പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വേളിപ്പാടത്തെ വെള്ളക്കൊക്കുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉസ്‌മാൻ ഇരിങ്ങാട്ടിരി

നാട്ടു പച്ചയുടെ ഹൃദയ ഭൂമിയിൽ നിന്ന്‌ ഊഷരതയുടെ വിലാസമില്ലാത്ത വിതാനത്തിലേക്ക്‌ എ1 963 എയർ ഇന്ത്യാ വിമാനം പറന്നുയരുമ്പോൾ കൂമ്പൻ മലയും ചാമക്കുന്നും പനഞ്ചോലയും വേളിപ്പാടവുമൊക്കെ മിഴിവാർന്ന ചിത്രങ്ങളായി മനസ്സിലങ്ങനെ മിന്നിമറയുന്നുണ്ടായിരുന്നു.

ആകാശ വാഹനത്തിന്റെ കുഞ്ഞു ജാലകത്തിലൂടെ പരിമിതമായ കൺ വെട്ടത്തിനുള്ളിൽ താഴെ ഒരു പാട്‌ താഴെ ആ കാണുന്നത്‌ ജീവിതമാണല്ലോ എന്ന്‌ വേദനയോടെ ഓർത്തു. വിരൽത്തലപ്പുകളിൽ കൊച്ചുമോൾ പൊന്നൂസിന്റെ മുറുകെ പിടുത്തം അപ്പോഴും കിടന്നു തുടിക്കുന്നുണ്ടായിരുന്നു.

പുതിയ ഒരു ഓണപ്പതിപ്പ്‌ കയ്യിൽ കിട്ടിയ പോലെ കണ്ണെത്തും ദൂരത്തിരിക്കുന്ന ഓരോ മുഖങ്ങളും ഞാൻ വെറുതെ മറിച്ചു നോക്കി. മരുഭൂമിയുടെ നരച്ച നിറം മാത്രം വീണു കിടക്കുന്ന, വലിഞ്ഞു മുറുകിയ ഏതാണ്ടെല്ലാ മുഖങ്ങളിലും അസന്തുഷ്‌ടമായ മനോവ്യാപാരങ്ങളുടെ ഛായാ ചിത്രം പ്രദർശനത്തിന്‌ വെച്ചിട്ടുണ്ടായിരുന്നു. പ്രസന്നതയുടെ ഒരു പുൽനാമ്പുപോലും ഒരു മുഖത്തു നിന്നും കണ്ടെടുക്കാനില്ലായിരുന്നു.

സ്വന്തം മണ്ണിലിറങ്ങുമ്പോഴുണ്ടാവുന്ന ആത്‌മസുഖവും മറ്റൊരു നാട്ടിലെത്തുന്നതിന്റെ ആകുലതകളും അന്നേരം എല്ലാവരെയുമെന്നപോലെ എന്നിലുമുണർന്നു....

ജിദ്ദ എയർ പോർട്ടിൽ നിന്ന്‌ പുറത്തിറങ്ങി. സുഹൃത്ത്‌ ഫൈസലിന്റെ കാറിലേക്ക്‌ കേറുമ്പോൾ ഒരു നെടുവീർപ്പ്‌ വിടാതെ പിന്തുടരുന്നുണ്ടെന്ന്‌ തോന്നി. ഇറങ്ങാൻ നേരം മഷിക്കറുപ്പമർത്തിത്തുടച്ച്‌ ജീവിതച്ചുണ്ടിലൊരുമ്മ നൽകുമ്പോൾ കൂടെപ്പോന്നതാണതെന്ന്‌ തിരിച്ചറിയുമ്പോഴേക്കും കാർ ഒഴുകിത്തുടങ്ങിയിരുന്നു. അടുത്ത അവധിക്കാലത്തേക്കുള്ള കണ്ണെത്താത്ത ദൂരമോർത്ത്‌ തിരിച്ചിറങ്ങിയതിന്റെ ആദ്യരാത്രിയിലും എന്റെ മനസ്സ്‌ വല്ലാതെ വേപഥു കൊണ്ടു.

