പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

വാടകക്കൊരു സുഹൃത്ത്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷെമീർ പട്ടരുമഠം

റയില്‍വേ സ്റ്റേഷനില്‍ നിന്നും അവളെയും കൊണ്ട് തന്റെ ഫ്ലാറ്റിലേക്ക് വരവെ മനസ്സില്‍ മുഴുവന്‍ അവളെപ്പറ്റിയുള്ള ചിന്തകളായിരുന്നു. ലാപ് ടോപ്പില്‍ അവളുടെ മുഖം സേവ് ചെയ്തിരുന്നതിനാല്‍ നേരില്‍ കാണുന്നതിനു മുന്‍പേ മനസ്സില്‍ പതിഞ്ഞിരുന്നു അവളുടെ രൂപം. വാടകക്കു സുഹൃത്തുക്കളെ നല്‍കുന്നുവെന്ന പരസ്യം വെബ്സൈറ്റില്‍ കണ്ടപ്പോള്‍ കൗതുകത്തോടെയാണു താനതില്‍ ലോഗിന്‍ ചെയ്തത്. ഒടുവില്‍ അവരുടെ നിബന്ധനകള്‍ക്ക് വിധേയമായി നന്ദിതാദാസ് എന്ന പെണ്‍കുട്ടിയെ താന്‍ ഒരു മാസത്തേക്കു വാടകക്കെടുത്തു. കാറില്‍ തന്റെയൊപ്പമിരിക്കുന്ന നന്ദിതാദാസ് എന്ന തന്റെ പുതിയ വാടക സുഹൃത്തിനെ അത്ഭുതത്തോടെ വീക്ഷിക്കുകയായിരുന്നു യതീന്ദ്രന്‍.

വല്ലാത്തൊരു ധൈര്യം തന്നെ ഈ പെണ്‍കുട്ടിക്ക്. അപരിചിതമായ ഒരു സ്ഥലത്ത് അപരിചിതനായ പുരുഷന്റെ ഒപ്പം ഇവള്‍‍ക്കു ഭയമില്ലേ? ഇതേ സമയം സൈഡ് മിററിലൂടെ യതീന്ദ്രന്റെ മുഖഭാവം ശ്രദ്ധിക്കുകയായിരുന്നു നന്ദിതാദാസ്. പുറമെ കാണിക്കുന്ന തന്റെയീ ധൈര്യത്തിനുമപ്പുറം ഒളിച്ചു വച്ച ഭയത്തിന്റെ കാണാവേരുകള്‍ തന്നെ കെട്ടിവരിഞ്ഞു ശ്വാസം മുട്ടിക്കുന്നുവോ? വളരെ നാളത്തെ ശ്രമത്തിനു ശേഷം കിട്ടിയ ജോലിയാണിത്. തന്റെ കഷ്ടപ്പാടുകള്‍‍ തീര്‍ക്കുവാന്‍ ആരോ കാണിച്ചു തന്നൊരു വഴി.

‘’ നന്ദിതാ എന്താണ് ആലോചിക്കുന്നത്? ‘’ ഫ്ലാറ്റിനു മുന്നില്‍ കാര്‍ ഒതുക്കി നിര്‍ത്തവെ യതീന്ദ്രന്‍ ചോദിച്ചു.

‘’ ഏയ് ഒന്നുമില്ല ‘’ ഞെട്ടലോടെ ചിന്തകളെ കുടഞ്ഞെറിഞ്ഞുകൊണ്ട് അതിനു മറുപടി പറഞ്ഞു.

