പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

പെണ്ണിര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബൈജു വർഗീസ്‌

നാലുപാടും ചിതറി പടരുന്ന ഒരു മഹാനഗരത്തിന്റെ ആത്മകഥയിലെ കുത്തഴിഞ്ഞ ഒരദ്ധ്യായമായി എറണാകുളം റെയിൽവേസ്‌റ്റേഷൻ നിന്നു. ഈ വർഷത്തിന്റെ അവസാനത്തിനായി ഒരു ദിവസം ബാക്കി നിൽക്കെ സ്‌റ്റേഷനിൽ വടക്കോട്ടുള്ള ഒരു തീവണ്ടിയും കാത്തുനിൽക്കുകയായിരുന്നു സുബൈദ ഹസ്സൻ എന്ന സർക്കാരാഫീസിലെ എൽ.ഡി.ക്ലാർക്ക്‌.

രാവിലെ വീട്ടിൽ നിന്നും പോരുമ്പോൾ സമയം വൈകിയിരുന്നു. എങ്ങനെയായാലും ഓഫീസിൽ ചെല്ലുമ്പോൾ പത്തര കഴിയും. ഓഫീസറുടെ ദേഷ്യമുള്ള ചുവന്നു തുടുത്ത മുഖം കാണുന്ന കാര്യമോർത്തപ്പോൾ തന്നെ അവൾക്ക്‌ വല്ലാത്ത പേടി തോന്നി. ചോറും കറിയും ശരിയാക്കി കുട്ടികളെയും ഒരുക്കി കഴിഞ്ഞപ്പോൾ സമയം പോയതറിഞ്ഞില്ല. റെയിൽവേ സ്‌റ്റേഷൻ വരെയുള്ള പ്രൈവറ്റ്‌ ബസ്സും ലേറ്റായി. ഇതെല്ലാം പറഞ്ഞാൽ ഓഫീസർക്ക്‌ മനസ്സിലാകുമോ... കൊമ്പൻ മീശയുടെ തുമ്പുകൾ വിറയ്‌ക്കും കണ്ണുകൾ ചുവന്നു തുടുക്കും....

അവൾ വാച്ചിലേയ്‌ക്ക്‌ നോക്കി. അസ്വസ്‌ഥതയോടെ റെയിൽവേ പാളത്തിന്റെ വിദൂരതയിലേയ്‌ക്ക്‌ നോക്കി. അങ്ങ്‌; ദൂരെ തീവണ്ടി തലയുയർത്തി ചിന്നം വിളിച്ചുകൊണ്ട്‌ വരുന്നത്‌ അവൾ കണ്ടു. ആ കാഴ്‌ച അവളിൽ പേടി കലർന്ന സന്തോഷം ഉണ്ടാക്കി. സുബൈദ സംശയത്തോടെ ബാഗിൽ സീസൺ ടിക്കറ്റ്‌ പരതി. ഭാഗ്യത്തിന്‌ മറന്നിട്ടില്ല. ആൾക്കൂട്ടം ഇളകിത്തുടങ്ങി. സുബൈദ സീറ്റിൽ നിന്നെഴുന്നേറ്റ്‌ ട്രെയിനിൽ കയറാൻ തയ്യാറായി നിന്നു.

അന്നേരം പാർക്കിംഗ്‌ ഏരിയായിൽ ഒരു ജീപ്പ്‌ സഡൻ ബ്രേക്കിട്ടു നിന്നു. അതിൽ നിന്നും ചാടിയിറങ്ങിയവർ പ്ലാറ്റ്‌ഫോമിലൂടെ ആരെയോ തിരഞ്ഞുകൊണ്ട്‌ ധൃതിയിൽ നടന്നു. എല്ലാവരേയും സംശയത്തോടെ നോക്കി. അവരിൽ ഒരാൾ സുബൈദയെ തിരിച്ചറിഞ്ഞു. മറ്റൊരാൾ പോക്കറ്റിൽ നിന്ന്‌ ഫോട്ടോയെടുത്ത്‌ ഒത്തുനോക്കി സംശയം തീർത്തു.

