പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഓണക്കോടി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശകുന്തള ഗോപിനാഥ്‌

അനിത വെറുതെ പുസ്തകത്തിലൂടെ കണ്ണോടിച്ചുകൊണ്ട്‌ അരികത്തും മുന്നിലും പിന്നിലും ഉള്ള കുട്ടികൾ ഡെസ്‌ക്കിൽ തലച്ചായ്‌ച്ചുവച്ച്‌ തമ്മിൽ തമ്മിൽ കൈമാറുന്ന വിശേഷങ്ങളൊക്കെ കേട്ടുകൊണ്ടിരുന്നു. അവൾക്ക്‌ മടുപ്പു തോന്നി. ‘ഇവർക്ക്‌ വേറൊന്നും പറയാനില്ലേ? എവിടെയും ഓണക്കോടി, പുത്തനുടുപ്പ്‌, അതിന്റെ പളപളപ്പ്‌, വില, തരം ഇതുതന്നെ. ഒന്നും കേൾക്കണ്ടാ ശ്രദ്ധിക്കണ്ടാ എന്നു വിചാരിച്ചാലും മനസ്സ്‌ അങ്ങോട്ടൊക്കെ നിയന്ത്രണം വിട്ട്‌ പറന്നെത്തുന്നു. എങ്ങനെയും മണിയൊന്നടിച്ചെങ്കിൽ ഇവിടെ നിന്നും തടിതപ്പാമായിരുന്നു. ഇന്നുകൊണ്ട്‌ സ്‌കൂൾ അടയ്‌ക്കുകയാണല്ലോ. ഇനി തുറക്കുമ്പോഴല്ലേ - അപ്പോഴേയ്‌ക്കും എന്തായാലും തങ്ങളുടെ ഓണക്കോടിയും കിട്ടുമല്ലോ“.

അവൾ സ്‌കൂൾബെല്ലടിച്ചതും പുസ്തകസഞ്ചി തോളിലേറ്റി സുനിതയുടെ ക്ലാസ്സിലേക്കോടി. അവൾ ഇറങ്ങിവരുന്നുണ്ടായിരുന്നു. സുനിതയുടെ കൈപിടിച്ച്‌ ഒഴുകി നീങ്ങുന്ന മറ്റു ക്ലാസ്സിലുള്ള കുട്ടികളുടെ കൂട്ടത്തിൽ ചേർന്ന്‌ വേഗം വേഗം നടന്നു. അവസാനം വീട്ടിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ പിന്നെ ആരും കൂട്ടത്തിലില്ലാതിരുന്നതുകൊണ്ട്‌ അനിത അനുജത്തിയുടെ കൈപിടിച്ച്‌ വലിച്ചുകൊണ്ടോടി. അഴികൾ ഇളകിയടർന്നുപോയ ഗേറ്റിന്റെ ഒരു പകുതി തുറന്നുതന്നെ കിടക്കുന്നു. ചാരിയിരിക്കുന്ന കതക്‌ തള്ളിത്തുറന്ന്‌ അകത്തുകയറി. മഴവെള്ളം വീണു നനഞ്ഞ്‌ ചീഞ്ഞ തടിയുടെ ഗന്ധം അവിടെ തങ്ങി നിന്നിരുന്നു. ആ ഗന്ധം കേട്ടമാത്രയിൽത്തന്നെ അവളുടെ മനസ്സിലേക്കെന്തോ കിനിഞ്ഞിറങ്ങി ഘനംവച്ചു തുടങ്ങി. പുസ്തകസഞ്ചി മേശമേലേക്ക്‌ വലിച്ചെറിയുമ്പോൾ തൊട്ടിലിലേയ്‌ക്ക്‌ ഒളിഞ്ഞുനോക്കുന്നുണ്ടായിരുന്നു. ഒഴിഞ്ഞ തൊട്ടിൽ. ’അമ്മയെവിടെ?‘ അച്ഛൻ ഉണ്ണാൻ വന്നപ്പോൾ തങ്ങളുടെ ഓണക്കോടി കൊണ്ടന്നു കാണുമോ... ആവോ? കുറേ ദിവസമായി... പറേണു... ഇന്നു കൊണ്ടുവരും നാളെ കൊണ്ടുവരും ന്ന്‌. കൂട്ടുകാർക്കും അച്ഛൻപെങ്ങളുടെ കുട്ടികൾക്കും ചെറ്യമ്മയുടെ കുട്ടികൾക്കും ഒക്കെ എന്നേ തച്ചുംകിട്ടിക്കഴിഞ്ഞു”.

