പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒരു യുദ്ധത്തിന്റെ അവസാനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ടി.കെ.ഗംഗാധരൻ

നൂറുകണക്കിന്‌ ചെറുതും വലുതും വ്യത്യസ്‌തവുമായ ഉപകരണങ്ങൾകൊണ്ട്‌ സൂക്ഷ്‌മതയോടെ നിർമ്മിച്ച ഒരു കൂറ്റൻ യന്ത്രത്തെപ്പോലെയാണ്‌ സൈന്യം എന്ന്‌ പറയാറുണ്ട്‌. ഒരു നെട്ടോ, ബോൾട്ടോ, അയഞ്ഞാൽ യന്ത്രം അപസ്വരമുണ്ടാക്കും. അപസ്വരം പോരാട്ട വീര്യം കെടുത്തും. യുദ്ധവിജയം അകന്നുപോകും.

സൈന്യയന്ത്രത്തെ കുറ്റമറ്റതാക്കാനാണ്‌ അച്ചടക്കത്തിന്റെ വാളും ചുഴറ്റി യുദ്ധദേവൻ റോന്തു ചുറ്റുന്നത്‌. ഓരോ യന്ത്രഭാഗത്തോടും അലേർട്ട്‌ അലേർട്ട്‌ എന്ന്‌ മുരളുന്നത്‌!

നിയമം അലേർട്ടായതുകൊണ്ടാണ്‌ ബറ്റാലിനുകളിലെ ടാങ്കുകളും, പീരങ്കികളും റോക്കറ്റുകളും, മെഷീൻഗണ്ണുകളും ടാർജറ്റിൽ തന്നെ ബുള്ളറ്റുകൾ എയ്‌തു കൊള്ളിക്കുന്നത്‌. ഓപ്പറേറ്റർമാരും ഡ്രൈവർമാരും നെഴ്‌സുമാരും ബാബുമാരും, ഢോബികളും, കുക്കുകളും, വരിയും ഇഴയും തെറ്റാതെ സഞ്ചരിക്കുന്നത്‌.

കുക്കുകളെപ്പറ്റി ഏറെ പറയാനുണ്ട്‌. ഉറക്കം കുറവായ കൂട്ടരാണവർ. എന്നും ബ്രഹ്‌മ മുഹൂർത്തത്തിൽ ഉണർന്ന്‌ ലങ്കറിലെ കൽക്കരിപ്പുകയിലും അലുമിനിയം അണ്‌ഢാവിലെ തിളപ്പിലും വേവുന്നവർ.

ചായച്ചെമ്പിന്റെ പള്ളയിൽ അലുമിനിയക്കൈലുകൊണ്ട്‌ ലങ്കർ കമാന്റർ ആഞ്ഞു മുട്ടുന്നതോടെയാണ്‌ പട്ടാളക്കാരുടെ പരേഡ്‌ ദിനം ആരംഭിക്കുന്നത്‌. ആവി പറക്കുന്ന അരമഗ്ഗ്‌ ചായ മോന്തുന്നതിനിടയിൽ തിടുക്കത്തിലൊരു ഷേവ്‌. ഷേവ്‌ കഴിഞ്ഞ്‌ ടൂത്ത്‌ ബ്രഷും വായിൽ തിരുകി ലാട്രിന്റെ വാതിൽമുഖത്തും, കുളിമുറികളുടെ മുന്നിലും ഊഴം കാത്ത്‌ നിൽപ്പ്‌.

നിത്യവും ഷേവും, ആഴ്‌ചയിലാഴ്‌ചയിൽ മുടി ക്രോപ്പും ചെയ്യാത്തവരെ കാത്തിരിക്കുന്നത്‌ ഒ.സി.യുടെ ചാർജ്ജ്‌ ഷീറ്റും ശിക്ഷാവിധിയുമാണ്‌. ഏഴോ, പതിനാലോ, ദിവസം മിലിട്ടറി ജയിൽ. അല്ലെങ്കിൽ കത്തുന്ന വെയിൽ സഹിച്ച്‌ നാലാൾ കുന്തിച്ചിരുന്നാൽ ശിരസ്സ്‌ പുറത്തേക്ക്‌ കാണാത്ത ആഴത്തിൽ ട്രഞ്ച്‌ വെട്ടിക്കീറൽ.

