പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഉദര നിമിത്തം ബഹുകൃതവേഷേ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജെ. അനിൽ കുമാർ

അസമയത്തുള്ള വിളികൾ പലപ്പോഴും ആപൽസുചകങ്ങളായിരുന്നതിനാൽ തെല്ല്‌ ഭയത്തോടെയാണ്‌ ജോസഫ്‌ ഫോണെടുത്തത്‌. അങ്ങേത്തലയ്‌ക്കൽ ഹാരിസ്‌;

“ജെ.പീ, നീ വിഷമിക്കരുത്‌, നമ്മുടെ സി.കെ. മരിച്ചു.”

“എപ്പോ? എങ്ങിനെ?”

“അതൊന്നുമറിയില്ല. ഒരു പെണ്ണാണ്‌ ഫോൺ ചെയ്‌തത്‌.”

“എവിടെ നിന്ന്‌?” ഏതെങ്കിലും ഹോസ്‌പിറ്റലിൽ നിന്നാണോ?“

”റൂമിലെത്തണമെന്നാ പറഞ്ഞത്‌. വല്ല അയൽക്കാരുമാവും. നീ വേഗം റെഡിയാക്‌ ഞാനുടനെയെത്താം.“ ആലീസിനെ വിളിച്ചുണർത്തി കാര്യം പറഞ്ഞ്‌, ഉറക്കെത്തിന്റെ കെട്ടു നിറഞ്ഞ അവളുടെ ചോദ്യങ്ങൾക്ക്‌ ഒറ്റ വാക്യങ്ങളിൽ ഉത്തരം നൽകി, വാതിലും ഗേറ്റും തുറന്ന്‌ പുത്തെത്തിയപ്പോഴേക്കും ഹാരിസെത്തി. കനത്ത മഞ്ഞ്‌ ദൂരക്കാഴ്‌ച അപ്രാപ്യമാക്കിയതിനാൽ ഹാരിസ്‌ പതുക്കെയാണ്‌ സ്‌കൂട്ടറോടിച്ചത്‌. യാത്രയ്‌ക്കിടയിൽ, എന്തെന്നില്ലാത്ത ഒരങ്കലാപ്പിന്റെ പദനിബിഡമായ പാഠം വിശകലനം ചെയ്യുകയായിരുന്നു ജോസഫിന്റെ മനസ്സ്‌. ഇന്നലെ വൈകിട്ട്‌, ഇന്ന്‌ ക്ലസ്‌റ്റർ മീറ്റിംഗുള്ളതിനാൽ, ഈയാഴ്‌ച വീട്ടിൽ പോകുന്നില്ലെന്നും, റിസോഴ്‌സ്‌ പേഴ്‌സനായതിനാൽ തയ്യാറെടുക്കാനുണ്ടെന്നും പറഞ്ഞ്‌, നേരത്തെ യാത്ര ചൊല്ലി പിരിഞ്ഞതാണ്‌, സി.കെ. സി.കെ.യുടെ ആകസ്‌മിക മരണം നിർദ്ധാരണം ചെയ്‌ത്‌ മൂല്യത്തിലേയ്‌ക്കെത്തും മുൻപ്‌ ഇടറിപ്പിരിഞ്ഞു, ഹാരിസിന്റെ മനസ്സ്‌.

ഗേറ്റ്‌ പാതി ചാരിയനിലയിലും, വാതിൽ മലർക്കെ തുറന്നുമാണിട്ടിരുന്നത്‌. അകത്തെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു. കട്ടിലിൽ ഒരു കൈ വെളിയിലേയ്‌ക്കിട്ട്‌. കണ്ണുകൾ തുറന്ന്‌ വച്ച്‌ അർദ്ധനഗ്നനായി കിടക്കുന്ന സി.കെ.യെ കണ്ട്‌ ഞങ്ങൾ വിളിച്ചു; ”സീ.കേ..........“

ഹാരീസ്‌ സി.കെ.യുടെ കൈകളെ തന്റെ കൈപ്പത്തികൾക്കുള്ളിലാക്കിയപ്പോഴേയ്‌ക്കും, ”അദ്ദേഹം മരിച്ചു കഴിഞ്ഞു.-“ എന്ന ശബ്‌ദം ഞങ്ങളെ ഞെട്ടിച്ചു കൊണ്ടെത്തി. വാതിലിനു പിറകിലായി, ഭയചികിതയായ ഒരു പെൺകുട്ടി, മെല്ലെ എഴുന്നേറ്റുകൊണ്ടു പറയുന്നു.

”ഞാനാ ഹാരിസ്‌ സാറിനെ വിളിച്ചു പറഞ്ഞെ. സി.കെ. പറഞ്ഞിട്ട്‌.“

”സി.കെ. പറഞ്ഞിട്ട്‌?“ എന്ന്‌ ഹാരിസും ”ആരാ നീ? എന്ന്‌ ജോസഫും ഒരുമിച്ചാണ്‌ ചോദിച്ചത്‌. അവളുത്തരമൊന്നും പറഞ്ഞില്ല.

“എപ്പോഴായിരുന്നു?” ഹാരീസ്‌ വീണ്ടും ചോദിച്ചു. “കൊറേ നേരമായിക്കാണും. എന്തോ വല്ലായ്‌മ തോന്നുന്നുവെന്ന്‌ പറഞ്ഞ്‌ എന്നെ മാന്തിയുണർത്തുകയായിരുന്നു. ഹാരീസ്‌ സാറിനെയോ ജോസഫ്‌ സാറിനെയോ വിളിച്ചു പറയാൻ പറഞ്ഞു. നമ്പർ മൊബൈലിലുണ്ടെന്നും.” അവൾ ഞങ്ങളുടെ പ്രതികരണം പ്രതീക്ഷിച്ച്‌ ഒരു നിമിഷം നിർത്തി, വീണ്ടും തുടർന്നു. “ഞാൻ വിളിയ്‌ക്കാൻ തൊടങ്ങുമ്പോഴേയ്‌ക്കും വെള്ളം ചോദിച്ചു. ഞാൻ വെള്ളം കൊടുത്തു. ഒന്നോ രണ്ടോ കവിൾ കുടിച്ചു കാണും ബാക്കി പുറത്തേക്കു വന്നു. ശ്വാസം കിട്ടാത്തതുപോലെ ഒന്നു പിടഞ്ഞു. പിന്നെ അനങ്ങിയതേയില്ല.”

