പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഡബിള്‍ ജീയോപാര്‍ഡി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഡ്വ. കെ.സി. സുരേഷ്‌

ഒരു വര്‍ഷമായി ഇവിടെ ആക്കിയിട്ട്. ഇവിടെ കൊണ്ട് വന്ന് ഇട്ടവരെ പിന്നെ കണ്ടിട്ടില്ല എന്ന് മാത്രമല്ല അവരാരാണെന്നോ എന്തിനാണ് ഇവിടെ കൊണ്ടു വന്ന് ഇട്ടതെന്നോ ഇത്താപ്പിന് അറിയില്ലതാനും.

ഇത്താപ്പി ഇവിടെ വന്നിട്ട് ആണ്ടൊന്ന് കഴിഞ്ഞു. മക്കള്‍ പറഞ്ഞിട്ട് ആരെങ്കിലും തിരികെ കൊണ്ടു പോകാന്‍ വരും എന്നായിരുന്നു ആ‍ദ്യമെല്ലാം - കാത്തിരുന്നത് മിച്ചം.

ഒരു നാള്‍ രാത്രിയിലാണ് കൊച്ചു മറിയ വന്നത്- ഇത്താപ്പിനെ കണ്ടപ്പോള്‍ സങ്കടമായിപ്പോയി അവള്‍ക്ക്- കുറെ കരഞ്ഞു ഇത്താപ്പും. അവര്‍ കരയണ കണ്ടപ്പോള്‍ എല്ലാവരും കരഞ്ഞു. മറിയ എത്ര സുന്ദരിയായിരുന്നു - നാടിന്റെ പൂമ്പാറ്റ - കശാപ്പുകാരന്‍ കൊച്ചവൗതയുടെ മകള്‍. ‍ കാറല്‍ മാന്‍ സലോമോന്റെ നാലാമത്തെ മകള്‍ മേരി. കൊച്ചു മറിയ എന്ന് വീട്ടിലും നാട്ടിലും സ്നേഹക്കാര്‍ വിളിക്കും - മേരി പഠിക്കാന്‍ മിടുമിടുക്കി സലോമോന്‍ ചവിട്ടു നാടകത്തിലെ രാജാവ് , മേരി രാജാവിന്റെ മകളായി കസറി. ഇത്താപ്പിരി ഇന്നും ഓര്‍ക്കുന്നു അവള്‍ക്ക് അത്രയ്ക്കു ചന്തമായിരുന്നു. ആ സുന്ദരിപ്പെണ്ണിന് വയസ്സായാല്‍ എന്താ ഇന്നും സുന്ദരി തന്നെ ‘’ അറിയോ’‘ അവളാ ചോദിച്ചെ ഇത്താപ്പിരി അത്ഭുതപ്പെട്ടുപോയി ‘’ അറിയാതെ പറ്റ്വോ എന്റെ കൊച്ചു മറിയേ’‘ പിന്നെ ഓരോന്നൊക്കെ പറഞ്ഞു അവള്‍ കുറെ കരഞ്ഞു. കല്യാണം കഴിച്ചത് മലഞ്ചരക്ക് കച്ചവടക്കാരന്‍ പൊറിഞ്ചു എന്ന വക്കച്ചന്‍കുട്ടിയായിരുന്നു. നല്ല സ്വഭാവം മടിശ്ശീല വീര്‍ത്തവന്‍. ധര്‍മ്മിഷ്ഠന്‍ പിന്നെ പിന്നെ പിള്ളേര്‍ ആറായി എല്ലാം നല്ല നിലയില്‍ - വക്കച്ചന്‍ പയ്യെ പയ്യെ അല്‍പ്പം വീശാന്‍ തൊടങ്ങി. തെങ്ങ് , പന എന്നിവയില്‍ നിന്നും വിദേശിയില്‍ എത്തി. ഉടനെ തന്നെ കാലപുരിക്കു യാത്ര പോയി. സുന്ദരി മേരി നാടിന്റെ വേദനയായി - വിധവയായി.

വക്കച്ചന്‍ കിടന്ന കിടപ്പായിരുന്നു മഹോദരം - വയറു വീര്‍പ്പന്‍ - മൂത്തവനും പിള്ളാരും അമേരിക്കയിലാണ്. രണ്ടാമത്തവന്‍ പേര്‍ഷ്യയില്‍ - ഭാര്യ ഇംഗ്ലണ്ടില്‍ നേഴ്സ്. മൂന്നാമത്തവന്‍ അപ്പന്‍ അങ്ങേ ലോകത്ത് കട്ടിലിടാന്‍ നേരത്തെ പോയി. നാലാമത്തവന്‍ പട്ടാളത്തില്‍ സിംഗിണി ഭാര്യ ഗോതമ്പു നിറം പഞ്ചാബില്‍ വാഗാ ബോര്‍ഡറിനടുത്താണ് അവളുടെ വീട് ഒരിക്കല്‍ വന്നിരുന്നു. അടുത്ത പെണ്ണ് കന്യാസ്ത്രീ. പിന്നെയുള്ളവന്‍ ഡ്രൈവര്‍ നാട്ടില്‍ തന്നെ ഇപ്പ പൈസ കൊണ്ട് ദൈവം തമ്പുരാന്‍ അനുഗ്രഹിച്ചു.

