പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കാളിയന്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.കെ.പല്ലശ്ശന

"ആണ്ടപ്പാ, നീ വരുന്നോ നഞ്ഞുകലക്കാന്‍? ആനപ്പാറകണ്ടില് വെള്ളം കൊറവാണ്. ആരലും *മനങ്ങുമായി കൊട്ടക്കണക്കിന് മീന്‍ വാരിക്കൂട്ടാം."

പുലര്‍ച്ചെ ചാമാണ്ടിയുടെ ചായക്കടയില്‍ വെച്ചു കണ്ടുമുട്ടിയപ്പോള്‍ കുട്ടുമണി ഒരു സ്വകാര്യം പോലെ ആണ്ടപ്പന്റെ ചെവിയില്‍ മൊഴിഞ്ഞു.

"കുട്ടുമണിയേട്ടോ, ഞാനില്ല. ആ വെള്ളം ആടോ മാടോ കുടിച്ചാ പിന്നെ പണിയായി. കഴിഞ്ഞകൊല്ലം വേനനലില് നഞ്ഞുകലക്കിയ കുഴിയിലെ വെള്ളം കുടിച്ച് കാശുമണീടെ ആടുകളും കുപ്പാണ്ടിയേട്ടന്റെ എരുമയും ചത്തതിന്റെ പുകിലൊന്നും ഓര്‍മ്മയില്ലാന്നുണ്ടോ?"

അയാളില്‍ നിന്നും അല്പം അകന്നിരുന്നു കൊണ്ട് ആണ്ടപ്പന്‍ അറിയിച്ചു.

"അതൊക്കെ ഓര്‍ത്തോണ്ടിരുന്നാലേ മീന്‍ പിടിക്കാന്‍ പറ്റില്ല. നീ വന്നിരുന്നെങ്കില് അതു പറഞ്ഞാമതി."

കുട്ടുമണിയുടെ വാക്കുകളില്‍ നീരസം നിറഞ്ഞുനിന്നു. "അഞ്ചാറുമീനിനെവേണ്ടി വേണ്ടാത്തതിനൊന്നും നിക്കണ്ടാന്നാണ് എന്റെ അഭിപ്രായം."

ആണ്ടപ്പന്‍ ഉപദേശിച്ചു.

"ഓ, ആയിക്കോട്ടെ." - അത്രയും പറഞ്ഞ് കുട്ടുമണി മുഖം തിരിച്ചു.

ഗായത്രിപ്പുഴയിലെ ആനപ്പാക്കുണ്ട് മീന്‍പിടുത്തക്കാരെ മോഹിപ്പിക്കുന്ന ഇടമാണ്. തുടവണ്ണത്തിലുള്ള ആരലുകളും വരാലുകളും ആര്‍ക്കും പിടിക്കൊടുക്കതെ ഒളിച്ചുപാര്‍ക്കുന്ന ഇടമാണത്. അവറ്റകളെ പാറയിടുക്കളില്‍നിന്നും ചട്ടിയിലെത്തിക്കണമെങ്കില്‍ തോട്ടപൊട്ടിക്കുകയോ നഞ്ഞുകലക്കുകയോ അല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് കുട്ടുമണിക്കറിയാം.

ചാമാണ്ടിയുടെ ചായക്കടയില്‍നിന്നും അയാള്‍ നേരെ ചെന്നത് പുഴയോരത്തെ ഒടുകിന്‍ കാട്ടിലേക്കാണ്. വേനലില്‍ തഴച്ചുവളരുന്ന ഒടുകിന്‍ ചെടികള്‍ ധാരാളമുണ്ടവിടെ. ആളുകള്‍ കാണുന്നതിന്മുമ്പ് ഒരു ചാക്കുനിറയെ ഇലകള്‍ പറിച്ചെടുത്ത് അയാള്‍ വീട്ടിലേക്ക് മടങ്ങി.

"ഇതെന്തിനുള്ള പൊറപ്പാടാണ്?"

ചാക്കിലെ ഇലകള്‍ കുട്ടയിലേക്കു കുടഞ്ഞിടുമ്പോള്‍ അയാളുടെ ഭാര്യ വേശു ചോദിച്ചു.