സി.കെ.യുടെ ജിവൻ അവശേഷിക്കുന്നില്ലെന്ന വസ്‌തുത എല്ലാ രീതിയിലും തൊട്ടറിഞ്ഞ ശേഷം ജോസഫ്‌, സി.കെ.യുടെ കണ്ണുകൾ തിരുമ്മിയടച്ചു. കൈകൾ ചെറിയ ബലം പ്രയോഗിച്ച്‌ ശരീരത്തോട്‌ ചേർത്തു വെച്ചു. സി.കെ. ഇപ്പോൾ ശാന്തനായി ഉറങ്ങുകയാണെന്നേ തോന്നു..........

സി.കെ.യുടെ കട്ടിലിന്‌ ഇടത്‌ ഭാഗത്തായുള്ള മേശയിൽ കണ്ട പാതിയൊഴിഞ്ഞ ‘ഹണീ-ബീ’ പെട്ടെന്നാണ്‌ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്‌. ഒപ്പം, ഏകദേശം തീർന്നതും, പൊട്ടിച്ചിട്ടില്ലാത്തതുമായ ച്യവനപ്രാശ ബോട്ടിലുകൾ, പരസ്യത്തിൽ കണ്ടു പരിചയിച്ച വാജീകരണ ക്യാപ്‌സൂളുകൾ, ഉറകൾ, ഏതൊക്കെയോ ഗുളികകളുടെ ഒന്നിലേറെ സ്‌ട്രിപ്പുകൾ.............

പെട്ടെന്ന്‌ സി.കെ.യെക്കുറിച്ചുള്ള മനസ്‌സിന്റെ വൃത്തം താൽക്കാലികമായി ലക്ഷണ വ്യവസ്‌ഥകൾ ലംഘിച്ചു. ഷുഗറിന്‌ കൂടിയ അളവിൽ മരുന്നുകൾ കഴിച്ചിരുന്ന സി.കെ. എന്തിന്‌ ചവ്യനപ്രാശ ബോട്ടിലുകൾ കരുതി വെച്ചു.? വളരെ അപൂർവ്വമായി, കുറച്ച്‌ മാത്രം മദ്യപിക്കാറുള്ള സി.കെ.യുടെ മുറിയിൽ പാതിയൊഴിഞ്ഞ മദ്യക്കുപ്പി? വാജീകരണ ക്യാപ്‌സൂളുകൾ? ഉറകൾ?

സംശയത്തിന്റെ മണിപ്രവാളം തലച്ചോറിലേയ്‌ക്കാവാഹനം ചെയ്യപ്പെട്ടുവെങ്കിലും, ജോസഫ്‌ മാനുഷിക വികാരങ്ങളുടെ നിജമല്ലാത്ത അവസ്‌ഥകളെക്കുറിച്ച്‌ ബോധവാനായി. സ്വന്തമെന്നു കരുതുന്നവരുടെ പോലും വിചാര - വികാരങ്ങളുടെ എത്രയോ ചെറിയ ശതമാനം മാത്രമേ അടുത്തയാളിലേയ്‌ക്കെത്തപ്പെടുന്നുള്ളൂ. സ്വന്തം ചിന്തകൾ പോലും, സ്വപ്‌നരൂപേണ, അവനവനെ ഭയപ്പെടുത്തി എത്രയോ രാത്രികളിൽ ഉറക്കത്തിൽ ഞെട്ടിക്കും, നിലവിളിപ്പിക്കും. ചിന്തകളും, വികാരങ്ങളും മരണം പോലെ തന്നെ ഒന്നിനുമില്ല കൃത്യമായി പിരീയഡുകളും ഇടവേളകളുമൊന്നും.....

ഏതോ കാർട്ടൂൺ സിനിമയിൽ കണ്ട പ്രേതത്തിന്റെ രൂപം മാറിക്കൊണ്ടിരിക്കുന്ന അന്തമില്ലാത്ത നിഴലുകൾ പോലെ സി.കെ.യുടെ സുന്ദരമുഖം വലിഞ്ഞും, നീണ്ടും, പരന്നും അതിന്റെ നിയതമായ വടിവുകൾ മാറ്റി, ഞങ്ങളെ വിഷമിപ്പിച്ചു. അതിനിടയിലെപ്പോഴോ ജോസഫ്‌, ഹാരിസിനെ പുറത്തേയ്‌ക്ക്‌ വിളിച്ചു. അവളോടെന്തോ ചോദിക്കുകയായിരുന്നു ഹാരിസപ്പോൾ......

“നമ്മിളിനി എന്താ ചെയ്യുക?”

“ആദ്യം പി.കെ.പി.യെ വിവരം അറിയിക്കാം. സി.കെ.യുടെ വീട്ടിലും, ഹെഡ്‌മാസ്‌റ്ററേമൊക്കെ പി.കെ.പി അറിയിക്കട്ടെ. ബാക്കിയൊക്കെ പി.കെ. പി വന്നിട്ടാലോചിക്കാം.” എന്ന ഹാരിസിന്റെ അഭിപ്രായം തന്നെയായിരുന്നു ജോസഫിനും.

“പക്ഷേ ആ പെണ്ണിനെ എന്തും ചെയ്യും?” ജോസഫും അവളെക്കുറിച്ച്‌ അപ്പോഴാണാലോചിച്ചത്‌.

“അവളാകെ ഭയന്നിട്ടാണ്‌.”

“നമുക്കൊരു കാര്യം ചെയ്യാം. പി.കെ.പി. എത്തും മുൻപ്‌ അവളെ പറഞ്ഞു വിടാം” ഹാരീസ്‌ പറഞ്ഞു.

“ഈ രാത്രിയിൽ? സമയമെത്രയായിക്കാണും. തിരക്കിൽ വാച്ചെടുത്തില്ല.”

