പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

തട്ടാഞ്ചേരി മലയുടെ വടക്കുഭാഗം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദീപ ഡി.എ

ഒരു പ്രത്യേക സാഹചര്യത്തിലാണ്‌ അണ്ണാബാബു തട്ടാഞ്ചേരി മലയുടെ മുകളിൽ നിന്നും ചുറ്റും നോക്കിയത്‌. ചുറ്റും നോക്കുന്നതിന്‌ മുമ്പ്‌ അണ്ണാബാബു മുകളിലേയ്‌ക്ക്‌ നോക്കി. തനിക്കു താഴെയുള്ള എല്ലാറ്റിനേയും നോക്കി സൂര്യൻ വിളറി നിൽക്കുന്നു. അണ്ണാബാബു തന്നെ തുറിച്ച്‌ നോക്കുകയാണെന്ന്‌ മനസ്സിലാക്കിയ സൂര്യൻ പെട്ടെന്ന്‌ ഒരു മേഘത്തിന്റെ മുടിയിഴയ്‌ക്കുള്ളിൽ കയറി ഒളിച്ചിരുന്നു.

അണ്ണാബാബു തട്ടാഞ്ചേരിമലയുടെ ചുറ്റും നോക്കാനുണ്ടായ പ്രത്യേക സാഹചര്യം പെട്ടെന്ന്‌ പെയ്‌ത മഴയായിരുന്നു. എന്നാൽ വെയിൽ മാഞ്ഞിട്ടുണ്ടായിരുന്നില്ല. വെയിലിൽ മഴ. വെയിൽ മഴയത്താണ്‌ വേടൻ പെണ്ണുകെട്ടുന്നത്‌. വെയിൽ മഴയത്താണ്‌ കുറുക്കന്റെ കല്യാണവും. തട്ടാഞ്ചേരിമലയിലെ കുറുക്കൻമാർ കൂട്ടത്തോടെ ഓരിയിടാൻ തുടങ്ങി. അതും വെയിൽ മഴയത്ത്‌. അപ്പോൾ ഏതോ ഒരു കുറുക്കൻ കല്യാണം കഴിച്ചിരിക്കുന്നു.

മഴ മാറി. വെയിൽ തുടർന്നു. അണ്ണാബാബു താഴേയ്‌ക്ക്‌ നോക്കിയപ്പോൾ അടിവാരത്തുനിന്ന്‌ ആരൊക്കെയോ മല കയറി വരുന്നു. വരുന്നവരുടെ മുഖങ്ങൾ വ്യക്തമായി തെളിയുന്നില്ല. അവർ എന്തിനാണ്‌ വരുന്നത്‌?

തട്ടാഞ്ചേരി മലയെക്കുറിച്ച്‌ അറിയുന്നവരായിരിക്കണം അവർ. തട്ടാഞ്ചേരി മലയിൽ നോഹയുടെ പെട്ടകവും പൻഡോറയുടെ പെട്ടിയും ഡെമോക്ലീസിന്റെ വാളും ഭീമന്റെ ഗദയും ഉള്ളതായി അവർ അറിഞ്ഞിരിക്കുമോ? അണ്ണാബാബു ആലോചിച്ചിട്ട്‌ ഒരു എത്തും പിടിയും കിട്ടിയില്ല.

തട്ടാഞ്ചേരി മലയുടെ വടക്കുഭാഗത്ത്‌ കൂടിയാണ്‌ അവർ കയറിവരുന്നത്‌. തട്ടാഞ്ചേരി മലയുടെ വടക്കുഭാഗം കാട്ടുമരങ്ങൾ നിറഞ്ഞതാണ്‌. കാട്ടുമരങ്ങൾ എന്നു പറഞ്ഞാൽ വെളുത്ത മൂങ്ങകൾമാത്രം താമസിക്കുന്ന കരിന്താളിമരങ്ങളുണ്ട്‌. കഴുകൻമാർ മാത്രം താമസിക്കുന്ന ഒറ്റക്കഴുത്തൻ പനകളുണ്ട്‌. ചെമ്പോത്തും വണ്ണാക്കുരുവിയും കരിയിലക്കിളിയും തൂക്കണാംകുരുവിയും കൂട്ടത്തോടെ താമസിക്കുന്ന മാവുകളുണ്ട്‌. പെരുമ്പാമ്പുകൾ ചുറ്റികിടക്കുന്ന ചന്ദനമരങ്ങളുണ്ട്‌.

മരങ്ങൾക്കിടയിലൂടെയുള്ള ഇടവഴിയിലൂടെയാണവർ നടന്നുവരുന്നത്‌. വഴിയൊക്കെ അവർക്ക്‌ നിശ്ചയമുള്ളതുപോലെ. സാധാരണ തട്ടാഞ്ചേരി മലയുടെ വടക്കുഭാഗത്തൂടെ ആരും നടന്നുവരാറില്ല. പകൽപോലും രാത്രിയാണിവിടം. സദാ ചീവീടുകളുടെ ഒച്ച. പാമ്പുകൾ ഇഴഞ്ഞു പോകുന്ന ശബ്ദം. കുറുക്കൻമാരുടെ സീൽക്കാരങ്ങൾ. മലമുകളിലെത്തുമ്പോഴേക്കും ഒരു നൂറ്‌ പാമ്പുകളെങ്കിലും ഇണ ചേരുന്നത്‌ കാണാൻ കഴിയും. കാണണ്ട എന്ന്‌ കരുതിയാലും കണ്ടുപോകും.

