പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

നസ്‌റത്തിലെ മാലാഖ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എം. ജോഷി

*കമാലക്കടവിൽ ആരവങ്ങളൊഴിഞ്ഞു. അഴിമുഖത്തെ കപ്പൽച്ചാലിൽ തുറമുഖം വിട്ടൊഴിയുന്ന ഏതോ വാണിഭക്കപ്പൽ. ബീച്ചിൽ തിരക്കില്ല. ദ്വീപുകളെ തമ്മിൽ ബന്ധിപ്പിച്ച്‌ ഗോശ്രീപ്പാലങ്ങളുണ്ടായതോടെ ജെട്ടിയും ശൂന്യമായി. പടിഞ്ഞാറൻ കാറ്റിന്‌ തണുപ്പേറിയിട്ടില്ല. അന്തിച്ചന്ത പിരിഞ്ഞു. മദ്യശാലകളിൽ ആഘോഷങ്ങൾക്ക്‌ ആരംഭം കുറിക്കുന്ന വെടിവട്ടം.

ബാറിലെ അരണ്ട പ്രകാശവിസ്മയത്തിൽ എന്റെ ലക്കു കെട്ടു. ജെയ്മിക്കു ചിരിപൊട്ടി. അവൻ അങ്ങനെയാണ്‌. റമ്മിന്റെ വീര്യം സിരകളിൽ കൊടുങ്കാറ്റഴിച്ചുവിട്ടാൽ കാറൽസ്മാൻ ചരിതത്തിലെ അൾബ്രാത്ത്‌ രാജാവാകും. അനന്തരം അട്ടഹാസങ്ങളും അനുസരണക്കേടിന്റെ ശാഠ്യങ്ങളുമായി അന്തരീക്ഷം ശബ്ദമുഖരിതമാക്കി കൊഴുപ്പിക്കും. ആയാസരഹിതമായി ഇങ്ങനെ രംഗം കയ്യടക്കുന്ന ജെയ്മിയെ എനിക്കിഷ്ടമാണ്‌. കായിക്കാന്റെ പുതിയ കടയ്‌ക്ക്‌ ബോർഡെഴുതി കിട്ടിയ തുക തുഛം. അതിൽ മുക്കാലും മുടിച്ച ജെയ്മി ബീച്ച്‌റോഡിലൂടെ എന്നെ പിച്ചാ... പിച്ചാ നടത്തി.

ആടിയുലഞ്ഞെത്തിയത്‌ ഉമ്പായിയുടെ ഗസ്സൽ സന്ധ്യയിൽ. ഗൃഹാതുരതയുടെ നനുത്ത ഈരടികളാൽ ഉമ്പായി തീർത്തത്‌ സുഖമുള്ള ഒരു വേനൽമഴയായിരുന്നു. നനഞ്ഞൊലിച്ച്‌ ഞാൻ ഒറ്റക്കായതുപോലെ.

“വാ, മതി. ഇനി നിന്നാ നീ കരയും”.

ജെയ്മി ഇപ്പോൾ പറഞ്ഞതിൽ സത്യമുണ്ട്‌. കണ്ണറ്റങ്ങളിൽ പൊടിഞ്ഞ നനവു കണ്ടിട്ടല്ല ജെയ്മി എന്നെ നിർബന്ധിച്ചത്‌. നസ്‌റത്തിലെ മാലാഖയെക്കുറിച്ചുള്ള വേവൽ അപ്പോഴാണ്‌ അവനെ അലട്ടിയത്‌.

ഞങ്ങളുടെ നസ്‌റത്ത്‌ ഗലീലയിലെ ഒരു ഗ്രാമമല്ല. ഇവിടെ കിഴക്കുദിക്കിൽ ഒരു യോർദ്ദാൻ നദിയുമില്ല. പശ്ചിമകൊച്ചിയുടെ ഒരു തുണ്ട്‌. അതെങ്ങനെ നസ്‌റത്തായെന്ന്‌ പഴമക്കാർക്കും അറിയില്ല. കാലഹരണപ്പെട്ട അവരുടെ ഓർമ്മച്ചെപ്പിൽ നസ്‌റത്ത്‌ വെറും മായക്കാഴ്‌ചയാണ്‌.