‘’ പക്ഷെ ഇത്താപ്പേ ഞാന്‍ ആറുകൊല്ലം കിടന്ന കിടപ്പ് മദ്യപാന ശീലം എനിക്കില്ല. പക്ഷെ അതിയാന്റെ മഹോദരമാ എനിക്കു വന്നത്. ആരും നോക്കിയില്ല കര്‍ത്താവു പോലും മറന്നു. ഇപ്പ സമാധാനമായി ഇനി ആരേയും പേടിക്കാതെ ജീവിക്കാമല്ലോ ‘’ മേരി സങ്കടപ്പെട്ടു .

‘’ ഇതാണോ കൊച്ചു മറിയേ ജീവിതം ആഹാരമില്ല വസ്ത്രമില്ല ഒന്നുമില്ല ഇവിടെ ഇങ്ങനെ തൂങ്ങി കിടക്കണം. ഒരു നിമിഷം പോലും ശാന്തതയില്ല എന്നു വരെ ഈ കിടപ്പ് കിടക്കും പറയുക വയ്യ ‘’

‘’ ഈ കഴിഞ്ഞ ദിവസം ഇവിടെ കിടന്ന ഒരു വക്കീലിനെ വലിച്ചിഴച്ചാണ് കൊണ്ടു പോയത് ‘’

‘’ എന്നിട്ട്’‘

‘’എന്നിട്ടെന്താ കെട്ടി വലിച്ചിഴച്ചു എല്ലാവരും നോക്കി നിന്നു. നാട്ടാരും പഴയ കക്ഷികളും വീട്ടുകാരും കണ്ടു. ആരും ഇടപെട്ടില്ല ഇരുന്ന് ഉന്തുന്ന നാലു ചക്രവാഹനത്തിന്റെ പിന്നില്‍ കെട്ടി ഒരു വികലാംഗന്‍ വലിച്ചിഴച്ചു’‘

‘’ കൊല്ലണം ഇവന്മാരെ ഇവിടെ ആക്കിയിട്ടു പോയാല്‍ പോരല്ലോ ഒന്ന് വന്നു നോക്കണ്ടെ അപ്പനും അമ്മയും വല്ലതും കഴിച്ചോ അസുഖം വല്ലതുമുണ്ടോ ഇതൊന്നും നോക്കാന്‍ പറ്റാത്തവര്‍ ഈ പണി ചെയ്യരുത്. തൂക്കി കൊല്ലുന്നതാ ഇതിലും ഭേദം. രണ്ടു മിനിറ്റു കൊണ്ട് പണിതീരും. ഇത് ദിവസങ്ങള്‍ മാസങ്ങള്‍ കൊല്ലങ്ങള്‍ റോഡ് സൈഡില്‍ പോസ്റ്റിലും ഭിത്തിയിലും മറ്റും കെട്ടിത്തൂക്കി കണ്ട പിച്ചക്കാര്‍ക്ക് ഇരിപ്പിടമായും മഴയും വെയിലും കൊള്ളാതെ മറയായും മൂത്രപ്പുര കക്കൂസ് എന്നിവയിലും കിലോക്ക് രണ്ടു രൂപ നിരക്കില്‍ വില്‍പ്പനച്ചരക്കായും ജീവിക്കാന്‍ വിധിക്കപ്പെട്ട പരേതാത്മാക്കള്‍ ഇതൊന്നും ഒരിക്കലും പൊറുക്കില്ല മക്കളെ’‘ ഇത്താപ്പിന് ദേഷ്യം സഹിക്കാതായി.

‘’ മരിച്ച വിവരം അറിയിക്കാനും‍ എല്ലാവര്‍ക്കും വന്ന് നമ്മളെ കാ‍ണാനുമല്ലേ ഇത്താപ്പിരി അമ്മാവ നാടു നീളെ മള്‍ട്ടി കളര്‍ പോസ്റ്റര്‍ തൂക്കുന്നത്?’‘ ഓട്ടോ ഡ്രൈവറാണ് . ആറുമാസമായി തൂങ്ങി നില്‍ക്കുന്നു.

‘’ വേതാളത്തിന്റെ കഥ പോലെയായി ‘’ ഓട്ടോയുടെ ആത്മഗതം.