ശിപായി മുകുന്ദനും, ശിപായി പൗലോസും, പി.ടി.ഗ്രൗണ്ടിൽ വെച്ച്‌ പിടിക്കപ്പെട്ടു. രണ്ടുപേരും ഷേവ്‌ ചെയ്‌തിട്ടില്ലായിരുന്നു.

“എന്താടാ കഴുവേറികളെ! അളിയന്റേയോ. അമ്മാവന്റേയോ, പട്ടാളത്തിലാണോ നിങ്ങളുടെ പാർപ്പും പൊറുതിയും?” സുബേദാർ അറുമുഖം നിയമം തെറ്റിച്ച ശിപായികളോട്‌ കയർത്തു.

“ബ്ലേഡിന്‌ മൂർച്ച വളരെ കുറവായിരുന്നു. സർ” മുകുന്ദൻ ബഹുമാനം നടിച്ചു.

“എന്റെ ഷേവിംഗ്‌ ബ്രഷ്‌ എലി കടിച്ചുകൊണ്ടുപോയി സർ ”പൗലോസ്‌ വിനീതനായി പറഞ്ഞു.

പൗലോസിന്റെ മറുപടി കേട്ട്‌ സ്‌ക്വോഡ്‌ മുഴുവനും ചിരിച്ചു. ചിരിച്ചവരെ ഒരു മുട്ടൻ തെറിപറഞ്ഞ്‌ സുബേദാർ അറുമുഖം വായയടപ്പിച്ചു.

ബാരക്കിലെ തെറിച്ച വിത്തുകളാണ്‌ മുകുന്ദനും, പൗലോസും. രാത്രി രണ്ട്‌ പെഗ്ഗ്‌ വിഴുങ്ങിയാൽ മുകുന്ദന്‌ ഭരണിപ്പാട്ടേ നാവിൽ വരൂ. പൗലോസ്‌ അത്താഴക്കിണ്ണത്തിൽ താളമിട്ട്‌ കൂട്ടുകാരന്റെ പാട്ട്‌ കൊഴുപ്പിക്കും. രാത്രികൃത്യം പത്തുമണിക്ക്‌ ലൈറ്റ്‌ കെടുത്തി ഉറങ്ങാനുള്ള ബ്യൂഗിൾ സന്ദേശം കേട്ടാലും അനുസരിക്കാത്തവർ.

വെയിലത്ത്‌ വിയർത്തൊലിച്ച്‌ ട്രഞ്ച്‌ കീറുന്ന മുകുന്ദനും പൗലോസിനും കാവൽ നിൽക്കുന്ന ഉസ്‌താത്‌ പരുക്കൻ സ്വരത്തിൽ പറഞ്ഞു.

“പട്ടാളക്കാരന്‌ റമ്മ്‌ കൊറഞ്ഞ വെലക്ക്‌ തര്‌ണത്‌ ആടാനും പാടാനും മാത്രമല്ലാ. കൂർക്കം വലിച്ച്‌ സമയാസമയത്ത്‌ കെടന്നൊറങ്ങാനാ.”

“ഭരണിപ്പാട്ട്‌ പാടാൻ തോന്നിയാപ്പിന്നെ മറ്റെന്ത്‌ ചെയ്യും സാറെ?” മുകുന്ദൻ ചോദിച്ചു.

“അത്‌ വീട്ടില്‌. ഇവിടെ പട്ടാള നിയമമൊണ്ട്‌. അത്‌ പാലിച്ചില്ലെങ്കിൽ ഇതുപൊലെ ട്രഞ്ചുകള്‌ വെട്ടിക്കൊണ്ടേയിരിക്കും. ”ഉസ്‌താത്‌ മുരണ്ടു.

