പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

യാത്ര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റീജ പനക്കാട്‌

പതിവിലേറെ ഇരുട്ടു വ്യാപിച്ചിരിക്കുന്നു. അവൾ വാച്ചിലേക്ക്‌ നോക്കി സമയം ആറുമണി കഴിഞ്ഞിരിക്കുന്നു. തുലാമാസമായതിനാൽ വൈകുന്നേരങ്ങളിൽ ആകാശം വെടികെട്ടുകൾ നടത്തുക പതിവായിരുന്നു. അതുകൊണ്ടാവാം ഇരുട്ട്‌ സമയത്തെ മറച്ചത്‌. ഈ സമയത്തുള്ള തന്റെ യാത്ര തുടങ്ങിയിട്ട്‌ വർഷങ്ങളെത്രയോ ആയെന്ന്‌ അവൾ ഓർത്തു. സൂര്യൻ മയങ്ങാനായി ചക്രവാളങ്ങളിലേക്ക്‌ മറയുന്നതും, മേഘങ്ങൾ ആകാശത്ത്‌ തീർക്കുന്ന വിചിത്ര രൂപങ്ങളെയുമൊക്കെ (ആനയുടെയും ഒട്ടകത്തിന്റെയുമൊക്കെയായി മേഘങ്ങളെ അവൾ കണ്ടിരുന്നു) കണ്ടുകൊണ്ടുള്ള യാത്ര ഒരിക്കലും അവളെ മടുപ്പിച്ചിരുന്നില്ല. ചെറുതായി ചാറ്റൽ മഴ തുടങ്ങിയിരിക്കുന്നു. പുറത്തെകാഴ്‌ചകളെ മറച്ചുകൊണ്ട്‌ യാത്രക്കാർ ബസ്സിന്റെ ഷട്ടറുകൾ താഴ്‌ത്തി. അവൾ സീറ്റിലേക്ക്‌ തലചായ്‌ച്ചു കിടന്നു.

മുമ്പൊക്കെ യാത്രകളിൽ കൂട്ടായി അഞ്ജലി ഉണ്ടായിരുന്നു. കോളേജ്‌ ക്ലാസുകളിൽ അവളുടെ കൂട്ട്‌ തനിക്കേറെ ആശ്വാസമായിരുന്നു. സംസാരത്തിൽ പിശുക്കുകാണിക്കുന്ന അച്ഛനും, പകലന്തിയോളം പണിയെടുത്ത്‌ തല ചായ്‌ക്കാൻ ധൃതി കാട്ടുന്ന അമ്മയും, പാർട്ടിക്കുവേണ്ടി പരക്കം പായുന്ന ചേട്ടനുമുള്ള വീട്ടിൽ ആശ്വാസം അജ്‌​‍്‌ഞ്ഞലിയുടെ കൂട്ടുമാത്രമായിരുന്നു. വൈകുന്നേരങ്ങളിൽ അവളുടെ വീട്ടിലിരുന്ന്‌ അവളുടെ കുടുംബവുമായി സമയം പങ്കിടുക എന്റെ പതിവായിരുന്നു. പച്ചപുതപ്പണിഞ്ഞ പാടവരമ്പിലെ ചെടികളെ പാവാടതുമ്പുകൊണ്ടു തലോടി അവളുടെ വീട്ടിലേക്കുള്ള യാത്ര...... ക്ലാവു പിടിച്ചുവെന്നു കരുതുന്ന, ആഗ്രഹിക്കുന്ന ഓർമ്മകൾ അവളെ വരിഞ്ഞുമുറുക്കാൻ തുടങ്ങി.

അന്ന്‌ അജ്‌ഞ്ഞലി കോളേജിലേക്ക്‌ വന്നിരുന്നില്ല. തനിച്ചായിരുന്നു അവളുടെ വീട്ടിലേക്ക്‌ കയറിചെന്നത്‌. ഇറയത്ത്‌ കസേരയിൽ ഒരാൾ ഇരിക്കുന്നു. ഒരു പുഞ്ചിരി സമ്മാനിച്ചു കടന്നുപോകവേ കണ്ണുകൾ അയാളിൽ നിന്ന്‌ തിരിച്ചുവരാൻ മടികാണിക്കുന്നതു ഞാനറിഞ്ഞു. ഏട്ടന്റെ കൂട്ടുകാരനാ..... അവൾ പറഞ്ഞു തിരിഞ്ഞുനോക്കുമ്പോൾ ആ കണ്ണുകൾ തന്നെ പിൻതുടരുന്നു.....

