പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

എഴുതപ്പെടാത്ത രണ്ടു കത്തുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷാ

ജനൽപാളി കടന്ന്‌ പ്രകാശം തറയിൽ ചിന്നിച്ചിതറി മുറിയുടെ മൂലയിലെ ഇരുളിൽ അവസാനിച്ചു. ഉറുമ്പുകൾ ഓരോ മണത്തിന്റെ പുറകിൽ അലഞ്ഞ്‌ പ്രേംനാഥിലുമെത്തിച്ചേരുന്നുണ്ട്‌, പക്ഷേ, അവൻ ഇതൊന്നും ശ്രദ്ധിച്ചതേയില്ല. അവന്റെ ചിന്ത മുഴുവൻ (ഭാന്താശുപത്രിയിൽ വെച്ച്‌ ഒരു കത്തെഴുതിയാൽ അതെന്തായി തീരുമെന്നതാണ്‌. അവന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണെങ്കിൽ അതൊരു റോക്കറ്റ്‌ ആകാം. അരികുകൾ ചുക്കിച്ചുളുങ്ങിയ ഒരു ബോളാകാം. അല്ലെങ്കിൽ പുറംമ്പോക്കിലെ ആടിനെ കബളിപ്പിച്ച്‌ പറന്നകലുന്ന കാറ്റിന്റെ കത്താകാം. ആശുപത്രി വളപ്പിലെ ബോധതലയുള്ളവർക്ക്‌ ചിരി കുറിക്കാനുള്ള സാധനവുമാകാം ഇനിയും എന്തെങ്കിലുമുണ്ടോ? അറിയില്ല! ആലോചിച്ചിരിക്കുമ്പോഴാണ്‌ അവനിൽ ഒരു തുമ്മൽ ഉണ്ടായത്‌; ഹാഹ്‌ച്ചി“! അവന്റെ ആന്തരികാവയവങ്ങളിൽ ഏതോ ഒന്നിന്റെ മൂലയളിഞ്ഞ്‌ ജീർണ്ണാവശിഷ്‌ടമായ ചോരയും പഴുപ്പും കലർന്ന കഫം വല്ലാത്ത നാറ്റത്തോടെ പേപ്പറിലാകെ ചിതറിത്തെറിച്ചു. അല്‌പം, അവനിരുന്ന ബഞ്ചിലും വീണു. ഒരു സമൂഹത്തിന്റെ ദുഷിച്ച മനസ്സുപോലെ അവ ബഞ്ചിന്‌ മേൽ ഉരുകി ഒലിച്ചു. അവൻ കഫം മുഴുവൻ കത്തെഴുതുവാനുള്ള പേപ്പറിൽ തുടച്ചു വൃത്തിയാക്കി. അന്യർക്ക്‌ ഉപദ്രവം ഒന്നും ഉണ്ടാവരുത്‌. നാറ്റത്തിൽ നന്മയും തിന്മയും ഇല്ല. നാറ്റം മാത്രമാണ്‌. അതിനാൽ ഏതു നാറ്റവും അന്യർക്ക്‌ ഉപദ്രവമാണ്‌.

* * *

പ്രിയ സുഹൃത്ത്‌, സഖാവ്‌ രഞ്ഞ്‌ജൻ ഈ കഥാകാരനോട്‌ നീ അല്‌പം കൂടി ക്ഷമിക്കുക. നിനക്കായ്‌ ഒരു കത്തുകൂടി അവശേഷിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, കത്തെഴുതിതുടങ്ങിയ പേപ്പറിൽ കഫം വീണ്‌ കുതിർന്നിരിക്കുന്നു. അത്‌ പേനയുടെ ബോൾകൊണ്ട്‌ ഉമ്മവെച്ചാൽ കത്തിന്റെ ഹൃദയം തുരക്കുന്നതുകൊണ്ട്‌ പേപ്പർ ഉണക്കാനായി ഞാൻ ഈ ജനൽപ്പടിയിൽ വെക്കുന്നു. പ്രേംനാഥ്‌ ചിന്താകുലനായി ജനലിനോട്‌ ചേർന്നിരുന്നു അവൻ കത്തെഴുതി.

