനെപ്പോലെ ജയറാമിന്റെ മുഖം താഴുകയാണ്‌. വിടർന്നു മനോഹരമായി നില്‌ക്കുന്ന ഒരു കാട്ടുപുഷ്‌പത്തിന്റെ മുകളിൽ പത്തിവിരിച്ചിരിക്കുന്ന ഒരു കരിമുർഖനെപ്പോലെ ചിമനയുടെ മുഖത്തിനു മുകളിൽ ജയറാമിന്റെ ശിരസ്സു നിന്നു.

എന്തു വൈരുദ്ധ്യം!

എന്റെ ഹൃദയത്തിൽ വെള്ളിവരകൾ പിടഞ്ഞു മറഞ്ഞു. നട്ടെല്ലിനടിയിൽനിന്ന്‌ അസ്‌ഥി കരണ്ടുതിന്നുന്ന തണുപ്പ്‌ അരിച്ചരിച്ചു മേലോട്ടുകയറി. തണുപ്പുള്ള രാത്രിയിൽ ഞാൻ വിയർത്തൊലിച്ചു. ചെവിക്കുള്ളിലും കൺമുന്നിലും പൊന്നീച്ചകൾ പറന്നു. തലച്ചോറിൽ വിള്ളലുകളുണ്ടായി.

ചുവന്ന പ്രകാശമുള്ള കൈപ്പന്തങ്ങൾ!

നീങ്ങുന്ന കരിനിഴലുകൾ.

ഡബ്ബും പെരുമ്പറയും.

പൊട്ടിച്ചിരിയും ചിലമ്പിന്റെ കിലുക്കവും.

പുഷ്‌പവും പാമ്പും!

ഇരുളും വെളിച്ചവും! വെളിച്ചവും ഇരുളും!

പാറ കുലുങ്ങുന്നതുപോലെ ചിമനയിം ജയറാമും, പുഴയും ആകാശവും. എല്ലാം എല്ലാം, വട്ടം ചുറ്റുന്നതുപോലെ. അടിപതറിയ ഞാൻ പാറയിൽ അള്ളിപ്പിടിക്കുവാൻ പണിപ്പെട്ടു. പറന്നുപോകുമ്പോൾ വെടികൊണ്ട പക്ഷി വായുവിന്റെ നനവിൽ നഖം കടത്തി നില്‌ക്കാൻ ശ്രമിക്കുന്നതുപോലെയായിരുന്നു അത്‌.

എല്ലാം കഴിഞ്ഞു!

ഞാൻ കണ്ണുതുറന്നപ്പോൾ കിഴക്കു കുളിരും കുങ്കുമവും വീണു കഴിഞ്ഞിരുന്നു. പതിവുപോലെ അന്നും പ്രഭാതം മിഴിതുറക്കുകയാണ്‌ എന്റെ അരികിൽ സുന്ദരിയായ ചിമനയും വിരൂപനായ ജയറാമും ഇരിക്കുന്നുണ്ടായിരുന്നു.

ഒരു കുടിലിലാണു ഞാൻ കിടന്നിരുന്നത്‌. ഏകാന്തതയുടെ കൈക്കുമ്പിൾപോലെ നിലകൊള്ളുന്ന ഒരു കുടിൽ. പ്രശാന്തത പറ്റിച്ചേർന്നുനില്‌ക്കുന്ന ഈ കുടിലിലാണു ചിമനയും ജയറാമും താമസിക്കുന്നത്‌.

അകലെയുള്ള ഏതോ ഒരിടഞ്ഞുനിന്നു പെൺകിടാങ്ങൾ ഡബ്ബ്‌ കൊ​‍ാട്ടി പാടുന്നതിന്റെ നേർത്ത അലകൾ പുലരിയുടെ നിശ്ശബദ്‌തയിലൂടെ നീന്തിനീന്തി എത്തുന്നുണ്ടായിരുന്നു.

ഹോളിയാണ്‌!

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. കഴിഞ്ഞില്ല. ദേഹമാകെ അസഹ്യാമായ വേദന. മാത്രമോ? സർവ്വാംഗം തരിതരിയായി എന്തോ പൊന്തിയിരിക്കുന്നു.