"നീ മിണ്ടാതിരുന്നോ."- അയാള്‍ അവളെ രൂക്ഷമായൊന്നു നോക്കി. തുടര്‍ന്ന് ഇലകള്‍ ആട്ടു കല്ലിലിട്ട് ചതച്ചു തുടങ്ങി.

"ഈ ആറ്റവേനനലില് ആകപ്പാടെ ഇത്തിരിവെള്ളോള്ളത് അവടെയാണ്. നിങ്ങ ഈ ചെയ്യണത് കൊടും പതാകാണ് മനുഷാ."

വേശു അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.

"ഓ, ആരാപ്പ് പൊഴേല് കുളിക്കണത്. ഒക്കെ തൊട്ടിക്കുളിയല്ലെ. അഞ്ചാറ് മീനുള്ളത് കൊറ്റിയും കൂമനും തിന്നോണ്ടുപോകും മുമ്പ് പിടിക്കണതാ കുറ്റം?" അയാള്‍ ന്യായീകരിച്ചു.

"നിങ്ങ പിന്നേം കേസും കൂട്ടോം ഉണ്ടാക്കാനുള്ള പൊറപ്പാടാണ്." - വേശു തലയില്‍ കൈവെച്ചുകൊണ്ട് അകത്തേക്ക് കയറിപ്പോയി.

ചതച്ചെടുത്ത ഒടുകിലകളില്‍ നിന്നും ഇടങ്ങഴിയോളം ചാറ് അയാള്‍ പിഴിഞ്ഞെടുത്തു. തുടര്‍ന്ന് അല്പം ചുണ്ണാമ്പുകൂടി ചേര്‍ത്ത് നഞ്ഞിനു വീര്യം കൂട്ടി.

നട്ടുച്ചയ്ക്കാണ് നഞ്ഞുകലക്കാന്‍ പറ്റിയസമയം. മീനുകള്‍ വേഗം മയങ്ങിപ്പൊന്തും. ആ സമയത്ത് പുഴയില്‍ ആരും ഉണ്ടാവുകയുമില്ല.

കുട്ടുമണി ഉച്ചയാവാന്‍ കാത്തിരുന്നു.

വെള്ളച്ചോറുണ്ടശേഷം അയാള്‍ വീണ്ടും ആണ്ടപ്പനെ അന്വേഷിച്ചിറങ്ങി. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് ഒരു കൂട്ടുള്ളത് ഗുണം ചെയ്യുമെന്ന് അയാള്‍ക്കറിയാം.

ഗോപാലന്റെ പെട്ടിക്കടയുടെ മുന്നിലെത്തിയപ്പോള്‍ ആണ്ടപ്പനെ കണ്ടു. അയാള്‍ മൊക്കോട് കാറയിടാന്‍ പോയിവരുന്ന വഴിയായിരുന്നു.

"ആണ്ടപ്പാ, സാതനം റെടി. ഉച്ച്യ്ക്കു വീട്ടിലേക്ക് വാ."

കുട്ടുമണി അനുനയത്തില്‍ പറഞ്ഞു.

"എനിക്ക് ആ മീന്‍ തിന്നണ്ട." ആണ്ടപ്പന്‍ തീര്‍ത്തു പറഞ്ഞു.

കുട്ടുമണി പിന്നെ നിര്‍ബന്ധിച്ചില്ല. ആണ്ടപ്പന്‍ നടന്നു മറയുന്നതും നോക്കി അയാള്‍ വഴിയില്‍ തന്നെ നിന്നു.

"ഒരു മരിയാതക്കാരന്‍...." അയാള്‍ പിറുപിറുത്തു.

നട്ടുച്ചയ്ക്ക് നഞ്ഞുനിറച്ച ബക്കറ്റുമായി പടിയിറങ്ങുമ്പോള്‍ വേശു അയാളെ തടഞ്ഞില്ല. തടഞ്ഞിട്ടും കാര്യമില്ലെന്ന് അവള്‍ക്കറിയാം.