‘’ ഈ നാട്ടിന്‍ പുറത്തുകാരനെ ആരറിയാനാ മോനേ?’‘

‘’അമ്മാവനെ അറിയില്ലെകിലും മേരി പെങ്ങടെ മക്കളുടേയും അമ്മാവന്റെ മക്കളുടെയും സുഹൃത്തുക്കാള്‍ എല്ലാവര്‍ക്കും അറിയണമല്ലോ’‘

‘’ പക്ഷെ ജീവിച്ചിരുന്നപ്പോ കൊല്ലത്തില്‍ ഒരിക്കല്‍ പോലും തിരിഞ്ഞു നോക്കാത്തവരാ...’‘

‘’ എന്നെ ഇന്നേവരെ കണ്ടിട്ടില്ലാത്ത മക്കളുടേയും മക്കളുടെ ഫ്രണ്ട്സ് & റിലേറ്റീവ്സ് നു വേണ്ടി ഒരു പബ്ലിസിറ്റി സ്റ്റണ്ടായി .. ഈ കെട്ടിത്തൂക്കല്‍’‘

'' ബിസ്സിനസ്സ് പ്രമോഷനു വേണ്ടിയാ -11 കെ വി ട്രാന്‍സ്ഫോര്‍റിന്റെ അടുത്ത് തന്നെ എന്നെ തൂക്കിയത്. എല്ലാവരും കാണാനും നമ്മളെ ഇവിടന്ന് എടുക്കാതിരിക്കാനും കാലങ്ങളോളം ഇവിടെ തൂങ്ങി നിന്ന് ആടി രസിക്കാനാ''

ബിസ്സിനസ്സ് പ്രമോഷനെക്കുറിച്ച് പറഞ്ഞതു മറ്റാരുമല്ല കേശവര്‍ദ്ദനി തലൈത്തിന്റെ അമ്മയാണ്. വല്യമ്മ പട്ടിണി കിടന്നാ മരിച്ചത് - പുഴു അരിച്ച് - ആരും നോക്കിയില്ല. വീടിനടുത്തുള്ള കക്കൂസ് വൃത്തിയാക്കുന്ന കുറെ തമിഴന്മാര്‍ ആണ് ആശുപത്രിയില്‍ എത്തിച്ചത്. അതും കക്കൂസ് വണ്ടിയില്‍ കയറ്റി. മകന്‍ അവര്‍ക്ക് 2000 രൂപ കൊടുത്തു. അവരതു വാങ്ങിയില്ല.

'' പക്ഷെ വായു തീര്‍ന്നപ്പോള്‍ പടം തൂക്കി. കോഴിക്കോടു മുതല്‍ പാറശ്ശാല‍ വരെ. എന്റെ ഫോട്ടോയുടെ അടിയില്‍ തുണിയില്ലാത്ത ആണും പെണ്ണും. പെണ്ണ് മുടി കൊണ്ട് മാണം മറച്ച്- എന്തോ പറയാനാ ഏതോ ഉത്തേജമ മരുന്നിന്റെ പരസ്യം പോലെ ‘’ അമ്മച്ചിയുടെ കണ്ണുകള്‍ നിര്‍ജ്ജീവമാണ്, ശബ്ദം ഉച്ചത്തിലാണ്.

‘’ എട്ടുമാസമായി ഞാനിവിടെ വന്നിട്ട് ഒന്ന് വന്നു നോക്കാന്‍ ആരുമില്ല ടൗണില്‍ ബാക്കി സ്ഥലത്തു നിന്നൊക്കെ കുറെയെല്ലാം നാട്ടുകാര്‍ പറിച്ചുകൊണ്ടു പോയി പുഴയിലൊഴുക്കി. നാട്ടില്‍ അത്രയ്ക്കു നല്ല പേരാ എന്റെ മോന്. അവനെ കിട്ടാതെ വന്നപ്പോള്‍ എന്നോട് തീര്‍ത്തു. കുറെ ചീത്തയായി പോയി എന്നാലും ഇവിടത്തെ കിടപ്പാണ് കഷ്ടം. 11 കെ. വി ലൈനല്ലേ ആരും പറിച്ചു മാറ്റാന്‍ വരില്ല. വെയിലും മഴയും മഞ്ഞും ‘’ കേശവര്‍ദ്ധിനി മാതാശ്രീയാണ്.

‘’ എന്നെ ആദ്യം കൊണ്ടു തൂക്കിയത് ഞങ്ങടെ പള്ളീടെ സിഗ്നല്‍ പോസ്റ്റിലാ. 6 മാസം തികച്ചും കിടന്നു. എന്നെ ആരും അറിയാത്ത് കൊണ്ടാണോ ഞാന്‍ അവിടെ ആറുമാസം കിടന്നെ? പള്ളീ പോണ എല്ലാവര്‍ക്കും എന്നെ കാണാം. എന്റെ മാമായും മാമാടെ മക്കളുമുണ്ട് അക്കൂട്ടത്തില്‍. വര്‍ഷങ്ങളായി പ്രശസ്ത്ര പത്രത്തിന്റെ കറസ്പോണ്ടറായിരുന്നു ഞാന്‍. പോരാത്തതിന് രാഷ്ട്രീയവും. എന്നിട്ടും ഞാന്‍ തൂങ്ങി കിടന്നാടി. ഓരോ വണ്ടീടെ കാറ്റിലും ‘’ പത്രക്കാരനാ ആറുമാസമായി ആട്ടം തന്നെ.