മാർബിൾ പാകിയ കപ്പേളപ്പടികളിലെ കാറ്റൂതിയണച്ച മെഴുകുതിരിക്കാലുകൾക്കു താഴെ ജെർമീന തപസ്സിലാണ്‌.

“ഇതെന്തൊരിരിപ്പാണു ചേച്ചി. ചെല്ല്‌, ചെന്നുകെട”

കീറിത്തുന്നിയ കിനാക്കാഴ്‌ചകളിൽ നിന്നുണരാൻ ജെർമീനയ്‌ക്ക്‌ പക്ഷെ മടിയായിരുന്നു. ജെയ്മി പ്രദർശിപ്പിച്ച കടലാസ്സുപൊതിയുടെ പകിട്ടിൽ ക്ഷീണിച്ച കണ്ണുകൾ ഒരുമാത്ര തിളങ്ങി.

“ഹെന്താടാ കയ്യില്‌?”

“രണ്ട്‌ ചിക്കങ്കാലും, കാക്കുപ്പി റമ്മും”

“ഹെഡ കേമാ”.

ഒറ്റക്കുതിക്ക്‌ കടലാസ്സുപൊതി തട്ടിപ്പറിച്ച്‌ ചായ്പിന്റെ സുരക്ഷയിലേക്കോടിയ ജെർമീന മാലാഖയ്‌ക്ക്‌ അപ്പോൾ ഭ്രാന്തിന്റെ അംശം തെല്ലുമുണ്ടായിരുന്നില്ല.

തിരുരൂപത്തിൽ നോക്കി ജെയ്മി നെഞ്ഞുരുക്കി. മുട്ടിപ്പായ പ്രാർത്ഥനകൾ ചിലപ്പോൾ അത്ഭുതങ്ങളുണ്ടാക്കുമെന്ന്‌ അവൻ വിശ്വസിച്ചു. കഴിഞ്ഞയാണ്ടിലെ കപ്പേള പെരുന്നാൾ ഞങ്ങടെ നേർച്ചയായിരുന്നു. വണക്കമാസത്തിലെ ഒടുവിലത്തെ ദിവസമായിരുന്നു സദ്യ. പന്തലിലേയ്‌ക്കിരച്ചെത്തിയ ആളുകളുടെ കുത്തൊഴുക്ക്‌ ഞങ്ങടെ ആധി പെരുപ്പിച്ചു. ഞങ്ങളൊന്നടങ്കം മുട്ടേൽ നിന്നു കുരിശുവണങ്ങി. വിഭവങ്ങൾ കിറുകൃത്യം. സദ്യ കെങ്കേമം. എല്ലാം ഒരു പുണ്യവാളന്റെ വലിയ മാജിക്കായിരുന്നു. ഇമ്മാതിരി മായാജാലങ്ങൾ ജെർമിനാ ചേച്ചിയുടെ കാര്യത്തിലും സംഭവിച്ചെങ്കിലോ. ഈ ശുഭാപ്തി വിശ്വാസമാണ്‌ ജെയ്മിയെ നയിച്ചത്‌. ആത്മസംഘർഷങ്ങളാൽ അവൻ ആകാശത്തിലെ നക്ഷത്രങ്ങളെണ്ണി കിടന്ന കാഴ്‌ച എന്റെ മനസ്സുലച്ചു. ഭാരം. നിശബ്ദതയുടെ കനത്ത ഭാരം. അതിന്റെ അനവരതയിലേക്ക്‌ ജെർമീനാ മാലാഖ നീട്ടിപ്പാടി. ആദ്യം അവ്യക്തമെങ്കിലും പിന്നെപ്പിന്നെ ആ ഹൃദയരാഗം നസ്‌റത്തിലെ നീലരാത്രിയിൽ നിർലജ്ജം ഒഴുകിപ്പരന്നു.