റമ്മിന്റെ ലഹരിയിൽ ഭരണിപ്പാട്ട്‌ പാടി, ആർപ്പും വിളിയോടെ രാത്രികൾ ആഘോഷിക്കുന്ന മുകുന്ദനേയും, പൗലോസിനേയും മഞ്ഞുപെയ്യുന്ന കാശ്‌മീർ താഴ്‌വരകളിൽ വിന്യസിച്ച രണ്ട്‌ ബറ്റാലിയനുകളിലേക്ക്‌ ലാവണം മാറ്റി..... ഹിമക്കാറ്റിൽ കാവൽ നിൽക്കുമ്പോൾ അവരുടെ തെറിപ്പൊക്കെ പമ്പകടക്കും, പാട്ടും കൂത്തും മഞ്ഞുവിഴ്‌ചയുടെ പാരുഷ്യത്തിൽ താനെ മറന്നുകൊള്ളും.!

വെടിയുണ്ടകളുടെ ചീറൽ നിലക്കാത്ത ഹിമാലയൻ താഴ്‌വരകളിലേക്ക്‌ കമ്പിളി ഭാണ്ഡങ്ങളുമായി പുറപ്പെട്ട മുകുന്ദനും പൗലോസും അജ്ഞാതങ്ങളായ യുദ്ധമുനമ്പുകളിൽ നങ്കരമിട്ടു. കഠിനമായ ഹിമത്തണുപ്പിൽ കവാത്ത്‌ ചെയ്‌തുകൊണ്ട്‌ വനുസാനുക്കളിൽ ഒളിച്ചിരിക്കുന്ന ശത്രുഭടന്മാരുടെ നേരെ നിറയൊഴിച്ചു. രക്തഗന്ധിയായ പടനിലങ്ങളിൽ ജീവിതം റെഡ്‌ അലേർട്ടായി.

പീസ്‌ ഏരിയകളിൽ നിന്ന്‌ യുദ്ധകലുഷമായ ഫീൽഡ്‌ ലൊക്കേഷനുകളിലേക്ക്‌ ബറ്റാലിയനുകളുടെ ‘മുവ്‌’ ആരംഭിച്ച നാളുകൾ. പട്ടാളക്കാർക്ക്‌ പതിവുപോലെ പല ആനുകൂല്യങ്ങളും സർക്കാർ പ്രഖ്യാപിച്ചിരുന്നു. മക്കൾക്ക്‌ പുതിയ സ്‌കോളർഷിപ്പുകളും വിധവകൾക്ക്‌ സാമ്പത്തിക സഹായവും. വീടില്ലാത്തവർക്ക്‌ വീട്‌. വിവാഹപ്രായമായ പെൺകുട്ടികൾക്ക്‌ സഹായനിധി. വിലകൂടിയ വാഗ്‌ദാനങ്ങളുടെ പെരുമഴയിൽ ഭരണകൂടം സൈനികരുടെ ഉഷ്‌ണമനസ്സിനെ കുളിർപ്പിച്ച കാലം.

