പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

സുതാര്യതയുടെ മറവുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അനൂപ്‌ എം.ആർ

കഥ

ഒന്ന്‌

ബായിച്ചൻ പളളിയുടെ ചുട്ടുപഴുത്ത പടിക്കല്ലുകളിൽ ഒന്നിൽ ഇരുന്നു. ചൂടും തണുപ്പും അറിയാതെ ജീവിച്ച വർഷങ്ങളുടെ ചുളിവുകൾ അയാളുടെ മുഖത്ത്‌ നിഴലിച്ചിരുന്നു. നിരത്ത്‌ പൊടി പാറി മങ്ങിയിരുന്നു. നിരത്ത്‌ മുറിച്ചുകടന്ന്‌ ആലീസ്‌ വരുന്നത്‌ ബായിച്ചന്റെ ദൃഷ്‌ടിയിൽ പഴയൊരു സിനിമയുടെ അവസാനരംഗം പോലെ നിഴലിച്ചു.

ആലീസും യാത്രയുടെ തുടക്കത്തിൽ ആലോചിച്ചത്‌ ബായിച്ചനെക്കുറിച്ചായിരുന്നു. ബായിച്ചനില്ലാതെ ആ പളളിയുടെ ചിത്രം തീർത്തും അപൂർണ്ണമാണെന്ന അറിവ്‌ അവളെ പലപ്പോഴും ഭയപ്പെടുത്തിയിരുന്നു. ബായിച്ചന്‌ അവൾ കാണുന്ന കാലം മുതൽ ഒരേ വേഷവും ഒരേ ഭാവവും ആയിരുന്നു. മുഷിഞ്ഞ പച്ച വളളികളുളള ഞാന്നുകിടക്കുന്ന ട്രൗസറും കണ്ണുകളിലെ ദൈന്യഭാവവും തൂങ്ങിയ കവിളും എല്ലാം ബായിച്ചനെ മന്ദബുദ്ധിയാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.

സക്കറിയയുടെ മുഖചിത്രമുളള ഭാഷാപോഷിണിയും കയ്യിൽ ചുരുട്ടിപിടിച്ച്‌ ആലീസ്‌ പടി കയറിവരുന്നത്‌ ബായിച്ചൻ കണ്ടു. ബായിച്ചന്‌ സക്കറിയയെ അറിയില്ല. പക്ഷേ ആലീസിനെ അറിയാം. അവൾ പളളിയിൽ വരുന്നത്‌ എന്തിനെന്നും അറിയാം.

ആൽഫ്രഡ്‌ അച്ചൻ ആരോഗ്യവാനായ ചെറുപ്പക്കാരനാണ്‌. ലോകത്തെ മുഴുവൻ പരിഹസിക്കുന്ന കണ്ണുകൾ കർത്താവ്‌ എന്തിനയാൾക്ക്‌ കൊടുത്തു എന്ന്‌ ബായിച്ചൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. ആലീസിനെ കാണുമ്പോൾ ആ കണ്ണുകൾ കഴുകന്റേതുപോലെ ചെറുതാകുന്നത്‌ ബായിച്ചൻ ശ്രദ്ധിച്ചിരുന്നു.

രണ്ട്‌

“ബായിച്ചന്റെ വികൃതികൾ പലപ്പോഴും ക്രൂരങ്ങളാണ്‌.” ആൽഫ്രഡ്‌ അച്ചൻ മടിയിൽ കിടക്കുന്ന ആലീസിനോട്‌ പറഞ്ഞു.

“നമ്മുടേയും” ആലീസ്‌ ചിരിച്ചു.

മനസ്സിലാവാത്ത മുഖത്തിന്റെ ചുളിവുകളെ നിവർത്താനെന്നോണമവൾ വിശദീകരിച്ചു.

“തിരുസഭക്ക്‌ നിരക്കുന്നതല്ല നമ്മൾ ചെയ്യുന്നതൊന്നും.”

തിരുസഭയുടെ ശാസനങ്ങളിൽ അഗ്രഗണ്യനായ ആൽഫ്രഡ്‌ അച്ചൻ ഒരു നിമിഷം കണ്ണുകളടച്ചു. കണ്ണിനു പുറത്ത്‌ അഞ്ചാണിയിൽ ബന്ധിച്ച ക്രിസ്‌തു തളർന്നു കിടന്നു.

