പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ജനല്‍പാളികള്‍ തുറക്കുമ്പോള്‍

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നിഷാന്ത് കെ

ജനല്‍പാളികള്‍ തുറക്കാന്‍ ഇത്തിരി ആയാസം തോന്നി. അഴികള്‍ തുരുമ്പെടുക്കാന്‍ തുടങ്ങിയിരിക്കുന്നു . പുഴയില്‍ നിന്നുള്ള കാറ്റാണ് ആദ്യം മുറിക്കുള്ളിലെത്തിയത്.മേശപ്പുറത്തെ ഡയറി താളുകളില്‍ പരതിയ ശേഷം അതവിടെ ചുറ്റിപ്പറ്റി നിന്നു. മതിലിനപ്പുറം .. പുഴ ഒഴുകുന്നു ..പാറക്കടവിനു കാവല്‍ക്കാരായി ചീനിയും അരയാലും.

ഒരാഴ്ച മുമ്പാണ് ഈ ബ്രാഞ്ചിലേക്ക് മാറിയത് . അന്ന് മുതല്‍ അന്വേഷണം തുടങ്ങിയതാണ് നല്ലൊരു വീടിനു വേണ്ടി . ഒറ്റയ്ക്ക് താമസിക്കാന്‍ വീട് കിട്ടുക വലിയ പ്രയാസമാണ് ,പ്രത്യേകിച്ച് നാട്ടിന്‍ പുറങ്ങളില്‍. ഓഫീസില്‍ വന്ന ഒരു മാഷാണ് ഈ വീടിനെക്കുറിച്ചു പറയുന്നത് . അങ്ങേരുടെ കുടുംബ സ്വത്തില്‍ പെട്ട സ്ഥലമാണത്രേ . ഭാഗം വച്ചപ്പോള്‍ ഈ വീട് ചെറിയ പെങ്ങള്‍ക്ക് ആണ് കിട്ടിയത്. അവളും ഭര്‍ത്താവും ഇപ്പോള്‍ വിദേശത്താണ്. ഏതായാലും മാഷിന്റെ ശ്രമ ഫലമായി വീട് കിട്ടി . പുഴക്കരയിലാണ് മനോഹരമായ ഇരു നില മാളിക.

പുഴക്കഭിമുഖമായിട്ടാണ് മുകളിലെ റൂമിന്റെ ജനലുകള്‍ . അതിനാല്‍ കിടപ്പുമുറി അത് തന്നെ എന്ന് തീരുമാനിക്കാന്‍ പ്രയാസമുണ്ടായില്ല .

ജനലിനപ്പുറം പുഴ ശാന്തമായി ഒഴുകുന്നു. പാറക്കല്ലുകളില്‍ താളമിട്ടുകൊണ്ട് രജകന്റെ പിന്മുറക്കാര്‍, തമ്പ്രാക്കളുടെ കമ്പിളിക്കെട്ടുകളുമായി . ആലിലകള്‍ ഇപ്പോള്‍ നിശബ്ദമാണ് പുഴയിലെക്കിറങ്ങുന്ന പടവുകള്‍ ആകെ പൊട്ടി പൊളിഞ്ഞിരിക്കുന്നു .

ഏതാണ്ട് അമ്പത് സെന്റ് ഭൂമിയില്‍ പുഴയിലെക്കഭിമുഖമായി നില്ക്കുന്ന വീടിനെ പുഴക്കടവുമായി വേര്‍തിരിക്കുന്നത് മുള്‍വേലികളാണ്

കാലങ്ങളുടെ ചവിട്ടടികള്‍ ഏറ്റു വാങ്ങി കൊണ്ട് പുഴയിലേക്കുള്ള കല്‍പ്പടവുകള്‍,വലതുവശത്തായി യുഗങ്ങളുടെ കഥയുമായി അരയാല്‍ മുത്തശ്ശി. പുഴയില്‍ വെള്ളം കുറവാണ്. കൈക്കുമ്പിളില്‍ കോരിയ വെള്ളത്തിന് മകര മഞ്ഞിന്റെ തണുപ്പ്.. പാറക്കടവില്‍ ഇരുന്നു നേരം പോയതറിഞ്ഞില്ല .ഇരുളാന്‍ തുടങ്ങിയപ്പോഴാണ് തിരിച്ചു നടന്നത് .

