പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സംഘടനകള്‍ ഉണ്ടാവുന്നത്.....!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി. ജി. വാര്യര്‍

ശ്രീലക്ഷ്മി മൂന്നാമത്തെ പ്രാവശ്യം പറഞ്ഞപ്പോഴാണ് ഞാന്‍ സമാജം ഭാരവാഹികളുടെ മകളൊടുള്ള അവഗണനയെപ്പറ്റി ശ്രദ്ധിക്കാന്‍ തുടങ്ങിയത്. ശ്രീലക്ഷ്മി പറയുന്നതിലും കാര്യമില്ലാതില്ല. എത്ര പരിപാടികളിലായി സമാജത്തിന്റെ കലാവിഭാഗം സെക്രട്ടറി തന്റെ മകളെ ഒതുക്കി. നന്നായി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന ശ്രുതിക്ക് ഇതുവരെ സമ്മാനമൊന്നും കിട്ടിയിട്ടില്ല. അത് അവര്‍ കൊണ്ടു വന്ന ജഡ്ജസ്സിന്റെ തോന്ന്യാസം തന്നെ എല്ലാം അവിടെ ചിലരുടെ കുത്തകയാണെത്രെ. മറുനാട്ടില്‍ മലയാളി സമാജത്തില്‍ മെമ്പറായിട്ട് ഇതൊക്കെയാണ് സ്ഥിതി. എത്രെയെന്നു കരുതിയാ ഇതു സഹിക്യാ...

ഏതായാലും സായികൃപ അപ്പാര്‍ട്ട് മെന്റിലെ നന്ദകുമാറിനെ വിളിച്ചു ചോദിച്ചതു ഭാഗ്യമായി. നന്ദകുമാറിന്റെ മകള്‍ അശ്വതിയുടെ കാര്യം ഇതിലും മോശമാണെത്രെ. വൈകീട്ടു കാണാമെന്നു പറഞ്ഞപ്പോള്‍ ശ്രീലക്ഷ്മിയുടെ മുഖത്ത് സന്തോഷത്തിരയൊന്നും കണ്ടില്ലെന്നതാണ് വാസ്തവം. ഞാനും നന്ദനും കണ്ടാല്‍, അതും വൈകീട്ട് രണ്ടെണ്ണം വീശാതെ പിരിയില്ലെന്നവള്‍ക്കറിയാം. പഴയ ബാച്ചിലര്‍ ലൈഫിന്റെ ബാക്കി മാത്രമല്ല നന്ദന്റെ ഭാര്യയെപ്പറ്റി ശ്രീലക്ഷ്മിക്കത്ര മതിപ്പില്ല. ചാലില്‍ താമസിച്ചിരുന്ന അവര്‍ ഫ്ലാറ്റിലേക്ക് മാറിയതിന്റെ പൊങ്ങച്ചം സഹിക്കാന്‍ പറ്റുന്നില്ലത്രെ. ഇപ്പോള്‍ ഇന്നോവ ഇല്ലെങ്കില്‍ അമ്പലത്തില്‍ പോകാന്‍ പോലും പറ്റില്ലെന്ന് പറയുന്ന വനജ പി. നായരേയും ഏഴുകൊല്ലം മുന്‍പ് ശ്രീ ഗണേശ ചാലില്‍ ഒറ്റമുറിയില്‍ താമസിച്ചിരുന്ന നിറം മങ്ങിയ സരിയുടുത്ത് അശ്വതിയെ സ്കൂളില്‍ വിടാന്‍ പൊരിവെയിലത്ത് നടന്നു വന്നിരുന്ന വനജയേയും ശ്രീല‍ക്ഷ്മി മറന്നിട്ടില്ല. നന്ദകുമാര്‍‍ സ്വന്തം ബിസ്സിനസ്സ് തുടങ്ങിയപ്പോഴുണ്ടായ മാറ്റമാണെത്രെ ഇത്. ശ്രീലക്ഷ്മി പറയുന്നത് ഇത് മാറ്റമൊന്നുമല്ല മായാജാലമാണെന്നാണ് . നന്ദന്‍ പഴയ സേട്ടിനെ പറ്റിച്ചാണെത്രെ ഇതെല്ലാം ഉണ്ടാക്കിയത്. ഇപ്പോള്‍ സാന്‍ട്രോയില്‍ കയറിയാല്‍ അവള്‍ക്കും കുട്ടികള്‍ക്കും ഓക്കാനം വരുമെന്നാണ് മറ്റുള്ളവരോട് പറയുന്നത്. സാന്ട്രോ അത്ര മോശമൊന്നുമല്ലല്ലോ ഞങ്ങളതില്ലല്ലേ സുഖമായി യാത്ര ചെയ്യുന്നത്. ശ്രീലക്ഷ്മിയോട് തര്‍ക്കിക്കാതിക്കുന്നതാണ് നല്ലത്. എങ്കിലും ശ്രുതിയുടെ കാര്യത്തിനല്ലേ...അവള്‍ സമാധാനിച്ചു കാണും.