മലയുടെ മുകളിലേയ്‌ക്ക്‌ കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും ആൾക്കാർ കയറിവരാറുണ്ട്‌. കിഴക്കുനിന്നും വരുന്നവർ വിശുദ്ധൻമാരും പടിഞ്ഞാറു നിന്ന്‌ വരുന്നവർ പാപികളും തെക്കുനിന്നു വരുന്നവർ ഭ്രാന്തൻമാരുമാണ്‌. ദിശയറിഞ്ഞ്‌ മലകയറി വരുന്ന അവർ ആദ്യം കാണുന്നത്‌ അണ്ണാബാബുവിനെയാണ്‌. ഇതൊന്നുമല്ലാത്ത ആൾക്കാർ ഭൂമിയിൽ കുറവാണല്ലോ. വടക്കുഭാഗത്തു കൂടി ആരും വരാറില്ല. പക്ഷേ ഇപ്പോൾ ആരൊക്കെയോ അതുവഴി വരുന്നു. അവരുടെ മുഖങ്ങൾ തെളിയുന്നില്ലെങ്കിലും രൂപങ്ങൾ എവിടെയൊക്കെയോ കണ്ടതുപോലെ....

തലതിരിഞ്ഞ ലോകത്തിന്റെ മലമുകളിലെ സൂക്ഷിപ്പുകാരനാണ്‌ അണ്ണാബാബു. അണ്ണാബാബുവിന്റെ തലയ്‌ക്കുമീതെ കറുത്ത ആകാശവും നരച്ച സൂര്യനും വെളുത്ത ചന്ദ്രനും പിടക്കുന്ന നക്ഷങ്ങളും മാത്രമേയുള്ളൂ. കാലിനു ചുവടെയാവട്ടെ തട്ടാഞ്ചേരി മലയും അതിന്റെ നാല്‌ ദിശയിലുള്ള താഴ്‌വാരങ്ങളും.

തട്ടാഞ്ചേരി മലയുടെ മുകളിൽ നിന്നാൽ അണ്ണാബാബുവിന്‌ ഒരു ഭാവമുണ്ട്‌. ഞാനാണ്‌ ലോകത്തിന്റെ കാവൽക്കാരൻ എന്ന തോന്നൽ. ഏദൻതോട്ടത്തിന്റെ കാവൽക്കാരനായ ദൈവത്തെപ്പോലെ അണ്ണാബാബു എപ്പോഴും താഴ്‌വരയെ നോക്കിനിൽക്കും. തട്ടാഞ്ചേരിമലയുടെ നാല്‌ ദിക്കുകളെയും. ദിക്ക്‌ ഒഴിഞ്ഞ്‌ പോവുന്ന മേഘങ്ങളെ കാണുമ്പോൾ അണ്ണാബാബുവിന്‌ ചിരിവരും. തന്നെ പേടിച്ച്‌ മേഘങ്ങൾ പാഞ്ഞോടുന്നു. തട്ടാഞ്ചേരി മലയുടെ മൂക്കിനേയും തന്നേയും മുട്ടിയുരുമ്മി പോകുന്ന മേഘങ്ങളെ കൈവീശി ഓടിക്കലാണ്‌ അണ്ണാബാബുവിന്റെ പ്രധാനപണി. മേഘങ്ങൾ വെറും പുകയാണെന്നും പുക വെറും ആത്മാവാണെന്നും ആത്മാവ്‌ പഞ്ചഭൂതങ്ങളാണെന്നും പഞ്ചഭൂതങ്ങൾ സത്യമാണെന്നും സത്യം ദൈവമാണെന്നും ദൈവം പ്രപഞ്ചമാണെന്നും പ്രപഞ്ചം നൻമയാണെന്നും നന്മയുടെ രൂപം കാണാൻ കഴിയാത്തതാണെന്നും അണ്ണാബാബുവിന്‌ പറഞ്ഞുകൊടുത്തത്‌ തട്ടാഞ്ചേരി മലയുടെ മുകളിലേയ്‌ക്ക്‌ വരുന്ന വിശുദ്ധൻമാരായിരുന്നു.....

