പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒരു ഐസ്‌ക്രീം പാർലർ കഥ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മോനിച്ചൻ എബ്രഹാം

തസ്നിം നദീതീരത്തെ പഞ്ചാരമണൽ പോലെ വെണ്മയാർന്ന ഉടലുള്ളവളായിരുന്നു അവൾ. അവൾക്കു ചുറ്റും ശോശന്നപുഷ്പങ്ങൾ വിടർന്നു നിൽക്കുന്നതായും ഗ്ലോറിയ ഗീതങ്ങൾ ഉയരുന്നതായും എനിക്കു തോന്നിയിരുന്നു. വെള്ളിച്ചിറകു വിരിച്ച മാലാഖമാർ വെൺമേഘങ്ങളിൽ വന്ന്‌ അവൾക്കു ഇടംവലം നിൽക്കുന്നതായും അവൾക്കു ദാഹമകറ്റാൻ മുന്തിരിക്കുലകൾ വിളഞ്ഞു നിൽക്കുന്നതായും എനിക്ക്‌ അനുഭവപ്പെടാറുണ്ട്‌. അവൾ വസിക്കുന്ന ഈ ഭൂമി സ്വർഗ്ഗമാണെന്നും മാലാഖയ്‌ക്ക്‌ അവളും അവളുടെ പ്രിയപ്പെട്ടവനായ താനുമേ ഉള്ളൂവെന്നും ശേഷിച്ചതെല്ലാം വിലക്കപ്പെട്ട കനി തിന്ന സന്തതികളാണെന്നും എനിക്കു തോന്നാറുണ്ട്‌.

അതുകൊണ്ട്‌ തന്നെ അവളെ വിദൂര വിനിമയകേന്ദ്രത്തിലേക്കും ഐസ്‌ക്രീം പാർലറിലേക്കും കൊണ്ടുപോകരുതെന്ന്‌ വസുന്ധരയോട്‌ ഞാൻ പറഞ്ഞതാണ്‌. വസുന്ധര അതു കേൾക്കുന്നുണ്ടായിരുന്നില്ല. അവൾക്കു ചുറ്റും എപ്പോഴും ലൂസിഫറിന്റെ വലയം ഉണ്ടായിരുന്നു. ആധുനികതയുടെ വിലക്ഷണമായ സന്തതിയാണവൾ. അസന്തുലിതാവസ്ഥയിൽ വിങ്ങിപൊട്ടുന്ന മനുഷ്യസമൂഹത്തോടുള്ള നേരിയ വിഷാദം പോലും അവളിലുണ്ടായിരുന്നില്ല. അവൾ ഈ സമൂഹത്തിന്റെ ഒരു ഭാഗമേ അല്ലെന്ന പോലെയാണ്‌ അവളുടെ നടത്തം. അവൾ പിറന്നതോ ഓളങ്ങൾ താരാട്ടു പാടുന്ന പൂഞ്ചോലയിൽ... മുൻപിൻ നോക്കേണ്ടാത്ത വളർച്ച. കോളേജിൽ അവളെന്നും പുതിയ വസന്തമായിരുന്നു. വസ്ര്തങ്ങളിൽ ഏറ്റവും പുതിയത്‌ അവളുടേതായിരുന്നു. സംസാരത്തിൽ അതിവാചാലത. ആണുങ്ങളെപ്പോലെ അവൾ സിഗരറ്റ്‌ വലിക്കും... നുരച്ചുപൊന്തുന്ന വൈൻകുപ്പികൾ ലഹരി പിടിക്കുവോളം കുടിച്ച്‌ കാലിയാക്കും... പൊതുഖജനാവിൽ നിന്നും അഞ്ചക്ക ശമ്പളം കൈപ്പറ്റുന്ന ഒരു അഴിമതി വീരനായിരുന്നു അവളുടെ അച്ഛൻ. വിദൂര വിനിമയകേന്ദ്രത്തിലെ സ്വകാര്യ കാബിനുകളിൽ ഇരുന്നുകൊണ്ട്‌ വൈകൃത ലൈംഗികതയുടെ ദുഷിപ്പു ചിത്രങ്ങൾ കാണാമെന്നും തേൻപുരട്ടിയ വാക്കുകളിലൂടെ ചാറ്റ്‌ ചെയ്ത്‌ രതി അനുഭൂതി കൈവരിക്കാമെന്നും വസുന്ധര അവളെ കാട്ടികൊടുത്തിട്ടുണ്ടാവണം. വിലക്കപ്പെട്ട കനികൾ വിളഞ്ഞു കിടക്കുന്ന ഒരു വൻവൃക്ഷമായിരുന്നു ഐസ്‌ക്രീം പാർലർ. അതിലെപ്പോഴും പ്രലോഭിപ്പിക്കുന്ന വചനങ്ങളുമായ്‌ ലൂസിഫർ പതിയിരിക്കുന്നുണ്ടായിരുന്നു. നിരവധി കന്യകമാർ അവിടെ നിന്നും ഐസ്‌ക്രീം കഴിച്ച്‌ നാണം മാറുന്നവരായ്‌ തീരുന്നുണ്ടെന്നും ഐസ്‌ക്രീം പാർലറിൽ പോയാൽ നിന്റെ കണ്ണുകൾ തുറക്കപ്പെടുമെന്നും ലോകത്തെ കാണാൻ കഴിയുമെന്നും വസുന്ധര അവളെ പറഞ്ഞു പ്രലോഭിപ്പിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ വസുന്ധരയുടെ മേൽ എന്റെ രോഷം അലയടിച്ചുയർന്നു.

