പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജന്മദിനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വൈക്കം മുഹമ്മദ്‌ ബഷീർ

മകരം 8-​‍ാം തയിതി ഃ ഇന്ന്‌ എന്റെ ജന്മദിനമാണ്‌. പതിവിനു വിപരീതമായി വെളുപ്പിനേ ഞാൻ എണീറ്റ്‌ കുളി മുതലായവയൊക്കെ കഴിച്ചു. ഇന്നേക്കു കരുതിവെച്ചിരുന്ന വെള്ള ഖദർഷർട്ടും വെള്ള ഖാദർമുണ്ടും വെള്ള ക്യാൻവാസ്‌ ഷൂസും ധരിച്ച്‌ മുറിയിൽ, എന്റെ ചാരുകസേരയിൽ വേവുന്ന ഹൃദയത്തോടെ ഞാൻ മലർന്നു കിടക്കുകയായിരുന്നു. എന്നെ വെളുപ്പിനേ കണ്ടതിനാൽ എന്റെ മുറിയുടെ അടുത്ത്‌ വലിയ നിലയിൽ കഴിഞ്ഞുകൂടുന്ന ബി.എ. വിദ്യാർതഥി മാത്യുവിനു വലിയ അത്‌ഭുതം തോന്നി. അദ്ദേഹം മന്ദഹാസത്തോടെ എനിക്കു പ്രഭാതവന്ദനം നൽകി.

‘ഹലോ, ഗുഡ്‌മോർണിങ്ങ്‌!

ഞാൻ പറഞ്ഞു.

’യസ്‌ ഗുഡ്‌മോർണിങ്ങ്‌‘.

അദ്ദേഹം ചോദിച്ചു.

എന്താ, ഇന്നു പതിവില്ലാത്തതുപോലെ വെളുപ്പിനേ?....... വല്ലടത്തും പോകുന്നുണ്ടോ?’

‘ഓ, ഒന്നുമില്ല.’ ഞാൻ പറഞ്ഞുഃ ‘ഇന്ന്‌ എന്റെ ജന്മദിനമാണ്‌.

’യുവർ ബർത്ത്‌ഡേ?‘

’യസ്‌‘.

’ഓ .... ഐ വിഷ്‌ യു മെനി ഹാപ്പി റിട്ടേൺസ്‌ ഒഫ്‌ ദ ഡേ!‘

’താംഖ്‌യൂ.‘

മാത്യൂ കൈയിലിരുന്ന ബ്രഷ്‌ കടിച്ചുപിടിച്ചുകൊണ്ട്‌ കുളിമുറിയിലേക്കു പോയി. അങ്ങുമിങ്ങുമായി കൂക്കിവിളി. ബഹളം; ഇടയ്‌ക്കു ശൃംഗാരഗാനങ്ങൾ. വിദ്യാർത്ഥികളും ക്‌ളാർക്കന്മാരുമാണ്‌. വല്ലവർക്കും വല്ല അല്ലലുമുണ്ടോ? ജീവിതം ഉല്ലാസകരം. ഞാൻ ഒരു ചെറിയ ചായയ്‌ക്ക്‌ എന്തുവഴി എന്ന്‌ ആലോചിക്കുകയായിരുന്നു. ഉച്ചയ്‌ക്കുള്ള ഊണിന്റെ കാര്യം ഉറച്ചിട്ടുണ്ടായിരുന്നു. അകാരണമായി ഹമീദ്‌ എന്നെ ഉണ്ണാൻ ക്ഷണിച്ചു. ഇന്നലെ ഞാൻ ബസാറിലൂടെ പോകുമ്പോൾ. അദ്ദേഹം ചെറിയൊരു കവിയും വലിയൊരു ധനികനുമാണ്‌. ഏതായാലും ഉച്ചവരെ ചായ കുടിക്കാതിരിക്കാൻ വിഷമം. ഒരു ചൂടുചായയ്‌ക്കെന്തു വഴി? മാത്യുവിന്റെ വേലക്കാരൻ വൃദ്ധൻ മാത്യുവിനു ചായയുണ്ടാക്കുന്ന ജോലിയിൽ വ്യാപൃതനായിരിക്കയാണെന്നുള്ള സംഗതി എന്റെ മുറിയിൽ ഇരുന്നു ഞാൻ ഗ്രഹിച്ചു. അതിനു കാരണം, എന്റെ മുറി മാത്യുവിന്റെ അടുക്കളയുടെ സ്‌റ്റോർമുറിയാണ്‌. മാസത്തിൽ എട്ടണ’യ്‌ക്ക്‌ വീട്ടുടമസ്‌ഥനാണ്‌ അതെനിക്കു വാടകയ്‌ക്കു തന്നത്‌. കെട്ടിടത്തിലെ മോശപ്പെട്ട ഏറ്റവും ചെറിയ മുറി. അതിൽ എന്റെ ചാരുകസേര, മേശ, ഷെൽഫ്‌, കിടക്ക ഇത്രയും കഴിച്ചാൽ പിന്നെ ശ്വാസം കഴിക്കാൻ ഇടമില്ല. വലിയ മതില്‌ക്കെട്ടിനകത്തുള്ള മൂന്നു കെട്ടിടങ്ങളിൽ മുകളിലും താഴെയുമുള്ള മുറികളിലെല്ലാം വിദ്യാർത്ഥികളും ക്‌ളാർക്കന്മാരുമാണ്‌. വീട്ടുടമസ്‌ഥനു വേണ്ടാത്ത തായ ഒരൊറ്റ ആൾ ഞാൻ മാത്രം. എന്നോടുള്ള ഇഷ്‌ടക്കുറവിനു കാരണം ശരിക്കു വാടക കൊടുക്കാത്തതുതന്നെ. എന്നോട്‌ ഇഷ്‌ടമില്ലാത്തതായി വേറെ രണ്ടു കൂട്ടരുണ്ട്‌ ഹോട്ടൽകാരനും ഗവൺമെന്റും. ഹോട്ടൽകാരനാണെങ്കിൽ ഞാൻ കുറച്ചു പണം കൊടുക്കാനുണ്ട്‌. സർക്കാരിന്‌ ഒന്നുമില്ല. എങ്കിലും എന്നെ കണ്ടുകൂടാ. അങ്ങനെ താമസം. ആഹാരം, നാട്‌ മൂന്നുമായി. ഇനി എന്റെ വസ്‌ത്രങ്ങളുടെയും ഷൂസിന്റെയും വിളക്കിന്റെയും കാര്യമുണ്ട്‌ (സംഗതികൾ എല്ലാം എഴുതുന്നതിനുമുമ്പ്‌ ഒന്നു വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇപ്പോൾ പാതിരാത്രി കഴിഞ്ഞിട്ടുണ്ട്‌. കടലാസും പേനയുമായി എന്റെ മുറിയിൽ നിന്നിറങ്ങി വളരെ സമയമായി ഈ പട്ടണത്തിൽ ചുറ്റി നടക്കുകയായിരുന്നു. വേറെ വിശേഷത്തിനൊന്നുമല്ല. ഈയൊരു ദിവസത്തെ ഡയറി ആദ്യം മുതൽ അവസാനംവരെ എഴുതണം. സാമാന്യം ഭേദപ്പെട്ട ചെറുകഥയ്‌ക്കുള്ള സാദ്ധ്യതകൾ ഇതിലുണ്ട്‌. പക്ഷേ, എന്റെ മുറിയിലെ വിളക്കിൽ എണ്ണയില്ല. എഴുതുവാൻ വളരെയുണ്ടുതാനും. അതുകൊണ്ടാണു കിടക്കപ്പായയിൽ നിന്ന്‌ എണീറ്റുവന്ന്‌ ഈ കായലോരത്തെ ഏകാന്തമായ വിളക്കുകാലിൽ ചാരിയിരുന്നു സംഗതികളുടെ ചൂടാറും മുമ്പ്‌ എഴുതാൻ തുടങ്ങുന്നത്‌). പെയ്യുവാൻ പോകുന്ന കാർമേഘങ്ങൾപോലെ ഈ ദിവസത്തെ സംഭവങ്ങളെല്ലാം എന്റെ അന്തരംഗം പൊട്ടുമാറു തിങ്ങിവിങ്ങി നില്‌ക്കുന്നു. അസാധാരണമായി ഒന്നുമില്ല. പക്ഷേ, എന്റെ ജന്മദിനം. ഞാൻ സ്വദേശത്തിൽ നിന്നെല്ലാം വളരെ ദൂരെ അന്യനാട്ടിൽ. കൈയിൽ കാശില്ല; കടം കിട്ടാൻ വഴിയില്ല. ഉടുത്തിരിക്കുന്നതും മറ്റും പല സുഹൃത്തുക്കളുടേത്‌. ഒന്നും എന്റേത്‌ എന്ന്‌ പറയാനായില്ല. ഈ നിലയിലുള്ള ജന്മദിനത്തിന്റെ അനേകം പുനരാവർത്തനങ്ങൾ ഉണ്ടാവാട്ടെ എന്ന്‌ മാത്യു ആശംസിച്ചപ്പോൾ എന്റെ ഹൃദയത്തിന്റെ അകക്കാമ്പുലേശം വേദനിച്ചു.