സുബൈദ സ്‌തംഭിച്ചു നിന്നു!

അവളുടെ രക്തത്തിൽ ഭയത്തിന്റെ രസം കലർന്നു. രക്തസംക്രമണം ഉയർന്നു. അവൾ ഫോട്ടോയിലേയ്‌ക്ക്‌ കണ്ണ്‌ പായിച്ചു.

തന്റെ ഫോട്ടോ എങ്ങനെ ഇവരുടെ കയ്യിൽ വന്നു.

ആൾക്കാർ തീവണ്ടിമുറികളിൽ തിക്കി കയറി....

വിസിൽ മുഴങ്ങി. പച്ചക്കൊടി ഉയർന്നു പൊന്തി. തീവണ്ടി തീവ്രദുഃഖത്തോടെ അലറി വിളിച്ചുകൊണ്ട്‌ സ്‌റ്റേഷൻ വിട്ടുപോയി. അകലെ വളവ്‌ തിരിഞ്ഞ്‌ തീവണ്ടി അപ്രത്യക്ഷമായി. “എന്നെ വിടൂ.... എനിക്ക്‌ ആ വണ്ടിക്ക്‌ പോകേണ്ടതായിരുന്നു. ഇപ്പോൾ തന്നെ സമയം ഒരുപാട്‌ വൈകി.”

സുബൈദ ദയനീയമായി പറഞ്ഞു.

അന്നേരം അവർ ഒന്നുകൂടി പിടിമുറുക്കി.

അവൾ വീണ്ടും പുലമ്പി.

“എനിക്ക്‌ പോകണം എന്നെ വിടൂ...”

അടുത്ത നിമിഷത്തിൽ സുബൈദ അവരിൽ നിന്നും കുതറിയോടുവാൻ ശ്രമിച്ചു. അതൊരു പാഴ്‌വേലയായി മാറി. അവർ സുബൈദയെ വരിഞ്ഞുമുറുക്കി. പ്ലാറ്റ്‌ഫോമിൽ ക്രിക്കറ്റ്‌ കളിക്കാരെപ്പോലെ വസ്‌ത്രം ധരിച്ച റെയിൽവേ ജീവനക്കാരും പോർട്ടർമാരും തെണ്ടികളും നഗരവേശ്യകളും അവശേഷിച്ചു.

സുബൈദയുടെ കണ്ണുകൾ നിറഞ്ഞു.

ഇവരെന്തിനാണ്‌ ഇങ്ങനെ പീഢിപ്പിക്കുന്നത്‌. താനൊരു കുറ്റവും ചെയ്‌തിട്ടില്ല. പിന്നെ..... എന്താണ്‌ ഈ നാടകത്തിന്‌ പിന്നിൽ ഒന്നും മനസ്സിലാകുന്നില്ല.

“നടക്കാൻ....... വേഗന്ന്‌....”

അവർ കല്‌പിച്ചു.

“നിന്നെ അറസ്‌റ്റ്‌ ചെയ്‌ത്‌ ചീഫിന്റെ മുന്നിൽ ഹാജരാക്കാൻ മുകളിൽ നിന്നും ഉത്തരവുണ്ട്‌.”

“ഉത്തരവോ..... ആരുടെ.....?”

“ചീഫിന്റെ.........?

ഏതു ചീഫിന്റെ.........?

”നിനക്കറിയില്ല.... അല്ലേ....?“

അവർ കാട്ടുജന്തുക്കളെപ്പോലെ മുരണ്ടു.

‘എന്നെ അറസ്‌റ്റ്‌ ചെയ്യാൻ നിങ്ങളാരാണ്‌....?

