പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ആധാരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രൊഫ. ഷാനവാസ് വള്ളിക്കുന്നം

കൊപ്ര കച്ചവടക്കാരന്‍ ഉണ്ണുണ്ണിയുടെ ചാപ്രയില്‍ ജോലിയാണ് അവള്‍ക്ക്. തേങ്ങ ഉടച്ച് കമഴ്ത്തല്‍ , ഉണക്കല്‍, ചേരിനിടല്‍, തീ കത്തിക്കല്‍ ഇങ്ങനെ പോകുന്നു പണികള്‍. കുമാരു ആണ് ഭര്‍ത്താവ്. ചെറുകിട തരികിട കച്ചവടം , ദല്ലാള്‍ പണി , രാപകല്‍ മദ്യപാനം ഇങ്ങനെ പോകുന്നു നിത്യവേലകള്‍.

വെള്ളി കീറുന്നതിനു മുമ്പേ അവളെ നടവരമ്പിലൂടെ നടന്ന് ചാപ്രയില്‍ കൊണ്ടാക്കുന്നതും അന്തിമയങ്ങുമ്പോള്‍ തിരികെ വീട്ടിലേക്കു വിളീച്ചുകൊണ്ടു പോരുന്നതും അയാള്‍ തന്നെ.

കുമാരു എലുമ്പനും അവള്‍ തടിച്ചിയുമാണ്. നാഴികയ്ക്കു നാല്പ്പതു വട്ടം കുമാരു ഭാര്യയെ തെറി പറഞ്ഞുകൊണ്ടിരിക്കും. അവള്‍ കമാ എന്ന് തിരികെ പറയില്ല. ആനയെ നയിക്കുന്ന പാപ്പാനേപ്പോലെ അയാള്‍ ഭാര്യയെ നയിച്ചു.

ഉണ്ണൂണ്ണി ചാപ്രയുടെ മുകളിലെ ചേരില്‍ക്കയറി ഉടച്ച് തേങ്ങ കമഴ്ത്തുകയായിരുന്നു. ചേരിന്റെ വരിച്ചിലുകള്‍ക്കിടയില്‍ കൂടി അയാള്‍ കുനിഞ്ഞു നോക്കി. കൈകള്‍ കമഴ്ത്തിലും ഇമകള്‍ ചേരിന്നടിയിലും ചാഞ്ചാടിക്കളിച്ചു .ഉണ്ണുണ്ണിക്ക് അറുപത് നടപ്പാണേലും ഇരുപതിന്റെ ചൊടിപ്പാണ്. പുതുക്കാളയുടെ ചുറു ചുറുക്കും , ഉശിരും . നീണ്ട കൈകളും ഒതുങ്ങിയ അരക്കെട്ടും ഉയര്‍ന്ന നെഞ്ചും മേല്‍ച്ചിറി മറച്ച് മീശയും. ആകെ ഒരു കെട്ടുകാളയുടെ ചന്തമാണ്. തേങ്ങ നിരത്തിയ ഭാഗത്തെ ചേരിന്നിടയില്‍ ചിരട്ട ഉണക്കിയത് തീ കൂട്ടുവാനുള്ള ശ്രമത്തിലാണ് പൊടിപ്പെണ്ണ്. കാല്‍മുട്ടിനു താങ്ങാനാകാത്ത മേല്‍ ശരീരം അവളെ ഏറെ കഷ്ടപ്പെടുത്തി.

'' എടീ കൊച്ചേ ...തീ ഇട്ടു കഴിഞ്ഞെങ്കില്‍ ചേര്‍ന്ന് മോളോട്ടൊന്നു കേറി വാടീ . കൊട്ടേല്‍ കുറച്ചേറെ തേങ്ങ ബാക്കിയിരിക്കുന്നു. നമുക്കൊന്നിച്ചങ്ങ് കമഴ്ത്താം '' അയാള്‍ ചിറി നനച്ചു താഴേക്കു നോക്കിപ്പറഞ്ഞു.