മസൂരി!

ഞാൻ കണ്ണുകൾ ഇറുകെയടച്ചു.

“ബാബു!”

ഞാൻ കണ്ണു തുറന്നു.

ചിമന ചോദിക്കുകയാണ്‌

“ബാബു സങ്കടപ്പെടുകയാണോ?”

ഞാൻ പറഞ്ഞു.

“ഇല്ല”

ബാബു ഭയപ്പെടുന്നുവെന്നു തോന്നുന്നു“

”ഇല്ല“

”വേഗം ഭേദമാകും“

ഞാൻ മിണ്ടിയില്ല. എന്റെ തൊണ്ടയിൽ ഗദ്‌ഗദങ്ങൾ കിടന്നു കെട്ടുപിണഞ്ഞു. എന്റെ കവിളുകളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീർ ചിമന തുടച്ചു.

”പെട്ടെന്നു ബോധം മറഞ്ഞു അ-ല്ലേ? ജയറാമാണ്‌ അതു ചോദിച്ചത്‌.

ഞാൻ ഒന്നു മൂളുകമാത്രം ചെയ്‌തു.

“പാറയിൽ നിന്ന്‌ ഉരുണ്ടുവീഴുന്ന ശബ്‌ദം കേട്ടുകൊണ്ടാണു ഞാനും ചിമനയും ഓടിയെത്തിയത്‌.

ഞാൻ മിണ്ടിയില്ല.

”മുട്ടുകാലും നെറ്റിയും അല്‌പം ഉരഞ്ഞുപൊട്ടി. സംസാരമില്ല മരുന്നുവെച്ചിട്ടുണ്ട്‌.

വാസ്‌തവമാണ്‌. എന്റെ മുട്ടുകാലിൽ മരുന്നുവെച്ചുകെട്ടിയിരുന്നു. നെറ്റി വേദനിക്കുന്നുമുണ്ടായിരുന്നു.

ചിമനയുടെ കുടിലിൽ ഹോളിയുടെ യാതൊരുവിധ ആഘോങ്ങളുമുണ്ടായിരുന്നില്ല. കുറെ കടല വറുത്തതുകൊണ്ടുമാത്രം അവർ തൃപ്‌തിപ്പെട്ടു. എനിക്കു പൊടിയരിക്കഞ്ഞിയും ചുട്ട പപ്പടവും മരുന്നും കിട്ടി.

രാവും പകലുമില്ലാതെ ചിമന എന്നെ ശുശ്രൂഷിച്ചു. പ്രഭാതം പൊട്ടിവിരുന്നതിനുമുമ്പു വഞ്ചിയുമായി കടലിലേയ്‌ക്കിറങ്ങുന്ന ജയറാം പകൽ വാടിവീഴുമ്പോൾ എനിക്കു വേണ്ടതൊക്കെ ശേഖരിച്ചുകൊണ്ടു തിരിച്ചെത്തും.

കുടിലിൽ പൊട്ടിച്ചിരിയില്ല. ചിലമ്പിന്റെ പതിഞ്ഞ ശബ്‌ദംമാത്രം.

പനിയും നട്ടെല്ലിന്റെ വേദനയും അല്‌പം ശമിച്ചപ്പോൾ, നീരുമുറ്റിയ കൺപോളകൾ അല്‌പമൊന്നും തുറക്കാൻ കഴിഞ്ഞപ്പോൾ ഞാൻ, ചിമനയോടു ചോദിച്ചു

“ചിമനേ! ജയറാമിനു വിഷമമുണ്ടാവില്ലേ നിങ്ങൾ രാവും പകലുമില്ലാതെ എന്റെ അരുകിലിരുന്നാൽ?”

“ഊം?” അവൾ ആ നീണ്ട നീലക്കണ്ണുകളുയർത്തി എന്നെ നോക്കി.

“ഈ ഭയങ്കര രോഗം...”

“ഓ, ഞാൻ ബാബുവിനെ ശുശ്രൂഷിക്കുന്നതിൽ സന്തോഷിക്കുന്നു.”.