”അതൊന്നും ഇപ്പോൾ നീയറിയേണ്ട.... അനുസരിച്ചാൽ നിനക്ക്‌ നല്ലത്‌...“ അവർ താക്കീതിന്റെ സ്വരത്തിൽ പറഞ്ഞു.

”അറസ്‌റ്റ്‌ ചെയ്യുമ്പോൾ അത്‌ ആരാണെന്ന്‌ വ്യക്തമാക്കണം. അതുപോലെ ഏതു കുറ്റത്തിനാണെന്നും അറിയിക്കണം. അതാണ്‌ ഇവിടത്തെ കോടതി നിയമം.“

”നീയെന്താ ഞങ്ങളെ നിയമം പഠിപ്പിക്കുകയാണോ....?“

അവർ ക്രൂരമായി അവളെ നോക്കി.

നോട്ടത്തിൽ തന്നെ സുബൈദ പേടിച്ച്‌ മൂത്രമൊലിപ്പിച്ചുപോയി.

പ്രവേശന കവാടത്തിനുമുന്നിൽ ജീപ്പ്‌ സ്‌റ്റാർട്ടാക്കി നിർത്തിയിരുന്നു. അവർ സുബൈദയെ അതിലേക്ക്‌ പൊക്കിയെടുത്തുവച്ചു. ഹോൺ മുഴക്കി ചുവന്ന ലൈറ്റ്‌ മിന്നിച്ച്‌ ജീപ്പ്‌ പാഞ്ഞുപോയി. അവളുടെ തല ശക്തിയായി കമ്പിയിൽ ഇടിച്ചു. ചോരപടർന്നു. വേദന പടർന്നു. കണ്ണീർ പടർന്നു. അപമാനിതയായി, ഒരു കുറ്റവാളിയെപ്പോലെ ഏതോ തടങ്കൽ പാളയത്തിലേയ്‌ക്കുള്ള യാത്ര...

നിന്ദിതയും പിഢിതയുമായ വിധവ. വിധവയുടെ ജീവിതം ദൈവം ഇറങ്ങിപ്പോയ ആരാധനാലയം പോലെയാണ്‌. പ്രവേശന കവാടം തുറക്കുകയോ മണികൾ മുഴങ്ങുകയോ ചെയ്യുന്നില്ല.

മണൽ ഭൂമിയെ പകുത്തുകൊണ്ടുപോകുന്ന റോഡിലൂടെ പോകവേ അപ്രതീക്ഷിതമായി മണൽക്കാറ്റ്‌ വീശി. ജീപ്പിന്റെ ഷട്ടറിട്ടു. അല്‌പം മയങ്ങി ഉണരവേ ജീപ്പ്‌ കടൽക്കരയിലൂടെ പോകുകയാണ്‌. കടലിൽ നിന്നും തണുത്ത കാറ്റ്‌ വീശി. ദൂരെ, രാജഭരണത്തിന്റെ അവശിഷ്‌ടം പോലെയുള്ള അനവധി കെട്ടിടങ്ങൾ.... ജീപ്പ്‌ പഴയ ഒരു രാജകൊട്ടാരത്തിന്റെ മുന്നിൽ നിന്നു. അവർ സുബൈദയെ ജീപ്പിൽ നിന്നും പുറത്തിറക്കി. കുറച്ചുദൂരം നടത്തിച്ചു. അകം മുഴുവൻ ചിലന്തി വലകൾ കെട്ടിയ, വൃത്തികെട്ട മണമുള്ള, കടവാവലുകൾ പറക്കുന്ന, പഴയകാലകോട്ടയിലേയ്‌ക്ക്‌ കൊണ്ടുപോയി.

ഏണിപ്പടികൾ ചവിട്ടി മുകളിലെത്തി.

ശബ്‌ദത്തിന്റെ മുഴക്കങ്ങൾ....

വാവലുകൾ പറന്നു.....