'' എന്റെ മോലാളി ഈ ഭാരോം തൂക്കി മേലോട്ടു കേറാനേക്കൊണ്ടൊന്നും എനിക്കു വയ്യ'' അയാള്‍ കമഴ്ത്തി വച്ചിരിക്കുന്ന വലിയ ചിരട്ടയിലേക്കു വലിഞ്ഞു നോക്കി.

ഉണ്ണുണ്ണിയുടെ ക്ഷമ നശിച്ചു.

'' ഒന്നു കേറിവാടിയേ''

'' നീ ഒന്നു മനസ്സു വെച്ചില്ലേല്‍ ഇന്ന് ഒന്നും ആകില്ലേ''

അവള്‍ ചേരിനു മുകളിലേക്കു കയറാനാഞ്ഞു.

ഉണ്ണുണ്ണി കുട്ടികളെ എടുക്കുന്നതുപോലെ അവളെയെടുത്ത് മുകളിലേക്കു കയറ്റി.

ഉണ്ണുണ്ണി രണ്ടു ചിരട്ടകള്‍ കനലിലേക്ക് എറിഞ്ഞു. അവള്‍ മുകളില്‍ പാളയില്‍ കിടക്കുന്ന കുഞ്ഞിനേപ്പോലെ ചലിച്ചു. ബലം കുറഞ്ഞ ചേരിന്റെ എഴികള്‍ പ്രതിഷേധ ശബ്ദമുയര്‍ത്തി. മഞ്ഞ് കനത്തു തുടങ്ങി. അടിയില്‍ നിന്നും കത്തിയ കനലുകള്‍ കൂടുതല്‍ പുക പരത്തി. ചുറ്റുപാടും മൂടല്‍ മഞ്ഞു പോലെ ഒന്നും കാണാനാകാത്ത അവസ്ഥ. വയലിന്നക്കരയില്‍ നിന്നും ചെറുവരമ്പിലൂടെ എരിയുന്ന ഒരു ചൂട്ട് നടന്നു വരുന്നു. എരിയുന്ന ചൂട്ട് വിളിച്ചു. '' എടിയേ...പൊടിപെണ്ണെ'' വിളി കൂടുതല്‍ ശബ്ദത്തില്‍ ആവര്‍ത്തിച്ചു. '' നിരത്തിയതു മതി. പാതിരാക്കുണ്ണനാകുമ്പോളാ നിന്റെ ഒരു പണീ'' കുമാരന്‍ കുറച്ചേറെ കുടിച്ചിട്ടുണ്ട്. നാക്കു കുഴയുന്നു. അയാള്‍ വയല്‍ ചെറുവരമ്പ് കടന്ന് ചാപ്രയിലേക്കുള്ള വഴിയില്‍ കടന്നു. .ചീവിടുകളുടെ.ശബ്ദം. അവ അയാളെ പരിഹസിക്കുന്നതായി തോന്നി. . മിന്നാമിനുങ്ങുകള്‍ ചുറ്റും മാലപ്പടക്കത്തിന്റെ പ്രകാശം പരത്തി ചുറ്റിയടിച്ചു. പാദത്തില്‍ മിഴിയൂന്നി നടന്ന അയാളുടെ മിഴിതേരിലേക്ക് ഒരു ടോര്‍ച്ചിന്റെ വേഗതയിലെത്തി . ചേരിലെ ഇളകുന്ന ശബ്ദം അയാളുടെ കാതുകളെ ഉണര്‍ത്തി. കാതുകള്‍ മിഴികള്‍ക്കാവേശം പകര്‍ന്നു.

