പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പാണ്ടിക്കാറ്റ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.എൻ.പ്രകാശ്‌

കഥ

ശിങ്കാരശിവം തേനിയിൽനിന്ന്‌ രാജമലൈയിലെ കാറ്റിനൊപ്പമാണ്‌ മൂന്നാറിലേക്ക്‌ പറന്നെത്തിയത്‌. ഒരേ ഒരു ദൗത്യം, തിരുവേലുവിനെ സന്ധിക്കണം. കണ്ണു ചിമ്മിത്തുറക്കും മുമ്പെയാണ്‌ അവൻ വഴുതിപ്പോയത്‌. അതും ശിങ്കാരശിവത്തിന്റെ പൊണ്ടാട്ടിയുടെ നെഞ്ചിൽ നിന്ന്‌.

തേനിയിലെ മധ്യാഹ്‌നത്തിന്‌ നാട്ടുചാരായത്തിന്റെ ചൂരാണ്‌. ചില നേരങ്ങളിൽ രാജമലൈയിൽ നിന്നെത്തിയ ഊതക്കാറ്റിന്റെ ഈർപ്പവും കാണും. പച്ചക്കറിച്ചന്ത മയക്കത്തിലായിരുന്നു. ശിങ്കാരശിവം വല്ലാതെ ഉണർന്നു. ഇന്നിനി അട്ടിമറി വേണ്ട. പുതുപ്പെണ്ണിനെ ഒന്നു കാണണം. രണ്ടാഴ്‌ചയല്ലേ ആയുളളൂ അവളെ കുടിയിരിത്തിയിട്ട്‌. പൂതി തീർന്നിട്ടില്ല. അവളുടെ ഉടമ്പിന്റെ മണം ഞരമ്പുകളിലൂടെ അരിച്ചരിച്ചു നടക്കുന്നു. ചോന്ന കോൾട്ടാർ സോപ്പിന്റെയും കടുകെണ്ണയുടേയും കാട്ടുമഞ്ഞളിന്റെയും മണം. ആ മണമാണ്‌ ഉച്ച തെറ്റിയ നേരത്ത്‌ കുടിലിന്റെ വാതിൽ തളളിത്തുറക്കാൻ ശിങ്കാരശിവനെ പ്രേരിപ്പിച്ചത്‌.

തിരുവേലുവിനെ ഒരു നോക്കേ കണ്ടുളളൂ. ഉടുമുണ്ടും റാഞ്ചി അവനെങ്ങിനെയാണ്‌ രക്ഷപ്പെട്ടതെന്ന്‌ അറിയില്ല. ഒരാൾക്ക്‌ കഷ്ടിച്ച്‌ കേറാവുന്ന വാതിലിൽ കരിങ്കൽപാളിപോലെ നിൽക്കുകയായിരുന്നു ശിങ്കാരശിവം... മലർന്നടിച്ച്‌ വീണതു മാത്രം ഓർമ്മയുണ്ട്‌.

എടേയ്‌, തിരുടൻ തിരുവേലൂ......സൊമാലി...... ഉന്നെ നാൻ.....

അലറിക്കൊണ്ട്‌ ചാടിയെഴുന്നേൽക്കുമ്പോൾ മലയിറക്കത്തിൽ ഒരു കൊടിക്കൂറ പാറുന്നതാണ്‌ ശിങ്കാരശിവം കണ്ടത്‌. തിരുടൻ തിരുവേലുവിന്റെ ഉടുമുണ്ടിന്റെ അറ്റം.