ജീവിതം രസിക്കാനുള്ളതാകുന്നു. ജീവിതം ലഹരിയാകുന്നു. കണ്ണുകൊണ്ട്‌ കാണാൻ പാടില്ലാത്തതൊക്കെ കാണണം. കാതുകൊണ്ട്‌ കേൾക്കാൾ പാടില്ലാത്തതൊക്കെ കേൾക്കണം. ഒളിഞ്ഞുനോക്കാൻ പഠിക്കണം. ഒളിച്ച്‌നിന്ന്‌ കേൾക്കാനും പഠിക്കണം. ഒളിസേവ ചെയ്യാൻ അറിയണം. പുകയുടെ ലഹരിയും ജലത്തിന്റെ ലഹരിയും മൃഗത്തിന്റെ ലഹരിയും അറിയണം. ധർമ്മവും മോക്ഷവും അറിയണ്ട. സംഭോഗം അറിയണം. അശാന്തി അറിയണം. സമാധാനം എന്നത്‌ കേൾക്ക പോലും വേണ്ട.... പാപികളുടെ പ്രമാണങ്ങളിലുള്ള വാക്യങ്ങൾ അണ്ണാബാബുവിന്‌ അറിയാമായിരുന്നു. കാരണം തട്ടാഞ്ചേരിമലയുടെ പടിഞ്ഞാറുഭാഗത്തുകൂടി കയറി വന്നിരുന്നത്‌ പാപികളായിരുന്നു. പാപികൾ ആയിത്തീർന്നവരിൽ കള്ളന്മാരുണ്ടായിരുന്നു. കൊലപാതകികൾ ഉണ്ടായിരുന്നു, കള്ളനോട്ടടിക്കാരുണ്ടായിരുന്നു, വേശ്യകൾ ഉണ്ടായിരുന്നു, ഹിജഡകൾ ഉണ്ടായിരുന്നു, സേച്ഛാധിപതികളുണ്ടായിരുന്നു. കശാപ്പുകാർ ഉണ്ടായിരുന്നു. പക്ഷേ അവരുടെയൊക്കെ ഉള്ളിന്റെയുള്ളിൽ എരിഞ്ഞുണങ്ങിയ ചില മുറിവുകൾ അണ്ണാബാബു കണ്ടിരുന്നു.

സമയം അറിയണ്ട, കാലം അറിയണ്ട, കോലവും ഭാവവും അറിയണ്ട, മുഖങ്ങളെ തിരിച്ചറിയേണ്ട. നാളത്തേയ്‌ക്ക്‌ കരുതിവയ്‌ക്കണ്ട, മക്കളെ നോക്കണ്ട, ആരേയും പഴിക്കേണ്ട, ആരേയും ശപിക്കണ്ട. മലകയറിവരുന്ന ഭ്രാന്തന്മാരിൽ പലരും കല്ലുപെറുക്കി താഴ്‌വരയെ വെറുതേ എറിഞ്ഞുകൊണ്ടിരുന്നു. കല്ലേറ്‌ കൊണ്ട്‌ താഴ്‌വരയുടെ തലയും കണ്ണും പൊട്ടി. അത്‌ കണ്ട്‌ ഭ്രാന്തന്മാർ കൈകൊട്ടി ചിരിച്ചു. അവരുടെ ചിരി കണ്ട്‌ അണ്ണാബാബുവും ചിരിച്ചു. ഭ്രാന്തൻമാർ നിഷ്‌കളങ്കരാണ്‌. അവർ കാട്ടുന്നതൊക്കെ കുട്ടിത്തരങ്ങളാണ്‌. കുട്ടിത്തരങ്ങൾ കണ്ട്‌ ആരെങ്കിലും കരയാറുണ്ടോ?

മലകയറി വരുന്നവർക്ക്‌ ഒരു കാര്യം അറിയാം. തട്ടാഞ്ചേരി മലയിൽ ലോകത്തിലെ അപൂർവ്വവസ്‌തുക്കളെല്ലാം കുഴിച്ചിട്ടിട്ടുണ്ടെന്നുള്ള കാര്യം. ചിലതൊക്കെ ചിലർക്കൊക്കെ കിട്ടിയിട്ടുണ്ട്‌. ഹിറ്റ്‌ലർ കൊന്ന ജൂതന്മാരുടെ ആയിരം കരളുകൾ ഇവിടെവിടെയോ കുഴിച്ചിട്ടിട്ടുണ്ട്‌. മലമുകളിലെ മരങ്ങൾക്ക്‌ അതറിയാം. പ്രത്യേകിച്ച്‌ കറുത്ത ഇലകൾ മാത്രമുള്ള ഒരു മരത്തിന്‌. ആ മരത്തിന്റെ വേരുകൾക്കിടയിലാണ്‌ രക്തം കട്ടപിടിച്ച കറുത്ത നിറം പൂണ്ട കരളുകൾ ഒട്ടിപ്പിടിച്ച്‌ കിടക്കുന്നത്‌. എത്ര വലിയ കാറ്റടിച്ചാലും ഈ മരത്തിലെ ഇലകൾ മാത്രം അനങ്ങില്ല. ഹിറ്റ്‌ലറുടെ ഹൃദയംപോലെ. എന്നാൽ എല്ലാ വർഷവും ഏപ്രിൽ 31-​‍ാം തീയതി മറ്റു മരങ്ങൾ നിശബ്ദമായി നിൽക്കുമ്പോൾ ഈ മരത്തിന്റെ ഇലകൾ മാത്രം വിറകൊണ്ട്‌ നിൽക്കും. 1945ൽ അന്നേ ദിവസമാണ്‌ ഹിറ്റ്‌ലറും ഭാര്യയായ ഇവാബ്രൗണും ആത്മഹത്യ ചെയ്തത്‌. കവികളായ ചില ഭ്രാന്തന്മാർ ഈ മരത്തെ കാമുകീമരമെന്നാണ്‌ വിളിക്കുന്നത്‌. മരിക്കുന്നതിന്‌ രണ്ടാഴ്‌ച മുമ്പാണ്‌ ഹിറ്റ്‌ലർ ബങ്കറിൽവച്ച്‌ ഇവാ ബ്രൗണിനെ വിവാഹം ചെയ്തത്‌. അതിനുമുമ്പ്‌ അവർ കാമുകീകാമുകന്മാരായിരുന്നു.