ഞാൻ ഓർക്കുകയാണ്‌.

മണി ഏഴ്‌ ഃ ഞാൻ ചാരുകസേരയിൽ കിടന്നുകൊണ്ട്‌ ഓർത്തു ഃ ഈ ദിനമെങ്കിലും കളങ്കമില്ലാതെ സൂക്ഷിക്കണം. ആരോടും ഇന്നു കടം വാങ്ങാൻ പാടില്ല. ഒരു കുഴപ്പവും ഇന്നുണ്ടാവരുത്‌. ഈ ദിവസം മംഗളകരമായിത്തന്നെ പര്യവസാനിക്കണം. കഴിഞ്ഞു പോയ ദിനരാത്രങ്ങളുടെ വെള്ളയും കറുപ്പുമായ ചങ്ങലവളയങ്ങളിൽ ഞാൻ കാണുന്ന ആ നൂറുനൂറ്‌ ഞാൻ ആയിരിക്കരുത്‌ ഇന്നത്തെ ഞാൻ. ഇന്ന്‌ എനിക്ക്‌ എത്ര വയസ്സു കാണും? കഴിഞ്ഞകൊല്ലത്തെക്കാൾ ഒന്നു കൂടിട്ടുണ്ട്‌. കഴിഞ്ഞ കൊല്ലത്തിൽ?..... ഇരുപത്തിയാറ്‌. അല്ല. മുപ്പത്തിരണ്ട്‌; അതോ നാല്‌പത്തിഏഴോ?.

എന്റെ മനസ്സിനു വല്ലാത്ത വിഷമം. ഞാൻ എണീറ്റു ചെന്നു കണ്ണാടി എടുത്തു നോക്കി. തരക്കേടില്ല. സാമാന്യം ഭേദപ്പെട്ട മുഖം. നല്ല വീതിയും മുഴുപ്പുള്ള നെറ്റി; അനക്കമില്ലാത്ത കണ്ണുകൾ; വളഞ്ഞ വാൾപോലത്തെ നേരിയ മീശ; ആകെപ്പാടെ മോശമില്ല എന്നൊക്കെ വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു കാഴ്‌ച കണ്ട്‌ എന്റെ ഹൃദയം കഠിനമായി വേദനിച്ചു. ഒരു നരച്ച മുടി! എന്റെ ചെവിയുടെ മുകൾഭാഗത്തായി കറുത്ത മുടിയുടെ ഇടയ്‌ക്ക്‌ ഒരു വെള്ളരേഖ! ഞാൻ അതു വളരെ പണിപ്പെട്ടു പറിച്ചു കളഞ്ഞു. എന്നിട്ടു തല തടവിക്കൊണ്ടിരുന്നു. പിൻഭാഗത്തു നല്ല മിനിസം കഷണ്ടിയാണ്‌. ഞാനതു തടവിക്കൊണ്ടിരിക്കുമ്പോൾ തലവേദനയുടെ നേരിയ ലാഞ്ഞ്‌ഛന. ചൂടുചായ കുടിക്കാഞ്ഞിട്ടായിരിക്കുമോ?.

മണി ഒമ്പത്‌ ഃ എന്നെ കണ്ടപ്പോൾ, ദുർമുഖത്തോടെ ഹോട്ടൽക്കാരൻ ഉള്ളിലേക്കു വലിഞ്ഞു. ചായ കൂട്ടുന്ന വൃത്തികെട്ട പയ്യൻ കുടിശ്ശിക കൊടുക്കാൻ ആവശ്യപ്പെട്ടു.

ഞാൻ പറഞ്ഞു ഃ ‘ഓ, അതു നാളെ തന്നേക്കാം.’

അവനു വിശ്വാസമായില്ല ഃ ‘ങ്ങളിന്നലേം പറഞ്ഞ്‌!’

‘ഇന്നു കിട്ടുമെന്നല്ലേ വിചാരിച്ചത്‌.

’പയേ കാസ്‌ തരാണ്ട്‌ ങ്ങക്ക്‌ ചായ തരണ്ടാന്ന്‌ പറഞ്ഞ്‌.

‘ഓ!’

മണി പത്ത്‌ ഃ ചുണ്ടുണങ്ങി. വായിൽ വെള്ളമില്ല. നല്ല ഉച്ചസമയത്തെ ചൂട്‌! ക്ഷീണത്തിന്റെ മഹാഭാരം എന്നിൽ അമരുകയാണ്‌. അപ്പോൾ പുതിയ മെതിയടി വിൽക്കാനായി വെളുത്തു മെലിഞ്ഞ്‌, എട്ടും പത്തും വയസ്സായ രണ്ടു ക്രിസ്‌ത്യാനിപ്പയ്യന്മാർ എന്റെ മുറിവാതിൽക്കൽ വന്നു. ഞാൻ രണ്ടു മെതിയടി വാങ്ങിക്കണം. ജോഡിക്കു മുന്നണയേ വിലയുള്ളൂ - മുന്നണ!‘

’വേണ്ട, കുഞ്ഞുങ്ങളേ!‘

’അന്നാലും സാറിനെപേലുള്ളോർ വാങ്ങില്ലെങ്കി പിന്നാരാ വാങ്ങണേ?‘

’കുഞ്ഞുങ്ങളേ, എനിക്കു വേണ്ട ..... കാശില്ല!‘

’ഓ!‘

അവിശ്വാസം സ്‌ഫുരിക്കുന്ന കൊച്ചുമുഖങ്ങൾ! ഒന്നിന്റെയും ഉള്ളറിയാൻ കഴിയാത്ത ശുദ്ധഹൃദയങ്ങൾ! ഈ വേഷവും ചാരുകസേരയിലെ എന്റെ ഈ കിടപ്പും! ഞാൻ ഒരു ’സാർ‘ ആണത്രേ.....! ചാരുകസേരയും ഷർട്ടും മുണ്ടും ഷൂസും, ഒന്നും എന്റേതല്ല കുഞ്ഞുങ്ങളേ! എനിക്കു യാതൊന്നും ഈ ലോകത്തിൽ സ്വന്തമായി ഇല്ല. നഗ്‌നനായ ഞാനും എന്റേതാണോ? ഭാരതത്തിന്റെ ഓരോ പട്ടണങ്ങളിലും എത്രയെത്ര കൊല്ലം അലഞ്ഞുനടന്ന്‌ എത്രയെത്ര ജാതിയായി എവിടെയെല്ലാം ഞാൻ താമസിച്ചു! ആരുടെയൊക്കെ ആഹാരമാണ്‌ ഞാൻ! എന്റെ രക്തവും എന്റെ മാംസവും എന്റെ അസ്‌ഥിയും ഭാരതത്തിന്റേത്‌. കന്യാകുമാരി മുതൽ കാശ്‌മീർവരെയും ’ കറാച്ചിമുതൽ കൽക്കട്ടവരെയും അങ്ങനെ ഭാരതത്തിന്റെ മിക്ക ഭാഗത്തും എനിക്കു സുഹൃത്തുക്കളുണ്ട്‌. പെണ്ണും ആണുമായ ഓരോ സുഹൃത്തിനെയും ഞാൻ ഇന്നു സ്‌മരിക്കുന്നു. സ്‌മരണ! ഓരോരുത്തരെയും തഴുകിക്കൊണ്ട്‌ എന്റെ സ്‌നേഹം അങ്ങനെ പരക്കട്ടെ. ഭാരതം കവിഞ്ഞും.... ഭൂഗോളം കവിഞ്ഞും... സുഗന്ധത്തിൽ മുഴുകിയ നറുപൂനിലാവുപോലെ. സ്‌നേഹം! എന്നെ അറിഞ്ഞു സ്‌നേഹിക്കുന്നവർ വല്ലവരുമുണ്ടോ? അറിയുക, എനിക്കു തോന്നുന്നു നിഗൂഢതയുടെ ആ മറനീക്കലാണെന്ന്‌. കുറവുകളും ബലഹീനതകളും കഴിച്ചാൽ പിന്നെന്താണു ബാക്കി? ആകർഷകമായി എന്തെങ്കിലും വേണം, സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും. ഹോ കാലം എത്ര ത്വരിതമായി ഗമിക്കുന്നു! പിതാവിന്റെ ചൂണ്ടുവിരലിൽ എത്തിപ്പിടിച്ചു കൊഞ്ചിക്കളിച്ചു നടന്ന ഞാൻ, ‘ഉമ്മാ വിശക്കുന്നു!’ എന്ന്‌ അമ്മയുടെ പുടവത്തുമ്പിൽ തൂങ്ങിക്കേണ ഞാൻ, ഇന്ന്‌ ഹോ കാലത്തിന്റെ ഈ ഉഗ്രമായ പരക്കംപാച്ചിൽ! ആദർശങ്ങളുടെ എത്രയെത്ര ബോംബുകൾ എന്റെ അന്തരംഗത്തിൽ വീണു പൊട്ടിത്തെറിച്ചു! ഭികരമായ പടക്കളമാണ്‌ എന്റെ ഹൃദയം! ഇന്നു ഞാൻ ആരാണ്‌? വിപ്ലവകാരി, രാജ്യദ്രോഹി, ദൈവദ്രോഹി, കമ്യൂണിസ്‌റ്റ്‌ - പിന്നെയും എന്തൊക്കെയോ ആണു ഞാൻ. വാസ്‌തവത്തിൽ ഇതു വല്ലതുമാണോ ഞാൻ? ഹാവൂ! എന്തൊരു വല്ലായ്‌മ! ദൈവമേ! തലയ്‌ക്കകത്തിരുന്നു ചുളുചുളാ കുത്തുന്നു. ചായ കുടിക്കാഞ്ഞിട്ടായിരിക്കുമോ? തല നേരെ നില്‌ക്കുന്നില്ല. പോയി ഊണു കഴിക്കുകതന്നെ. തലവേദനയോടുകൂടി ഒരു മൈൽ നടക്കണം. എങ്കിലും വയർ നിറയെ ഇന്ന്‌ ഒന്നുണ്ണാമല്ലോ.