ഞാൻ ചോദിച്ചു. “ചിമനയെന്താ പൊട്ടിച്ചിരിക്കാത്തത്‌?”

“ഊം”

“അല്ല, അന്നു പാറപ്പുറത്തിരുന്നു ഞാൻ ആ ചിരി കേട്ടു.”

“ഓഹോ ചിരിക്കാം”

“ചിരിക്കൂ”

“സുഖക്കേടു ഭേദമാകട്ടെ”

“ചിലമ്പിന്റെ മണി വല്ലതും നഷ്‌ടപ്പെട്ടോ?”

“എന്താ”?

“അതും പണ്ടത്തെപോലെ പൊട്ടിച്ചിരിക്കുന്നില്ല”

“ചിരിക്കും ബാബൂ. എന്റെ ജയറാം ഉള്ളകാലം വരെ അതു ചിരിക്കും. അദ്ദേഹമെനിക്കു നല്‌കിയതാണ്‌ ആ മണികളുള്ള ചിലമ്പ്‌.

നിശബ്‌ദത!

”ചിമനേ! ഞാനൊന്നു ചോദിക്കട്ടെ?“

”ചോദിക്കൂ ബാബു.“

”എനിക്കു മാപ്പുതരൂ. വിരൂപനായ ജയറാമിന്റെ കൂടെ സുന്ദരിയായ ചിമന....“

അവളുടെ ചുണ്ടുകൾ എന്തോ പറയുവാനായിവിടർന്നു. ആ നീണ്ട നീലകണ്ണുകളിൽ തീക്ഷണമായ പ്രകാശം പരന്നു. ഞാനതു ചോദിക്കാൻ പാടില്ലായിരുന്നു. എന്തേ ചോദിക്കാൻ? ഞാൻ മുഖം തിരിച്ചുകളഞ്ഞു. കുറേക്കഴിഞ്ഞപ്പോൾ അവൾ പറഞ്ഞു.

”എന്റെ ഭർത്താവ്‌ എനിക്ക്‌ വിരൂപനല്ല. ബാബുവിന്‌ ആ കഥ കേൾക്കണോ?“

അഭിമാനത്തോടുകൂടി ചിമന ആ കഥ എന്നോടു പറഞ്ഞു.

ഒന്നരക്കൊല്ലത്തിനുമുമ്പു ജയറാം ഗ്രാമത്തിലെ ഏറ്റവും സുന്ദരനായ ചെറുപ്പക്കാരനായിരുന്നു.... മസൂരി പടർന്നുപിടിച്ച കാലം. ചിമനയുടെ ഏകാവലംബമായിരുന്ന പിതാവ്‌ മസൂരിപിടിപെട്ടു കിടപ്പിലായി. ആ വൃദ്ധനേയും നിരാലംബയായ ചിമനയേയും ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. മസൂരിയല്ലേ?

ഒരു പ്രഭാതത്തിൽ ഗ്രാമത്തിലെ ഏറ്റവും സുന്ദരനായ ചെറുപ്പക്കാരൻ അവരെ രക്ഷിക്കാൻ മുന്നോട്ടിറങ്ങി. ജയറാമിന്റെ നിശ്ചയമറിഞ്ഞ ഗ്രാമവാസികൾ അത്ഭുതപ്പെട്ടു. പേരെങ്കിൽ ചമ്പയുമായുള്ള അവന്റെ വിവാഹദിവസം അടുത്തടുത്തു വരുന്നു. ചമ്പ ഗ്രാമത്തലവന്റെ മകളാണ്‌.

ബന്ധുജനങ്ങളുടെ പ്രതിഷേധമെന്നും ജയറാമിന്റെ നിശ്ചയത്തെ ഇളക്കിയില്ല.

ജയറാം ചിമനയുടെ പിതാവിനെ വേണ്ടതുപോലെ ശുശ്രൂഷിച്ചു. കഴിവിൽപ്പെട്ട എല്ലാ സഹായവും ചെയ്‌തു. പക്ഷേ, ഒരു ദിവസം മരണത്തിന്റെ തണുത്ത കരങ്ങൾ ആ വൃദ്ധശരീരത്തെ മരവിപ്പിച്ചു.

