പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ചില നീക്കുപോക്കുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ.ജെ.കെ. വിജയകുമാർ

കഥ

ഇന്ന്‌ തന്റെ രക്തസാക്ഷിദിനമാണ്‌. മണ്ഡപത്തിനുളളിലുറങ്ങുന്ന രക്തസാക്ഷി കോൾമയിർ കൊണ്ടു. തന്റെ സഖാക്കൾ തന്റെ പേര്‌ ഉച്ചത്തിൽ വിളിച്ച്‌ “നീ മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ” എന്ന്‌ അലറിയാർക്കുന്നത്‌ കേൾക്കാൻ അവന്റെ ഹൃദയം കൊതിച്ചു. ഇപ്പോളവരെത്തും. ഇന്നലെ രാത്രി മുഴുവൻ അവരിവിടെയുണ്ടായിരുന്നു. ഞാനുറങ്ങുന്ന മണ്ഡപത്തിനുചുറ്റും നിയോൺ വിളക്കുകൾ കത്തിച്ചുവച്ച്‌, കാക്കകൾ കാഷ്‌ഠിച്ച്‌ വൃത്തികേടാക്കിയ ഈ മണ്ഡപം മുഴുവൻ അവർ തുടച്ച്‌ വൃത്തിയാക്കി. എന്റെ പേര്‌ ഒന്നുകൂടി വലുതായി എഴുതി. ജനന-മരണ വർഷങ്ങൾ കൃത്യമാണെന്ന്‌ ഉറപ്പ്‌ വരുത്തി. മരണവർഷത്തെ ഈ വർഷത്തിൽ നിന്ന്‌ കിഴിച്ച്‌, ഇതെന്റെ മുപ്പതാമത്‌ വാർഷികമാണെന്ന്‌ പ്രഖ്യാപിക്കുന്ന വലിയ ബാനർ വലിച്ചുകെട്ടി. ഞാൻ ശ്രദ്ധിച്ചു, ബാനറിന്റെ നിറം ചുവപ്പായിരുന്നില്ല. മൾട്ടിക്കളറിലുളള എന്റെ ചിത്രം അതിൽ തിളങ്ങുന്നുണ്ട്‌. എന്റെ ആ പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ ചിത്രം ഇത്ര മനോഹരമായി നിറം പകർത്തിയ സാങ്കേതികവിദ്യയുടെ വളർച്ചയിൽ ഞാനത്ഭുതം കൂറി. ഇലക്‌ട്രോണിക്‌ യന്ത്രങ്ങൾ ആയതിനാൽ വോട്ടെണ്ണലും ഫലപ്രഖ്യാപനവുമെല്ലാം വളരെ പെട്ടെന്നായിരുന്നത്രേ.

തന്റെ പക്ഷത്തിന്‌ നല്ല ഭൂരിപക്ഷം കിട്ടിയതായി അവരുടെ സംഭാഷണങ്ങളിൽ നിന്ന്‌ മനസ്സിലായി. എന്നാൽ ഇത്ര നല്ല ഭൂരിപക്ഷം മറ്റേതോ പാർട്ടിയുടെ കൂടി സഹായം കൊണ്ടാണെന്നും അല്ലെന്നും അവർ പരസ്പരം വാദിക്കുന്നുണ്ടായിരുന്നു. നേതാക്കന്മാരെല്ലാം വിജയലഹരിയിലാണെങ്കിലും നാളെ രാവിലെ കൃത്യമായി എത്തുമെന്ന്‌ മൊബൈൽ ഫോൺ വഴി അവിടെയുളളവർ ഉറപ്പ്‌ വരുത്തുന്നുണ്ടായിരുന്നു. ചാനലുകാരേയും പത്രക്കാരേയുമൊക്കെ സമയം ഒന്നുകൂടി അവർ ഓർമ്മിപ്പിച്ചശേഷം രാത്രിയോടെ എല്ലാവരും പിരിഞ്ഞുപോയി.