തട്ടാഞ്ചേരി മലയിൽ നിന്നും അലിയാർ അലവിയ്‌ക്ക്‌ കിട്ടിയത്‌ വേറൊരു വസ്‌തുവായിരുന്നു. അലിയാർ അലവി മലയിലേയ്‌ക്ക്‌ കയറി വന്നത്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ കൂടിയായിരുന്നു. പടിഞ്ഞാറ്‌ ഭാഗത്തുകൂടി വരുന്നവർ പാപികളായിരുന്നുവെങ്കിലും അലിയാർ അലവി പാപി ആയിരുന്നില്ല.

എന്നാൽ അയാളുടെ ഉമ്മ പാപിയായിരുന്നു. അവർ താഴ്‌വരയിലെ വേശ്യയായിരുന്നു. ആരും അറിയപ്പെടുന്ന വേശ്യ. വേശ്യകളെ പള്ളിസെമിത്തേരിയിൽ ഖബറടക്കിയില്ല. ഉമ്മയെ ഒരു പഴംപായയിൽ പൊതിഞ്ഞു കെട്ടി അലവി മലമുകളിൽ നിൽക്കുന്ന അണ്ണാബാബുവിനെ നോക്കി മലകയറാൻ തുടങ്ങി. പഴംപായയെ പൊതിഞ്ഞ്‌ ഈച്ചകളും ആർത്തിയോടെ മലകയറിക്കൊണ്ടിരുന്നു. ഈച്ചകൾക്കു മുകളിൽ പരുന്തുകളും അവയ്‌ക്കു മുകളിലായി കഴുകൻമാരും വട്ടമിട്ടു പറന്നുകൊണ്ടിരുന്നു. വേശ്യയുടെ മാംസത്തിന്റെ രുചിയറിയാൻ അവറ്റകൾ വെമ്പുന്നുണ്ടായിരുന്നു.

അണ്ണാബാബുവിനു മുന്നിൽ അലിയാർ അലവി ശവം ഇറക്കിവച്ചു.

“ദഹിപ്പിക്കണോ, കുഴിച്ചിടണോ, അതോ...?” ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിൽ അണ്ണാബാബു ചോദിച്ചു.

“കുഴിച്ചിടാം”

അപ്പോൾ അവരുടെ തലക്കുമീതെ വട്ടമിട്ടു പറക്കുന്ന പരുന്തുകളുടേയും കഴുകൻമാരുടെയും എണ്ണം ഇരട്ടിയായി. അലിയാർ അലവി കുഴിയെടുക്കാൻ തുടങ്ങി. അണ്ണാബാബു ശവത്തിന്‌ കാവൽ നിന്നു. ഒരടി താണപ്പോഴേയ്‌ക്കും അലവി ഞെട്ടി പുറകോട്ട്‌ മാറി. അതുകണ്ട്‌ അണ്ണാബാബു പറഞ്ഞു.

“ഞെട്ടണ്ട, ദ്രൗപദിയാ. മൂന്നുദിവസമേ ആയിട്ടുള്ളൂ”

ചുവന്ന മൺതരികൊണ്ട്‌ മുഖം മറഞ്ഞുകിടക്കുന്ന, വെളുത്ത സാരിയിൽ ഭൂമിക്കടിയിലെ കരിയുറുമ്പുകൾ നിരങ്ങി നടക്കുന്നു. താനും കണ്ടിട്ടുണ്ട്‌. ദ്രൗപദിയെ. കോഴിക്കോട്‌ കെ.എസ്‌.ആർ.ടി.സി. സ്‌റ്റാൻഡിനരികിൽ എന്നും വൈകുന്നേരം വെളുത്ത സാരിയും ധരിച്ച്‌ ഇടത്തേ കക്ഷത്ത്‌ വാക്കിംഗ്‌ സ്‌റ്റിക്കും പിടിച്ചു നിൽക്കുന്ന ദ്രൗപദിയെ. ഇടതുകാൽ ജീവിതത്തിന്റെ ഏതോ ഒരു ദശാസന്ധിയിൽ വച്ച്‌ മുറിഞ്ഞുപോയപ്പോൾ ദ്രൗപദിയുടെ ഭർത്താക്കൻമാരുടെ എണ്ണം അഞ്ചിലേറെയായി. ഓട്ടോയിലേയ്‌ക്ക്‌ അവളെ പിടിച്ചുകയറ്റാൻ അവർ മത്സരിച്ചിരുന്നു. ഒരു കാലില്ലെങ്കിലെന്താ? കാര്യം നടന്നാൽ പോരെ? കഴിഞ്ഞ ആഴ്‌ചയും ഞാൻ അവളെ കണ്ടതാണല്ലോ. അലിയാർ അലവി ശങ്കിച്ചു നിന്നു.

“ഇന്നു ഞാൻ നാളെ നീ” അണ്ണാബാബു പറഞ്ഞു. ദ്രൗപദിയുടെ ശരീരത്തിനുമേൽ ഒരു വെൽവെറ്റ്‌ പാടപോലെ ചെമ്മണ്ണ്‌ മൂടികിടക്കുന്നു. അവളുടെ കൈയ്യിലുണ്ടായിരുന്ന പേഴ്‌സ്‌ ശവക്കുഴിയിലും അവൾ കൈയ്യിൽ പിടിച്ചിരിക്കുന്നു. ആർക്കും കൊടുക്കില്ല എന്ന വാശിയോടെ. അലിയാർ അലവിയ്‌ക്കു കിട്ടിയ ഒരു വിലപ്പെട്ട നിധിയായിരുന്നു അത്‌. പേഴ്‌സിനുള്ളിൽ അഞ്ചുരൂപയുടെ വെള്ളിനാണയങ്ങളും കൊയിലാണ്ടിയിലേയ്‌ക്കുള്ള പന്ത്രണ്ട്‌ രൂപയുടെ ഒരു ലോക്കൽ ട്രെയിൻ ടിക്കറ്റും ഉണ്ടായിരുന്നു.