* * *

പ്രിയ രഞ്ഞ്‌ജൻ, എനിക്കുനിന്നോട്‌ പറയാനുള്ളത്‌ ഈ ജനലിനെക്കുറിച്ചാണ്‌, എന്നെ ഇത്‌ വല്ലാതെ കുഴക്കുന്നുണ്ട്‌. കൂട്ടുകാരാ.... ഞാൻ നിൽക്കുന്ന ജനൽ സ്വതന്ത്രനായ ഒരു ജനലാണന്ന്‌ നീ ധരിച്ചിരിക്കുകയാണോ? വെളിച്ചവും കാറ്റും കടത്തിവിടുകയാണ്‌ ജനലിന്റെ സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണ്‌ ജനൽ പാളി ചെയ്യുന്നത്‌. എന്നാൽ ജനൽ പാളിയുടെ കടമയോ കാറ്റും വെളിച്ചവും കടത്തിവിടാതിരിക്കുകയെന്നതാണ്‌. ഇവർ ഒരേ ശരീരത്തിലിരുന്നു യാതൊരു ദാക്ഷണ്യവുമില്ലാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നത്‌ ജനൽ ആണോ ജനൽ പാളിയാണോ? നീ പ്രത്യേകം ശ്രദ്ധിക്കുക ഭ്രാന്താലയത്തിലെ ജനൽ പളിയേപ്പറ്റിയാണ്‌ ഞാൻ ചോദിക്കുന്നത്‌. ഉത്തരം പ്രതീക്ഷിക്കുന്നു. നീ യാത്രയിൽ ആയിരിക്കുമെന്ന്‌ എനിക്കറിയാം. കാരണം നീ വിപ്ലവകാരിയാണ്‌. യാത്രയെന്നാൽ ചലനത്തിന്റേ സമൂർത്‌ഥ ഭാവമാണ്‌. യാത്ര മനുഷ്യനിർമ്മിതവും തികച്ചും ഭാവാത്‌മകവുമാണ്‌. നീ അറിയുക ചലനത്തിന്റെ തുടക്കവും ഒടുക്കവും മനുഷ്യന്‌ നിർവചിക്കാനാകുമെന്ന്‌ തോന്നുന്നില്ല. കാരണം അവിടെ ചലനം മാത്രമേയുള്ളു. നിന്റെ ശുഭാപ്‌തി വിശ്വാസത്തെ തകിടം മറിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല കാരണം നീ എന്റെ കൂട്ടുകാരനാണ്‌ അതിനേക്കാൾ പോരാളികളുടെ സൂര്യഹൃദയവുമാണ്‌.

നീ എനിക്കൊരു സഹായം ചെയ്യണം സഖാക്കളുമായി വിപ്ലവം വിജയിച്ച്‌ ഇവിടെ എത്തുമ്പോൾ ഭ്രാന്താശുപത്രിയിൽ കമ്പികൾ ചതുരാകൃതിയിൽ നിർമ്മിച്ച്‌ പ്രത്യേകം തയ്യാറാക്കുന്ന സെല്ലിൽ കിടക്കാൻ എനിക്ക്‌ വഴിയുണ്ടാക്കിത്തരണം അതെന്റെ വലിയ ആഗ്രഹമാണ്‌. എനിക്ക്‌ ജയിലിൽ കിടക്കാൻ ഇഷ്‌ടമാണെന്ന്‌ നിനക്കറിയാമല്ലോ. സ്വതന്ത്രനായ ഒരു ഭ്രാന്തനെക്കാൾ എനിക്കിഷ്‌ടം അസ്വതന്ത്രനായ ഒരു ഭ്രാന്തനാകാനാണ്‌ എനിക്കിഷ്‌ടം. അല്‌പമെങ്കിലും അപകർഷത എന്നിൽ കുറഞ്ഞിരിക്കട്ടെ. ഞങ്ങൾക്ക്‌ ധ്യാനിക്കുവാനുള്ള സമയമായി അതിനുള്ള മരുന്നുമായി അവൾ വരുന്നുണ്ട. ഞങ്ങളുടെ ജനലിന്‌ ഇവിടെ ഇരുന്ന്‌ ധ്യാനിക്കുവാൻ വളരെ ഇഷ്‌ടമാണ്‌. ഇവിടമൊരു ആൽമരചുവടാക്കി അദ്ദേഹം മാറ്റിയെടുത്തിരിക്കുന്നു. രാജ്യത്തിന്റെ ഏകാതിപതികൾക്ക്‌ സത്യസന്ധനായവൻ, മിടുക്കൻ; നിനക്ക്‌ സന്തോഷമുള്ള ഒരു കാര്യം പറയാം. ഞാൻ ഇവിടെ ഒരു സമരം സംഘടിപ്പിച്ചു. സമത്വ ദർശനത്തിലധിഷ്‌ഠിതമായി ഭൗതികവസ്‌തുക്കൾ വിതരണം ചെയ്യണമെന്നായിരുന്നു ഞങ്ങളുടെ മുദ്രാവാക്യം. ഉദാഹരണം എല്ലാവർക്കും പഞ്ചസാര ഇട്ടചായ, വൃത്തിയുള്ള വസ്‌ത്രം, പാട്ടുകേൾക്കാൻ കുരുവി, പ്രാണവായുവിന്‌ പൂന്തോട്ടം പട്ടിക നീണ്ടുപോകുന്നു. ഇതെല്ലാം കേട്ട ജനൽ ചിരിച്ചുകൊണ്ട്‌ പറഞ്ഞു ‘വിപ്ലവം സ്വപ്‌നം കാണുന്നവർ വിഡ്‌ഢികളാണ്‌’ ഞങ്ങളവിടെനിന്ന്‌ പാട്ടുപാടി നാം പണ്ടു തെരുവിൽ നിന്നു പാടിയ പാട്ട്‌, ആറ്റിൽക്കിടന്ന്‌ പാടിയ പാട്ട്‌, ഉറക്കത്തിൽ പാടിയ പാട്ട്‌. വിപ്ലവം സ്വപ്‌നം കാണുന്നവർ വിഡ്‌ഢികളെങ്കിൽ

ഞങ്ങൾ വിഡ്‌ഢികളാണ്‌

ഞങ്ങൾ വിഡ്‌ഢികളാണ്‌

വിപ്ലവമെങ്കിൽ ഒരായിരം തവണ ഞങ്ങൾ വിഡ്‌ഢികളാവാം......

വിഡ്‌ഢികളാവാം......