“നിമിഷയെ ഇനിമേലിൽ വിദൂര വിനിമയകേന്ദ്രത്തിലേക്കും ഐസ്‌ക്രീം പാർലറിലേക്കും നീ കൊണ്ടുപോകരുത്‌....”

അനാട്ടമി ക്ലാസ്‌ കട്ട്‌ചെയ്ത്‌ ക്യാമ്പസിൽ പരിവാരങ്ങളുമൊത്ത്‌ സൂപ്പർ സിനിമാതാരങ്ങളെ അനുകരിച്ച്‌ സമയം കളയുകയായിരുന്ന വസുന്ധരയോടു ഞാൻ പറഞ്ഞു.

“നീയാരാ അതു ചോദിക്കാൻ എനിക്കിഷ്ടമുള്ളതു ഞാൻ ചെയ്യും....”

വസുന്ധരയുടെ കൂസലില്ലായ്മയോടൊപ്പം കൂട്ടുകാരികളുടെ കൂട്ട ചിരി....

അവളിൽ നിന്നും അതിനപ്പുറമൊന്നും പ്രതീക്ഷിച്ചിരുന്നില്ല.

സിരകളിൽ രക്തം തിളച്ചുകയറി.

“വസുന്ധരാ, ലോകത്തെന്തു സംഭവിക്കുന്നു എന്നുപോലും അറിയാൻ മെനക്കെടാത്ത നിന്റെ കൂസലില്ലായ്മ എന്നോടോ നിമിഷയോടോ വേണ്ട. നിന്നെപ്പോലെ ഒരു അഴിഞ്ഞാട്ടക്കാരിയായ്‌ നിമിഷയെ കാണാൻ എനിക്കാവില്ല... പണവും പ്രതാപവും അധികാരവും കൊണ്ട്‌ നിൽക്കുന്നിടംപോലും മറക്കുന്നവളാണ്‌ നീ.... അതു ഞങ്ങളോടു വേണ്ട...”

പറഞ്ഞു തീരുംമുമ്പേ ചെകിട്ടത്തടിവീണു. ദുർഗ്ഗയെപ്പോലെ കലി പൂണ്ടു നിൽക്കുകയാണവൾ മുന്നിൽ.

“അടിക്കുക... ഇനിയും അടിക്കുക... നിന്റെ കയ്യുടെ തരിപ്പ്‌ തീരുംവരെ അടിക്കുക...”

നിന്നു വിറയ്‌ക്കുകയായിരുന്നു ഞാൻ...

വസുന്ധര പിന്നെ പ്രതികരിച്ചില്ല. അവൾ മുതുക്കൻ മാവിന്റെ തടിച്ച വേരിലിരുന്നു. ഇന്റർവെല്ലിനു കുട്ടികൾ പുറത്തിറങ്ങി. നിമിഷയോടുള്ള അതിരറ്റ സ്നേഹവും വസുന്ധരയോടുള്ള ഒടുങ്ങാത്ത പകയും ഉള്ളിൽ വച്ച്‌ കരിയിലകൾ ചവിട്ടി ഞാൻ നടന്നു.

വസുന്ധര എന്നേക്കാൾ സീനിയറാണ്‌. പക്ഷേ കാലം അവളോടൊപ്പം സഞ്ചരിക്കുന്നുവെന്നാണ്‌ അവളുടെ വിചാരം. അല്ലെങ്കിലവൾ രണ്ടുവർഷം മുൻപേ കോഴ്‌സ്‌ പൂർത്തിയാക്കി പോയേനെ. പിന്നിലുള്ളവർ ആമയെപോലെ ഇഴഞ്ഞ്‌ അവളുടെ അടുത്തെത്തുന്നു. ഞാനും നിമിഷയും അങ്ങനെയാണ്‌ അവളോടൊപ്പമായത്‌.