അന്ന്‌ കുഞ്ഞുടുപ്പുകളും മുടിപ്പൂവും കല്ലു മാലയുമൊക്കെ വാങ്ങാൻ ചെന്നപ്പോൾ പ്രായക്കൂടുതലുള്ള കടക്കാരനെന്നോട്‌ ചോദിച്ചു.

‘നാട്ടിൽ പോവുകയാണോ....’?

‘അതെ; എന്തേ...’?

‘അല്ല; നാട്ടിലേക്ക്‌ പോവുന്നവരെ കാണുന്നതേ ഒരു സന്തോഷമാണ്‌...’ അതു പറഞ്ഞയാൾ ഇന്നേരമെന്നെ കാണുകയാണെങ്കിൽ എന്താവും പറയുക? അങ്ങനെ ഒരു കുസൃതിച്ചോദ്യം ഉള്ളിലിരുന്ന്‌ ചിരി തൂകി....

തിരിച്ചെത്തിയിട്ടും ഓർമ്മകളിൽ വട്ടമിട്ട്‌ പറക്കുന്നത്‌ നാടും നാട്ടു കാഴ്‌ചകളും തന്നെയാണ്‌. കരിപ്പൂരിന്റെ വെണ്മയാർന്ന ആകാശത്തൂടെ മെല്ലെ മെല്ലെ വിമാനം താഴെക്കിറങ്ങുമ്പോൾ തരളിതമായ മനസ്സിനെ ഒന്നടക്കി നിർത്താൻ പെട്ട പാടെന്തായിരുന്നു.? ജാലകപ്പഴുതിലൂടെ പറങ്കിമൂച്ചിക്കാടുകളും കുന്നും തോടും, മേയുന്ന കാലിക്കൂട്ടങ്ങളും, തെങ്ങോലത്തലപ്പുകളും പൊട്ടുകൾ പോലെ കാണാമായിരുന്ന കൊച്ചു കൊച്ചു വീടുകളും പാമ്പിഴയും പോലെ വളഞ്ഞു പുളഞ്ഞു പോവുന്ന ചെമ്മൺ പാതകളും നൽകിയ കാഴ്‌ചാ സുഖം അക്ഷരങ്ങൾക്കും വർണ്ണനകൾക്കും വഴങ്ങിത്തരുന്നേയില്ല. ഇടവപ്പാതിയുടെ സംഗീതവും ചാറ്റൽമഴയുടെ ഒളിച്ചുകളിയും വെയിൽക്കിളികളുടെ കൊക്കുരുമ്മലുമൊക്കെ അനുഭവിച്ചാൽ മതി വരുമോ ആർക്കെങ്കിലും? എന്നിട്ടും നോമ്പു നോറ്റിങ്ങ്‌ പോരുകതന്നെയാണ്‌!

ഇക്കുറി വെക്കേഷന്‌ പോവുമ്പോൾ പഴയ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയുമൊക്കെ ഒന്ന്‌ കാണണമെന്ന്‌ തീരുമാനിച്ചിരുന്നു. ഏറെക്കാലം ഒന്നിച്ചു ജോലി ചെയ്യുകയും ഒരേ റൂമിലുറങ്ങുകയുമൊക്കെ ചെയ്‌ത രണ്ടുമൂന്നു സുഹൃത്തുക്കളുടെ പെട്ടെന്നുള്ള മരണമാണ്‌ ഇത്തരമൊരു തീരുമാനത്തിലേക്ക്‌ നയിച്ചത്‌. ആരെ എപ്പോഴാണ്‌ കർമ്മ ഫലങ്ങൾക്ക്‌ വേണ്ടി തിരിച്ചു വിളിക്കുക എന്ന്‌ ഒരു നിശ്‌ചയവുമില്ലല്ലോ.

മറ്റൊരു പദ്ധതി ‘ഹഫ്‌സ’യെ കാണലായിരുന്നു. ഒരോ അവധിക്കാലത്തും ഇങ്ങനെയൊരു മോഹം മുളപൊട്ടും. പല കാരണങ്ങളാൽ അത്‌ നടക്കാതെ പോവാറാണ്‌ പതിവ്‌.

കളിക്കൂട്ടുകാരിയായിരുന്നു. സമൃദ്ധിയിൽ ജനിച്ചു വളർന്ന കാണാൻ ചേലുള്ള നല്ല കുട്ടി.....