പാട്ടുകേട്ടതും ജനറൽ ഊറിച്ചിരിച്ചു എനിക്കു ചങ്ങല പണിതു തന്നു. ചങ്ങലയുടെ കിലുക്കം മനോഹരമാണ്‌. ഞാൻ ഇത്‌ നന്നായി ആസ്വദിക്കുന്നുണ്ട്‌. പക്ഷേ അന്നാർക്കും ചായകിട്ടിയില്ല ആർക്കും പരാതിയും ഉണ്ടായിരുന്നില്ല. വിപ്ലവത്തിന്റെ അന്ത്യമെപ്പോഴും സഹജീവിയുടെ മൗനത്തിലാണ്‌ ഉടലെടുക്കുന്നത്‌. നീ അല്‌പം ക്ഷമിക്കുക ഞങ്ങൾ ധ്യാനത്തിലേക്ക്‌ പോകുന്നു നമ്മുടെ ഏകാധിപതിക്കായുള്ള പ്രാർത്‌ഥനയിലേക്ക്‌ പോകുന്നു.

ഭൂമിയിൽ മനുഷ്യവാസമുള്ള ഇടം പോലെ എവിടെയും കൂരിരുൾ പടർന്നിരുന്നു. കാട്ടുപാതയുടെ തൊലിയുടെ മിനുമിനുപ്പ്‌മാത്രം ഇടയ്‌ക്കിടെ ഒളിഞ്ഞും തെളിഞ്ഞും വെളിച്ചത്തിന്റെ ഓർമ്മയെ തൊട്ടുണർത്തി. ഈ യാത്രയിൽ അവർ മൂന്നുപേർ ഉണ്ടായിരുന്നു. സഃരഞ്ഞ്‌ജൻ - സഃസുനന്ദൻ, സഃജോൺ. നിലവിലെ അവസ്‌ഥയുടെ പരിതാപകരമായതെല്ലാം മാറ്റണമെന്ന്‌ ചിന്തിക്കുന്നവർ പ്രവർത്തിക്കുന്നവർ. യാത്ര മൂന്നാംനാൾ ആയിരിക്കുന്നു. അവർ ശാരീരികമായി ക്ഷീണിതരായിരുന്നു. വിശപ്പിനെപ്പറ്റി ആലോചിക്കുന്നത്‌ അവരിൽ ഭയമായ്‌ മാറിയിരിക്കുന്നു. കൗമാരക്കാരനായ ജോൺ അതൊന്നും പുറത്ത്‌ കാണിക്കാതെ നടന്നു. കാരണം പോരാളികളുടെ സൂര്യഹൃദയമായ രഞ്ഞ്‌ജനാണ്‌ കൂടെയുള്ളത്‌. അവനെയത്‌ ആനന്ദിപ്പിച്ചിരുന്നു. സഃസുനന്ദന്റെ ചടുലമായ ചലനങ്ങൾ അയാളുടെ കണ്ണിനെയും ബാധിച്ചു. ഏതോ അപകടം മുമ്പിൽ പതിയിരിക്കുന്ന മട്ടിൽ സൂക്ഷ്‌മതയോടെ അയാൾ മുമ്പിൽ നടന്നു. ജോൺ ഇടയ്‌ക്കിടെ അവന്റെ സംശയങ്ങളും ആശയങ്ങളും പങ്കുവെച്ചു. ഒരു വിപ്ലവകാരി അവന്റെ ശൈശവദശയിൽ ജിഞ്ഞ്‌​‍ാസയുടെ കൊടുമുടിയിലായിരിക്കും. ഒരു മൺതരിയെക്കുറിച്ച്‌ പോലും വ്യക്തമായ ബോധമില്ലെങ്കിൽ സർവ്വസമത്വമായ ഒരു ലോകം സൃഷ്‌ടിക്കുക സാധ്യമല്ലെന്ന്‌ അവനറിയാം.... കാരണം, ഒരു മൺതരിക്കായ്‌ ലക്ഷക്കണക്കിന്‌ വർഷം കാത്തിരുന്നവരാണ്‌ മനുഷ്യർ.... രഞ്ഞ്‌ജൻ കുട്ടിത്തവും പക്വതയും കൈവിടാതെ ജോണിനൊപ്പം ചേർന്ന്‌ നടന്നു. ജോണിന്റെ കുട്ടിത്തം നിറഞ്ഞ ചോദ്യത്തിൽ ചിരിച്ചു. ഭ്രമം കലർന്ന ചോദ്യത്തിൽ സാന്ത്വനിപ്പിച്ചു. ഉത്തരം മുട്ടിക്കുന്ന ചോദ്യത്തിൽ ‘അറിയില്ല’ എന്ന്‌ പക്വമായ മറുപടി നല്‌കിയും അവർ നടന്നു. രഞ്ഞ്‌ജൻ മൗനത്തിലാണ്ടുപോകാതിരിക്കുവാൻ ജോൺ പ്രത്യേകം ശ്രദ്ധിക്കുന്നതുപോലെ തോന്നി. ജോൺ ചോദിച്ചു.

”സഖാവേ വിപ്ലവകാരികൾക്ക്‌ ഇരുട്ട്‌ പ്രിയങ്കരമാണോ?“ രഞ്ജൻ മറുപടി പറഞ്ഞു.

