പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒഴിവ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കനകരാഘവൻ

പുഴ ചെറുകഥാമത്സരം - മികച്ച പതിനാലുകഥകളിൽ ഒന്ന്‌

പരസ്യത്തിനുശേഷം വീണ്ടും അവതാരകൻ പ്രത്യക്ഷപ്പെട്ടു.

കേന്ദ്രമന്ത്രിസഭയുടെ പ്രത്യേക അടിയന്തിര യോഗം എട്ടുമണിയ്‌ക്കു കൂടുമെന്നാണ്‌ ഞങ്ങളുടെ ഡൽഹി ലേഖകൻ.....

ശാരദ തട്ടിവീഴുന്ന വേഗത്തിൽ പടവുകളിലൂടെ ഓടിയിറങ്ങി വന്നു.

“വല്ലതും പറഞ്ഞോ?”

“നേരത്തേ പറഞ്ഞതു തന്നെ”. മേനോൻ അസ്വസ്ഥനായി.

“ഈശ്വരാ...... അവധി ഉണ്ടായിരുന്നാൽ മതിയായിരുന്നു.” ശാരദ വേഗം ടെലഫോണെടുത്തു ഡയൽ ചെയ്‌തു.

“വല്ലതും അറിഞ്ഞോ....? ഹസ്‌ബന്റിനോടു ചോദിക്യാർന്നില്ലേ.... അവരല്ലേ നേരത്തേ അറിയുക.....!!” പിന്നെ അവളുടെ ശബ്ദത്തിൽ നിരാശ കലരുന്നത്‌ അയാൾ കേട്ടു.

“ഉഷേടെ ഹസ്‌ബന്റ്‌ ജേർണലിസ്‌റ്റല്ലേ...... അവരായിരിക്കുമല്ലോ ആദ്യം അറിയുക....അതുകൊണ്ടേ വിളിച്ചത്‌. അവർക്കും അറിയില്ലാത്രേ......”

സർക്കാർ അവധി പ്രഖ്യാപിച്ചാലല്ലേ അവർക്ക്‌ പറയാൻ പറ്റു. അവർക്കെന്താ ദിവ്യ ദൃഷ്ടിയുണ്ടോ. അത്ര അത്യാവശ്യമാണെങ്കിൽ താൻ നാളെ ഒരു ദിവസം ലീവെടുത്തു വീട്ടിലിരുന്നോ......“

ശാരദ പിന്നെ നിന്നില്ല. വന്ന വേഗത്തിൽ മുകളിലേയ്‌ക്ക്‌ ഓടിക്കയറി. ”മരണവാർത്ത വന്നതുകൊണ്ടു ഒരു വക നോക്കിയില്ല. ഇനി അവധീം കൂടിയില്ലെങ്കിൽ നാളെ ക്ലാസിൽ പോയി ബബ്ബബ്ബാ അടിച്ചതു തന്നെ.....“

ഉച്ചയ്‌ക്കു രഘു വിളിച്ചു പറഞ്ഞപ്പോഴാണ്‌ ടീ വി വച്ചുനോക്കിയത്‌. ജീവചരിത്രം വിസ്‌തരിച്ചു കാണിയ്‌ക്കുന്നുണ്ടായിരുന്നു. ഉഴവൂരിലെ കുട്ടിക്കാലം.... കിലോമീറ്ററുകളോളം നടന്ന്‌ സ്‌കൂളിൽ പോയിരുന്നത്‌..... സർ. സി. പി. അദ്ധ്യാപകനാക്കാൻ മടിച്ച്‌ ഗുമസ്തനാക്കിയത്‌..... ഗാന്ധിജിയെ കണ്ടത്‌.... പിന്നെ ഒന്നു രണ്ടു പേരുടെ അനുശോചനവും.

പ്രതീക്ഷിച്ചിരുന്നതുകൊണ്ടു വലിയ വ്യാകുലത തോന്നിയില്ല. എങ്കിലും വാർദ്ധക്യത്തിലും തുടിപ്പുവറ്റാത്ത ആ മുഖം കണ്ടപ്പോൾ..... എന്തോ നേരിയ......

ലീലയും കുട്ടികളും പൂജാ ഹോളിഡേയ്‌സിനു പ്രതീക്ഷിച്ചിരുന്നതാണ്‌. ഇത്തവണ നറുക്കു വീണതുപോലെ ഒരാഴ്‌ചത്തെ അവധിയാണ്‌ കിട്ടിയത്‌.

