പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പരിണാമത്തിന്‌ ചില അനുബന്ധങ്ങൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.ആർ.ഹരി

കഥ

നാലാംഘട്ട വോട്ടെടുപ്പ്‌ കഴിഞ്ഞ ദിവസമായിരുന്നു അത്‌. അറുപത്തിയാറു ശതമാനം പോളിംഗും മൊത്തം ഇരുപത്തിയാറു മരണങ്ങളും പല ടിവികളും റിപ്പോർട്ടു ചെയ്‌തു. കാലം തെറ്റിവന്ന ഒരു ചാറ്റൽമഴ റോഡിൽ നിന്നും കടകളുടെ മുന്നിൽ നിന്നും ആളുകളെ ആട്ടിപ്പായിച്ചു. എല്ലാവരും എത്രയും പെട്ടെന്ന്‌ എവിടെയൊക്കയോ അപ്രത്യക്ഷരായി. ചാറ്റൽ ഒന്ന്‌ നിന്നപ്പോൾ ആളുകൾ ഏതൊക്കയോ ചിറകിൻ കീഴിൽ നിന്നിറങ്ങി തെരുവുകളിൽ വീണ്ടും വിഹരിക്കുവാൻ തുടങ്ങി. ഒരു വികൃതിക്കുട്ടി കണക്കെ മഴ പിന്നെയും പെയ്‌തു തുടങ്ങുകയും ആളുകളെ ഓടിക്കുകയും ചെയ്‌തുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട്‌ ശാർങ്ങ്‌ഗധരൻ മുഗൾപാലസ്‌ അപ്പാർട്ടുമെന്റിലെ നാലാം നിലയിലെ തന്റെ ഫ്ലാറ്റിൽ, പോർട്ടിക്കോവിലെ ആട്ടുകട്ടിലിൽ പെൺകുട്ടിയുടെ മടിയിൽ തലവെച്ചു കിടന്നു. അയാളുടെ വെളളി നിറങ്ങളുടെ തലമുടിയിഴകളിൽ പെൺകുട്ടിയുടെ നഖമിനുക്കങ്ങൾ - അലസചലനങ്ങളുടെ ചുരുളുകളായി ഇളകിക്കൊണ്ടിരുന്നു.

അൽക്ക അവളുടെ മുറിയിൽ കമ്പ്യൂട്ടറിൽ - ഏതോ സൈബർ സൗഹൃദങ്ങളുമായി രമിക്കുകയായിരുന്നു. ഇത്തിരി കഴിഞ്ഞ്‌ അവൾ പുറത്തുവന്നപ്പോൾ കണ്ടത്‌ ശാർങ്ങ്‌ഗധരന്റെ ശയനമാണ്‌. ആ പെൺകുട്ടി അവളെ നോക്കി ചിരിക്കുവാൻ ശ്രമിച്ചു. ഏകദേശം അവളുടെ പ്രായമെയുളളൂ. കൂടിപ്പോയാൽ പത്തൊൻപത്‌. അൽക്കയും, മമ്മിയും, ഡാഡിയും മുഗൾപാലസിലേക്ക്‌ താമസം മാറിയിട്ട്‌ ആഴ്‌ചകളേ ആയിട്ടുളളൂ. നഗരത്തിന്റെ നക്ഷത്രം എന്ന്‌ വിശേഷിപ്പിക്കാവുന്ന മുഗൾപാലസ്‌ അതിമനോഹരമായാണ്‌ പണി കഴിപ്പിച്ചിരിക്കുന്നത്‌. അൽക്ക ഒരു പ്രതികരണവും നൽകാതെ മുഖം തിരിച്ച്‌ അകത്തേക്ക്‌ കയറിപ്പോന്നു. ഫ്രിഡ്‌ജ്‌ തുറന്ന്‌ ഏതോ ഒരു സോഫ്ട്‌ ഡ്രിങ്കിന്റെ ടിന്നെടുത്ത്‌ പൊട്ടിച്ചു കുടിച്ചുകൊണ്ട്‌ വീഡിയോഫോണിലൂടെ അവൾ ആരേയോ ബന്ധപ്പെടാൻ ശ്രമിച്ചു.