എന്തോ തിരക്കിട്ട ഫയലുകൾ നോക്കുകയായിരുന്നു ചീഫ്‌.

അവർ ഹാഫ്‌ ഡോറിൽ മുട്ടി.

’യെസ്‌ കമീൻ...‘

അവർ അറ്റൻഷനായി നിന്നുകൊണ്ട്‌ സലൂട്ട്‌ ചെയ്‌തു.

അവർ ബോധിപ്പിച്ചു.... ഇവൾ തീവണ്ടി കയറി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. തക്കസമയത്ത്‌ ഞങ്ങൾ അവിടെയെത്തി.

”വെരി ഗുഡ്‌“.

സുബൈദ ഇപ്പോൾ ചീഫിന്റെ മുഖം വ്യക്തമായിക്കണ്ടു.

അവൾ ഓർമ്മയിൽ തിരഞ്ഞു. എവിടെയോ കണ്ടുമറന്നതുപോലെ ഓർമ്മിക്കുന്നു. വനിതാ വാരികകൾ സംഘടിപ്പിച്ച ’ഫെമിനിസ‘ ചർച്ചകളിൽ, പത്രത്തിൽ, ചാനലുകളിൽ.... സ്‌ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിച്ച സ്‌ത്രീ. കറകളഞ്ഞ ദേശസ്‌നേഹി. പുരുഷവിരോധി, സാമൂഹ്യപ്രവർത്തക, പെണ്ണെഴുത്തുകാരി ചീഫ്‌ സുബൈദയെ നോക്കി ചിരിച്ചു.

”ആർക്കും ഞങ്ങളുടെ സൂക്ഷ്‌മദൃഷ്‌ടിയിൽ നിന്നും രക്ഷപ്പെടാനാവില്ല. എവിടെയും ഞങ്ങളുടെ ഇന്റലിജൻസ്‌ ബ്യൂറോയുടെ കണ്ണും കാതും ഉറങ്ങാതെ കാത്തിരിക്കുന്നു.“

സുബൈദ ഒച്ചയനക്കി.

”മാഡം, ഞാൻ ഓഫീസിൽ പോകുന്നതിനായി ട്രെയിൻ കാത്ത്‌ നിൽക്കുകയായിരുന്നു. അന്നേരമാണ്‌ ഇവർ വന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ ഇങ്ങോട്ട്‌ കൊണ്ടുവന്നത്‌. ഞാൻ സർക്കാരാഫീസിലെ എൽ.ഡി ക്ലാർക്കാണ്‌. ഇതാണ്‌ എന്റെ ഓഫീസിന്റെ വിലാസവും ഫോൺനമ്പരും.“

അവൾ ആകാംക്ഷയോടെ ചീഫിന്റെ മുഖത്തേയ്‌ക്ക്‌ നോക്കി.

ഓഫീസിലെ വിലാസവും ഫോൺ നമ്പരും കൊടുത്തു. ചീഫ്‌ അത്‌ വാങ്ങിയില്ല. അപ്പോൾ ”92“ മുതൽ നീ സർക്കാർ ജീവനക്കാരിയാണല്ലേ?

”അതെ“.

അപ്പോൾ ”92“ ന്റെ പ്രത്യേകത....?

സുബൈദ ഒരു നിമിഷം പകച്ചു.

ചീഫിന്റെ മുഖത്ത്‌ കൗശലകരമായ ഒരുതരം ചിരി വിടർന്നു. നുണക്കുഴികൾ വിരിഞ്ഞു.

ചുണ്ടുകൾ തിളങ്ങി.

”ബാബറി മസ്‌ജിദ്‌ തകർക്കപ്പെട്ട വർഷം.“

അപ്പോൾ നിനക്ക്‌ ചരിത്രം അറിയാമല്ലോ....?

