പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

അമ്മയുടെ അന്ത്യനാളുകള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എൽസി യോഹന്നാൻ ശങ്കരത്തിൽ

രാത്രിയില്‍ തേങ്ങലോടെ ഞെട്ടിയുണര്‍ന്നു നോക്കിയപ്പോഴാണ് ഞാന്‍ കണ്ടതു സ്വപ്നമായിരുന്നുവെന്ന് രമണി തിരിച്ചറിഞ്ഞത്. തുരുമ്പു പിടിച്ച ഒരു വീല്‍ച്ചെയര്‍ ഇരുളടഞ്ഞ ഒരു മുറിയുടെ മൂലയ്ക്കിരിക്കുന്നതാണ് കണ്ടത്. ചിന്തകള്‍ പിന്നിലേക്കു ചാഞ്ഞു.

ഇരുട്ടും ഏകാന്തതയും തളം കെട്ടി നില്‍ക്കുന്ന നിശയുടെ ഒരു നിശബ്ദ യാമം. മൂത്രത്തില്‍ കുതിര്‍ന്ന് വെള്ളം കിട്ടാതെ തൊണ്ട വരണ്ടുള്ള ഒരു ഞരക്കം. വിളിച്ചു നോക്കി കരഞ്ഞു നോക്കി അടുത്ത മുറിയില്‍ ഹോം നേഴ്സ് ഗാഢനിദ്രയിലാണ്. തൊട്ടടുത്ത മുറിയില്‍ വാര്‍ദ്ധക്യവും അവശതയും കൂട്ടായി വൃദ്ധ പിതാവും. ശയ്യാവലംബിയായ അമ്മയെ കാണുവാന്‍ വിദേശത്തു നിന്നും മകള്‍ ചെന്നതാണ്. എട്ടു മക്കളില്‍ ഏഴെണ്ണവും വിദേശത്തുള്ള ഭാഗ്യവതിയായ അമ്മ.

സന്ധ്യയായ സമയം. നിലാവെളിച്ചമുണ്ട് മുറ്റത്തിനു താഴെയുള്ള കുളിമുറിയില്‍ ചൂടാക്കിയിട്ടിരുന്ന വെള്ളത്തില്‍ സുഖമായൊരു കുളിയും കഴിഞ്ഞ് കല്‍പ്പടവുകള്‍ ചവിട്ടി മുറ്റത്തേക്കു കയറിയ നേരം പെട്ടന്നു കാല്‍ തട്ടി താഴെ വീണു. ആ വീഴ്ചയില്‍ തുടയെല്ലുകള്‍ പൊട്ടിയതാണ്. ആശുപത്രിയില്‍ കിടന്നു രണ്ടാഴ്ചക്കാലം. ആദ്യമൊക്കെ അല്‍പ്പം നടക്കാറായി വന്നുവെങ്കിലും എല്ലാ ദിവസവും ശരിക്കു നടത്തിക്കുവാനൊന്നും ആരും കൂട്ടാക്കാത്തതിനാല്‍ പിന്നീട് ഒട്ടും നടക്കാനാവാതെ ശയ്യാവലംബിയായി . മക്കള്‍ ഹോംനേഴ്സിനെയേര്‍പ്പെടുത്തി സമാശ്വസിപ്പിച്ചു തറവാടിന്റെ ഇപ്പോഴെ ത്തെ അവകാശിയായ ഇളയ മകന്‍ അമ്മയെ കാണുവാന്‍ ചെന്നതാണ്. വേദന സഹിക്കാതെ വരുമ്പോള്‍‍ അമ്മയ്ക്കു കൊടുക്കുവാനായ് ആശുപത്രിയില്‍ നിന്നു കൊടുത്തിരുന്ന ഉറക്കഗുളികകള്‍ ഹോംനേഴ്സ് കൂടെക്കൂടെ കൊടുത്തതിനാല്‍ അമ്മ മിക്ക സമയവും ഉറക്കമാണ്. ഇനിയും അധികനാള്‍ അമ്മ ജീവിക്കില്ലെന്നു കരുതി മകന്‍ അമ്മയ്ക്ക് അന്ത്യ കൂദാശകള്‍ നടത്തിച്ച് വലിയ സദ്യയും നടത്തി തിരികെപ്പോയി. ഉറക്കഗുളികകള്‍ തീര്‍ന്നപ്പോള്‍‍ അമ്മ ഉണര്‍ന്നിരിക്കാന്‍ തുടങ്ങി. ഏഴു ദശകങ്ങളുടെ സന്ദര്‍ശനത്തിനെത്തി, മരുമക്കള്‍‍ അധികം പേരും ചെന്നു ചേരുവാന്‍ സാവകാശം കാട്ടിയില്ല. വീട്ടില്‍ ആവശ്യത്തിനു പണമുണ്ടെന്നുള്ള വാദഗതിയില്‍ വൃദ്ധമാതാപിതാക്കള്‍ക്ക് ധനസഹായം നല്‍കുന്നതിലും പലരും വിമുഖത കാട്ടി. പിതാവിനു പരാശ്രയം കൂടാതെ നടക്കാനാകുമെങ്കിലും ശരീരബലവും ചക്ഷു:ശ്രവണ ശക്തിയും ക്ഷയിച്ചതിനാല്‍ പരാശ്രയിയാണ് കൂടെ ആസ്തമയും.

