പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കാലാന്തരങ്ങള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സോണിയ റഫീക്ക്‌

തീവണ്ടിയുടെ അലോസരപ്പെടുത്തുന്ന വിതുമ്പലുകളും കുസൃതിയാര്‍ന്ന കൂകി വിളിയിലും പിന്നിട്ട രാത്രികളുടെ ആലസ്യത്തില്‍ അവള്‍ നിന്നു. എന്തിനോ വേണ്ടിയുള്ള പേ പാച്ചിലില്‍ ആണ് മനുഷ്യന്‍. ഇത്രമേല്‍ സുന്ദരിയായിരിക്കേ തന്നെ ആരും ഒരു നോക്ക് നോക്കാത്തതെന്തേ?

തുടുത്ത തക്കാളിക്കവിളുകളും പനിനീര്‍ച്ചുണ്ടുകളും ആരും കണ്ടില്ലെന്നുണ്ടോ? കൂനന്‍ ഉറുമ്പുകളേപോല്‍ കൂനി കൂനി പോകുന്നവര്‍, കറുത്ത് തടിച്ച കട്ടുറുമ്പുകളേപ്പോല്‍ തെല്ലഹങ്കാരത്തോടെ ഞെളിഞ്ഞു പോകുന്നവര്‍, അതിവേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ തിക്കിത്തിരക്കി പായുന്ന കുഞ്ഞന്‍‍ ഉറുമ്പുകളും ഉണ്ട് കൂട്ടത്തില്‍.

ഈ സാഗരത്തിനു നടുവിലൂടെ ആശ്രയമില്ലാതെ പൊങ്ങു തടി കണക്കെ പദ്മ ഒഴുകിത്തുടങ്ങി. പ്ലാറ്റ്ഫോമിലെ വൃത്തികേടുകള്‍ക്കു നടുവിലിരുന്ന് നാണയങ്ങള്‍ക്കു വേണ്ടി കേഴുന്ന ഒരു തെണ്ടി ചെറുക്കന്‍ അവന്റെ കൈകാലുകളില്‍ പൊട്ടിയൊലിക്കുന്ന വൃണങ്ങള്‍ അവശേഷിപ്പിച്ച ചോരപ്പാടുകള്‍, പീള നിറഞ്ഞ കണ്ണുകളിലൂടെ ഒരു ദയനീയ ഭാവം തന്റെ നേര്‍ക്ക് ചൂണ്ടി.

മറുപടിയായി അനുകമ്പ നിറഞ്ഞ ഒരു നോട്ടം സമ്മാനിച്ച് പദ്മ തിങ്ങി അലറിപ്പായുന്ന നദി ഗുഹാമുഖത്തേക്കെന്ന പോല്‍ ഒഴുകിയിറങ്ങി. പിന്നെ ചിന്നഭിന്നമായി ചിതറി. കയ്യിലെ ബാഗ് നിലത്തു വച്ചു ഒരു നിമിഷം അവള്‍ അങ്ങ് പടിഞ്ഞാറു ചുവപ്പു വിതറി നില്‍ക്കുന്ന സൂര്യനെ നോക്കി നിന്നു. ആദ്യം ചുവക്കും പിന്നെ കറുക്കും പിന്നെ വെളുക്കും വര്‍ഷങ്ങളും ആണ്ടൂകളും പിന്നിട്ട തന്റെ ദിനചര്യ തന്റെ യാത്ര എത്ര ദിനങ്ങള്‍ക്കോ എത്ര മണിക്കൂറുകള്‍ക്കോ എന്ന് ചിന്തിച്ചുകൊണ്ട് അവള്‍ കയ്യില്‍ സൂക്ഷിച്ച മേല്‍വിലാസത്തില്‍ കണ്ണോടിച്ചു ‘ പദ്മനാഭന്‍ സി. കെ ഹൗസ് നമ്പര്‍ 140, ഗാന്ധി നഗര്‍ സ്ട്രീറ്റ് അന്ധേരി വെസ്റ്റ് ബോംബെ -14 മുന്നോട്ടു നീങ്ങി ഒരു ടാക്സിക്കു കൈകാണിച്ചു. മഞ്ഞയും കറുപ്പുമുള്ള ആ ജന്തുവും അതിനെ തെളിയിക്കുന്ന കാക്കിക്കാരനും അവളോടടുത്തു

നിസ്സന്ദേഹം ഡോര്‍ തുറന്നു ഉള്ളിലെ സീറ്റിലേക്കു അമര്‍ന്നു. ചളിയും വിയര്‍പ്പും നിറഞ്ഞ സീറ്റുകള്‍ അഗ്രഭാഗത്തായി ആരുടേയെല്ലാമോ മൂര്‍ദ്ധാവ് ഉരസിപ്പിരിഞ്ഞ പാടുകള്‍.