മുൻ രാഷ്‌ട്രപതി കെ.ആർ.നാരായണൻ അത്യാസന്ന നിലയിലാണെന്ന വളരെ ചെറിയ വാർത്ത തപ്പിയെടുത്ത്‌ ഉറക്കെ വായിച്ചത്‌ ലീല തന്നെയാണ്‌. ”ഈശ്വരാ..... തിങ്കളാഴ്‌ച മരിച്ചാൽ മതിയേ......“

പ്രാർത്ഥിച്ചു തിരിഞ്ഞുനോക്കിയത്‌ മേനോന്റെ മുഖത്ത്‌. മേനോൻ ലീലയുടെ പ്രാർത്ഥന കേട്ടില്ലെന്നു നടിച്ചു, അവൾ കൂടുതൽ ചൂളാതിരിയ്‌ക്കാൻ.

കുട്ടികളെ പഠിപ്പിക്കാൻ പറ്റിയ ആളുതന്നെ എന്നു പറയാനാണ്‌ തോന്നിയത്‌. പക്ഷേ വിഴുങ്ങി. അത്രയേ ഉണ്ടാവുകയുളളൂ മമത. കെ.ആർ.നാരായണനാരാണ്‌? തനിയ്‌ക്കോ അവൾക്കോ ആരെങ്കിലുമാണോ? ഭാരതത്തിന്റെ രാഷ്‌ട്രപതിയായിരുന്നു. മലയാളിയായിരുന്നു. ഇതിൽക്കവിഞ്ഞ്‌...... പക്ഷേ ഏറെ കാണുകയും കേൾക്കുകയും ചെയ്‌തിരുന്ന ആളാണ്‌. അങ്ങിനെയുളള ഒരാൾ മരിയ്‌ക്കുമ്പോൾ ഷോക്കേറ്റു ചത്തുവീണ ഒരു കാക്കയോടു തോന്നുന്ന അനുതാപം പോലും എന്തുകൊണ്ടു.....?

”അങ്ങേരു ചത്തില്ലെടോ......“ രഘു തന്നെയാണ്‌ കുറച്ചു കഴിഞ്ഞ്‌ വീണ്ടും വിളിച്ചു പറഞ്ഞത്‌. പെട്ടെന്ന്‌ ഓർമ വന്നത്‌ ജയപ്രകാശ്‌ നാരായണനെയാണ്‌. ജെ.പി. മരിച്ചുവെന്ന തെറ്റായ വാർത്ത ഇതുപോലെ പരന്നിരുന്നു. അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിയായിരുന്നു പാർലമെന്റിൽ ഈ വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചത്‌.

”ഒരു സ്വപ്നം അങ്ങനെ പൊലിഞ്ഞു.“

രാജശേഖരൻ കൈകൾ തലയ്‌ക്കു മുകളിൽവച്ച്‌ കസേരയുടെ വക്കിലേയ്‌ക്ക്‌ തളളിയിരുന്ന്‌ പിറകിലേയ്‌ക്ക്‌ ചാരിക്കൊണ്ടു പറഞ്ഞുഃ ഞാനും മോഹനനും ഗോമസും കൂടി ഒന്നു റിലാക്‌സ്‌ ചെയ്യാമെന്നു വിചാരിച്ചതാ..... അതു പോയിക്കിട്ടി. ഇനി വന്നുവന്ന്‌ അത്‌ ഞായറാഴ്‌ചയാകാതിരുന്നാൽ മതി.”

നാരായണനും ഇതുപോലെയുളള അവധി ദിവസങ്ങൾക്കായി കൊതിച്ചിരിയ്‌ക്കുമോ? അദ്ദേഹത്തിന്റെ സങ്കല്പത്തിൽ എന്തായിരുന്നിരിക്കും അവധി.....?

ഉച്ചയ്‌ക്കുശേഷമുളള രണ്ടു പീരിയഡും ഉണ്ടായിരുന്നില്ല. അതുകൊണ്ടു ലൈബ്രറിയിൽ ചെന്നിരുന്നു വായിക്കാൻ തോന്നിയില്ല. വണ്ടിയിൽ കയറുമ്പോൾ എക്കണോമിക്‌സിലെ സുനിത കളളച്ചിരിയോടെ ചോദിച്ചു. “ക്രിക്കറ്റ്‌ കാണാൻ പോവുകയാണല്ലേ?”