അതിർത്തിക്കും രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്കും കാവൽ നിൽക്കുന്ന സൈനികരെ കണ്ണിലെ കൃഷ്‌ണമണികളെപ്പോലെയാണ്‌ ജനം കാത്തു സൂക്ഷിക്കുന്നതെന്ന്‌ ശിപായി മുകുന്ദൻ അനുഭവിച്ചറിഞ്ഞു. സൈന്യം കടന്നുപോകുന്ന വീഥിയോരങ്ങളിൽ പൂരിയും, ഉരുളക്കിഴങ്ങു കറിയും ലസിയും, ജിലേബിയും, ഒരുക്കിവെച്ച്‌ സ്വീകരിക്കാൻ കാത്തിരിക്കുന്ന സന്നദ്ധസംഘടനകളുടെ സ്‌റ്റാളുകൾ. പ്രശംസ ചൊരിഞ്ഞുകൊണ്ട്‌ നിരത്തി വെച്ച പഴയ വാർ ഹീറോകളുടെ ചില്ലുപടങ്ങൾ. ഒപ്പം ജയ്‌ ജവാൻ ജയ്‌ കിസാൻ എന്ന മുദ്രവാക്യം. കോളേജ്‌ കുമാരികൾ ഓരോ സൈനികന്റേയും നെറ്റിയിൽ കുങ്കുമതിലകമണിയിച്ചും കഴുത്തിൽ ഗിൽറ്റ്‌ ഹാരങ്ങൾ ചാർത്തിയും യുദ്ധം ജയിച്ച്‌ വരാനായി പ്രാർത്ഥനയോടെ കൈ കൂപ്പി യാത്രാമൊഴികൾ നൽകി.

അവധിക്കാലത്ത്‌ നാട്ടിലെത്തിയാൽ റമ്മിന്റെ ചെറുലഹരിയിൽ കളിച്ചങ്ങാതികൾ നീ എത്ര ശത്രുസൈനികരെ വകവരുത്തീ എന്നൊക്കെ മുകുന്ദനോട്‌ ചോദിക്കാറുണ്ട്‌. നാട്ടിൻ പുറത്തുകാരുടെ നിഷ്‌കളങ്കയെക്കുറിച്ചാണ്‌ അപ്പോഴൊക്കെ മുകുന്ദൻ ഓർക്കാറുള്ളത്‌. ജീവബലികളെപ്പറ്റിയാണ്‌ അവർക്കറിയേണ്ടത്‌. കൊല്ലാനും, ചാവാനും വെട്ടിപ്പിടിക്കാനും മാത്രം സൃഷ്‌ടിക്കപ്പെട്ടവരാണ്‌ ആ സുഹൃത്തുക്കൾക്ക്‌ സൈനികർ. കൂടുതൽ ശത്രുക്കളെ കൊന്ന്‌ വീരചക്രം നേടിയവനാണ്‌ അവരുടെ കണ്ണിൽ വാർ ഹീറോ!

മരണത്തണുപ്പിൽ ജീവിക്കുന്ന പട്ടാളക്കാരെ ഭരണിപ്പാട്ടും പ്രണയഗാനങ്ങളുമല്ല നയിക്കുന്നതെന്ന്‌ മുകുന്ദൻ കൂട്ടുകാരോട്‌ പറഞ്ഞു. ഹിമാലയൻ താഴ്‌വരങ്ങളിൽ മുല്ല മലരുകൾ പോലെ പെയ്‌തിറങ്ങുന്ന മഞ്ഞുമഴയിൽ നീന്തക്കളിക്കാനെത്തുന്ന വിനോദ സഞ്ചാരികളെപ്പോലെയല്ല അതിർത്തി കാക്കുന്ന സൈനികർ. കാശ്‌മീരിൽ നിന്നും നൂറു നൂറു മൈലകലെ, പതിനായിരം അടിയിലും കൂടുതൽ ഉയരങ്ങളിൽ കാവൽ നിൽക്കുമ്പോൾ. ഈ പാനപാത്രം ഒഴിവാക്കണേ എന്ന്‌ ചിലപ്പോഴെങ്കിലും പട്ടാളക്കാർ വിലപിച്ചു പോകും. പഞ്ചാബിയായലും, കാശ്‌മീരിയായലും, മദ്രാസിയായാലും.

ലൈറ്റ്‌ മെഷീൻ ഗണ്ണുകളും ബെൽറ്റിൽ കൊളുത്തിയിട്ട ഗ്രിനേഡുകളുമായി കല്ലും മണ്ണും കൊണ്ട്‌ പടുത്ത്‌ ബലിഷ്‌ഠമാക്കിയ സെൻട്രൽ പോസ്‌റ്റിലെ ഡ്യൂട്ടി അടുത്ത ഊഴക്കാരന്‌ കൈമാറി മുകുന്ദനും കൂട്ടുകാരും ബങ്കറിലെത്തി. തൽക്കാല വിശ്രമത്തിനായി മണ്ണിൽ ബല്ലികളും നാഗത്തകിടും കൊണ്ട്‌ മേലാപ്പിട്ട മൺ ഗുഹയിൽ.