എട്ടുമക്കളെ വളര്‍ത്തി വലുതാക്കി കഴിവിലധികം വിദ്യാഭ്യാസം നല്‍കി. കാലക്രമേണ അവര്‍ വിദേശത്തേക്കു പറന്നകന്നു. ഇന്നവര്‍ക്ക് അവരുടെ കുടുംബങ്ങളായി അവര്‍ക്ക് അവരുടെ ബദ്ധപ്പാടുകള്‍ ആ വൃദ്ധര്‍ക്കു കൂട്ടിന് ഒരു മകള്‍ വന്ന് ഏര്‍പ്പാടാക്കിക്കൊടുത്ത ഹോംനേഴ്സ് മാത്രം. അവള്‍ക്കു സീരിയല്‍ കാഴ്ചയും വീക്കിലി വായനയും കഴിഞ്ഞുള്ള ബാക്കിസമയമേ ആ വൃദ്ധര്‍ക്കു കിട്ടിയുള്ളു. വീടിന്റെയുള്ളില്‍ ജീവന്റെ നെരിപ്പോടുമായി നീറിക്കഴിയുന്നു. നാട്ടാരുടെ മുന്നില്‍ വിദേശത്തു പണക്കാരായ മക്കളുള്ള ഭാഗ്യശാലികളായ മാതാപിതാക്കള്‍.