തിരഞ്ഞെടുപ്പിന്റെ സമയമായതുകൊണ്ടാകാം പാർട്ടിയോഫീസിന്‌ മുന്നിൽ ധാരാളം വാഹനങ്ങൾ പാർക്കു ചെയ്‌തിട്ടുണ്ടായിരുന്നു. പഴയ മാതൃകയിലുളള ആ കൂറ്റൻ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ വിശാലമായ കോൺഫറൻസു ഹാളിൽ, ഭിത്തികളിൽ ഉറപ്പിച്ചിരുന്ന വിക്‌ടോറിയൻ മാതൃകയിലുളള ഫാനുകൾ അവയ്‌ക്കു താഴെ നിരനിരയായി വച്ചിരുന്ന നേതാക്കൻമാരുടെ ചിത്രങ്ങളിലേക്ക്‌ കാറ്റ്‌ വീശിക്കൊണ്ടിരുന്നു. അതിന്റെ ആശ്വാസമാകാം, അവരുടെ മുഖങ്ങളിൽ കാണാനുണ്ടായിരുന്നു. കോൺഫറൻസ്‌ ഹാൾ ഒഴിഞ്ഞുകിടന്നു. താഴെ ഓഫീസ്‌ ജോലിക്കാരും, പാചകക്കാരും തിരക്കുപിടിച്ച്‌ ഓടി നടക്കുന്നുണ്ടായിരുന്നു.

സായാഹ്‌നപത്രങ്ങളുടെ മുഖപേജിൽ തിരഞ്ഞെടുപ്പിനേക്കാൾ ചൂടേറിയ വാർത്ത മയക്കുമരുന്നുമായി പിടിയിലായ ഒരു സ്‌ത്രീയെ കുറിച്ചായിരുന്നു. അവരുടെ ഗുഹ്യഭാഗങ്ങളിലെവിടെയൊക്കയോ കോണ്ടങ്ങളിൽ നിറച്ച മയക്കുമരുന്നുകൾ ഒളിപ്പിച്ചിരുന്നു. ചാനലുകളും ആ വാർത്ത ചിത്രങ്ങൾ സഹിതം മാറി മാറി സംപ്രേക്ഷണം ചെയ്‌തുകൊണ്ടിരുന്നു. “കാൺമാനില്ല” എന്ന തലക്കെട്ടോടെ നഗരത്തിൽ നഷ്ടപ്പെട്ട രണ്ട്‌ പട്ടിക്കുട്ടികളെക്കുറിച്ചുളള പരസ്യങ്ങളും മുഖപേജിൽ തന്നെയുണ്ടായിരുന്നു. ഡാൽമേഷ്യനും, പെക്കിഞ്ചീസും വിഭാഗത്തിൽപ്പെട്ട അവരെ കണ്ടെത്തുന്നവർക്ക്‌ നല്ല തുക പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

മുഗൾപാലസിന്റെ മുന്നിലുളള റോഡിൽ ഏതോ വാഹനം അലർച്ചയോടെ ബ്രേക്കിട്ടു. ഏതാനും മിനിട്ടുകൾക്കുളളിൽ ഒരു റസ്‌ക്യുവാൻ അവിടേക്കു പാഞ്ഞുവന്നു. അൽക്ക ഒരുങ്ങി പുറത്തേക്ക്‌ ഇറങ്ങാൻ തുടങ്ങുമ്പോഴാണ്‌ അത്‌ സംഭവിച്ചത്‌. അവൾ അത്‌ ശ്രദ്ധിക്കാതെ പാംടോപ്പ്‌ കാറിന്റെ നാവിഗേഷൻ സിസ്‌റ്റവുമായി ഘടിപ്പിച്ച്‌, ചൈനിസ്‌ കളിക്കോപ്പ്‌ മാതിരിയുളള അവളുടെ ഇലക്‌ട്രിക്‌ കാർ ഓടിച്ച്‌ പുറത്തേക്ക്‌ പോയി. അവളുടെ പാംടോപ്പിന്‌ ഫ്ലാറ്റിലെ വീട്ടുപകരണങ്ങളും, സെക്യൂരിറ്റി സംവിധാനങ്ങളുമായി ആശയവിനിമയം നടത്താനുളള സൗകര്യങ്ങൾകൂടിയുണ്ട്‌.