ആണെന്നോ അല്ലെന്നോ പറഞ്ഞില്ല. ഇൻഡ്യ ശ്രീലങ്ക മത്സര പരമ്പരയിൽ ഏഴിൽ നാലു കളിയും ഇൻഡ്യ തന്നെയാണ്‌ ജയിച്ചത്‌. അതുകൊണ്ടു തന്നെ ഇന്നത്തെ കളികാണാൻ തെല്ലും താത്‌പര്യം ഉണ്ടായിരുന്നില്ല, പുതിയ കളിക്കാരന്റെ പ്രകടനത്തെക്കുറിച്ചറിയാനുളള കൗതുകമൊഴിച്ച്‌......

“കേട്ട വാർത്ത തെറ്റാ അല്ലേ സാറേ.....” സുനിത ഒന്നുകൂടി വാർത്ത സ്ഥിരീകരിയ്‌ക്കാൻ ശ്രമിച്ചു. അവളുടെ ദുഃഖം മനസിലാക്കാം. കല്യാണം കഴിഞ്ഞിട്ട്‌ ആഴ്‌ചകളേ ആയിട്ടുളളൂ. അവൾക്ക്‌ ഒരു ദിവസത്തെ അവധി വിലപ്പെട്ടതു തന്നെയാണ്‌.

“വേറെ ചാനൽ വയ്‌ക്കച്ഛാ..... അതില്‌ അവധി പറയുന്നുണ്ടോ എന്നു നോക്കാലോ.....” രേവതി കസേരയുടെ കൈയിലിരുന്ന്‌ മേനോന്റെ ശരീരത്തിലേയ്‌ക്ക്‌ ചാരി. അവളുടെ കൈയിൽ ചൂണ്ടുവിരൽ കൊണ്ടു അടയാളം വച്ച നോട്ടുബുക്കുണ്ടായിരുന്നു.

“നാളെ ടെസ്‌റ്റ്‌ പേപ്പറുളളതാ...... പഠിയ്‌ക്കണോ വേണ്ടയോ എന്നു തീർച്ചയാക്കാമല്ലോ......” അവൾ റിമോട്ട്‌ കൺട്രോളറെടുത്ത്‌ ചാനലുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. എല്ലായിടത്തും ഏതാണ്ട്‌ ഒരേ വാർത്തയാണ്‌ സ്‌ക്രോളിങ്ങായി പോയിക്കൊണ്ടിരുന്നത്‌.

ആദ്യ ദളിത്‌ രാഷ്‌ട്രപതി...... മുഖ്യമന്ത്രിയും റവന്യൂ വകുപ്പു മന്ത്രിയും ഡൽഹിയിൽ...... വീണ്ടും നേരത്തെ വച്ചിരുന്ന ചാനലിലേയ്‌ക്കു വന്നു. അപ്പോൾ ഉഴവൂരിൽ നിന്നുളള വാർത്തകളായിരുന്നു വന്നുകൊണ്ടിരുന്നത്‌. കെ.ആർ.നാരായണന്റെ ജന്മനാട്ടിൽ ഒട്ടുമിക്ക കടകളും അടഞ്ഞു കിടക്കുകയാണ്‌. ഗ്രാമീണർ തീർത്തും ദുഃഖിതരാണ്‌. വീടുകൾക്കു മുമ്പിൽ ആൾക്കാർ ശോകമൂകരായി നിൽക്കുന്നതാണ്‌ കാണാൻ കഴിയുന്നത്‌. ലേഖകൻ പതിവുപോലെ തപ്പിതടഞ്ഞാണ്‌ വിവരിയ്‌ക്കുന്നത്‌. വാർത്താ അവതാരകന്‌ അതിൽ വലിയ മനഃപ്രയാസമുളളതായി തോന്നിയില്ല.

കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക അടിയന്തിര യോഗം എട്ടുമണിയ്‌ക്ക്‌ ചേരും എന്നു വീണ്ടും എഴുതിക്കാണിച്ചു. അപ്പോൾ സമയം 8.42 ആയെന്നു മേനോൻ ശ്രദ്ധിച്ചു. സ്‌ക്രീനിന്റെ ഓരോരത്ത്‌ ചാനൽ തന്നെ കാണിയ്‌ക്കുന്ന സമയമുണ്ടായിരുന്നു.

.....ജനങ്ങളുടെയും ബന്ധുക്കളുടെയും ആഗ്രഹം മൃതദേഹം കേരളത്തിലേയ്‌ക്ക്‌ കൊണ്ടുവരണമെന്നാണ്‌......