നിറയെ പണമുള്ള ഒരു കൊച്ചു മടിശ്ശീല ചിമനയുടെ നേർക്കു നീട്ടിക്കൊണ്ടു ജയറാം പറഞ്ഞു ”കൊച്ചു ചിമനേ, നീ മത്സ്യം വിറ്റ്‌ കഴിഞ്ഞോളൂ. ആവശ്യത്തിനുള്ള പണമിതിലുണ്ട്‌. സങ്കടപ്പെട്ടിട്ടു കാര്യമില്ല.“

ചിമന ജയറാമിന്റെ കാല്‌ക്കൽ വീണു കരഞ്ഞു. ഹൃദയം നിറച്ചു നന്ദിയുമായി മടിശ്ശീല വാങ്ങാൻ അവൾ കൈനീട്ടിയപ്പോൾ ജയറാമിന്റെ കൈത്തണ്ടയിൽ കണ്ടകുരുക്കൾ അവളെ ഭയപ്പെടുത്തി. അവൾ മിഴികളുയർത്തി. ജയറാം കരയുന്നുണ്ടായിരുന്നു. സുന്ദരമായ കവിളിലും നെറ്റിത്തടത്തിലും മസൂരിക്കുരുക്കളുയരുന്നു! ചിമനയെ ജയറാം അകറ്റിനിറുത്തി.

ഗ്രാമത്തിലെ സുന്ദരനായ യുവാവിനു മസൂരി പിടിപെട്ടുവെന്ന വാർത്ത പെട്ടെന്നു പടർന്നു.

ചമ്പയെ അവളുടെ പിതാവു മറ്റൊരു വിവാഹം ചെയ്‌തുകൊടുത്തു. തൊണ്ണൂറു ദിവസങ്ങൾക്കുശേഷം ജയറാം കുളിച്ചു.

ആ വിവരം കേട്ടപ്പോൾ ചിമന കാളീവിഗ്രഹത്തിന്റെ മുന്നിൽ സ്രാഷ്‌ടാംഗം പ്രണമിച്ചു. എന്നിട്ടവൾ ജയറാമിന്റെ അടുക്കലേയ്‌ക്കോടി.

ജയറാമിനെ കണ്ടപ്പോൾ അവൾ ഭയന്നില്ല.

മസൂരിക്കലകൾ വീണുകെട്ടിയ മുഖം അവൾ തലോടി. രോഗം നശിപ്പിച്ച വലതുകണ്ണിൽ ചുംബിച്ചുകൊള്ളട്ടേ എന്നവൾ ആദ്യമായി ചോദിച്ചു.

ജയറാം ഒന്നും പറഞ്ഞില്ല. അവന്റെ കണ്ണുകളിൽ കണ്ണീർ തുളുമ്പിനിന്നിരുന്നു. ചിമന ചുംബിക്കുവാനടുത്തു. ആ ചോന്ന ചുണ്ടുകൾ ജയറാമിന്റെ കൺപോളകളിൽ പതിഞ്ഞു. അതോടെ ബോധമറ്റ അവൾ തളർന്നൊടിഞ്ഞ്‌ അവന്റെ മടിയിലേക്കു വീണു.

അവർ ദമ്പതിമാരായി.

ഗ്രാമവാസികൾ ആശ്ചര്യപ്പെട്ടു.

കഥ കേട്ടുകഴിഞ്ഞപ്പോൾ ചിമനയുടെ പാദങ്ങൾ തൊട്ടു നമസ്‌ക്കരിക്കണമെന്ന്‌ എനിക്കു തോന്നി.

ഞാനും വിരൂപനാകും. മുഖവും ഉടലും മസൂരിക്കുഴികൾകൊണ്ടും നിറയും. വലതുകണ്ണിൽ അസഹ്യമായ വേദനയുണ്ട്‌. കണ്ണുമങ്ങിത്തുടങ്ങിയിട്ടുണ്ട്‌. കാഴ്‌ച നശിച്ചേക്കുമെന്ന്‌ ഞാൻ ഭയപ്പെട്ടു.