അഞ്ചാം ക്ലാസ്സു വരെ ഒരേ ക്ലാസിലായിരുന്നു. മദ്രസയിലേക്കും സ്‌ക്കൂളിലേക്കും പോക്ക്‌ ഒന്നിച്ച്‌. അവളുടെ തൊടിയിലെ വടക്കേ അറ്റത്തെ നാടൻ മാവിൽ നിന്ന്‌ രാത്രിയിലെ കാറ്റു വന്ന്‌ ഞെട്ടടർത്തി താഴെയിട്ട നല്ല മണവും അതിലേറെ മധുരമുള്ള മാങ്ങകൾ അതിരാവിലെ ചെന്ന്‌ അവൾ പെറുക്കിക്കൂട്ടും. മദ്രസയിലേക്ക്‌ പോകും വഴി എനിക്കു തരും കുറേയെണ്ണം. വീട്ടിലുണ്ടാക്കിയ പലഹാരങ്ങളുടെ ഒരു പങ്ക്‌ കീറിയ പത്രത്തിൽ പൊതിഞ്ഞ്‌ കൊണ്ടുവരും.

പാത്തുട്‌ത്താത്ത വെച്ചു വിളമ്പിത്തരുന്ന സ്വാദുള്ള ഉപ്പുമാവ്‌ വാങ്ങാൻ അവളുമുണ്ടാവും ക്യൂവിൽ. അവൾക്ക്‌ പൊടുവണ്ണിയില പൊട്ടിച്ചു കൊണ്ടു കൊടുക്കുന്നത്‌ ഞാനാണ്‌. ഉച്ചയ്‌ക്ക്‌ കഞ്ഞിക്ക്‌ പോവുമ്പോൾ അവളുടെ വിഹിതം കൂടി എനിക്ക്‌ തരും. അവളെക്കാത്ത്‌ വിഭവ സമൃദ്ധമായ ഭക്ഷണമിരിക്കുമ്പോൾ ഉപ്പു മാവ്‌ തിന്ന്‌ വിശപ്പടക്കേണ്ട കാര്യം വല്ലതുമുണ്ടോ?

ഇവൾക്കൊക്കെ എന്തൊരു സുഖമാണ്‌? ഒന്നിനും ഒരു കുറവുമില്ല. നല്ല ഭക്ഷണം, വസ്‌ത്രം, വീട്‌, സ്‌നേഹം... സങ്കടമൊന്നും തോന്നിയില്ല അവൾക്ക്‌ സുഖമാണല്ലോ...?

ഒരു ദിവസം സ്‌കൂൾ വിട്ട്‌ പോരുമ്പോൾ അവൾ പറഞ്ഞുഃ ‘ഇന്ന്‌ ഞമ്മക്ക്‌ പാടത്തൂടെ പോകാം. കൊറച്ച്‌ കഞ്ഞുണ്ണി മാണം, വെള്ളത്തണ്ടും, പിന്നെ വെള്ളക്കൊറ്റ്യാളീം പുല്ലാം ചുട്ട്യാളീം (നെറ്റിയിൽ ചൂടുള്ള ഒരുതരം കുഞ്ഞുമീൻ) കാണാം. സാധാരണ സ്‌ക്കൂളിനു മുമ്പിലൂടെ പോവുന്ന ടാറിടാത്ത റോഡിലൂടെയാണ്‌ ഞങ്ങളുടെ പോക്കു വരവുകൾ.

കൊക്കുകളെ അവൾക്കിഷ്‌ടമായിരുന്നു. മറ്റാരും കേൾക്കാതെ ഞാനവളെ ’വെള്ളക്കൊക്ക്‌‘ എന്ന്‌ കളിയാക്കി വിളിക്കും. അത്‌ കേൾക്കുമ്പോൾ അവളുടെ വെളുത്തു ചെമന്ന മൂക്കിൻ തുമ്പത്ത്‌ ശുണ്‌ഠിയുടെ വിയർപ്പു മണികൾ പൊടിയും. ’ഞാനന്നോട്‌ മുണ്ടൂലാ.... എന്നും പറഞ്ഞ്‌ അവൾ പിണങ്ങി ഓടിപ്പോവും. ആ പിണക്കത്തിന്‌ അധികം ആയുസ്സൊന്നുമുണ്ടാവില്ല എന്നതാണ്‌ ഒരു സമാധാനം.