യതീന്ദ്രന്റെ റൂമിന്റെ വാതില്‍ തുറക്കവെ അകത്തെ കാഴ്ചകള്‍ കണ്ടു നന്ദിത ഒരു നിമിഷത്തേക്കെങ്കിലും അറച്ചു നിന്നു. അടുക്കും ചിട്ടയുമില്ലാതെ സ്ഥാനം തെറ്റിക്കിടക്കുന്ന ഫര്‍ണിച്ചറുകള്‍‍. അഴുക്കു പുരണ്ട വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടിരിക്കുന്നു . ഡൈനിംങ് ടേബിളിനു മുകളില്‍ കഴുകാതെയിട്ടിരിക്കുന്ന പ്ലേറ്റുകള്‍‍ . പുറത്തേക്കോടിപ്പോയി ഒന്നു ഛര്‍ദ്ദിക്കണമെന്നാണു ആദ്യം തോന്നിയത് . പക്ഷെ, പാടില്ല . തന്റെ ജോലി സുഹൃത്തിനെ വെറുപ്പിക്കലല്ല. അവനെ സ്നേഹവാക്കുകള്‍ കൊണ്ടുള്ള ആശ്വസിപ്പിക്കലാണ്. നന്ദിതയുടെ മുഖഭാവം കണ്ടു തിരിച്ചറിഞ്ഞതുപോലെ യതീന്ദ്രന്‍ അവളെ തന്റെ മുറിക്കു മുന്‍പില്‍ നിന്നു മാറ്റി നിര്‍ത്തിക്കൊണ്ടു പറഞ്ഞു ‘’ എനിക്കു വേണമെങ്കില്‍ ഇതൊക്കെ ചിട്ടയായി അടുക്കി വച്ച ശേഷം തന്നെ ഇവിടേക്കു കൂട്ടിക്കൊണ്ടു വരാമായിരുന്നു . പക്ഷെ, അങ്ങനെ ചെയ്താല്‍ ഞാന്‍ തനിക്കു വേണ്ടി മുടക്കിയ കാശു വെറുതെയാകും’‘

നന്ദിതാദാസ് അമ്പരപ്പോടെ അയാളുടെ മുഖത്തേക്കു നോക്കി ‘’ ഞാന്‍ പറഞ്ഞതു നന്ദിതക്കു മനസിലായില്ല അല്ലേ. വ്യക്തമാക്കാം. ദാ അലങ്കോലമായി കിടക്കുന്ന ഈ മുറി കണ്ടോ? ഇതു തന്നെയാണ് എന്റെ സ്വഭാവം. അടുക്കും ചിട്ടയുമില്ലാതെ എവിടെയൊക്കെയോ പറന്നു നടക്കുകയാണു ഞാന്‍. എന്റെ തെറ്റുകള്‍ മനസിലാക്കി അതു തിരുത്തിയെടുത്ത് എന്നെ നല്ലൊരു മനുഷ്യനാക്കി മാറ്റണം. വാടക സുഹൃത്തെന്ന രീതിയില്‍ നിനക്കതിനു കഴിയണം . ഇല്ലെങ്കില്‍ നിനക്കുവേണ്ടി മുടക്കിയ കാശു ഞാന്‍ തിരികെ വാങ്ങേണ്ടി വരും.’‘

യതീന്ദ്രന്‍ പറഞ്ഞു നിര്‍ത്തിയ വാക്കുകള്‍ക്കൊടുവില്‍ ഒരു ഭീഷണിയുടെ ധ്വനി ഉയരുന്നതു നന്ദിത തിരിച്ചറിഞ്ഞു. അവള്‍‍ ഒന്നും മിണ്ടാതെ യതീന്ദ്രന്റെ റൂമിനുള്ളിലേക്കു കടന്നു. അഴുക്കു പുരണ്ട വസ്ത്രങ്ങള്‍ വാഷിങ് മെഷീനിനുള്ളിലേക്കിട്ടു. പ്ലേറ്റുകള്‍ കഴുകി വൃത്തിയാക്കി. ഫര്‍ണിച്ചറുകള്‍ സൗകര്യം തോന്നിപ്പിക്കുമാറ് ഒതുക്കിയിട്ടു.

‘’ യതീന്ദ്രന് ഒരു വിവാഹം കഴിച്ചു കൂടെ? അതാകുമ്പോള്‍‍ കാര്യങ്ങള്‍ പക്വതയോടെ പറഞ്ഞു മനസിലാക്കി തരാനൊരാളാകും. തെറ്റുകള്‍ കണ്ടാല്‍ അധികാരത്തോടെ തിരുത്തി തരും. ഒരു പക്ഷെ ഒരു നല്ല സുഹൃത്തിനു സാധിച്ചു തരാന്‍ പറ്റാത്ത പല കാര്യങ്ങളും അധികാരത്തോടെ ചെയ്തുതരാന്‍ ഒരു നല്ല ഭാര്യക്കാകും’‘