ശവംതീനി ഉറുമ്പുകൾ ഒട്ടിപ്പിടിച്ചിരിക്കുന്ന പഴംപായ അണ്ണാബാബുവും അലിയാർ അലവിയും ചേർന്ന്‌ ദ്രൗപദിയുടെ മുകളിലായി വച്ചു. കുഴി മണ്ണിട്ടുമൂടി. കുഴിയെ നോക്കിയും മുകളിൽ ആകാശത്തെ നോക്കിയും അലവി കുറേ ഖുറാൻ സൂക്തങ്ങൾ ഓതി. ദൈവത്തിനും മനുഷ്യനും ഇടയിലെ ഞരമ്പുകൾ പോലെ സൂക്തങ്ങൾ തട്ടാഞ്ചേരി മലയുടെ മുകളിൽ തുടിച്ചു നിന്നു.

വന്നവഴി ഇറങ്ങിപ്പോകുന്ന അലവിയെ നോക്കി അണ്ണാബാബു പിന്നേയും മലമുകളിൽ തന്നെ ഇരുന്നു. അടുത്താരാണ്‌ വരുന്നതെന്നതറിയാതെ മലയിറങ്ങിപ്പോകുന്ന അലവി ദ്രൗപദിയുടെ പേഴ്‌സ്‌ ഭദ്രമായി പിടിച്ചിരിക്കുന്നു. മല കയറി വരുന്നവർ പലപ്പോഴും ശവങ്ങളുമായാണ്‌ വരുന്നത്‌. തട്ടാഞ്ചേരി മലയുടെ മുകളിൽ ശവമടക്കിയാൽ മരിച്ചവർ നേരെ സ്വർഗ്ഗത്തിലേക്കെന്നാണ്‌ വിശ്വാസം. ദുർമരണത്തിന്‌ ഇരയായവരേയാണ്‌ അധികവും കൊണ്ടുവരുന്നത്‌.

രാത്രി മലമുകളിൽ തീ കണ്ടാൽ ഒരു കാര്യം ഉറപ്പ്‌. അണ്ണാബാബു ഒരു ശവം ദഹിപ്പിക്കുകയാണ്‌. അണ്ണാബാബു ശവങ്ങൾ ദഹിപ്പിക്കുന്നത്‌ രാത്രിയിലാണ്‌. കുഴിച്ചുമൂടേണ്ട ശവങ്ങൾ പകലാണ്‌ മറവ്‌ ചെയ്യുന്നത്‌. കുഴിച്ചു മൂടാനും ദഹിപ്പിക്കാനും ഇഷ്ടമില്ലാത്തവരുടെ ശവശരീരങ്ങൾ ശവം തീനികൾക്കായി ദാനം ചെയ്യും. തട്ടാഞ്ചേരി മലയുടെ മുകളിൽ പത്തോളം ദാനക്കല്ലുകളുണ്ട്‌. വെളുത്ത നിറമുള്ള നീണ്ട പാറക്കല്ലുകൾ. ഒരു ശവത്തെ അവിടെ കിടത്തിയാൽ തട്ടാഞ്ചേരി മലയിലെ എല്ലാ ശവംതീനികളും അവിടെയെത്തും. അതിൽ ഉറുമ്പുണ്ടാകും, ഈച്ചയുണ്ടാകും, അട്ടയുണ്ടാകും, കുറുക്കനുണ്ടാകും, പരുന്തുകളും, കഴുകൻമാരും ഉണ്ടാകും. മാംസം മുഴുവൻ അവർ പകുത്തെടുക്കും. ശവശരീരത്തിന്റെ അവകാശികളെപ്പോലെ, കൊത്തിയും കടിച്ചുമെടുക്കുന്ന ശരീരത്തെനോക്കി നിൽക്കുകയാണ്‌ അണ്ണാബാബുവിന്റെ പണി. മരിച്ച മനുഷ്യന്റെ കണ്ണുകൾ പൊട്ടിച്ച്‌ കഴിക്കുന്ന കഴുകനെ കാണുമ്പോൾ....ഇല്ല ഒന്നും തോന്നാറില്ല. മരിച്ച പെണ്ണിന്റെ മുലകൾ കടിച്ചുപറിച്ചുകൊണ്ടോടുന്ന നരികളെ കാണുമ്പോൾ....അപ്പോഴും ഒന്നും തോന്നാറില്ല. എല്ലാം വാഴ്‌വേമായം !

