പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വേലൻചോപ്പന്റെ കഴുത

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.കെ.പല്ലശ്ശന

വേലൻ ചോപ്പന്റെ കഴുത ചത്തിട്ട്‌ ഇന്നേക്ക്‌ ആറാണ്ടുകൾ തികയുകയാണ്‌. ചോപ്പൻ അലക്കു നിർത്തിയിട്ടും അത്രതന്നെ ആയിരിക്കുന്നു. ഗ്രാമത്തിലെ ചോപ്പൻ കുളത്തിന്‌ ഇപ്പോൾ ആ പേരുമാത്രം മിച്ചം.

ഒരു വ്യാഴവട്ടക്കാലം വേലൻ ചോപ്പനോടൊപ്പം വിഴുപ്പുചുമക്കുകയും വിശ്രമവേളകളിൽ കൂട്ടുപാതയിലെ കല്ലത്താണിക്കു കീഴെ ഒരു സമർപ്പണംപോലെ വന്നു നിൽക്കുകയും ചെയ്യാറുള്ള ചോപ്പന്റെ കഴുത ഗ്രാമത്തിന്റെ കൗതുകങ്ങളിൽ ഒന്നായിരുന്നു. അതിലുപരി ഉത്തമശകുനങ്ങളുടെ പട്ടികയിൽ ചോപ്പന്റെ കഴുതയും ഇടംപിടിച്ചിരുന്നു. ചോപ്പന്റെ കഴുതയെ കണികണ്ടാലും ശകുനം കണ്ടാലും അന്നത്തെ ദിവസം മോശമാവില്ലെന്ന വിശ്വാസത്തിന്‌ ഗ്രാമത്തിൽ പരക്കെ വേരോട്ടമുണ്ടായിരുന്നു. കാര്യം നേടിവരുന്നവരോട്‌ ചോപ്പന്റെ കഴുതയായിരുന്നോ കണി എന്ന ചോദ്യം പതിവായിത്തിർന്നു. ഗ്രാമത്തിലെ പാമ്പാട്ടി മുതൽ പ്രമാണിയായ പരമശിവൻ ചെട്ടിയാർ വരെയുള്ളവർ ചോപ്പന്റെ കഴുതയെ ഒരു തരം ആരാധനയൊടെയാണ്‌ കണ്ടിരുന്നത്‌.

പാമ്പാട്ടിക്ക്‌ ഇപ്പോഴത്തെ മൂർഖൻ പാമ്പിനെ കിട്ടിയതും പരമശിവൻ ചെട്ടിയാർക്ക്‌ പൊന്നിൽ പൊതിഞ്ഞ്‌ പെണ്ണിനെ കിട്ടിയതും ചോപ്പന്റെ കഴുതയുടെ മഹത്വം കൊണ്ടു മാത്രമാണെന്ന്‌ ഇവരുവരും പകൽപോലെ നമ്പുന്നു.

തോട്ടുവക്കത്തെ കൈതപ്പൊന്തയിൽ നിന്നും ഉലക്കപോലെത്തെ കരിമൂർഖനെ പൂപറിച്ചിടുന്നതുപോലെ കൂടയിലാക്കാൻ കഴിഞ്ഞത്‌ ചോപ്പന്റെ കഴുതയുടെ മുഖത്ത്‌ കണ്ണുമിഴിച്ചതു കൊണ്ടുമാത്രമാണെന്ന്‌ പാമ്പാട്ടിനമ്പുന്നു.