”അതേ എന്നോ അല്ല എന്നോ പറയാം. ഇത്‌ തികച്ചും വൈരുദ്ധ്യവും, സാഹചര്യബന്ധിതവുമാണ്‌. നിനക്കറിയാമോ? ഇരുൾ കാഴ്‌ച അസാധ്യമാക്കും, എന്നാൽ തീവ്രവെളിച്ചവും കാഴ്‌ച അസാധ്യമാക്കും. നോക്കൂ സഖാവേ നാം ഇപ്പോൾ സഞ്ചരിക്കുന്നത്‌ ഇരുളിൽകൂടിയാണ്‌. നമ്മെ സഹായിക്കുന്ന ഇതേ ഇരുൾ അപകടപ്പെടുത്തുകയും ചെയ്യുന്നു. ഇത്‌ നമ്മെ നയിക്കുന്നവരെ ആശ്രയിച്ചിരിക്കുന്നു.“ സുനന്ദൻ പിറകിലേക്ക്‌ നോക്കി ചിരിച്ചു. രഞ്ജൻ ചിരിച്ച്‌ കൊണ്ട്‌ തുടർന്നു.

”നാം കാഴ്‌ചയുടെ വെളിച്ചത്തിലേക്ക്‌ എത്തുമെന്ന്‌ പ്രതീക്ഷിക്കാം.!“

ജോൺ രഞ്ജന്റെ മറുപടികേട്ട്‌ തലകുലുക്കി. അവർ ചെറിയ ഒരു പുഴയിലിറങ്ങി. കാർമേഘം മൂടിയ നിലാവ്‌ പുഴയിലാടിയുലഞ്ഞ്‌ അവരെ സ്വാഗതം ചെയ്‌തു. പുഴയിലെ വെള്ളത്തിന്‌ രാസതന്‌മാത്രയുടെ ചൂട്‌ ഉണ്ടായിരുന്നു. വെളളത്തിന്റെ അസഹ്യമായ ഗന്ധം ജോണിനെ ശ്വാസംമുട്ടിച്ചു. പുതിയ നഗരാവശിഷ്‌ടത്തിന്റെ ജീർണ്ണിച്ച ഗന്ധം അവരെ സ്വാഗതം ചെയ്യുകയാണെന്ന്‌ അവരറിഞ്ഞു. രഞ്ജൻ എല്ലാം ശീലിച്ചനെപ്പോലെ, ബുദ്ധനെപ്പോലെ നീന്തി. അവർ മറുകരയിലെത്തി. രഞ്ജന്റെ കാലിൽ പൊട്ടി വികൃതമായ ഒരു തലയോട്ടി കുരുങ്ങി. അവന്റെ കാലിൽ നിന്ന്‌ ചോര തുള്ളിയായ്‌ വീണു. ജോണത്‌ വലിച്ചൂരി കാട്ടിലേക്കെറിഞ്ഞു. ഒരു കാട്ടുപോത്ത്‌ അലച്യനായ്‌ ഒറ്റയാനെപ്പോലെ അവരെ കാത്തുനിന്നു. അവന്റെ എല്ലുകൾ തൊലിയെ കാർന്നുതിന്നിരുന്നു. അവന്റെ കൊമ്പിന്റെ ഭാരം അവന്‌ താങ്ങാനാകാതെ അവൻ നിന്നു. കാട്ടുപോത്തിനെ നോക്കി രഞ്ജൻ ഏറെ നേരം നിന്നു. ജോൺ ആദ്യം ഭയന്നു. പിന്നീട്‌ യാഥാർത്ഥ്യത്തിന്റെ നെരിപ്പോടാൽ കരയാതിരിക്കുവാൻ ശ്രമിച്ചു. സുനന്ദൻ ഭാവഭേദമേതുമില്ലാതെ ഏല്‌പിച്ച ജോലി ഭംഗിയായ്‌ താൻ ചെയ്യുമെന്നരീതിയിൽ അവരെ കാത്തിരുന്നു. അവർ നടന്നുതുടങ്ങി ജോൺ അസ്വസ്‌ഥനായ്‌ കാണപ്പെട്ടു. അവനോടൊപ്പം രാസതൻമാത്രകളുടെ രൂക്ഷഗന്ധവും സ്വയം ചലിക്കാനനുവദിക്കാത്ത കാട്ടുപോത്തിന്റെ കൊമ്പു നടന്നു. എല്ലാം മറക്കാൻ വേണ്ടി ജോൺ ചോദിച്ചു.

”വിപ്ലവത്തിന്റെ ഏറ്റവും വലിയ ശത്രുവാകാൻ സാധ്യതയുള്ളതാരാണ്‌?“

അവർക്കിടയിലൊരു മൗനമുരുണ്ടുവീണു. ജോൺ വീണ്ടും ചോദിച്ചു.