വിവാഹാലോചനയായി വീട്ടിൽ വന്നപ്പോൾ ഞാൻ അത്‌ഭുതപ്പെട്ടില്ല, ദൈവങ്ങളോട്‌ ഒരുപാടു പ്രാർത്ഥിച്ചു. കല്ല്യാണം നടക്കാൻ... നന്ദേട്ടനെ എനിക്കു കിട്ടാൻ.... ദൈവങ്ങൾ എന്റെ ആ പ്രാർത്ഥന ചെവികൊണ്ടു. പിന്നീടുള്ള ജീവിതം സ്വർഗ്ഗതുല്ല്യമായിരുന്നു... ഒരു യാത്രവേളയിൽ നന്ദേട്ടന്റെ കാലിടറി കൈകളിലൂടെ ആ ഭാരം ഞാനറിയുന്നതുവരെ.... മാസങ്ങളുടെ ദൈർഘ്യം മാത്രമുള്ള സ്വർഗ്ഗം.

കണ്ണുകൾ നിറഞ്ഞൊഴുകുന്നതവളറിഞ്ഞു ആ ഓർമ്മകളിൽ നിന്ന്‌ പിൻതിരിയാൻ ശ്രമിക്കുന്തോറും അവ വീണ്ടും വീണ്ടും നിറം വച്ചു വരുന്നതായി അവൾക്കു തോന്നി.

തന്റെ കൈകൾ കൂട്ടിപ്പിടിച്ച്‌.... നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി വർഷങ്ങൾക്കുമുമ്പേ വിലപറഞ്ഞുവെച്ച ഒരു ജീവൻമാത്രമാണു തന്റേതെന്ന്‌ നന്ദേട്ടൻ പറഞ്ഞപ്പോൾ കരയുകയായിരുന്നില്ല ഒരു മരവിപ്പുമാത്രമായിരുന്നു കുറച്ചുനേരത്തേക്ക്‌. എന്നെ ശപിക്കല്ലേ...... എന്നു കരഞ്ഞുകൊണ്ട്‌ പറയുമ്പോൾ നിലയ്‌ക്കാൻ ശ്രമിക്കുന്ന ആ ഹൃദയത്തോട്‌ ഒന്നുകൂടി ചേർന്നു കിടന്ന്‌ കരയാൻ മാത്രമേ എനിക്കായുള്ളൂ.... ശപിച്ചില്ല.... വെറുത്തില്ല....

എനിക്ക്‌ പറയാനുള്ളതുമുഴുവൻ കേൾക്കാതെ... എന്നെ ജീവിതകടലിൽ തനിച്ചാക്കി... ഒരു തുഴപോലും നൽകാതെ നന്ദേട്ടൻ.... മാസങ്ങളുടെ ആയുസ്സുമാത്രമുളള ദാമ്പത്യം മാത്രം എനിക്കായി നൽകി, ഒന്നും പകരം വയ്‌ക്കാതെ... ഇരുട്ടിലേക്ക്‌......

അവൾ വിതുമ്പികരഞ്ഞു ചുറ്റുമുള്ള യാത്രക്കാരെപോലും ഓർക്കാതെ... കുട്ടികാലത്തു സ്ലേറ്റിൽ വരക്കാറുള്ള ചിത്രങ്ങൾ അവളോർത്തു എത്രപെട്ടെന്ന്‌ അവ മായ്‌ക്കാറുണ്ട്‌ അതുപോലെ മായ്‌ച്ചുകളയാവുന്നതായിരുന്നെങ്കിൽ തന്റെയീ ഓർമ്മകളെന്ന്‌ അവൾ ആഗ്രഹിച്ചു.

അരിച്ചെത്തുന്ന തണുത്തകാറ്റിൽ അനുസരണയില്ലാതെ പാറിപറക്കുന്ന നര പടർന്നു തുടങ്ങിയ മുടിയെ മാടിയൊതുക്കി കണ്ണുകളിറുക്കിയടച്ച്‌ ഓർമ്മകളെ ഇരുട്ടുകൊണ്ട്‌ സ്വയം മൂടി തലചായ്‌ച്ച്‌ അവൾ കിടന്നു.... ഈ യാത്രയുടെ അന്ത്യമറിയാതെ...

റീജ പനക്കാട്‌

കരിമ്പം,

തളിപ്പറമ്പ.


Phone: 9747467856
E-Mail: reejamukundan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.