‘’ എന്റെ ഫോട്ടോ നാട്ടില്‍ തലങ്ങും വിലങ്ങും തൂക്കി. എത്ര കക്ഷികള്‍ എന്നെ നോക്ക് ചിരിച്ചു കടന്നു പോയി. ഫോട്ടോ നോക്കി ആശാന്റെ നല്ല ഫോട്ടോ എന്ന പറയാത്ത ആരുമില്ല 3 മാസം കിടന്ന കിടപ്പായിരുന്നു. ഒരു വികലാംഗന്‍ എടുത്തു നാലു ചക്ര ഉന്തു വണ്ടിയിലാ കെട്ടി വലിച്ചത്. ഇവിടെ ആ കുഴപ്പമില്ല ആരേയും പേടിക്കണ്ട പക്ഷെ കാറ്റത്തങ്ങനെ ആടണം ‘’ വക്കില്.

'' ഞാനും കണ്ടു വക്കീല് സാറിനെ ഞൊണ്ടി വണ്ടിയില്‍ കെട്ടി വലിക്കണെ ‘’ കോളേജ് പ്രൊഫസര്‍ ആണ് സാഷ്യപ്പെടുത്തിയത്. പുരാതന തറവാട്ടിലെ അംഗം.

‘’ മതിയായി ഈ തൂക്കി കിടത്തിയുള്ള ആട്ടല്‍ - കടലിലെ തിരമാലയില്‍ പെട്ട പോലെ നിര്‍ത്തത്തില്ല നിന്നു തന്നെ ആടണം ‘’

‘’ മേലുവേദനയൊന്നുമില്ല പിള്ളേരെ - ഒരു ശീലമായി ‘’ കുറെകാലമായി തൂങ്ങി കിടക്കുന്ന അപ്പാപ്പനാണ് ‘’ അപ്പാപ്പന്‍ സാക്ഷ്യം പറയാന്‍ തുടങ്ങി.

‘’ ഇളകിക്കൊണ്ടേ ഇരിക്കും ഒന്ന് ഉറങ്ങാന്‍ പോലും പറ്റില്ല ആശുപത്രിയിലായിരുന്നപ്പോള്‍ ശ്വാസം മുട്ടായിരുന്നുവെങ്കിലും പിന്നേം സഹിക്കാം. ഇത് സഹിക്കാന്‍ വയ്യ കടലിന്റെ നടുവില്‍ 4 മാസം പാറപ്പുറത്തിക്കാന്‍ പറഞ്ഞാ അതിനു ഞാന്‍ സമ്മതം മൂളും ഇതിലും ഭേദം അതാ’‘

‘’ ആരുടെ സമ്മതം ‘’ മൊബൈല്‍ മോര്‍ച്ചറി ഉടമയാണ്.

‘’ ഞാനാ ഈ പണ്ടാരം നാട്ടില്‍ കൊണ്ടുവന്നേ- അതാവും എന്നെ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ ദിവസങ്ങളോളം കിടത്തി ഐസ് കട്ടയാക്കിയത്. മോന്‍ വന്ന വിമാനം കേടായി പോലും. അതൊന്നുമല്ല അവന് വരാന്‍ ‍സൗകര്യം കിട്ടിയതന്നാ. അവന്റെ ഭാര്യയുടെ അനിയത്തിയുടെ മകളുടെ എന്തോ വിശേഷം. മുപ്പത് ദിവസം ഞാന്‍ അനുഭവിച്ച വേദന. അവസാന നാളില്‍ പോലും അനുഭവിച്ചിട്ടില്ല. നിങ്ങള്‍ക്കറിയാമോ എന്റെ അവസാന ശ്വാസം തിരുന്നതിനു മുമ്പേ പടം വച്ച പോസ്റ്റര്‍ നാട്ടില്‍ മുഴുവന്‍ കെട്ടി തൂക്കി തുടങ്ങി. എന്റെ സ്വന്തം മൊബൈല്‍ മോര്‍ച്ചറിയില്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടൂ പോകുമ്പോള്‍ ഞാന്‍ എന്റെ പടം ടൗണ്‍ പള്ളിയുടെ മുന്നില്‍ കിടക്കുന്നത് കണ്ടു. എന്ത് ശുഷ്കാന്തിയാ നമ്മടെ ആള്‍ക്കാര്‍ക്ക്. വിദേശ കറസിക്ക് എന്തൊരു പുളപ്പാ. തിരിച്ച് വീട്ടിലോട്ടു മകനെ വിസിറ്റ് ചെയ്യാന്‍ കൊണ്ടു പോകുമ്പോഴും ഞാന്‍ കണ്ടു നാടു നീളെ എന്റെ പടങ്ങള്‍...’‘

‘’ ഏപ്രില്‍ ഫൂളിന്റെ അന്നാണ് ഇച്ചായന്‍ ഇവിടെ വന്നത്. ആരാണ്ട് വെള്ളമടിച്ച് കമ്പേ കെട്ടി പൊക്കി കമ്പിയില്‍ കൊളുത്തുകയായിരുന്നു . അവന്മാര്‍ കൂക്കി വിളിച്ചാ കൊണ്ടുവന്നത്. ഇച്ചായന്റെ പെങ്ങടെ മക്കളേം ആ കൂട്ടത്തില്‍ കണ്ടു.''