“രണ്ടര- ജെ.പി. ഒരു കാര്യം ചെയ്യ്‌. സ്‌കൂട്ടറിൽ ഇവളെ ബസ്‌ സ്‌റ്റേഷനടുത്തെങ്ങാനും വിട്ടേക്ക്‌. അപ്പോഴേയ്‌ക്ക്‌ ഞാനാ മേശപ്പുറത്തുള്ളതൊക്കെ ഒന്നൊളിപ്പിയ്‌ക്കട്ടെ. നമ്മളീക്കണ്ടതൊക്കെ നമ്മുടെ മാത്രം മനസ്സുകളിലുമൊളിപ്പിക്കാം. നമ്മുടെ സി.കെ.യ്‌ക്കു വേണ്ടി.”

സ്‌കൂട്ടർ സ്‌റ്റാർട്ടാക്കിയപ്പോഴേയ്‌ക്കും അവൾ വന്നു കയറി. ബസ്‌റ്റാന്റിലേയ്‌ക്ക്‌ രണ്ടര കിലോമീറ്ററെങ്കിലും ദൂരമുണ്ട്‌. ഹാരീസ്‌ അവിടെ നിന്നത്‌ നന്നായി. ദേഹി ഉപേക്ഷിച്ച ഒരു ദേഹത്തിനടുത്ത്‌ അധിക നേരം ഒറ്റയ്‌ക്കു നിൽക്കാനുള്ള ധൈര്യം ജോസഫിനുണ്ടായിരുന്നില്ല. ഈ പെണ്ണിങ്ങിനെ ഇത്ര സമയം ഒരു ജഡത്തിനരികെ ഒറ്റയ്‌ക്ക്‌? പുറത്തെ ഇരുട്ടും, നിശബ്‌ദതയും, അകത്തെ കാഴ്‌ചയും അവളുടെ വികാരങ്ങൾക്ക്‌ നൈമിഷിക വൈധവ്യം വിധിച്ചിരിക്കുമോ? മണിക്കൂറുകൾക്ക്‌ മുൻപ്‌ തന്റെ ശരീരത്തിന്റെ സമസ്യകൾ പൂരിപ്പിച്ച ഉടൽ, ജഡാവസ്‌ഥയിലായതുകണ്ട്‌, ജീവിതത്തിന്റെ ഏതേത്‌ അർത്ഥമില്ലായ്‌മകളെക്കുറിച്ചാവും അവൾ പുച്ഛത്തോടെ ഓർത്തിരിക്കുക!

“എന്താ നിന്റെ പേര്‌ ?”, “എവിടേയ്‌ക്കാ നിനക്ക്‌ പോകേണ്ടത്‌?”

അവൾ പേര്‌ പറഞ്ഞത്‌ ‘മരിയ’ എന്നോ ‘മറിയ’ എന്നോ വ്യക്തമായില്ലെങ്കിലും രണ്ടാമത്‌ ചോദിക്കണമെന്ന്‌ തോന്നിയില്ല. സ്‌ഥലപ്പേര്‌ ഇവിടെ നിന്ന്‌ ഏറിയാൽ നാലോ അഞ്ചോ കിലോമീറ്റർ അകലെയുള്ളൊരു ഗ്രാമത്തിന്റേതായിരുന്നു.

“സി.കെ. ഇന്നലെ ഒരുപാട്‌ കുടിച്ചുവോ?”

“ഇല്ല. കൂടുതലായാൽ അതൊന്നും ശരിയാകത്തില്ലെന്ന്‌ പറഞ്ഞു.”

“ഏതൊന്നും?”

ചോദിച്ചതിനു ശേഷമാണ്‌​‍്‌, ആ ചോദ്യത്തിന്റേ അന്തസ്സില്ലായ്‌മ ജോസഫിനെ കുറ്റവിചാരണ നടത്തിയത്‌. അവൾ മറുപടിയൊന്നും പറയുകയോ, ജോസഫ്‌ പിന്നീടൊന്നും ചോദിക്കുകയോ ചെയ്‌തില്ല.

ബസ്‌റ്റാന്റിനടുത്തായി അവളെ ഇറക്കി. സ്‌റ്റേഷനും പരിസരവും വിജനമായിരുന്നു. അവൾ വെയ്‌റ്റിംഗ്‌ ഷെഡ്‌ഡിലേയ്‌ക്ക്‌ ഉൾവലിയുമ്പോൾ, ജോസഫിനെ നോക്കി ചിരിക്കാനൊരു വിഫല ശ്രമം നടത്തി. നന്ദി സൂചനയാകാം.

തിരിച്ചെത്തുമ്പോൾ, ഹാരിസ്‌ ഗേറ്റിനടുത്തുണ്ടായിരുന്നു.

“ആ ജമീല പേഴ്‌സെടുക്കാൻ മറന്നു. നിന്നോടവൾ വണ്ടിക്കൂലിയ്‌ക്ക്‌ കാശെങ്ങാനും ചോദിച്ചുവോ?

”അതാരാ ജമീല?“

”ആ പെണ്ണ്‌“.

”അവൾ മരിയയോ, മറിയയോ മറ്റോ ആണല്ലോ?“

”അവളങ്ങനെ പറഞ്ഞോ? അവളെന്നോട്‌ പറഞ്ഞതല്ലേ അവളുടെ പേര്‌ ജമീലയെന്നാണെന്ന്‌“

”അല്ല ഹാരീസ്‌. അവൾ മരിയയോ, മറിയയോ ആണ്‌. പാതിരി മലയിലാണ്‌ വീട്‌.“

”ജെ.പി. നമ്മളവളെ പറഞ്ഞു വിടേണ്ടിയിരുന്നില്ല. എനിയ്‌ക്ക്‌..........“ അർദ്ധോക്‌തിയിൽ നിർത്തി, അരണ്ട വെളിച്ചത്തിൽ ഹാരീസ്‌ അവളുടെ പേഴ്‌സ്‌ പരിശോധിച്ചു.

അധികം വിലയില്ലാത്ത ഒരു മൊബൈയിൽ ഫോൺ, നൂറിന്റേയും, പത്തിന്റെയും ഓരോ നോട്ട്‌, കുറച്ച്‌ ചില്ലറ, ഒന്നോ, രണ്ടോ ബസ്‌ ടിക്കറ്റുകൾ.