പിറ്റേന്നു സായാഹ്‌നത്തിൽ ബീച്ചിനരികിലെ പാർക്കിൽ വച്ചാണ്‌ നിമിഷ ചോദിച്ചത്‌.

“എന്തിനാണു വസുന്ധരയോടു വഴക്കുണ്ടാക്കാൻ പോയത്‌...?”

ഞാനവളുടെ കണ്ണുകളിലേക്കു നോക്കി.

ഞങ്ങൾക്കു ചുറ്റും കടൽക്കാറ്റ്‌ ചുംബനങ്ങൾ കൈമാറി. പാഞ്ഞുവന്നു തീരം തൊട്ട്‌ പിൻവാങ്ങുന്ന തിരയുടെ ശൃംഗാരവും മടങ്ങിവരുമ്പോൾ ആവേശത്തോടെ പുണരാൻ കാത്തിരിക്കുന്ന തീരത്തിന്റെ വേവലാതികളും കാറ്റ്‌ കുറേ അസൂയയോടെ ചെവിയിലോതി.

“എന്താ എന്നെ ഇത്ര തുറിച്ചുനോക്കുന്നത്‌...”

മൂടുപടത്തിനുള്ളിലെ ഇണപ്രാവുകളെപോലെ അവളുടെ കണ്ണുകൾ കുറുകി.

“നിമിഷേ എനിക്കു നിന്നോടു ഒടുങ്ങാത്ത സ്നേഹമാണ്‌... ഉത്തമഗീതത്തിലെ മണവാട്ടിയാണ്‌ നീ എനിക്ക്‌”

“അപ്പോൾ എനിക്കു സ്നേഹമില്ലെന്നാണോ....? വന വൃക്ഷങ്ങൾക്കിടയിലെ ആപ്പിൾമരം പോലെയാണ്‌ നീ എനിക്ക്‌... എനിക്കു സ്നേഹമില്ലെന്നു പറഞ്ഞാൽ ഞാൻ മരിക്കും...” അവൾ പറഞ്ഞു.

കുറേ കൂടി ഗൗരവം കലർന്ന്‌ അനന്തതയിലേക്കു നോക്കികൊണ്ട്‌ ഞാൻ പറഞ്ഞു.

ചിലപ്പോൾ ഈ ഭൂമിയിൽ നീയും ഞാനും മാത്രമേ ഉള്ളൂവെന്നാണ്‌ എനിക്കു തോന്നുന്നത്‌. മറ്റുള്ളവരെയൊന്നും എനിക്കു കാണാനേ കഴിയുന്നില്ല. നിന്നോടുള്ള സ്നേഹം കൂടി കൂടി അതൊരു ഭ്രാന്തായ്‌ മാറുമോന്നാ എന്റെ പേടി“

”സ്നേഹം കൂടി ഭ്രാന്തായാൽ ഒട്ടും മടിക്കേണ്ട തൊട്ടുപിന്നാലെ ഒരു ഭ്രാന്തിയായ്‌ ഞാനും ഉണ്ടാവും....“

അവളുടെ മറുപടി കേട്ടപ്പോൾ പതഞ്ഞു പൊന്തുന്ന മുന്തിരിചാറുപോലെയായി എന്റെ മനസ്സ്‌.

ഉത്തമഗീതത്തിലെ മണവാളനെപ്പോലെ ഞാൻ പാടി.

”രാജകുമാരീപാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം സമർത്ഥനായ ശില്പി തീർത്ത കോമളമായ രത്നഭൂഷണം പോലെയാണു നിന്റെ നിതംബം...“

”എന്റെ പ്രിയൻ അരുണനെപ്പോലെ തേജസ്സുറ്റവൻ.... അവന്റെ കണ്ണുകൾ അരുവിക്കരയിലെ പ്രാവുകളെപ്പോലെയാണ്‌... അവന്റെ അധരം ലില്ലിപൂക്കളാണ്‌“.

അവളുടെ മറുപടികേട്ട്‌ ഞാൻ ആഹ്ലാദവാനായ്‌ പൊട്ടിച്ചിരിച്ചു. ഒപ്പം അവളും ചിരിച്ചു.