”വിപ്ലവകാരിയാണോ സഖാവേ?“

രഞ്ഞ്‌ജൻ തിരിഞ്ഞുനിന്നു ജോണിനെ നോക്കി അവനെ ചേർത്ത്‌ പിടിച്ചു. അയാൾ ഒരു ഭ്രാന്തനെപ്പോലെ പ്രവാചകനെപ്പോലെ ദൂരേക്ക്‌ നോക്കി. വിപ്ലവകാരി എപ്പോഴുമിങ്ങനെയാണ്‌. അവൻ പിൻതുടർച്ച ഇഷ്‌ടപ്പെടുന്നവനാണ്‌. അവന്റെ വാക്കുകൾ സ്വപ്‌നങ്ങൾ ആരോടെന്നില്ലാതെ അവൻ കൈമാറും ചിലപ്പോൾ സഖാക്കളാകാം, കാറ്റാകാം, കടലാകാം, വസന്തമാകാം, മണ്ണാകാം, മനുഷ്യരറിയുവാൻ വിപ്ലവകാരിക്ക്‌ ഒന്നു നഷ്‌ടമായ ചരിത്രമില്ല. രഞ്ഞ്‌ജൻ പറഞ്ഞു തുടങ്ങി. ”പ്രിയ പ്രേംനാഥ്‌ നിന്റെ ഗാനം പാടുവാൻ ഒരാൾകൂടി ഉണ്ടായിരിക്കുന്നു. മഹത്തരമായ തിരിച്ചറിവിന്റെ ഗാനം നിന്റെ പാട്ടുകൾ ഒരു ജോൺ ആവർത്തിക്കുന്നു. നിന്നെ ഓർക്കുവാൻ എനിക്കൊരവസരംകൂടി. നീ പരാതിയുടെ കെട്ടഴിച്ച്‌ വിടുമെന്ന്‌ എനിക്കറിയാം. നമ്മുടെ കൊച്ചുഗ്രാമത്തിന്റെ വിപ്ലവവിജയത്തിന്റെ 2-​‍ാം വാർഷികമാഘോഷിക്കുവാൻ എത്താൻ സാധിക്കാത്തതിന്‌ എനിക്കതിയായ ദുഃഖമുണ്ട്‌. തീർച്ചയായും ഞാനവിടെ എത്തിചേരും. ഒരു വിപ്ലവകാരിയുടെ ഹൃദയം മനസ്സിലാക്കാൻ നിന്റെ സർഗാത്‌മകതക്കേ സാധിക്കു. വിപ്ലവം സൃഷ്‌ടിക്കുന്നത്‌ നിന്റെ മനസ്സാണ്‌. സംഗീതത്തിലൂടെ വിപ്ലവമുണ്ടാകുന്നു. എന്ന്‌ മാർക്‌സ്‌ പറഞ്ഞത്‌ നിനക്കോർമ്മയില്ലെ. ഞങ്ങൾ അനുസരിക്കുന്ന, അനുഗമിക്കുന്ന പോരാളികൾ മാത്രമാണ്‌. നിലവിലെ വിപ്ലവസാഹചര്യങ്ങൾ ഞാൻ നിനക്കായ്‌ എഴുതി വെയ്‌ക്കുകയാണ്‌. രഞ്ജൻ കാഴ്‌ചകൾ പ്രേംനാഥിനോട്‌ പറഞ്ഞുനടന്നു.