വീട്ടില്‍ മാഷ് കാത്തു നില്ക്കുന്നുണ്ടായിരുന്നു .സുഖ വിവരങ്ങള്‍ തിരക്കാനാണ് വന്നത് .ഇത്രയും നല്ലൊരു സ്ഥലം സംഘടിപ്പിച്ചതിന് മാഷോടുള്ള നന്ദി മറച്ചു വെച്ചില്ല .

'രഘുവിന്റെ ഭക്ഷണത്തിന്റെ കാര്യൊക്കെ എങ്ങനാ ..?'

''രാത്രി ഭക്ഷണം പതിവില്ല .രാവിലെയും ഉച്ചക്കും ബാങ്കിന് അടുത്തുള്ള ഹോട്ടലില്‍ തന്നെ ''

'വീട്ടീന്ന് കൊണ്ടുവരാം ..' മാഷ് ഭംഗിവാക്ക് പറഞ്ഞു.

സ്‌നേഹത്തോടെ നിരസിച്ചു.

പുസ്തകങ്ങളെല്ലാം അടുക്കി ഷെല്‍ഫില്‍ വെച്ചപ്പോഴേക്കും സമയം പത്തുമണി യോടടുത്തിരുന്നു .ജാലകത്തിന് വെളിയില്‍ നിലാവില്‍ കുളിച്ചു നില്ക്കുന്ന പുഴ.ചന്ദ്ര ബിംബം മാറില്‍ അണിഞ്ഞു കൊണ്ട്.

വശ്യതയോടെ.

ഏറെനേരം അത് നോക്കിനിന്നു .പെട്ടെന്നാണ് ചന്ദ്രബിംബം ഇളകാന്‍ തുടങ്ങിയത് ..ആരോ പുഴയിലേക്ക് എന്തോ എറിഞ്ഞതാണ് ..

പാറക്കടവില്‍ ആരോ ഇരിക്കുന്നു .തോന്നുന്നതാണോ ...

അല്ല ആരോ ഉണ്ട് ..അയാള്‍ പുഴയിലേക്ക് എന്തോ വലിച്ചെറിഞ്ഞതാണ് .

അയാള് പുഴയില്‍ ഇറങ്ങുന്നില്ല. ഒരു മദ്യപാനിയുടെതിനു സമാനമായ ചലനങ്ങളാണ്.. നാശം പിടിക്കാന്‍ .നല്ലൊരു ദൃശ്യാനുഭാവമാണ് നഷ്ടപ്പെട്ടത്.

മൊബൈല്‍ റിംഗ് കേട്ടാണ് ഉണര്‍ന്നത്.സുധിയാണ്.

'എടാ നിന്റെ ലാപ് ഞാന്‍ കൊറിയര്‍ ചെയ്തിട്ടുണ്ട് .ഇന്നവിടെ കിട്ടുമായിരിക്കും '

അമ്മയുടെ വിശേഷം ചോദിക്കാന്‍ തുടങ്ങുമ്പോഴേക്കും അവന്‍ ഫോണ്‍ കട്ട് ചെയ്തു .

പോരുന്ന തിരക്കില്‍ ലാപ് എടുക്കാന്‍ വിട്ടുപോയിരുന്നു .തന്റെ അവതാരങ്ങളായ ലക്ഷ്മിയും ശ്യാമും എല്ലാം ഫേസ് ബുക്കില്‍ സുഖമായിരിക്കുന്നോ ആവോ ..കുറച്ചു നാളുകളായി കൂടു മാറ്റം നടത്തിയിട്ട് .

ജാലകത്തിന് വെളിയില്‍ മഞ്ഞു പുതപ്പിനുള്ളില്‍ ഉറക്കം ഉണരാതെ പുഴ, രാവിന്റെ വേഴ്ച്ചക്കൊടുവിലെ ശയനം .

വെള്ളത്തിന് നല്ല തണുപ്പായിരുന്നു .നീന്തല്‍ വശമില്ലാത്തതിനാല്‍ വെള്ളത്തിലേക്ക് അധികദൂരം സഞ്ചരിക്കാന്‍ മിനക്കെട്ടില്ല.

തല തോര്‍ത്തുമ്പോള്‍ പിറകില്‍ നിന്നും ഒരു ശബ്ദം ..

'ചതിയന്‍മാരോട് കൂട്ടുകൂടരുത് '

തൊട്ടു പിന്നില്‍ കിളരം കൂടിയ കൃശ ഗാത്രനായ ഒരു മനുഷ്യന്‍ .നീല ജീന്‍സും കാവി ജൂബയുമാണ് വേഷം.ഷേവ് ചെയ്യാത്ത മുഖം .

