പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒരു സന്ദർശനം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സജിതാവർമ്മ

കഥ

മുത്തശ്ശിക്കഥകളുടെ ലോകത്താണ്‌ ഞാൻ വളർന്നത്‌. മുത്തശ്ശിയായിരുന്നില്ല, വല്യമ്മയായിരുന്നു പറഞ്ഞു തന്നിരുന്നതെന്നു മാത്രം. പരന്നു കിടക്കുന്ന നെൽ വയലുകളും, കമുങ്ങിൻ തോപ്പുകളും, കളവും, നരി മടയും, ചിറയിലെ തേവരും എല്ലാം ചേർന്നൊരു കൊച്ചുഗ്രാമത്തിൽ ഞാനും എന്റെ വല്യമ്മയും. ആ കൊച്ചുലോകത്തിൽ അമ്പോറ്റിക്കണ്ണനും തേവരും പൂതനും തിറയും ഒക്കെ എനിക്ക്‌ കൂട്ടുകാരായി.

പിന്നെ എപ്പോഴൊക്കെയോ ലോകം സ്വയം അങ്ങു വലുതാകാം എന്നു കരുതിയിരിക്കണം. ഞാൻ അതറിയുന്നതിനു മുൻപേ വല്യമ്മയും എന്റെ ഗ്രാമവും എന്റെ ബാല്യവും ഒക്കെ ആ ലോകത്തിന്റെ ഒരു കോണിലൊതുങ്ങി. ഇടയ്‌ക്കിടെ ആ ഓർമ്മകൾ കൈയ്യിലെടുത്ത്‌ ഓമനിക്കലും പൊടി തട്ടലും മാത്രം മുറയ്‌ക്കു നടന്നു. പിന്നെ പിന്നെ അതും ഇല്ലാതായി. വല്ലപ്പോഴും പൊടിയടിഞ്ഞു കിടക്കുന്ന കോണിലേക്കു നോട്ടം പാളി വീണാലായി അത്രതന്നെ.

കല്യാണത്തിനു കുറിയടിച്ചു കഴിഞ്ഞു. ക്ഷണം മുറയ്‌ക്കു നടക്കുന്നു. പ്രതീക്ഷിക്കാതെയാണ്‌ അമ്മ ആ നിർദ്ദേശം മുന്നോട്ടു വച്ചത്‌. “ഒന്നു പോയി കാണണം, മുണ്ടു വെച്ചു നമസ്‌കരിക്കണം. നിന്നെ ചെറുപ്പത്തിൽ കുറെ കൊണ്ടു നടന്നതാണ്‌ ആയമ്മ. ഇനി എപ്പോഴാണു കാണുക. കാണാൻ പറ്റുമോ എന്നുതന്നെ സംശയം.” അങ്ങനെ പുറപ്പെട്ടു. കാറിൽ ഇരുന്നു വല്ല്യമ്മയുടെ മുഖം ഓർത്തെടുക്കാൻ ഒത്തിരി ശ്രമിച്ചു, സാധിച്ചില്ല. ആ അസ്വസ്ഥതയോടെയാണ്‌ പടി കയറി ചെന്നത്‌.

വളരെ ഹൃദ്യമായ സ്വീകരണം. അച്ചൻ സ്വയം പരിചയപ്പെടുത്തി. വല്യമ്മ തുടങ്ങി ഃ “വീട്ടിൽ ആരെങ്കിലുമൊക്കെ വരുന്നതു വളരെ സന്തോഷമാണ്‌. ആരോഗ്യത്തിന്‌-ഈശ്വരസഹായത്താൽ വലിയ കുഴപ്പമില്ല. പക്ഷേ ഓർമ്മ തീരേ പോരാ. പണ്ടത്തെ കാര്യങ്ങളൊക്കെ നല്ല പിടുത്തമാണ്‌. പക്ഷെ ഇപ്പോൾ പറയുന്ന കാര്യങ്ങളൊന്നും രണ്ട്‌ നിമിഷം കഴിഞ്ഞാൽ ഓർമ്മയുണ്ടാവില്ല.” പറഞ്ഞതുപോലെത്തന്നെ ഇതു പറഞ്ഞു നിർത്തിയതും ചോദിച്ചുഃ “ആരാ?” വീണ്ടും പരിചയപ്പെടുത്തേണ്ടി വന്നു എല്ലാവരേയും. “പൂഞ്ഞാറ്റിലെ, തെക്കെ കെട്ടിലെ സാവിത്രിയെ ഓർമ്മയുണ്ടോ? ഞാൻ സാവിത്രിയുടെ മകൻ സുരേന്ദ്രൻ”. വല്യമ്മക്കു സമ്മതമായി. രണ്ട്‌ പ്രാവശ്യം പേരു പറഞ്ഞു മനസ്സിൽ ഉറപ്പിച്ചു എന്നുവരുത്തി. അപ്പൊ ഇത്‌? അത്‌ എന്റെ ഭാര്യ-ശൈലജ. അച്‌ഛൻ പറഞ്ഞു. ശരി. അപ്പൊ ഇത്‌? ഇതാണ്‌ എന്റെ മകൾ-അമ്മു. കല്യാണമാണ്‌ അടുത്ത മാസം. ഒരു നിമിഷം എന്തോ ആലോചിച്ചു വല്യമ്മ പിന്നെയും ചോദിച്ചു-“ആരാ?” അച്‌ഛൻ ഒന്നു അമ്പരന്നു. വീണ്ടും പരിചയപ്പെടുത്തൽ. ഓരോ പ്രാവശ്യവും ഓർമ്മക്കുറവിനു മാപ്പു പറഞ്ഞു വല്യമ്മ പിന്നേയും ചോദിക്കും. “ആരാ?”

വല്യമ്മയുടെ മനസ്സിൽ ഞാൻ അപ്പൊഴും രണ്ട്‌ വയസ്സുകാരി. ഞാൻ വല്യമ്മയുടെ അമ്മുവാണെന്നു സമ്മതിക്കാനേ അവർ തയ്യാറായില്ല. “അവൾ കൊച്ചു കുഞ്ഞല്ലേ!” എന്നു പറഞ്ഞു കൊണ്ട്‌, മടിയിലിരിക്കുന്ന എന്നെ -വല്യമ്മയ്‌ക്കു മാത്രം കാണാവുന്ന എന്നെ-നെറുകയിൽ മുകർന്നു. രണ്ട്‌ നിമിഷത്തിൽ ആ ഓർമ്മയും വല്യമ്മയുടെ കണ്ണുകളിൽ നിന്നു മാഞ്ഞു. ഇറങ്ങാൻ നേരമായി. മുണ്ടുവെച്ചു നമസ്‌കരിച്ചു.

തിരിച്ചു പോരുമ്പോൾ, വല്യമ്മക്കു വേണ്ടിയോ വല്യമ്മയുടെ മടിയിലിരുന്നിരുന്ന എന്റെ ബാല്യത്തിനു വേണ്ടിയോ വേറെ പേരറിയാത്ത എന്തിനൊക്കെയോ വേണ്ടിയോ കാറിലിരുന്നു ഞാൻ കരഞ്ഞു.

സജിതാവർമ്മ

4578 സാന്റീ ട്രയിൽ, മേബിൾടൺ, ജി.എ. 30126, യു.എസ്‌.എ. ഫോൺഃ 404 313 2055.


E-Mail: sajithanv@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.