”നമുക്കിവളുടെ മൊബൈലിൽ നിന്ന്‌ സി.കെ.യുടെ നമ്പർ ഡയൽ ചെയ്യാം. സി.കെയുടെ മൊബൈലിൽ അവളുടെ പേരുണ്ടെങ്കിലോ?“ ഹാരീസ്‌ അക്കങ്ങളിൽ വിരലമർത്തി. ഞങ്ങളെ രണ്ടു പേരേയും തോൽപ്പിച്ച്‌, പ്രിയ കാളിംഗ്‌‘ എന്ന്‌ സി.കെ.യുടെ മൊബൈൽ സ്‌ക്രീനിൽ.......

അപ്പോളവൾ പ്രിയയാണ്‌.

”അവളെന്തിനാ ഹാരീസ്‌ നമ്മളോട്‌ കള്ളപ്പേര്‌ പറഞ്ഞത്‌?“

”അതാ ഞാനുമാലോചിക്കുന്നത്‌. ജെ.പീ നമുക്കവളെ പൊക്കണം.“

കതക്‌ ചേർത്തടച്ച്‌, സി​‍െ.കയുടെ ശരീരത്തെ ഒറ്റയ്‌ക്ക്‌ വിട്ട്‌ ഞങ്ങൾ വീണ്ടും ബസ്‌റ്റാന്റിലെത്തി. ജോസഫുടനെ സ്‌കൂട്ടറിൽ നിന്നിറങ്ങി അവളെയിറക്കിയ വെയ്‌റ്റിംഗ്‌ ഷെഡിനടുത്തേയ്‌ക്ക്‌ ചെന്നു.

അവളവിടെയുണ്ടായിരുന്നില്ല. ബസ്‌റ്റേഷന്റെ പരിസരം, ഇടനാഴി, ഒടുവിൽ ലേഡീസ്‌ ടോയ്‌ലറ്റിൽ വരെ തിരഞ്ഞുവെങ്കിലും അവളെയവിടെയെങ്ങും കണ്ടെത്താനായില്ല. ഈ രാത്രിയിൽ എവിടേയ്‌ക്കും ബസ്സുകളൊന്നും കിട്ടാനിടയില്ല. പിന്നെയിവൾ എവിടെപ്പോയി? അധികനേരം അവിടെനിൽക്കാൻ ഞങ്ങൾക്ക്‌ തോന്നിയില്ല.

നിരാശയോടെ തിരിച്ച്‌ സ്‌കൂട്ടറോടിയ്‌ക്കുമ്പോൾ നിറഞ്ഞ കോടമഞ്ഞോ, മരവിപ്പിക്കുന്ന തണുപ്പോ രണ്ടുപേരേയും അലട്ടിയില്ല. സി.കെ.യുടെ മുറിയിലെത്തി. പി.കെ.പി.യെ വിളിയ്‌ക്കാനൊരുങ്ങിയെങ്കിലും, ഹാരീസ്‌ വിങ്ങിക്കരഞ്ഞുപോയി. ജോസഫും കരയുകയായിരുന്നു. പരസ്‌പരം കെട്ടിപ്പിടിച്ച്‌, ഇനി സി.കെ. ഒരോർമ്മ മാത്രമാണെന്ന വൃഥയ്‌ക്ക്‌ രണ്ടുപേരും കണ്ണീരിലൂടെ ശാന്തി തേടി. പ്രകൃതി നിയമങ്ങളുടെ ശ്രേഷ്‌ഠതയെ ഉയർത്തി, മരണത്തെ നിസ്സാരവത്‌ക്കരിക്കുന്നവർക്കറിയില്ല, പ്രിയപ്പെട്ടവരുടെ വേർപാടു തീർക്കുന്ന വർണ്ണിക്കാനാവാത്ത അവസ്‌ഥകളെ..... ആ അവസ്‌ഥകളുടെ ഇടയ്‌ക്കിടെയുള്ള ആവർത്തനങ്ങളെ.......

ഹാരീസ്‌ ജോസഫിന്റെ കയ്യിലേയ്‌ക്ക്‌ ഫോൺകൊടുത്തു കൊണ്ട്‌ പറഞ്ഞു. ”എനിയ്‌ക്ക്‌ വയ്യ. ജെ.പി. വിളിച്ചു പറയ്‌.“

ഉറക്കത്തിന്റെ ശാന്തിയിലേയ്‌ക്ക്‌ നിലവിളിയോടെയെത്തിയ വാർത്ത പി.കെ.പി.യെ നിരായുധനാക്കിയതായി തോന്നി. ’ഓ......മൈ ഗോഡ്‌ എന്ന ശബ്‌ദത്തെ തുടർന്ന്‌ ഫോൺ കട്ടായി.

ശേഷം, ഹാരിസിന്റെ മൊബൈൽ തുടരെത്തുടരെ ശബ്‌ദിക്കാൻ തുടങ്ങി. പ്രിയയുടെ മൊബൈൽ സ്വിച്ച്‌ ഓഫ്‌ ചെയ്‌ത്‌ ജോസഫ്‌ പോക്കറ്റിലിട്ടു. അറിയിക്കണ്ടവരെയെല്ലാം അറിയിച്ച്‌ ചെയ്യേണ്ടതെല്ലാം ചെയ്‌ത്‌ പി.കെ.പി. എത്തിയപ്പോഴേയ്‌ക്കും നേരം പുലർന്നിരുന്നു.

ഹൃദയാഘാതമാണ്‌ മരണകാരണമെന്ന്‌ സ്‌ഥിരീകരിക്കും വരെ സി.കെ.യുടെ ജീവനറ്റ ശരീരവും, പ്രിയയുടെ ജീവനുള്ള ശരീരവും തമ്മിലുള്ള ഒളിച്ചു കളികളായിരുന്നു രണ്ടുപേരുടേയും മനസ്സുകളിൽ. സി.കെ. ഒളിയ്‌ക്കുമ്പോൾ പ്രിയവരുന്നു. പ്രിയ ഒളിയ്‌ക്കുമ്പോൾ സി.കെ.യുടെ ശരീരവും പഴയ ഓർമ്മകളും, ബാക്കി കർമ്മങ്ങളും തെളിയുന്നു.

ക്രമം തെറ്റി മനസ്സിന്റെ കളികൾക്ക്‌ നിയമങ്ങളൊന്നുമില്ലല്ലോ? ആർക്കും യഥേഷ്‌ടം എന്തും ഏതും കളിയ്‌ക്കാം. ജയവും തോൽവിയുമില്ലാത്ത ഒളിച്ചുകളികൾ..........

