പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഗോളടിക്കൂ സ്മാളടിക്കൂ കിക്കോഫിനു സമയമായി മാഷേ!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുന്ദരേശന്‍

ഒരു കിക്ക് രണ്ടു കിക്കു മൂന്നു കിക്ക് അതു കഴിഞ്ഞ് ഒരുനീണ്ട ഓഫ് അതാണു ബീവറേജസ്സിന്റെ ഒരു കിക്ക് മാഷേ! ഈ ഫുട്ബാളിലെങ്ങനെയാ അതിന്റെ ഒരിതു.സംഭവം അങ്ങു സാവോപോളോയിലാണു നടക്കുന്നതു പക്ഷേ കിക്കു മുഴുവന് ഇങ്ങ് ദൂരെ ഈ കൊച്ചു കേരളത്തിലാണെന്നു മാത്രം. മഞ്ഞ കുപ്പായവുമിട്ട് മോന്തക്കു ചായവും തേച്ചു ഞാന്‍ ബ്രസീലിന്റെ കൊച്ചുമോനാ ഞാന്‍ ആര്‍ജന്റീനായുടെ വല്യപ്പനാ എന്നും പറഞ്ഞു ഓരോ! രുത്തന്മാരു ഞെളിഞ്ഞു നടക്കുവല്ലിയോ. കാല്പ്പന്തും, ക്രിക്കറ്റു പന്തും കണ്ടാ തിരിച്ചറിയാത്തവന്മാരു പോലും. എന്തു പറയാനാ മാഷേ ഇതു സീസണല്ല്യോ സീസണ്. ഈ സ്ഥലങ്ങളൊക്കെ ഭൂഗോളത്തിലെവിടെയാന്നു പോലും ഇവന്മാര്‍ക്ക് പിടിയുണ്ടോ എന്നാ എന്റെ സംശയം മാഷേ! കാമ്രോണ് തൊട്ടു ക്രോയേഷ്യ വരെ ഭൂപടത്തില്‍ മഷിയിട്ടു നോക്കിയാല്‍ പോലും കണ്ടുപിടിക്കാന്‍ പ്രയാസമുള്ള രാജ്യങ്ങള്‍ വരെ ചലോ സാവോപോളോ! എന്നും പറഞ്ഞങ്ങിറങ്ങിരിക്കുവല്ലിയോ. പക്ഷേ നമ്മടെ അഖണ്ഡ ഭാരതത്തിനു മാത്രം അങ്ങോട്ടുള്ള വഴി തീരെ പിടിയില്ല അല്ലിയോ അതെന്താ?എന്നു വച്ചാല്‍ ഭാരതം ഒരു വലിയ ജനാധിപത്യരാഷ്ട്രമല്ലിയോ? വടംവലി അധികാര വടംവലിയേ, കബഡി ,കാലുവാരല്‍ ,കലമുടയ്ക്കല്‍, കയ്യിട്ടു വാരല്‍ ഇങ്ങനെ നിരവധി ദേശീയ ഗയിംസ് ഉള്ളപ്പോളാ ഒരു ഫുട്ബോള്.......!

അറിയാഞ്ഞിട്ടു ചോദിക്കുവാ എവിടെയാ ഈ പോളോ.മട്ടാഞ്ചേരീലോ അതോ മലപ്പുറത്തോ. ദാ ഇപ്പൊ ഒരുത്തന്‍ ടിവിയില്‍ പറയുവാ ”ഗോളടിക്കൂ സ്മാളടിക്കൂ”എന്നു എന്തു നല്ല സ്ലോഗനാ അല്ലിയോ. ഗരീബി ഹഠാവോ,ഇന്ത്യാ ഷൈന്‍ എന്നൊക്കെ പറയുന്നതു പോലെ. ഓരോ ഗോളടിക്കുമ്പോഴും ഒരു സ്മാളടിക്കുക അല്ലെങ്കില്‍ നമ്മള്‍ ഓരോ സ്മാളടിക്കുമ്പോഴും അവന്മാരു ഓരോ ഗോളടിക്കുക,ഹൌ!ത്രില്ലിങ് അല്ലിയോ. അവന്മാര് ആരാന്നാ? ഹാ മാഷേ നമ്മടെ തടിയന്റെവിട മെസ്സിയും തച്ചന്റരികത്തു നെയ്മറും, പീടിക വീട്ടിലെ ക്രിസ്റ്റ്യാനോയും പിന്നല്ലാതാരാ. അവന്റെയൊക്കെ ഒരു കപ്പാസിറ്റിയേ മുടിഞ്ഞ കപ്പാസിറ്റിയാ സ്മാളടിക്കാനേ അല്ല ഗോളടിക്കാനേ,