നാളുകൾ കഴിഞ്ഞു.

മരണത്തിന്റെ വായിൽനിന്ന്‌ ഞാൻ രക്ഷപെട്ടെങ്കിലും വലതുകണ്ണിന്റെ കാഴ്‌ച നശിച്ചു. കണ്ണാടിയെടുത്തു നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്തുകോലം.!

കടലിലെ കഥകൾ പറഞ്ഞ്‌ എന്നെ രസിപ്പിക്കാനും എനിക്കാശയും ആനന്ദവും നല്‌കി സമാശ്വസിപ്പിക്കാനും ജയറാം ശ്രമിച്ചുകൊണ്ടിരിക്കുന്നു. പകൽ സമയത്തു വിശ്രമിക്കാനവസരം ലഭിക്കുമ്പോഴൊക്കെ ചിമന കാട്ടാറിന്റെ പ്രവാഹംപോലെയുള്ള പൊട്ടിച്ചിരിയുമായി അരികിലെത്തി എന്റെ ഹൃദയത്തിന്റെ ഭാരവും ചിന്തകളുടെ ചൂടും കുറച്ചിരുന്നു. എന്നിട്ടും, ഒരു മഹാസമുദ്രത്തിന്റെ കേവലം പൊങ്ങുതടിപോലെ നീങ്ങിക്കൊണ്ടിരുന്ന എന്റെ ശപിക്കപ്പെട്ട ജീവിതത്തെപ്പറ്റി ഞാൻ ഓർക്കാതിരുന്നില്ല. എത്ര കാലം ഇങ്ങനെ ജീവിക്കും?

ഒരു ദിവസം എനിക്കൊരു കത്തുകിട്ടി. ഒരുദ്യോഗം അന്വേഷിച്ചുകൊണ്ടു കൊച്ചിയിലെ ഒരു സുഹൃത്തിന്‌ ഞാൻ എഴുതിയ കത്തിനു മറുപടിയായി അത്‌ കൊച്ചിയിൽ ഒരു പത്രമാപ്പീസിൽ എനിക്കുവേണ്ടി ഒരു ജോലി കണ്ടുവെച്ചിട്ടുണ്ടെന്നും കഴിയുന്നത്ര വേഗം പുറപ്പെടണമെന്നുമായിരുന്നു ഉള്ളടക്കം.

എങ്ങനെയാണു പോവുക? എഴുത്തിലേയ്‌ക്കും എന്റെ മുഖത്തേയ്‌ക്കും മിഴിച്ചുനോക്കിക്കൊണ്ടു നിന്നിരുന്ന ചിമനയെ ഞാൻ കാര്യം ധരിപ്പിച്ചു.

അന്നുരാത്രി ചിമനയും ജയറാമും ഏറെ നേരം സംസാരിച്ചുകൊണ്ടിരുന്നു. ബാബുവെന്നും കൊച്ചിയെന്നും കത്തെന്നും ഒക്കെ ഞാൻ കേട്ടു.

രാവിലെ കടലിലേയ്‌ക്കു പുറപ്പെടുന്നതിനുമുമ്പ്‌ ജയറാം എന്നോടു പറഞ്ഞു. ”ബാബു! നാലുദിവസം കഴിഞ്ഞിട്ടു നാട്ടിലേക്കു പുറപ്പെടാം. പോരെ?“

ഞാനെന്തു പറയാനാണ്‌?

ജയറാം പറഞ്ഞു.

”ഇന്നു പത്തേമാറിയുമായി ഞാൻ പോകുകയാണ്‌. ചെറിയ തുറമുഖങ്ങളിൽ ഒരു മാർവാറിയുടെ ചരക്കുകളിറക്കാനുണ്ട്‌. ഞാൻ തിരികെ എത്തുമ്പോൾ പണമുണ്ടാകും....“

എത്ര സുന്ദരമായ ഒരു ഹൃദയമാണു വിരൂപനായ ജയറാമിനുള്ളത്‌!