അവൾ നേരെ അടുക്കളയിലേക്കോടി. വടക്കുപുറത്തെ വാതിലിന്റെ ഒരു പകുതി തുറന്നു കിടക്കുന്നു. വരാന്തയിൽ അടക്കിയ ശബ്ദത്തിൽ ഒരു സംസാരവും കേൾക്കാം. “അമ്മയും രാജുമോനുമാവും” എന്നു കരുതി വരാന്തയിലേക്കിറങ്ങിച്ചെല്ലുമ്പോൾ കണ്ടു ചിട്ടിക്കാരി കല്യാണിയുമായി അമ്മ സംസാരിച്ചുകൊണ്ടു നിൽക്കുന്നു. തങ്ങളുടെ ശബ്ദം കേട്ടമാത്രയിൽത്തന്നെ സംസാരം നിലച്ചു. കല്യാണിയെ കണ്ടപ്പോൾ തന്നെ അവളുടെ മനസ്സു മടുത്തു. “അമ്മ കടം ചോദിക്കയാവും. അല്ലെങ്കിൽ എന്തെങ്കിലും പണയം വയ്‌ക്കാനുള്ള പുറപ്പാടായിരിക്കും. അതിന്‌ ഇവിടെ ഇനി എന്തിരിക്കുന്നു പണയംവയ്‌ക്കാൻ... രാജുമോന്റെ കഴുത്തിൽ ഒരു കുഞ്ഞുമാലയുണ്ടായിരുന്നതുംകൂടി പണയംവെച്ചു കഴിഞ്ഞില്ലേ? രാജുമോൻ അമ്മയുടെ ഒക്കത്തിരുന്ന്‌ കൈകാലിളക്കി ഒരു പ്രത്യേകശബ്ദമുണ്ടാക്കി ചിരിക്കുന്നു. അവനങ്ങനെയാണ്‌. അതിയായ സന്തോഷമുണ്ടാകുമ്പോൾ ഒരു പ്രത്യേക ശബ്ദമുണ്ടാക്കിച്ചിരിക്കും. അവന്റെ സന്തോഷം കണ്ടപ്പോൾ എല്ലാം മറന്നു. അവനെ വാരിയെടുത്തുമ്മവച്ചു... തങ്ങളെ ഒഴിവാക്കാനും കൂടിയായിട്ട്‌ അമ്മ പറഞ്ഞു ”ഒക്കെ മേശപ്പുറത്തെടുത്തുവച്ചിട്ടുണ്ട്‌... കഴിച്ചോളൂ.“

മേശപ്പുറത്ത്‌ രാവിലത്തെ ഗോതമ്പുപൂട്ടിന്റെ ബാക്കിയും രണ്ടുമൂന്ന്‌ ഞരണ്ടുവലിച്ച പഴവും ഇരുന്നിരുന്നു. അത്‌ പ്രയാസപ്പെട്ട്‌ വിഴുമ്പോൾ രാജുമോൻ മടിയിലിരുന്ന്‌ നുണച്ചിറക്കുന്നു. ഒരു തരി അവന്റെ വായിലും വച്ചുകൊടുത്തു. പല്ലില്ലാത്ത വായിലിട്ട്‌ അവൻ അത്‌ നുണഞ്ഞുകൊണ്ടിരുന്നു. കാപ്പികുടി കഴിഞ്ഞ്‌ അവനെയുംകൊണ്ട്‌ വെറുതെ ആ പറമ്പിലൊക്കെ ചുറ്റിക്കറങ്ങി നടക്കുമ്പോൾ സുനിതയും പിന്നാലെ നിഴൽപോലെ നടന്നു. വിടർന്നുവരുന്ന നാലുമണിപ്പൂവുകൾ പറിച്ചെടുത്ത്‌ അവന്റെ മുടിച്ചുരുളുകളിൽ തിരുകിവച്ചു. അവനെ ഇക്കിളികൂട്ടി ചിരിപ്പിച്ച്‌ കളിപ്പിക്കുമ്പോഴും മനസ്സ്‌ ഘനം തൂങ്ങി നിന്നു. സുനിതയുടെ കണ്ണുകൾ അച്ഛമ്മയുടെ വീട്ടിലേയ്‌ക്ക്‌ നീണ്ടുനീണ്ടു ചെന്നു. അവൾ ശബ്ദമടക്കി പറഞ്ഞു. ”ചേച്ചി നമ്മക്ക്‌ അച്ഛമ്മേടെ വീട്ടിൽപോയി കളിക്കാം...“