മൂന്ന്‌

ചുണ്ണാമ്പ്‌ നേർത്ത ഒരു ഈർക്കിലിയിൽ പുരട്ടി ബായിച്ചൻ ചുവരിലിരിക്കുന്ന പല്ലിക്ക്‌ നേരെ ചെന്നു. മെല്ലെ തന്ത്രത്തോടെ ഈർക്കിൽ ചലിപ്പിച്ചു. ഇരയെ കിട്ടിയ പല്ലിയുടെ സന്തോഷത്തിനിടയിൽ ചുണ്ണാമ്പ്‌ അതിന്റെ വായിലായി പല്ലിയുടെ കണ്ണുകളിൽ ലഹരി, മയക്കം...ചുവരിൽ നിന്നും താഴേക്ക്‌ വീഴുമ്പോഴും മുഴുവനും അടയാത്ത അതിന്റെ കണ്ണിൽ ഉറക്കം കൂടുകൂട്ടിയിരുന്നു.

നീനക്ക്‌ സങ്കടം തോന്നി. തന്റെ കുഞ്ഞുടുപ്പ്‌ ഒന്നുകൂടി പരത്തിപ്പിടിച്ച്‌ ആവുന്നത്ര ഉയരത്തിൽനിന്ന്‌ മുല്ലപ്പൂക്കൾ പറിക്കുമ്പോഴായിരുന്നു അവൾ ബായിച്ചന്റെ ഈ വികൃതി കണ്ടത്‌.

എന്തിനാ ഇച്ചായാ മിണ്ടാപ്രാണികളെ ദ്രോഹിക്കണേ...“

രൂക്ഷമായ ഒരു നോട്ടത്താൽ ബായിച്ചൻ അവളെ നിശ്ശബ്‌ദയാക്കിയപ്പോൾ ആൽഫ്രഡ്‌ അച്ചനും ആലീസും തിരുസഭയുടെ നിയമരേഖകളെ വിയർപ്പുതുളളികളാൽ തകർക്കുകയായിരുന്നു.

നാല്‌

ഉയരം കൂടിയ പ്രതിമയുടെ വിരലിൽ നിന്നും നീണ്ട ഒരു ചരട്‌ ബായിച്ചൻ വലിച്ചു കെട്ടി. പോക്കറ്റിൽ കയ്യിട്ട്‌ സൂക്ഷിച്ചിരുന്ന തേരട്ടയെ നൂലിൽ കയറ്റി. അത്‌ കുറെ ദൂരം നടന്ന്‌ അക്കരെ എത്തിയോ എന്ന്‌ തലപൊക്കി നോക്കി. പിന്നെ സർക്കസ്സിലെ ട്രപ്പീസുകളിക്കുന്ന പെൺകുട്ടി കാണിക്കുന്നതുപോലെ തലമാത്രം നൂലിൽ തൂക്കി കുറച്ചുസമയം തൂങ്ങിക്കിടന്നു.

ആലീസും ആൽഫ്രഡ്‌ അച്ചനും സക്കറിയയുടെ കഥയെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു. നസ്രാണിയുവാവിന്റെ ഗൗളിശാസ്‌ത്ര ബോധത്തെക്കുറിച്ചുളള ചിരിനിലച്ചപ്പോൾ ആലീസിന്റെ മുടിയിഴകൾ ആൽഫ്രഡ്‌ അച്ചന്റെ വിരലുകൾക്കിടയിലായിരുന്നു.

വേനൽക്കാലത്തും മഴക്കാലത്തും പൂക്കുന്ന മുല്ലച്ചെടിപ്പടർപ്പിൽ ധാരാളം മിന്നാമിന്നികൾ തിളങ്ങിക്കൊണ്ടിരുന്നു. ബായിച്ചൻ കീറത്തുണിയുടെ രണ്ടുവശം കുമ്പിൾ മടക്കി കുറെ എണ്ണത്തിനെ ശേഖരിച്ചു. വളഞ്ഞ രേഖകളിൽ പശകൊണ്ട്‌ കുരിശു വരച്ച പലകയിൽ മിന്നാമിന്നികളെ പെറുക്കി വെക്കുമ്പോൾ ബായിച്ചന്റെ മനസ്സിൽ വിളക്കുകൾ തെളിയുകയായിരുന്നു. പലകയിൽ മിന്നാമിന്നികളുടെ തെളിയുകയും കെടുകയും ചെയ്യുന്ന കുരിശും.