"നെന്റെ കെട്ടിയോന്‍ എവടയ്ക്കാ പോയത്?" വേലിപ്പുറത്തുനിന്നുകൊണ്ട് അയലത്തെ രുക്കു ചോദിച്ചു. വേശു അതു കേട്ടിലെന്നു ഭാവിച്ച് അകത്തേയ്ക്ക് വലിഞ്ഞു.

കുട്ടുമണിയുടെ രണ്ടാം കെട്ടാണ് വേശു. ആദ്യത്തെ ഭാര്യ അമ്മുക്കുട്ടി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. അതല്ല, കുട്ടുമണി വിഷം കൊടുത്ത് കൊന്നതാണെന്നും അഭിപ്രായം ഉണ്ട്. പൂവന്‍ പഴവത്തില്‍ ഒരു തീപ്പെട്ടിയിലെ കോലുകള്‍ മുഴുവന്‍ തറച്ചുവെച്ചു അതിലെ മരുന്ന് മുഴുവന്‍ അലിയിപ്പിച്ചശേഷം തിന്നുകയായിരുന്നുപോലും. വേശുവിനെ കെട്ടാന്‍ വേണ്ടി കുട്ടുമണിയാണ് അതുചെയ്തതെന്നുകാണിച്ച് അമ്മുക്കുട്ടിയുടെ വീട്ടുകാള്‍ പരാതിപെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല.

അമ്മുക്കുട്ടി മരിച്ച് മാസമൊന്നു തികയുന്നതിനുമുമ്പ് കുട്ടുമണി വേശുവിനെ കെട്ടിക്കൊണ്ടുവന്നു. അടുത്തുള്ള അമ്പലത്തില്‍ വെച്ചയിരുന്നു മിന്നുകെട്ട്. കെട്ടുകഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രയില്‍ കൂട്ടുപാതയിലെ അത്താണിച്ചുവട്ടില്‍ വെച്ച് അമ്മുക്കുട്ടിയുടെ അപ്പന്‍ കണാരന്‍ നെഞ്ചത്തറഞ്ഞു കൊണ്ട് പറഞ്ഞ ശാപവചനങ്ങള്‍ വേശുവിന്റെ ഹൃദയത്തില്‍ ഇപ്പോഴും തറഞ്ഞുകിടപ്പാണ്.

"നോക്കിക്കോടീ, എന്റെ മകളെ വെഷം കൊടുത്തു കൊന്ന ഈ മഹാപാപീടെ കൂടെ സുകിച്ചുപൊറുക്കാമെന്ന് നീ നെനയ്ക്കണ്ട. നിന്നോടുള്ള പൂതിമാറുന്ന നിമിഷം അവന്‍ നെനക്കും വെഷം തരും. നഞ്ഞാണവന്‍, നഞ്ഞ്...."

ആ ശാപവാക്കുകള്‍ക്ക് അന്നാരും ചെവികൊടുത്തില്ല. സമനിലതെറ്റിയ ഒരു പിതാവിന്റെ പിച്ചുംപേയും പറച്ചിലായിട്ടേ ആളുകള്‍ അതിനെ കണ്ടുള്ളൂ.

അമ്മുക്കുട്ടിയെ കൊന്നതല്ലെന്നും അവള്‍ ആത്മഹത്യ ചെയ്തതാണെന്നും കുട്ടുമണി ആയിരം വട്ടം ആണയിട്ടു പറഞ്ഞതാണെങ്കിലും വേശുവിന് അതത്രബോധിച്ചിട്ടില്ല. അയാള്‍ നേരും നെറിയും ഇല്ലാത്തവനാണെന്ന് അവള്‍ക്കും തോന്നിയിരുന്നു.

മൂന്നാലുവര്‍ഷങ്ങള്‍ക്ക്മുമ്പ് പാടത്തുകുളത്തിലെ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊന്തുകയുണ്ടായി. കുളത്തില്‍ വിഷം കലര്‍ത്തിയത് കുട്ടുമണിയാണെന്ന് നാട്ടുകാര്‍ മുഴുവന്‍ വിശ്വസിച്ചു. പാടത്തുകുളത്തില്‍ ചൂണ്ടയിടാന്‍ ചെന്ന കുട്ടുമണിയെ കുളത്തിന്റെ ഉടമസ്ഥന്‍ വേലുണ്ണി വിലക്കിയതിനുള്ള പ്രതികാരമായിരുന്നുപോലും ആ വിഷപ്രയോഗം. തെളിവില്ലാത്തതിനാല്‍ കുട്ടുമണിയെ ശിക്ഷിക്കാനായില്ല. പക്ഷേ, അന്നുമുതലാണ് അയാള്‍ക്ക് 'കാളിയന്‍' എന്ന ഇരട്ടപ്പേരുവീണത്.