‘’ നന്ദിത പറഞ്ഞൊതൊക്കെ ശരിതന്നെയാണ്. പക്ഷെ ഭാര്യ...കുട്ടികള്‍...കുടുംബം അതൊന്നുമെന്റെയീ ജീവിതത്തിനു പറ്റിയതല്ല’‘ കാരണമെന്തെന്ന നന്ദിതയുടെ മുഖത്തെ ചോദ്യത്തിനു ഉത്തരമെന്നോണം ഒരു സിഗരറ്റിനു തീ കൊളുത്തി അയാള്‍‍. ആ സിഗരറ്റ് എരിയാന്‍‍ തുടങ്ങുന്നതിനു മുമ്പു നന്ദിത അതു തട്ടിയെടുത്തു വേസ്റ്റ് ബക്കറ്റിലിട്ടു. ഇനി സിഗരറ്റ് വലിക്കരുതെന്ന താക്കീതും. അപ്പോള്‍‍ അവളുടെ മുന്‍പില്‍ അനുസരണയുള്ള കുട്ടികളേപ്പോലെയായി മാറി യതീന്ദ്രന്‍.

ഇരുപത്തിയെട്ടു ദിവസങ്ങള്‍ പെട്ടന്നാണ് പോയി മറഞ്ഞത്. തന്റെ ജീവിതം തന്നെ നന്ദിത മാറ്റിമറിച്ചിരിക്കുന്നു. താനിപ്പോള്‍‍ പഴയ യതീന്ദ്രനേയല്ല. അടുക്കും ചിട്ടയും അച്ചടക്കവുമൊക്കെ തന്റെ ജീവിതത്തിന്റെ ഒഴിവാക്കാനാവാത്ത ഒരു ഭാ‍ഗമായി മാറിയിരിക്കുന്നു. ഒരുമിച്ചൊരു ഫ്ലാറ്റിലായിരുന്നെങ്കിലും നന്ദിതക്കു മാത്രമായി ഒരു മുറി നല്‍കിയിരുന്നു യതീന്ദ്രന്‍ .

പക്ഷെ ഈ ഇരുപത്തിയെട്ടു ദിവസങ്ങളിലും നന്ദിത സുഖമായി ഉറങ്ങിയിരുന്നില്ല. മുറി അകത്തു നിന്ന് ലോക്ക് ചെയ്തിരുന്നുവെങ്കില്‍ പോലും തന്റെ തൊട്ടടുത്ത റൂമില്‍ ഒരന്യ പുരുഷനാണെന്ന ചിന്ത അവളെ ഓരോ രാത്രികളിലും ഭയപ്പെടുത്തിക്കൊണ്ടിരുന്നു. പക്ഷെ താന്‍ കരുതിയതിലും വ്യത്യസ്തനാണ് യതീന്ദ്രന്‍. മാന്യമായ പെരുമാറ്റമാണ് അയാളുടേത്. പ്രത്യേകിച്ചും സ്ത്രീകളോട്. ഇന്നത്തെ ഒരു രാത്രി കഴിഞ്ഞാല്‍ യതീന്ദ്രനുമായുള്ള സുഹൃത്ബന്ധത്തിന്റെ വാടക കാലാവധി അവസാനിച്ചു. നാളെ കഴിഞ്ഞാല്‍ താന്‍ മറ്റാരുടേയെങ്കിലും സുഹൃത്തായി മറ്റൊരു സ്ഥലത്ത്. അയാള്‍ എങ്ങനെയായിരിക്കും തന്നോടു പെരുമാറുകയെന്ന് ഒരു നിശ്ചയവും ഇല്ല. എന്തായലും ഇന്നത്തെ ഒരു രാത്രി കൂടി താന്‍ ഉണര്‍ന്നിരുന്നേ പറ്റു.

അന്നത്തെ രാത്രി യതീന്ദ്രനും ഉറങ്ങിയിരുന്നില്ല. ഒരു നല്ല സുഹൃത്തിനെ നാളെ തനിക്കു നഷ്ടപ്പെടുകയാണല്ലോ എന്ന ചിന്ത അയാളെ വേട്ടയാടി. റയില്‍വേ സ്റ്റേഷനിലേക്കുള്ള മടക്കയാത്രയില്‍ ഇനി പറയുവാന്‍ മറ്റൊരവസരം കിട്ടില്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതുപോലെ അയാളുടെ കാലുകള്‍ ബ്രേക്കിലമര്‍ന്നു.