അഞ്ച്‌

”ആലീസു കുഞ്ഞിനെന്താ ആൽഫ്രഡ്‌ അച്ചന്റെ മുറിക്കകത്ത്‌ കാര്യം?“ ബായിച്ചൻ ശബ്‌ദം താഴ്‌ത്തി ചോദിച്ചു.

പുഞ്ചിരി വാടാതെ തിരുമേനി അരമനയുടെ വാതിൽ പിടിച്ചു നിന്നു. ”ഓ അവരു പഠിച്ച പിളളാരല്ലേ അവരു വല്ലോം സംസാരിക്കുന്നതിലെന്താ പ്രശ്‌നം?“

”ഇതൊന്നും അത്ര ശരിയല്ല“ ബായിച്ചൻ നടന്നകന്നു.

വൈകീട്ട്‌ ആൽഫ്രഡച്ചനെ കണ്ടപ്പോൾ ബായിച്ചൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചതാണ്‌. പക്ഷേ കഴുകൻ കണ്ണുകൾ തന്നെ ചൂഴുന്നത്‌ അയാൾ വേദനയോടെ അറിഞ്ഞു.

”തനിക്കിവിടെ എന്താ ജോലി?“

”സമയസമയത്ത്‌ മണിയടിക്കുക“

”അസമയത്ത്‌ അടിക്കുന്ന ഒരു മണിയുണ്ട്‌ മരണമണി അറിയാമല്ലോ?“

ആൽഫ്രഡ്‌ അച്ചന്റെ ശബ്‌ദത്തിൽ ഭീഷണി.

ആലീസിന്റെ കുടുംബത്തെക്കുറിച്ച്‌ ബായിച്ചന്‌ ഒന്നും അറിയില്ല. സമയാസമയത്ത്‌ മണിയടിക്കാനല്ലാതെ ഒന്നിനും തനിക്കറിയില്ലെന്ന്‌ ബായിച്ചന്‌ ബോധ്യമായിരുന്നു. ക്ലോക്കോ സമയസൂചികളോ ഇല്ലാതെ കൃത്യസമയത്ത്‌ യാന്ത്രികമായി ചെയ്യുന്ന ജോലി, ഇടക്ക്‌ വലിയ തിരുമേനി പറയുമ്പോൾ അടിക്കുന്ന കൂട്ടമണി...തന്റെ മരണമണി അടിക്കുന്നതാരാവും എന്ന്‌ ആലോചിച്ച്‌ മയക്കത്തിലേക്ക്‌ വഴുതി വീഴുകയായിരുന്നു ബായിച്ചൻ.

ആറ്‌

ഇരുട്ട്‌ കട്ടപിടിച്ചിരുന്നു. വേലിപ്പടർപ്പുകളിൽ അൽപം മുൻപ്‌ പെയ്ത മഴയുടെ തുളളികൾ. പുതുമണ്ണിന്റെ മണത്തിനോടൊപ്പം ചീവീടിന്റെ കരച്ചിലും. ആലീസിന്റെ സ്വപ്‌നങ്ങൾക്ക്‌ ചിറകുവിരിയുകയായിരുന്നു.

പളളിമേടയിൽ നിന്നും ഇറങ്ങുംവരെയും വാതോരാതെ അവളെ ഉപദേശിച്ചിരുന്ന ആൽഫ്രഡ്‌ അച്ചൻ ഇരുട്ടിൽ നിശ്ശബ്‌ദനായി. ഭാരമേറിയ പെട്ടി അയാളുടെ കയ്യിൽ ഞാന്നു കിടന്നു.

നഗരത്തിന്റെ വെളിച്ചത്തിൽ ആൽഫ്രഡ്‌ അച്ചനും ആലീസും നടന്നു. തിരുസഭയുടെ വസ്‌ത്രം അരമനയിലെ മുറിയിൽ അനാഥമാക്കപ്പെട്ടിരുന്നു. പുതിയ വേഷത്തിൽ അയാൾ ഭർത്താവും അവൾ ഭാര്യയുമായി.

ഏഴ്‌

ളോഹയൂരിയ ആൽഫ്രഡ്‌ അച്ചൻ കുരിശിന്മേൽ അവസാന ആണിയും തറക്കുന്ന സ്വപ്‌നമാണ്‌ ബായിച്ചനെ ഉണർത്തിയത്‌. ഹൃദയം വേവുന്ന വേദനയിൽ അരമനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നതായും അവിടം ശൂന്യമാക്കപ്പെട്ടിരിക്കുന്നതായും ബായിച്ചൻ കണ്ടു.