കൈയ്യിൽ കിട്ടിയത്‌ കുഴിയമ്മിയുടെ കുഴയാണ്‌. പുതുപ്പെണ്ണിനെ കുടിയിരുത്തുമ്പോൾ ശിങ്കാരശിവം സ്വന്തം കൈക്കൊണ്ട്‌ പണിതത്‌. ഒറ്റയേറാണ്‌. പുതുപ്പെണ്ണിന്റെ കടുകുനിറമുളള നെഞ്ചിലാണ്‌ കൊണ്ടത്‌. കാട്ടുമഞ്ഞൾ തേച്ചു പുരട്ടിയ കറുത്ത ദൃഢമായ കുഞ്ഞുമുലകൾക്കിടയിൽ, കൃത്യമായി....... പുതുപ്പെണ്ണ്‌ പിന്നാക്കം മലച്ചു. ഒരു കരിവീട്ടി വീഴുന്നതുപോലെ. ഒരു ചവിട്ടുകൊടുക്കാൻ ശിങ്കാരശിവം വലതുകാൽ പൊക്കിയതാ. ഒരു ഞേളയിടലിന്റെ ഒച്ച. അവൻ പിന്തിരിഞ്ഞു. ചാവാൻ പോകുന്നതിനു തൊട്ടുമുമ്പുളള ഒച്ചയാണത്‌. അമ്മിക്കുഴ അവളുടെ തുടകൾക്കിടയിലാണുളളത്‌. അവനത്‌ നോക്കി അലറി.....

“റൊമ്പ പ്രമാദം......അടടാ......അഴകാന കാഴ്‌ചൈ......”

പുതുപ്പെണ്ണിന്റെ മൂക്കിനുതാഴെ വിരൽ വയ്‌ക്കണമെന്ന്‌ താഴ്‌വാരത്തേക്ക്‌ തിരിക്കും മുമ്പെ ശിങ്കാരശിവം ഓർത്തതാണ്‌. ഒരടി അവളുടെ അടുത്തേക്ക്‌ നടന്നടുത്തതുമാണ്‌. ഒരധൈര്യം. ചന്തയിലും താഴ്‌വാരത്തും മരണങ്ങൾ ഒരുപാടു കണ്ടതാണ്‌. ആഘോഷിച്ചതുമാണ്‌. ചരക്കിറക്കുമ്പോൾ ഒടുങ്ങിപ്പോയ വേലാണ്ടിയുടെ ശവം ഒറ്റയ്‌ക്ക്‌ ചുമലിലിട്ട്‌ സർക്കാർ ആശുപത്രിയിൽ മോർച്ചറിയിൽ കിടത്തിയവനാണ്‌ ശിങ്കാരശിവം. പുതുപ്പെണ്ണിന്റെ മുന്നിൽ അവൻ പതറിപ്പോയി. ഒരു നിമിഷം..... മുട്ടുകാലുകളിലെ വിറനിന്നു. ധൈര്യം ഞരമ്പുകളിൽ കരണ്ടുപോലെ പാഞ്ഞെത്തി. പുതുപ്പെണ്ണിനെ കുടിലിൽ ഉപേക്ഷിച്ച്‌ കൊടിക്കൂറ പാറിപ്പറന്ന ദിശ ലക്ഷ്യമാക്കി ശിങ്കാരശിവം പറപറന്നു.

തേനിയിൽ നിന്ന്‌ രാജമലൈയിലേക്ക്‌ അവിടെ നിന്ന്‌ ഒരു ലൊടക്കാസ്‌ വാനിൽ കയറി മൂന്നാറിലേക്ക്‌. മലയിറക്കത്തിൽ വരയാടുകൾ ഇടിമിന്നൽപോലെ രാജമലൈയിൽ ഓടി മറയുന്നത്‌ ശിങ്കാരശിവം കണ്ടു. മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ നോക്കെത്താത്ത പച്ചപ്പിൽ ശിങ്കാരശിവത്തിന്റെ മനസ്‌ കുളിർത്തില്ല. നിറയെ പ്രതികാരമാണ്‌. കുത്തിക്കീറേണ്ട പക. തിരുവേലുവിന്റെ വാരിപ്പളളയിൽ അരയിലുളള പിച്ചാത്തി കയറ്റണം. അത്‌ പാക്ക്‌ വെട്ടാൻ മാത്രമുളളതെന്ന്‌ ആ തായാളിയെ ബോധ്യപ്പെടുത്തണം.