തണുപ്പ്‌ അരിച്ചു കയറാതിരിക്കാൻ ബങ്കറിന്റെ നിലത്ത്‌ ചണപ്പായ വിരിച്ചിട്ടുണ്ട്‌. ഉറങ്ങാൻ ഗൗണ്ട്‌ ഷീറ്റിൽ ചുരുട്ടി വച്ച, അകത്ത്‌ പട്ടുകമ്പിളിയിട്ട്‌ തുന്നിയ സ്ലീപ്പിംഗ്‌ ബാഗുകൾ

ചൂടുവെള്ളമൊഴിച്ച്‌ നേർപ്പിച്ച ഓരോ പെഗ്ഗ്‌ റം നുണഞ്ഞപ്പോൾ തണുത്തിരുന്നസിരകൾ മൂരി നിവർന്നു. ടിന്നിൽ വരുന്ന മീൻകറി ചൂടാക്കി. എരിവ്‌ കുറഞ്ഞ ആ പദാർത്ഥത്തിൽ ചപ്പാത്തി മുക്കി ചവച്ചിറക്കി.

സ്ലീപ്പിംഗ്‌ ബാഗിലേക്ക്‌ നുഴഞ്ഞു കയറുമ്പോൾ അകലങ്ങളിലെവിടേയോ, ഫിൽഡ്‌ പീരങ്കികൾ ഗർജ്ജിക്കുന്നതുപോലെ തോന്നി. ഗ്രിനേഡുകൾ പൊട്ടിച്ചീറുന്നതും ഹിമക്കാറ്റിനെ തുളച്ച്‌ ബുള്ളറ്റുകൾ പായുന്ന ചുളവും കേട്ടു.

ഇത്തവണ അധികം നാളുകളില്ല. വെറും രണ്ടാഴ്‌ചക്കാലമേ പടനിലങ്ങളിൽ ശത്രുസൈന്യവുമായി വെടിയുണ്ടകൾ കൈമാറിയുള്ളു. അപ്പോഴേക്കും ദില്ലിയും, ഇസ്ലാമാബാദും ഉണർന്നു കഴിഞ്ഞിരുന്നു. യുദ്ധം സീസ്‌ഫയറായി എന്ന്‌ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം റേഡിയോവിലും കേട്ടു.

ഒന്നിച്ച്‌ കവാത്ത്‌ ചെയ്‌ത, ഒന്നിച്ചുറങ്ങിയ ഒരുപാട്‌ കൂട്ടുകാർ മുകുന്ദന്‌ നഷ്‌ടപ്പെട്ടിരുന്നു. മുറിവിന്റെ നോവും ഞരക്കങ്ങളും കൊണ്ട്‌ മിലിട്ടറി ആശുപത്രികൾ ശോകഭരിതമായിരുന്നു.

മാസങ്ങളോളം രാപാർത്ത ബാങ്കറുകളിൽ നിന്ന്‌ ബറ്റാലിയൻ ബാരക്കുകളിലേക്ക്‌ മടങ്ങി.

പടനിലങ്ങളിൽ ജീവൻ ബലി നൽകിയ സൈനികരുടെ ചിത്രങ്ങൾ റീഡിംഗ്‌ റൂമിന്റെ ചുമരുകളിൽ ആരധനയോടെ പ്രതിഷ്‌ഠക്കുന്നാതായിരുന്നു ബറ്റാലിയനിലെ പ്രഥമ ചടങ്ങ്‌. നഷ്‌ടപ്പെട്ട ജവാന്മാർക്കുവേണ്ടി ധരം ഗുരു യുദ്ധങ്ങളുടെ ദേവന്‌ പ്രത്യേകം ആരതിയുഴിഞ്ഞു. മിഴികളിൽ നനവും മനസ്സിൽ ദുഖമൗനവും പടർത്തിയ മുഹൂർത്തം.