‘’ കിതര്‍ മാഡം?’‘

മറുപടിയായി കയ്യിലെ മേല്‍വിലാസം വായിച്ചു കേള്‍പ്പിച്ചു. പരിചയമില്ലാത്ത നഗരത്തിലൂടെ തികച്ചും അപരിചിതനായ വ്യക്തിയോടൊപ്പമുള്ള യാത്ര.

പക്ഷെ എന്തെന്നില്ലാത്ത ഗൃഹാഹുരത്വമാണ് അവള്‍ക്കു അനുഭവപ്പെട്ടത് എന്നഗ് അതിശയോക്തി മാത്രം. യാത്രയുടെ ക്ഷീണവും പുറത്തു നിന്നു വീശുന്ന കാറ്റും അവളെ ഒരു മയക്കത്തിലേക്കു ആനയിച്ചു.

അല്‍പ്പം ഈര്‍ഷ്യയോടെ ആണെങ്കിലും ചളി പിടിച്ച സീറ്റിലേക്കു തല ചായ്ക്കാതെ നിവര്‍ത്തിയില്ലായിരുന്നു. കാച്ചിയെണ്ണയുടെ മണമുള്ള ഈറന്‍ മുടിയില്‍ തിരുകിയ തുളസിക്കതിരും വാത്സല്യം ഇറ്റു വീഴുന്ന ചിരിയും മുന്നില്‍ തെളിഞ്ഞു. അമ്മ ഇനി ഓര്‍മ്മകളില്‍ മാത്രം. വീട്ടിലെ വിള്ളല്‍ വീണ ചുമരിന്‍ മേല്‍ തൂങ്ങിയ മാലയിട്ട തേജസുറ്റ ആ മുഖം കണ്ണടച്ചാലും വാതില്‍ കോട്ടകള്‍ തള്ളിത്തുറന്നു കടക്കും. തുളസിക്കതിരിന്റെ മണമുള്ള സ്നേഹം ഇനി ക്ഷേത്രങ്ങള്‍ക്കു സ്വന്തം.

രാത്രിയേറെ വൈകിയെത്തുന്ന അച്ഛനെയും കാത്തു ചെറുതിണ്ണയില്‍ ഉറക്കമൊഴിച്ച് കാത്തിരുന്ന അമ്മയും മടിയില്‍ തളര്‍ന്നുറങ്ങുന്ന അഞ്ചുവയസുകാരിയും ദൂരെ കാല്‍പ്പെരുമാറ്റം കേള്‍ക്കുമ്പോള്‍ തന്നെവ് ആ ടോര്‍ച്ചുവെട്ടം‍ അമ്മ തിരിച്ചറിഞ്ഞിട്ടുണ്ടാകും.

കയ്യില്‍ കരുതാറുള്ള പലഹാരപ്പൊതിയിലേക്കാവും തന്റെ നോട്ടം ഉറങ്ങിക്കഴിഞ്ഞ ഏട്ടനുമായ് പങ്കുവയ്ക്കാതെ സ്വയം അനുഭവിക്കാന്‍ കിട്ടുന്ന ആ അസുലഭ നിമിഷങ്ങള്‍ അല്‍പ്പം സ്വാര്‍ത്ഥതയോടെ അവള്‍ ഓര്‍ത്തു.

അച്ഛന്റെ ഏതു ആജ്ഞകള്‍ക്കും അനുസരണയോടെ നിലകൊണ്ടവള്‍ മക്കളുടേ ഏതൊരു ശാഠ്യവും തെല്ലും അസ്കിതയില്ലാതെ പരിഹരിച്ചവള്‍ എന്നിട്ടെന്തേ അമ്മ വെറും അവഗണിക്കപ്പെട്ടവള്‍ ആയി?