”ഞാനില്ലാ... അവിടാരൊക്കെയോ വന്നിട്ടുണ്ട്‌...“ അവളുടെ വലിയ കണ്ണുകൾ സജലങ്ങളായത്‌ കണ്ടില്ലെന്നു നടിച്ചു. അപ്പോൾ മതിലിനുമീതെ ഒരു തല കാണായി.... സൂര്യ. അവൾ വിളിച്ചു. ”അനിതേ... വരൂ... നമ്മൾക്ക്‌ കല്ലു കളിക്കാം?“ സൂര്യയോടൊന്നിച്ച്‌ കളിക്കാനുള്ള ഉത്സാഹത്തോടെ അടുക്കളത്തളം കടക്കുമ്പോൾ കണ്ടു അവിടെ വലിയ ഉരുളിയിൽ ഉപ്പേരി വറുക്കുന്നു. സുനിത ഒരുനിമിഷം കൊതിയൂറുന്ന നയനങ്ങളോടെ നോക്കിനിന്നപ്പോൾ അനിത അവളുടെ കൈപിടിച്ച്‌ വലിച്ച്‌ അപ്പുറത്തെ മുറ്റത്തേക്കുപോയി. അവിടെ അച്ഛന്റെ പെങ്ങന്മാർ ജ്യോഷ്‌ഠന്മാർ ഒക്കെ വന്ന കാറുകൾ കിടക്കുന്നുണ്ടായിരുന്നു. മുറ്റമെല്ലാം ചെത്തി വെടിപ്പാക്കിയിരിക്കുന്നു. അവർ ആ മുറ്റത്ത്‌ കളം വരച്ചു. രാജുമോനെ തിണ്ണയിലിരുത്തി കുറച്ചു വെള്ളയ്‌ക്കാ പെറുക്കി അവന്റെ മുന്നിലിട്ടുകൊടുത്തു. സൂര്യ പറഞ്ഞു ”ആദ്യം അനിത കളിക്ക്‌“. കളിക്കാനാരംഭിച്ചപ്പോൾ മനസ്സിന്‌ വീണ്ടും ലാഘവം കൈവന്നു. അനിതയുടെ കളികഴിഞ്ഞ്‌ സൂര്യയുടെ ഊഴമായി. അവൾ കളിച്ചുകൊണ്ടിരിക്കുമ്പോൾ അമ്മു ചെറ്യമ്മയുടെ കാർ മുറ്റത്തുവന്നു നിന്നു. ചേച്ചിമാർ ഓടിവന്ന്‌ അവരുടെ കുഞ്ഞുമകളെ വാരിയെടുത്തുകൊണ്ടകത്തേക്കോടി. സൂര്യയുടെ കളി തീരുംമുമ്പേ വല്ല്യേച്ചി ജനാലയ്‌ക്കൽ വന്നു നിന്ന്‌ വിളിച്ചു. ”സൂര്യേ... നിന്നെ അമ്മു ചെറ്യമ്മ വിളിക്കുന്നു“. വീണ്ടും വീണ്ടും വിളിച്ചപ്പോൾ സൂര്യ ”ദാ... വരുന്നൂ“ എന്ന്‌ പറഞ്ഞകത്തേക്കോടി. അല്പസമയം കഴിഞ്ഞ്‌ ഒരു ജാള്യതയോടെ മടങ്ങിവന്ന്‌ പറഞ്ഞു. ”ഇനി.... നമ്മക്ക്‌... നാളെ കളിക്കാം... അമ്മുചെറ്യമ്മ... ഞങ്ങളെ സിനിമയ്‌ക്ക്‌ പോകാൻ വിളിക്കുന്നു“. അനിത ഒന്നും മിണ്ടാതെ രാജുമോനെ വാരിയെടുക്കുമ്പോൾ മനസ്സ്‌ വീണ്ടും വരിഞ്ഞുമുറുകി. അനുജത്തിയുടെ കൈപിടിച്ച്‌ വീട്ടിലേക്ക്‌ പോകാൻ അടുക്കളത്തളം കടക്കുമ്പോൾ അച്ഛമ്മ പറഞ്ഞു. ”അവിടെ നിക്ക്‌.... അവിടെ ഉപ്പേരി വറുപ്പൊന്നും തുടങ്ങീല്ല്യോ...?“ അവളൊന്നും മിണ്ടാതെ തലകുനിച്ചു നിന്നു. ജനാലയിൽകൂടി എത്തിനോക്കിക്കൊണ്ട്‌ വല്ല്യേച്ചി ചോദിച്ചു ”ഓണക്കോടിയിതുവരെ വാങ്ങിയില്ലേ... ഇനി എങ്ങനെ തച്ചുകിട്ടും“. അച്ഛമ്മ ഒരു കടലാസിൽ കുറച്ചുപ്പേരി പൊതിഞ്ഞ്‌ കൈയിൽ കൊടുത്തു. വീട്ടിലേയ്‌ക്ക്‌ നടക്കുമ്പോൾ ആ ഉപ്പേരിയുടെ പൊതി കൈയിലിരുന്നു പൊള്ളുന്നതുപോലെ... അതിന്റെ മണം മനസ്സ്‌ മടുപ്പിക്കുന്നതുപോലെ... കണ്ണിൽ നീർ പൊടിഞ്ഞു.... തൊണ്ടയിൽ എന്തോ വന്ന്‌ തടഞ്ഞതുപോലെ. ആ പൊതി കാട്ടിലേയ്‌ക്ക്‌ വലിച്ചെറിഞ്ഞ്‌ വീട്ടിൽ വന്നുകയറുമ്പോൾ കരിന്തിരിയുടെ മണം. പടത്തിന്റെ മുന്നിൽ കത്തിച്ച വിളക്ക്‌ കരിന്തിരി കത്തി അണഞ്ഞുകഴിഞ്ഞു. മുറത്തിലെ അരിയിൽ നിന്നും കല്ലും നെല്ലും പെറുക്കുന്നു അമ്മ. അവരുടെ കണ്ണുകൾ കുഴിഞ്ഞ്‌ ചുറ്റും കറുപ്പുവീണിരിക്കുന്നു. അകാലത്തിൽ നരബാധിച്ച മുടി പാറിപ്പറന്നു കിടക്കുന്നു. കഴുത്തിലുണ്ടായിരുന്ന നേരിയ താലിമാല അവിടെ കാണാനില്ല. കല്യാണി പതുങ്ങിപ്പതുങ്ങി അതും കൊണ്ടാവും പോയത്‌. അവൾ ഓണക്കോടിയുടെ കാര്യമൊന്നും ചോദിച്ചില്ല. ആ മുഖത്തേയ്‌ക്ക്‌ നോക്കിയപ്പോൾ... ഒഴിഞ്ഞ കഴുത്തു കണ്ടപ്പോൾ പിന്നവൾക്കൊന്നും ചോദിക്കേണ്ടിയിരുന്നില്ല.