‘’ എല്ലാം ഒരാഘോഷം...’‘ മോര്‍ച്ചറി.

‘’ ഇവിടെ സ്വന്തം പടം തൂക്കാന്‍ വന്ന കുറെ പേരുണ്ട് മക്കളെ സ്വന്തം പടം തന്നെയാ എന്ന് അവരെ കണ്ടാല്‍ അറിയാം ‘’ തത്വമസി അങ്കിളാണ്. നന്നായി പ്രസംഗിക്കും ‘’ ഏതോ അവാര്‍ഡ് സംഘടിപ്പിച്ച് സ്വന്തം പടം തൂക്കാന്‍ വന്നതാ അവര്‍. പൈനാപ്പിളിന്റെ അവാര്‍ഡ് ആരോ തടഞ്ഞു. മടക്കിക്കൊണ്ടു പോയി. നല്ല ചെറുപ്പക്കാരനാ ആ പോസ്റ്ററില്‍ - ഇവിടെ തൂക്കിയാ പിന്നെ ചത്ത പിള്ളയല്ലേ? പ്രൊഫസറാണ്.

‘’ അതു ശരിയാ ഒരു ഗിന്നസ് റെക്കാര്‍ഡ്കാരന്‍ കുറെ വലിയ ബോര്‍ഡുകള്‍ ഇവിടെ കൊണ്ടു വച്ചു മൂന്നാം പക്കത്തിലാ‍ തിരികെ വന്ന് കൊണ്ടു പോയത്. കാര്‍ റിവേഴ്സ് വരുന്നതു കണ്ടാ ശ്രദ്ധിച്ചത്. അയാള്‍ തന്നെ രഹസ്യമായിട്ടാ വന്നതും പോയതും. പത്തു പതിനാറു വലിയ ബോര്‍ഡുകള്‍ വേറെ എവിടെയെങ്കിലും വച്ചു കാണും ‘’

‘’ വച്ചതു ഞാന്‍ കണ്ടതാ ‘’ പുതിയ താരമാണ് സീ‍രീയലില്‍ മുഖമൊന്നു കാണിച്ചു.

‘’ നാട്ടില്‍ വച്ച ബോര്‍ഡുകള്‍ മുഴുവന്‍ മുനിസിപ്പല്‍ ട്രാക്ടറില്‍ കയറ്റിക്കൊണ്ടു പോയത് ഞാന്‍ കണ്ടതാ ടാക്സടയ്ക്കണം പോലും ‘’

‘’ അങ്ങനെയാണെങ്കില്‍ അപ്പോ നമുക്കും ടാക്സടയ്ക്കണോ?’‘ വക്കീല്‍.

‘’ നമ്മക്കൊന്നും വേണ്ട സാറെ ഫ്രീ ഷോയാണ് തൂങ്ങി നിന്നു കൊടുത്താ മതി ചിത്ര വധത്തിനു തുല്യം ‘’ പ്രൊഫസര്‍.

‘’ ടാക്സടക്കണം എന്നും പറഞ്ഞു വന്നാ ഓടിക്കണം ‘’ വിപ്ലവകാരി.

‘’ 100 വര്‍ഷം പഴക്കമുള്ള പുരാവസ്തു പ്രാധാന്യമുള്ള നമ്മുടെ ആര്‍ച്ച് പാലം മൂത്രമൊഴിക്കാന്‍ കൊടുത്ത് കൊളമാക്കിയില്ലേ മുനിസിപ്പാലിറ്റി? ഏറ്റവും നീളമുള്ള മൂത്രപ്പുരയ്ക്കു ഗിന്നസ് ബുക്കില്‍ പേരു ചേര്‍ക്കാം’‘ ഓട്ടോയാണ്.

‘’ എന്നാ പിന്നെ ഇന്‍ഡ്യാ മഹാരാജ്യത്തിന് എന്തു കൊടുക്കണം ലോകത്തെ ഏറ്റവും നീളം കൂടിയ കക്കൂസ് ഉള്ള രാജ്യമെന്ന ഇന്‍ഡ്യന്‍ റെയില്‍വേ’‘ തത്വമസി ഉറക്കെ ചിരിച്ചു.

''എനിക്കങ്ങു ബാലന്‍സാകുന്നില്ല അങ്കിള്‍ ‘’ ഇന്നലെ വന്ന ഏമാനാണ്. വിജിലന്‍സിലായിരുന്നു പോലും. നാട്ടില്‍ ക്ലബ്ബില്‍ ''മദ്യപാനവും കുടുംബ ജീവിതവും ‘’ എന്ന വിഷയത്തിനിടയില്‍ മദ്യപാനികള്‍ കേറി ശരിയാക്കിയതാ തീര്‍ന്നു പോയി. ഇനി മേലില്‍ ഇങ്ങനത്തെ സംവാദം വേണ്ടെന്നാ അവരുടെ തീരുമാനം. ‘’കഷ്ടം ‘’ തത്വമസി.

