പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ശേഷം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ദിപുശശി തത്തപ്പിള്ളി

ആർക്കോ, എപ്പോഴോ എവിടെയോ വെച്ച്‌ നഷ്‌ടമായ ഒരോർമ്മയുടെ തീക്ഷ്‌ണ നൊമ്പരം പോലെ, ബാലചന്ദ്രൻ കരിയിലകൾ വീണു കിടക്കുന്ന മുറ്റത്തു നിന്നു.

ഓർമ്മയുറയ്‌ക്കാത്ത മകനേയും, തനിക്കൊരിക്കലും മനസു തുറന്ന്‌ സ്‌നേഹിക്കാൻ കഴിയാതിരുന്ന; തന്നെ മാത്രം ആശ്രയിച്ചിരുന്ന ഭാര്യയേയും ഉപേക്ഷിച്ച്‌, വീഴ്‌ചകളെ തെല്ലും ഭയക്കാതെ ധൂർത്ത യൗവനത്തിന്റെ സമതലഭൂമിയിലേക്ക്‌ ധാർഷ്‌ട്യത്തോടെ നടന്നു കയറിയത്‌ ഇന്നലെയെന്നതുപോലെ അയാൾക്കു മുന്നിൽ തെളിഞ്ഞു. ഒരു ഹിരനായ്‌ നാടകത്തിലെ, രംഗബോധമില്ലാത്ത ഒരു പാവയെപ്പോലെ അയാൾ നിശ്ചലം നിന്നു.

തലയ്‌ക്കു മുകളിലൂടെ ചിലച്ചുകൊണ്ട്‌ പറന്നുപോയ ഒരു പറ്റം പക്ഷികൾ അയാളിൽ പരിസരബോധമുണർത്തി. പകപ്പോടെ, ബാലചന്ദ്രൻ ചുറ്റും നോക്കി. നേരം സന്ധ്യയാവുന്നു. താനിവിടെയിങ്ങനെ എത്ര നേരമായി നിൽക്കുന്നുവെന്ന്‌ അയാൾക്ക്‌ ഒരു നിശ്ചയവുമുണ്ടായിരുന്നില്ല.

ബാലചന്ദ്രന്റെ കണ്ണുകൾ പൂട്ടിക്കിടക്കുന്ന വീടിനു നേർക്ക്‌ നീണ്ടു. ഇരുപതു വർഷങ്ങൾ കാര്യമായ മാറ്റങ്ങൾ തന്റെ വീടിന്‌ വരുത്തിയിട്ടില്ലെന്നയാൾ മനസിലാക്കി.

അല്ല. ഇതിപ്പോൾ തന്റെ വീടെന്ന്‌ പറയാൻ പറ്റുമോ? ഇനിയൊരിക്കലും തിരിച്ചു വരില്ലെന്നുറപ്പിച്ചതാണ്‌...... എന്നിട്ടും..... തന്റെ ഗ്രാമത്തിന്റെ മുഖഛായ മാറിയിരിക്കുന്നത്‌ അയാൾ അറിഞ്ഞു. ഇങ്ങോട്ടു പോരുന്ന വഴികളിലൊരിടത്തും തന്റെ ബാല്യകൗമാരങ്ങളെ അടയാളപ്പെടുത്തിയ യാതൊന്നും അയാൾക്കു കാണാൻ സാധിച്ചിരുന്നില്ല. ഒരു പരിചിതമുഖം പോലും.

ഒരു പക്ഷേ, ഇരുപതു വർഷങ്ങൾ തങ്ങൾക്കിടയിൽ അപരിചിതത്വത്തിന്റെ ആവരണങ്ങൾ തുന്നിച്ചേർത്തിട്ടുണ്ടാവാം. അവശതയോടെ ബാലചന്ദ്രൻ വരാന്തയിലേക്കിരുന്നു. മുഷിഞ്ഞ ബാഗ്‌ വച്ചു.

ഗീതയും മകനും ഇപ്പോൾ എവിടെയായിരിക്കും? ഈ വീട്‌ അവർ മറ്റാർക്കെങ്കിലും വിറ്റുകാണുമോ? മോനെക്കുറിച്ചോർത്തപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു. അവൻ തന്നെ ഓർക്കുന്നുണ്ടാകുമോ? ആൾക്കൂട്ടത്തിൽ, പരസ്‌പരം അറിയാതെ ഒരു പക്ഷേ അവൻ തനിക്കൊപ്പം യാത്ര ചെയ്‌തിട്ടുണ്ടാവുമോ? നെഞ്ചിനുള്ളിൽ നിന്നും ഉതിർന്നു വന്നൊരു ചുമ, അയാളുടെ വരണ്ട തൊണ്ടയിൽ ശ്വാസം മുട്ടി.

കുറ്റബോധത്തിന്റെ കനലുകൾ അയാളെ എരിക്കാൻ തുടങ്ങിയിരുന്നു.