മക്കളിലൊരാള്‍ അവധിക്കു ചെന്നപ്പോള്‍‍ ഒരു വീല്‍ചെയര്‍ വാങ്ങിവച്ചു. ഉപയോഗിക്കേണ്ടതെങ്ങെനെയെന്ന് ഹോംനേഴ്സിനെ കാണിച്ചു കൊടുക്കാത്തതിനാല്‍ അതിരുന്നു തുരുമ്പു പിടിച്ചുകൊണ്ടിരുന്നു. നാട്ടില്‍ത്തന്നെ പട്ടണത്തില്‍ ജോലിയുള്ള മകന്‍ വല്ലപ്പോഴും വന്ന് ഒരോട്ടപ്രദക്ഷിണം നടത്തിയിട്ടു പോകും. മേല്‍നോട്ടത്തിനാളില്ലാത്തതിനാല്‍ വീട്ടില്‍ സഹായത്തിനു വരുന്നവരും കയ്യില്‍ കിട്ടുന്നതൊക്കെ കയ്ക്കലാക്കലാണു ലക്ഷ്യമാക്കിയത്. രുചിയുള്ള ഭക്ഷണമോ സമയത്തിനു ഭക്ഷണമോ കിട്ടാതെ ഹോംനേഴ്സിന്റെ സൗകര്യത്തിനു കൊടുക്കുന്നതു സഹിച്ച് അവര്‍ ദിനരാത്രങ്ങള്‍ തള്ളിനീക്കി. കട്ടിലില്‍ നിന്ന് പരസഹായമില്ലാതെ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകാതെ ഈ ജന്മം ഒന്നു തീര്‍ന്നുകിട്ടണേയെന്ന പ്രാര്‍ത്ഥനമാത്രമാണ് ആയമ്മയുടെ ചുണ്ടുകളില്‍. അയല്‍ക്കാരും ബന്ധക്കാരുമാരും ആ അനാഥാവസ്ഥ കാണുവാന്‍ പോലും ആ വീട്ടിലേക്കു തിരിഞ്ഞു നോക്കാറില്ല. മക്കള്‍ അവധിക്കു വരുമ്പോള്‍‍ വീട്ടില്‍ ആള്‍ക്കാരുടെ ആരവമാണ്. അലമാര നിറയെ ഉണ്ടായിരുന്ന വിവിധയിനം വസ്ത്രങ്ങളും അപ്രത്യക്ഷമായിരിക്കുന്ന കാര്യം മക്കളാരെങ്കിലും അവധിക്കു ചെല്ലുമ്പോഴാണ് മനസിലാക്കുന്നത്. മാതാപിതാക്കളെ നോക്കുമെന്നു കരുതി പണവും സമ്മാനങ്ങളും ജോലിക്കാര്‍ക്കു വേണ്ടതിലധികം കൊടുത്തിട്ട് അവധിക്ക് വരുന്ന മക്കള്‍ യാത്രയാകും. ഓരോ പ്രാവശ്യവും ആയമ്മ കേഴും 'എന്നെയിട്ടിട്ടു നീയും പോകുവാണോ?’‘ എന്ന് ഇനിയുമുടനെ വരാനിടയാകരുതേ എന്ന പ്രാര്‍ത്ഥനയോടെ വന്നവര്‍ യാത്രയാകും. ആര്‍ത്തിയോടെ മക്കളുടെ വരവും കാത്ത് വിഭവങ്ങളും ഒരുക്കി വരാന്തയില്‍ വിരവോടെ കുത്തിയിരുന്ന മാതാപിതാക്കള്‍ക്കു പകരം രോഗാതുരരും പരാശ്രയരും സദാ വേദന മാത്രം കൈമുതലായുള്ള ആ വൃദ്ധരെക്കാണുവാന്‍ വെറുതെയെന്തിനാ കുറച്ചവധിയുള്ളതു കളയുന്നതെന്നാണ് മിക്ക മക്കളുടേയും ചിന്ത. ഒന്നു രണ്ടു പേര്‍ ആണ്ടില്‍ ഒന്നോ രണ്ടോ തവണ വീതം ആ വൃദ്ധരെ ചെന്നു കണ്ടു പോന്നു.ആ വൃദ്ധമാതാവിന്റെ കൂടെ ചിലവഴിക്കാന്‍ ഒരാഴ്ച ഒരു മകള്‍‍ എത്തി . വിരലിലെണ്ണാന്‍ മാത്രം ദിവസങ്ങളേ ഉള്ളതിനാല്‍ കഴിയുന്നത്രെ പരിചരണം അമ്മയ്ക്കു നല്‍കാന്‍ മകള്‍ ശ്രമിച്ചു. ഉറക്കമൊഴിച്ചു കൂട്ടിരുന്നു. രാത്രിയില്‍ ചൂടു കാപ്പിയുണ്ടാക്കി കുടിപ്പിക്കുമ്പോള്‍‍ അമ്മ വേദനയോടെ പറയും ‘ ദാഹിച്ചു തൊണ്ട വരണ്ടു വിളിച്ചാലും ഒരു തുള്ളി വെള്ളം തരാനാരാ?’ മകള്‍ അമ്മ കാണാതെ വിങ്ങിപ്പൊട്ടി.