മാഷേ ഈ കഴിഞ്ഞ ദിവസം ഞാനും, മെസ്സിയും, നെയ്മറും കൂടി കരിമ്പുംകാലാ ഷാപ്പിലിരിക്കുവാ. നേരം സന്ധ്യമയങ്ങുന്നു. എന്നാ ഒന്നു കിക്കോഫ് ചെയ്യാം എന്നു വിചാരിച്ചു. ഞാന്‍ ഒരു ഫ്രീപാസ്സങ്ങു കൊടുത്തു അവന്മാര്‍ക്ക് . പിന്നെന്തായിരുന്നു പുകില്‍ അവിടെ. മെസ്സി ആ പാസ്സും എടുത്തോണ്ടു ഒരു പോക്കാ. കാലില് അരാല്‍ഡെറ്റ് വച്ചു ഒട്ടിച്ച് പോലെയല്ലിയോ പന്തു. നെയ്മര്‍ പഠിച്ച പണി പതിനെട്ടും നോക്കീട്ടും പന്തെടുക്കാന്‍ രക്ഷയില്ല. പിന്നെ ഉണ്ണൂണ്ണിച്ചേട്ടന്റെ കടയിലേക്കു, ഗോള്‍പോസ്റ്റിലേക്കു ഒരു കേറ്റമാ. കൂറ്റന്‍ ഗോള്‍. ഉണ്ണൂണ്ണിച്ചേട്ടന്റെ കട ദേ കിടക്കുന്നു ധീം തരികിട ധോം! ഗംഭീരം! പിന്നെ അവന്മാരുടെ ആ സാമ്പാറു താളമില്ലിയോകിറുങ്ങി പോകും നമ്മള്‍. ആ പാട്ടു പാടുന്നതാരാന്നാ നമ്മടെ കൊല്ലന്റെ വീട്ടില്‍ ലോപ്പസ് ചേട്ടന്റെ മോളല്ലിയോ നമ്മടെ ജെന്നിഫെറേ ജെന്നിഫെര്‍. ലോപ്പസു ചേട്ടന്റെ ഒക്കത്തിരുന്നു മൂക്കളയും ഒലിപ്പിച്ചു നടന്ന് പെങ്കൊച്ചല്ലിയോ. ഇപ്പൊ നമ്മള്‍ കണ്ടാ തിരിച്ചറിയുമോന്നേ. ഇതാ പറയുന്നേ കാറ്റൊള്ളപ്പോ തൂറ്റണമെന്നു.

അപ്പോഴാ ഞാന്‍ ഓര്‍ത്തത് മാഷേ നമ്മടെ പന്ന്യന്‍ സാറ് ഏതാണ്ടു ഫുട്ബാളിനെ കുറിച്ച് പുസ്തകം എഴുതിയെന്നു. ഈ സാറിനു ഫുട്ബാളിലെങ്ങാനും നിന്നാല്‍ പോരായിരുന്നോ. വെറുതേ ഓരോരുത്തന്റെ വായിലിരിക്കുന്നതു കേക്കാനേ. ഞാന്‍ ഓര്‍ക്കുവാ മാഷേ!പന്ന്യന്‍ സാറു ഗോള്‍ മുഖത്തു നില്ക്കുന്നു. മെസ്സിയുടെ കാലില്‍ നിന്നൊരു പന്തു പാഞ്ഞു വരുന്നു. പന്ന്യന്‍ സാറിന്റെ നീണ്ടു ഇടതൂര്‍ന്ന മുടി വിടര്‍ന്ന തലയിലേക്കു ശിവന്റെ തലയിലേക്കു ഗംഗ എന്ന പോലെ ആ പന്തു ഇറങ്ങി വരുന്നു അതേറ്റു വാങ്ങി ഗോള്‍ ഒഴിവാകുന്ന ആ രംഗം. തട്ടത്തിന് മറയത്തു എന്ന സിനിമയില്‍ ആപയ്യന്‍ പറയുന്ന ഡയലോഗു പോലെ ഹൊ!മാഷേ! മാഷേ ഞാന്‍ പോട്ടെ സമയമായി കിക്കോഫിന്റെ സമയമേ! ഇനി ഇപ്പൊ ഇവിടെ നിന്നാ ബീവറേജസ്സിന്റെ കടയടക്കും പിന്നെ കിക്കുമില്ലാ,ബാളുമില്ലാ,ഗോളുമില്ലാ ചലോ സാവോപോളോ, ഗോളടിക്കൂ ഒരു സ്മാളടിക്കൂ

സുന്ദരേശന്‍


E-Mail: sundaresan.nadarajapillai@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.