രാവിലെ എത്തിയത്‌ മൈക്ക്‌ സെറ്റുകാരനാണ്‌. “രക്തസാക്ഷികൾ സിന്ദാബാദ്‌” എന്ന ഗാനത്തോടെ അയാൾ അന്നത്തെ ദിനത്തിന്‌ തുടക്കമിട്ടു. മുപ്പത്‌ വർഷങ്ങൾക്കുമുന്നേ താൻ വെടിയേറ്റു മരിച്ച രംഗങ്ങൾ ഓർത്തുകൊണ്ട്‌, രക്തസാക്ഷി തന്റെ സഖാക്കളെയും സഹപ്രവർത്തകരെയും കാണാൻ അക്ഷമനായി കാത്തിരിക്കാൻ തുടങ്ങി. അതേ അങ്ങകലെ നിന്നും ഇടിവെട്ട്‌ മുഴങ്ങുമാറുച്ചത്തിൽ മുദ്രാവാക്യങ്ങൾ കേൾക്കുകയായി. കൊടി തോരണങ്ങളാൽ അലങ്കരിച്ച വീഥിയിലൂടെ, ഒരു വലിയ ജനപ്രവാഹം തന്നെ ഇരമ്പിയടുക്കുന്നു. ഇപ്പോഴും ഇവരെല്ലാം എന്നെ ഇത്രമാത്രം സ്‌നേഹിക്കുന്നല്ലോ എന്നോർത്ത്‌ താൻ ആഹ്ലാദിക്കുകയാണ്‌.

ജനപ്രവാഹം തന്റെ അടുത്തെത്തി, എന്റെ ചുറ്റിനും നിന്നു. നേതാക്കൾ ഏറ്റവും അടുത്തേക്ക്‌ വന്നു. എല്ലാം പരിചിത മുഖങ്ങൾ. പെട്ടെന്നാണ്‌ താൻ ശ്രദ്ധിച്ചത്‌, അവരോടൊപ്പം പുതിയ ചില നേതാക്കൾ കൂടി. വെളുക്കെ ചിരിക്കുന്ന അവരുടെ നേതാവിനെ നല്ല പരിചയം. അതേ അതയാൾ തന്നെ. ഇയാൾക്കെതിരെയല്ലേ, ഞാനുൾപ്പെടെ അന്ന്‌ പാടിയത്‌. ഇയാൾക്കെതിരെയല്ലേ ഞങ്ങൾ തെരുവ്‌ നാടകം നടത്തിയത്‌. ഇയാളെ തടഞ്ഞതിനല്ലേ പോലീസ്‌ എന്നെ വെടി വെച്ചത്‌. അയാളും എന്റെ നേതാക്കൾക്കൊപ്പം മുഷ്‌ടി ചുരുട്ടി ആകാശത്തിലേക്കെറിഞ്ഞ്‌ വിളിക്കുന്നു. “ഇല്ലാ, നീ മരിച്ചിട്ടില്ല.” പുറത്തേക്ക്‌ തികട്ടി വന്ന വാക്കുകൾ തന്റെ തൊണ്ടയിൽ കുടുങ്ങിനിന്നു. ശരിയാണ്‌, രക്തസാക്ഷികൾ സംസാരിക്കാൻ പാടില്ലല്ലോ. അയാളുൾപ്പെടെ എല്ലാവരും ചുവന്ന പുഷ്‌പങ്ങൾ വാരിയെടുക്കുന്നതും, തന്റെ മുകളിലേക്ക്‌ വർഷിക്കുന്നതും വേദനയോടെ ഞാൻ കണ്ടു. തന്റെ മുകളിൽ പതിക്കും മുന്നേ അവയുടെ നിറം കറുത്തു പോയിരുന്നു. “അതേ ഇനി എനിക്കു മരിക്കാം.‘ രക്തസാക്ഷി ആശ്വസിച്ചു.

ഡോ.ജെ.കെ. വിജയകുമാർ
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.