അതിർത്തി കടന്നപ്പോൾ ശിങ്കാരശിവത്തിന്‌ ഒരുണർവൊക്കെ വന്നു. അരികിലുളള ചാക്കുകെട്ടിലിരിക്കുന്ന കരിമ്പിച്ചിപെണ്ണിന്റെ ചന്തി തന്റെ മുട്ടിലാണ്‌ കുത്തിനിർത്തിയിരിക്കുന്നത്‌. അവൻ അറപ്പോടെ അവളെ നോക്കി, ഒരു തരം അവജ്ഞ നിറഞ്ഞ നോട്ടം. പെൺജാതി ഇങ്ങനെയായിപ്പോയല്ലോ എന്ന ഖേദം. കാൽ പറിച്ചെടുത്ത്‌ വാനിന്റെ ജരാനര ബാധിച്ച ബോഡിയിൽ ചാരി വെച്ചു. കളളയുറക്കം നടിച്ചിരുന്ന കരിമ്പിച്ചി സൂത്രത്തിൽ ശിങ്കാര ശിവത്തെ കൺമിഴിച്ചുഴിഞ്ഞു.

മഞ്ഞിൻ പടലത്തിലൂടെ കാണുന്ന മൂന്നാർ മുനിഞ്ഞു കത്തുന്ന ഒരു മൺചെരാതുപോലുണ്ട്‌. ആരും എണ്ണ പകരാത്ത അവസ്ഥ. പയ്യെപ്പയ്യെ ശൈത്യം പെരുത്തു. കാഴ്‌ചകൾ തെളിഞ്ഞു. പുഴയ്‌ക്ക്‌ അപ്പുറവും ഇപ്പറവും വളർച്ച മുരടിച്ചുപോയ മൂന്നാറിന്റെ കറുത്ത മണ്ണിൽ രണ്ടാമതൊരിക്കൽ ശിങ്കാരശിവം കാൽ കുത്തി.

അപ്പാവിന്റെ കൂടെയായിരുന്നു ആദ്യത്തെ വരവ്‌. അമ്മാവിനോട്‌ അടിച്ചുപിരിഞ്ഞ്‌ തന്നെയും കൂട്ടി അപ്പാവ്‌ മൂന്നാറിലേക്ക്‌ കടന്നതാണ്‌. കുടിലിലെ മൺപാത്രങ്ങളെല്ലാം അപ്പാവ്‌ ചവിട്ടിപ്പൊട്ടിക്കുന്നത്‌ ഓർമ്മയിലുണ്ട്‌. അമ്മാവിന്റെ മുടിക്കുത്തിനു പിടിച്ച്‌ ഉലയ്‌ക്കുന്നതും ചവിട്ടി ഉരുട്ടുന്നതും രസിച്ചു നോക്കിയിട്ടുണ്ട്‌. എല്ലാം തീർന്നപ്പോൾ കുട്ടിച്ചേതിയിൽ വിരണ്ടുനിൽക്കുന്ന തന്റെ കൈയും പിടിച്ച്‌ അപ്പാവ്‌ ഒറ്റ നടപ്പാണ്‌.

ബസ്‌സ്‌റ്റാന്റിലാണ്‌ ചാക്കുകെട്ട്‌ തലയ്‌ക്കടിയിൽ വെച്ച്‌ ഉറങ്ങിയത്‌. കുടിലിൽ നിന്ന്‌ അപ്പാവ്‌ ചൂണ്ടിയതായിരുന്ന ചാക്കുകെട്ട്‌. അപ്പാവ്‌ കുടിലിൽ ഉറങ്ങുന്നതുപോലെ തന്നെ ഉറങ്ങി. കൂർക്കം വലികൾക്കിടയിൽ, വിടമാട്ടേൻ..... കളളപ്പയലേ, ഉന്നെ നാൻ വിടമാട്ടെ..... എന്ന്‌ പതിവുപടി മുക്രയിട്ടുകൊണ്ടിരുന്നു. ശിങ്കാര ശിവം കണ്ണുകളടച്ച്‌ വെറുതെ കിടന്നു. തണുപ്പ്‌ തുടകളിലൂടെ ഉടലിലേക്ക്‌ കയറിക്കൂടിയപ്പോൾ ചാക്കുകെട്ട്‌ നിവർത്തി അതിനു ളളിലൊളിക്കാൻ അവനൊരു ശ്രമം നടത്തി. ചാക്കുകെട്ട്‌ തൊടേണ്ട താമസം അപ്പാവ്‌ എഴുന്നേറ്റ്‌ അമറി.