സിറ്റി ഹോസ്‌പിറ്റലിന്റേയും, നേഴ്‌സിംഗ്‌, ഫാർമസികോളേജുകളുടേയും അഡ്‌മിനിസ്‌ട്രേറ്റർ ആയ സിസ്‌റ്റർ ഇലക്‌ട്ര സന്ധ്യയ്‌ക്ക്‌ മുകളിലത്തെ നിലയിൽ ആരെയോ ഉറക്കെ ശകാരിച്ചുകൊണ്ട്‌ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്‌ കാണാമായിരുന്നു. ഒന്നാംവർഷ നേഴ്‌സിംഗ്‌ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിന്റെ ഏഴാം ദിവസമായിരുന്നു അത്‌. എല്ലാ സിസ്‌റ്റർമാരോടും, വിദ്യാർത്ഥിനികളോടും മെഴുകുതിരി കത്തിച്ചു പിടിച്ച്‌, തലകുനിച്ച്‌ മൗനമായി പ്രാർത്ഥിച്ചുകൊണ്ട്‌ കാംപസിന്റെ നടവഴികളിലൂടെ നിരനിരയായി നീങ്ങുവാൻ അവർ കൽപ്പിച്ചു. പുറത്ത്‌ ഓട്ടോറിക്ഷ-ബേയിലെ നീണ്ട ക്യൂവിൽ നിന്ന്‌ ആ മൗനപ്രദക്ഷണത്തിനു നേരെ ചൂളം വിളികളും, കമന്റുകളും ഉയർന്നു. അവർക്ക്‌ അത്‌ രസകരമായ ഒരു കാഴ്‌ചയായിരുന്നു.

ശാർങ്ങ്‌ഗധരനും പെൺകുട്ടിയും രാത്രി വൈകിയാണ്‌ തിരിച്ചെത്തിയത്‌. ഷോപ്പിംഗ്‌ ഫെസ്‌റ്റിവലിലെ ആകർഷണമായ ലേസർ ഷോ കണ്ടാണ്‌ അവർ മടങ്ങിയത്‌.

ശാർങ്ങ്‌ഗധരന്റെ ഒരു ദിവസം പുലരുക ചാനലിലൂടെയുളള നക്ഷത്രഫലം കേട്ടുകൊണ്ടാണ്‌. ഇപ്പോൾ പെൺകുട്ടി കിടക്കയിലില്ല. അവൾ അകത്ത്‌ പാചകത്തിലാണ്‌.