മനസ്സിൽ മുഴങ്ങുന്ന കൂട്ടമണിയും വേനൽമഴയുടെ രൂക്ഷഗന്ധവും ബായിച്ചനെ അസ്വസ്ഥനാക്കി. വിവിധതരം ജന്തുക്കളവയുടെ പിൻതലമുറകളെ എല്ലാം കൂട്ടി തനിക്കെതിരെ സമരം നയിക്കുന്ന കാഴ്‌ച അയാളെ ഭയപ്പെടുത്തി. ഉറക്കം വരാതെ സമയം നീളുകയാണ്‌. പൊന്തക്കാട്ടിൽ ചീറ്റുന്ന പാമ്പുകളുടെ ശബ്‌ദം. അവ ഒന്നല്ല രണ്ടെണ്ണം. പ്രകൃതിയുടെ നിയതമായ ചങ്ങലയിൽ ഇണയെ ഇണ പുണരുകയാണ്‌. കയ്യിൽ കിട്ടിയ മണിയടിക്കുന്ന ഇരുമ്പുകഷ്‌ണം പൊന്തക്കാട്ടിലെക്കെറിഞ്ഞ്‌ ബായിച്ചൻ തിരിഞ്ഞോടി. കിതപ്പോടെ തന്റെ കിടക്കയിലേക്ക്‌ ബായിച്ചൻ വീണു.

എട്ട്‌

അന്ത്യമില്ലാത്ത സ്വപ്‌നങ്ങളിൽ കുടം കഴുത്തിൽ കുടുങ്ങിയ നായയും, ചുണ്ണാമ്പ്‌ തിന്ന പല്ലിയും, നൂലിൽ തൂങ്ങുന്ന തേരട്ടയും എല്ലാം ബായിച്ചനെ വളയുകയും അവയുടേതായ ആഹ്ലാദസ്വരങ്ങൾ പുറപ്പെടുവിക്കുകയും ചെയ്‌തുകൊണ്ടേ ഇരുന്നു.

ആകാശം വീണ്ടും ഇരുളുകയും മഴ പെയ്‌തു തുടങ്ങുകയും ചെയ്‌തപ്പോൾ ബായിച്ചൻ കരയുകയായിരുന്നു.

ഒമ്പത്‌

ആൽഫ്രഡ്‌ അച്ചനും ആലീസും നാടുവിട്ട്‌ കടന്നു കളഞ്ഞ വിവരം അറിഞ്ഞ ആകുലതയോടെയാണ്‌ വല്ല്യ തിരുമേനി അരമനയിലേക്ക്‌ ഓടി എത്തിയത്‌. അരമനക്ക്‌ താഴെ പൊന്തക്കാട്ടിൽ രണ്ടു പാമ്പുകൾ ചത്തു കിടന്നത്‌ തിരുമേനി കണ്ടില്ല. അവയുടെ കണ്ണുകളിലെ തീരാത്ത ആസക്തിയും. ബായിച്ചൻ ചലനമറ്റു കിടക്കുന്നതും, തിരുമേനി കണ്ടില്ല. ചുറ്റും ഉറുമ്പുകളുടെ ഘോഷയാത്രക്കിടയിൽ ഇക്കിളിയില്ലാതെ ബായിച്ചൻ കിടന്നു. തുറന്ന വാതിൽ അമർത്തിപ്പിടിച്ച്‌ അപായസൂചനയുടെ മണിമുഴക്കാൻ ബായിച്ചനെ ഉറക്കെ വിളിച്ചുകൊണ്ട്‌ തിരുമേനി അകത്തേക്ക്‌ കടന്നപ്പോഴായിരുന്നു വലിയൊരു ഇടിമുഴക്കത്തോടെ മഴ തിമർത്തു പെയ്തത്‌, തലേന്നത്തെ മഴപ്പാടുകളെ മായ്‌ക്കാനെന്നപോലെ....

അനൂപ്‌ എം.ആർ

ഡി.എ. സ്‌കൂൾ

പോസ്‌റ്റ്‌ ബോക്‌സ്‌ 5162

ദമാം 31422

സൗദി അറേബ്യ.


Phone: 058142480




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.