മാസങ്ങൾക്ക്‌ ശേഷം സന്ധ്യാ നേരത്ത്‌ ബറ്റാലിയൻ വീണ്ടും ഒന്നിച്ചു കൂടി ബഢാഘാന! ഷഹണായ്‌ സംഗീതം! റമ്മിന്റെ ഒഴുക്കും സീൽക്കാരങ്ങളും!

മിലിട്ടറി ഡോക്‌ടർമാർ ബോർഡ്‌ ഔട്ട്‌ പെൻഷൻ വിധിച്ച്‌ എഴുതിത്തള്ളിയവരെ യാത്രയാക്കുന്ന ചടങ്ങ്‌. വെള്ളിമെഡലുകളും വെങ്കല നക്ഷത്രങ്ങളും നെഞ്ചിലണിഞ്ഞ്‌ വിജയഗാഥകളും പരിക്കിന്റെ വേദനകളുമായി സൈനികരുടെ വിട പറയൽ രാവ്‌!

കയ്യോ കാലോ അറ്റുപോയ, കണ്ണ്‌ ചതഞ്ഞ സൈനികർക്ക്‌ വീടു വരെ തുണപോകാൻ നിയമം വളണ്ടിയർമാരെ അനുവദിച്ചിട്ടുണ്ട്‌.

ഹവിൽദാർ ഷേർസിങ്ങിന്‌ കൂട്ടായി ശിപായി അമർസിങ്ങാണ്‌ പോകുന്നത്‌. ഗോതമ്പ്‌ മണികൾ കൊറിച്ച്‌ മദിക്കുന്ന തത്തക്കിളികളുടെ കുരവയിലുണരുന്ന വടക്കൻ പഞ്ചാബിലെ ഗുരുസാഗർ ഗ്രാമത്തിലേക്ക്‌.

നായക്‌ അലങ്കാരത്തോടൊപ്പം ശിപായി മുകുന്ദൻ. തഞ്ചാവൂരിലെ ഒരിടനാടായ ആണ്ടിക്കുപ്പം ഗ്രാമത്തിലേക്ക്‌. മഞ്ഞുപെയ്യുന്ന കാശ്‌മീർ താഴ്‌വരയിലേക്കും ഹിമാചലിലെ സോളാർ ജില്ലയിലേക്കും, രാജസ്‌ഥാനിലെ ജയ്‌സാൽമേറിലേക്കും പോകുന്നവർ വേറെയുണ്ട്‌. കരിമ്പും നെല്ലും വിളയുന്ന തെലുങ്കാനയും അതിനപ്പുറം ശാലീനയായ കളിംഗവും കടന്ന്‌ ബംഗാളിലേക്കും ആസാമിലേക്കും പിന്നെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്കും യാത്രയാവുന്നവരും.

യുദ്ധവിജയത്തിന്റെ കരുത്തൻ സ്‌മരണകളുമായി പിരിഞ്ഞു പോകുന്ന നിങ്ങളിൽ രാഷ്‌ട്രം അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ധീരതയ്‌ക്ക്‌ മുന്നിൽ നമസ്‌കരിക്കുന്നു. എന്നൊക്കെയാണ്‌ കാമാന്റിംഗ്‌ ഓഫീസർ അവർക്ക്‌ നൽകിയ സാക്ഷിപത്രങ്ങളിലെ ആംഗലമൊഴികൾ.

ഓഫിസർമാരും ഉസ്‌താതുമാരും പിരിഞ്ഞു പോകുന്നവരെ യാത്രയയക്കാൻ റയിൽവേ സ്‌റ്റേഷനിൽ എത്തിയിരുന്നു. കൈകൾ കോർത്തും മണ്ണിലും പൊടിയിലും ഒന്നായനുഭിവിച്ച ദുരിത യാമങ്ങൾ അയവിറക്കിയും ഇത്തിരി നേരം കൂടി.