വടക്കുഭാഗത്തൂടെ മല കയറിവരുന്നത്‌ ആരൊക്കെയാണെന്ന്‌ അണ്ണാബാബുവിന്‌ ഇനിയും മനസ്സിലായില്ല. അവരുടെ കൂട്ടത്തിൽ കുട്ടികളുണ്ട്‌, യുവാക്കളുണ്ട്‌, വൃദ്ധന്മാരുണ്ട്‌, വികലാംഗരുണ്ട്‌, ഗർഭിണികളുണ്ട്‌, വിശുദ്ധൻമാരുണ്ട്‌. പക്ഷേ മുഖങ്ങൾ ഇപ്പോഴും വ്യക്തമാകുന്നില്ല. അവർ തന്നിലേയ്‌ക്ക്‌ അടുത്തത്തടുത്ത്‌ വരികയാണെങ്കിലും. ഏതെങ്കിലും നാട്ടിലെ അഭയാർത്ഥികളായിരിക്കുമോ? എവിടെയെങ്കിലും ക്ഷാമം ഉണ്ടായോ? എവിടെയെങ്കിലും കടൽ കരയിലേയ്‌ക്ക്‌ കയറിയോ? എവിടെയെങ്കിലും ഭൂകമ്പം ഉണ്ടായോ? ഒന്നും അറിയില്ല. മലമുകളിൽ അറിയിപ്പുകൾ മാത്രം എത്താറില്ല.

കടും നിറങ്ങൾ ഉള്ള വസ്‌ത്രങ്ങൾ ധരിച്ചാണ്‌ അവർ കയറി വരുന്നത്‌. പെട്ടെന്ന്‌ അണ്ണാബാബുവിന്റെ തലയ്‌ക്കുമുകളിൽ തട്ടാഞ്ചേരി മലയിലെ ശവംതീനികൾ പ്രത്യക്ഷപ്പെട്ടു. തങ്ങൾക്കുള്ള കോളിനെ അവറ്റകൾ കണ്ടിട്ടുണ്ടാകണം. ഒപ്പം മരണത്തിന്റെ ഒരു മണം മലമുകളിൽ പെട്ടെന്ന്‌ പരന്നു. മരണം ആഘോഷമാക്കിയവരാകും മലകയറി വരുന്നത്‌. മരിച്ചവരെ സന്തോഷത്തോടെ യാത്ര അയക്കുക. ചില വിഭാഗക്കാരുടെ രീതിയാണ്‌.

ശവംതീനി പക്ഷികളുടെ എണ്ണം ഇരട്ടിയായി. മലമുകളിലെ കുറ്റിക്കാടുകളിൽ ശവം എത്തിയാൽ കുതിച്ചുചാടാൻ തയ്യാറായി കുറുക്കൻമാർ ഒളിച്ചു നിൽക്കുകയാണ്‌. അപൂർവ്വ വസ്‌തുക്കൾ ഈ മലയിൽ എവിടെയൊക്കെയോ ഉണ്ട്‌. വരുന്നവർ അതൊക്കെ കുഴിച്ചെടുത്തോണ്ട്‌ പോകുമോ? സാത്താൻ ആദാമിനു നൽകിയ ആപ്പിൾ തട്ടാഞ്ചേരി മലയിലുണ്ട്‌. അതു കഴിച്ച ആദവും ഹൗവ്വയും ഇപ്പോഴും ഈ മലയിലെ വടക്കുഭാഗത്തെ കാട്ടിനുള്ളിൽ ജീവിച്ചിരിക്കുന്നുണ്ട്‌. രണ്ടുപേർക്കും വയസായി. ആദമിന്‌ കൂന്‌ വന്നിരിക്കുന്നു. ഹവ്വയുടെ മുടി നരച്ചിരിക്കുന്നു. അവർ പലപ്പോഴും വൈകുന്നേരങ്ങളിൽ കൈചേർത്തു പിടിച്ചുകൊണ്ട്‌ വടക്കുഭാഗത്തുകൂടി നടക്കുന്നത്‌ അണ്ണാബാബു കണ്ടിട്ടുണ്ട്‌. അവർ ഇതുവരെ അവരുടെ ഏദൻതോട്ടം വിട്ട്‌ പുറത്തിറങ്ങിയിട്ടില്ല. നാണം ഉണ്ടായ ശേഷം അവർ പരസ്‌പരം ഉപയോഗിച്ച പച്ചില വേഷങ്ങൾ തന്നെയാണ്‌ ഇപ്പോഴും അവരുടെ ശരീരത്തിൽ ഉള്ളത്‌.

ദൈവത്തിന്റെ സംഗീതംപോലെ ബ്യൂഗിളുകളും ചെറിയ തോൽചെണ്ടകളും പ്രത്യേകരീതിയിൽ, മരണത്തിന്റെ അകമ്പടി സംഗീതംപോലെ മലയുടെ മുകളിലേയ്‌ക്ക്‌ അവരോടൊപ്പം അടുത്തടുത്ത്‌ വരുന്നുണ്ടായിരുന്നു. മരണത്തിന്റെ അകമ്പടി സംഗീതം, അത്‌ ദൈവകൽപനയാണ്‌. ആ വരുന്നവർ ദൈവവിശ്വാസികൾ തന്നെ.