“ചെറുപ്പത്തില്‌ നമ്മളും രണ്ടും

മണ്ണുവാരി കളിച്ചതും

മണ്ണപ്പം ചുട്ടതും

മറന്നു പോയോ...”

സ്വന്തം ജീവിതത്തിന്റെ ദൈന്യതയെ നോക്കി കൂസ്സലില്ലാതെ ചിരിച്ച ഉസ്താദ്‌ മെഹബൂബ്‌. ഞങ്ങടെ മെഹബൂബിക്ക, പാടിവച്ചുപോയ പാട്ടുകളെ ജെർമീന ഇത്രമാത്രം താലോലിച്ചതെന്തേ.

“ജെർമീനാ മാലാഖയ്‌ക്ക്‌ ഒരു പ്രണയപർവ്വം ഉണ്ടായിരുന്നു. കടലെടുത്തുപോയ ആ ദുരന്തകാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഈ ശീലുകൾ ആർക്കാണിഷ്ടപ്പെടാത്തത്‌‘.

ജെയ്മി എന്നെ അതിശയിപ്പിച്ചുകൊണ്ട്‌ വീണ്ടും വാചാലനായി.

”മിച്ചഭൂമിജാഥയും, എ.കെ.ജിയുടെ സമരചരിത്രവും ഞങ്ങടപ്പനെ വശീകരിച്ചു. രാഷ്ര്ടീയജ്വരപ്പനി ബാധിച്ച്‌ അപ്പൻ നാടുതെണ്ടി. സൗന്ദര്യമുള്ള അമ്മച്ചിക്ക്‌ വട്ടിപ്പലിശക്കാരൻ ചെട്ടിയാരോടൊപ്പം ഒളിച്ചോടാതെ നിർവ്വാഹമില്ലായിരുന്നു. വാകീറിയ തമ്പുരാൻ അന്നം തരും മക്കളേന്ന്‌ അമ്മ പതുക്കെ മന്ത്രിച്ചുതന്നതോർമ്മയുണ്ട്‌“.

ജെയ്മി കരച്ചിലിന്റെ തുമ്പുതൊട്ടു. ക്രമേണ ഉറങ്ങുകയോ, ഉറക്കം അഭിനയിക്കുകയോ ചെയ്തു. ഞാനാവട്ടെ നിദ്രാഹീനനായി രാവിന്റെ നെഞ്ഞിൽ വീണ്‌ തിരിഞ്ഞും മറിഞ്ഞും നേരം കൊന്നു.

തലേ രാത്രിയിൽ എന്നെ കാണാഞ്ഞതിന്റെ ഉൽക്കണ്‌ഠകളും ചുമന്ന്‌ അമ്മ അന്വേഷിച്ചെത്തി. കുടിച്ചു കൂത്താടിയതെല്ലാം പരദൂഷണക്കാരികൾ അമ്മയുടെ ചെവിയിലെത്തിച്ച മട്ടുണ്ട്‌.

”എടാ കുട്ടാ, കുട്ടോ...“

ആ നീട്ടിക്കുറുക്കലിൽ അരിശം കണ്ടമാനം കലർത്തിയിട്ടുണ്ട്‌. അതിലെ നീരസം ജെർമീന വേർതിരിച്ചെടുത്തു. ഒട്ടും മയമില്ലാതെയാണ്‌ മാലാഖയും സംസാരിച്ചത്‌.

”ഭാസുരാംഗിയമ്മച്ചീ, കുട്ടനെ ആരും കടിച്ചുതിന്നിട്ടൊന്നുമില്ല കേട്ടോ. ജെയ്മീടെ ചിത്രപ്പുരേലൊണ്ട്‌. വിളിക്കണാ?’