അച്ഛനു ബോംബയിലെ തീവണ്ടിയാപ്പീസിലേക്കു സ്ഥലം മാറ്റം കിട്ടിയപ്പോഴും അമ്മ കരഞ്ഞില്ല. പിന്നെ മാസങ്ങള്‍ നീളുമ്പോള്‍ എത്തുന്ന വിരുന്നുകാരനായി അച്ഛന്‍. തപാല്‍ക്കാരന് കേളുനായരുടെ കാലടികള്‍ക്കായി കാത്തിരുന്ന് അമ്മ തന്റെ ദിനങ്ങള്‍ തള്ളി നീക്കി.

വര്‍ഷങ്ങള്‍ കഴിയുന്തോറും വിരുന്നുകാരന്‍ അമ്മയുടെ ആതിഥേയം സ്വീകരിക്കുവാന്‍ എത്താതായി. കേളുനായര്‍ ആ പടി ചവിട്ടാതായി. കാത്തിരിപ്പിനു ഇനി അര്‍ത്ഥമില്ലെന്നു ബോംബയില്‍ നിന്നു വന്ന അമ്മാവനും മക്കളും പറഞ്ഞിട്ടും അമ്മ കത്തുകള്‍ എഴുതിക്കൊണ്ടിരുന്നു. ‘’ ഭദ്രേ’‘ എന്നുള്ള വിളി ഇനി ഒരിക്കലും കേള്‍ക്കില്ല എന്നറിഞ്ഞിട്ടും അമ്മ തന്റെ കത്തുകള്‍ തുകല്‍പ്പെട്ടിക്കുള്ളില്‍ നിധി പോലെ കാത്തു.

തന്റെ എയര്‍ ബാഗിനുള്ളില്‍ അവയെല്ലാം സ്വസ്ഥമായ് ഇരുപ്പുണ്ടെന്നു ഒന്നു കൂടി പരിശോധിച്ചു. വടിവൊത്ത മെലിഞ്ഞ അക്ഷരത്തില്‍ അമ്മ എഴുതിയ സ്നേഹക്കുറിപ്പുകള്‍.

മെലിഞ്ഞു നീണ്ട കയ്യൊപ്പ് അനുകരിക്കാന്‍ താന്‍ പല വട്ടം ശ്രമിച്ചു പരാജയപ്പെട്ടത് ലേശം നിരാശയോടെ ഓര്‍ത്തു.

വിഴുപ്പലക്കിയും മുറ്റമടിച്ചും വിണ്ടു കീറിയ നീല ഞരമ്പുകള്‍ തെളിഞ്ഞ ആ കൈപ്പടം ഇത്ര സുന്ദരമായി ആശയവിനിമയം നടത്തുന്നത് ആശ്ചര്യം തന്നെ.

ചിന്തകള്‍ക്ക് വിരാമമിട്ടുകൊണ്ട് ജീര്‍ണിച്ച ഗേറ്റുള്ള വീടിന്റെ മുന്നില്‍ വാഹനം നിലയുറപ്പിച്ചു. മീറ്റര്‍ തുക നല്‍കിയ ശേഷം തുരുമ്പിച്ച ഗേറ്റില്‍ കൈ തൊട്ടപ്പോള്‍ ഇന്നലത്തെ മഴ ബാക്കിവച്ച കുളിര്‍‍ അവളെ വിറങ്ങലിപ്പിച്ചു. 20 വര്‍ഷങ്ങളായി ഉള്ളില്‍ നീറ്റുന്ന മുറിവുകള്‍ ഒരിക്കല്‍ കൂടി പച്ച വീണ്ടെടുത്തതു പോലെ.

ഖനീഭവിച്ച ചിന്തകള്‍ പേറി കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി. ചായം തേച്ച ചുണ്ടുകളില്‍ ചിരിയുമായി വാതില്‍ തുറന്നത് അമ്മയെ ഏകാന്തയാക്കാന്‍ കാരണഹേതുവായ ചുണ്ടുകളാണല്ലോ എന്ന് ഓര്‍ത്തപ്പോള്‍ അല്‍പ്പം നീരസം ഉള്ളീല്‍ നുരഞ്ഞു. അങ്ങേയറ്റം ആതിഥേയ മര്യാദയോടെ അച്ഛന്റെ മറാഠി സഖി തന്നെ ഉള്ളിലേക്കു ആനയിച്ചു. തന്റെ വരവ് ഏതു നിമിഷവും പ്രതീക്ഷിച്ചിരുന്നപോലെ ആ വീടും വീട്ടുകാരിയും പദ്മയെ എതിരേറ്റു.