സി.കെ.യുടെ ശരീരത്തോടൊപ്പം ആംബുലൻസിൽ നാലു പേരെ ഉണ്ടായിരുന്നുള്ളൂ. ജോസഫിനെയും ഹാരിസിനെയും കൂടാതെ, അരുണും, പി.കെ.പ.യും. അരുണിനോടൊപ്പം നാട്ടിൽ നിന്ന്‌ വന്നവരും, സ്‌കൂളിൽ നിന്ന്‌ ഹെഡ്‌മാസ്‌റ്ററടക്കമുള്ളവരും രണ്ടു ജീപ്പുകളിലായി ആംബുലൻസിനെ അനുഗമിച്ചു. അധിക നേരം ബോഡി വയ്‌ക്കരുതെന്ന ഡോക്‌ടറുടെ നിർദ്ദേശം മൂലവും, ദൂരത്തു നിന്നാരും എത്തിച്ചേരാനില്ലാത്തതിനാലും ചടങ്ങുകൾ വളരെ വേഗം കഴിഞ്ഞു. സി.കെ.യുടെ ശരീരത്തെ അഗ്നി ശുദ്ധീകരിക്കുന്ന ചടങ്ങുകളുടെ ആദ്യപാദമെത്തും മുൻപേ തന്നെ പി.കെ.പി. വന്നു പറഞ്ഞുഃ ”മറ്റുള്ളവർ തിരക്കു കൂട്ടുന്നു.“.

സർവ്വതിനേയും ഭസ്‌മീകരിക്കുന്ന അഗ്നിയെപ്പോലും മനിഥമാക്കുന്ന മനുഷ്യന്റെ കാപട്യം പുകച്ചുരളുകൾ അലിഞ്ഞ വലയങ്ങളായി സി.കെ.യുടെ പട്ടടയ്‌ക്ക്‌ മുകളിൽ ഘനീഭവിക്കുകയാണ്‌.........

ഇറങ്ങും മുൻപ്‌ അരുണിനെ കണ്ട്‌ യാത്ര ചോദിച്ചു. അവനോടൊപ്പം പ്രിയചേച്ചിയുടെ അടുത്തെത്തിയെങ്കിലും, സ്‌ത്രീകൾ തീർത്ത വലയത്തിനുള്ളിൽ തളർന്നു കിടക്കുന്ന അവരോട്‌ ഒന്നും പറയാൻ രണ്ടു പേർക്കും കഴിഞ്ഞില്ല. അരുണിനെ സമാധാനിപ്പിക്കാൻ വാക്കുകൾ പരതുമ്പോൾ, ‘ഉള്ളുകാട്ടുവാൻ നരനുപായം നൽകാത്ത ഈശ്വരനോട്‌” കലഹിച്ചു ജോസഫിന്റെ ഉള്ളം. “ജോസഫങ്കിളും, ഹാരിസങ്കിളും ഒരുപാട്‌ ബുദ്ധിമുട്ടിയല്ലേ, ”എന്ന അരുണിന്റെ ആത്‌മാർത്ഥമായ വാക്കുകൾക്ക്‌ മുൻപിൽ, ’ഞങ്ങളുടെ സി.കെ.യ്‌ക്കു വേണ്ടി ഇനി ഒന്നും ചെയ്യാനാവില്ലല്ലോ‘ എന്ന സങ്കടത്തെ ഹാരിസ്‌ നേടുവീർപ്പിലും, ജോസഫ്‌ ശബ്‌ദമില്ലാത്ത തേങ്ങലിലുമൊതുക്കി.

പി.കെ.പി. ഒഴികെ മറ്റുള്ളവർ ഞങ്ങൾ വൈകിയതിലുള്ള അസ്വാരസ്യം വാക്കുകളാൽ ചവച്ചുതീർത്തു. അഭിപ്രായപ്രകടനങ്ങളിലൊന്നും പങ്കുകൊള്ളാതെ ഞങ്ങൾ മൂന്നുപേരുമിരുന്നു. മറ്റുള്ളവർ കടമതീർത്തതാണ്‌. ഞങ്ങൾക്ക്‌ പക്ഷേ സി.കെ. ആരോ ആയിരുന്നു. ’സ്വാന്തേ സന്തോഷമേറ്റം തരുവതിനിഹതേവന്നു ഞാൻ നിന്നീടുന്നുവെന്ന്‌‘ മലയാളം അധ്യാപകനായ ജോസഫിനെ കളിയാക്കി പാടി, മനസ്സിനെ സന്തോഷിപ്പിച്ചിരുന്ന സൗഹൃദത്തിന്റെ രക്തബന്ധം. തിരക്കുകൂട്ടി വണ്ടിയിൽ കയറിയവർ, റോഡരികിലുള്ള കള്ളുഷാപ്പിന്റെ അരണ്ട വെളിച്ചത്തിൽ ഞണ്ടിറച്ചി ഊറിത്തിന്നപ്പോൾ, ജീപ്പിന്റെ പുറത്തിറങ്ങി നിന്നതേയുള്ളൂ ഞങ്ങൾ മൂന്നുപേരും. മിനിമം ലഹരി കയറിയ മറ്റുള്ളവർക്ക്‌ സി.കെ.യുടെ മരണം ഒരു കൊച്ചു വിനോദയാത്രയൊരുക്കിയ ടൂർ പ്രോഗ്രാമർ ആയത്‌ സഹിക്കാതെ ജോശഫും ഹാരിസും കണ്ണടച്ചിരുന്നു. യാത്രയ്‌ക്കിടയിൽ കണ്ണടച്ചാൽ ഛർദ്ദിവരുന്ന പി.കെ.പി.യാകട്ടെ, കണ്ണ്‌ തുറന്നുവെച്ച്‌ നാട്യങ്ങളുടെ ഛർദ്ദിലുകൾ കണ്ടിരുന്നു. ചുരം കയറി വണ്ടിയെത്തിയപ്പോഴേയ്‌ക്കും അർദ്ധരാത്രി കഴിഞ്ഞിരുന്നു.