“വേണ്ട വേണ്ട. അവനവിടെങ്ങാനുമിരുന്നു വരച്ചോട്ടെ കൊച്ചേ. ഞാൻ ദേ പോകേണ്‌”.

വൃഥാ സമയം മെനക്കെടുത്താതെ അമ്മ പിൻവാങ്ങി. കരുതലോടെ മിണ്ടിയാലും ഒന്നും രണ്ടും പറഞ്ഞ്‌ ജെർമീന തെറ്റുമെന്ന്‌ അമ്മയ്‌ക്കുറപ്പുണ്ട്‌. അതിന്റെയൊരു സ്വഭാവമതാണ്‌.

ജെയ്മി ബാക്കിവച്ച വർക്കുകളുടെ മിനുക്കുപണിയിലായിരുന്നു ഞാൻ. ഫ്ലക്സും കമ്പ്യൂട്ടറും പരസ്യവിപണി കയ്യേറിയതോടെ ബാനറെഴുത്തുകൾ ഞങ്ങൾ മതിയാക്കിയിരുന്നു.

ഉഷ്ണം കടുത്തിട്ടും ടൂറിസ്‌റ്റുകൾ മടങ്ങിയിരുന്നില്ല. നവംബറിൽ ആരംഭിക്കുന്ന സീസന്‌ ഫെബ്രുവരിയോടെ തിരശ്ശീല വീഴുക പതിവാണ്‌. ഈയിടെയായി കാലഗണനയില്ലാതെയും സഞ്ചാരികളെത്തുന്നത്‌ ഞങ്ങൾ കൊച്ചീക്കാര്‌ടെ പുണ്യം.

അലയാഴി കണക്കെ മനസ്സും പ്രക്ഷുബ്ധമാണ്‌. കടൽഭിത്തിമേൽ തലതല്ലിച്ചാവുന്ന തിരത്തലപ്പുകളെപോലെ ആയുസ്സറ്റുപോകുന്ന ഭാവനകൾ. ഒന്നിനും വേണ്ടത്ര നിറം പകരാനാവുന്നില്ലെന്ന്‌ സ്വയം ശപിക്കുന്ന ജെയ്മി. വിൽപ്പനയ്‌ക്കൊരുങ്ങുന്ന ഗാമയുടെ കടൽയുദ്ധത്തിന്റെ പടം പൂർത്തിയാക്കാൻ വിഷമിക്കുകയായിരുന്നു ഞാൻ. ചെങ്കടലും കടന്ന്‌ വെനീസിലെ കഴുത്തറപ്പൻ കച്ചവടക്കാരുടെ കുത്തക പൊളിച്ച വാസ്‌കോഡഗാമ, ഒടുക്കം കൊച്ചീതീരത്ത്‌ മണ്ണായി മാറും മുമ്പേ നാട്ടുകാരായ പറങ്കി പ്രമാണിമാർ മാന്തിയെടുത്തു കടൽ കടത്തി.

“അതു നന്നായി”.

“എന്ത്‌?”

“കപ്പിത്താന്റെ എല്ലും പൊടിയും കൊണ്ടുപോയി *ജെറേണിമസിൽ കുഴിച്ചിട്ടത്‌”.

വരസിദ്ധിപോലെ ശൂന്യതയിൽ നിന്നും വാക്കുകളെടുത്തു പെരുമാറുന്ന ജെയ്മിക്ക്‌ അന്യന്റെ മനസ്സു വായിക്കാനുള്ള വിരുതും അപാരം. ഉൾക്കതകു തുറന്നുകൊണ്ട്‌ അവൻ തുടർന്നു.

“നമുക്കീ പണി നിറുത്താം”.

“എന്നിട്ട്‌ നമ്മളെന്തു ചെയ്യും”.

“എന്തും ചെയ്യണം”.