മയക്കു മരുന്നിന്റെയും ശരീരോൽസവങ്ങളുടെയും ലഹരിവളയങ്ങളിൽ ഉഴറി നടന്ന ദിനരാത്രങ്ങൾ അയാളെ നോക്കി പല്ലിളിച്ചു. ഒടുവിൽ, വൈറസുകൾ പുളച്ചു മദിക്കുന്ന രക്തം സിരകളിൽ കട്ടപിടിക്കാൻ തുടങ്ങും മുമ്പ്‌, ഒരാഗ്രഹമേ മനസിൽ ബാക്കിയുണ്ടായിരുന്നുള്ളൂ - മോനെ ഒന്നു കാണണം, ഗീതയോട്‌ മാപ്പു ചോദിക്കണം.

പ്രതിബന്ധങ്ങളെ തകർത്തെറിഞ്ഞ്‌ അലറിക്കുതിച്ചൊഴുകിയ ജലപ്രവാഹം, വിളറി ശോഷിച്ച്‌ ഉത്‌ഭവസ്‌ഥാനത്തേക്കു തന്നെ അഭയമന്വേഷിച്ചെത്തിയതു പോലെ, അയാൾ ആയാസത്തോടെ ചുമച്ചു കൊണ്ടിരുന്നു.

“ആരാ?” ചോദ്യം കേട്ട്‌ ബാലചന്ദ്രൻ മുഖമുയർത്തി. ഒരു മദ്ധ്യവയസ്‌ക്കൻ.

“ഞാൻ.... ഈ വീട്‌....” വാക്കുകൾ കിട്ടാതെ അയാൾ വിഷമിച്ചു.

“ഇത്‌, വാടകക്കു കൊടുക്കാൻ ഇട്ടേക്കുന്നതല്ല. ഇവിടുത്തെ അമ്മയും മോനും സിംഗപ്പൂരിലാണ്‌. രണ്ടുവർഷമായി ഇവിടെ നിന്നും പോയിട്ട്‌. വീട്‌ ഞങ്ങളെയാണ്‌ നോക്കാൻ ഏൽപ്പിച്ചിരിക്കുന്നത്‌. ശരിക്കും ഇതിന്റെ ഉടമസ്‌ഥൻ ഒരു ബാലചന്ദ്രൻ ആണ്‌. ഇവിടുത്തെ അമ്മയുടെ ഭർത്താവ്‌. അങ്ങേര്‌, ഭാര്യയേയും മകനേയും ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞതാ, 20 വർഷം മുമ്പ്‌ എന്നെങ്കിലും അയാൾ തിരിച്ചുവന്നാൽ, ഈ വീട്‌ തിരിച്ചേൽപ്പിക്കാൻ കാത്തിരിക്കുകയായിരുന്നു, അവർ. താക്കോൽ, ഞങ്ങളെ ഏൽപ്പിച്ചിട്ടാ പോയത്‌ - അയാൾ വരുമ്പോൾ കൊടുക്കാൻ.”

“അപ്പോൾ അവരിനി തിരിച്ചു വരില്ലേ?” ബാലചന്ദ്രന്റെ തൊണ്ടയിൽ ഒരു നിലവിളി മുറിഞ്ഞു.

“ഇല്ല എന്തിനു വരണം? ആ പയ്യനും ഭാര്യയും അമ്മയെ പൊന്നുപോലെയാ നോക്കുന്നെ. ഇനിയൊരു വരവുണ്ടാവില്ലെന്നു പറഞ്ഞിട്ടാ അവരു പോയത്‌. അതിരിക്കട്ടെ, നിങ്ങളറിയുമോ അവരെ?” അയാളുടെ മുഖത്ത്‌ സംശയത്തിന്റെ നൂല്‌ വലിയുന്നത്‌ ബാലചന്ദ്രൻ കണ്ടു.

“ഇല്ല..... ഞാൻ ഈ വീട്‌ വാടകക്കു കിട്ടുമോന്നറിയാൻ വേണ്ടി കയറിയതാ. ശരി..... പോട്ടെ.....”

ബാലചന്ദ്രൻ പതുക്കെ എഴുന്നേറ്റു. മുറ്റം കടന്ന്‌ പ്രധാന നിരത്തിലേക്ക്‌ ഇറങ്ങുമ്പോൾ അയാൾ വെറുതെ തിരിഞ്ഞു നോക്കി. വീടിന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നതയാൾ കണ്ടു.

കരയുന്ന വീടിനെ പിന്നിലാക്കി, ലക്ഷ്യമില്ലാതെ നടക്കുമ്പോൾ അയാൾക്കു ചുറ്റും ഇരുട്ട്‌ ചിറകു വിടർത്തി പറക്കാൻ തുടങ്ങിയിരുന്നു.

ദിപുശശി തത്തപ്പിള്ളി

വാഴക്കാല വീട്‌,

തത്തപ്പിളളി. പി.ഒ,

എൻ. പറവൂർ,

പിൻഃ 683520.


Phone: 0484-2440171, 9847321649




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.