പാമ്പാട്ടിക്കു പാമ്പിനെ കിട്ടിയതുപോലെയാണ്‌ പരമശിവൻ ചെട്ടിയാർക്ക്‌ പെണ്ണിനെ കിട്ടിയതും. ഇരുപതാമത്തെ വയസ്സിൽ തുടങ്ങിയ പെണ്ണുനോട്ടത്തിന്‌ മുപ്പത്തിരണ്ടാം വയസ്സിലും ഫലമില്ലെന്നുവന്നപ്പോൾ പൊണ്ടാട്ടി വിധിച്ചിട്ടില്ലെന്നു സമാധാനിക്കാൻ തുടങ്ങിയ ചെട്ടിയാരുടെ അവസാനത്തെ ശ്രമമായിരുന്നു ആറുമുഖൻ ചെട്ടിയാരുടെ മകൾ പൂങ്കാവനം. സകല ദൈവങ്ങൾക്കും വഴിപാടുനേർന്ന്‌ പരിവാരങ്ങളുമായി പിടിയിറങ്ങുമ്പോൾ കണ്ടത്‌ പാതിവിഴുങ്ങിയ പഴത്തൊലിയുമായി തലകുമ്പിട്ടു വിലങ്ങനെ നിൽക്കുന്ന മുതുക്കൻ കഴുതയെയാണ്‌. മനസ്സുതളർന്നുപോയ ചെട്ടിയാർ യാത്ര ഉപേക്ഷിക്കാൻ തീരുമാനിച്ചതായിരുന്നു. കൂടെയുള്ളവർ ഏറെ നിർബന്ധിച്ചിട്ടാണ്‌ ചെട്ടിയാർ യാത്രതുടർന്നത്‌. കഷണ്ടിയും കുടവയറും പൊക്കക്കുറവുമുള്ള പരമശിവൻ ചെട്ടിയാരെ കണിവെള്ളരിപോലുള്ള പെണ്ണിനു ബോധിച്ചതും പൊന്നിൽ പൊതിഞ്ഞ്‌ പെണ്ണിനെ നൽകിയതും ഇന്നും ചെട്ടിയാർക്കു തന്നെ ഉൾക്കൊള്ളാൻ കഴിയാത്ത കാര്യങ്ങളാണ്‌.

അതിനുശേഷമാണ്‌ ചെട്ടിയാർ വേലൻ ചോപ്പനെ അലക്കേൽപ്പിക്കാൻ തുടങ്ങിയതും പ്രധാനയാത്രകളിലെല്ലാം ചോപ്പന്റെ കഴുതയെ ശകുനത്തിനേർപ്പാടാക്കിയതും. ചെട്ടിയാരുടെ ഉടമസ്‌ഥതയിലുള്ള ഏതു പലചരക്കു കടയുടെ മുന്നിൽ ചെന്നാലും ചോപ്പന്റെ കഴുതയ്‌ക്കു മധുരം നൽകണമെന്ന വ്യവസ്‌ഥവച്ചതും അന്നുമുതൽക്കാണ്‌.

വിഴുപ്പുകെട്ടും പേറിയുള്ള പതിവു പ്രയാണത്തിനിടെ കാലിടറിവീണ്‌ ചോപ്പന്റെ കഴുതകാലഗതി പ്രാപിച്ചത്‌ ഗ്രാമത്തിലെ ശകുന വിശ്വാസികളെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്‌. നാലു പതിറ്റാണ്ടുകാലം പഞ്ചായത്തു പ്രസിഡണ്ടായിരുന്ന മുത്തുവേലുച്ചെട്ടിയാർ മരിച്ചപ്പോൾ പോലും കാണാത്ത ആൾക്കൂട്ടമാണ്‌ ചോപ്പന്റെ കഴുതയെ അടക്കം ചെയ്യുന്നിടത്ത്‌ തടിച്ചുകൂടിയത്‌. അടക്കം ചെയ്യാനുള്ള സ്‌ഥലവും സകല ചെലവും വഹിച്ചത്‌ പരമശിവൻ ചെട്ടിയാരാണ്‌.