മണി പതിനൊന്ന്‌ ഃ ഹമീദ്‌ കടയിൽ ഇല്ല! വീട്ടിലായിരിക്കുമോ? എന്നെയും കൊണ്ടുപോകുകയായിരുന്നു യോഗ്യത. ഒരുപക്ഷേ, അദ്ദേഹം മറന്നുപോയിരിക്കാം. വീട്ടിലേക്കു ചെന്നാലോ? ശരി.

മണിപതിനൊന്നര ഃ ഹമീദിന്റെ മാളികവീട്ടിലേക്കുള്ള തകരവാതിൽ അടച്ചിരുന്നു. ഞാൻ അതിൽ മുട്ടി ഃ

‘ഏയ്‌ മിസ്‌റ്റർ ഹമീദ്‌......!’

ഉത്തരമില്ല.

‘ഏയ്‌ മിസ്‌ടർ ഹമീ.....ദ്‌!’

കോപിഷ്‌ഠയായ ഒരു സ്‌ത്രീയുടെ ഗർജനം ഃ ‘ഇബടില്ല!’

‘എവിടെപ്പോയി?’

നിശ്ശബ്‌ദത. പിന്നെയും ഞാൻ കതകിൽ മുട്ടി. മനസ്സു വല്ലാതെ ക്ഷീണിച്ചു. ഞാൻ തിരിഞ്ഞു നടക്കാൻ ഭാവിച്ചു. അപ്പോൾ ആരോ അടുത്തു വരുന്ന ഒരു കാലൊച്ച; ഒരു വളകിലുക്കവും. വാതിൽ അല്‌പം തുറന്നു ഒരു യുവതി!

ഞാൻ ചോദിച്ചു ; ‘ഹമീദ്‌ എവിടെപ്പോയി?’

‘അത്യാവശ്യമായി ഒരിടത്തു പോയി.’ വളരെ സൗമ്യതയോടെയാണ്‌.

‘എപ്പോൾ വരും?’

‘സന്ധ്യ കഴിഞ്ഞ്‌.’

സന്ധ്യ കഴിഞ്ഞ്‌​‍്‌!

‘വരുമ്പോൾ ഞാൻ വന്നു തിരക്കി എന്നു പറയണം.

’ആരാണ്‌?‘

ഞാൻ ആരാണ്‌?

’ഞാൻ ..... ഓ ..... ആരുമല്ല. ഒന്നും പറയണമെന്നില്ല.‘

ഞാൻ തിരിഞ്ഞു നടന്നു. പൊള്ളുന്ന കുഴഞ്ഞ പഞ്ചസാര മണ്ണ്‌. അതു കഴിഞ്ഞു കണ്ണാടിച്ചില്ലുപോലെ വെട്ടിത്തിളങ്ങുന്ന കായൽപ്പരപ്പ്‌. കണ്ണും തലയും ഇരുട്ടിച്ചു പോയി! വല്ലാത്ത വിഷമം. അസ്‌ഥികൾ വേവുന്നു! ദാഹം ! വിശപ്പ്‌! ആർത്തി! ലോകം വിഴുങ്ങുവാൻ ആർത്തി! കിട്ടാൻ വഴിയില്ല എന്ന ധാരണയാണ്‌ ഇത്രയും മൂർച്ചകൂട്ടുന്നത്‌. കിട്ടാൻ വഴിയില്ല എന്ന ധാരണയോടെ എണ്ണമില്ലാതെ രാപ്പലുകൾ എന്റെ മുമ്പിൽ ! ഞാൻ തളർന്നു വീണുപോയേക്കുമോ? തളരാൻ പാടില്ല. നടക്കുക... നടക്കുക.!

മണി പന്ത്രണ്ടര ഃ പരിചയക്കാരെല്ലാം കണ്ട ഭാവം നടിക്കാതെ കടന്നുപോകുന്നു. ’സഖാക്കളേ, ഇന്നെന്റെ ജന്മദിനമാണ്‌. എനിക്കു മംഗളം ആശംസിച്ചിട്ടു പോകുവിൻ! എന്ന്‌ എന്റെ ഹൃദയം മന്ത്രിച്ചു. നിഴൽപ്പാടുകൾ എന്നെ മറികടന്നുപോയി. സുഹൃത്തുക്കൾ എന്താണ്‌ എന്നെ കണ്ടിട്ടു മിണ്ടാത്തത്‌? അതു ശരി.

എന്റെ പിറകെ ഒരു സി.ഐ.ഡി.!

മണി ഒന്ന്‌ഃ പണ്ടു പത്രാധിപരും ഇപ്പോൾ കച്ചവടക്കാരനുമായ മി.പി.യുടെ അടുത്ത്‌ ഞാൻ ചെന്നു. കണ്ണു കാണുന്നില്ല. പാരവശ്യം.

പി.ചോദിച്ചു ഃ ‘വിപ്ലവം ഒക്കെ എത്രടമായി?’

ഞാൻ പറഞ്ഞു ; ‘അടുത്തു വന്നുകഴിഞ്ഞു!’

ങുഹും! എവിടുന്നാ കണ്ടിട്ട്‌ കുറെ ആയല്ലോ?

‘ങ്‌ഹാ.’

‘വിശേഷിച്ച്‌?’

‘ഓ, ഒന്നുമില്ല വെറുതെ.’

ഞാൻ അദ്ദേഹത്തിന്റെ അടുത്ത്‌ ഒരു കസേരയിൽ ഇരുന്നു. എന്റെ ലേഖനങ്ങൾ പലതും അദ്ദേഹത്തിന്റെ പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടായിരുന്നു. പണ്ടത്തെ മഹത്ത്വം കാണിക്കാൻ പഴയ പത്രങ്ങൾബയന്റ്‌ ചെയ്‌തു വച്ചിട്ടുണ്ടായിരുന്നു. ഞാൻ അതെടുത്തു തലകറങ്ങലോടെ അങ്ങനെ നോക്കിക്കൊണ്ടിരുന്നു. ‘എനിക്ക്‌ ഒരു ചൂടുചായ വേണം, ഞാൻ വളരെ അവശനായിരിക്കുന്നു! എന്ന്‌ എന്റെ ഹൃദയം ദ്രുതമായി ഇടിച്ചുകൊണ്ടിരുന്നു.

പി. എന്തുകൊണ്ട്‌ എന്നോട്‌ ഒന്നും ചോദിക്കുന്നില്ല? അദ്ദേഹം എന്റെ ക്ഷീണം കാണുന്നില്ലേ? അദ്ദേഹം പണപ്പെട്ടിയുടെ അടത്തു ഗാംഭീര്യത്തോടെ ഇരിക്കുന്നു. ഞാൻ മൂകനായി തെരുവിലേക്കു നോക്കി. കാനയിൽ കിടന്ന ഒരു കഷ്‌ണം ദോശയ്‌ക്കു രണ്ടു തെണ്ടിപ്പിള്ളാർ വഴക്കടിക്കുന്നു. ’ഒരു ചൂടുചായ‘. മൂകമായി എന്റെ സർവവും കേണു. പി. പെട്ടി തുറന്നു. ഉറുപ്പികയുടെയും ചില്ലറയുടെയും ഇടയിൽ നിന്ന്‌ അദ്ദേഹം ഒരണ എടുത്ത്‌ ഒരു പയ്യന്റെ പക്കൽ കൊടുത്തു.

’ചായ കൊണ്ടുവാടാ.‘

പയ്യൻ ഓടി. എന്റെ ഹൃദയം തണുത്തു. എത്ര നല്ല മനുഷ്യൻ... പയ്യൻ കൊണ്ടുവന്ന ചായ പി. വാങ്ങിച്ചിട്ട്‌ എന്റെ നേരെ തിരിഞ്ഞു.