ഉപജീവനത്തിന്‌ പുതിയ സങ്കേതങ്ങൾ പരീക്ഷിക്കാനുള്ള അവന്റെ വ്യഗ്രതയിൽ അപായം മണത്തു. ദുരൂഹമായ ഉപായങ്ങളെ എനിക്കെപ്പോഴും ഭയമാകയാൽ ഏറെ സമയം ഞാൻ മിണ്ടാവ്രതം നോറ്റത്‌ രക്ഷയായി.

ഒരാഴ്‌ച ഞാൻ പള്ളുരുത്തിയിൽ അമ്മയുടെ തറവാട്ടിലായിരുന്നു. അവിടെ ദേശംവക ക്ഷേത്രത്തിലെ ഉത്സവമേളങ്ങളിൽ മുഴുകി നസ്‌റത്തിനെ തൽക്കാലം മറന്നു. പൂയക്കാവടിക്ക്‌ ജെയ്മിയെ ക്ഷണിച്ചതാണ്‌. ശ്രീഭവാനീശ്വരന്റെ ആറാട്ടെഴുന്നള്ളത്തിന്‌ അവന്റെ കൂട്ട്‌ ശരിക്കും ഞാൻ ആഗ്രഹിച്ചതാണ്‌. ജെയ്മി പക്ഷെ നിരാശപ്പെടുത്തി. ആ പരിഭവം മനഃക്കോണിലൊരിടത്ത്‌ മാറ്റിയിട്ടുകൊണ്ടാണ്‌ ഞാൻ നസ്‌റത്തിലേക്കു തിരിച്ചത്‌.

പോക്കുവെയിലിന്റെ വിരലോടങ്ങൾ തിരമാലകളെ തഴുകിത്തലോടി. ചീനവലകളുടെ കസർത്തുകൾ കണ്ട്‌ ജെയ്മി കടപ്പുറത്തുണ്ടായേക്കും. ചില വേള ക്രയവിക്രയങ്ങളുടെ തിരക്കിൽ സായിപ്പാന്മാരോട്‌ ഇടപെട്ടു നിൽക്കുകയാവും. എന്നാൽ ജങ്കാർജട്ടിയുടെ പായൽ പടർന്ന കരിങ്കൽപ്പടവിലിരുന്ന്‌ ദൂരെ കിഴവനച്ചാലിന്റെ നരച്ച രാശി കാണുകയായിരുന്നു ജെയ്മി ഞാൻ വീണ്ടും അവതരിച്ചതിന്റെ വെളിപാടുകളൊന്നും അവനിൽ സന്തോഷത്തിന്റെ ചെറിയ അലപോലും സൃഷ്ടിച്ചില്ല. അവന്റെ സംഭാഷണങ്ങളാവട്ടെ തികച്ചും ഭാവരഹിതങ്ങളായിരുന്നു.

“നീ പോയേപിന്നെ ആശങ്കയൊഴിഞ്ഞിട്ടില്ല. കരിയച്ചന്റെ നടേല്‌ ചുറ്റുവിളക്കും പൂമാലേം കൊടുത്തു. വല്ലാർപാടത്തമ്മേ കണ്ട്‌ അടിമനേർന്നു. ഇടപ്പള്ളി പുണ്യാളച്ചന്‌ പൂവൻകോഴീം മെഴുകുതിരീം. എന്നിട്ടുമെന്റെ ചേച്ചി... മടുപ്പായെടാ, മടുപ്പായി”.

“ജെർമിനാ ചേച്ചിക്ക്‌ അസുഖം വല്ലോം കൂടിയാ?”

“അസുഖമല്ല, തോന്ന്യാസം. രാത്രീലെറങ്ങി നടക്കും. തൊന്ന്യേടത്ത്‌ കേറിക്കെടന്നുറങ്ങും. പേടിയാണ്‌. എന്തെങ്കിലും സംഭവിച്ചുപോയാ... ഹെന്റെ സന്ധ്യപുണ്യാളാ...”