പ്രണയസാഗരമായ ഉത്തമഗീതത്തിന്റെ അലകൾ അവിടമാകെ ഒഴുകിപ്പരക്കുന്നതായ്‌ എനിക്കുതോന്നി. ഞങ്ങൾ കടൽക്കരയിൽ നിന്നും എഴുന്നേറ്റു.

പിറ്റേന്നും വസുന്ധര നിമിഷയെ ക്ലാസ്സ്‌ കട്ടു ചെയ്യിച്ച്‌ പുറത്തുകൊണ്ടുപോയപ്പോൾ ഞാൻ പ്രിൻസിപ്പളിനോടു പരാതിപ്പെട്ടു. പ്രിൻസിപ്പൽ അവളെ വിളിച്ചു താക്കീതു ചെയ്തു. നഗരത്തിൽ വിഷവൃക്ഷം പോലെ വളർന്നു നിൽക്കുന്ന ഐസ്‌ക്രീം പാർലറിനെക്കുറിച്ചും വിദൂര വിനിമയകേന്ദ്രത്തെക്കുറിച്ചും ഞാൻ നേരത്തെ പ്രിൻസിപ്പളിനോടു പറഞ്ഞിരുന്നു. അവളുടെ പിതാവിന്റെ ആശീർവാദത്തോടെയുള്ളതാണ്‌ അതെന്നന്നും ഞാൻ പറഞ്ഞപ്പോൾ പ്രിൻസിപ്പൾ ഒന്നു ഞെട്ടിയെങ്കിലും അവളെ താക്കീതു ചെയ്യാൻ മടിച്ചില്ല.

പ്രിൻസിപ്പളിന്റെ കാബിൻ വിട്ടിറങ്ങുമ്പോൾ മുഴുവൻ രൗദ്രഭാവവും മുഖത്തു വരുത്തി അവൾ ഗർജ്ജിച്ചു.

നിനക്കു ഞാൻ വച്ചിട്ടുണ്ട്‌...

അവൾ വാക്കുപാലിച്ചു.

പിറ്റേന്ന്‌ ഐസ്‌ക്രീം പാർലറിനു മുന്നിലൂടെ നടന്നുവരികയായിരുന്നു ഞാൻ. ദാവണിയണിഞ്ഞതും ചുരിദാർ ധരിച്ചിരുന്നതുമായ ഒരു കൂട്ടം പെൺകുട്ടികൾ അവിടെ നിന്നും എന്നെ നോക്കുന്നു. രണ്ടു തീക്കട്ടക്കണ്ണുകൾ ചില്ലുകൂട്ടിൽ നിന്നും എന്റെ നേരെ തുറിച്ചുനോക്കി. വസുന്ധരയുടെ കണ്ണുകൾ. പെട്ടെന്നാണ്‌ മൂന്നുനാലുപേർ എന്റെ നേരെ ചാടി വീണത്‌. ഒരാൾ എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു. മറ്റേയാൾ അടിവയറിനു ചവിട്ടി. പിന്നിലും വശത്തും നിന്നവർ എന്നെ ക്രൂരമായി മർദ്ദിച്ചു. എന്നെ വിടൂ... എന്നെ വിടൂ... എന്നുള്ള എന്റെ അപേക്ഷ മർദ്ദന ശബ്ദങ്ങൾക്കിടയിൽ മുങ്ങിപ്പോയി. ഒടുവിൽ അവശനായ്‌ ഞാൻ വീണപ്പോഴാണ്‌ അവരെന്നെ ഉപേക്ഷിച്ചു പോയത്‌. അപ്പോൾ ചുറ്റുംകൂടി നിന്ന നാട്ടുകാർ എന്നെ ആശുപത്രിയിലാക്കി. ആശുപത്രിയിൽ പരിക്കുകളുടെ പിടിയലമർന്ന്‌ വേദനപൂണ്ട്‌ കിടക്കുമ്പോൾ ഞാൻ നിമിഷയോട്‌ പറഞ്ഞു.

”നിമിഷ.... ഒന്നുകിൽ ഞാൻ... അല്ലെങ്കിൽ നീ.... നമ്മളിൽ ആരെങ്കിലും ഒരാളേ ജീവിക്കൂ....“

നിമിഷയുടെ കണ്ണുകൾ ജലപ്രളയമാകുന്നതു ഞാൻ കണ്ടു. ഉള്ളിൽ ഒരു വലിയ തേങ്ങൽ ഉരുണ്ടുകൂടി. അടക്കിപ്പിടിച്ച കരച്ചിലോടെ, പേടിപ്പെടുത്തുന്ന നിശ്ശബ്ദതയോടെ അവളന്റെ വാപൊത്തി.