തന്നിലേക്കെത്തുന്നവരെ ഇപ്പോൾ കാണാം. മുന്നിൽ കുട്ടികൾ അവർ വർണ്ണവസ്‌ത്രങ്ങൾ ധരിച്ചിരിക്കുന്നു. അവർ വഴിയിൽ പൂക്കൾ വിതറി വിതറി വരുന്നു. അവർ വിധവകളുടെ മക്കളാണ്‌. വിധവകളാക്കപ്പെട്ടവരുടെ മക്കളാണ്‌. അവർക്ക്‌ പിറകിൽ വൃദ്ധൻമാരാണ്‌.. അവരാണ്‌ തുരുമ്പിച്ച ബ്യൂഗിളുകളൂതുന്നത്‌. ശരീരം കൊണ്ടവർ വൃദ്ധരാണെങ്കിലും മനസ്സുകൊണ്ടവർ വൃദ്ധന്മാരല്ല. അവരുടെ ശരീരഭാഷ ഉരുക്കു തൂണിന്റേതുപോലെയാണ്‌. അവർക്ക്‌ പിറകിൽ തോൽ ചെണ്ടകളുമായി യുവാക്കളും യുവതികളും, അവരുടെ കണ്ണുകൾ കുഴിഞ്ഞിട്ടും താണും മുഖം വിളറിയും കൈകൾ വിറച്ചും മുന്നോട്ട്‌ നടന്നുകൊണ്ടിരുന്നു. അവരുടെ പിന്നിൽ ശവം പേറുന്ന പെട്ടി താങ്ങി പിടിച്ചവരായിരുന്നു. അവരും യുവാക്കൾ തന്നെയായിരുന്നു അവരുടെ പിന്നിൽ ശവം പേറുന്ന പെട്ടി താങ്ങി പിടിച്ചവരായിരുന്നു. അവരും യുവാക്കൾ തന്നെയായിരുന്നു. അവരുടെ മുഖത്ത്‌ നിർവികാരത മാത്രം. അവർക്ക്‌ എത്രയും പ്രിയപ്പെട്ട ആരോ ആയിരിക്കണം ആ ശവപ്പെട്ടിയിൽ. മലമുകളിൽ ഇപ്പോൾ അണ്ണാബാബുവിന്‌ മുകളിൽ ശവം തീനികളുടെ ഒരു പ്രളയം തന്നെയുണ്ട്‌. ഒരു പെട്ടിയല്ലല്ലോ ! അണ്ണാബാബു ഇപ്പോൾ കൃത്യമായി കണ്ടു. ഒന്നിനു പിറകേ മറ്റൊന്നായി പെട്ടികളുടെ ഒരു നീണ്ട നിര. എവിടെയോ ഒരു ദുരന്തം നടന്നിരിക്കുന്നു​‍ു കൂട്ടത്തോടെ ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നു. ആരായിരിക്കും കൊലപാതകി? പ്രകൃതിയായിരിക്കുമോ? ഇത്രയും ശവങ്ങളെ കൂട്ടത്തോടെ ആദ്യമായാണ്‌ തട്ടാഞ്ചേരി മലയിലേക്ക്‌ കൊണ്ടുവരുന്നത്‌.

അണ്ണാബാബു ഒരടി പുറകോട്ട്‌ മാറി. അവർ തന്റെ അരികിലെത്താറായി. മുഖങ്ങൾ ഒന്നൊന്നായി പരിചയമുള്ളതുപോലെ. പരിചയത്തിന്‌ വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഇരുപത്തഞ്ച്‌ വർഷത്തിന്റെയെങ്കിലും അകലം. അന്നത്തെ യുവാക്കളായിരിക്കണം. ബ്യൂഗിളുകൾ ഊതുന്ന വൃദ്ധർ. അന്നു താൻ കണ്ട കൊച്ചുകുട്ടികളായിരിക്കണം ശവപ്പെട്ടികൾ ചുമക്കുന്ന ചെറുപ്പക്കാർ. ശവപ്പെട്ടികൾക്ക്‌ പിറകിലായി ഗർഭിണികളായിരുന്നു. തുടിക്കുന്ന ഉദരങ്ങളുമായി അവരും മലമുകളിലേയ്‌ക്ക്‌ നടന്നുകൊണ്ടേയിരുന്നു. ഏറ്റവും പിറകിലായി വിശുദ്ധന്മാർ എന്നു തോന്നുന്ന മൂന്നുപേർ കൂടി ഉണ്ടായിരുന്നു. അവരുടെ മുഖങ്ങളിൽ സത്യത്തിന്റെ അടയാളങ്ങൾ വെയിൽ നിഴലുകളായി പതിഞ്ഞു കിടന്നിരുന്നു. അവരുടെ മുഖങ്ങളിൽ സത്യത്തിന്റെ അടയാളങ്ങൾ വെയില നിഴലുകളായി പതിഞ്ഞു കിടന്നിരുന്നു.

ശവപ്പെട്ടികൾ അവർ അണ്ണാബാബുവവിന്‌ മുന്നിൽ ഇറക്കിവച്ചു. കഴുകൻമാർ കൂടുതൽ ശക്തിയോടെ ചിറകിട്ടടിച്ചു. കൂടെ വന്നവർ മാറി നിന്നു. ബ്യൂഗിളുകൾ ഊതുന്നത്‌ വൃദ്ധന്മാർ നിറുത്തി. അവർ കഴുകന്മാരുടെ കണ്ണുകളിലേയ്‌ക്ക്‌ നോക്കി.