ആ നിലവിളി എന്റെ നെഞ്ഞുപിളർത്തി. അവനെ അവിടെ ഉപേക്ഷിച്ച്‌ എവിടേക്കോ നീറി നടന്നു. വിജനമായൊരിടം തേടി കഷ്ടപ്പെട്ടു.

പകൽവിളക്ക്‌ ആരോ ഊതിക്കെടുത്തിയിരുന്നു. അന്ധകാരത്തിന്റെ അപാരതയിൽ നീന്തുമ്പോൾ നസ്‌റത്തിലെ പരേതാത്മക്കൾ എന്നെ ഭയപ്പെടുത്തി രസിച്ചു. വീടെത്തിയതോ, പാരവശ്യത്താൽ ഒരു കിണ്ടി വെള്ളം അണ്ണാക്കിൽ കമഴ്‌ത്തിയതോ അമ്മയറിഞ്ഞില്ല. ഇപ്പോൾ ചെവിഞ്ഞരമ്പറുക്കുന്നത്‌ കടലിരമ്പങ്ങളുടെ പെരുമ്പറമുഴക്കങ്ങളല്ല. മദിച്ച മേഘഗർജ്ജനവുമല്ല. ദിനരാത്രങ്ങൾക്കപ്പുറം ലഹരിപിടിച്ചു നശിപ്പിച്ച നെറികെട്ട ഒരു രാവിന്റെ ആർത്തനാദമായിരുന്നു. ജെർമീനാ മാലാഖയുടെ സ്വകാര്യതയുടെ രഹസ്യമറിയാൻ ചായ്‌പിലെ സൈര്യതയിൽ കലമ്പിക്കയറിയ ഞാൻ ആസക്തിപൂണ്ട നരകാസുരനായി. പാട്ടിന്റെ പാലാഴി കടഞ്ഞ ക്ഷീണം തീർക്കാൻ ജെർമീന സിമന്റുതറയിൽ വിരിച്ചിട്ട പുൽപ്പായമേൽ കിടന്നു. ഉടുമുണ്ടഴിഞ്ഞുലഞ്ഞ്‌ ഒരു രതിദേവതാ ശില്പംപോലെ ജെർമീന. ചായ്പാകട്ടെ കണ്ണഞ്ചിക്കുന്ന അപൂർവ്വ ആർട്ടുഗാലറിയും. മായക്കൺ മയക്കത്തിൽ മതിമറന്ന എന്നെ ഉശ്ശിരൻ ചുഴലിക്കാറ്റായി വിഴുങ്ങിയ വീനസ്സിന്‌ മാലാഖയുടെ മുഖമായിരുന്നു.

“അമ്മച്ചീ, എന്നെ കൊല്ലുന്നേ....”

മാലാഖയുടെ ആദ്യത്തെ അലർച്ച നസ്‌റത്തിനെ നടുക്കി. അമ്മ സങ്കടപ്പെട്ടു.

“പാവം, അവൾടെ മുടിക്കെന്തഴകാർന്നു. അതു മുഴുവൻ മുറിച്ചു കളഞ്ഞു കണ്ണീച്ചോരയില്ലാത്ത ശവങ്ങള്‌”.

രണ്ടാമത്തെ അലമുറ ജെർമീനയുടെ തൊണ്ടക്കുഴിയിൽ തന്നെ പിടഞ്ഞുവീണു ചത്തു. ചുണ്ടറ്റങ്ങളിൽ മുളച്ച ദുഃഖം കള്ളിമുണ്ടിന്റെ കോന്തലയാലൊപ്പി അമ്മ അരികിൽ വന്നു.

“അതിനെ ആ ചെകുത്താൻമാരെല്ലാം കൂടി കൊല്ലാക്കൊല ചെയ്യുന്നല്ലോടാ”.