’നിങ്ങൾക്കു ചായ വേണോ?

ഞാൻ പറഞ്ഞു ഃ ‘വേണ്ടാ’

എന്നിട്ടു ഷൂസിന്റെ ലേസ്‌ മുറുക്കാനെന്ന നാട്യത്തിൽ കുനിഞ്ഞു. എന്റെ മുഖം അയാൾ കാണും; എന്റെ മനഃക്ഷോഭം അയാൾ അറിയും!

പി. പരിഭവപ്പെട്ടു. ‘നിങ്ങളുടെ പുസ്‌തകങ്ങളൊന്നും എനിക്കു തന്നില്ലല്ലോ?’

ഞാൻ പറഞ്ഞു ഃ ‘തരാം’.

‘അതിനെയൊക്കെപ്പറ്റിയുള്ള പത്രാഭിപ്രായങ്ങൾ ഞാൻ വായിക്കുന്നുണ്ട്‌.’

ഞാൻ പറഞ്ഞു ; ‘ നല്ലത്‌.’

എന്നിട്ട്‌ ഒന്നു മന്ദഹസിക്കാൻ ശ്രമിച്ചു. പക്ഷേ, ഹൃദയത്തിൽ വെളിച്ചമില്ലാതെ മുഖം എങ്ങനെ മന്ദഹസിക്കും?

ഞാൻ യാത്രപറഞ്ഞ്‌ എണീറ്റു തെരുവിൽ ഇറങ്ങി നടന്നു.

എന്റെ പിറകെ ആ സി.ഐ.ഡി.!

മണി രണ്ട്‌ ഃ ഞാൻ തളർന്ന്‌ അവശനായി മുറിയിലെ ചാരു കസേരയിൽ കിടക്കുകയായിരുന്നു. നല്ല വസ്‌ത്രങ്ങൾ ധരിച്ചു സുഗന്ധം പൂശിയ അപരിചിതയായ ഒരു സ്‌ത്രീ എന്റെ മുറിയുടെ വാതിൽക്കൽ വന്നു. ദൂരദേശത്തുകാരിയാണ്‌. വെള്ളപ്പൊക്കം മൂലം നാടു നശിച്ചുപോയി. എന്തെങ്കിലും സഹായം ചെയ്യണം! നേരിയ പുഞ്ചിരിയോടെ അവൾ എന്നെ നോക്കി. മാറിടം കട്ട്‌ളപ്പടിയിൽ അമർത്തിക്കൊണ്ട്‌ എന്നെ നോക്കി. എന്റെ ഹൃദയത്തിൽ ചൂടു പരത്തിക്കൊണ്ട്‌ ഒരു വികാരം ഉദിച്ചു. അത്‌ ആളിപ്പടർന്ന്‌ എന്റെ നാഡിഞ്ഞരമ്പുകളിലെങ്ങും വ്യാപിച്ചു. എന്റെ ഹൃദയസ്‌പന്ദനം എനിക്കു കേൾക്കാമെന്നു തോന്നി. അപകടം പിടിച്ച ഒരു ഭയങ്കര നിമിഷം!

‘സഹോദരീ, എന്റെ പക്കൽ ഒന്നുമില്ല; നിങ്ങൾ വേറെ ആരടടുത്തെങ്കിലും ചെന്നു ചോദിക്കൂ എന്റെ പക്കൽ ഒന്നുമില്ല.’

‘ഒന്നുമില്ലേ?’

‘ഇല്ല’

എന്നിട്ടും അവൾ പോകാതെ നിന്നു. ഉച്ചത്തിൽ ഞാൻ പറഞ്ഞുഃ ‘പൊക്കോളൂ. ഒന്നുമില്ല.’

‘ഓ!’ അവൾ പരിഭവത്തോടെ കുണുങ്ങിക്കുണുങ്ങി നടന്നു പോയി. എങ്കിലും അവളിൽ നിന്നും പുറപ്പെട്ടുകൊണ്ടിരുന്ന പരിമളം!

മണി മൂന്ന്‌; ആരോടെങ്കിലും കടം വാങ്ങിച്ചാലോ? ഭയങ്കരമായ ക്ഷീണം. വല്ലാത്ത നിസ്സഹായാവസ്‌ഥ. ആരോടു ചോദിക്കാനാണ്‌? പല പേരുകളും എന്റെ ഓർമയിൽ വന്നു. പക്ഷേ, കടം വാങ്ങുക സ്‌നേഹബഹുമാനത്തെ കുറയ്‌ക്കുന്ന ഒരു ഏർപ്പാടാണ്‌. മരിച്ചുകളഞ്ഞാലോ എന്നു ഞാൻ ആലോചിച്ചു. മരണം എങ്ങനെ ആയിരിക്കണം.

മണി മൂന്നര ഃ നാവു താണുപോകുന്നു. തീരെ ആവതില്ല. കുളിർജലാശയത്തിൽ ഒന്നു മുങ്ങിയെങ്കിൽ! ആകെ കുളുർമയോടെ ഒന്നു തണുത്തെങ്കിൽ ... അങ്ങനെ കിടക്കുമ്പോൾ ചില പത്രാധിപന്മാരുടെ എഴുത്തുകൾ വന്നു. കഥകൾ ഉടനെ കിട്ടണം; മടക്കത്തപാലിൽ അയച്ചേക്കണം! എഴുത്തുകൾ അവിടെയിട്ടിട്ടു ഞാനങ്ങനെ ആവതില്ലാതെ കിടന്നു. ബാങ്ക്‌ ക്‌ളാർക്ക്‌ കൃഷ്‌ണപിള്ളയുടെ വേലക്കാരൻ പയ്യൻ ഒരു തീപ്പെട്ടിക്കോലിനു വന്നു. അവനെക്കൊണ്ട്‌ ഒരു ഗ്ലാസ്‌ വെള്ളവരുത്തിച്ചു ഞാൻ കുടിച്ചു.

‘സാറിനു സൊകമില്ലേ?’ പതിനൊന്നു വയസ്സായ ആ പയ്യന്‌ അറിയണം.

ഞാൻ പറഞ്ഞു ഃ ‘സുഖക്കേടൊന്നുമില്ല.’

‘പിന്നെ ...... സാറുണ്ടില്ലേ?

ഇല്ല.

’അയ്യോ! അതെന്താ, ഉണ്ണാഞ്ഞേ?‘

ആ ചെറിയ മുഖവും കറുത്ത കണ്ണുകളും ഉടുത്തിരിക്കുന്ന കരി പുരണ്ട തോർത്തും. അവൻ ജി​‍്‌ജ്‌ഞ്ഞാസയോടെ നില്‌ക്കുകയാണ്‌. ഞാൻ കണ്ണടച്ചു.

പതുക്കെ അവൻ വളിച്ചു ഃ ’സാറേ!‘

’ഉം?‘

ഞാൻ കണ്ണു തുറന്നു.

അവൻ പറഞ്ഞു ഃ ’എന്റേ രണ്ടണേണ്ട്‌.‘

’അതിന്‌?‘

അവൻ പരുങ്ങി ഃ ’ഞാൻ വരുന്ന മാസത്തി വീട്ടി പോവുമ്പം സാറു തന്നേച്ചാ മതി.‘

എന്റെ ഹൃദയം വിങ്ങി ഃ അല്ലാഹുവേ!

’കൊണ്ടു വരൂ!‘

അതു കേൾക്കാത്ത പാട്‌, അവൻ ഓടി!

അപ്പോൾ സഖാവ്‌ ഗംഗാധരൻ വന്നു. വെള്ള ഖദർമുണ്ട്‌, വെള്ള ഖദർജുബ്ബാ, മീതെ പുതച്ച നീല ഷാളും.... കറുത്ത നീണ്ടുരുണ്ട മുഖവും കാര്യഗൗരവമുള്ള നോട്ടവും.

ചാരുകസേരയിൽ ഗമയിലുള്ള എന്റെ കിടപ്പുകണ്ട്‌ ആ നേതാവ്‌ പറയുകയാണ്‌ ഃ ’അമ്പട! നീ വലിയ ബൂർഷ്വാ ആയിപ്പോയല്ലേ?

എന്റെ തലയ്‌ക്കു നല്ല കറക്കം ഉണ്ടായിരുന്നെങ്കിലും എനിക്കു ചിരി വന്നു. ആ നേതാവിന്റെ വസ്‌ത്രങ്ങളുടെ ഉടമസ്‌ഥാവകാശം ആർക്കുള്ളതായിരിക്കുമെന്ന്‌ ഞാൻ പതുക്കെ ചിന്തിച്ചുപോയി! എനിക്കു പരിചയമുള്ള ഓരോ രാഷ്‌ട്രീയ പ്രവർത്തകന്മാ​‍ാരുടെയും ചിത്രം എന്റെ ഭാവനയിൽ വന്നു. എന്താണു നേടാനുള്ളത്‌?