വീണ്ടും ഹോംനേഴ്സിന്റെ കയ്യില്‍ അമ്മയെ ഏല്‍പ്പിച്ചിട്ട് ആ മകളും പറന്നകന്നു. ഒരു ദിവസം വീട്ടിലേക്കു ഫോണ്‍ ചെയ്തപ്പോള്‍‍ രണ്ടു ദിവസമായി വീട്ടില്‍പ്പോയ ഹോംനേഴ്സ് തിരികെയെത്തിയിട്ടില്ല. വീട്ടുജോലികള്‍ ചെയ്തുകൊടുത്തിരുന്ന സ്ത്രീയും രണ്ടു ദിവസമായി വരാറില്ല. ഭക്ഷണപാനീയങ്ങളില്ലാതെ അവശനായ ആ വൃദ്ധ പിതാവിന് ഫോണില്‍ കൂടി സംസാരിക്കാന്‍ പോലും ശക്തിയില്ലായിരുന്നു. പണവും മക്കളും ഉണ്ട് ശരിയായി ശുശ്രൂഷിക്കുവാനോ രുചിയായി വല്ലതും ഭക്ഷിക്കാന്‍ കൊടുക്കാനോ ആരുമില്ലാത്ത അവസ്ഥയേക്കാള്‍ അസഹനീയം മറ്റെന്താണുള്ളത്? വിദേശത്തു നിന്നും മക്കള്‍ വല്ലപ്പോഴും ഫോണ്‍ ചെയ്യുമ്പോള്‍‍ ഹോംനേഴ്സ് എടുത്തിട്ടു പറയും ‘ ഇവിടെ വിശേഷമൊന്നുമില്ല രണ്ടു പേരും സുഖമായിരിക്കുന്നു’ തീര്‍ന്നു. മക്കള്‍ക്കു തൃപ്തിയായി.

ദുരിത പൂരിത വര്‍ഷങ്ങള്‍ നാലു കടന്നു പോയി. അമ്മ കിടക്കയില്‍ത്തന്നെ സദാസമയവും കിടന്നും പ്രാര്‍ത്ഥിച്ചും പതം പറഞ്ഞും കരഞ്ഞും സമയം കളയുന്നതല്ലാതെ ഒന്നു മിണ്ടാന്‍ പോലും ആരുമില്ല. ഭക്ഷണം കൊടുക്കുക , വിസര്‍ജ്ജ്യങ്ങള്‍ വല്ലപ്പോഴും മാറ്റുക, തുണികള്‍ മാറ്റുക എന്നിവയില്‍ മാത്രം ഹോംനേഴ്സിന്റെ ആഗമനം ഒതുങ്ങി. അടുത്ത മുറിയാണ് അവളുടെ ഉറക്കറയെന്നതിനാല്‍ രാത്രിയില്‍ എന്തു സംഭവിച്ചാലും അറിയുകയും വേണ്ട. നിരന്തരമായ കിടപ്പു മൂലം ശരീരം 'റ’ പോലെ വളഞ്ഞ് അമ്മ കട്ടിലില്‍ ഒട്ടിപ്പോയി. മെത്ത വൃത്തിയാക്കുന്നതിന്റെ പ്രയാസം കണക്കിലെടുത്ത് ചൂരല്‍ വരിഞ്ഞ കട്ടിലില്‍ ഒരു ഷീറ്റോ തുണിയോ മാത്രം ഇട്ടാണ് കുറെ നാളായി ആയമ്മയെ കിടത്തിയിരുന്നത്. ശരീരം വേദനിക്കുന്നെന്നു പറഞ്ഞാലും ആരും ശ്രദ്ധിച്ചിരുന്നില്ല.