സ്വാസ്ഥ്യം നഷ്ടപ്പെട്ടുഴറിയ ഞാൻ, വിളിച്ചാൽ കേൾക്കാത്ത കേവലം ശിലാബിംബമായി. വേട്ടമൃഗമായൊറ്റപ്പെട്ട ജെർമീനാ മാലാഖയെ നാലഞ്ചുപേർ ആക്രമിച്ചു കീഴടക്കിയതും, ആംബുലൻസിന്റെ വിളറിയ വായ്‌ക്കുള്ളിലെ വിശപ്പിലേക്ക്‌ വലിച്ചിഴച്ചതും കണ്ട്‌ കരളു പറിഞ്ഞു.

“എന്നെ കൊണ്ടുപോകല്ലേന്നു പറയെടാ. എടാ ജെയ്മിയേ...”

വിലപിച്ചു തളർന്ന ജെർമീനയുടെ ഇമ്പസ്വരമെല്ലാം വറ്റിവരണ്ടുപോയിരുന്നു. ആംബുലൻസിന്റെ ദയനീയമായ തേക്കങ്ങൾ നസ്‌റത്തിനെ വിട്ട്‌ അതിവേഗം അകലാൻ വെമ്പി.

ആളനക്കങ്ങളൊഴിഞ്ഞ കപ്പേളപറമ്പിൽ എന്റെയും ജെയ്മിയുടേയും നിഴലുകൾക്കെന്തൊരു മുഴുപ്പ്‌. സ്വതേ മെലിഞ്ഞുനീണ്ട വിരലറ്റങ്ങൾ നിവർന്നുവന്ന്‌ എന്നെ തൊട്ടു. അവ പണ്ടേപ്പോലെ കുറുമ്പുകാട്ടിയില്ല. അവന്റെ ഇടുങ്ങിയ കണ്ണുകൾ കാണെക്കാണെ കടലായും, കാറ്റും കോളും തിങ്ങിയ നെടുങ്കൻ സുനാമിത്തിരമാലയായും എന്നെ ശ്വാസം മുട്ടിച്ചു. ഞൊടിയിൽ തുരന്നുകയറുന്ന നോട്ടമെറിഞ്ഞ്‌ അവൻ ചൊടിച്ചു.

“നിന്റേയും ഈ നസ്‌റത്തിന്റേയും തലവേദനകളവസാനിച്ചില്ലേ. എന്നാലും, നീയുമെന്നെ...”

അതുവരെ അടക്കിവച്ച, ആത്മനിയന്ത്രണത്തിന്റെ ചരടുകൾ പൊട്ടി. ജെയ്മി വിങ്ങിക്കരഞ്ഞു. പെട്ടെന്ന്‌ അവൻ എന്നെ കെട്ടിപ്പിടിച്ച്‌ ആശയക്കുഴപ്പത്തിലാക്കി. ഞാൻ കുമ്പിടുന്ന ദൈവങ്ങൾക്കെല്ലാം ജെയ്മിയുടെ സ്വരൂപമാണെന്ന സംശയം കൂടുതൽ ബലപ്പെടുമ്പോൾ കുരിശുപുരയിലെ രൂപക്കൂട്ടിൽ നിന്നൊരു പിൻവിളി. അതാവട്ടെ എന്റെ മനഃസമാധാനങ്ങളെയെല്ലാം കീഴ്‌മേൽ തകർത്തുകളഞ്ഞു.

* * * * * * * * * * * * * *

*കമാലക്കടവ്‌ - ഫോർട്ടുകൊച്ചി ഫെറി (അഴിമുഖം)

*ജെറേണിമസ്‌ - പോർച്ചുഗലിലെ ജെറേണിമസ്‌ കത്തിഡ്രൽപള്ളി.

കെ.എം. ജോഷി

കളരിക്കൽ, ഒ.എം റോഡ്‌, പെരുമ്പാവൂർ-683542.


Phone: 0484 2591564, 9847189511




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.