ജയറാം പോയി. ഞാനും ചിമനയുംകൂടെ കടൽക്കരയോളം പോയിരുന്നു.

ദിവസങ്ങൾ കഴിഞ്ഞു.

ഒന്ന്‌

രണ്ട്‌

മൂന്ന്‌

നാലാംദിവസവും എത്തി. വൈകുന്നേരമായി ഞാനും ചിമനയും കടൽക്കരയിലെത്തി. ജയറാമിന്റെ പത്തേമാരിയെവിടെ?

കടലിൽ നിന്നു മത്സ്യം നിറച്ച്‌ വഞ്ചികളെത്തി. വലയുമായി കോളിയുവാക്കൾ കുടിലുകളിലേക്കു നീണ്ട അടികൾവെച്ചു പൊയ്‌ക്കൊണ്ടിരുന്നു.

ദിവസങ്ങൾ അഞ്ചുകഴിഞ്ഞു.

ജയറാം എത്തിയില്ല.

അന്നും കടലിൽ നിന്നെത്തിയ അയൽവാസികളോടു ചിമന ചോദിച്ചു.

”പുറം കടലിൽ പത്തേമാരി കണ്ടോ? എന്റെ ജയറാമും കൂട്ടരും.....“

അവർ കണ്ടില്ലെന്നു തലയാട്ടി.

ആറ്‌.......

ഏഴ്‌........

ദിവസങ്ങൾ കഴിയുന്നു.

എട്ടാം ദിവസമായിഃ സന്ധ്യ അതിക്രമിച്ചപ്പോൾ നിരാശരായ ഞങ്ങൾ നൊമ്പരപ്പെട്ടു ചിന്തകളുമായി കടൽക്കരയിൽ നിന്നു മടങ്ങി. ആരും ഒന്നും മിണ്ടിയില്ല.

വിറയ്‌ക്കുന്ന കൈകളോടെ ചിമന കുടിലിൽ വിളക്കു കത്തിച്ചു. എണ്ണയുടെ അഭാവത്തിൽ ആ വിളക്കു മങ്ങിയ വെളിച്ചം തൂകി.

പതിവില്ലാതെ ഗ്രാമത്തിലാകെ ചുറ്റിയടിച്ചുകൊണ്ടിരുന്ന ശീതക്കാറ്റിന്റെ ഭാവമൊന്നു മാറി. അസുഖകരമായ ചൂളം വിളിയോടുകൂടി കാറ്റു ചുഴിചുറ്റി പൂഴി പറപ്പിച്ചുതുടങ്ങി. പിപ്ലാമരങ്ങളുടെ ഇലകൾ പൊട്ടിക്കരഞ്ഞു.

കൊടുങ്കാറ്റിന്റ ആരംഭമാണ്‌. ഗ്രാമവാസികൾ പരിഭ്രാന്തരായി. കടലിലേയ്‌ക്കിറങ്ങിയിട്ടുള്ളവരിൽ പലരും ഇനിയും എത്തിയിട്ടില്ല!

ഓരത്തു കയറ്റിയിട്ടിരുന്ന വഞ്ചികൾ കുറ്റിയടിച്ചു കെട്ടി സുരക്ഷിതമാക്കാൻ ആണുങ്ങൾ ഓടി. പുറത്തു കളിച്ചുകൊണ്ടിരുന്ന മക്കളെ വിളിച്ച്‌ അമ്മമാർ പനമ്പുതട്ടികൾ കൊട്ടിയടിച്ചു. ഗ്രാമക്ഷേത്രത്തിൽ ഉൾക്കിടമുണ്ടാക്കിക്കൊണ്ടുയർന്ന മണിനാദത്തെ അമർത്തിക്കൊണ്ടു കാറ്റ്‌ ഇരമ്പി.

വിളക്കുകെട്ടു.