ഏതായാലും നന്ദനുമായുള്ള കൂടിക്കാഴ്ചയ്ക്കു ഫലമുണ്ടായി. രണ്ട് പെഗ്ഗ് ഓഫീസ്സേഴ്സ് ചോയ്സിന്റെ വീര്യത്തില്‍ ചര്‍ച്ചയ്ക്ക് വേഗമായി. നമ്മുടെ കുട്ടികളെ സമാജം ഇങ്ങനെ തഴയുന്നതു ശരിയല്ല. നമ്മള്‍ കൂടി ചേര്‍ന്നതല്ലേ ജാതിയും ഉപജാതിയും. രാഷ്ട്രീയവും , ഉപഗ്രഹ സംഘടനകളുടെ സഹകരണവും ഉറപ്പാക്കി ഇവരെ സമാജവ്ഭാരവാഹികളാക്കിയത് നമ്മള്‍ ഓഫീസില്‍ നിന്നും ലീവെടുത്ത് കയ്യും മെയ്യും മറന്ന് കഷ്ടപ്പെട്ടിട്ടല്ലേ ഇവര്‍ തെരെഞ്ഞെടുപ്പില്‍ ജയിച്ചത്. എന്നിട്ടും നമ്മുടെ കുട്ടികളോട് തന്നെ.... ഇതൊട്ടും ശരിയല്ല. പിന്നെയെല്ലാം വേഗത്തിലായി. പഴയ ബാച്ചിലര്‍ ലൈഫിലെ കൂട്ടുകാരെ കൂടെക്കൂട്ടാന്‍ ഒരാഴ്ച, പാഡും ലെറ്റര്‍ ഹെഡും ആയപ്പോള്‍‍ സംഘടനയായി. ദിനപത്രങ്ങളിലെ മൂന്നാം പേജില്‍ ഭാരവാഹികളുടെ പേരും ഫോട്ടോയും വരാന്‍ ഒരാഴ്ച. കലാപരിപാടികളും ഉത്ഘാടനവും സംഘടിപ്പിക്കാന്‍ രണ്ടാഴ്ച. ആളുകള്‍ കുറവാണെങ്കിലെന്താ... നമ്മുടെ കുട്ടികള്‍ക്ക് കളിക്കാം പാടാം. ഇഷ്ടം പോലെ സമയം കിട്ടിയില്ലേ. ആതുര സേവനമെന്നൊക്കെ ഭരണഘടനയില്‍ പറയുന്നുണ്ടെങ്കിലും അതിനൊക്കെ ആര്‍ക്ക് നേരം. നമ്മളായി നമ്മുടെ പാടായി. ഇനി അടുത്ത കൊല്ലം നോക്കാം. ആരോടും ചോദിക്കാതെ നമുക്കും നമ്മുടെ കുട്ടികള്‍ക്കും സ്റ്റേജ് കിട്ടുമല്ലോ. ഒരു സംഘടനകൊണ്ട് ഇത്രയൊക്കെപ്പോരെ.....?

സി. ജി. വാര്യര്‍

മുബൈ


Phone: 09320986322
E-Mail: ceegeewarrier@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.