അതെന്തായാലും നാട്ടുകാര്‍ പൊതുവെ കുട്ടുമണിയുമായി അല്പം അകന്നുനില്‍ക്കാനാണ് താല്പര്യം കാണിച്ചത്. കഴിഞ്ഞവേനലില്‍ പുഴയിലെ കുഴിവെള്ളത്തില്‍ മീന്‍പിടിക്കാന്‍ അയാള്‍ കലക്കിയ നഞ്ഞുവെള്ളം കുടിച്ച് കാശുമണിയുടെ മൂന്നാല് ആടുകളും കുപ്പാണ്ടിയുടെ എരുമകളിലൊന്നും ചത്തതോടെ ആ അകല്‍ച്ച ഒന്നുകൂടി വര്‍ദ്ധിച്ചു. അയല്‍ക്കാരനായ ആണ്ടപ്പന്‍ മാത്രമാണ് അയാളുമായി അല്പമെങ്കിലും അടുപ്പം കാണിച്ചത്.

കേട്ടതൊന്നും വാസ്തവമല്ലെന്നു വിശ്വസിക്കാനാണ് തുടക്കം മുതല്‍ വേശു ശ്രമിച്ചത്. പക്ഷെ, ദിവസങ്ങള്‍ കഴിയുംതോറും ആ വിശ്വാസത്തിന്റെ ചരട് ദുര്‍ബലപ്പെട്ടുകൊണ്ടിരുന്നു.

പുറത്ത് ബഹളം കേട്ടാണ് വേശു കിടക്കപ്പായയില്‍ നിന്നും എണീറ്റുവന്നത്. ഓരോന്നോര്‍ത്ത് അവളൊന്നു മയങ്ങിയതായിരുന്നു.

ആറേഴുപേര്‍ ചേര്‍ന്ന് കുട്ടുമണിയെ താങ്ങിയെടുത്തുകൊണ്ടുവരുന്നതാണ് വേശു കണ്ടത്. ആണ്ടപ്പനാണ് മുന്നില്‍ "വേശ്വോ, കുട്ടുമണി നമ്മളെ പറ്റിച്ചു."

ആണ്ടപ്പന്‍ തലയില്‍കൈവെച്ചുകൊണ്ട് പറഞ്ഞു.

"ഭയങ്കരവെഷോള്ള സാതനാണ് തീണ്ടിയിരിക്കണത് അല്ലെങ്കി ഇത്ര പെട്ടെന്ന്..."

കുട്ടുമണിയെ താങ്ങിക്കൊണ്ടുവന്നവരില്‍ ഒരാള്‍ പറഞ്ഞു.

"ആനപ്പാറകുണ്ടിലെ കൈതപ്പൊന്തയ്ക്കടുത്താണ് കിടന്നിരുന്നത്. ആടുമേയ്ക്കാന്‍ ചെന്ന പിള്ളരാണ് ആദ്യം കണ്ടത്. അപ്പോഴേയ്ക്കും എല്ലാം കഴിഞ്ഞിരുന്നു."

മറ്റൊരാള്‍ അറിയിച്ചു.

വേശു ഒന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അവള്‍ ഉമ്മറക്കോലായില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ്.

ആനപ്പറകുണ്ടില്‍ അപ്പോള്‍, ചത്തുപൊന്തിയ മീനുകളെ കാക്കയും പരുന്തും മറ്റും മത്സരിച്ച് ഭക്ഷണമാക്കിക്കൊണ്ടിരുന്നു.

കെ.കെ.പല്ലശ്ശന

ആലുംപാറ,

പല്ലശ്ശന പി.ഒ,

പാലക്കാട്‌.

678 505
Phone: 9495250841




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.