പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഞാന്‍ അവളെ തെരുവിലെറിഞ്ഞു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അരുണ്‍ ആര്‍ഷ

കല്‍ക്കത്ത നഗരം തിരക്കേറിയാതാണ് .അത്രത്തോളം മലിനപ്പെട്ടതും . പാന്‍ മുറുക്കാന്റെ കറയും ദുര്‍ഗന്ധവും ഉണ്ടെങ്കിലും , ആ നഗരത്തിലെ ഓരോ മണല്‍ത്തരിയും ആഴമേറിയ ഒരു സാംസ്കാരിക പൈതൃകത്തിന്റെ ഉടമകളെന്ന് സ്വയം അഹങ്കരിക്കുന്നു .കേരളത്തിലേക്കുള്ള ട്രെയിന്‍ കിട്ടുമോ എന്ന ആശങ്കയോടെ റെയില്‍വേ സ്റ്റേഷനിലേക്ക് ഞാന്‍ ഓടുകയായിരുന്നു . ഷര്‍ട്ടില്‍ വിയര്‍പ്പിന്റെ ഒട്ടലും ഉച്ഛാസത്തില്‍ സിഗരറ്റിന്റെ ദുര്‍ഗന്ധവും ഉണ്ടായിരുന്നു . ഭിക്ഷയെടുക്കുന്ന യാചകരും ..ചലം ഒലിപ്പിച്ചുകിടക്കുന്ന കുഷ്ഠരോഗികളും ..വേശ്യകളും , ഉള്‍പ്പെടെ ആ പാരമ്പര്യത്തിന്റെ സമസ്ത അവകാശികളും എന്നെ ആട്ടി പുറത്താക്കുകയാണെന്നുതോന്നി . ആ നരകത്തില്‍ ഉപേക്ഷിക്കുകയാണെന്നമട്ടില്‍ ട്രെയിന്‍ മെല്ലെ ചലിച്ചുതുടങ്ങിയിരുന്നു. എങ്കിലും റിസര്‍വേഷന്‍ കമ്പര്ട്ടുമെന്റില്‍ ഓടിക്കയറിയിരുന്നു. ചൂടുള്ള കാറ്റ് ജനലിലൂടെ എന്റെ മുഖത്തെക്കാഞ്ഞടിച്ചുകൊണ്ടിരുന്നു... എപ്പഴോ ഒന്ന് മയങ്ങി . ഉണര്‍ന്നപ്പോള്‍ ,ബാര്‍ബി പാവയുടെതുപോലെ നീല കണ്ണുകളും കുഞ്ഞു നുണക്കുഴികളുമുള്ള ഒരു കൊച്ചു പെണ്‍കുട്ടി കൗതുകത്തോടെ എന്നെത്തന്നെ നോക്കിയിരിക്കുകയാണ് . സമീപത്ത് അവളുടെ അമ്മയും .അവര്‍ വളരെ സന്തോഷവതിയായിരുന്നു ...ആ കണ്ണുകളില്‍ കുസൃതിയേക്കാളുപരിയായി ആരോടോ ഉള്ള പ്രണയത്തിന്റെ നാളമുണ്ടായിരുന്നു...ആരെയോ കാണുവാനുള്ള വ്യഗ്രത .....അവരോടൊന്ന് സംസാരിക്കുവാന്‍ ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിച്ചു . പക്ഷെ അവരേതോ സ്വപ്ന ലോകത്തായിരുന്നു . ആ കൊച്ചുകുട്ടി എന്നോട് ഓരോ കുസൃതികള്‍ കാണിച്ചുതുടങ്ങി .. എപ്പോഴോ എന്നെ അവള്‍ " പാപ്പ " എന്ന് അഭിസംബോധന ചെയ്തു . ക്ഷമിക്കണമെന്നുപറഞ്ഞ് കുട്ടിയെ അവള്‍ അടുത്തേക്ക് പിടിച്ചിരുത്തി .കൂടുതല്‍ സംസാരിച്ചപ്പോള്‍ അവളുടെ പേര് " രേവതി റായി " എന്നാണെന്നും ഭര്‍ത്താവിനെ കാണുവാന്‍ ‍കണ്ണൂരിന് പോകുകയാണെന്നും മനസിലായി. .തപ്പിതടഞ്ഞാണ് മലയാളം സംസാരിച്ചതെങ്കിലും കേള്‍ക്കുവാന്‍ വളരെ രസം തോന്നി .ക്യാപ്ടന്‍ .ജി .എസ് .അഖിലേഷുമായുള്ള വിവാഹം ഒരു പ്രണയ സാഫല്യമായിരുന്നെന്നു പറഞ്ഞപ്പോള്‍ മനോഹരമായ ആ മുഖം ചുവന്നുതുടുത്തു .അയാളോട് എനിക്കസൂയയാണ് തോന്നിയത് . കൂടുതല്‍ പറയുവാന്‍ ഞാന്‍ അവളെ സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചുകൊണ്ടിരുന്നു ...അവള്‍ വാചാലയായി ...ഇത്രത്തോളം പ്രണയത്തെ മനസിലാക്കിയ അവളോട്‌ എനിക്കാരധാനയാണ് തോന്നിയത് . തങ്ങളുടെ വിവാഹക്കാര്യം ഇപ്പോളും ഭര്‍തൃ വീട്ടില്‍ അറിയില്ലെന്നും എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അത് തന്റെ സാന്നിധ്യത്തില്‍ അറിയിക്കുവാന്‍ പോകുകയാണെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ചിരിച്ചുകൊണ്ടാണെങ്കിലും ഞാന്‍ ചോദിച്ചു " ടെന്‍ഷന്‍ ഉണ്ടോ ? "