ഞങ്ങളുടെ സൗഹൃദത്തിന്റെ ഇഴയടുപ്പം നന്നായറിയുമായിരുന്നത്‌ കൊണ്ട്‌ തന്നെ ജോസഫിനെ ആലീസ്‌ വിളിച്ചുണർത്തിയില്ല. ഉണർന്നപ്പോൾ ആലീസിനോടതിന്‌ പരിഭവിക്കുകയും ചെയ്‌തു. സി.കെ.യോടൊപ്പം ജ്വലിച്ചടങ്ങാതെ പോയ പ്രിയ മനസ്സിന്റെ കളികളിലേയ്‌ക്ക്‌ ശക്തിയുള്ള കരുക്കളുമായെത്തി. ഹാരിസിനെ വിളിച്ചു പറയുമ്പോൾ അവനും ഇതേ അവസ്‌ഥയിലാണെന്ന്‌ മനസ്സിലായി.

“ആ പ്രിയയുടെ മൊബൈൽ എന്റെ കയ്യിലല്ലേ ഹാരീസ്‌, നമുക്കത്‌ തിരിച്ചു കൊടുക്കണം”

“അതെങ്ങനാ? അവളിപ്പോ എവിടാന്നു വച്ചാ, ജെ.പീ?”

“നമുക്കാ സ്‌ഥലം വരെയൊന്നു പോയാലോ? പി.കെ.പി.യെയും കൂട്ടാം.”

“അതു വേണ്ട. പി.കെ.പിയോട്‌ നമ്മൾ ഇതുവരെ ഒന്നും പറഞ്ഞില്ലല്ലോ? ഇനി വേണ്ട. പി.കെ.പിയ്‌ക്ക്‌ അത്‌ വിഷമമാകും.

”നമുക്കാലീസിനെ കൂട്ടിയാലോ? അത്തരം ബാക്ക്‌ ഗ്രൗണ്ടുള്ള ഒരു പെണ്ണിനെ അന്വേഷിച്ച്‌ നമ്മൾ രണ്ടാണുങ്ങൾ പോകുമ്പോൾ പ്രത്യേകിച്ചും.......... അവളോട്‌ ഞാനെല്ലാം ഒന്ന്‌ സൂചിപ്പിക്കേം ചെയ്യാം.“

”അതു വേണോ?“ സംശയത്തോടെ ഹാരീസ്‌. അൽപം കഴിഞ്ഞ്‌, ”ജെ.പി. പറഞ്ഞത്‌ ശരിയാ. ആലീസും വരട്ടെ. ഞാൻ വണ്ടിയെടുത്ത്‌ വരാം.“

”എപ്പോഴേയ്‌ക്കാ?“

”പതിനൊന്നരയോടെ. ഇന്ന്‌ തന്നെ തീർക്കാം. നാളെ സ്‌കൂളിൽ അനുശോചനയോഗമൊക്കെ ഉളളതല്ലേ. നിങ്ങൾ റെഡിയാക്‌.“

പതിവുപോലെ, ആലീസ്‌ ഞായറാഴ്‌ച തിരക്കുകളിൽ........ കാര്യമെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ ആലിസ്‌ വിശ്വസിക്കാൻ പ്രയാസമുള്ള എന്തോ കേട്ടപോലെ, തെല്ല്‌ വെപ്രാളത്തോടെ,

”ജോ? ഇത്‌ സത്യമാണോ ജോ?“

”ഞങ്ങളും ആകെ അപ്‌സെറ്റാണാലീസ്‌. എന്തായാലും നമുക്കവിടെ വരെ പോകാം. സി.കെ.യുടെ അവസാന നിമിഷങ്ങളെക്കുറിച്ച്‌ വിശദമായറിയണം. ആ സെറ്റ്‌ അവൾക്ക്‌ തിരിച്ചു കൊടുക്കണം.“

”പോകണം, ജോ ഞാനും വരാം. ആ പ്രിയയെ എനിയ്‌ക്കുമൊന്ന്‌ കാണണം. ഷുഗർ രോഗിയായ സി.കെ. മരണത്തെ എങ്ങിനെ ഹൃദയേ വഹിച്ചുവെന്ന്‌ ചോദിക്കണം. ഞാനുമൊരു പഞ്ചാരസുക്കേടുകാരിയല്ലേ?“

അതിന്‌ സി.കെ.യ്‌ക്ക്‌ ഹൃദയമുണ്ടായിരുന്നല്ലോ, നിനക്കതില്ലല്ലോ എന്ന്‌ പറഞ്ഞ്‌ പഴകിയ തമാശയിലൂടെ ആലീസിനെ ചൊടിപ്പിക്കുകയോ, അങ്ങിനെയാന്നും പറയാതെ ആലീസ്‌, നിന്നെയങ്ങനെ മരണത്തിന്റെ കൂടെ ഒളിച്ചോടാൻ പെട്ടന്നൊന്നും ഞാൻ സമ്മതിക്കില്ലെന്ന്‌, കേട്ട്‌ മടുത്ത സിനിമാ ഡയലോഗ്‌ പറഞ്ഞ്‌ സാന്ത്വനിപ്പിക്കുകയോ ചെയ്‌തില്ല. പകരം ജോസഫ്‌ പറഞ്ഞുഃ ”നീ വേഗം ഒരുങ്ങ്‌.“

കൃത്യസമയത്ത്‌ തന്നെ ഹാരിസ്‌ വണ്ടിയുമായിയെത്തി. ടോമിനെയും, സാറയെയും സൺഡേ ക്ലാസ്സിലേയ്‌ക്കയക്കും മുൻപ്‌, നിർദ്ദേശങ്ങളൊക്കെ അക്കം തെറ്റാതെ മനസ്സിലേയ്‌ക്കെഴുതിച്ചിട്ടും, മതിവരാതെ ഇംപോസിഷൻ ചെയ്യിപ്പിക്കുകയായിരുന്നു ആലീസ്‌. അരമണിക്കൂറിലേറെ താമസിപ്പിച്ച, ആലീസ്‌ തിരക്കിട്ട്‌ വണ്ടിയിൽ കയറുമ്പോഴും എന്തിനെയോ കുറിച്ച്‌ വേവലാതിപ്പെടുന്നുണ്ടായിരുന്നു. യാത്രയിലധികവും ഞങ്ങൾ സംസാരിച്ചത്‌ സി.കെ.യെക്കുറിച്ചായിരുന്നു.

പ്രിയ ഞങ്ങളുടെ ചർച്ചയിലേയ്‌ക്കെത്തിയതേയില്ല.

