പുഴ.കോം > പുഴ മാഗസിന്‍ > നര്‍മം > കൃതി

കാലന്‍ ചിരിക്കുന്നു(നര്‍മ്മകഥ)

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു ആലപ്പുഴ

പാതിരാത്രിയില്‍ മരണ ഉറക്കത്തിലായിരുന്ന അയാളെ ആ ബെല്ലടിയാണ് ഉണര്‍ത്തിയത്. പ്രാകിക്കൊണ്ട് ചാടി എണീറ്റ് അയാള്‍ മുന്‍വശത്തെ ലൈറ്റിട്ടു. ജനലില്‍ കൂടി പുറത്തേക്ക് നോക്കിയ അയാള്‍ ഞെട്ടിപ്പോയി. കറുകറുത്ത ഒരു ഭീകരരൂപം ! കൈയില്‍ കയറും പിന്നില്‍ ഒരു കൂറ്റന്‍ പോത്തും!? അയാളുടെ പാതിജീവന്‍ ഇറങ്ങിപ്പോയി.

''വാതില്‍ തുറക്കു ഗോപിനാഥാ...'' ഘനഗംഭീര ശബ്ദം !

ഗോപിനാഥന്‍ അനുസരിച്ചു.

'' അയ്യോ കാലഭഗവാനോ ? എന്താ ഭഗവാന്‍ ഈ നേരത്ത്?'' വിറയലോടെ അയാള്‍ ചോദിച്ചു.

'' നിന്നെ കൊണ്ടുപോകാന്‍ തന്നെ...വേഗം ഒരുങ്ങി വരൂ..''

'' ഭഗവാനേ ഒരപേക്ഷയുണ്ട് ..''

'' എന്താണ്?''

'' എനിക്ക് ഒരേ ഒരു മകള്‍. മോടെ കല്യാണം നിശ്ചയിച്ചിരിക്കുകയാ... അടുത്ത മാസം കല്യാണം..''

'' അതിന് ?''

'' അമ്പതു പവന്‍ സ്വര്‍ണ്ണവും രണ്ട് ലക്ഷം രൂപയും സ്ത്രീധനമായി കൊടുക്കണം''

'' കൊടുത്തോളൂ''

'' കൊടുക്കാം പക്ഷെ സ്വര്‍ണ്ണവും പണവും ഒത്തിട്ടില്ല. ഇരുപത്തഞ്ച് പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും മാത്രമേ ഇതുവരെ ഒപ്പിക്കാന്‍ പറ്റിയൊള്ളു. ബാക്കി ഒപ്പിക്കാനുള്ള നെട്ടോട്ടത്തിലാ ഞാന്‍ അതുകൊണ്ട് ഈ കല്യാണം കഴിയുന്നതുവരെ എനിക്ക് സാവകാശം തരണം''

'' എന്നുവെച്ചാല്‍ നിന്നെ ഇപ്പോള്‍‍ കൊണ്ടു പോകരുത് അല്ലേ? നടക്കില്ല മോനെ കാലപുരിയുടെ നിയമത്തില്‍ അങ്ങനൊന്നില്ല ...വേഗം വരു...സമയം പോകുന്നു'' കാലന്‍ '' കാലിലെ വാച്ചില്‍ നോക്കി.

'' എന്റെ പൊന്ന് കാലാ ...ഞാന്‍ കാലന്റെ കാല് പിടിക്കാം എന്റെ മോടെ വിവാഹം?''

'' നിന്റെ സങ്കടം ഞാന്‍ മനസിലാക്കുന്നു ..ഒരുകാര്യം ചെയ്യാം, ബാക്കി സ്വര്‍ണ്ണവും പണവും ഞാനുണ്ടാക്കാം കൃത്യസമയത്ത് വിവാഹവും നടത്താം പക്ഷെ ഇപ്പോ നീ എന്റെ കൂടെ വന്നേ പറ്റൂ''

'' അങ്ങനെയാണെങ്കി ഞാന്‍ വരാം''

'' എങ്കി നീ സംഘടിപ്പിച്ചു വച്ചിരിക്കുന്ന സ്വര്‍ണ്ണവും പണവും എടുത്തോളൂ''

'' ഇതാ സ്വര്‍ണ്ണവും പണവും ..'' സ്വര്‍ണ്ണവും പണവും ഒരു സ്യൂട്ട് കേസിലാക്കി ഭവ്യതയോടെ അയാള്‍‍ കാലനെ ഏല്പ്പിച്ചു.

കാലന്‍ പോത്തിന്റെ പുറത്ത് ചാടിക്കയറി. ഗോപിനാഥനേയും പിടിച്ചു കയറ്റി. കാലവാഹനം യമപുരിയിലേക്കു പാഞ്ഞു.

കൂരിരുട്ടില്‍ കൂടി വാഹനം പായുകയാണ്.

പെട്ടന്ന് വണ്ടി നിന്നപോലെ.

'' എന്താ ഭഗവാന്‍ വണ്ടി നിര്‍ത്തിയോ..? അയാള്‍ ചോദിച്ചു.

'' എനിക്ക് '' ഒന്നിനു'' പോകണം...''

കാലവാഹനത്തില്‍ നിന്നും സ്യൂട്കേസുമായി ചാടിയിറങ്ങിയ '' കാലന്‍'' കൂരിരുട്ടില്‍ ലയിച്ചു.

കാലവും കാലനും ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാറില്ലല്ലോ.

നേരം വെളുത്തു. ഒന്നിനു പോയ കാലന്‍ മടങ്ങി വന്നില്ല !.

ഇളിഭ്യനായ ഗോപിനാഥന്‍ ഒടിഞ്ഞുതൂങ്ങി വീട്ടിലേക്കു മടങ്ങിപ്പോയി.

ബാബു ആലപ്പുഴ

സിമി നിവാസ്‌

നോര്‍ത്ത്‌ ആര്യാട്‌ പി.ഒ.

ആലപ്പുഴ - 688542


Phone: 0477 - 2248817;
E-Mail: 8089175303




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.