‘പ്രിയ സഃപ്രേംനാഥ്‌’ ഇവിടമാകെ ഇരുൾ പരന്നിരിക്കുന്നു. ഇതൊരു കാടാണ്‌. പക്ഷേ മരങ്ങളെല്ലാം മുറിച്ച്‌ മാറ്റിക്കൊണ്ടിരിക്കുന്നു. അതിനായ്‌ ഭരണകൂടം പറയുന്ന ന്യായമായ കാര്യങ്ങൾ നിന്റെ തീരുമാനത്തിനായ്‌ വിട്ടുതരുന്നു. ഇന്ത്യ മഹാസംസ്‌കാരങ്ങളുടെ പെറ്റമ്മയായ നാടാണ്‌. ഇവിടെ കുറെ വിഘടനവാദികൾ വിപ്ലവവായാടികൾ കാട്ടിൽ ഒളിച്ചിരിക്കുന്നു. കാടുകൾ വെട്ടിതെളിച്ച്‌ അവരെ നാം സ്വതന്ത്രരാക്കാൻ തീരുമാനിച്ചിരിക്കുന്നു. എന്നാൽ പ്രധാന കാരണമിതല്ല. നമ്മുടെ തീവ്രവിപ്ലവകാരികൾ ധീരജവാൻമാർ അമേരിക്കയുടെ ആസ്‌ട്രേലിയയുടെയും ഗോതമ്പ്‌ കാത്തിരിക്കാൻ കൂട്ടാക്കാത്ത കുട്ടികൾ. കാല്‌ കവച്ച്‌വെക്കാൻ കൂട്ടാക്കാത്ത പെണ്ണുങ്ങൾ, അവരുടെ എതിർലിംഗങ്ങൾ. അഭയാർത്ഥി ക്യാമ്പിലെ ഹെലികോപ്‌റ്ററിൽ നിന്ന്‌ കാറ്റിലൂടെ ഊർന്നിറങ്ങിയ സാരിത്തുമ്പിന്‌വേണ്ടി കലാപം നടത്തി പവിത്രമൃത്യു വരിച്ച പെണ്ണുങ്ങൾ. മലിനജലം ഭൂമിയിൽ പറന്നിറങ്ങാൻ അനുവദിക്കാതെ സ്വ ശരീരത്താൽ അണകെട്ടിയ അഘോരസന്യാസികൾ. വിത്ത്‌ വിതച്ച്‌ കൊയ്യാൻ ക്ഷമയില്ലാതെ ആത്‌മഹത്യചെയ്‌ത കർഷകർ. മഹാ സംസ്‌കാരങ്ങളുള്ള പെറ്റമ്മയുടെ മക്കളായ നാം സ്വ സഹോദരങ്ങൾക്ക്‌ ശവപ്പെട്ടി അന്യരാജ്യങ്ങളിൽ നിന്ന്‌ ദാനം വാങ്ങുകയോ മോശം, നാണക്കേട്‌. ഇത്‌ മറികടക്കുവാൻ കാട്ടിലെ തടിമുറിച്ച്‌ ശവപ്പെട്ടി നിർമ്മിച്ച്‌ സ്വയം പര്യാപ്‌തത നേടാൻ പാർലമെന്റിൽ തീരുമാനമെടുത്തിരിക്കുന്നു. പ്രിയ പ്രേംനാഥ്‌ ഈ കാര്യത്തിലെങ്കിലു അവരോട്‌ യോജിക്കണമെന്നാണ്‌ അവർ പറയുന്നത്‌. ഒരാൾക്ക്‌ വേണ്ടി ഒരു ജനതയെന്നാൽ ബ്യൂറോക്രസി. ഒരാൾക്ക്‌ വേണ്ടി ഒരു ജനതയെന്നാൽ ഏകാധിപത്യം. ഒരു കുടുംബം അവരുടെ തലമുറ അവരുടെ ഉപജാപകവൃന്‌ദം. ഇവർക്ക്‌ വേണ്ടി ഒരു ജനതയെന്നാൽ ഏറ്റവും ദീർഘമായ നാറിയ ഏകാധിപത്യമെന്ന്‌ പറഞ്ഞ നിന്നോട്‌ അവർക്ക്‌ വേണ്ടി എനിക്ക്‌ യാചിക്കാനേ സാധിക്കു. എങ്കിലും നീ ക്ഷമിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ഞങ്ങൾ പകലിൽ നഗരത്തിലൂടെ സഞ്ചരിച്ചു. വമ്പൻ കാഴ്‌ചകൾ തന്നെ. സഖാവ്‌ സുനന്ദൻ ഞങ്ങളോട്‌ പറഞ്ഞു നഗരങ്ങൾ ഗ്രാമങ്ങളെ വളഞ്ഞു. ഗ്രാമങ്ങൾ നഗരങ്ങളെ വളയണമെങ്കിൽ ഗ്രാമീണ നിഷ്‌കളങ്കതയിൽ നിങ്ങൾ പ്രതീക്ഷയർപ്പിക്കരുത്‌. സാമ്രാജ്യം രൂപപ്പെടുത്തുന്നത്‌ നഗരങ്ങളാണ്‌. കുറെ ഗ്രാമങ്ങളിൽ വിപ്ലവം വിജയിപ്പിച്ചത്‌ കൊണ്ട്‌ വിപ്ലവം വിജയിക്കില്ല. ഗ്രാമങ്ങൾ നഗരങ്ങളെ വളയണമെങ്കിൽ അടവ്‌നയം മാത്രമാണ്‌വഴി.‘ സുനന്ദൻ 110 നിലയുള്ള നഗരത്തിലെ വലിയ കെട്ടിടത്തിലേക്ക്‌ കയറി. ഞങ്ങൾ സഖാവിനൊപ്പം ചലിച്ചു. ഞാനും ജോണും ആദ്യമായാണ്‌ ലിഫ്‌റ്റിൽ കയറുന്നത്‌ ഏതോ തുരങ്കത്തിലൂടെ പോകുന്നതുപോലെ. എനിക്ക്‌ ചില സംശയങ്ങൾ സഃസുനന്ദനോട്‌ ചോദിക്കണമെന്ന്‌ തോന്നി. പക്ഷേ ലിഫ്‌റ്റിൽ മാറിമാറിവരുന്ന ചുവന്ന അക്കങ്ങളിൽ എന്റെ കണ്ണ്‌ പതിഞ്ഞുനിന്നു. ജോൺ എന്നെ തോണ്ടി ഒരു കുട്ടിയെപോലെപറഞ്ഞു. എനിക്കൊരാഗ്രഹം 110-​‍ാം നിലയിൽ നിന്ന്‌ ഈ നഗരമൊന്നു കാണണം.’

ഞങ്ങൾ ഇപ്പോൾ നിൽക്കുന്നത്‌ ഈ നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്താണ്‌. സന്ധ്യ മങ്ങിയ വെളിച്ചത്തിൽ ദൂരേക്ക്‌ പോയി. ഞാനും ജോണും മാത്രം. സാമ്രാജ്യനായകരെപ്പോലെ പ്രകാശപൂരിതമായ ലോകത്തെ നോക്കി ഞങ്ങൾ നിന്നു ജോൺ പറഞ്ഞു.

‘എന്തിന്‌ ഗ്രാമങ്ങൾ പട്ടണങ്ങളെ വളയണം? നഗരത്തിന്റെ ജീർണ്ണാവശിഷ്‌ടത്തിൽ മുന്നേറുന്ന കോളനികൾ വളഞ്ഞാൽ പോരെ?’