ആരുടെ പ്രേരണകൊണ്ടാണെന്നറിയില്ല, ആണ്ടോടാണ്ടുതികയുന്ന നാൾ കഴുതയെ അടക്കം ചെയ്‌തിടത്ത്‌ പരമശിവൻ ചെട്ടിയാർ ക്ഷേത്രത്തിന്റെ മാതൃകയിൽ ഒരു സ്‌മാരകം നിർമ്മിക്കുകയും കരിങ്കല്ലിൽ തീർത്ത കഴുതയുടെ ശില്‌പം പ്രതിഷ്‌ഠിക്കുകയും ചെയ്‌തു. വിരമറിഞ്ഞെത്തിയ പാമ്പാട്ടിയും കുടുംബവും കൽവിളക്കുനാട്ടി തിരിതെളിയിക്കുകയും കഴുതവിഗ്രഹത്തിൽ കൈതപ്പൂമാല ചാർത്തുകയും ചെയ്‌തതോടെ കാര്യങ്ങൾ കൈവിട്ടുപോയി. പാമ്പാട്ടിക്കു പിന്നാലെ പലരും വന്ന്‌ വിളക്കുതെളിയിക്കാനും മാല ചാർത്താനും പാടും പ്രാരാബ്‌ദങ്ങളും ഏറ്റുപറഞ്ഞ്‌ പനഞ്ചക്കരയും മറ്റും സമർപ്പിക്കാനും തുടങ്ങിയതോടെയാണ്‌ ചെട്ടിയാർ കാര്യസ്‌ഥനെ ‘കഴുതക്കാവിന്റെ’ പൂജാരിയാക്കിയത്‌. കാര്യസ്‌ഥൻ പൂജാരി ആഴ്‌ചയിലൊരിക്കൽ അന്നദാനം കൂടി ആരംഭിച്ചതോടെ കഴുതക്കാവിന്റെ വൃത്താന്തം പുഴകടന്ന്‌ അയൽഗ്രാമങ്ങളിലേയ്‌ക്കും പരന്നൊഴുകി.

ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ വിഴുപ്പുതുണികൊണ്ട്‌ തുലാഭാരം തൂക്കുന്ന ഏർപ്പാട്‌ കഴുതക്കാവിലെ പ്രധാനവഴിപാടായിത്തീർന്നു. പൊള്ളാച്ചിയിൽ നിന്നെത്തിയ ഒരു തമിഴൻ ഒരു കഴുതക്കുട്ടിയെ നടതള്ളി വിട്ടതോടെ അതും ഒരാചാരമായിത്തീർന്നു.

ഇതിനിടയിൽ വേലൻ ചോപ്പൻ തളർവാതം വന്നുകിടപ്പിലായതും ആറേഴുമാസങ്ങൾക്കുശേഷം അസ്‌ഥിപഞ്ജരം മാത്രമായി മണ്ണിലേയ്‌ക്കുമടങ്ങിയതും അധികമാരും അറഞ്ഞില്ല.

വഴിപാടായിവന്നുചേരുന്ന വിഴുപ്പുതുണികൾ അലക്കിവെളുപ്പിച്ച്‌ ലേലം ചെയ്‌തും നടതള്ളിവിടുന്ന കഴുതകളെ ചാപ്പകുത്തി പുഴമണൽ കടത്താൻ വാടകയ്‌ക്കുവിട്ടും പരമശിവൻ ചെട്ടിയാർ കളമറിഞ്ഞുകളിക്കാൻ തുടങ്ങിയതോടെയാണ്‌ കഴുതക്കാവ്‌ സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യമുയർന്നത്‌.

അതെന്തായാലും, അലക്കൊഴിഞ്ഞിട്ട്‌ ഒന്നിനും നേരമില്ലെന്നു വിലപിക്കുന്നവർക്കും അലക്കൊഴിഞ്ഞ ജീവിതത്തിന്‌ അർത്ഥമില്ലെന്നു വിചാരിക്കുന്നവർക്കും ഒരുപോലെ ആശ്വാസമേകുന്ന ഒരത്താണിയാണ്‌ ഇന്ന്‌ കഴുതക്കാവ്‌. പാടും പ്രാരാബ്‌ധവും വിഴുപ്പും ബുദ്ധിമാന്ദ്യവും ഉള്ളിടത്തോളം കാലം കഴുതക്കാവും ഉണ്ടാകും; തീർച്ച.

കെ.കെ.പല്ലശ്ശന

ആലുംപാറ,

പല്ലശ്ശന പി.ഒ,

പാലക്കാട്‌.

678 505
Phone: 9495250841




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.