പാതിരിമലയിലെത്തിയ ശേഷം ഞങ്ങൾ പ്രിയയെക്കുറിച്ച്‌ അന്വേഷിക്കാൻ തുടങ്ങി. ആർക്കും അത്തരമൊരു പ്രിയയെ അറിയുമായിരുന്നില്ല. അവിടെക്കണ്ട കൊച്ചുകൊച്ചു കടകളിൽ വാർത്ത പരത്തുന്നതിൽ അപാര സാമർത്ഥ്യമുള്ളവരെന്നു തോന്നിയ നേരംകൊല്ലികൾ, ദേവീക്ഷേത്രത്തിൽ ചീട്ടെഴുതുന്ന കുമാരൻ നായർ, സദാ പൊതുതാൽപര്യാർത്ഥം ജീവിക്കുന്നവനെന്ന്‌ നടിക്കുന്ന ഇമ്മാനുവേൽ, എന്നിവരെയൊക്കെ ചോദ്യം ചെയ്‌തെങ്കിലും, പ്രിയയെക്കുറിച്ച്‌ യാതൊരടയാളവും ആർക്കും തരാനായില്ല. ആലീസ്‌ കൂടുതൽ കൂടുതൽ വാശിയോടെ, മനസ്സിലൊരു ചൂരൽ വടിയുമായി ചോദ്യങ്ങൾ തുടരുകയാണ്‌.......

എല്ലാവർക്കും ആകെ രണ്ടു പ്രിയമാരെയേ അറിയുമായിരുന്നുള്ളൂ. ഏതോ ദേവന്റെ മകൾ, പത്തോ പതിനൊന്നോ വയസ്സുളള ഹിരിപ്രിയയും, നാൽപ്പതിലേറെ പ്രായം വരുന്ന പ്രിയ സാമുവേലും. ഇരുപതിനടുത്ത്‌ പ്രായം തോന്നിക്കുന്ന, നീണ്ട്‌ മെലിഞ്ഞ്‌, ഭംഗിയുള്ള കേശഭാരം ആവശ്യത്തിലേറെ പ്രാസം ശരീരത്തിലെഴുതിച്ചേർത്ത പ്രിയയെ അവർക്കാർക്കും അറിയില്ലായിരുന്നു. ആലീസാവട്ട ഭാവനയുടെ അലങ്കാരങ്ങളണിയിച്ച്‌ പ്രിയയ്‌ക്ക്‌ കൂടുതൽ രൂപഭംഗിയും, തെളിമയും നൽകുകയാണ്‌.

”ഇനി പോകാം.“ ഹാരിസ്‌ പറഞ്ഞു.

”നീ കേറാലീസേ.“ ജോസഫും പറഞ്ഞു.

ആലീസപ്പോൾ ഏതോ വീട്ടിൽ വേലയ്‌ക്ക്‌ നിൽക്കുന്ന മേരിയിലേയ്‌ക്ക്‌ പ്രിയയുടെ ശരീര വടിവുകളുടെ ചിത്രം കോറിയിടുകയായിരുന്നു. ആലീസ്‌ പുറകിലെ സീറ്റിലേയ്‌ക്ക്‌ ദേഷിച്ചു കയറിയിരുന്നു.

”ഈ ആണുങ്ങൾക്ക്‌ ഒരു കാര്യത്തിനുമില്ല, ഒരുക്ഷമ. എനിയ്‌ക്കുറപ്പാ അവളെ കണ്ടുപിടിയ്‌ക്കാനാവുമെന്ന്‌ അതെങ്ങനാ?“

തിരിച്ചുവരുമ്പോൾ മൂന്നു പേരും അവരവരുടെ ചിന്തകളുടെ വൃത്തങ്ങളിലായിരുന്നു. പാതിരിമല പഞ്ചായത്തുകാരുടെ നന്ദിസൂചകബോർഡിനുതാഴെ പാലത്തിനടുത്തായി ഹാരിസ്‌ വണ്ടിയൊതുക്കി നിർത്തി. ഹാരിസും, ജോസഫും മൂത്രമൊഴിച്ച്‌ തിരിച്ചു വരുമ്പോൾ എന്തോ കണ്ടെത്തിയ ആനന്ദമോ, ആശ്വാസമോ എന്ന്‌ ഉൽപ്രേക്ഷ ജനിപ്പിച്ച്‌ ആലീസ്‌ പറഞ്ഞു.

”ഒരു വഴിയുണ്ട്‌ ജോ.“

”ആലീസിന്റെ അന്വേഷണം ഇതു വരെ തീർന്നില്ലേ?“ ഹാരീസ്‌ ചിരിച്ചു കൊണ്ട്‌ വണ്ടിക്കുള്ളിലേയ്‌ക്കിരുന്നു.

”ആ പ്രിയയുടെ മൊബൈലിങ്ങെടുക്ക്‌.“ കൈ നീട്ടിക്കൊണ്ട്‌ ആലീസ്‌ ചോദിച്ചു. ജോസഫ്‌ മൊബൈലെടുത്ത്‌ ഓൺ ചെയ്‌തപ്പോഴേയ്‌ക്കും ആലീസ്‌ പിടിച്ചു വാങ്ങി. ആലീസ്‌ എന്തിനുള്ള പുറപ്പാടാണെന്നോർത്ത്‌ ജോസഫ്‌ അത്‌ഭുതപ്പെട്ടപ്പോൾ, പാതിവിടർന്ന ചിരിയുമായി കൗതുകത്തോടെ ഹാരിസിരുന്നു. മൊബൈലിൽ പേരുകൾ സേർച്ച്‌ ചെയ്യുകയായിരുന്നു ആലീസപ്പോൾ.