"No ,he is very lovable and a gentle man like u "

നിമിഷ (ആ കൊച്ചു ബാര്‍ബി ക്വീന്‍) എന്റെ മടിയില്‍ കിടന്ന് ഉറങ്ങിയിരുന്നു "

ചെറിയ ഇളക്കത്തോടെ ട്രെയിന്‍ ഏതോ സ്റ്റോപ്പില്‍ നിര്‍ത്തി ...ബാഗില്‍ എന്തോ പരതിയ ശേഷം എന്നോട് ചോദിച്ചു.

"കുടിക്കാന്‍ വെള്ളമുണ്ടോ "

" ഇല്ല "

വാങ്ങാമെന്നുപറഞ്ഞ് അവള്‍ പുറത്തേക്കുപോയി.....ഒരു നിമിഷം ഞാനും തല പുറകോട്ട് ചായ്ച്ച് മയങ്ങി .ട്രെയിനിന്റെ നീട്ടിയുള്ള കൂവലില്‍ ഞാന്‍ ഉണര്‍ന്നു .രേവതി എത്തിയിട്ടില്ല . ഞാന്‍ വാതില്‍ക്കലേക്ക് ചെന്നു. രേവതി ഓടിവരുന്നുണ്ട് ..ട്രെയിന്‍ നീങ്ങി തുടങ്ങി ...അവളുടെ കാലുകള്‍ വേഗത്തില്‍ ചലിച്ചു ....ഇല്ല അവള്‍ക്ക് കയറാനാവില്ല...വേണ്ടെന്നു ഞാന്‍ ഉറക്കെ നിലവിളിച്ചു ....അവള്‍ കൈ നീട്ടി ..! പിടിച്ചു കയറ്റാന്‍ ഞാനും പരമാവധി ശ്രമിച്ചു ...അവളുടെ കൈകള്‍ എന്റെ വിരല്‍തുമ്പില്‍ സ്പര്‍ശിച്ചു ..

ഒരു നിമിഷം .... ദയനീയമായ രോദനം ട്രെയിനിന്റെ അലര്‍ച്ചയില്‍ അലിഞ്ഞുചേര്‍ന്നു ...ചുവന്ന പാടുകള്‍ വീണ വെളുത്ത ഷാള്‍ ..ലക്ഷ്യമില്ലാതെ പറന്നു നടന്നു ....ആ കുഞ്ഞു മാലാഖ അപ്പോഴും ഉറക്കത്തിലായിരുന്നു .

നടപടിക്രമങ്ങള്‍ തീരുവാന്‍ ഒരു ദിവസം എടുത്തു . എന്റെ തോളില്‍ നിമിഷയുടെ കണ്ണുനീര്‍ പടര്‍ന്നു.അഖിലേഷിനെ ബന്ധപ്പെടുവാന്‍ പലതവണ ശ്രമിച്ചു . നടന്നില്ല ചടങ്ങുകള്‍ പൂര്‍ത്തിയായി .നിമിഷയെ അഖിഷിനെ ഏല്പ്പിക്കേണ്ടത് കടമയാണെന്ന് തോന്നി . കണ്ണൂരിന് ഞാന്‍ യാത്ര തിരിച്ചു . (ഇപ്പോള്‍ തോന്നുന്നുണ്ട് ആ യാത്ര ഒരിക്കലും വേണ്ടിയിരുന്നില്ലെന്ന് ...)