ഞങ്ങൾ താഴേക്ക്‌ നോക്കി. മേൽക്കൂരയില്ലാത്ത കോളനികൾ. ഇന്നലത്തെ കൊടുങ്കാറ്റ്‌ മേൽക്കൂര ജപ്‌തിചെയ്‌ത്‌കൊണ്ട്‌ പോയി. കുറെ തെരുവ്‌കുട്ടികൾ വെള്ളിനാണയത്തിൽ നിന്ന്‌ ഭാരം കുറഞ്ഞവ മാറ്റിവെച്ചു. അവരോട്‌ യജമാനൻ പറഞ്ഞു. ‘കുട്ടികളെ നിങ്ങൾക്ക്‌ ഭാരം കൂടിയ നാണയങ്ങൾ ചുമക്കാൻ പ്രയാസമായത്‌കൊണ്ട്‌ ഭാരം കുറഞ്ഞ നാണയം മാത്രം തിരഞ്ഞെടുക്കുക.’ കുട്ടികൾ അനുസരണയുള്ളവരാണ്‌. നഗരത്തിലെ അഴുക്കുചാലിനോട്‌ ചേർന്ന മതിലിൽ ചാരി സ്‌ത്രീകൾ നഗ്‌നരായിനിന്നു അവരോട്‌ ചേർന്ന്‌ ചൊറിപിടിച്ച പുരുഷൻമാർ ആരെയോ ഭയക്കുന്നത്‌പോലെ വിറച്ചുനിന്നു. അവരെ ധൈര്യപ്പെടുത്താൻ സ്‌ത്രീകളും ഹിജഢകളും പാട്ടുപാടി.

ധൈര്യമായിരിക്കൂ.

ധൈര്യമായിരിക്കു കേസരികളെ

നിയമത്തിന്‌ അഴുക്കുചാലിന്റെ ഗന്ധം

ഇഷ്‌ടമല്ല, അവരീവഴി വരില്ല.

അവർക്ക്‌ ഞങ്ങളെ വളരെ ഇഷ്‌ടമാണ്‌, ഇഷ്‌ടമാണ്‌.

കൊമ്പിന്റെ ഭാരംതാങ്ങാനാവാതെ കാട്ടുപോത്ത്‌ അവിടെനിന്നു. മാരകായുധങ്ങളുമായ്‌ യുവാക്കൾ അടിമകളെപ്പോലെ കാവൽ നിന്നു. ചില കുട്ടികൾ വലംപോകാൻ ബുദ്ധിമുട്ടി ഓടിനടന്നു. കാഴ്‌ച കണ്ടു നില്‌ക്കേ ഞങ്ങളെ ആരോ തട്ടിവിളിച്ചു. ഞങ്ങൾ തിരിഞ്ഞുനോക്കി സഃസുനന്ദൻ സ്യൂട്ടണിഞ്ഞ്‌ സുഗന്ധതൈലം പൂശി നില്‌ക്കുന്നു. ഞങ്ങൾ അമ്പരന്ന്‌ പരസ്‌പരം നോക്കി. അയാൾ പറഞ്ഞു.

‘അടവുനയം. നമ്മൾ അവരിലൊരാളാകണം. സാമ്രാജ്യത്ത്വം തുലയട്ടെ’.

കുളിച്ച്‌ വൃത്തിയായി ഞങ്ങളും സ്യൂട്ടുധരിച്ചു. 100-​‍ാം നിലയിലേക്ക്‌ താഴ്‌ന്നിറങ്ങി. ശീതീകരിച്ച മുറിയിലിരിക്കുമ്പോൾ രോഗാതുരമായ എന്റെ ഹൃദയം തണുപ്പിൽ നിന്ന്‌ പോകുമെന്ന്‌ എനിക്ക്‌ തോന്നി. കാൽപെരുമാറ്റം കേട്ട ദിക്കിലേക്ക്‌ ഞാൻ നോക്കി ഞാൻ അറിയാതെ എണീറ്റ്‌ പോയി. നമ്മുടെ രാജ്യത്തിന്റെ ഏകാധിപതിനാരായണന്റെ വലംകൈ അടുത്ത ഏകാധിപതി നാഗേശ്വരൻ പറഞ്ഞു.

‘പ്രിയ സഖാക്കളെ ഞങ്ങളുടെ പ്രിയ നേതാവ്‌ നാരായണൻ തന്റെ മരണശേഷം തന്റെ ഹൃദയം ദാനം നല്‌കാൻ തീരുമാനിച്ചിരിക്കുന്നു. അത്‌ പോരാളികളുടെ സൂര്യഹൃദയമായ രഞ്ഞ്‌ജന്‌ നല്‌കാൻ അതിയായ സന്തോഷത്തോടെ സമ്മതപത്രത്തിൽ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.’