സ്‌കൂളിന്റെ അങ്ങേക്കരയിലാണ്‌ വിശാലമായ വേളിപ്പാടം. കിഴക്കേക്കുന്നത്തെ വേലായുധനും ചാത്തനും സരോജിനിയും സുലൈഖയും കുഞ്ഞാണിയുമൊക്കെ സ്‌ക്കൂൾ വിട്ട്‌ പോകുന്നത്‌ ആ പാടം കടന്നാണ്‌. അതിലൂടെ കുറച്ച്‌ വളഞ്ഞ്‌ തിരിഞ്ഞ്‌ നടന്നാൽ എന്റെ വീടിന്റെ പിൻ ഭാഗത്തെത്തും. ഞങ്ങൾ വളരെ അപൂർവമായേ ആ വഴി പോകാറുള്ളു.

മഴയൊന്ന്‌ മാറിപ്പോയ സമയമാണ്‌. എന്നിട്ടും മെലിഞ്ഞ വരമ്പിലൂടെ നടന്നു പോവാൻ ബുദ്ധിമുട്ടുണ്ട്‌. ചിലയിടങ്ങളിൽ നല്ല വഴുക്കുണ്ട്‌. വയലൊക്കെ കതിർക്കുലകളുടെ ഭാരം സഹിക്ക വയ്യാതെ കുനിഞ്ഞ ശിരസ്സുമായി നില്‌പാണ്‌. കൊയ്‌ത്ത്‌ കാത്ത്‌ അക്ഷമയോടെ നിൽക്കുന്ന വയലിലേക്ക്‌ കിളിക്കൂട്ടങ്ങൾ പറന്നിറങ്ങുന്നതും കതിർക്കുലകൾ കൊക്കിലൊതുക്കി വന്നിറങ്ങിയ അതിലേറെ വേഗതിയിൽ തിരിച്ച്‌ പറക്കുന്നതും കണ്ടു നിൽക്കാൻ നല്ല ഹരമാണ്‌.

വെള്ളക്കൊക്കുകളുടെ കാര്യമാണ്‌ രസം. ഒറ്റക്കാലിൽ തപസ്സിരിക്കുന്ന കപട സന്യാസികൾ... അവസരം പാർത്താണിരിപ്പ്‌. ഒടുവിൽ മീൻ വേട്ടയും കഴിഞ്ഞ്‌ കൂട്ടം കൂട്ടമായി അവ പറന്നു പോകുന്നത്‌ കാണുമ്പോൾ, ആകാശത്തൂടെ ഒരു വിമാന ജാഥ പോവുന്ന പോലെ തോന്നും.

അടിവരെക്കാണുന്ന അറ്റം കലായികളിൽ (പാടത്തെ വെള്ളക്കുഴികൾ) പുല്ലാൻ ചൂട്ടികളും പരലുകളും കരുതലകളും തൊട്ടു മണ്ടിക്കളിക്കുന്നു. ആളനക്കം കേൾക്കുമ്പോൾ വിരുതൻ കരുതലകൾ മടയിലൊളിച്ചു തല പുറത്തേക്ക്‌ നീട്ടി പരിസരം വീക്ഷിക്കുന്നത്‌ കാണേണ്ട കാഴ്‌ച തന്നെ! പരലുകൾക്കും പുല്ലാൻ ചൂട്ടികൾക്കും പിന്നെ ആരെയും പേടിയില്ല. ഇന്റർവെല്ലിന്‌ സ്‌ക്കൂൾ മുറ്റത്ത്‌ കുട്ടികൾ മണ്ടിപ്പായുന്നതുപോലെ അവ അവയുടെ സാമ്രാജ്യത്തിലൂടെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കും.