ഇരുട്ടിലേക്കും നോക്കിയവൾ കിടന്നു. അന്നു രാത്രി വൈകിയെത്തിയ അച്ഛൻ ഒരു പൊതി അലക്ഷ്യമായി മേശപ്പുറത്തേക്കിട്ടു. ”ദാ... എല്ലാം റെഡീമേടാ വാങ്ങിയത്‌. ഇനി തച്ചു കിട്ടില്ലെന്നു വേണ്ട“. അമ്മ ഒരു നിധി കിട്ടിയതുമാതിരി അത്‌ നെഞ്ചോടടുക്കിപ്പിടിച്ചുകൊണ്ടുവന്നു വിളിച്ചു. ’അനിതേ.... സുനിതേ... ഓണിക്കോടി കൊണ്ടുവന്നിട്ടുണ്ടച്ഛൻ..‘ അവർ ചാടിയെണീറ്റു. ഉടുപ്പുകൾ നിവർത്തി നോക്കിയ അവരുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു. അനിതയ്‌ക്ക്‌ വാങ്ങിയത്‌ കഷ്ടിച്ച്‌ സുനിതയ്‌ക്കിടാം. രാജുമോനും രണ്ടുവയസുകൂടി തികയണം അവന്റെ ഉടുപ്പിടണമെങ്കിൽ. അച്ഛനും വിഷണ്ണനായി. ”സാരമില്ല... അവിട്ടത്തിന്റെയന്ന്‌ കട തുറക്കും... മാറ്റിയെടുക്കാം... എനിക്ക്‌ അളവറിയില്ലായിരുന്നല്ലോ.“

അനിത തേങ്ങലിന്റെ ശബ്ദം പുറത്തേക്കുവരാതെ തലയിണയിൽ മുഖമമർത്തിക്കിടക്കുമ്പോൾ ”നേരം വെളുക്കാതിരുന്നെങ്കിൽ“ എന്ന വിചാരമായിരുന്നു മനസ്സിൽ.

ശകുന്തള ഗോപിനാഥ്‌

പുത്തൻമഠം,

ഇരുമ്പുപാലത്തിനു സമീപം,

പൂണിത്തുറ, കൊച്ചി.

പിൻ-682308.


Phone: 0484 2301244, 9495161202
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.