ഇന്നലെ രാത്രി കണ്ട ആളാണല്ലോ ഇത് ..

'ഇന്നലെ രാത്രി ഇവിടെ കണ്ടല്ലോ ..വീട് അടുത്താണോ'' ?

മറുപടിയില്ല ..

രഘു തിരിച്ചു പോരുമ്പോഴും അയാള്‍ ആ പാറക്കെട്ടില്‍ ഇരിക്കുകയായിരുന്നു ബാങ്കില്‍ പോവാന്‍ തുടങ്ങുമ്പോള്‍ ..ജാലകത്തിന് വെളിയില്‍ അയാളും പുഴയും നേര്‍ക്കുനേര്‍ നോക്കിയിരിക്കുകയായിരുന്നു.

ദിവസങ്ങള്‍ കടന്നു പോവുമ്പോള്‍ അയാള്‍ ഒരു ശല്യക്കാരനായി മാറുകയായിരുന്നു .രാത്രികളില്‍ മദ്യപിച്ചു ഉറക്കെ പാട്ടുപാടുക ,പുഴയിലേക്ക് കുപ്പികളും കല്ലുകളും വലിച്ചെറിയുക എന്നിവ അയാളുടെ ദിനചര്യകള്‍ ആയിരുന്നു.

ജാലകത്തിന് വെളിയില്‍ എല്ലാ സമയവും അയാള്‍ ആയിരുന്നു .. ..പുഴയുടെ ഭാവങ്ങള്‍ക്കുപരി അയാളുടെ ചെയ്തികളിലേക്ക് ആണ് ഇപ്പോള്‍ ജാലകം തുറക്കപ്പെടുന്നത് രഘു പോലീസിനെ വിളിച്ചു ..

വൈകുന്നേരം അയാളെ പോലീസ് കൊണ്ട് പോവുമ്പോള്‍ രഘു വീടിന്റെ മുറ്റത്ത് നില്ക്കുകയായിരുന്നു.

കടന്നു പോവുമ്പോള്‍ അയാള്‍ പുലമ്പുന്നുണ്ടായിരുന്നു ..

'ചതിയന്മാരോട് കൂട്ടുകൂടരുത് ..'

മയക്കുമരുന്ന് ആയിരിക്കും,അല്ലെങ്കില്‍ വട്ട്..ഏതായാലും ശല്യം ഒഴിഞ്ഞു കിട്ടിയല്ലോ ആശ്വാസം ..

അയാള് പോകുന്നത് നോക്കി രഘു നിന്നു.

മാഷ് വരുന്നുണ്ടായിരുന്നു ..അയാളോടും പോലീസ്‌നോടും എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.

'പാവം നന്ദേട്ടന്‍...' മാഷ് പറഞ്ഞു ..

''മാഷിനറിയുമോ ആളിനെ .''.? രഘു ചോദിച്ചു.

മാഷ് ഒരു ദീര്‍ഘ നിശ്വാസത്തോടെ ഒന്ന് മൂളി

''നന്ദേട്ടന്‍ ...?''

''സ്‌കൂള്‍ മാഷായിരുന്നു ..ഇപ്പോള്‍ ഇതാണ് അവസ്ഥ ...''

''എന്ത് പറ്റിയതാ അങ്ങേര്‍ക്ക്.?''.രഘുവിന് ജിജ്ഞാസ അടക്കാനായില്ല.

''രണ്ടാഴ്ച മുമ്പാണ് നന്ദേട്ടന്റെ മകന്‍ ഈ കയത്തില്‍ മുങ്ങി മരിച്ചത് .ബോഡി ഇതുവരെ കിട്ടിയിട്ടില്ല .അന്ന് മുതല്‍ നന്ദേട്ടന്‍ ഇങ്ങനെയാണ് ...''

പിന്നീടു മാഷ് പറഞ്ഞതൊന്നും രഘു കേട്ടില്ല.

ചെവിയില്‍ ആര്‍ത്തലച്ചു ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം മാത്രം ..

ജാലകത്തിന് വെളിയില്‍ ഇപ്പോള്‍ പുഴയും, പുഴ ഒളിപ്പിച്ച നന്ദേട്ടന്റെ മകനും ...

നിഷാന്ത് കെ

NISHANTH K | Branch Head

UAE Exchange & Financial Services Ltd.

Gift Land Towers | Ootty Road | Nilambur 679329

Tel: 0091 493 1320990 / 91 | Mob: 0091 9446516519


E-Mail: nishlovedad@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.