അവൾ മുമ്പിലും ഞാൻ പിറകിലുമായി വയൽക്കാഴ്‌ചകൾ കണ്ടങ്ങനെ നടക്കുമ്പോൾ പെട്ടെന്ന്‌ ‘പ്‌ധും’ എന്നൊരു ഒച്ച കേട്ടു. തിരിഞ്ഞു നോക്കുമ്പോൾ ‘വെള്ളക്കൊക്ക്‌’ പൂന്തപ്പാടത്ത്‌ ചേറിൽ പുതഞ്ഞ്‌ കിടക്കുന്നു. സ്ലേറ്റും കേരള പാഠാവലിയും വയൽ വരമ്പിൽ ചിതറിക്കിടക്കുന്നു. വെള്ളാരം കല്ലുപോലെ മിനുസമാർന്ന അവളുടെ കണങ്കാലുകളും കവിഞ്ഞ്‌ മുട്ടറ്റം വരെ ചേറിൽ പുതഞ്ഞ്‌ പോയിരിക്കുന്നു. മനോഹരമായ അവളുടെ വെള്ളിക്കൊലുസുകൾ കാണുന്നേയില്ല. എനിക്ക്‌ ചിരിയാണ്‌ വന്നത്‌. ഞാനത്‌ എങ്ങനെയോ അടക്കിപ്പിടിച്ച്‌ അവളെ വലിച്ചു കേറ്റാൻ ശ്രമിക്കുകയാണ്‌. വൃത്തിയായി നഖം വെട്ടിയ വെളുത്ത്‌ കൊലുന്നനെയുള്ള പതുപതുത്ത ആ വിരൽത്തലപ്പുകൾ എന്റെ പരുത്ത കൈകളിൽ മുറുകെ പിടിച്ചപ്പോൾ, കൈവെള്ളയിലൊരു പൂവിതൾ ഞെരിഞ്ഞമരുന്ന പോലെ തോന്നി....

വയൽക്കുഴികളിലൊന്നിലിറങ്ങി അവളുടെ മഞ്ഞയിൽ പുള്ളികളുള്ള പാവാടയിലും ആകാശത്തിന്റെ നിറമുള്ള ജംബറിലും കൈകാലുകളിലും പറ്റിപ്പിടിച്ച ചേറ്‌ കഴുകിക്കളഞ്ഞപ്പോൾ അവൾ പറഞ്ഞുഃ ‘ഇസ്സുട്ടീ, (വല്ല കാര്യവും സാധിക്കാനുണ്ടാവുമ്പോഴും, വല്ലാത്ത ഇഷ്‌ടമുണ്ടാവുമ്പോഴും അവളെന്നെ അങ്ങനെയാണ്‌ വിളിക്കാറ്‌!) നോക്ക്‌ ഇതിൽ നെറച്ച്‌ മീന്‌ണ്ട്‌ ഞമ്മക്ക്‌ പുടിച്ചാലോ?

’ജ്ജ്‌ ങ്ങട്ട്‌ പോര്‌, അന്റെ മ്മ ന്നേരം ചീത്ത പറയ്വാ....‘

അവൾ എന്നെ കോക്രി കാട്ടിയപ്പോൾ പതിവു പോലെ ഞാൻ വഴങ്ങി. അവളുടെ ചുവന്ന തട്ടം രണ്ടറ്റത്തും കൂട്ടിപ്പിടിച്ച്‌ ഞങ്ങൾ വല വിരിച്ചു. നാലഞ്ചു പരലുകളും രണ്ടുമൂന്ന്‌ പുല്ലാൻ ചൂട്ടികളും അവളുടെ മക്കനയിൽ കിടന്നു ജീവനുവേണ്ടി പിടച്ചു. വയലിനപ്പുറത്തെ കിഴക്കനടിത്തൊടുവിൽ നിന്ന്‌ ഒരു ചേമ്പിലയിറുത്തു കൊണ്ടുവന്ന്‌ ഞാൻ മീനുകൾ അതിലിട്ട്‌ കൂട്ടിപ്പിടിച്ചു.