രാവേറെ ചെന്നു നാട്ടില്‍ നിന്നും വരുന്ന ടെലഫോണ്‍ വിളികള്‍ ആശങ്കാജനകങ്ങളാണ്. അര്‍ദ്ധരാത്രിയില്‍ വന്ന ഒരു ഫോണ്‍ സന്ദേശം ആ വൃദ്ധമാതാവിന്റെ മരണവാര്‍ത്തയായിരുന്നു. മക്കളെല്ലാം ഒരിടത്തു കൂടി. സങ്കടമുണ്ടെങ്കിലും ഇനിയും കഷ്ടപ്പെടാതെ കടന്നു പോയതിലുള്ള ആശ്വാസം എല്ലാവരിലും പ്രകടമായിരുന്നു. അടുത്ത ദിവസം മക്കള്‍ കൂട്ടത്തോടെ യാത്ര തിരിച്ചു. പുഷ്പാലംകൃതമായ ശവമഞ്ചത്തില്‍ ആ ഉണങ്ങിച്ചുരുണ്ട ശവശരീരം വച്ച് വിഷാദത്തിന്റെ മുഖം മൂടിയണിഞ്ഞ് വിലകൂടിയ കസവുകരയുള്ള കറുത്ത സാരികളും കറുത്ത ടൈയും ധരിച്ച് പുത്രീപുത്രന്മാര്‍ വീഡിയോയുടെ ചലനത്തിനൊപ്പിച്ച് ചലിച്ചും വീട്ടില്‍ വിരിയിച്ചൊരുക്കിയ പന്തലില്‍ ശവമഞ്ചം പ്രതിഷ്ഠിച്ചു. റീത്തുകളുടേയും പ്രശസ്തരായ സാമൂഹ്യ സാംസ്ക്കാരിക പ്രമാണികളുടെ അനുശോചനപ്രസംഗധോരണിയുടേയും മതമേലദ്ധ്യക്ഷന്മാരുടെ നീണ്ട പ്രാര്‍ത്ഥനകളുടെയും അകമ്പടിയോടെ ഗംഭീര ആഘോഷത്തോടെ ശവസംസ്ക്കാരവും അഞ്ചാം ദിവസം പരേതാത്മശാന്തിക്കുള്ള ചടങ്ങുകളും നാടടച്ചു സദ്യയും നടത്തി മക്കള്‍ ഓരോരുത്തരായി സ്ഥലം വിട്ടു. അവിടെ നടന്നതൊന്നും ഗ്രഹിക്കുവാന്‍ തക്ക പ്രജ്ഞയില്ലാത്ത വൃദ്ധ പിതാവ് നവതിയുടെ നടുമദ്ധ്യത്തിലെത്തി ഒരു ചോദ്യ ചിഹ്നമായവശേഷിക്കെ നാട്ടിലുള്ള മകന്‍ പിതാവിനെ കൊണ്ടുപൊയ്ക്കൊള്ളാമെന്നു പറഞ്ഞത് മറ്റുള്ളവര്‍ക്കു സന്തോഷമായി. അപ്പന്റെ പെന്‍ഷനും വീട്ടിലെ മറ്റാദായവും എടുക്കാനുള്ള അവകാശവും കിട്ടി അധികനാള്‍ കഴിയും മുമ്പ് വൃദ്ധപിതാവും മാതാവിനെ പിന്‍തുടര്‍ന്നു. മക്കളൊരുമിച്ചു നാട്ടില്‍പ്പോയി ആഘോഷമായി അടക്കവും ശ്രാദ്ധവും കൊണ്ടാടി അനാഥമായ തറവാടും അടച്ചു പൂട്ടി അവരവരുടെ താവളങ്ങളിലേക്കു മടങ്ങി. എന്നെ ഒരിക്കല്‍പ്പോലും ഒന്നുപയോഗിച്ചില്ലല്ലോയെന്ന വേദനയോടെ ആ വീല്‍ചെയര്‍ ആ തറവാട്ടിലെ ഒരു മുറിയുടെ മൂലയില്‍ ഇപ്പോഴും തേങ്ങലോടെയിരിപ്പുണ്ട്.

വൃക്ഷങ്ങള്‍ വേദനയാല്‍ കണ്ണീര്‍ പൊഴിക്കുന്ന കരിയിലകള്‍ മൂടിയ മുറ്റവും സൂര്യദേവന്‍ പോലും രശ്മികള്‍ വിതറാന്‍ വിമുഖത കാട്ടുന്നതിനാല്‍ ഇരുളടഞ്ഞ പരിസരവും കൊട്ടിയടക്കപ്പട്ട ജനാലകളും വാതിലുകളുമായി , കഴിഞ്ഞുപോയ നല്ല കാലങ്ങളെ സ്വപ്നം കണ്ടുകൊണ്ട് ശ്മശാന മൂകതയുടെ മൂര്‍ത്തീഭാവമായി ഒരു നോക്കുകുത്തി പോലെ ആ തറവാട് ഇന്നും നിലകൊള്ളുന്നു. ആ ശൂന്യതയിലേക്കു ഒരു മടയാത്രയ്ക്ക് ആരാണിനിയൊരുങ്ങുന്നത്?

എൽസി യോഹന്നാൻ ശങ്കരത്തിൽ

58 Bretton Road

Garden City Parak, N.Y.11040.


Phone: 1-516-850-9153
E-Mail: yohannan.elcy@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.