ഞാൻ ഒരു കണക്കിൽ തീപ്പെട്ടിക്കോൽ ഉരച്ചു വിളക്കു വീണ്ടും തെളിയിച്ചു. ചിമന ഒരു പ്രതിമകണക്കെ ഇരിക്കുന്നു! കവിളിലൂടെ രണ്ടു നീർച്ചാലുകൾ ഒലിച്ചിറങ്ങുന്നു! ജലം നിറച്ച വെള്ളക്കുപ്പികളിലിട്ടിരിക്കുന്ന കടും നീലമുത്തുകൾപോലെ അവളുടെ കൃഷ്‌ണമികൾ നിശ്ചലങ്ങളാണ്‌.

ഞാൻ വിളിച്ചുഃ ”ചിമനാ! ചിമനാ!“

ഒരു കൊച്ചു കുട്ടിയെപ്പോലെ വിമ്മിക്കരഞ്ഞുകൊണ്ട്‌ അവൾ അകത്തേയ്‌ക്കോടി.

അർദ്ധരാത്രി കഴിഞ്ഞിരിക്കണം. എനിക്കുറക്കം വന്നില്ല. മരങ്ങൾ വീഴുന്ന ശബ്‌ദം ഞാൻ കേട്ടു. മനുഷ്യർ പ്രിയപ്പെട്ടവരെ വിളിച്ചു നിലവിളിക്കുന്നതു ഞാൻ കേട്ടു. ജയറാമും പത്തേമാരിയും എന്റെ തലച്ചോറിൽ തിരയോട്ടം നടത്തി.

ചിമനയുടെ മുറിയിൽനിന്നുള്ള ദീർഘനിശ്വാസങ്ങളും വിമ്മലുകളും കുറേനേരം ഞാൻ കേട്ടുകിടന്നു.

എന്റെ മുറിയുടെ പനമ്പുതട്ടിയിൽ ആരോ മുട്ടി.

വിളക്കുകൊളുത്തി ഞാൻ വാതിൽ തുറന്നു.

ചിമന!

എനിക്കൊന്നും മനസ്സിലായില്ല. ഞാൻ വിളിച്ചു.

”ചിമനേ!

അവൾ പറഞ്ഞു. “ബാബു നാളെ രാവിലെ പൊയ്‌ക്കൊള്ളൂ. എന്റേ ജയറാമിനേയും കാത്തുകഴിയേണ്ട. ബാബുവിന്‌ ഒരു ജോലികിട്ടി ആശ്വസിക്കാൻ അമ്മയും അച്ഛനും അനുജത്തിയും അനുജനും ഒക്കെ കാത്തിരിക്കുകയല്ലേ? ദാ, പട്ടണത്തിൽ കൊണ്ടുപോയി വിറ്റാൽ കഷ്‌ടിച്ചു നാട്ടിലെത്താൻ വേണമെന്നു പറഞ്ഞ തുക കിട്ടും...”

ഒരു പൊതി അവൾ എന്റെ നേർക്കു നീട്ടി. നീണ്ട നീലകണ്ണുകളുടെ കോണുകളിൽ വെള്ളമുത്തുകൾ ഞാന്നു കിടന്നിരുന്നുവെങ്കിലും അവൾ ചിരിച്ചു.

ഞാൻ അനങ്ങിയില്ല.

“ബാബു! എനിക്ക്‌ അല്‌പമെങ്കിലും സമാധാനം കിട്ടാൻവേണ്ടി ഇതു വാങ്ങൂ.”

ഞാൻ പൊതിവാങ്ങി. അതിനുള്ളിൽ അവളുടെ ചിലമ്പും മംഗല്യസൂത്രവും ഉണ്ടായിരുന്നു. ഹാവൂ! കെട്ടുതാലി! കറുത്ത ചരടിൽ തൂങ്ങിക്കിടന്നിരുന്ന ആ സ്വർണ്ണപണ്ടം.!

ഞാൻ മിഴിച്ചുപോയി.

“ചിമനേ.....!

ത്യാഗവും സ്‌നേഹവും ഒന്നിച്ചുടലെടുത്ത ദേവതയുടെ മുന്നിൽ കുറ്റവും കുറവുമുള്ള മനുഷ്യനായ എന്റെ ശിരസ്സുകുനിഞ്ഞു. ചിമന എന്തിന്‌ ഇത്രയ്‌ക്കു നല്ലവളായി? എന്തിന്‌?