രാവിലെ കണ്ണൂരെത്തി ....മേല്‍വിലാസം കൃത്യമായി അറിവില്ലാത്തതിനാല്‍ കുറെ ബുദ്ധിമുട്ടി ...പക്ഷെ കണ്ടെത്തി ..ആ വീട്ടില്‍ എന്തോ ചടങ്ങ് നടക്കുകയാണ് അഖിലേഷിനെ കാണാന്‍ വന്നതാണെന്ന് പറഞ്ഞു. അല്‍പ സമയത്തിനുള്ളില്‍ അയാള്‍ പുറത്തു വന്നു . നിമിഷയെ കണ്ടതും അയാള്‍ എന്നെ ഒരു വശത്തേക്ക് മാറ്റി നിര്‍ത്തി കാര്യം അന്വേഷിച്ചു . ആ പെരുമാറ്റം എന്നെ അത്ഭുതപ്പെടുത്തി .അയാളുടെ മുഖത്തെ ഭാവം എല്ലാം തുറന്ന് പറയുന്നുണ്ടായിരുന്നു .പക്ഷെ അന്ന് വിവാഹം നടക്കുവാന്‍ പോകുന്ന വരന് അഭിനയിച്ചല്ലേ പറ്റൂ . ആ ഭാഗം അയാള്‍ നിര്‍വഹിച്ചു . ഭംഗിയായി ... ഒന്നുറക്കെ കരയാന്‍ പോലും ധൈര്യമില്ലാത്ത ആ പട്ടാളക്കാരനോട് എനിക്ക് സഹതാപം തോന്നി .എങ്കിലും അയാളുടെ കണ്‍കോണില്‍ ഒരു ജലഗോളം രൂപപ്പെടുന്നുണ്ടായിരുന്നു . അവളുടെ വാക്കുകള്‍ എന്റെ മനസിലെക്കെത്തി.

"He is very lovable and a gentle man , like u "

നിമിഷയുമായി ഞാന്‍ ലക്ഷ്യമില്ലാതെ നടന്നു ...മനസ് തകര്‍ന്നിരുന്നു .ഒന്നും മനസിലാകാത്ത പാവക്കുട്ടിയേപ്പോലെ അവള്‍ എന്റെ തോളില്‍ കിടന്നുറങ്ങി .എല്ലാവരോടും എനിക്ക് ദേഷ്യം തോന്നി . ബംഗാളികളോട് ...മനുഷ്യരോട് ..രേവതിയോട് ...നിമിഷയോട്..എല്ലാത്തിനോടും ..

ബസ്‌ സ്റ്റാന്‍ഡിലെ ബഞ്ചില്‍ ഞാന്‍ ഇരുന്നു .. നിമിഷ ദൂരെ എവിടെക്കോ നോക്കി അടുത്തുണ്ട് ..അവള്‍ക്ക് കുടിക്കാന്‍ എന്തെങ്കിലും വേണോയെന്ന് ചോദിച്ചു .അവള്‍ തലയാട്ടി ...ഞാന്‍ വാങ്ങുവാന്‍ അപ്പുറത്തേക്ക് മാറി. ബസിന്റെ നീട്ടിയുള്ള ഹോണ്‍ കേട്ടു. തിരുവനന്തപുരത്തിനുള്ള എക്സ്പ്രസ്സ്‌ ആണ് . എനിക്ക് പോകേണ്ട വണ്ടി .....ഒരു നിമിഷം ..എന്റെ കാലുകള്‍ അവിടേക്ക് ലക്‌ഷ്യം വച്ച് നീങ്ങി തുടങ്ങി അതേ നിമിഷങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു ...പലപ്പോഴും മനസ് വിലക്കി ..പക്ഷെ ..

പുറകിലത്തെ കണ്ണാടിയില്‍ കൂടി അവളെ ഞാന്‍ കണ്ടു ...എന്നെ തിരഞ്ഞിരുന്ന കുഞ്ഞു കണ്ണുകള്‍ ചാട്ടുളിപോലെ മുഖത്ത് തറഞ്ഞു ...ഞങ്ങള്‍ക്കിടയിലെ ദൂരം കൂടിക്കൂടി വന്നു ...അനങ്ങാതെ, ഒരു ബാര്‍ബി പാവ പോലെ അവള്‍ നിന്നു. തെരുവിലെ ചവട്ടുകുട്ടയിലേക്കെറിയപ്പെട്ട ബാര്‍ബി പാവപോലെ ..............രേവതിയുടെ വാക്കുകള്‍ അന്വര്‍ഥമായതുപോലെ തോന്നി

"He is very lovable and a gentle man , like u "

അരുണ്‍ ആര്‍ഷ


E-Mail: arunkarukachal@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.