തൂക്കം വരില്യയാ സോമ്പേരി പയലേ.....?

ശിങ്കാരശിവം കണ്ണുതുറന്നില്ല. അപ്പാവിന്റെ കാല്‌ അമ്മാവിന്റെ നാഭിക്ക്‌ ഉയരുന്ന കാഴ്‌ചയാണ്‌ അകക്കണ്ണിൽ തെളിയുന്നത്‌. ആ കാൽ എപ്പോഴാണ്‌ തന്റെ കഴുത്തിൽ അമരുകയെന്ന്‌ അറിഞ്ഞു കൂടാ. ഉറങ്ങിയപ്പോയതും ഞെട്ടിയുണർന്നതും ഒരേ സമയത്താണ്‌. കഴുത്തിൽ തടവിനോക്കി. ഒന്നുമില്ല. എവിടെ അപ്പാവ്‌? എവിടെ തലയ്‌ക്ക്‌ ചേർത്തുവച്ച ചാക്കുകെട്ട്‌? ശിങ്കാരശിവം ബസ്‌സ്‌റ്റാന്റിന്റെ ശൂന്യതയിലും തണുപ്പിലും കിടുങ്ങി, പടിഞ്ഞാട്ട്‌ നീങ്ങുന്ന നിഴലിനെ നോക്കി അവൻ ഓടി. മഞ്ഞിൻമറയിൽ അകലുന്ന രൂപത്തിന്റെ കൈയിലൊരു കൊച്ചുകെട്ടുമുണ്ട്‌. അവൻ പിന്നാലെ പാഞ്ഞു. അപ്പാവേ....അപ്പാവേ....എന്ന്‌ ആർത്തു വിളിച്ച്‌.....

രൂപം തിരിഞ്ഞു നിന്നു. ശിങ്കാരശിവം ബസ്‌സ്‌റ്റാൻഡിലേക്ക്‌ തിരിഞ്ഞോടി. പിന്നെയവൻ പുലരാൻ നിന്നില്ല. രാജമലൈയിലേക്കുളള വഴിതേടി. തേയിലത്തോട്ടങ്ങളെ കീറിമുറിച്ചോടുന്ന അറക്കവാളുപോലുളള റോട്ടിലൂടെ അവൻ നടന്നു. പകൽ നിറയെ സൂര്യൻ അവനു തുണയായി. ഒരു പകലും ഒരു രാത്രിയും. അതിർത്തി കടന്നവൻ കുടിലിലേക്ക്‌ കാൽ നീട്ടി. മരണം കുടിയൊഴിഞ്ഞിരിക്കുന്നു.

“യെനിക്ക്‌ യാരുമില്ലൈ.....അമ്മാവും അപ്പാവും യില്ലൈ..... യാറും....യാറും........അവന്റെ ആർത്തലയ്‌ക്കൽ ഒരു കാട്ടാറുപോലെ താഴ്‌വാരത്തേയ്‌ക്ക്‌ ഒഴുകിപ്പോയി.

അതേ ബസ്‌സ്‌റ്റാന്റ്‌....... മാറ്റങ്ങൾ എത്രയെന്നറിയില്ല. ഓർമ്മയിലൊന്നും തികട്ടിവരുന്നില്ല. തണുപ്പിന്റെ കാരമുളളുകൾ പഴയതു പോലെ കുത്തിനോവിക്കുന്നില്ല. അപ്പാവും താനും മാത്രം കിടന്നുറങ്ങിയ ബസ്‌സ്‌റ്റാന്റിൽ പുലരും വരെ ഒച്ചയും ഓശയും. ഒരു പോള കണ്ണടച്ചില്ല. കുറെ മനക്കണക്കുകൾ ചെയ്‌തു നോക്കി.