”അരുതേ... അങ്ങനെ പറയരുതേ... ഉണ്ടെങ്കിൽ നമ്മൾ രണ്ടുപേരും കൂടിയേ ഉള്ളൂ. അല്ലെങ്കിൽ ഇല്ല...“

”വേദനയെ അതിജീവിക്കാൻ ശ്രമിക്കുന്ന എന്റെ ശരീരകോശങ്ങൾ പറയുന്നതതാണ്‌“.

ഞാൻ പറഞ്ഞു.

”ആ വേദനയുടെ കോശങ്ങളിൽ ലോകനാഥൻ ശാന്തിപകർന്നു തരട്ടെ“

ആശുപത്രിക്കു പുറത്ത്‌ ഒരു മഴതിമിർത്ത്‌ പെയ്ത്‌ ഒടുങ്ങിപ്പോയി. ജനാലചില്ലിലൂടെ ഒഴുകിയിറങ്ങുന്ന വെള്ളതുള്ളികൾ അവളുടെ കവിളുകളിലൂടൊഴുകുന്ന കണ്ണീർ തുള്ളിപോലെ തോന്നി. മഴപെയ്ത അത്രയും നേരം ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടാതെ ഉള്ളിൽ പെയ്യുന്ന കനത്ത മഴയിലേക്കു നോക്കിയിരുന്നു.

”ഞാനാരാണെന്ന്‌ വസുന്ധരയെ കാണിച്ചുകൊടുക്കുന്നുണ്ട്‌......“

നിമിഷ ഒരു ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.

”നീയാരാണ്‌....?“

ഞാൻ ചോദിച്ചു.

”ഞാൻ നിന്റെ നിഴൽ മാത്രം....“

അവളുടെ ഉള്ളം വെളിവാക്കാൻ അതിനേക്കാൾ ചെറുതോ വലുതോ ആയ ഒരു വാക്കില്ലെന്നു എനിക്കു തോന്നി. അവൾ എന്റെ നിഴൽ മാത്രമാണത്രേ. ഹോ നിമിഷ... നീ നിമിഷമല്ല... കാലമാണ്‌... മഹാകാലം... സ്നേഹത്തിന്റെ നൂറ്റാണ്ടുകൾ... മടങ്ങിപ്പോകാത്ത സംവത്സരങ്ങൾ...

ശരീരവേദനയുടെ ചൂളം കുത്തലുകൾക്കിടയിലും എനിക്ക്‌ അവളുടെ നിഷ്‌കളങ്കതയിൽ ആശ്വാസം തോന്നി.

”ഒരു കൊടുങ്കാറ്റ്‌ വന്ന്‌ ഈ ആശുപത്രി കെട്ടിടത്തേയും നമ്മളേയുമെല്ലാം അടിച്ചു തകർത്ത്‌ കളഞ്ഞിരുന്നുവെങ്കിൽ....“

നിരാശയുടെ പാനപാത്രം കയ്യിലേന്തി ഞാനതു പറഞ്ഞപ്പോൾ അവൾ തടഞ്ഞു.

”അരുത്‌, അങ്ങനെ പറയരുത്‌. നമുക്ക്‌ നമ്മളല്ലാതെ മറ്റാരും ഇല്ലാത്തതുകൊണ്ടല്ലേ നീയങ്ങനെ പറഞ്ഞത്‌... നമ്മളെ രണ്ടുപേരെയും തനിച്ചാക്കി നമ്മുടെ മാതാപിതാക്കൾ നേരത്തേ പോയി. വേലിക്കപ്പുറത്തെ വീടുകളിൽ പ്രണയം ഉള്ളിലാക്കി നമ്മളിന്നും സ്വതന്ത്രരായ്‌ കഴിയുന്നു. നീ അടുത്ത ബഡ്‌ഡിലേക്കു നോക്കൂ... നമ്മളെ പോലെയാണോ അവർ... രോഗിയുടെ അരികെ പിഞ്ചുകുഞ്ഞു മുതൽ വയോവൃദ്ധൻ വരെയുണ്ട്‌... അതേ അവർ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഈ ലോകം മുഴുവൻ ഒരു ചങ്ങലപൂട്ടിലെന്നപോലെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു... അവരിലൊരാൾ പോയാൽ ചങ്ങലപൂട്ടിന്റെയുള്ളിൽ ഭയങ്കരകരച്ചിലും ബഹളവും ഉയരും...“

നിമിഷയുടെ വാക്കുകൾ കേട്ട്‌ മഴപെയ്യിച്ചത്‌ ഇപ്പോൾ എന്റെ കണ്ണുകളിലാണ്‌.... എത്രമാത്രം ശക്തവും ആഴത്തിലുള്ളതുമാണ്‌ അവളുടെ വാക്കുകൾ. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ലോകം.... ചങ്ങലപ്പൂട്ട്‌....

