പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ബ്രാന്റെ‍ഡ് ചൈല്‍ഡ്

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മിലു മറിയ ആന്റോ

പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ തൂക്കം മുതല്‍ ഓരോ അളവുകളും , കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അതിന്റെ പെര്‍ഫോമന്‍സും കണ്ട് ഡോക്ടര്‍ മാതാപിതാക്കളോട് പറഞ്ഞു ‘’ ദ് ബേബി ഈസ് വെരി സ്മാര്‍ട്ട്’‘ ആധുനിക സാങ്കേതിക വിദ്യയെ പുകഴ്ത്തിക്കൊണ്ട് അവര്‍ കോള്‍മയിര്‍ കൊണ്ടു. പിറന്ന് വീണ് മുലപ്പാലിന്റേയും പൊടിപ്പാലിന്റേയും ഗന്ധം മായും മുന്‍പ് പാല്‍പുഞ്ചിരി വിതറിക്കൊണ്ട് കുഞ്ഞു വിളിച്ചു ‘ മമ്മ’ ‘ ഡാഡ’ ബുദ്ധികുറയേണ്ടെന്നു കരുതി , കുഞ്ഞ് ‘ ബിസി’ ആയിരിക്കാന്‍ മാര്‍ക്കറ്റില്‍ ലഭ്യമായവ എല്ലാം മമ്മ കലക്കിക്കൊടുത്തു. ഫ്ലാറ്റിലെ മറ്റു കുട്ടികള്‍ക്ക് ലഭ്യമായ കളിപ്പാട്ടങ്ങള്‍ ഒന്നു പോലും കുറയേണ്ടെന്നു കരുതി നഗരത്തിലെ മുന്തിയ ഷോപ്പുകള്‍ കയറിയിറങ്ങി അവയെല്ലാം വാങ്ങിക്കൂട്ടി. കളിപ്പാട്ടങ്ങളുടെ നൈമിഷികമായ ആയുസ്സുകണ്ട് വിഷമിച്ച ഗ്രാന്‍ മദറിനോട് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

‘’അവനെ തടയല്ലേ , അവന്‍ എക്സ്പ്ലോര്‍ ചെയ്ത് വളരട്ടെ ‘’ കുട്ടിക്ക് കൂടുതല്‍ താത്പര്യം കാര്‍ട്ടൂണിലെ പ്രധാന കഥാപാത്രങ്ങളോടാണെന്നും എപ്പോഴും അനുകരണമാണെന്നും വായ് തോരാതെ പോകുന്നിടത്തെല്ലാം ഉത്ഘോഷിക്കാനും മറന്നില്ല.

അവന്‍ പതുക്കെ വലുതായി. ...അവനല്ല.. അവനെപറ്റിയുള്ള ...അവനുമായി ബന്ധപ്പെട്ട ... ഓ.. എന്തോ... എന്തായാലും അവനെപറ്റിയുള്ള ആശയങ്ങള്‍ക്കിടയില്‍ ഒരു നിമിഷം ...അവനെവിടെ?? എന്തെങ്കിലുമാകട്ടെ നഗരത്തിലെ അല്ല സംസ്ഥാനത്തെത്തന്നെ ഏറ്റവും ഉന്നതമായ വിദ്യാലയം അവനു വേണ്ടി കണ്ടെത്തിക്കഴിഞ്ഞു. ഈ വിദ്യാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കുട്ടികളെ A C വാഹനത്തില്‍ മാത്രമേ കൊണ്ടുപോകാവൂ എന്നതാണ്. മാതാപിതാക്കള്‍ക്ക് ആശ്വാസമായി കുഞ്ഞ് വിയര്‍ത്താല്‍ അവന് ഫീവര്‍ വന്നാല്‍ അവന് ബുദ്ധിമുട്ടാകില്ലേ ചുണ്ട് നിറയെ ചായം തേച്ച് ഡയാന കട്ട് ചെയ്ത ‘ മിസ്സ്’ അവനെ സ്വാഗതം ചെയ്തു. കമ്പനി ഷൂവും , ബാഗും, കുടയും താങ്ങി തളര്‍ന്ന അവനതു ‘ മൈന്‍ഡ് ‘ ചെയ്തില്ല . മിസ്സ് ഗര്‍ജ്ജിച്ചു. ‘’ഡോണ്‍ഡ് യു ഹാവ് മാനേഴ്സ്? സേ ഗുഡ് മോണിംഗ്’‘