‘’ സഞ്ചയനത്തിന്റെ അന്നെങ്കിലും ഇവിടന്നു ഒന്നിറക്കും എന്നാ കരുതിയിരുന്നേ സപിണ്ടിയും പതിനാറും ആണ്ടും കഴിഞ്ഞു. ഇവിടെ തന്നെ- ഇവിടുത്തെ ഏറ്റവും പ്രാ‍യം എനിക്കാ’‘

‘’ അല്ലാ തെറ്റി എനിക്കാ ‘’ വള്ളിനിക്കറിട്ട ഡോക്ടറാണ്.

‘’ ഞാന്‍ തൂങ്ങീട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എന്റെ ഹോസ്പിറ്റലിന്റെ മുന്നില്‍ ഒരു കൊല്ലം തൂക്കി. പിന്നെ ഈ പറഞ്ഞ പോലെ ആരോ രാത്രിയില്‍ വെള്ളം മൂത്തപ്പോള്‍ കമ്പേ പൊക്കി എന്നെ ഇവിടെ തൂക്കി സന്തോഷം തോന്നി. എന്നും മൂന്നു നേരം മക്കളുടെ മോന്ത കാണാതെ രക്ഷപ്പെട്ടുവല്ലോ കോടാനു കോടിയാ ഞാന്‍ അവര്‍ക്കായി ഉണ്ടാക്കിയത്. അന്നത്തെക്കാലത്ത് നാല്‍പ്പതു ലക്ഷമാ മോന്റെ അപ്പോത്തിക്കിരി പഠിത്തത്തിനു കൊടുത്തെ. ഇന്നാ നോട്ടിന്റെ വിലയെന്നാ ‘’

‘’ നോട്ടും കെട്ടിപ്പിടിച്ചു നടന്നാ പിള്ളാര്‍ നോക്കത്തില്ല’‘

‘’ അല്ലെങ്കില്‍ കുറെ നോക്കും. എല്ലാം എഴുതിക്കൊടുത്തതാ പത്തു തലമുറയ്ക്കു ഇട്ടു മൂടാന്‍ ഞാന്‍ സമ്പാദിച്ചു. അതെല്ലാം കൊടുത്തു. അവസാനം കഞ്ഞി പാളയില്‍. കിടപ്പ് അടുക്കളപ്പുറത്ത്.''

''അതേ എക്സ്ക്യൂസ്മീ ഒന്നും തോന്നരുത്. ഡോക്ടര്‍ എങ്ങിനെയാ സാറിന്റെ അച്ഛനെ നോക്കിയതെന്ന് എനിക്കറിയാം. അത് സാറിന്റെ മക്കള്‍ക്കുമറിയാം. സാര്‍ സാറിന്റെ അച്ഛന് നിലത്തു കുഴിയില്‍ കഞ്ഞി കൊടുത്തപ്പോള്‍‍ മക്കള്‍ സാറിന് കഞ്ഞി പാളയില്‍ തന്നു. ദാറ്റീസ് ആള്‍‍ ഇതിനെയൊക്കെ അങ്ങിനെയൊക്കെ കണ്ടാല്‍ മതി ‘’ വിപ്ലവകാരിയാ വെടിവെച്ചുകൊന്നതാന്നാ പറയണത്.

‘’ അത്രയേലും തന്നൂലോ. എന്റെ കാര്യം കേക്കപ്പന്മാരെ. ഞങ്ങടെ നാട്ടില്‍ ഈ തൂക്കലും ഒന്നും ഇല്ല. റബ്ബര്‍ വെട്ടിയാ എല്ലാത്തിനേയും അതിയാനും ഞാനും പോറ്റിയെ. പട്ടിണി എന്താണെന്നു ഞങ്ങള്‍ക്കറിയാം . മക്കള്‍ക്കറിയാതെ വളര്‍ത്തി. നല്ല നിലയില്‍ കാറും ബംഗ്ലാവും എല്ലാം. അതിയാന്‍ പെട്ടന്നങ്ങു പോയി. പിന്നെ പിന്നെ എന്റെ ആരോഗ്യം ക്ഷയിച്ചു. ക്ഷയമാണെന്ന് മരുമകള്‍ ഡോക്ടര്‍ പറഞ്ഞത്. പുറത്തു ഓലപ്പുയിലേക്കു പൊറുതി മാറ്റാന്‍ പറഞ്ഞു .ഞാന്‍ അതിയാന്റെ ഒരു കുഞ്ഞി പടം എടുത്ത് പൊറുതി മാറ്റി. മാറാന്‍ ഒരു ദിവസം താമസിച്ച അന്നാ മരുമോളുടെ ബന്ധുക്കള്‍ ചൂടു വെള്ളത്തില്‍ എന്നെ കുളിപ്പിച്ചത്. ആദ്യമായിട്ടാ ഞാന്‍ ജീവിതത്തില്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നെ. പത്തു നാല്‍പ്പതു ദിവസം കഴിഞ്ഞ പൊള്ളീ‍ത് ഉണങ്ങിയത്. പുറം മുഴുവന്‍ പൊള്ളി കുറെ കിടന്നു. അവസാന കഷ്ടം തോന്നീയിട്ടാ‍ന്നാ പറയണ കേട്ടത്.‍ ഓക്സിജന്‍ കുഴല്‍ മരുമകള്‍ ഊരി. ഊരാന്‍ നേരം ‍ ആ കണ്ണിലേക്ക് നോക്കി ഇപ്പ വേണ്ട മോളെ എന്ന്. പിന്നെ ഒന്നും ഓര്‍മ്മയില്ലാണ്ടായി.''