ചീഫ്‌ സുബൈദയെക്കുറിച്ചുള്ള രഹസ്യഫയൽ പുറത്തെടുത്തു. അതിലെ കാര്യങ്ങൾ വായിച്ചു. അവൾ ചെവി പൊത്തി നിന്നു. തന്നെ ഇവർ കരുതിക്കൂട്ടി ചതിക്കുകയാണ്‌. രാജ്യദ്രോഹിയാക്കുകയാണ്‌. തനിക്ക്‌ ഈ നാട്ടിലെ മതതീവ്രവാദി സംഘടനകളുമായി യാതൊരു ബന്ധവുമില്ല. ബാപ്പ ഹസ്സൻകോയ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത്‌ ജയിൽ ശിക്ഷ അനുഭവിച്ച ആളാണ്‌. ഭർത്താവ്‌ മാധവൻ ഹിന്ദുവായിരുന്നു. ഡിസംബർ 6-ന്‌ തന്റെ മതക്കാർ തന്റെയും മക്കളുടെയും മുന്നിലിട്ട്‌ അദ്ദേഹത്തെ വെട്ടിക്കൊന്നു. അങ്ങനെയുള്ള താനെങ്ങനെ തീവ്രവാദിയാകും.....?

”മാഡത്തിന്‌ ആള്‌ തെറ്റിയതാണ്‌. എന്റെ മുഖഛായയുള്ള മറ്റാരോ ആണ്‌ ഇതിന്റെ പിന്നിൽ. ഞാൻ നിരപരാധിയാണ്‌ എന്നെ വെറുതെ വിടണം. എന്റെ രണ്ടു കുഞ്ഞുങ്ങൾക്ക്‌ ഇനി ഞാൻ മാത്രമേയുള്ളു.“

സുബൈദ കണ്ണീരോടെ കൈകൂപ്പി തൊഴുതു.

ചീഫ്‌ അവളെ രൂക്ഷമായി നോക്കി.

”ഞാൻ കാക്കനാട്‌ ഗാന്ധി നഗറിലെ എൻ.ജി.ഒ ക്വാർട്ടേഴ്‌സിലെ 29-​‍ാം നമ്പറിലെ താമസക്കാരിയാണ്‌. എന്റെ പേര്‌ സുബൈദ ഹസ്സൻ. എന്റെ പേരിൽ റേഷൻ കാർഡും തിരിച്ചറിയൽകാർഡും നിലവിലുണ്ട്‌.“

ചീഫ്‌ ക്രൂരമായി പൊട്ടിച്ചിരിച്ചു.

സുബൈദയുടെ അരികിലേയ്‌ക്ക്‌ നടന്നുവന്നു. കൈവീശി കരണത്ത്‌ പുകച്ചു. കണ്ണിൽ പൊന്നീച്ചകൾ പാറി. ചെവിയിൽ കരിവണ്ടുകൾ മൂളി. ”കള്ളക്കഴുവേറിമോളെ, എനിക്ക്‌ ആള്‌ തെറ്റിയെന്നോ. കുറച്ചു നാളായി ഈ പണി തുടങ്ങിയിട്ട്‌. നീയെല്ലാംകൂടി ഈ രാജ്യം തകർക്കും അല്ലേ? നീയും നിന്റെ മതഭീകര സംഘടനയും എല്ലാറ്റിനേയും ഞാൻ ശരിയാക്കും.... കള്ളപ്പന്നികൾ“.

ചീഫിന്റെ വലതുകാൽ ഉയർന്നുപൊന്തി.

സുബൈദ നിലവിളിച്ചു.

”.......ഉമ്മാ.......“

അല്ലെടി........ ’അമ്മ‘ എന്നു പറ - ..........മോളെ.

സുബൈദ പതുക്കെ പറഞ്ഞു.

”മൂത്രമൊഴിക്കണം.....“

ചീഫ്‌ കളിയാക്കി ചിരിച്ചു. പിന്നെ അവളെ ബാത്ത്‌ റൂമിലേയ്‌ക്ക്‌ കൊണ്ടുപോയി.