തേനിയിൽ നിന്നെത്തിയ രാജമാണിക്കമാണ്‌ ഇവിടുത്തെ ഇൻസ്‌പെക്ടർ. ചന്തയിൽ വെച്ച്‌ പരിചയപ്പെട്ടതാണ്‌. അയാളുടെ ചിന്നവീട്ടിലേക്ക്‌ മാസാമാസം പലവ്യഞ്ജനങ്ങൾ എത്തിക്കാൻ ഏർപ്പാടാക്കിയത്‌ തിരുവേലുവിനെയാണ്‌. പൊണ്ടാട്ടിവീട്ടിൽ സംഗതി അറിയരുത്‌. അറിഞ്ഞാൽ രാജമാണിക്കം തീർന്നു. പൊണ്ടാട്ടി അത്രയും കട്ടിക്കാരി. രാജമാണിക്കം തേനിയിലെത്തിയാൽ ആദ്യം ചാടുന്നത്‌ വെപ്പാട്ടി വീട്ടിലേക്ക്‌. കൂടെ തിരുവേലു. തിരുവേലുവിന്റെ ഒപ്പം ശിങ്കാരശിവം. മൂന്നാറിൽ നിന്നു കൊണ്ടുവന്ന കുതിര റം കാണും. ചിന്നവീട്ടിലെ ഏറുമാടം പോലുളള തട്ടിൻപുറത്തിരുന്ന്‌ മൂന്നുപേരും റമ്മടിക്കും.

ഏറുമാടം രാജമാണിക്കത്തിന്റെ ഭാവനയിൽ വിടർന്ന ആശയമാണ്‌. ഏറുമാടത്തിന്റെ കണ്ണുവെട്ടിച്ച്‌ ആർക്കും കടന്നുവരാനാവില്ല. പോരാത്തതിനൊരു ഇരട്ടക്കുഴൽ തോക്കും രാജമാണിക്കം സൂക്ഷിച്ചിട്ടുണ്ട്‌.

തോക്കിൽ ഉണ്ടയില്ല. റമ്മടിച്ച്‌ പിരിയായപ്പോൾ രാജമാണിക്കം തന്നെ പറഞ്ഞതാണ്‌. സാധാരണ പിപ്പിരിയാകാൻ അയാൾ നിൽക്കില്ല. റം വീഴ്‌ത്തി ‘ഒരു നിമിഷം’ എന്നും പറഞ്ഞ്‌ അയാൾ താഴെപ്പോകും. തൂങ്ങി വീഴാൻപോകുന്ന തുറുകണ്ണുകളുമായി കുറെനേരം കഴിഞ്ഞ്‌ അയാൾ ഏറുമാടത്തിൽ കയറിവരും.

അവസാനത്തെ കൂടിക്കാഴ്‌ചയിൽ, താഴെപോയ ഉടനെ രാജമാണിക്കം തിരിച്ചെത്തി. അയാൾ കുടിതുടങ്ങി. റം തീരുന്നതുവരെ കുടിച്ചു. ആയാസപ്പെട്ട്‌ എഴുന്നേറ്റ്‌ മൂലയിൽ ചാരിവെച്ച തോക്കെടുത്ത്‌ ശിങ്കാരശിവത്തിനും തിരുവേലുവിനും നേരെ മാറിമാറി ഉന്നമിട്ടു.

ഇറണ്ടിനേം ശുട്ടുപോട്ടും നാൻ.....

ശിങ്കാരശിവം ചാടിയെഴുന്നേറ്റു. തിരുവേലു മനസിടിഞ്ഞ്‌ കുഴഞ്ഞിരിപ്പാണ്‌.

ഏൻ ഭയപ്പെട്‌റേൻ.....ഇത്‌ ഉണ്ടയില്ലാത്തുപ്പാക്കി.

രാജമാണിക്കം ഒരു കാള മുക്രയിടുന്നതുപോലെ ചിരിക്കാൻ തുടങ്ങി......