എന്റെ വീട്ടിലെത്താറായപ്പോൾ അവൾ പറഞ്ഞുഃ

’ഇതീറ്റാളെ ഞമ്മക്ക്‌ മത്തന്റിലയിൽ ചുട്ടു തിന്നാം....‘

ആ ആശയം എനിക്കും ഇഷ്‌ടപ്പെട്ടു. കുറ്റിപ്പുരയുണ്ടാക്കി കളിക്കാൻ പുളി മരച്ചോട്ടിൽ ഞാനും പെങ്ങൾ മാളുവും കൂടി തയ്യാറാക്കിയ അടുപ്പു കല്ലുകൾ അവിടെയുണ്ടായിരുന്നു. ഉമ്മയോട്‌ പറഞ്ഞ്‌ കുറച്ച്‌ ഉപ്പും മുളകുപൊടിയും വാങ്ങിച്ചു. വളഞ്ഞു പുളഞ്ഞു തൊടി മുഴുവനും പടർന്നു കിടക്കുന്ന മത്തൻ വള്ളികളിൽ നിന്ന്‌ നല്ല വലിപ്പമുള്ള ഒരില ഞാടർത്തിയെടുത്ത്‌, കഴുകി വൃത്തിയാക്കിയ മീനുകൾ അതിലിട്ട്‌ നന്നായി പൊതിഞ്ഞു. ഉപ്പും മുളകുപൊടിയും വിതറി വാഴ നാര്‌കൊണ്ട്‌ മുറുകെ കെട്ടി. അപ്പോഴേക്കും ചകിരിത്തോടിലും ചിരട്ടയിലുമൊക്കെ തീ പടർന്ന്‌ അടുപ്പ്‌ സജീവമായിരുന്നു....

മത്തന്റിലയിൽ പൊതിഞ്ഞ മീൻ ഒരു കിരികിരു ശബ്‌ദത്തോടെ അടുപ്പിലേക്ക്‌.... വേവാകുന്നത്‌ അവരെ ഞങ്ങൾ അക്ഷമയോടെ കാത്തിരുന്നു.

ഒടുവിൽ ചുട്ട മീൻ റെഡി.... കരിഞ്ഞു തുടങ്ങിയ വാഴനാരടർത്ത മാറ്റി കൈപൊള്ളാതെ മത്തന്റില പൊളിച്ചെടുക്കുമ്പോൾ അവൾ ഭംഗിയുള്ള മൂക്ക്‌ വിടർത്തി പറഞ്ഞു. ’ഇസ്സുട്ടി, എന്താ മണം ല്ലേ... നല്ല രസം... അവൾ മണം മുഴുവനും അകത്തേക്ക്‌ വലിച്ചു കേറ്റി. ‘നീ ബയങ്കര മീൻ കൊതിച്ചിയാണല്ലോ...? മീൻ പൂച്ച ഞാനവളെ കളിയാക്കി. മീൻ ഓഹരി വെച്ചപ്പോൾ എനിക്കാണവൾ മൂപ്പോരി തന്നത്‌.... അവൾ അങ്ങനെയായിരുന്നു...

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്‌ ഒരു ദിവസം ആ വാർത്ത കേൾക്കുന്നത്‌. അവളുടെ കല്യാണമാണ്‌. സാധാരണ അയൽപക്കങ്ങളിൽ നടക്കുന്ന കല്യാണ വാർത്തകൾ വല്ലാത്ത സന്തോഷം പ്രദാനം ചെയ്യും. പക്ഷേ ഈ വാർത്ത ഒരു സന്തോഷവും തന്നില്ലെന്ന്‌ മാത്രമല്ല എവിടെയോ ഒരു വിങ്ങലായി അത്‌ പടരുന്നുണ്ടെന്ന്‌ ഒരു ഞെട്ടലോടെ അറിയുകയും ചെയ്‌തു.

പാഠപുസ്‌തകങ്ങളിൽ നിന്ന്‌ വിയർത്തിറങ്ങി ജീവിത പാഠാവലികളിലൂടെ വെയിൽ കൊറിച്ചു നടന്നപ്പോഴൊക്കെയും അവളുണ്ടായിരുന്നു മനസ്സിൽ. വായിക്കുന്ന കഥകളിലെ നായികമാർക്കൊക്കെ അവളുടെ മുഖമായിരുന്നു. ബാല്യകാല സഖിയിലെ ’സുഹറ‘യ്‌ക്ക്‌ അവളുടെ മനസ്സായിരുന്നു..