കുട്ടികള്‍ക്കിടയില്‍ തത്സ്ഥാനത്തെത്തിയപ്പോള്‍ കരച്ചില്‍ വന്നെങ്കിലും ‘ കള്‍‍ച്ചര്‍ ഇല്ലാതെ ബിഹേവ് ചെയ്യരുത് ‘ എന്ന ഡാഡയുടെ ആഹ്വാനം ഓര്‍മ്മിച്ച് അവന്‍ കടിച്ചമര്‍ത്തി. അടുത്തിരുന്ന തടിയന്‍ കൊച്ച് ആദ്യമായി പരിചയപ്പെട്ടു. ‘’ ഞാന്‍ ബി എം ഡബ്ലിയുവിലാ വന്നത്’‘ എന്റെ ഫാദര്‍ ഡോക്ടര്‍ ആണ്. നീ എങ്ങിനെയാ വന്നത്? വായില്‍ വന്നതിനെ വിഴുങ്ങി അവന്‍ പറഞ്ഞു ‘ ഞാനും’

പേരന്‍സ് മീറ്റിംഗിന് കുട്ടിയുടെ മോശം പെര്‍ഫോമന്‍സിനെ പറ്റി മിസ്സ് പറഞ്ഞപ്പോള്‍ , മമ്മ അഭിമാനത്തോടെ പറഞ്ഞു

‘’ അവന്‍ ഒരു ഹൈപ്പര്‍ ആക്ടീവ് ചൈല്‍ഡ് അണ് മാത്രമല്ല ലേണിംഗ് ഡിസെബിലിറ്റിയും ഉണ്ട് ഞങ്ങള്‍ അവന്‍ സൈക്കോളജിക്കല്‍ മാനേജ്മെന്റ് കൊടുക്കുന്നുണ്ട് . പിന്നെ അവന് മാളില്‍ പോയി ഗെയിം കളിക്കാന്‍ വലിയ ഇന്റെറസ്റ്റാ ഞങ്ങളും ഡിസ്റ്റര്‍ബ് ചെയ്യാറില്ല . കുട്ടിക്ക് ടെന്‍ഷന്‍ ആവണ്ട’‘

മിസ്സിന്റെ കണ്ണിലെ തിളക്കത്തിന് ഒരു മോഡേണ്‍ ടച്ച് ഉണ്ടായിരുന്നു മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു ‘’ മമ്മയുടെ സ്റ്റൈല്‍ പോര ഇനി മീറ്റിംഗിന് ഇങ്ങനെ വരേണ്ട അലന്റെ അമ്മ മോനിക്ക ആന്റിയെ നോക്ക്, അടിപൊളി സ്റ്റൈല്‍ പിന്നെ ഞങ്ങളുടെ റിച്ച മിസ്സിന്റെ ലിപ്സ്റ്റിക്ക് കണ്ടില്ലേ...’‘

മോനേ മമ്മ...’‘ വാക്കുകള്‍ എവിടെയോ കുരുങ്ങിപ്പോയി ഓ സാരമില്ല അവനതെല്ലാം നോട്ട് ചെയ്യുന്നുണ്ടല്ലോ ഡാഡയോട് പറയണം ' ഹി ഈസ് ഇംപ്രൂവിംഗ് ' മകനെ ഇംപ്രസ്സ് ചെയ്യാന്‍ മമ്മ അവന് പ്രിയപ്പെട്ട ബര്‍ഗര്‍, സോസേജ്, കോള .... എല്ലാം വാങ്ങിക്കൊടുത്തു. ചെറുക്കന്‍ ക്ഷണനേരം കൊണ്ട് എല്ലാം അകത്താക്കി , അമ്മയുടെ മൊബൈലില്‍ റസ്സലിംഗ് ഗെയിം കളിച്ചുകൊണ്ടിരുന്നു.