ഞാൻ അവളുടെ വിരലുകളിൽ തഴുകി.

”എന്താ നീ ഒന്നും മിണ്ടാത്തത്‌... ഞാൻ പറഞ്ഞത്‌ തെറ്റാണോ...?“

അപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. മെല്ലെ ചിരിക്കുകമാത്രം ചെയ്തു. വീണ്ടും അവൾ ഉത്തമഗീതത്തിലെ മണവാട്ടിയായ്‌ എന്റെയുള്ളിൽ മിഴിനട്ടിരുന്നപ്പോൾ ഉത്തമഗീതങ്ങൾ ഞങ്ങളിൽ അലയടിച്ചു.

”എന്റെ പ്രിയേ നീ തീർസാനഗരം പോലെ സുന്ദരിയാണ്‌.

കുളികഴിഞ്ഞു വരുന്ന ചെമ്മരിയാടുകളെ പൊലെ ഒന്നൊഴിയാതെ നിരയൊത്തതാണ്‌ നിന്റെ പല്ലുകൾ. മൂടുപടത്തിൽ മറഞ്ഞ നിന്റെ കവിൾത്തടങ്ങൾ മാതളപ്പഴ പകുതിപോലെയാണ്‌“.

അപ്പോൾ മണവാട്ടിയായ്‌ അവൾ മൊഴിഞ്ഞു.

എന്റെ പ്രിയൻ വാതിൽക്കൊളുത്തിൽ പിടിച്ചു.

എന്റെ ഹൃദയം ആനന്ദം കൊണ്ട്‌ തുള്ളിച്ചാടി.

എന്റെ പ്രിയനു തുറന്നു കൊടുക്കാൻ ഞാനെഴുന്നേറ്റു.

എന്റെ കയ്യിൽ നിന്നു മീറയും എന്റെ വിരലുകളിൽ നിന്നു

മീറത്തുള്ളിയും വാതിൽ കൊളുത്തിൽ ഇറ്റുവീണു.

എന്റെ പ്രിയനായി ഞാൻ കതകുതുറന്നു.

പക്ഷേ അവൻ അപ്പോഴേക്കും പോയിക്കഴിഞ്ഞിരുന്നു.

ഞാൻ അവനെ അന്വേഷിച്ചു.

കണ്ടെത്തിയില്ല.

ഞാൻ അവനെ വിളിച്ചു;

വിളി കേട്ടില്ല.

കാവൽക്കാർ നഗരത്തിലൂടെ ചുറ്റിക്കറങ്ങുമ്പോൾ

എന്നെ കണ്ടു. അവരെന്നെ തല്ലി. അവരെന്നെ

മുറിവേൽപ്പിച്ചു. അവർ എന്റെ അങ്കി കവർന്നെടുത്തു.

പെട്ടെന്ന്‌ കറണ്ടുപോയി. ആശുപത്രി ഇരുട്ടിലായി. രോഗികളോ അവരുടെ ബന്ധുക്കളോ അല്ലാത്ത ഏതാനും പേർ അപ്പോൾ ആശുപത്രി വാർഡിലേക്കു കടന്നുവന്നു. അവർ ഇരുട്ടിനു സമാനമായ വസ്ര്തങ്ങൾ ധരിച്ചിരുന്നു. ചുറ്റും നിൽക്കുന്ന രൂപങ്ങളെ കണ്ട്‌ നിമിഷ ഞെട്ടിത്തെറിച്ചു.

മിണ്ടിപ്പോകരുത്‌... കൊന്നുകളയും....

വസുന്ധരയുടെ സ്വരം....

നിമിഷേ എന്തുപറ്റി എന്നു ഞാൻ ചോദിക്കുമ്പോൾ അവരെന്നെ വരിഞ്ഞു മുറുക്കി. കുതറിമാറാനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. എങ്കിലും മൂന്നുപേർ ചേർന്നുപിടിക്കുകയും നാലാമത്തേയാൾ വാൾ ഊരി എന്റെ വലതുകരം മുറിച്ചു കളയുകയാണ്‌ ചെയ്യുന്നതെന്ന്‌ എനിക്കൂഹിക്കുവാൻപോലും തോന്നിയില്ല....