അവിടെ കൂടിയ സഖാക്കൾ കൈയടിച്ചു. ജോൺ സ്യൂട്ട്‌ വലിച്ചെറിഞ്ഞ്‌ വെളിയിലേക്കാടി ബോധരഹിതനായി. ഞാൻ 90-​‍ാം നിലയിൽ ബോധരഹിതനായി എന്റെ ഹൃദയം മാറ്റിവെച്ചു. ഏകാധിപതി നാരായണന്റെ ഹൃദയവുമായ്‌ മേൽക്കൂരയില്ലാത്ത കോളനിമുറിയിൽ ഞാനിരുന്നു. ജനങ്ങൾ ഫാസിസം തുലയട്ടെ എന്ന്‌ മുദ്രാവാക്യം വിളിച്ചു. ഞാൻ അതേറ്റുപാടി. സ്വന്തം ജിവൻ രക്ഷിക്കാൻ ഏകാധിപതിയുടെ ഹൃദയം വാങ്ങിയവൻ. വർഗ്ഗവഞ്ചകൻ തുലയട്ടെ. ജനം വീണ്ടും പാടി. ഞാൻ അതേറ്റുപാടി. ഇന്നലെ എന്റെ അനുവാദമില്ലാതെ 100 നിലയിൽ നിന്ന്‌ ജോൺ പറന്നുവന്ന്‌ എന്റെ വാതിൽ തകർത്തു. ഞാൻ ഓടി നമ്മുടെ ഗ്രാമമായ നടുവെട്ടത്തിലേക്ക്‌ നിന്നെ തേടി പറന്നു. നിന്റെ പാട്ടുകേൾക്കാൻ. പക്ഷേ നിന്നെ ഇവിടെയെങ്ങും കണ്ടില്ല. ഇവിടത്തെ വീടുകൾ കുറയില്ല. ഞാൻ കണ്ട കാട്ടുപോത്തിന്റെ ഗന്ധം ഇവിടമാകെ നിറഞ്ഞിരിക്കുന്നു. അന്ധരായ കുട്ടികൾ മാത്രം. അവർ തടാകത്തിലെ വഴുവഴുത്ത ദ്രാവകത്തിൽ കുളിക്കുന്നു. കൂട്ടത്തോടെ രതിനടത്തുന്നു. ഒരുവൻ പാറപ്പുറത്തിരുന്ന്‌ പാടി.

ഞാൻ പാടുന്നു

എന്റെ ചോരകുടിച്ചവന്റെ നെഞ്ചിൽ

താണ്‌​‍്‌ഢവമാടി പാടുന്നു

എന്റെ ചോര ഊറ്റിയവനെ ഞാൻ കൊന്നു

ഈ കൊതുകിനെ ഞാൻ കൊന്നു കൂട്ടുകാരേ.

ഞാനീ ലോകത്തിന്റെ അധിപൻ

ശത്രുവിനെ സംഹരിച്ചവൻ

ഇന്നാണ്‌ എന്നിൽ അഹങ്കാരമുണ്ടായത്‌.

പക്ഷേ അവന്റെ വർഗ്ഗത്തിന്റെ

ചിറകടിശബ്‌ദം വിപ്ലവഗീതം

എന്നെ ഭയപ്പെടുത്തുന്ന കൂട്ടുകാരെ

എനിക്ക്‌ പിന്നിൽ നിങ്ങൾ അണിചേരൂ.

ഞാൻ പേടിച്ച്‌ മൂപ്പന്റെ അരികിലേക്കോടി. എവിടെയും എനിക്കായ്‌ വചനങ്ങൾ കാത്തിരുന്നു. മൂപ്പൻ ചലനമില്ലാതെ പറഞ്ഞു. ‘വിപ്ലവം വജയിക്കട്ടെ, എങ്കിലും നാം മുന്നേറുന്നതായിട്ടുണ്ട്‌.’ ഞാൻ അമ്മയെ കണ്ടു, അമ്മ എനിക്ക്‌ താരാട്ടെഴുതിതന്നു. അച്ഛൻ എഴുതി ‘ശത്രു സത്യം പറയില്ലെന്ന്‌ ഒരിക്കലും കരുതരുത്‌’ അവസാനം ശീതികരിച്ച മുറിക്കു മുമ്പിൽ ഞാൻ കുത്തിയിരുന്നു. ഞാൻ ഏറെ നേരം മുട്ടിവിളിച്ചു. അവൾ വാതിൽതുറന്നില്ല. ഞാൻ ചില്ലുഗ്ലാസ്സുകൾ തല്ലിപൊട്ടിച്ച്‌ അകത്ത്‌ കയറി. ഞാനവളെ മാറോട്‌ ചേർത്തു. അവളുടെ ചുണ്ടുകൾ തണുത്തിരുന്നു. സമൂർത്തവിപ്ലവസാഹചര്യത്തിൽ ഞാൻ അവളിൽ പടർന്ന്‌ കയറി. അവളെനിക്ക്‌ ചിരി സമ്മാനിച്ചു. എന്നിലാകെ പഞ്ഞിനിറഞ്ഞിരുന്നു അവൾ വെറും പഞ്ഞിയായ്‌ മാറിയിരുന്നു. കുട്ടികൾ എന്നെ പിടികൂടി. അവർ ആർത്ത്‌ വിളിച്ചു. നാം വിപ്ലവം വിജയിച്ചിരിക്കുന്നു. സർവ്വാധിപതിയായ നാരായണന്റെ ഹൃദയം ചുമക്കുന്നവനെന്ന ഒറ്റ കാരണത്താൽ ഞാൻ ഞാൻ ആത്‌മഹത്യ ചെയ്യാതിരിക്കുവാൻ പ്രത്യേകം തയ്യാറാക്കിയ ചതുരക്കമ്പിയുടെ സെല്ലിൽ എന്നെ ബന്ധിപ്പിച്ചിരിക്കുന്നു. പ്രിയ പ്രേംനാഥ്‌, നീ വിപ്ലവം പൂർത്തിയാക്കി ഈ വഴി വരുമെന്ന്‌ പ്രതീക്ഷിച്ച്‌ കൊണ്ട്‌ ഈ കത്ത്‌ ഇവിടെ അവസാനിപ്പിക്കുന്നു.

ഷാ

Ellampikkathu thekkathil, Kattanam,

Pallickal P.O, Alappuzha,

Kerala - 690 503.


Phone: 9497336267
E-Mail: karunadtp@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.