പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പുതുവർഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിൽവിക്കുട്ടി

അവർ അഞ്ചുപേരും പെറ്റുപെരുകി ഒന്നൊന്നായി മടങ്ങിവന്നു. അറയും നിരയും വച്ച ആ പഴയ തറവാട്‌ അവരെയെല്ലാം ഉൾക്കൊള്ളാനായി ഒരു തള്ളക്കോഴിയെപ്പോലെ ചിറകുവിരുത്തി നിന്നു.

കുശലാന്വേഷണങ്ങളിൽ ഒരുപാടു സമയം പിടിച്ചു നിൽക്കാനവർക്കായില്ല. പരസ്‌പരമെറിയുന്ന കല്ലുകൾ പോലെ അവയോരോന്നും അവനവനിലേയ്‌ക്കു തന്നെ തിരിച്ചുവന്നു. എല്ലാറ്റിനെയും ഉപചാരത്തിന്റെ ഒരു വൃത്തികെട്ട ചുവപ്പ്‌ ഗ്രസിച്ചുകളഞ്ഞു. പുതുവത്സരവിഭവങ്ങൾ നിരത്തിയ ഭക്ഷണമേശ അവരെ തൃപ്‌തിപ്പെടുത്തിയില്ല. ലോകത്തിന്റെ നാനാമൂലയിലേയ്‌ക്കും കുടിയിറങ്ങിപ്പോയ അവർക്ക്‌ രുചിഭേദങ്ങൾ കയ്‌ക്കുകയും പുളിക്കുകയും ചെയ്‌തു. ചിലരുടെ പ്രമേഹരോഗം കാപ്പിക്കപ്പിലെ ഇത്തിരിമധുരത്തെക്കൂടി കവർന്നു കളഞ്ഞു.

നാട്ടുവിശേഷങ്ങളിലേയ്‌ക്കു ചാഞ്ഞപ്പോഴാണൊരു സത്യം അവർക്കു മനസ്സിലായത്‌. നാടിനെ സംബന്ധിക്കുന്നതെല്ലാം അവർ മറന്നുപോയിരിക്കുന്നു. ബാല്യത്തിന്റെ ഓർമ്മകളെല്ലാം ഒരു കമ്പ്യൂട്ടറിൽ നിന്നെന്നപോലെ ഡിലീറ്റുചെയ്യപ്പെട്ടിരിക്കുന്നു. നോക്കിനോക്കിയിരിക്കവേ വ്യത്യസ്‌തതകൾ കൊമ്പുകോർത്തു. കോർത്തകൊമ്പുകൾ അവരെ രോഷം കൊള്ളിച്ചു. എന്തിലെങ്കിലും സമാനതകാണാതെ അവർക്കൊരുമിച്ച്‌ പുതുവർഷത്തെ കാത്തിരിക്കാനാവില്ലായിരുന്നു.

ഒടുവിൽ മദ്യക്കുപ്പികൾ തുറന്നു. ഭൂതങ്ങൾ വെളിയിൽ വന്നു. അവർ ആർത്തുചിരിച്ചു.

“ഞങ്ങൾ നിങ്ങളെ സമൻമാരാക്കാം, മൂത്തവനെയും ഇളയവനെയും, ആണിനെയും പെണ്ണിനേയും, മുതിർന്നതിനെയും ചെറുതിനെയും, അമേരിക്കക്കാരനെയും ഗൾഫുകാരനെയും ഒരുപോലാക്കിത്തരാം.”

അവർക്കാശ്വാസമായി. ആശ്വാസത്തോടെ അവർ ഗ്ലാസ്സുകൾ നിറച്ചു.

എല്ലാ അതിർത്തികളും തകർത്ത്‌ സമാനതയുടെ നിറവിൽ വീടിന്റെ പലമുറികളിലായി കെട്ടുപിണഞ്ഞു കിടന്നിരുന്ന അവർക്കിടയിലേയ്‌ക്ക്‌ രാത്രി കൃത്യം പന്ത്രണ്ടുമണികഴിഞ്ഞപ്പോൾ പുതുവർഷം ഇറങ്ങിവന്നു. എഴുന്നേറ്റൊന്നു ഹസ്‌തദാനം ചെയ്യാൻ കെല്‌പുള്ള ഒരുത്തനുമുണ്ടായിരുന്നില്ല, അക്കൂട്ടത്തിൽ.

അതുകൊണ്ട്‌ ഒന്നും മിണ്ടാതെ, ചുവരിൽ തൂങ്ങിയ കലണ്ടറിന്റെ തിരുനെറ്റിയിൽ സ്വന്തം പേരെഴുതിയിട്ടിട്ട്‌ കോളങ്ങളിൽ കൃത്യമായി അവയവങ്ങൾ നിരത്തിവച്ച്‌ അവരുണരുന്നതും കാത്ത്‌ പുതുവർഷം കണ്ണും തുറിച്ചിരുന്നു.

സിൽവിക്കുട്ടി

സെലക്‌ഷൻ ഗ്രൈഡ്‌ ലക്‌ച്ചറർ ഇൻ മലയാളം,

മഹാരാജാസ്‌ കോളേജ്‌,

എറണാകുളം.


Phone: 0485-2836872,9497794244




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.