ഗംഗാധരൻ ചോദിച്ചുഃ ‘നീ എന്താ ചിരിക്കുന്നത്‌?’

ഞാൻ പറഞ്ഞുഃ ഒന്നുമില്ല. മോനേ, നമ്മുടെ ഈ വേഷവിധാനങ്ങൾ ഓർത്തു ചിരിച്ചുപോയതാണ്‌.‘

’നിന്റെ തമാശ കളഞ്ഞിട്ടു കേൾക്കൂ. വലിയ കുഴപ്പം നടക്കുന്നു. ലാത്തിച്ചാർജും ടീയർഗ്യാസം വെടിവയ്‌പും നടന്നേക്കും. പത്തുമൂവായിരം തൊഴിലാളികൾ പണിമുടക്കിൽ ഏർപ്പെട്ടിരിക്കയാണ്‌. ഒന്നര ആഴ്‌ചയായി അവർ പട്ടിണികിടക്കുന്നു! വലിയ ബഹളം നടന്നേക്കും! മനുഷ്യൻ പട്ടിണികിടക്കുമ്പോൾ എന്തും സംഭവിക്കും!‘

’ഞാൻ ഈ വിവരങ്ങളൊന്നും പത്രങ്ങളിൽ വായിച്ചില്ലല്ലോ?‘

’പത്രങ്ങളിൽ റിപ്പോർട്ട്‌ ചെയ്‌തുപോകരുതെന്ന്‌ താക്കീതുണ്ട്‌!‘

’അതുകൊള്ളാം. ഞാൻ ആയതിലേക്ക്‌ എന്തു ചെയ്യണം!‘

’അവരുടെ വക പബ്ലിക്‌ മീറ്റിങ്ങുണ്ട്‌. ഞാനാണ്‌ അദ്ധ്യക്ഷൻ. അവിടെ ചെന്നുപറ്റാൻ ബോട്ടുകാർക്ക്‌ കടത്തുകൂലിക്ക്‌ ഒരണവേണം. പിന്നെ ഞാൻ ഇന്നൊന്നും കഴിച്ചിട്ടുമില്ല. നീയും എന്റെ കൂട്ടത്തിൽ വാ!‘

മോനേ, കാര്യം നല്ലതുതന്നെ. പക്ഷേ, എന്റെ പക്കൽ കാശൊന്നുമില്ല. കുറെ അധികം ദിവസമായി ഞാനും വല്ലതും കഴിച്ചിട്ട്‌. നേരം വെളുത്തിട്ട്‌ ഇതുവരെ ഞാനും ഒന്നും കഴിച്ചിട്ടില്ല. പോരെങ്കിൽ ഇന്ന്‌ എന്റെ ജന്മദിനവുമാണ്‌.

’ജന്മദിനം? നമുക്കൊക്കെ എന്തു ജന്മദിനം?

പ്രപഞ്ചങ്ങളിലുള്ള എല്ലാറ്റിനുമുണ്ടല്ലോ ജന്മദിനം.‘

അങ്ങനെ വർത്തമാനം പലേ വഴിക്കും പോയി. ഗംഗാധരൻ തൊഴിലാളികളെപ്പറ്റിയും രാഷ്‌ട്രീയപ്രവർത്തകരെപ്പറ്റിയും ഗവൺമെന്റിനെപ്പറ്റിയും സംസാരിച്ചു. ഞാൻ ജീവിതത്തെപ്പറ്റിയും പത്രാധിപന്മാരെക്കുറിച്ചും സാഹിത്യകാരന്മാരെക്കുറിച്ചും സംസാരിച്ചു. അതിനിടയിൽ പയ്യൻ വന്നു. ഒരണ ഞാൻ കൈയിൽ വാങ്ങി. ബാക്കി ഒരണയ്‌ക്കു ചായയും ബീഡിയും ദോശയും കൊണ്ടു വരാൻ പറഞ്ഞു. കാലണ ചായ, അരയണ ദോശ, കാലണ ബീഡി.

ദോശ പൊതിഞ്ഞുകൊണ്ടുവന്ന അമേരിക്കൻ പത്രക്കടലാസിന്റെ തുണ്ടിൽ ഒരു ചിത്രമുണ്ടായിരുന്നു. അത്‌ എന്നെ വളരെ ആകർഷിച്ചു. ഞാനും ഗംഗാധരനും കൂടി ദോശ തിന്നു. ഓരോ ഗ്ലാസ്‌ വെള്ളം വീതം കുടിച്ചു. പിറകെ കുറേശ്ശെ ചായയും. അതിനുശേഷം ഒരു ബീഡി കത്തിച്ചു പുക വിട്ടുകൊണ്ട്‌ ഗംഗാധരന്‌ ഒരണ കൊടുത്തു. പോകാൻ നേരത്തു തമാശയായി ഗംഗാധരൻ ചോദിച്ചുഃ ’ഇന്നു നിന്റെ ജന്മദിനമല്ലേ, നിനക്കു ലോകത്തിനായിക്കൊണ്ടു വല്ല സന്ദേശവും കൊടുക്കാനുണ്ടോ?

ഞാൻ പറഞ്ഞുഃ ‘ഉണ്ട്‌ മോനെ, വിപ്ലവസംബന്ധിയായ ഒന്ന്‌.’

‘കേൾക്കട്ടെ’!

‘വിപ്ലവത്തിന്റെ അഗ്‌നിജ്ജ്വാലകൾ എങ്ങും ആളിപ്പടർന്ന്‌ ഉയരട്ടെ! ഇന്നത്തെ സമുദായഘടന എല്ലാം കത്തി ദഹിച്ച്‌, സുഖസമ്പൂർണ്ണവും സമത്വസുന്ദരവുമായ പുതിയ ലോകം സംജാതമാവട്ടെ!’

‘ഭേഷ്‌! ഞാൻ ഇന്ന്‌ ഇതവിടെ തൊഴിലാളി മീറ്റിങ്ങിൽ പറയാം!’ എന്നു പറഞ്ഞ്‌ ഗംഗാധരൻ ധൃതിയിൽ നടന്നുപോയി. ഞാൻ ഓരോ രാഷ്‌ട്രീയപ്രവർത്തകന്മാരെപ്പറ്റി ചിന്തിച്ചു. ഓരോ എഴുത്തുകാരെപ്പറ്റിയും; എല്ലാത്തരം സ്‌ത്രീപുരുഷന്മാരെപ്പറ്റിയും. അവരൊക്കെ എങ്ങനെ ജീവിക്കുന്നു? അങ്ങനെ കിടന്നുകൊണ്ടു ഞാൻ ആ ദോശപൊതികൊണ്ടുവന്ന കടലാസ്‌ എടുത്തു. അപ്പോൾ, പടികടന്നു വീട്ടടുടമസ്‌ഥൻ മുഖം വീർപ്പിച്ചുകൊണ്ടു വരുന്നതു കണ്ടു. അയാളോട്‌ ഇനി എന്തവധിയാണു പറയേണ്ടതെന്ന്‌ ആലോചിച്ചു ചിത്രത്തിൽ നോക്കി. ആകാശചുംബികളായ കൂറ്റൻ മണിമേടകൾ നിറഞ്ഞ മഹാനഗരം. അതിന്റെ നടുക്കു ശിരസ്സുയർത്തി നിൽക്കുന്ന ഒരു മനുഷ്യൻ. ഇരുമ്പുചങ്ങലകളാലയാളെ വരിഞ്ഞുമുറുക്കി ഭൂമിയോടു ചേർത്തു ബന്ധിച്ചിരിക്കയാണ്‌. എങ്കിലും അയാളുടെ നോട്ടം ബന്ധനത്തിലോ, ഭൂമിയിലോ അല്ല. വിദൂരതയിൽ, ഉയരെ സൗരയൂഥങ്ങൾക്കപ്പുറത്ത്‌, അന്തമില്ലാത്ത ദൂരത്തിൽ കതിരുകൾ ചിതറുന്ന മഹാതേജഃപുഞ്ഞ്‌ജത്തിൽ! അയാളുടെ കാലുകൾക്കു സമീപം ഒരു തുറന്ന പുസ്‌തകം. അതിന്റെ രണ്ടു പേജുകളിലുമായി ആ മനുഷ്യന്റെ എന്നല്ല, എല്ലാ മനുഷ്യരുടെയും ചരിത്രം. അത്‌ ഇപ്രകാരമാണ്‌.

ചങ്ങലകളാലെന്നപോലെ മണ്ണോടു ബന്ധിതനെങ്കിലും അവൻ നോക്കുകയാണ്‌. സമയകാലങ്ങളെ പിന്നിട്ട്‌, ധീര മോഹനമായ നാളെയിലേക്ക്‌!

എവിടെയാണ്‌..... നാളെ?