”ഒന്നും മറുത്ത്‌ പറയരുത്‌ ബാബൂ, സ്വീകരിക്കൂ.“

ചിമന അവളുടെ മുറിയിലേക്കു പൊയ്‌ക്കഴിഞ്ഞു.

ചിലമ്പിന്റെ കിലുക്കമില്ല. അവളുടെ ജയറാം നല്‌കിയ മണികളുള്ള ചിലമ്പ്‌!

അതിരാവിലെ ചിമന എന്റെ മുറിയിലേയ്‌ക്കു വന്നു.

ഇങ്ങോട്ടു കത്തെഴുതരുത്‌, ജയറാം വരുമ്പോൾ ഞങ്ങൾ ബാബുവിന്‌ എഴുതാം. എന്നിട്ടു മതി. എന്റെ ഭർത്താവിനെപ്പറ്റി ബാബു അന്വേഷിക്കുമ്പോൾ ഞാൻ ഭ്രാന്തിയായിത്തീരരുത്‌. ഞാൻ കാത്തിരിക്കട്ടെ....”

ഞാൻ വിലാസം കൊടുത്തു. ചിമന കരയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. പൊട്ടാറായ കരച്ചിൽ ചുണ്ടുകടിച്ച്‌ അമർത്തിക്കൊണ്ടു ഞാൻ നടന്നകന്നു.

നാട്ടിലെത്തിയ ഞാൻ ഉദ്യോഗത്തിൽ പ്രവേശിച്ചു.

എന്നും വൈകുന്നേരമായാൽ കൊച്ചികടൽക്കരയിലെ കരിമ്പാറകളിൽ കാറ്റുകൊള്ളാനായി ഞാൻ ചെന്നിരിക്കാറുണ്ട്‌. അപ്പോൾ അറബിക്കടലിൽ അങ്ങകലെ ചക്രവാളച്ചെരുവിൽ - പത്തേമാരികളുടെ പാമരങ്ങൾ വെള്ളപ്പിറാവുകളുടെ ചിറകുകൾ പോലെ കാണാം. കോളിവാഡയിൽ നിന്ന്‌ ഇനിയും എനിക്കു കത്തുകളൊന്നും ലഭിച്ചിട്ടില്ല എന്ന പരമാർത്ഥം ഞാൻ മറക്കാൻ ശ്രമിക്കും. ചിമനയുടെ ജയറാം അവയിലൊന്നിൽ ഉണ്ടാവുമെന്നു വിശ്വസിക്കുവാൻ ഞാൻ പണിപ്പെടു. അപ്പോൾ മിഴികളിൽ കനത്തുവരുന്ന കണ്ണീർ മറപിടിക്കും. കടലും ചക്രവാളവും ചാമരങ്ങളും എല്ലാം മറഞ്ഞുതുടങ്ങു. അലറിയടിക്കുന്ന അലകൾ പാറകളിൽ തട്ടി പൊട്ടിച്ചിരി സ്‌മരിച്ചുകൊണ്ടു കാതുകളിൽ മാറ്റൊലിക്കൊള്ളും. ചിലമ്പിന്റെ കിലുക്കം കേൾക്കാൻ ഹൃദയം വെമ്പിത്തുടങ്ങും. അടുത്ത നിമിഷത്തിൽ കരളിൽ നോവേറ്റിക്കൊണ്ട്‌ ഒരു കുടിൽ തെളിഞ്ഞുവരികയായി.

ഒരു കുടിൽ!

പട്ടണത്തിൽനിന്നു പത്തുമുപ്പതു മൈലകലെയുള്ള ഗ്രാമത്തിലെ കോളിവാഡയിലുള്ള പ്രശാന്തമായ കുടിൽ!

ഈ കുടിലിലാണ്‌ നല്ലവളായ ചിമനയും നല്ലവനായ ജയറാമും.......

എൻ. ഗോവിന്ദൻകുട്ടി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.