“ഹായ്‌...... ഡെഡ്‌ ബോഡി കൊണ്ടുവർവോ അച്ഛാ? എങ്കിൽ രണ്ടുദിവസത്തെ അവധി ഒത്തു. കൊണ്ടുവന്നതും സംസ്‌കരിയ്‌ക്കാനൊന്നും പറ്റില്ലല്ലോ...... പ്രദർശിപ്പിയ്‌ക്കണ്ടെ......” അവൾ സ്വയം ഓർമപ്പെടുത്തുന്നതുപോലെ പറഞ്ഞു.

നേർത്ത സംഗീതത്തോടെ ടീവിയിൽ ആഭരണങ്ങളുടെ പരസ്യം തെളിഞ്ഞു. വെളുത്ത ചർമ്മമുളള സുന്ദരികൾ ആടയാഭരണങ്ങൾ ചാർത്തി ചാരുതയോടെ പല ഭാവങ്ങളിൽ നിറഞ്ഞു. അതിനുശേഷം വന്നത്‌ റേഡിയോ മിർച്ചിന്റെ പരസ്യം. മരണാസന്നനായി കിടക്കുന്ന രോഗിയുടെ ചുറ്റും മൂഖം മൂടിയ ആതുരശുശ്രൂഷകർ നൃത്തം ചെയ്യുകയാണ്‌. ഒടുവിൽ രോഗിയും കണ്ണുതുറന്ന്‌ അവരോടൊപ്പം......

ഖേദകരമായ വാർത്തയാണിപ്പോൾ നൽകുവാനുളളത്‌..... പരസ്യം തീർന്നതും അവതാരകൻ പ്രത്യക്ഷപ്പെട്ടു. മറ്റൊരു ദുരന്തം കൂടി.....? ആകാംക്ഷ തിങ്ങവെ അവതാരകൻ പൂർത്തിയാക്കി. മുൻ രാഷ്‌ട്രപതി കെ.ആർ.നാരായണൻ നമ്മോടു വിടപറഞ്ഞിരിക്കുകയാണ്‌......

“ഓ ഇതാണോ..... ഇതല്ലേ ഇത്രയും നേരം പറഞ്ഞു കൊണ്ടിരുന്നത്‌...... അവധി പറയുമ്പോൾ അറിയിച്ചാൽ മതി.” രേവതി എഴുന്നേറ്റു.

അപ്പോൾ മൊബൈൽഫോൺ ശബ്ദിക്കാൻ തുടങ്ങി. അശോകനായിരുന്നു. അയാളുടെ ശബ്ദത്തിൽ നേർത്ത അരിശമുണ്ടായിരുന്നു. “ടി വി കാണുന്നുണ്ടോ?”

“എന്തേ.....?”

“എനിയ്‌ക്കൊരു സംശയം. ഇന്നത്തെ കളി മുടങ്ങാതിരിക്കാൻ മരണവാർത്ത ഒളിപ്പിച്ചുവച്ചതാണോ?”

“ഛേ അങ്ങനെ ചെയ്യോ?”

“നമ്മുടെ നാടല്ലേ...... അതും അതിനപ്പുറവും ചെയ്യും. കളി അങ്ങിനെ നിർത്താൻ പറ്റ്വോ. പിന്നെ എല്ലാം തീർന്നില്ലെ?” അശോകൻ മദ്യപിച്ചിട്ടുണ്ടെന്നു തീർച്ച. “ബുക്കർ ടി. വാഷിംങ്ങ്‌ടണ്ണിനെ കുറിച്ച്‌ നമ്മൾ പഠിപ്പിയ്‌ക്കും. എന്നാൽ ഒരക്ഷരം ഇവരെക്കുറിച്ച്‌ നമ്മൾ.....” അയാൾ പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കെ.ആർ. നാരായണനിൽ നിന്ന്‌ അയാൾ അവാർഡ്‌ സ്വീകരിച്ചിട്ടുണ്ട്‌.

ചാനലിൽ പുതിയ സിനിമയുടെ പരസ്യം പ്രത്യക്ഷപ്പെട്ടു.

“കളിയെന്തായി? ഇൻഡ്യ ജയിച്ചോ ആവോ.....” രേവതി വീണ്ടും വന്ന്‌ റിമോട്ട്‌ കണ്ട്രോൾ കൈയിലെടുത്തു.