ചെന്നിറങ്ങിയതിന്റെ നാലാം ദിവസം അവളുടെ വീട്ടിനു മുമ്പിലൂടെ കാറിൽ പോവുമ്പോൾ ഭാര്യ പറഞ്ഞുഃ നിങ്ങളുടെ ബാല്യകാല സഖീ’ ന്നാളൊരു ദിവസം വന്നിരുന്നു. നമ്മുടെ വീടൊക്കെ അവൾക്ക്‌ വല്ലാതെ ഇഷ്‌ടപ്പെട്ടു. ‘ഒരുപാട്‌ വിഷമിച്ചിട്ടുണ്ട്‌’ ഇപ്പോഴെങ്കിലും രക്ഷപ്പെട്ടല്ലോ..‘? അവൾ പറയുന്നത്‌ കേട്ടു.

’എന്താണ്‌ അവളുടെ കഥ?‘

’കൂടുതലൊന്നും പറഞ്ഞില്ല. പക്ഷേ, വാക്കുകൾക്കിടയിൽ വല്ലാത്തൊരു പ്രയാസമുണ്ടെന്ന്‌ തോന്നി. നാലഞ്ചു മക്കളുണ്ട്‌. പെൺകുട്ടികളാണ്‌. ആരോഗ്യമൊക്കെ ക്ഷയിച്ചു. പ്രസവം നിർത്തണമെന്നൊക്കെ അവൾക്കാഗ്രഹമുണ്ട്‌. അതിന്‌ അയാൾ സമ്മതിക്കില്ലത്രേ. ഗർഭകാലത്ത്‌ കാലിലൊക്കെ വല്ലാതെ നീരു വന്നു നിറയും. ഞരമ്പുകൾ ചുരുണ്ട്‌ മടങ്ങി പൊട്ടും. സഹായത്തിന്‌ ഒരാളെ വെക്കാൻ പോലും സമ്മതിക്കില്ല. മുതൽ കണ്ടമാനം ഉണ്ട്‌. പറഞ്ഞിട്ടെന്താ? ഇനിയെനിക്ക്‌ മക്കളെ തരല്ലേ ന്റെ പടച്ചോനേന്നാണ്‌ അഞ്ചുനേരവും എന്റെ പ്രാർത്ഥന... അത്‌ പറയുമ്പോൾ അവളുടെ കണ്ണ്‌ നിറഞ്ഞിരുന്നു....‘ ഭാര്യയുടെ കൺകോണുകളിൽ നനവ്‌ പൊടിയുന്നത്‌ വല്ലാത്ത ഒരു വിങ്ങലോടെ ഞാൻ കണ്ടു.

’ഇന്നത്തെക്കാലത്തും ഇങ്ങനെത്തെ ആളുകളുണ്ടോ...?‘

’അയാൾക്ക്‌ എന്താണാവോ പണി?

അയാൾ കാര്യമായ പണിക്കൊന്നും പോവില്ല. തന്തയാണ്‌ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്‌.... റബ്ബറും തേങ്ങയും അടയ്‌ക്കയുമൊക്കെയായി നല്ല ദിവസവരുമാനം ഉണ്ട്‌.

പറഞ്ഞിട്ടെന്ത്‌? ഒന്നും വാങ്ങിച്ചു കൊണ്ടു വരില്ല. തൊടിയിലുണ്ടാവുന്ന വല്ല മുരിങ്ങയോ, മത്തന്റെ ഇലയോ, ചേമ്പോ, ചേനയോ ഒക്കെ കൂട്ടാൻ വെക്കും...

‘നമുക്ക്‌ ഇന്നത്തെ യാത്ര അങ്ങോട്ടാക്കിയാലോ? കുട്ടികൾ സ്‌ക്കൂൾ വിട്ട്‌ വരുമ്പോഴേക്കും തിരിച്ചു പോരുകയും ചെയ്യാം...’ ‘അപ്പൊ കൊമ്പം കല്ലിങ്ങലേക്ക്‌ വല്യാത്താന്റോട്‌ക്കോ....’?

‘അത്‌ മറ്റൊരു ദിവസമാക്കാം...’