മൂത്രമൊഴിച്ചുകഴിഞ്ഞപ്പോൾ പേടി കുറഞ്ഞതുപോലെ തോന്നി.

വീണ്ടും ചീഫിന്റെ മുന്നിലേയ്‌ക്ക്‌.

സുബൈദ ചുറ്റും ഐസ്‌കട്ടകൾ നിരത്തി വച്ചിരുന്നു. ചീഫ്‌ അവളുടെ വസ്‌ത്രങ്ങൾ ഓരോന്നായി അഴിച്ചുകളഞ്ഞു.

ഏറ്റവും അപമാനിതയായ സ്‌ത്രീയായി അവൾ നിന്നു. ചീഫ്‌ അതും ഒരു സ്‌ത്രീയാൽ തന്നെ.

അവൾ ഒരു ശില പോലെ നിന്നു.

അവളെ ഐസ്‌കട്ടയുടെ മുകളിലിരുത്തി. ക്രൂരമായ ചോദ്യം ചെയ്യൽ തുടർന്നു. ഒടുവിൽ അവൾ സമ്മതിച്ചു. അല്ല സമ്മതിപ്പിച്ചു. ചിഫ്‌ പൊട്ടിപ്പൊട്ടി ചിരിച്ചു. പിന്നെ ചുണ്ടിൽ സിഗരറ്റ്‌ തിരുകി..

സുബൈദ ഓർക്കുകയായിരുന്നു.

നഗരത്തിലെ സ്‌കൂളിൽ നിന്നും വൈകുന്നേരം ഓടിക്കിതച്ചെത്തുന്ന കുട്ടികൾ ഉമ്മയെകാണാതെ കരയുന്നുണ്ടാവാം.

ഇനി അവർക്ക്‌ ആരുണ്ട്‌......?

’92‘ ലെ കലാപത്തിൽ അവർക്ക്‌ അച്ഛനെ നഷ്‌ടപ്പെട്ടു.

”എന്റെ ദൈവമേ നീയെന്തേ ഇത്രയും ക്രൂരനാകുന്നു.....?“

ഇനി എന്റെ കുട്ടികൾ.

അവരുടെ ജീവിതം.

അവൾ നിലവിളിച്ചു.

നിലവിളികൾ കോട്ടയുടെ ചുമരുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

സമയം ഇഴഞ്ഞുനീങ്ങി. വസ്‌ത്രങ്ങൾ ധരിപ്പിച്ചു. പേപ്പറുകളിൽ കൈയ്യൊപ്പ്‌ വെപ്പിച്ചു. കുറ്റമെഴുതിവാങ്ങി ഒപ്പിടീപ്പിച്ചു. വിവിധ തരത്തിലുള്ള ഫോട്ടോകൾ എടുത്തു. പിന്നെ കോട്ടയുടെ ഉള്ളിലെ നീണ്ട ഇടനാഴിയിലൂടെ ബലിമൃഗത്തെപ്പോലെ നടത്തിച്ചു.

അനേകം കൊല്ലമായി നിരപരാധികളുടെ വിയർപ്പും കണ്ണീരും രക്തവും വീണു കുതിർന്ന പഴകിയ ഒരു മുറിയിലേയ്‌ക്ക്‌ അവളെ അവർ കൂട്ടിക്കൊണ്ടുപോയി. ഉൾഭയത്തിന്റെ നാവുകൾ ചിലജീവിതങ്ങളെ നക്കിയെടുക്കുന്ന ദുരന്തപീഢനകാലത്തേക്ക്‌ ചരിത്രം വലിച്ചെറിയപ്പെടുകയായിരുന്നു.........

ബൈജു വർഗീസ്‌

ആലിയംകളം,

കഞ്ഞിപ്പാടം. പി.ഒ,

ആലപ്പുഴ-688005.


Phone: 9447467336




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.