ഉടഞ്ഞഹൃദയവും ഒഴിഞ്ഞ വയറുമായാണ്‌ ശിങ്കാരശിവം പുലർച്ചെ പോലീസ്‌ സ്‌റ്റേഷനിലെത്തിയത്‌. ചാരായച്ചൂരിൽ ചുമരും ചാരി കൂർക്കം വലിച്ചുറങ്ങുന്ന പാറാവിനെ തടഞ്ഞ്‌ വഴിമുട്ടിയ മട്ടിൽ അവൻ നിന്നു. കാട്ടിയുടെ ചിത്രമുളള ചാരായത്തിന്റെ പൈന്റ്‌ കുപ്പി കീശയിൽ നിന്ന്‌ ശിങ്കാരശിവത്തെ എത്തിനോക്കി. സർവീസ്‌ തോക്ക്‌ ക്രോസ്‌ബെൽറ്റായി പെരിയ വയറിന്‌ കുറുകെ വീണു കിടക്കുന്നു. ഇത്തിരി ചാരായം കുപ്പിയിലുണ്ട്‌. ശിങ്കാരശി വത്തിന്‌ ആർത്തി മൂത്തു. വരുന്നതുവരട്ടെ എന്നു കരുതി കുപ്പി തൊടേണ്ട താമസം പാറാവുകാരൻ ചാടിയെഴുന്നേറ്റു. തോക്കെടുത്ത്‌ അറ്റൻഷനിൽ നിന്ന്‌ സല്യൂട്ടു ചെയ്‌തു. മങ്കീകേപ്പ്‌ മാറ്റിയപ്പോൾ പാറാവുകാരൻ വെറും മാണിക്കമായി. രാജമാണിക്കം. ശിങ്കാരശിവം സാക്ഷാൽ ശിവനായി. അവന്റെ തോക്ക്‌ തട്ടിപ്പറിച്ച്‌ പാത്തികൊണ്ട്‌ ഒന്നു പൂശിയാലോ? ത്‌ഫൂ....ഒറ്‌ ഇൻസ്‌പെക്ടർർർ.......

”എന്നടാ ഓത്ത ഇന്തപക്കം എത്‌ക്ക്‌ വന്തര്‌ക്ക്‌?

സാദാ പോലീസായിട്ടും മൂച്ചിന്‌ ഒട്ടും കുറവില്ല. ശിങ്കാരശിവം ഒട്ടുനേരത്തേക്ക്‌ ഒന്നും മിണ്ടിയില്ല. പല്ലിറുമ്മി ഞെരിച്ച്‌ തിരുമാലിയെക്കുറിച്ച്‌ ആരാഞ്ഞു.

“ഒന്നുമേ പുരിയാത്‌. യതാവത്‌ കമ്പ്ലയിന്റ്‌ പണ്ണി തിരുമ്പിപ്പോയ്‌റേൻ.”

സംശയത്തിന്റെ കണ്ണുകൾ നീട്ടി ശിങ്കാരശിവം രാജമാണിക്കത്തെ ഒന്നു കുത്തി. അയാളൊന്നു പുളഞ്ഞു. രാജാമാണിക്കത്തിന്റെ കളളനോട്ടത്തിൽ ശിങ്കാരശിവം അപകടം മണത്തു.

ഉക്കാറ്‌ നാൻ ശീഘ്രം വര്‌വേൻ -

രാജമാണിക്കം സ്‌റ്റേഷന്റെ ഉളളിലേക്ക്‌ കയറേണ്ട താമസം ശിങ്കാരശിവം പുറത്തിറങ്ങി. മൂന്നാർ പുഴയ്‌ക്ക്‌ ഒരു തോടിന്റെ വീതിയേയുളളൂ. ആഴം ഇത്തിരി ജാസ്‌തിയാണ്‌. കുറുകെയുളള ചെറിയപാലം ശീഘ്രം കടന്ന്‌ ശിങ്കാരശിവം അപ്പുറത്തെത്തി. ഇതേ പാലത്തിലൂടെ തിരുമാലിയിപ്പോൾ വരും തീർച്ച. രാജമാണിക്കത്തിന്റെ കണ്ണുകൾ പറഞ്ഞത്‌ അതാണ്‌. അതു മാത്രമാണ്‌. ഈ വഴിയിലൂടെയല്ലാതെ മറ്റൊരു വഴിയിലൂടെയും രക്ഷപ്പെടാൻ അവനാവില്ല. തീർച്ച. ശിങ്കാരശിവം ഇടുപ്പിലെ പിച്ചാത്തിപ്പിടിയിൽ കൈചേർത്തു കാത്തുനിന്നു.

ടി.എൻ.പ്രകാശ്‌

തീർത്ഥം, വാരം.പി.ഒ., കണ്ണൂർ-670594


Phone: 0497 2721897




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.