‘എന്താ മിസ്‌റ്റർ!’ വീട്ടുടമസ്‌ഥന്റെ തണുത്ത ചോദ്യം ഃ ‘ഇന്നെങ്കിലും തരാമോ?’

ഞാൻ പറഞ്ഞുഃ ‘പണമൊന്നും വന്നുചേർന്നിട്ടില്ല. അടുത്ത ഏതെങ്കിലും ദിവസം തരാം.’

പക്ഷേ, അദ്ദേഹം ഇനി അവധി കേൾക്കാൻ ഭാവമില്ല!

‘ഇങ്ങനെ എന്തിനു ജീവിക്കുന്നു? അദ്ദേഹത്തിന്റെ ചോദ്യമാണ്‌ വളരെ പരമാർത്ഥം. ’ഇങ്ങനെ എന്തിനു ജീവിക്കുന്നു? ഞാൻ ഈ കെട്ടിടത്തിൽ വന്നിട്ടു മൂന്നുകൊല്ലം തികയാറായി. മൂന്നടുക്കളയും ഞാൻ നന്നാക്കി. അതിനൊക്കെ, ഇപ്പോൾ നല്ല വാടക കിട്ടുന്നുണ്ട്‌. ഈ നാലാമത്തെ സ്‌റ്റോർ റൂം ഞാൻ മനുഷ്യവാസയോഗ്യമാക്കിത്തീർത്തപ്പോൾ, കൂടുതൽ വാടകയ്‌ക്ക്‌ എടുക്കാൻ വേറെ ആളുണ്ടത്രേ! കൂടുതൽ വാടക കൊടുക്കാമെന്നു ഞാൻ സമ്മതിച്ചാൽ പോരാ ഇറങ്ങി മാറിക്കൊടുക്കണം!

ഇല്ല! എനിക്കു സമ്മതമില്ല; ഇറങ്ങി മാറാനൊട്ടു ഭാവവുമില്ല! എന്താ ചെയ്യാൻ പോകുന്നത്‌?

മണി നാല്‌ഃ എനിക്ക്‌ ഈ നാടു മടുത്തു. എന്നെ ആകർഷിക്കുവാൻ ഈ പട്ടണത്തിൽ ഒന്നുമില്ല. നിത്യവും സഞ്ചരിക്കുന്ന റോഡുകൾ. നിത്യവും കാണുന്ന കടകളും മുഖങ്ങളും. കണ്ടതു തന്നെ കാണുക; കേട്ടതുതന്നെ കേൾക്കുക! എന്തൊരു മനംമടുപ്പ്‌..... ഒന്നും എഴുതാൻ തോന്നുന്നില്ല. അല്ലെങ്കിൽ എന്താണ്‌ എഴുതാനുള്ളത്‌?

മണി ആറ്‌ഃ പ്രസന്നമായ സായാഹ്‌നം. കടൽ വിഴുങ്ങിയ ജ്വലിക്കുന്ന വൃത്തത്തിലുള്ള ചോരക്കട്ടയായ അന്തിമസൂര്യൻ. കനകമേഘങ്ങൾ നിറഞ്ഞ പശ്‌ഛിമ ചക്രവാളം. കര കാണാത്ത സമുദ്രം. തൊട്ട്‌, അലകളിളകുന്ന കായൽ. തീരത്തു സുന്ദരമായ ആരാമം. ഉടുത്തൊ​‍ാരുങ്ങി സിഗരറ്റും പുകച്ചു വിഹരിക്കുന്ന ചെറുപ്പക്കാർ. തെറിക്കുന്ന കണ്ണുകളോടെ വർണസാരികളും പറത്തി മന്ദസ്‌മേരവദനകളായി വിലസുന്ന യുവതികൾ, പ്രേമനാടകങ്ങളുടെ പശ്‌ചാത്തലമായി ഹൃദയം കുളിർപ്പിക്കുന്ന പാർക്കിലെ റേഡിയോ ഗാനവും ഇടയ്‌ക്കു പുഷ്‌പങ്ങളെ തഴുകിവരുന്ന സുഗന്ധവാഹിയായ ഇളംകാറ്റും.... പക്ഷേ, ഞാൻ തളർന്നു വീഴാൻ പോകയാണ്‌.

മണി ഏഴ്‌ഃ ഒരു പോലീസുകാരൻ എന്റെ താമസസ്‌ഥലത്തു വന്ന്‌ ഇന്നും എന്നെ കൂട്ടിക്കൊണ്ടുപോയി. കണ്ണഞ്ചിപ്പിക്കുന്ന ‘പെട്രോമാക്‌സ്‌’ വിളക്കിന്റെ മുമ്പിൽ എന്നെ ഇരുത്തി. ചോദ്യങ്ങൾക്കു സമാധാനം പറയുമ്പോൾ എന്റെ മുഖത്തെ ഭാവഭേദങ്ങൾ സൂക്ഷിച്ചുകൊണ്ടു പിറകിൽ കൈയും കെട്ടി പോലീസ്‌ ഡപ്യൂട്ടിക്കമ്മീഷണർ അങ്ങുമിങ്ങും നടന്നു. നോട്ടം എപ്പോഴും എന്റെ മുഖത്തുതന്നെ. എന്തൊരു ഭാവം! എന്തൊരു നില! ഞാൻ ഏതോ വലിയ കുറ്റം ചെയ്‌ത പിടികിട്ടാപ്പുള്ളിയാണെന്ന മട്ട്‌ ഒരു മണിക്കൂറുനേരത്തെ ചോദ്യങ്ങൾ. ആരെല്ലാമാണ്‌ എന്റെ കൂട്ടുകാർ? എവിടന്നൊക്കെയാണ്‌ എനിക്ക്‌ എഴുത്തുകൾ വരുന്നത്‌?

ഗവൺമെന്റിനെ തകിടം മറിക്കാനുള്ള ഗൂഢസംഘത്തിലെ അംഗമല്ലേ ഞാൻ? പുതുതായി എന്തൊക്കെയാണു ഞാൻ എഴുതുന്നത്‌? എല്ലാം സത്യമായി പറയണം! പിന്നെ-

‘നിങ്ങൾക്കറിയാമല്ലോ നിങ്ങളെ ഇവിടന്നു നാടു കടത്തിക്കാൻ എനിക്കു കഴിയുമെന്ന്‌?’

‘അറിയാം. ഞാൻ നിസ്സഹായനാണ്‌. വെറും ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി, എന്നെ അറസ്‌റ്റ്‌ ചെയ്‌തു ലോക്കപ്പിലിട്ട്‌.....’

മണി ഏഴര ഃ ഞാൻ മുറുയിൽ വന്ന്‌ ഇരുട്ടത്തിരുന്നു നന്നായി ഒന്നു വിയർത്തു. ജന്മദിനം! ഇന്ന്‌ എന്റെ താമസസ്‌ഥലത്തു വെളിച്ചമില്ല. മണ്ണെണ്ണയ്‌ക്ക്‌ എന്തു വഴി? പശിയടങ്ങെ വല്ലതും തിന്നുകയും വേണം. ദൈവമേ, ആരുതരും? ഒരുത്തരോടും കടം വാങ്ങാൻ കഴികയില്ല. പക്ഷേ, മാത്യവിനോടു ചോദിച്ചാലോ? വേണ്ട. മറ്റേ കെട്ടിടത്തിൽ താമസിക്കുന്ന കണ്ണടക്കാരൻ വിദ്യാർത്ഥിയോട്‌ ഒരുറുപ്പിക ചോദിക്കാം. അയാൾ ആ ഉഗ്രമായ സുഖക്കേടിനു വളരെ പണം ഇൻജക്‌ഷനു മുടക്കിയതാണ്‌. ഒടുവിൽ എന്റെ നാലണയുടെ മരുന്നുകൊണ്ടാണു സുഖപ്പെട്ടത്‌. അതിനു പ്രതിഫലമായി എന്നെ ഒരു തവണ സിനിമ കാണാൻ കൊണ്ടുപോയി. ചെന്ന്‌ ഒരുറുപ്പിക ചോദിച്ചാൽ തരാതിരിക്കുമോ?

മണി എട്ടേമുക്കാൽ ഃ വഴിക്ക്‌ മാത്യുവിനെ അന്വേഷിച്ചു. അദ്ദേഹം സിനിമ കാണാൻ പോയിരിക്കുന്നു. ഉറച്ചുള്ള സംസാരവും പൊട്ടിച്ചരിയും കെട്ടുകൊണ്ടു ഞാൻ മറ്റേ കെട്ടിടത്തിന്റെ മുകൾത്തട്ടിൽ ചെന്നു. പുകയുന്ന സിഗരറ്റിന്റെ ഗന്ധം. മേശപ്പുറത്തെരിയുന്ന ശരറാന്തലിന്റെ പ്രഭ തട്ടിത്തിളങ്ങുന്ന പല്ലുകൾ, റിസ്‌റ്റ്‌ വാച്ചുകൾ, സ്വർണക്കുടുക്കുകൾ.