ഒക്‌ടോബർ 24നാണ്‌ ആർമി റിസർച്ച്‌ ആന്റ്‌ റഫറൽ ആശുപത്രിയിൽ കെ.ആർ.നാരായണനെ പ്രവേശിപ്പിച്ചത്‌. ആശുപത്രിയിൽ പ്രവേശിയ്‌ക്കുന്നതിനു തലേന്നുപോലും പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു....... വൃക്ക പ്രവർത്തനക്ഷമമായിരുന്നില്ല...... പട്ടിണിയും ദാരിദ്ര്യവും നിറഞ്ഞതായിരുന്നു കുട്ടിക്കാലം..... അധഃകൃതനായതുകൊണ്ട്‌ പല അവഗണനയ്‌ക്കും...... രേവതിയുടെ പര്യടനം വീണ്ടും നേരത്തെ വച്ചിരുന്ന ചാനലിൽ ചെന്നു നിന്നു. നാളെ വൈകുന്നേരം നാലു മുപ്പതിന്‌ ദില്ലിയിൽ പൂർണ്ണ ബഹുമതികളോടെ കെ.ആർ.നാരായണന്റെ മൃതദേഹം സംസ്‌കരിയ്‌ക്കും.

“അയ്യയ്യോ......! അപ്പോൾ കേരളത്തിലേയ്‌ക്ക്‌ കൊണ്ടുവരുന്നില്ലേ.....?” രേവതി ഹതാശയായി.

“ഇത്തവണ അവധിയൊന്നുമില്ലെന്നു തോന്നുന്നു.” ശാരദ ഇടുപ്പിൽ കൈകൊടുത്ത്‌ ക്ഷീണിതയായി ടീവിയിൽ നോക്കി നിന്നു. ടീവിയിൽ പ്രാർത്ഥിക്കുന്ന മുഖങ്ങൾ തെളിഞ്ഞു. വിവിധ വേഷക്കാർ, ഭാഷക്കാർ..... ഡിഷ്‌ ടീ വിയുടെ പരസ്യം. ശാരദ വേഗം ചെന്നു ടീവി ഓഫാക്കി.

“ഇതും നോക്കിയിരുന്ന്‌ വെറുതെ സമയം കളഞ്ഞു. വന്നു വല്ലതും കഴിയ്‌ക്കൂ.....” ശാരദ മേനോനെ നോക്കാതെ അടുക്കളയിലേയ്‌ക്കു വേഗം നടന്നു. വാതിൽക്കലെത്തിയില്ല. അതിനു മുമ്പു പുറത്ത്‌ കരഘോഷവും കൂക്കുവിളിയും കേട്ടു.

“ഇതെന്തുപറ്റി”? ശാരദ ജനലിന്റെ കർട്ടൺ മാറ്റി.

ഹോസ്‌റ്റലിൽ നിന്നാ.....“ രേവതി ചാടിയെഴുന്നേറ്റു. ”ടീ വി വയ്‌ക്കച്ചാ, എന്തോ ഗുഡ്‌ ന്യൂസുണ്ട്‌......“ മേനോൻ എഴുന്നേൽക്കുന്നതിനു മുമ്പേ രേവതി ഓടി വന്ന്‌ ടീവി ഓണാക്കി.

സംസ്‌ഥാനത്ത്‌ ഒരാഴ്‌ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നെഗോഷ്യബിൾ ഇൻസ്‌ട്രുമെന്റ്‌ ആക്‌ട്‌ പ്രകാരം നാളെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധിയായിരിക്കും എന്നു കേരള സർക്കാർ......

ഹോസ്‌റ്റലിൽ നിന്ന്‌ വീണ്ടും കൂക്കുവിളി ഉയർന്നു.

കേരളം ഇതല്ല ആഗ്രഹിച്ചത്‌. നാരായണന്റെ മൃതദേഹം കേരളത്തിൽ കൊണ്ടുവന്ന്‌.....

അവതാരകൻ ഒപ്പാരു പാടുന്നതുപോലെ അടുത്ത പരസ്യത്തിന്റെ കനിവ്‌ കാത്ത്‌ വിലപിച്ചുകൊണ്ടിരുന്നു.

”ഓ.... നാളെ കുറച്ചു നേരം കിടന്നുറങ്ങാമല്ലോ....“ ശാരദ സമാധാനത്തോടെ അടുക്കളയിലേയ്‌ക്കു പോയി.

കനകരാഘവൻ

സരസാലയം, നെടുമങ്ങാട്‌. പിഒ., തിരുവനന്തപുരം-695 541.


Phone: 9447081316
E-Mail: kanakaraghavan@yahoo.co.in
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.