”നീയെന്താ ആലീസേ ചെയ്യാൻ പോകുന്നേ?“

”ജോ, നോക്കിക്കോ. ആ..... കിട്ടി, ഒരു തോമസിനെ. ഒന്നുമല്ലെങ്കിലും അയാളൊരച്ചായനല്ലേ.“ മൊബൈൽ ചെവിയുടെയടുത്തേയ്‌ക്ക്‌ വയ്‌ക്കുമ്പോൾ സംതൃപ്‌തിനിറഞ്ഞ ഒരു കള്ളച്ചിരിയോടെ ജോസഫിനെ നോക്കി അവൾ കണ്ണിറുക്കി. ആലീസിന്റെ മുഖത്തെ പാഠഭേദങ്ങൾ ജോസഫിനു വായിച്ചെടുക്കാനായില്ല. അൽപം കഴിഞ്ഞ്‌, വിവിധ വികാരങ്ങൾ ഏകീഭൂതയായവളെപ്പോലെ സ്‌തംഭിച്ച്‌, ആലീസ്‌.........ചെറിയ മൂളലുകൾക്കൊടുവിൽ ഫോൺ കട്ട്‌ചെയ്‌ത്‌ നിരാശയോടെ ആലീസ്‌ഃ

”അവൾ പ്രിയയും ജമീലയും മരിയയുമൊന്നുമല്ല. ആഗ്നസാണ്‌. ആഗ്നസ്‌....“

”ആഗ്നസ്സോ?“ - ഹാരിസും, ജോസഫും ഒരുമിച്ചാണത്‌ ചോദിച്ചത്‌.

-ഹലോ, ആഗ്നസ്‌. ഞായറാഴ്‌ചകളിലൊന്നും വിളിയ്‌ക്കരുതെന്ന്‌ നിന്നോടെത്രയോ തവണ പറഞ്ഞിരിക്കുന്നു മമ്മിയുടെ ഫോണാണെന്ന്‌ പറഞ്ഞ്‌ മകളാണ്‌ കൊണ്ടു കൊടുത്തത്‌ പോലും -

അച്ചായന്റെ ഭാര്യ ഗൾഫ്‌കാരത്തിയാണെന്നാ എനിയ്‌ക്ക്‌ തോന്നിയത്‌.

”പാവം ആഗ്നസ്സ്‌. മമ്മി ആഗ്നസ്സേ.“

ആലീസ്‌ മൊബൈലിൽ സെർച്ച്‌ തുടരുകയാണ്‌. ഇനിയെന്ത്‌ എന്ന ചിന്തയുടെ ഭാരം പങ്കുവെയ്‌ക്കാനായി പരസ്‌പരം നോക്കി നെടുവീർപ്പിട്ട്‌ തലകുനിച്ച്‌ ഹതാശയരായി ജോസഫും, ഹാരിസും. ആലീസാവട്ടെ കൂടുതൽ ഉത്സാഹവതിയാവുകയാണ്‌. ചെറിയ മൂളലുകൾക്കും, ഒച്ച അധികമില്ലാത്ത ചിരിയ്‌ക്കുമൊടുവിൽ ആകാംക്ഷയോടെ കാത്തിരുന്ന ഞങ്ങളെനോക്കി. ”ഇത്‌ മൂസ്സാ ഹാജി.“ ”പഹച്ചി, അന്നെ നമ്മള്‌ രണ്ടു ദിവസമായി വിളയ്‌ക്കുന്നു. ഈയെന്താ മൊബൈല്‌ സ്വിച്ച്‌ ഓഫാക്കി നടക്കുന്നേ. മൈമൂനേ ജ്ജ്‌, കേൾക്കുന്നുണ്ടോ?- “ മിമിക്രി അവതരിപ്പിക്കും മട്ടിൽ ആലീസ്‌.

വീണ്ടും മൊബൈലിലെ ^,v ചിഹ്‌നങ്ങളിൽ കളിച്ച്‌ കൗശലപൂർവ്വം സ്വീകർത്താവിനെ കബളിപ്പിച്ച്‌ ഫോൺ കട്ട്‌ ചെയ്‌ത്‌ ആലീസ്‌ഃ

”വാഞ്ചീശ്വര അയ്യർ പേരിന്റെ കൗതുകം കൊണ്ട്‌ ഡയൽ ചെയ്‌തതാ. അയാൾക്ക്‌ അവൾ ഗായത്രിയംബാൾ.“

മൊബൈൽ സ്‌ക്രീനിലെ അക്കങ്ങളിലേയ്‌ക്കും ചിഹ്‌നങ്ങളിലേയ്‌ക്കും അക്ഷരങ്ങളിലേയ്‌ക്കും തള്ളവിരലിന്റെ നൃത്തച്ചുവടുകളെ സമന്വയിപ്പിച്ച്‌, ആരെയോ വിളിച്ച്‌, അൽപനേരത്തിനുശേഷം ഫോൺ കട്ടു ചെയ്‌ത്‌ ഞങ്ങളോടായി.

”മുത്തുസ്വാമി. മുത്തുസ്വാമിയ്‌ക്കവൾ വരലക്ഷ്‌മി.“

”നമുക്ക്‌ പോകാം. വെറുതെ സമയം കളഞ്ഞു.“ - ഹാരിസ്‌ നീരസത്തോടെ പറഞ്ഞു.

”നിക്ക്‌, ഹാരിസ്‌ നിക്ക്‌. ഇനി ഞാനെന്റെ ജോയുടെ നമ്പർ ഒന്ന്‌ ഡയൽ ചെയ്യട്ടെ.“ ’ആലീസ്‌ കാളിംഗ്‌‘ എന്ന്‌ ജോയുടെ മൊബൈൽ പാടുമോന്നറിയണം.” വാശിയോടെ, ഭ്രാന്തമായ ആവേശം ചുവപ്പെഴുതിയ കണ്ണുകളോടെ ആലീസ്‌ അക്കങ്ങളിൽ പരതുകയാണ്‌. പൊടുന്നനെ, തന്റെ ഹൃദയതാളത്തിന്റെ വേഗത കൂടിയത്‌ ജോസഫറിഞ്ഞു. ആലീസിന്റെ കയ്യിൽ നിന്ന്‌ മൊബൈൽ പിടിച്ചു വാങ്ങി പാലത്തിനടിയിലെ വെള്ളത്തിലേയ്‌ക്കെറിഞ്ഞു. ആലീസിന്റെ മുഖത്ത്‌ നോക്കാതെ പറഞ്ഞു. “ഹാരിസ്‌, വണ്ടിയെടുക്ക്‌.”

ജെ. അനിൽ കുമാർ

അക്ഷരം,

പുൽപ്പള്ളി. പി.ഒ,

വയനാട്‌ ജില്ല,

പിൻഃ 673579


Phone: 04936 242144, 9495670242




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.