അമ്പരപ്പോടെ തന്നെ നോക്കുന്ന നന്ദിതയുടെ കണ്ണുകളിലെ ഉറക്കച്ചടവു ശ്രദ്ധിച്ചു കൊണ്ട് യതീന്ദ്രന്‍ ചോദിച്ചു.

‘’ നന്ദിത നീ ഇന്നലെ ഉറങ്ങിയില്ലാ അല്ലെ? ഞാനും ഇന്നലെ രാത്രി ഒട്ടും ഉറങ്ങിയില്ല. ഞാന്‍ വല്ലാത്തൊരു ആത്മസങ്കടത്തിലായിരുന്നു ഇന്നലെ രാത്രി മുഴുവന്‍. എന്നെ ഒരു നല്ല മനുഷ്യനാക്കി മാറ്റിയെടുത്തവളാണു നീ . വാടകക്കാണു നിന്നെ എനിക്കു കിട്ടിയെതെങ്കിലും ഒരു വാടകക്കാരിയായി നിന്നെ ഞാനിതുവരെ കരുതിയിട്ടില്ല. ഇപ്പോള്‍ ഞാന്‍ ഒരു ഉറച്ച തീരുമാനമെടുത്തു. എന്റെയീ അടുക്കും ചിട്ടയും നിറഞ്ഞ ഇപ്പോഴെത്തെ ജീവിതം എന്നും നിലനില്‍ക്കണമെങ്കില്‍ നീ ഉണ്ടാകണം എന്റെ കൂടെ . സുഹൃത്തിനേക്കാള്‍ അധികാരമുള്ള ഒരാളായിട്ട്’‘

ഞെട്ടലോടെ നന്ദിത അയാളുടെ കണ്ണുകളിലേക്കു നോക്കി. യതീന്ദ്രന്റെ മിഴിക്കുള്ളില്‍ പ്രണയത്തിന്റെ കുഞ്ഞുനക്ഷത്രവെട്ടം അവള്‍ തിരിച്ചറിഞ്ഞു.

യതീന്ദ്രന്റെ മുഖത്തു നോക്കാന്‍ ശക്തിയില്ലാതെ കണ്ണുകള്‍ പിന്‍വലിച്ച് അവള്‍ പറഞ്ഞു ‘’ യതീന്ദ്രന്‍ എന്നോടു ക്ഷമിക്കണം . എനിക്കു മടങ്ങിപ്പോയേ പറ്റൂ. കാരണം എന്നെ കാത്തു കഴിയുന്ന ചിലരുണ്ട്...അവര്‍ക്ക് ഞാന്‍ മാത്രമേയുള്ളു ആശ്രയമായിട്ട്.. എനിക്ക് അവരും’‘

''ആരാണവര്‍?’‘

തിടുക്കത്തോടെ യതീന്ദ്രന്‍ ചോദിച്ചു.

അതിനു മറുപടിയായി തന്റെ ഹാന്‍ഡ് ബാഗില്‍ നിന്നും ഒരു പഴകി ദ്രവിച്ച ഫോട്ടോ കയ്യിലെടുത്തു. വീല്‍ചെയറില്‍ രണ്ടു കാലുകളും തളര്‍ന്നിരിക്കുന്ന ഒരു ചെറുപ്പക്കാരനോടൊപ്പം നില്‍ക്കുന്ന അവളുടെ ഫോട്ടോ. കയ്യില്‍ ഒരു കൊച്ചു കുട്ടിയുമുണ്ട്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ ആയിരുന്നെങ്കിലും അവളുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നിടത്ത് എവിടേനിന്നോ ഒരു ചുവപ്പ് മഷി പടര്‍ന്നിരുന്നു.

ഷെമീർ പട്ടരുമഠം

പട്ടരുമഠം,

പുന്നപ്ര,

ആലപ്പുഴ - 4.


Phone: 9895223324
E-Mail: shameerpattarumadom@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.