20 വര്‍ഷം ശേഷിപ്പിച്ച അപരിചിതത്വം പദ്മയുടെ ധമനികളില്‍ വമിക്കുന്ന രക്തത്തെ തണുത്തുറയിപ്പിച്ചു.

നനുനനുത്ത രോമങ്ങള്‍ നിറഞ്ഞ ഉദയ സൂര്യനെ വെല്ലുന്ന ആ മുഖം ഇന്ന് ജരാനരകള്‍ക്കു അടിമപ്പെട്ടിരിക്കുന്നു.

നരച്ച ജൂബക്കുള്ളില്‍ ഒരു അവശനായ അപഥസഞ്ചാരിയുടെ കുറ്റസമ്മതം പോലെ അച്ഛന്റെ വൃദ്ധ ഹൃദയം.

ആത്മവിശ്വാസം തുളുമ്പിനിന്ന ചോരക്കണ്ണുകളില്‍ പുകമറ പടര്‍ന്നിരിക്കുന്നു.

ഇരുവശവും സൂര്യരശ്മികള്‍ പോലെ ചുളിവുകള്‍ വിടര്‍ന്നിരിക്കുന്നു.

‘’ യാത്ര സുഖമായിരുന്നോ?’‘

‘’ ഉവ്വ് ‘’

കേട്ടുമറന്ന ഉഗ്രസ്വരം......‍ നിശബ്ദത.........

‘’ കത്തു കിട്ടി.... അമ്മ ... വരാന്‍ തരപ്പിട്ടില്ല’‘

‘’ സാരമില്ല’‘

മുറിയില്‍ ഉറഞ്ഞു കൂടിയ നിശബ്ദത. എന്തിന്റെയെല്ലാമോ വിളിച്ചോതലായി നില കൊണ്ടു.

മഞ്ഞയും പച്ചയും പൂക്കളുള്ള ആവി പറക്കുന്ന ചില്ലു കപ്പുമായ് ചായം പൂശിയ മൃദു സ്മേരം വീണ്ടുമെത്തി. ഉറഞ്ഞു കൂടിയ മഞ്ഞു ലയിക്കുവാന്‍ ചൂടു പകരുന്ന പാനീയങ്ങള്‍ കാലാന്തരങ്ങളില്‍ കണ്ടു പിടിക്കപ്പെട്ടത് എത്രയെത്ര മഞ്ഞു മലകള്‍ ഉരുക്കുവാന്‍ ഉപകരിച്ചിട്ടുണ്ടാകും. സുഷുപ്തിയിലാണ്ടിരുന്ന റെയില്‍പാളങ്ങളെ തല്ലി ഉണര്‍ത്തി തീവണ്ടി ചക്രങ്ങള്‍ ഉരുണ്ടു നീങ്ങി യപ്പോഴും ഒരു പോള കണ്ണടയ്ക്കാതെ മാറോടച്ച ആ സ്നേഹനൊമ്പരങ്ങള്‍ അച്ഛന്നു നേര്‍ക്കു നീട്ടി.

ഒരു വിരഹണിയുടെ ആത്മനൊമ്പരങ്ങള്‍ പേറുന്ന കടലാസു കഷണങ്ങള്‍. വിറയാര്‍ന്ന കൈകള്‍ അവയെ സ്പര്‍ശിച്ചപ്പോള്‍ നനുത്ത ആര്‍ദ്രത പുകമറയാര്‍ന്ന തിമിരങ്ങളെ അലിയിപ്പിക്കുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു. ഒരു ജന്മത്തെ മുഴുവന്‍ ഭാരവും സ്വന്തം തോളുകളില്‍ നിന്നും ഇറക്കി താങ്ങാന്‍ കെല്‍പ്പുള്ള തോളു‍കളിലേക്ക് ചാരി വെക്കുന്ന ആത്മ സംതൃപ്തി അന്നാദ്യമായി അവള്‍ അറിഞ്ഞു. അമ്മയുടെ കൈപ്പടയിലേക്ക് നോക്കുവാന്‍ ധൈര്യം പോരാഞ്ഞിട്ടാണോയെന്നറിയില്ല അച്ഛന്‍ അവയെല്ലാം നെഞ്ചോടടുപ്പിച്ചു വിദൂരമായ എന്തോ ചിന്തയിലെന്നപോലെ ഇരുന്നു.