മുറുകുന്ന കൈകളും പാമ്പുകളായി പിണയുന്ന കാലുകളും അണയാറായ പന്തത്തിന്റെ അരണ്ട വെളിച്ചം . ആട്ടിത്തെളിച്ച ഇളം പ്രകാശത്തില്‍ ഈ ചിത്രങ്ങളാണ് അയാളുടെ മുന്നില്‍ പതിഞ്ഞത്. കുമാരുവിനെ കണ്ട ഭാര്യ ധൃതിപ്പെട്ട് ചേരില്‍ നിന്നും താഴേക്കിറങ്ങി. അവളുടെ മേല്‍ വസ്ത്രം ചേരിന്റെ അഴികളില്‍ കുരുങ്ങിവലിഞ്ഞു. ഉണ്ണുണ്ണി ഒന്നുമറിയാത്തവനെപ്പോലെ കൊപ്രാ നിറഞ്ഞ കുട്ടയുമായി ചേരിന്നങ്ങേ മൂലക്കു കയറിയിരുന്ന് , തേങ്ങാ കമഴ്ത്തിക്കൊണ്ടിരുന്നു. കുമാരന്‍ ചേരിന്നകത്തേക്കു പന്തം ആഞ്ഞു വീശി . പന്തം നിന്നു കത്തി. കള്ളിന്റെ മണമുള്ള പുഴുത്ത തെറി ലേശം ശങ്കയില്ലാതെ നാക്കു കുഴയാതെ തോരണം പോലെ പുറത്തേക്കു വന്നു. ''................തരം കാണിക്കുന്നോ, അവള്‍ക്കാണേല്‍ ശ്വാസം മുട്ടിന്റെ സൂക്കേടു കാരിയാ ...അപ്പോളാണയാള്‍ അന്തിക്കു പുകയ്ക്കുന്നത്'' പൊടിപ്പെണ്ണ് ഭര്‍ത്താവിന്റെ വായ്പൊത്തിപ്പിടിച്ചു. അയാള്‍ അപ്പോഴും നിന്നു ആടുകയാണ്. ഉണ്ണുണ്ണീ താഴെ ഇറങ്ങി കുമാരന്റെ തോളില്‍ കൈ വച്ചു . ശബ്ദം പുറത്തുകേള്‍ക്കാതെ '' അതിലെങ്ങും ഒന്നുമില്ല കുമാരുവേ '' '' കുമാരു വരുമ്പോള്‍ ഞങ്ങള്‍ ചിരട്ടത്തീകള്‍ പരസ്പരം പുണരുന്നതു കാണുയായിരുന്നു '' '' അല്ലാതെ ഒന്നുമില്ല കുമാരുവേ'' ഉണ്ണുണ്ണിയുടെ വാക്ച്ചാതുരിയില്‍ മയങ്ങി നിന്ന അയാള്‍ കെടാറായ ചൂട്ടുകറ്റയുമായി കിഴക്കോട്ടു തിരിഞ്ഞ് നടന്നു . ചെറുവരമ്പിലൂടെ അയാള്‍ക്കു പിന്നാലെ പൊടിപ്പെണ്ണ് നടന്നു നീങ്ങി. ഉണ്ണുണ്ണി കുറച്ചുറക്കെ കുമാരുവിനോടായി പറഞ്ഞു.

'' ആധാരം ഞാനൊന്നു വായിച്ചാലും വസ്തു കുമാരുവിന്റേതുതന്നെ''

''അതിലെങ്ങും ഒന്നുമില്ല കുമാരുവേ ''

പുതിയ ആശയം പഠിച്ച മാതിരി കുമാരു കത്തിത്തീരാറായ ചൂട്ട് ആഞ്ഞു വീശി. ആ മന്ത്രം വീണ്ടും വീണ്ടൂം ഉരുവിട്ടുകൊണ്ടിരുന്നു.

'' ആധാരം ആരു വായിച്ചാലും വസ്തു എന്റേതു തന്നെ ''

പ്രൊഫ. ഷാനവാസ് വള്ളിക്കുന്നം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.