”ഇനി ഈ കൈ കൊണ്ട്‌ ഞങ്ങൾക്കെതിരെ എഴുതരുത്‌....“

വസുന്ധരയുടെ ആ വാക്കുകൾക്കു പിന്നാലെ വാൾ എന്റെ വലതുകരം ചീറ്റിയെടുത്തെറിഞ്ഞു. വേദനയേയും ചോരപ്രളയത്തേയുംകാളുപരി നിരന്തരം കണ്ടുപരിചയിച്ച വലതുകരം പോയെന്നറിഞ്ഞിട്ടും പിന്നെയും പിന്നെയും അങ്ങോട്ടു നോക്കിക്കൊണ്ടിരുന്ന എന്റെ മനസ്സിന്റെ പ്രവർത്തനമാണ്‌ എന്നെ അബോധാവസ്ഥയിലാക്കിയത്‌. അതുകൊണ്ട്‌ അതിനുശേഷമുള്ള നിമിഷയുടെ പ്രതികരണം എനിക്കു കാണേണ്ടതായി വന്നില്ല.

ഇപ്പോൾ ഒരുവർഷം കഴിഞ്ഞിരിക്കുന്നു. നഷ്ടപ്പെട്ട വലതുകരത്തിന്റെ ശക്തികൂടി ഇടതുകരത്തിനു കിട്ടിക്കഴിഞ്ഞു. നിമിഷ ആകെ തളർന്നുപോയി. ചോരയുടെ മണമറിഞ്ഞ്‌ അവൾ മറ്റൊരു ഫൂലൻ ദേവിയായില്ല. മറിച്ച്‌ ഒരു ഭക്തയയി അവളുടെ കുമ്പസാരങ്ങളും പ്രാർത്ഥനകളും കൂടി വന്നു. എന്റെ മനസ്സിന്റെ കമ്പ്യൂട്ടറിൽ വാക്കുകളുടെ ഫോൾഡറുകൾ നിറഞ്ഞു. ഞാൻ അവയെ കമ്പ്യൂട്ടറിലേക്കു പകർത്താൻ തീരുമാനിച്ചു. എന്റെ കമ്പ്യൂട്ടറിലെ ഈ-മെയിലിലൂടെ ഐസ്‌ക്രീം പാർലറിനെ കുറിച്ചും വിദൂര വിനിമയ കേന്ദ്രത്തെക്കുറിച്ചും ലേഖനങ്ങളും പരാതികളും പാഞ്ഞു. പത്രങ്ങളും ജനങ്ങളും ഉണർന്നു. അപ്പോൾ വർദ്ധിച്ച വീര്യത്തോടെ വസുന്ധരയും കൂട്ടരും കച്ചകെട്ടിയിറങ്ങി. ലൂസിഫർ വിറളിപൂണ്ട്‌ ഓടി നടന്നു. ദൈവത്തിനു തന്റേതായ ലോകം പോലെ ലൂസിഫറിനും അതിന്റേതായ ലോകമുണ്ട്‌. രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും തോൽക്കാനാവാത്തതുപോലെ....

ചെക്കപ്പിനെ തുടർന്ന്‌ അന്നു ഞാൻ ആശുപത്രിയിലാണ്‌. പള്ളിയിൽ നിന്നു കൊണ്ടുവന്ന നേർച്ച ഭക്ഷണം ഞാൻ നിമിഷയിൽ നിന്നും വാങ്ങി കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.

പെട്ടെന്നാണ്‌ വസുന്ധരയുടെ സംഘം ആശുപത്രി വാർഡിൽ ആയുധങ്ങളുമായ്‌ കടന്നത്‌. വാർഡിലുള്ളവരെ​‍ൊന്നാകെ അവർ അടിച്ചു പുറത്താക്കി. പേടിച്ചു വിറച്ച നിമിഷ എന്റെ മാറത്തുവീണു കെട്ടിപുണർന്നു കിടന്നു. അവളുടെ നെഞ്ചിൽ മുഴങ്ങുന്ന പെരുമ്പറയോടൊപ്പം ഞാനവളെ സ്നേഹപൂർവ്വം ചേർത്തുപിടിച്ച്‌ ചുംബിച്ചുകൊണ്ടിരുന്നു.

ബഡ്‌ഡിനു മുന്നിൽ അട്ടഹാസം.

”പിടിയെടാ അവളെ“

ചുറ്റും കൂടിയ നായാട്ടുകാർ അവളെ വലിച്ചെടുത്തു. നിമിഷനേരം കൊണ്ട്‌ അവളെ വേസ്‌റ്റ്‌ പേപ്പറാക്കി അഞ്ചാം നിലയിൽ നിന്നും താഴേക്കെറിഞ്ഞു. അവർ എന്റെ ഇടത്തേ കയ്യും രണ്ടുകാലുകളും വെട്ടിയെറിഞ്ഞു.