‘’ ഹായ് ഫ്രന്‍ഡ്സ് കണ്ടോ എന്റെ പുതിയ ഡ്രസ്സ് ഇത് വളരെ കോസ്റ്റലി ആണ് പിന്നെ ഇടാനും കംഫര്‍ട്ടബിള്‍ ‘’ പത്തു വയസ്സുകാരന്‍ ജെല്‍ തേച്ച് സ്പൈക്ക് ആക്കിയ മുടിയില്‍ തടവിക്കൊണ്ട് പറഞ്ഞു ‘’ഓ ഞങ്ങള്‍ അവന്റെ ബര്‍ത്ത് ഡേക്ക് വാങ്ങിയതാ മോനേ അതിന്റെ കമ്പനി നെയിം അറിയില്ലേ നിനക്ക്?’‘ മമ്മ ചിണുങ്ങി . കാറില്‍ ചീറിപ്പാഞ്ഞു പോകുമ്പോള്‍ മൂക്കൊലിപ്പിച്ചുകൊണ്ട് വഴിയോരത്തിരിക്കുന്ന പയ്യനെ നോക്കിചെറുക്കന്‍ പറഞ്ഞു ‘’ ഡെര്‍ട്ടി ഫെല്ലോ ഇവന്റെ വീട്ടില്‍ 'ഡോവ്’ സോപ്പൊന്നും ഇല്ലേ? മമ്മ ശരി വച്ചു ‘’ മോനേ അതുങ്ങളെയൊന്നും നോക്കുകപോലും ചെയ്യണ്ട.’‘

പത്താം ക്ലാസ്സ് പാസ്സാകാന്‍ ഓരോ വിഷയത്തിനും വിദഗ്ദരെ ഏര്‍പ്പാട് ചെയ്യേണ്ടി വന്നു. അത് സ്റ്റാറ്റസ് സിംബലായി വിളംബരം ചെയ്യുകയും ചെയ്തു. ഇന്റെര്‍നെറ്റും , മൊബൈലും ഇല്ലെങ്കില്‍ അവന്‍ മറ്റുള്ളവരില്‍ നിന്നും പുറന്തള്ളപ്പെടും എന്ന് മനസ്സിലാക്കിയ ഡാഡ , അവയെല്ലാം അവന്‍ ആവശ്യപ്പെടുന്നതിനു മുന്‍പേ നല്‍കി. ചെറുക്കന്റെ ലോകം പിന്നീട് ഇവ ഏറ്റെടുത്തു. അടുത്ത മുറിയില്‍ പനിപിടിച്ച് വിറച്ചു കിടന്ന മദര്‍ കുറച്ചു വെള്ളത്തിനായി അവനെ വിളിച്ചപ്പോള്‍ അവന്‍ വൈലന്റായി ‘’ തള്ളക്ക് എന്താ അടങ്ങിക്കിടന്നുകൂടെ വെറുതെ സമയം മിനക്കെടുത്താന്‍’‘ അവന്റെ വിരലുകള്‍ കമ്പ്യൂട്ടര്‍ കീ ബോര്‍ഡില്‍ അതിവേഗം വിളയാടിക്കൊണ്ടിരുന്നു. പഠിക്കാന്‍ അവന് സമയം ലഭിച്ചില്ല. എങ്കിലും അവന്റെ ഫാദര്‍ അവനുവേണ്ടി മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിംഗ് കോളേജിലും പണം കെട്ടി വച്ചു. ഇനി +1 ഉം + 2 ഉം കഴിയുമ്പോള്‍ അവന്‍ ആലോചിച്ച് കഷ്ടപ്പെടേണ്ട. അതിനും ഇന്റെര്‍നാഷണല്‍ ലേബല്‍ ഉണ്ടെന്ന് ഉറപ്പുവരുത്തി

അവിടേക്ക് എത്തും മുന്‍പ് എന്തോ ഒന്ന് ...അതേ നിസ്സാരമായ എന്തോ ഒന്ന് ... കൈമോശം വന്നു പോയി . വിദഗ്ദര്‍ അത് കണ്ടെത്തി ... ‘’മൈന്‍ഡ്’‘ നിര്‍വികാരതയുടെ ലോകം അവനെ നോക്കി മന്ത്രിച്ചു ....

‘ പാവം ബ്രാന്റ് ചൈല്‍ഡ് ‘

മിലു മറിയ ആന്റോ

Asst. Professor,

Prajyoji Niketan College,

Pudukad, Thrissur.


Phone: 9495321687
E-Mail: miluanto99@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.