നിസഹായതയുടെ മൂർത്തികരണമായി ഞാൻ കസേരയിലിരുന്നു. അവർ വർത്തമാനം തുടങ്ങി. രാഷ്‌ട്രീയകാര്യങ്ങൾ, സിനിമ, കോളേജിലെ വിദ്യാർത്ഥിനികളുടെ അംഗവർണന, ദിവസത്തിൽ രണ്ടുപ്രാവശ്യം സാരികൾ മാറ്റിവരുന്ന വിദ്യാർത്ഥിനികളുടെ പേരുകൾ അങ്ങനെ പലതും. അതിലൊക്കെ ഞാനും അഭിപ്രായങ്ങൾ പറഞ്ഞു. ഇടയ്‌ക്കു ഞാൻ കടലാസ്സുതുണ്ടെടുത്ത്‌ കുറിപ്പെഴുതുംഃ ‘ ഒരു റുപ്പിക വേണം. വളെരെ അത്യാവശ്യമായിട്ടാണ്‌. രണ്ടുമൂന്നു ദിവസത്തിനകം തിരിച്ചുതന്നേക്കാം.’

അപ്പോൾ കണ്ണടക്കാരൻ ചിരിച്ചു.

‘എന്താ, വല്ല ചെറുകഥയ്‌ക്കും പ്ലോട്ട്‌ കുറിക്കുകയാണോ?’

ഞാൻ പറഞ്ഞുഃ

‘അല്ല.’

അതിനെത്തടുർന്നു സംഭാഷണം ചെറുകഥാസാഹിത്യത്തിലെത്തി.

സുമുഖനായ പൊടിമീശക്കാരൻ പരാതിപ്പെട്ടുഃ

‘നമ്മുടെ ഭാഷയിൽ നല്ല ചെറുകഥകളൊന്നും ഇല്ല!’

ഭാഷയിലും നാട്ടിലും നല്ലതു വല്ലതുമുണ്ടോ? നല്ല ആണുങ്ങളും നല്ല പെണ്ണുങ്ങളുമുള്ളതു കടലുകൾക്കപ്പുറത്ത്‌!

ഞാൻ ചോദിച്ചുഃ

‘ആരുടെയൊക്കെ ചെറുകഥകൾ വായിച്ചിട്ടുണ്ട്‌?’

‘അധികം ആളുടേതൊന്നും വായിച്ചിട്ടില്ല. ഒന്നാമതു മാതൃഭാഷയിൽ വല്ലതും വായിക്കുന്നതുതന്നെ ഒരന്തസ്സു കുറഞ്ഞ പണിയാണ്‌.

ഞാൻ നമ്മുടെ കുറെ ചെറുകഥാകൃത്താ​‍ുക്കളുടെ പേരു പറഞ്ഞു. അവരിൽ മിക്കപേരുടെയും പേരുകൾ പോലും ഇവർ കേട്ടിട്ടില്ലാ

ഞാൻ പറഞ്ഞു.

’ഇംഗ്ലീഷിലെന്നല്ല, ലോകത്തിലെ എല്ലാ ഭാഷയിലെയും ചെറുകഥകളോടു മത്സരിക്കത്തക്ക നല്ല ചെറുകഥകൾ നമ്മുടെ ഭാഷയിൽ ഇന്നുണ്ട്‌. നിങ്ങൾ എന്തുകൊണ്ടു വായിക്കുന്നില്ല?

‘ഓ, ചിലതൊക്കെ വായിച്ചിട്ടുണ്ട്‌! പിന്നെ മിക്കതും ദാരിദ്ര്യത്തെപ്പറ്റി പറയുന്ന കഥകളാണ്‌. എന്തിനാണ്‌ അതൊക്കെ എഴുതുന്നത്‌?’

ഞാൻ ഒന്നും മിണ്ടിയില്ല.

‘നിങ്ങളുടെയൊക്കെ കഥകൾ വായിച്ചാൽ’, സ്വർണ്ണക്കണ്ണടക്കാരൻ വിധി പറഞ്ഞുഃ ‘ലോകത്തിനെന്തോ വലിയ തകരാറൊക്കയുണ്ടെന്നു തോന്നിപ്പോകും.’

ലോകത്തിന്‌ എന്തു തകരാറ്‌? അച്‌ഛനമ്മമാർ കഷ്‌ടപ്പെട്ടു മാസം തോറും പണമയച്ചുകൊടുക്കുന്നു. അതു ചെലവാക്കി വിദ്യാഭ്യാസം ചെയ്യുന്നു. സിഗരറ്റ്‌, ചായ, കോഫി, ഐസ്‌ക്രീം, സിനിമ, കുട്ടിക്കൂറാ പൗഡർ, വാസ്‌ലെയിൻ, സ്‌പ്രെ, വിലകൂടിയ വസ്‌ത്രങ്ങൾ, വിലകൂടിയ ആഹാരം, മദ്യം, മയക്കുമരുന്ന്‌ സിഫിലിസ്‌, ഗുണോറിയ അങ്ങനെ പോകുന്നു. ഭാവിയിലെ പൗരന്മാർ! നാടു ഭരിക്കേണ്ടവരും നിയമം നടപ്പിലാക്കേണ്ടവരും. ബുദ്ധിജീവികൾ, സാംസ്‌കാരികനായകന്മാർ, മതനേതാക്കൾ. രാഷ്‌ട്രീയ നേതാക്കൾ......ദാർശനികർ........! ലോകത്തിനെന്തു തകരാറ്‌?

എനിക്കു ഭയങ്കരമായ ഒരു പ്രസംഗം ചെയ്യണമെന്നു തോന്നി.

‘ഇന്നത്തെ ലോകം’ ഞാൻ ആരംഭിച്ചു. അപ്പോഴേക്കും അടിയിൽ നിന്നു തളർന്നു ചെറുശബ്‌ദംഃ

‘മെതിയടി വേണോ, മെതിയടി.!’

‘കൊണ്ടുവാ!’ ചിരിച്ചുകൊണ്ട്‌ കണ്ണടക്കാരൻ ആജ്ഞാപിച്ചു. അങ്ങനെ വിഷയം മാറി. മുകളിലേക്കു കയറിവന്നത്‌ ഞാൻ കാലത്തു കണ്ട പിഞ്ചുപൈതങ്ങൾ! അവർ കിതയ്‌ക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകൾ നട്ട്‌, മുഖങ്ങൾ വാടി, ചുണ്ടുകൾ വരണ്ടുണങ്ങിയിരുന്നു. വിമ്മിട്ടത്തോടെ മുതിർന്നവൻ പറഞ്ഞു;

‘സാറന്മാർക്കു വേണോങ്കി രണ്ടരയണ.’

കാലത്തു മുന്നണയായിരുന്നു.

‘രണ്ടരയണയോ?’ സംശയത്തോടെ സ്വർണ്ണക്കണ്ണടക്കാരൻ തിരിച്ചും മറിച്ചും നോക്കി, ‘കരിങ്ങോട്ടയല്ലല്ലോടാ?’

‘അതെ സാറെ, കരിങ്ങോട്ടയാ.’

‘വീടെവിടെയാ കുഞ്ഞുങ്ങളുടെ? എന്റെ ചോദ്യത്തിനു മുതിർന്നവൻ സമാധാനം പറഞ്ഞു. ഇവിടെനിന്നു മൂന്നു മൈൽ ദൂരെയുള്ള ഒരു സ്‌ഥലം.

’രണ്ടണ‘. സ്വർണ്ണക്കണ്ണടക്കാരൻ പറഞ്ഞു.

’സാറു രണ്ടേകാലണ തന്നേര്‌

‘വേണ്ടാ!’

‘ഓ.’

വിഷാദത്തോടെ അവർ ഇറങ്ങി. സ്വർണ്ണക്കണ്ണടക്കാരൻ വീണ്ടും വിളിച്ചുഃ

‘കൊണ്ടുവാടാ.’

അവർ വീണ്ടും വന്നു. നല്ലതു നോക്കി ഒരു ജോഡി തിരഞ്ഞെടുത്തിട്ട്‌ ഒരു പത്തുരൂപാനോട്ടു വച്ചുനീട്ടി. ആ കുഞ്ഞുങ്ങളുടെ പക്കൽ ഒറ്റക്കാശുപോലുമില്ല. അവർ ഒന്നും വിറ്റിട്ടില്ല. നേരം വെളുത്തതുമുതൽ നടക്കുകയായിരുന്നു. മൂന്നു മൈൽ ദൂരെ ഏതോ കുടിലിൽ വെള്ളവും അടുപ്പത്തിട്ടു മക്കളുടെ വരവും കാത്തിരിക്കുന്ന മാതാപിതാക്കളുടെ ചിത്രം എന്റെ ഭാവനയിൽ വന്നു.

സ്വർണ്ണക്കണ്ണടക്കാരൻ എവിടന്നോ രണ്ടണ തപ്പി എടുത്തു കൊടുത്തു.

‘കാലണ സാർ?’