വഴി ചോദിച്ചും അന്വേഷിച്ചും ഞങ്ങളവിടെയെത്തുമ്പോൾ അകത്ത്‌ നിന്ന്‌ കുട്ടികളുടെ വാശി പിടിച്ച കരച്ചിൽ കേൾക്കുന്നുണ്ട്‌. ഒരു പഴയ വലിയ തറവാട്‌ വീട്‌. ഓടിട്ടതാണ്‌. അങ്ങോട്ടുമിങ്ങോട്ടുമായി കുറേ വരാന്തകൾ. റബ്ബർ ഷീറ്റിന്റെയും അടയ്‌ക്കയുടെയും ഇളുമ്പുമണം. മുറ്റത്ത്‌ വിശാലമായി ഉണക്കാനിട്ട അടയ്‌ക്ക. ചകിരിയും തേങ്ങയും മടലുമൊക്കെയായി മുറ്റം വിഭവ സമൃദ്ധം.

അകത്ത്‌ അവളും കുഞ്ഞുങ്ങളും മാത്രമേയുള്ളൂ എന്ന്‌ മനസ്സിലായി... അത്‌ നന്നായെന്ന്‌ എനിക്കും തോന്നി.

വാതിൽ തുറന്ന്‌ വന്ന അവളെ കണ്ടപ്പോൾ ഞാനാകെ വല്ലാതായി.

അവൾ ആളാകെ മാറിയിരിക്കുന്നു. പ്രസന്നത വറ്റിയ ചടച്ച മുഖം. കണ്ണുകളിൽ അസ്‌തമിക്കാൻ കാത്തു കിടക്കുന്ന ഒരു തിളക്കം മാത്രം ബാക്കിയുണ്ട്‌.

മുഷിഞ്ഞ മാക്‌സിയിൽ കൈ തുടച്ച്‌ ഞങ്ങളെ എങ്ങനെ സ്വീകരിക്കണമെന്നറിയാതെ വിഷമിക്കുകയായിരുന്നു അവൾ... ചെറിയ കുട്ടിക്ക്‌ ചോറ്‌ വാരിക്കൊടുക്കുകയായിരുന്നു അവളെന്ന്‌ ഞാൻ വായിച്ചെടുത്തു. ഒക്കത്ത്‌ കുട്ടിയും കയ്യിൽ ഒരു സ്‌റ്റീൽ പാത്രത്തിൽ കുറച്ച്‌ ചോറും. അതിനു മീതെ എന്തോ ഒരു മഞ്ഞക്കറി ഒഴിച്ചിട്ടുണ്ട്‌. ഒരു മത്തി ചോറിനു മീതെ നീണ്ടു നിവർന്നു കിടക്കുന്നുണ്ട്‌. ഒന്നേ നുള്ളിയിട്ടുള്ളൂ.

പെട്ടെന്ന്‌ ഒക്കത്തിരിക്കുന്ന കുട്ടിയുടെ നേരെ മൂത്ത കുട്ടിയാണെന്ന്‌ തോന്നുന്നു.... ഒരു കാക്കവന്ന്‌ കൊത്തിപ്പറിക്കുന്ന പോലെ, ഓടി വന്ന്‌ ചോറിൽ കിടന്ന മീൻ റാഞ്ചിക്കൊണ്ടു പോവുന്നത്‌ കണ്ടു.... ഒക്കത്തിരിക്കുന്ന കുട്ടി വാവിട്ട്‌ കരയാൻ തുടങ്ങി.

ഒന്നും വേണ്ടെന്നും ഇപ്പോൾ അങ്ങാടിയിൽ നിന്ന്‌ വെള്ളം കുടിച്ചതേയുള്ളൂവെന്നും കളവ്‌ പറഞ്ഞ്‌ പെട്ടെന്നവിടുന്നിറങ്ങുമ്പോൾ മനസ്സ്‌ വല്ലാതെ നോവുന്നുണ്ടായിരുന്നു.....

ഉസ്‌മാൻ ഇരിങ്ങാട്ടിരി

ജിദ്ദ, സൗദി അറേബ്യ.


Phone: 00966559928984




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.