അൽക്ക ബാത്ത്‌ടബ്ബിലേക്ക്‌ ഇറങ്ങിക്കിടന്നു. ജലത്തിന്റെ സുതാര്യത ചർമ്മത്തിൽ ആസക്തികളിലേയ്‌ക്ക്‌ പതുക്കെ പടർന്നു.. സുഖശീതളമായ അതിന്റെ മർദ്ദത്തിൽ അവൾ കണ്ണുകളടച്ചു. കമ്പ്യൂട്ടറിന്റെ ആൽബത്തിൽ കിടക്കുന്ന അമിത്തിന്റെ ചിരിക്കുന്ന മുഖം അവളുടെ ഓർമ്മയിൽ തെളിഞ്ഞു. അവൻ ഇപ്പോൾ ഒരു ഫുൾടൈം അഡിക്ട്‌ തന്നെയായിരിക്കുന്നു. ആ വിശാലമായ കണ്ണുകളിൽ ഒരിക്കലും മായാത്ത മയക്കം ബാധിച്ചുകഴിഞ്ഞിരിക്കുന്നു. ആ കാനഡക്കാരി ഫ്രണ്ടാണ്‌ അവനിപ്പോൾ ഏറെ പ്രിയം. അവൾ അയക്കുന്ന *ഡോട്ടട്‌ ലെറ്റേഴ്‌സ്‌ കാത്തിരിക്കലാണ്‌ അവന്റെ പ്രധാന ജോലി. നല്ലവണ്ണം ഒന്ന്‌ ഡ്രൈവു ചെയ്യാൻപോലും അവനെക്കൊണ്ട്‌ ആകുമോ എന്ന്‌ സംശയമാണ്‌ - പുവർ ബോയ്‌. അൽക്കയുടെ മമ്മിയും ഡാഡിയും രാത്രിയിൽ എപ്പോഴാണ്‌ വന്നതെന്ന്‌കൂടി അവൾ അറിഞ്ഞിരുന്നില്ല. അതിനു മുമ്പേ അവൾ ഉറങ്ങിക്കളഞ്ഞു. രണ്ടുപേരും താമസിച്ചുവരാൻ മത്സരിക്കുകയാണെന്ന്‌ അവൾക്ക്‌ തോന്നി.

രാവിലെ തന്നെ നഗരത്തിലെ ട്രാഫിക്കുകളെല്ലാം ബ്ലോക്കായി. സെക്സ്‌വർക്കേഴ്‌സ്‌ യൂണിയന്റെ കൂറ്റൻ പ്രകടനം നഗരത്തിലൂടെ കടന്നുപോവുകയായിരുന്നു. ഏറെനേരം പ്രധാന റോഡിലെ ഗതാഗതം പൂർണ്ണമായും അത്‌ സ്തംഭിപ്പിച്ചു. സ്‌ഫോടനങ്ങളിൽ തകർന്ന കെട്ടിടങ്ങളുടേയും ടവറുകളുടേയും പുനർനിർമ്മാണത്തിനായി ലോറികളിൽ അന്യദേശത്തു നിന്ന്‌ തൊഴിലാളികളും കുടുംബങ്ങളും നഗരത്തിലേയ്‌ക്ക്‌ വന്നിറങ്ങിക്കൊണ്ടിരുന്നു. ഭിക്ഷാടകരെപ്പോലെ അവരുടെ കുട്ടികൾ നഗരവഴികളിൽ അലഞ്ഞുനടന്നു. റയിൽവേസ്‌റ്റേഷനിൽ നിന്ന്‌ നീളുന്ന നെടുങ്കൻ ബോഗികളുടെ പരുക്കൻ കാഴ്‌ചകൾക്കും, കാത്തുകിടപ്പുകൾക്കുമപ്പുറത്ത്‌ ചേരികളിൽ സംഘട്ടനങ്ങൾ നടന്നു. പോലീസ്‌ ജീപ്പുകളും വാനുകളും സൈറൻമുഴക്കി അവിടേയ്‌ക്ക്‌ പാഞ്ഞുപോകുന്നത്‌ കാണാമായിരുന്നു.

പുറത്തുപോയ ശാർങ്ങ്‌ഗധരൻ മടങ്ങിവന്നത്‌ കാറുനിറയെ സാധനങ്ങളുമായാണ്‌. വർണ്ണക്കടലാസിൽ പൊതിഞ്ഞ വലിയ സമ്മാനപ്പൊതികളും, പുതുവസ്‌ത്രങ്ങളുടെ പായ്‌ക്കറ്റുകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വൈകിട്ടുമുതൽ അയാളുടെ ഫ്ലാറ്റിൽ നിന്ന്‌ ഹൈ-ഫൈ സംഗീതം മുഴങ്ങികേട്ടിരുന്നു. ഫ്ലാറ്റിനുളളിലും പുറത്തും വർണ്ണപ്രകാശങ്ങളുടെ ഫാൻസി വിളക്കുകൾ കത്തിച്ചിട്ടിരുന്നു. ഒരാഘോഷത്തിന്റെ വട്ടങ്ങളായിരുന്നു അവിടെ. രാവേറെ ചെന്നിട്ടും അവിടെ സംസാരവും പൊട്ടിച്ചിരിയും നിലച്ചിരുന്നില്ല. സംഗീതവും.