‘ഇത്രേയുള്ളുഃ അല്ലെങ്കിലിന്നാ മെതിയടി!’

കുട്ടികൾ അന്യോന്യം നോക്കി മിണ്ടാതെ ഇറങ്ങിപ്പോയി. ഇലക്‌ട്രിക്‌ വിളക്കിന്റെ താഴത്ത്‌, റോഡിലൂടെ ആ പിഞ്ചുപൈതങ്ങൾ പോകുന്നതു നോക്കിക്കൊണ്ട്‌ സ്വർണ്ണക്കണ്ണടക്കാരൻ ചിരിച്ചു.

‘ഞാൻ ഒരു വേല ചെയ്‌തിട്ടുണ്ട്‌, ഒന്നു കള്ളയണയാ!’

‘ഹ, ഹ, ഹ! എല്ലാവരും പൊട്ടിച്ചിരിച്ചു. ഞാൻ വിചാരിച്ചു വിദ്യാർത്ഥികളല്ലേ എന്തു പറയാനാണ്‌? ദാരിദ്ര്യവും വിഷമതകളുംമൊക്കെ എന്തെന്ന്‌ അറിയാറായിട്ടില്ല. ഞാൻ എഴുതിവച്ചിരുന്ന കുറിപ്പ്‌ മറ്റാരും കാണാതെ സ്വർണ്ണക്കണ്ണടക്കാരനു കൊടുത്തു. അദ്ദേഹം അതു വായിക്കുമ്പോൾ എന്റെ ഭാവന ഹോട്ടലിലായിരുന്നു. ചൂടു പറക്കുന്ന ചോറിന്റെ മുമ്പിൽ ഞാൻ ഇരിക്കുന്നതും മറ്റും. പക്ഷേ, കുറിപ്പു വായിച്ചിട്ടു സ്വർണ്ണക്കണ്ണടക്കാരൻ എല്ലാവരും കേൾക്കത്തക്ക വിധത്തിൽ പറഞ്ഞുഃ

’സോറി, ചെയിഞ്ചസ്‌ ഒന്നുമില്ല.‘

അതു കേട്ടപ്പോൾ എന്റെ ശരീരത്തിൽ നിന്നു ചൂട്‌ ആവിപൊന്തി. വിയർപ്പു തുടച്ചുകൊണ്ടു ഞാൻ താഴെ ഇറങ്ങി മുറിയിലേക്കു നടന്നു.

മണി ഒമ്പത്‌ ഃ ഞാൻ പായ്‌ വിരിച്ചു കിടന്നു. പക്ഷേ, കണ്ണുകൾ അടയുന്നില്ല. തലയ്‌ക്കു നല്ല വിങ്ങലും. എങ്കിലും ഞാൻ കിടന്നു. ലോകത്തിലെ നിസ്സഹായരെപ്പറ്റി ഞാൻ ഓർത്തോ.... എവിടെയെല്ലാം എത്രയെത്ര കോടി സ്‌ത്രീപുരുഷന്മാർ ഈ സുന്ദരമായ ഭൂഗോളത്തിൽ പട്ടിണികിടക്കുന്നു! അക്കൂട്ടത്തിൽ ഞാനും. എനിക്കെന്താണൊരു പ്രത്യേകത? ഞാനും ഒരു ദരിദ്രൻ. അത്ര തന്നെ. അങ്ങനെ വിചാരിച്ചുകൊണ്ടു കിടക്കുമ്പോൾ എന്റെ വായിൽ ഉമിനീർ നിറഞ്ഞു. മാത്യൂവിന്റെ അടുക്കളയിൽ കടുകുവറക്കുന്ന ശബ്‌ദം!.........വെന്തു മലർന്ന ചോറിന്റെ വാസനയും!

മണി ഒമ്പതര ഃ ഞാൻ വെളിയിൽ ഇറങ്ങി. ഹൃദയം പൊട്ടിപ്പോകുന്ന ഇടിപ്പ്‌! വല്ലവരും കണ്ടാലോ? ഞാൻ വിയർത്തുകുളിക്കുന്നു!.......... ഞാൻ മുറ്റത്തു കാത്തുനിന്നു. ഭാഗ്യം! വൃദ്ധൻ വിളക്കുമെടുത്തു കുടവുമായി വെളിയിലേക്കിറങ്ങി. അടുക്കളവാതിൽ പതുക്കെ ചാരിയിട്ടു പൈപ്പിന്റെ അടുത്തേക്കു പോയി. കുറഞ്ഞതു പത്തു മിനിട്ടു പിടിക്കും. ശബ്‌ദം കേൾപ്പിക്കാതെ ഹൃദയത്തുടിപ്പോടെ ഞാൻ വാതിൽ പതുക്കെ തുറന്ന്‌ അടുക്കളയ്‌ക്കകത്തു കയറി.

മണി പത്ത്‌ ഃ സംതൃപ്‌തമായ നിറഞ്ഞ വയറോടെ വിയർത്തുകുളിച്ച്‌ ഞാൻ വെളിയിൽ ഇറങ്ങി. വൃദ്ധൻ മടങ്ങിയപ്പോൾ ഞാൻ പൈപ്പിന്റെ അടുത്തു ചെന്നു വെള്ളം കുടിച്ചു കൈകാൽ മുഖം കഴുകി തിരികെ എന്റെ മുറിയിൽ വന്ന്‌ ഒരു ബീഡി കത്തിച്ചു വലിച്ചു. ആകെ സുഖസംതൃപ്‌തം. എങ്കിലും ഒരു വല്ലായ്‌മ. നല്ല ക്ഷീണവും തോന്നി. ഞാൻ കിടന്നു. ഉറക്കം വരുന്നതിനു മുമ്പേ ശകലം ആലോചനയുണ്ടായി. വൃദ്ധൻ അറിഞ്ഞുകാണുമോ? എങ്കിൽ മാത്യൂ അറിയും. മറ്റു വിദ്യാർത്ഥികളും ക്‌ളാർക്കന്മാരും അറിയും. കുറച്ചിലാകും. ഏതായാലും വരുന്നതു വരട്ടെ. ജന്മദിനം. സുഖമായി ഉറങ്ങാം. എല്ലാവരുടെയും എല്ലാം ജന്മദിനങ്ങളും..... മനുഷ്യൻ.... പാവപ്പെട്ട ജീവി, ഞാനങ്ങനെ മയങ്ങിപ്പോകുകയായിരുന്നു.... അപ്പോൾ എന്റെ മുറിയുടെ അടുത്തേക്ക്‌ ആരോ വരുന്നു!

’ഹലോ മിസ്‌റ്റർ!‘ മാത്യുവിന്റെ ശബ്‌ദം! എനിക്കു വിയർപ്പു പൊട്ടി. എന്റെ ഉറക്കം പമ്പകടന്നു. ഉണ്ടതൊക്കെ ദഹിച്ചു. എനിക്കു മനസ്സിലായി. മാത്യു അറിഞ്ഞുപോയിരിക്കുന്നു. വൃദ്ധൻ കണ്ടുപിടിച്ചായിരിക്കും. ഞാൻ വാതിൽ തുറന്നു. ഇരുളിന്റെ ഹൃദയത്തിൽ നിന്നെന്നോണം. തീക്ഷ്‌ണവെളിച്ചത്തിന്റെ നീണ്ട കുന്തമെന്നവണ്ണം. ഒരു ടോർച്ച്‌ ലൈറ്റ്‌! ഞാനാ വെളിച്ചത്തിൽ! എന്താണ്‌ മാത്യു ചോദിക്കാൻ പോകുന്നത്‌? പരിഭ്രമം കൊണ്ട്‌ എന്റെ ഹൃദയം നുറുനുറു കഷണങ്ങളായി പൊട്ടിപ്പോകുമെന്നു തോന്നി.

മാത്യു പറഞ്ഞുഃ

’ഐസേ സിനിമയ്‌ക്കു പോയിരുന്നു, വിക്‌ടർ ഹ്യൂഗോവിന്റെ ‘പാവങ്ങൾ’ നിങ്ങൾ കാണ്ടേ ഒന്നാംതരം ചിത്രമാണ്‌!‘

’ങ്‌​‍ാഹാ.‘

’നിങ്ങൾ ഊണു കഴിച്ചോ? എനിക്കു തീരെ വിശപ്പില്ല. ചോറു വെറുതെയാവും. വന്ന്‌ ഊണു കഴിക്കൂ. വഴിക്കു ഞങ്ങളൊന്നു ‘മോഡേൺ ഹോട്ടലിൽ’ൽ കയറി.

‘താംഖ്‌സ്‌ ; ഞാൻ ഊണു കഴിച്ചു!’

‘ഓഹോ, എന്നാൽ ഉറങ്ങൂ. ഗുഡ്‌നൈറ്റ്‌!

’യേസ്‌ ഗുഡ്‌നൈ...........!‘

വൈക്കം മുഹമ്മദ്‌ ബഷീർ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.