തൂങ്ങികള്‍ക്കിടയില്‍ മൗനം. അപ്പോഴും കാറ്റത്താടി കൊണ്ടേയിരുന്നു. എല്ലാവര്‍ക്കും ഇതുപോലെയൊക്കെയുണ്ട് പറയുന്നില്ലെന്നു മാത്രം.

പെട്ടന്നാണ് താഴെ ഒരാരവം. ഒരു വലിയ പോസ്റ്ററുമായി കുറെ പേര്‍ ‘’ അഴിച്ചു മാറ്റടാ പഴയതെല്ലാം പുതിയത് കേറട്ടെ ‘’

‘’ അണ്ണാ 11 കെ വി യാ പണിപാളുമേ ‘’ ‘’ ഓരോന്നിനേം കുത്തി ചാടിച്ചാലോ’‘ ‘’ അതിലും നല്ലതു കത്തിക്കലാണ് ‘’ ‘’ എന്നാ കത്തിക്കാം. ആരോ ഒരാള്‍ കത്തിച്ചു, ഇലവന്‍ കെ വി യല്ലേ അയാളും ചെറുതായി ഒന്നു കത്തി. കൂടെ തൂങ്ങികള്‍ക്കും പൊള്ളലേറ്റു. ബാക്കി എല്ലാവരേയും കെട്ടഴിച്ചും കുത്തി ചാടിച്ചും നിലത്തിറക്കി.

'‘ കത്തിക്കാം’', ''വേണ്ടെടാ ഓരോരുത്തരുടെ ഒക്കെ അപ്പനും അമ്മേം അല്ലേ? നമുക്കാ വെയ്സ്റ്റിലിടാം. കുഴപ്പമല്ലേ പ്ലാസ്റ്റിക്ക് നിരോധിച്ചിരിക്കുകയല്ലേ? അതെ പക്ഷെ ഇത് മാതാപിതാക്കളല്ലേ? എന്നാലും വെയ്സ്റ്റു തന്നെ. ജീവിച്ചിരുന്നപ്പോള്‍‍ വേസ്റ്റ് ഇപ്പോശും വേസ്റ്റ് ‘’

പിറ്റേന്ന് അതിരാവിലെ തന്നെ മുന്‍സിപ്പാലിറ്റിയിലെ വേസ്റ്റ് ട്രാക്ടര്‍ എത്തി കുറെ പെമ്പിള്ളാര്‍ എല്ലാവരേയും വാരി കൂട്ടി ട്രാക്ടറിലിട്ടു.

''പയ്യെ ഇട് പെണ്ണെ അത് ആ വക്കീല്‍ സാറല്ലെ? ക്ലബ്ബില്‍ വെള്ളമടിക്കെതിരെ ക്ലാസെടുത്തതിന് തല്ലിക്കൊന്നതാ'' വക്കീലിന്റെ അയല്പക്കക്കാരിയാണ്.

ഞാന്‍ നന്ദി അറിയിക്കാന്‍ അവരെ നോക്കി താങ്ക് സ് പറഞ്ഞു. ആര് കേക്കാന്‍. ഫോട്ടോയ്ക്ക് നാക്കില്ലല്ലോ. വിഗ്രഹത്തിന് നാക്കില്ല നാക്കില്ലാത്തതെല്ലാം ദൈവം തന്നെ.

വക്കീലിന്റെ വീടിന്റെ മുന്നിലൂടെയാണ് യാത്ര. പരിചയക്കാരെ വഴിയില്‍ കണ്ടു. നേരെ വളക്കുഴിയിലേക്കാണ്. അങ്ങോട്ട് തിരിയുമ്പോള്‍ പുഴുത്തരിച്ച വല്യമ്മയുടെ ആ പോസ്റ്റര്‍ ഒറ്റപ്പെട്ട് തൂങ്ങി നിന്ന് കൈ കാണിക്കുന്നു. ഞാനിവിടുണ്ട് പിള്ളാരെ എന്ന് ഉറക്കെ പറയുന്നതു പരേതാത്മാക്കളായ ഞങ്ങള്‍ക്ക് മാത്രം കേള്‍ക്കാം.