‘’ ഒന്നു കുളീച്ചാ‍ല്‍....’‘ നീണ്ട നിദ്രയില്‍നിന്നുണര്‍ന്നപോലെ അച്ഛന്‍ കുളിമുറിയിലേക്ക് അവളെ വഴി തെളിച്ചു. തീവണ്ടിപുകയും മെഴുക്കും കഴുകി കളഞ്ഞപ്പോള്‍ ശരിരത്തിന്റെ കനം കുറഞ്ഞപോലെ. എന്നാല്‍ മനസ്സില്‍ ഭാരം കട്ട കെട്ടി കിടന്നു. കുളിമുറിയില്‍ നിന്നു നേരെ ഇറങ്ങുന്നത് അച്ഛന്റെ വായനാ മുറിയിലേക്കാണ്.

ഷെല്‍ഫുകളില്‍ നിലയുറപ്പിച്ച പുസ്തക സുഹൃത്തുക്കളില്‍ ചിലതില്‍ തെളി‍ഞ്ഞ പേരില്‍ അറിയാ‍തെ വിരലുകള്‍ തലോടി 'പത്മനാഭന്‍ സി കെ'

20 വര്‍ഷം അച്ഛന്റെ സ്നേഹത്തിന്റെ മണം അറിഞ്ഞത് ഈ രചനകളില്‍ കൂടിയാണ്. അച്ഛന്റെ ചിന്തകള്‍‍ അടുക്കി വച്ച അക്ഷരങ്ങളായാണ് അവള്‍ മനസ്സിലേറ്റിയത്. മേശമേല്‍‍ അച്ഛന്‍ പണ്ടു മുതല്‍ക്കേ ഉപയോഗിക്കാറുള്ള ഹീറോ പേന ഒന്നെടുത്തു നോക്കി. അപ്പോഴാണ് എഴുതി പാതിവഴിക്കാക്കിയ കടലാസുകെട്ടുകള്‍ ശ്രദ്ധയില്‍ പെട്ടത് .

തലക്കെട്ട് വായിച്ച മാത്രയില്‍ ദൃശ്യതയുടെ വേലിക്കെട്ടുകല്‍ അതിക്രമിച്ചു അവളുടെ അനുമതിയില്ലാതെ ചാലുകള്‍ കിറി ഒഴുകി മങ്ങുന്ന അക്ഷരങ്ങള്‍ ഒന്നു കൂടി ചേര്‍ത്ത് വായിച്ചു ''ഭദ്രേ നിനക്കായി ....’‘ പറയാന്‍ മറന്ന വാ‍ക്കുകള്‍ ഒരു വേള കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍ കാലത്തിന്റെ പെരുവഴിയില്‍ ചിതറിക്കിടന്ന വാക്കുകള്‍ പെറുക്കിക്കൂട്ടി ചിട്ടപ്പെടുത്താന്‍ അച്ഛന്‍ ചിലവഴിച്ച നിമിഷങ്ങള്‍ മാത്രം മതി അമ്മയുടെ ജന്മം സുകൃതം പൂകാന്‍.

കടലാസുകള്‍ മേശമേല്‍ വച്ചവള്‍ പുറത്തേക്കു കണ്ണോടീച്ചു. മഴ വീണ്ടും കഥ പറയാന്‍ ആരംഭിച്ചിരിക്കുന്നു. മനസ്സിനെ കെട്ടിപ്പിടിച്ച ആവരണം പുതപ്പാക്കി അവള്‍ മഴയുടെ കൂടെ നടന്നു നനുത്ത തലോടല്‍ ക്രമേണെ വേദനിപ്പിക്കുന്ന ചാട്ടവാറുകളായി തന്റെ മേല്‍ പതിക്കുന്നതവള്‍ അറിയുന്നില്ല. യാത്ര പറയാന്‍ മറന്നതാണോ അതോ മന:പൂര്‍വ്വം വേണ്ടന്നു വെച്ചതാണോ ? അറിയില്ല.

തന്നോട് യത്രപറയാതെ പോയി മറഞ്ഞ അച്ഛനോടു പരിഭവം നീക്കി വക്കാതെ ജീവിച്ച അമ്മ. യാത്ര പറഞ്ഞില്ലെങ്കിലും പരിഭവം അകറ്റി നിര്‍ത്താന്‍ അച്ഛനും മനസിനെ ശീലിപ്പിച്ചിട്ടുണ്ടാകും.

സോണിയ റഫീക്ക്‌


E-Mail: soniarafeek@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.