മൂന്ന്‌ വിശുദ്ധന്മാർ ഒഴികെ ബാക്കിയെല്ലാവരേയും അണ്ണാബാബുവിന്‌ ചില കണ്ണുകളുടെ സഹായത്തോടെ മനസ്സിലായി. ഒരു ഗ്രാമത്തിന്റെ അടയാളങ്ങൾ അവരിലൂടെ അണ്ണാബാബു തിരിച്ചറിഞ്ഞു. അവർക്കുണ്ടായിരുന്ന മാറ്റങ്ങളിലൂടെ തന്റെ നാടിനും ഉണ്ടായ മാറ്റങ്ങളും അയാൾ തിരിച്ചറിഞ്ഞു. പഴയതിന്റെയും പുതിയതിന്റെയും വേർതിരിവുകൾ അറിഞ്ഞു. തന്റെ നാട്ടിലെ താൻ കാണാത്ത പുതിയ മനുഷ്യന്മാരെ കണ്ടു....

വിശുദ്ധന്മാർ മൂന്നുപേരും മുന്നോട്ട്‌ വന്നു. “ഈ ശവപ്പെട്ടികളും ശവങ്ങളും നിങ്ങൾക്കുള്ളതാണ്‌”. അവർ പറഞ്ഞു.

“ഒരു നാട്ടിൽ ഇത്രയും ശവങ്ങൾ എങ്ങനെയുണ്ടായി? എന്തെങ്കിലും പ്രകൃതി ദുരന്തം”.

“പ്രകൃതി ഇതുവരെ ഞങ്ങളെ ചതിച്ചിട്ടില്ല. ചതിക്കുകയുമില്ല. ഇത്‌ ഞങ്ങൾ തന്നെ ഞങ്ങളെ ചതിച്ചതിന്റെ ഫലമാണ്‌”. വിശുദ്ധരിൽ ഒരാൾ പറഞ്ഞു.

അണ്ണാബാബു ശവപ്പെട്ടികൾ ഓരോന്നായി തുറന്നു. ശവങ്ങളിൽ രക്തം കട്ടപിടിച്ചു കിടക്കുന്നു. വെട്ടും കുത്തും കൊണ്ടും മരിച്ചവർ. പെട്ടികളിൽ പകുതി പുരുഷന്മാരായിരുന്നു. പകുതി പെട്ടികളിൽ മരിച്ചു കിടന്നിരുന്നത്‌ സ്‌ത്രീകളായിരുന്നു. ഒരു രാത്രികൊണ്ട്‌ കൂട്ട ബലാൽസംഗത്തിനിരയായി മരിച്ച പെൺകുട്ടികൾ. അണ്ണാബാബുവിന്റെ കണ്ണിൽ ഒരു രാത്രി എരിഞ്ഞമർന്നു....

വന്നവർ മലയിറങ്ങുകയാണ്‌. അവരുടെ ബ്യൂഗിളുകൾ ശബ്ദിച്ചില്ല. ആരും തോൽ ചെണ്ടകൾ കൊട്ടിയില്ല. ഏറ്റവും പുറകിലായി വിശദ്ധന്മാരും നടന്നകന്നു. മരിച്ചവരുടെ പ്രിയപ്പെട്ട സാധനങ്ങൾ അവർ തട്ടാഞ്ചേരി മലയുടെ വടക്കുഭാഗത്ത്‌ എറിഞ്ഞുകൊണ്ടിരുന്നു. അതിൽ കളിപ്പാട്ടങ്ങളുണ്ടായിരുന്നു. പ്രേമലേഖനങ്ങളുണ്ടായിരുന്നു. പുസ്‌തകങ്ങളുണ്ടായിരുന്നു. മെഴുകുതിരികളുണ്ടായിരുന്നു. മുദ്രമോതിരങ്ങളുണ്ടായിരുന്നു....

ശവംതീനികൾ വട്ടമിട്ടു പറന്നുകൊണ്ടിരുന്നതല്ലാതെ തിന്നാൻ ആരംഭിച്ചിരുന്നില്ല. തട്ടാഞ്ചേരി മലയുടെ മുകളിൽ ഒരുകൂട്ടം ശവങ്ങൾ എത്തിയെന്നറിഞ്ഞ്‌ തട്ടാഞ്ചേരിക്ക്‌ ചുറ്റുമുള്ള ഏഴ്‌ കൊടുംങ്കാടുകളിൽ നിന്നും ഒരുകൂട്ടം കഴുകന്മാർ തട്ടാഞ്ചേരി മലയെ ലക്ഷ്യംവച്ച്‌ പറക്കാൻ തുടങ്ങി.

അവർ താഴ്‌വാരത്തിലെത്തിക്കഴിഞ്ഞു. മലമുകളിൽ നിന്ന്‌ അണ്ണാബാബുവും ഏദൻതോട്ടത്തിൽ നിന്ന്‌ വയസായ ആദവും ഹവ്വയും അവരെ നോക്കിനിന്നു. താഴ്‌വരയുടെ അറ്റത്തെ റോഡിൽ നിരന്നു കിടക്കുന്ന ബസുകൾ. അവർ അതിൽ കയറുകയാണ്‌. വലിയ വലിയ ദൈവങ്ങൾ കുടിയിരിക്കുന്ന നഗരങ്ങളിലേക്ക്‌ പോകുന്നവയാണ്‌ ആ ബസ്സുകൾ.....

ദീപ ഡി.എ

ശ്രീദലം, ടി.സി. 7&1079

ചിട്ടാറ്റിൻകര, വട്ടിയൂർകാവ്‌ പി.ഒ., തിരുവനന്തപുരം - 13.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.