ബറ്റാലിയനിലെ സീനിയർ ഉസ്‌താതായിരുന്ന പഞ്ചനദികളുടെ പുത്രൻ ഹവിൽദാർ ഷേർസിങ്ങിനെ എന്നിനി കണ്ടു മുട്ടും? ഭസ്‌മം മണക്കുന്ന പഴനിമല ഭക്തനായ ശിപായി അലങ്കാരത്തെ, കൊയ്‌ത്തുപാട്ടുകൾ പാടി കൂട്ടുകാരെ രസിപ്പിക്കുമായിരുന്ന ഹൊഷിയാർപ്പൂരിലെ പ്യാരെലാലിനെ, പഴുത്ത മണൽ നിറമുള്ള കമൽസിങ്ങിനെ, ബറ്റാലിയനിലെ ഗുസ്‌തിഫയൽമാനായിരുന്ന നായക്‌ സുബ്ബറെഡ്‌ഡിയെ, പമ്പാതീരത്തെ റബ്ബർകാടുകളുടെ കുളിരിലേക്ക്‌ യാത്രയാവുന്ന സുബേദാർ ജോസഫിനെ...........

പലനേരങ്ങളിലായി പലദേശങ്ങളിലേക്കുള്ള ട്രെയിനുകൾ വന്നും പോയും കൊണ്ടിരുന്നു. പത്താൻകോട്ട്‌ എക്‌സ്‌പ്രസ്സ്‌, കൽക്ക, ആസാം, ജെയ്‌പൂർ, മദ്രാസ്‌ മെയിലുകൾ.

വെടിയേറ്റ വലതുകാൽ മുറിച്ചു മാറ്റിയ ശിപായിയാണ്‌ അലങ്കാരം. അലങ്കാരത്തിന്റെ നീളൻ ട്രങ്കും ക്യാൻവാസ്‌ ബാഗും കംപാർട്ടുമെന്റിലെ സീറ്റിനടിയിൽ സ്‌ഥാപിച്ച്‌ സ്വസ്‌ഥമായ യാത്രയിലേക്ക്‌ അയാളെ കൈപിടിച്ച്‌ നയിക്കുമ്പോൾ മുകുന്ദന്റെ ഹൃദയം ഇടറി. ഒരിക്കൽ തിളയ്‌ക്കുന്ന യൗവനമായി ബാരക്കിലേക്ക്‌ കടന്നു വന്ന യുവാവിതാ, ചിറകൊടിഞ്ഞ്‌ അവശനായി.........

മരണഭയമില്ലാതെ ശത്രുനിരയിലേക്ക്‌ ബുള്ളറ്റുകൾ തൊടുത്ത്‌ നാടിന്റെ സ്വാതന്ത്ര്യം കാത്ത സൈനികരെപ്പറ്റി മന്ദിർ പണ്‌ഡിറ്റ്‌ജി ആരതി മുഹൂർത്തത്തിൽ പറഞ്ഞതിന്നും മുകുന്ദനോർമ്മയുണ്ട്‌.

പടനിലങ്ങളിൽ രക്തം ചിന്തുന്ന സൈനികരാണ്‌ സ്വർഗ്ഗത്തിന്റെ യഥാർത്‌ഥ അവകാശികൾ! ആ സുവർണ്ണ മന്ദിരത്തിന്റെ വാതായനങ്ങൾ യുദ്ധദേവന്റെ യാതനാഭരിതരായ മക്കൾക്കുവേണ്ടി മലർക്കെ തുറന്നിട്ടിരിക്കുന്നു.

ടി.കെ.ഗംഗാധരൻ

തൈത്തറ വീട്‌, ഉഴുവത്തുകടവ്‌, കൊടുങ്ങല്ലൂർ - 680 664.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.