”ഇനിയവൻ എന്തുകൊണ്ടെഴുതും എന്നു നമുക്കൊന്നു കാണാമല്ലോ....“

ഞാൻ ശാന്തനായ്‌ കിടന്നു.

നായാട്ടുകാർ മുഖത്തു തുപ്പി കടന്നുപോയി.

കൈകാലുകളില്ലാത്ത ഒരു മാംസതുണ്ടമായി ഞാൻ.

ഉള്ളതു മനസ്സു മാത്രം. മനസ്സിൽ അപ്പോഴും വാക്കുകൾ നിറഞ്ഞുകവിഞ്ഞു. ഞാൻ ബഡ്‌ഡിൽ നിന്നും ഉരുണ്ടു താഴെ വീണു. ദേഹമാകെ ചുടുനിണത്താൽ ഒട്ടുകയാണ്‌. ഞാൻ വീണ്ടും ഉരുണ്ടു, ഭിത്തിയാണ്‌ എന്റെ ലക്ഷ്യം. അവിടെയെത്തിയപ്പോൾ കിതച്ചുപോയിരുന്നു. ഇനി തീരുവാൻ അധിക നേരമില്ല. വാക്കുകൾ ഉള്ളിൽ കുതിക്കുന്നു. ഞാൻ നാക്കു നീട്ടി തറയിൽ മുക്കി. ചുടുനിണം കട്ടിയുടെ പെയിന്റായി നാവിൽ നിറഞ്ഞു. ഉള്ളിൽ നിറഞ്ഞ വാക്കുകൾ ഞാൻ നാക്കുകൊണ്ട്‌ ഭിത്തിയിലെഴുതി.

ഐസ്‌ക്രീം പാർലർ പെൺവാണിഭം അവസാനിപ്പിക്കുക...

വസുന്ധരയെ അറസ്‌റ്റു ചെയ്യുക...

ചുടുനിണത്താൽ എഴുതപ്പെട്ട അക്ഷരങ്ങളിൽ നിന്നും തീപാറി...

ഭൂമിയുടെ അടിത്തട്ട്‌ ഇളകിവശായ്‌... ലാവകൾ പർവ്വതം വിട്ടൊഴുകി...

നീങ്ങിയും ചരിഞ്ഞും അത്രയും എഴുതിക്കഴിഞ്ഞപ്പോൾ ഞാൻ മുഖം കുത്തിപ്പോയിരുന്നു. രക്തകുളത്തിൽ മുഖം കുത്തുമ്പോൾ ഒരു നിമിഷം നിമിഷയുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞുവന്നു. തസ്നിം നദീ തീരത്തെ പഞ്ചാരമണൽ പോലെ അഴകാർന്നവൾ.. ഉത്തമഗീതത്തിലെ മണവാട്ടി...

അഞ്ചാംനിലയിൽ നിന്നും താഴെ തറയിൽ വീണു രക്തത്തിൽ മുഖം പൊത്തികിടക്കുന്ന നിമിഷയും അപ്പോൾ എന്റെ മുഖം കണ്ടു... അവൻ... ഉത്തമഗീതത്തിലെ മണവാളൻ... വനവൃക്ഷങ്ങൾക്കിടയിലെ ആപ്പിൾ മരംപോലെ സുന്ദരൻ.... ഉത്തമഗീതത്തിന്റെ അലകൾ അവിടമാകെ ഒഴുകിപരന്നു.

മോനിച്ചൻ എബ്രഹാം

1982 മുതൽ ചെറുകഥകൾ എഴുതുന്നു. രഷ്‌ട്രദീപിക ആഴ്‌ചപ്പതിപ്പ്‌, സൺഡേ സപ്ലിമെന്റ്‌ എന്നിവയിലായി ഇരുപതോളം ചെറുകഥകൾ വന്നിട്ടുണ്ട്‌. സർക്കാർ പ്രസിദ്ധീകരണമായ ഗ്രാമഭൂമിയിൽ കഥകൾ എഴുതാറുണ്ട്‌. ആകാശവാണിയിലെ യുവവാണിയിലും സായന്തനത്തിലുമായി 5 ഓളം കഥകൾ അവതരിപ്പിച്ചിട്ടുണ്ട്‌.

വിലാസം

പുതുപ്പറമ്പിൽ

ആശ്രമം വാർഡ്‌

ആലപ്പുഴ - 6.


Phone: 9446711835




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.