എല്ലാ തൂങ്ങികളേയും പെമ്പിള്ളേര്‍ പെറുക്കി വേസ്റ്റ് കൂനയിലേക്ക് തള്ളി. പിന്നെയാണ് യഥാര്‍ത്ഥത്തില്‍ ചങ്കു തകര്‍ന്നത്. നാട്ടിലെ മലം മുതലായ മാലിന്യങ്ങളെല്ലാം കൊണ്ടു വരുന്നത് ഞങ്ങളുടെ മുകളില്‍ തള്ളി ശ്വാ‍സം കിട്ടാതെ ഓരോരുത്തരായി പല ദിവസങ്ങളിലായി യാത്രയായി. വിജിലന്‍സാണ് പറഞ്ഞത്- വക്കീലാണ് ചെയ്തത്- ചിത്ര ഗുപ്ത രാജാവിന് ഒരു പരാതി അയക്കുക. എന്തെങ്കിലും വഴിയുണ്ടാവും.

ബഹുമാനപ്പെട്ട രാജാവറിയാന്‍

ഒരു നിയമത്തിലും ഒരു കുറ്റത്തിന് രണ്ടു ശിക്ഷയില്ല. ഞങ്ങള്‍ ജനിച്ചു മക്കള്‍ക്കും കുടുംബത്തിനും വേണ്ടി ജീവിച്ചു എന്ന കുറ്റത്തിന് രണ്ടു ശിക്ഷ നിയമവിരുദ്ധമാണ്. ഒരു മരണമേ അവിടുത്തെ രജിസ്റ്ററില്‍ പറഞ്ഞിട്ടുള്ളു. എന്നാല്‍ കേരളത്തില്‍ ഈ ദൈവത്തിന്റെ നാട്ടില്‍ ഒരാള്‍ക്ക് ഒരേ കുറ്റത്തിന് രണ്ടു ശിക്ഷ നടപ്പാക്കി വരുന്നു. മരിച്ച മനുഷ്യനെ വീണ്ടും കെട്ടിതൂക്കി ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും നാട്ടില്‍ പ്രദര്‍ശിപ്പിച്ച് അറബി രാജ്യത്തെ പോലെ പര‍സ്യ വധ ശിക്ഷ സമ്പ്രദായം നടപ്പിലാക്കി വരുകയാണ്. ഇത് അവസാനിപ്പിക്കണം. അതല്ലെങ്കില്‍ തൂക്കി നിര്‍ത്തി ചിത്ര വധത്തിന് വിധേയരായവര്‍ക്കു കൂടി കുര്‍ബാനയും സഞ്ചയനവും 16 ഉം 40 നടത്തി ആത്മാവിനെ പോസ്റ്ററില്‍ നിന്ന് മോചിപ്പിക്കണം. ആല്‍മര‍ങ്ങള്‍ക്കു പോലും ഇതെല്ലാം അങ്ങ് അനുവദിച്ചിട്ടുണ്ടല്ലോ. അങ്ങിനെ എങ്കിലും ഏറി വന്നാല്‍ 40 ദിവസം കഴിയുമ്പോഴെങ്കിലും ഈ തൂങ്ങി കിടപ്പില്‍ നിന്ന് രക്ഷപ്പെടാമല്ലോ. അനാഥ പ്രേതത്തിനു പോലും അന്തസ്സും മാന്യതയും നല്‍കണമെന്ന് ഇന്‍ഡ്യന്‍ ഭരണഘടനയുടെ അനുഛേദം 21 വ്യക്തമാക്കുന്നതായി രാംജി സിംഗിന്റെ കേസില്‍ 2009 -ല്‍ അലഹാബാദ് ഹൈക്കോടതി പ്രസ്താവിച്ചത് ശ്രദ്ധയില്‍‍ കൊണ്ടു വരികയാണ്. ഭൂലോകത്ത് ഇന്നാ നിയമം അനാഥന് മാന്യത നല്‍കുന്നു. സനാഥന് വേണ്ടി യാതൊന്നുമില്ല. സനാഥന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അനാഥനാണ് എന്ന സത്യം മറക്കുന്നില്ല. ഒരാള്‍ക്ക് രണ്ടു മരണാനന്തരകര്‍മ്മം. ഒന്ന് മനുഷ്യന് മറ്റൊന്നിന് പോസ്റ്ററിന്. ക്രൂരമാണ് എന്നാലും പൊറുക്കാം. നാടു നീളെ കാലങ്ങളോളം തൂക്കി നിര്‍ത്തി ചിത്രവധം ചെയ്ന്നതിനേക്കാള്‍ പരസ്യ ബോര്‍ഡാക്കുന്നതിനേക്കാള്‍ എത്ര ഭേദമാണ്.

എന്ന് വിശ്വസ്തതയോടെ

പരേതാത്മാക്കളുടെ പോസ്റ്ററുകള്.

അഡ്വ. കെ.സി. സുരേഷ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.