പെൺകുട്ടി രാവിലെ തന്നെ യാത്രയാവുകയായിരുന്നു. ഒരുവർഷത്തെ കരാറിലാണ്‌ അവൾ അയാളോടൊപ്പം താമസിച്ചത്‌. അതുവരെ കാണാത്ത ഒരു പുതിയ വേഷത്തിലാണ്‌ അവൾ പ്രത്യക്ഷപ്പെട്ടത്‌. ശാർങ്ങ്‌ഗധരന്റെ കാറിൽ തന്നെ അവൾ എയർപോർട്ടിലേക്ക്‌ യാത്ര തിരിച്ചു. അയാൾ നൽകിയ സമ്മാനങ്ങളെല്ലാം കാറിന്റെ പിറകിൽ നിറച്ചിരുന്നു.

മാധ്യമങ്ങളിലെ പ്രധാന വാർത്ത എയിഡ്‌സ്‌ കൺട്രോൾ പ്രാജക്ടിലെ ഉദ്യോഗസ്ഥൻമാരുടെവൻ അഴിമതിയെക്കുറിച്ചായിരുന്നു പത്രങ്ങളുടെ ഉൾപ്പേജുകൾ നിറയെ അവരുടെ വഴിവിട്ട നടപ്പുകളെക്കുറിച്ചുളള നിറമുളള കഥകളും, പ്രത്യേക പംക്തികളും ആയിരുന്നു. ഇന്റർനെറ്റിലും അത്‌ ചൂടേറിയ ഒരു വിഭവമായിരുന്നു.

ശാർങ്ങ്‌ഗധരൻ റീഡിംഗ്‌ റൂമിലിരുന്ന്‌ പുതിയ പരസ്യത്തിനുളള വാചകങ്ങൾ തയ്യാറാക്കുകയാണിപ്പോൾ. “അവിവാഹിതൻ, നല്ല സാമ്പത്തികം, അൻപത്തിമൂന്നു വയസ്‌, മറ്റ്‌ ബാധ്യതകളൊന്നുമില്ല. കൂടെ താമസിച്ച്‌ സ്‌നേഹപൂർവ്വം പരിചരിക്കാൻ സന്നദ്ധതയുളള പെൺകുട്ടികളിൽ നിന്ന്‌ ആലോചനകൾ ക്ഷണിച്ചുകൊള്ളുന്നു. സന്തോഷം നിറഞ്ഞ ചുറ്റുപാടുകൾ വാഗ്‌ദാനം ചെയ്യുന്നു”

റോഡിലൂടെ ഒരാംബുലൻസ്‌ വളരെ വേഗത്തിൽ സൈറൺ മുഴക്കി കടന്നുപോയി. അൽക്ക അവളുടെ സ്യൂട്ടിൽ സുഖമായി ഉറങ്ങുകയാണ്‌. ശാർങ്ങ്‌ഗധരൻ അയാളുടെ മുറിയിൽ ഇരുന്ന്‌ സ്വപ്നം കാണുകയും.

*ഡോട്ടട്‌ ലെറ്റേഴ്‌സ്‌ ഃ- വീര്യം കൂടിയ മയക്കുമരുന്നിന്റെ ഡോട്ടുകൾ ലേപനം ചെയ്‌ത കത്തുകൾ.

കെ.ആർ.ഹരി

കെ.ആർ.ഹരി

ശ്രീവിഹാർ

ഹൗസ്‌ നം. 9

ഗാന്ധിനഗർ ഹൗസിംഗ്‌ കോളനി

സാധു കമ്പനിക്കു സമീപം,

കക്കാട്‌, കണ്ണൂർ - 670002.


Phone: 9895395059
E-Mail: leodynasty@yahoo.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.