പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

“ഹോളോബ്രിക്‌സിൽ വാർത്തെടുത്ത ദൈവം!!!”

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മനോരാജ്‌

ആശുപത്രിയുടെ മുൻപിലുള്ള സിമന്റ്‌ ബെഞ്ചിൽ, അഴുക്ക്‌ പുരണ്ട ഒരു തോൾസഞ്ചിയും, ഏതോ തുണിക്കടയുടെ എഴുത്തുകൾ മാഞ്ഞുതുടങ്ങിയ ഒരു കവറുമായി വിഷണ്ണയായി, ഇരിക്കുന്ന അമ്മൂമ്മയെ നോക്കി ഒരു നിമിഷം ഞാൻ നിന്നു. എല്ലുന്തി, ചുക്കിച്ചുളിഞ്ഞ ശരീരം..... മുഖം ആകെ കരിവാളിച്ചിട്ടുണ്ട്‌. കുളിച്ചിട്ട്‌ കുറച്ചു ദിവസമായെന്നു തോന്നുന്നു.... അവർ ദയനീയമായി ഒരു ഞരങ്ങിയോ?... ഭക്ഷണം കഴിച്ചിട്ട്‌ കുറച്ചായെന്നു തോന്നുന്നു. അത്രക്കധികം അകത്തേക്ക്‌ ഉന്തിയ വയറും, അതിനേക്കാളേറെ പുറത്തേക്ക്‌ തള്ളിയ കണ്ണുകളും.... കടന്നുപോകുന്ന പലരും അവരെ നോക്കിയിട്ട്‌ പോയി. ചില നേഴ്‌സുമാർ അവരെ സഹതാപത്തോടെ നോക്കുന്നു. ഞാനും എന്റെ കൂടെയിരുന്ന രാമചന്ദ്രൻ ചേട്ടനും കൂടി അവരുടെ അരികിലേക്ക്‌ ചെന്നു.

ഇത്‌ നഗരത്തിലെ പ്രശസ്‌തമായ സൂപ്പർ സ്‌പെഷാലിറ്റി ഹോസ്‌പിറ്റൽ. എല്ലാ സജ്ജീകരണങ്ങളും ഉള്ള ജീവന്റെ അംശമുണ്ടെങ്കിൽ ആയുസ്സ്‌ തിരികെ പിടിക്കാമെന്ന്‌ ഉറപ്പിച്ചു പറയാവുന്ന ജനകോടികളുടെ വിശ്വസ്‌ത സ്‌ഥാപനം. ഭൂമിയിലെ ദൈവം കെട്ടിപെടുത്ത ആതുരാലയം. എന്റെയും കൂടെയുണ്ടായിരുന്ന ചേട്ടന്റെയുമൊക്കെ അവസാന ആശാകേന്ദ്രം ആയിരുന്നു അവിടം. ഞങ്ങളുടെ ഇരുവരുടെയും അച്ഛന്മാർ അവിടെ മരണത്തിനും ജീവിതത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ സിലിണ്ടറുകളിൽ നിറച്ച്‌, ട്യൂബുകളിലൂടെ അരിച്ചിറങ്ങുന്ന പ്രാണവായു മാത്രം ഭക്ഷിച്ച്‌, ഉള്ളിലുള്ള നീറ്റലും, വേദനയും കടിച്ചമർത്തി, നാളെകളെ കുറിച്ചുള്ള സ്വപ്‌നങ്ങളുമായി.... ഞങ്ങളാണെങ്കിൽ, ഇനി എന്തു ചെയ്യണം എന്നതിൽ ഒരു എത്തും പിടിയുമില്ലാതെ, മനസ്സിലുള്ള പല കാര്യങ്ങളും വീട്ടുകാരെയോ, ബന്ധുക്കളെയോ അറിയിക്കാനുള്ള ത്രാണിയില്ലാതെ, വിങ്ങുന്ന മനസ്സുകളോടെ, നഷ്‌ടസ്വപ്‌നങ്ങളുമായി.... ഇവിടെ, വന്ന ദിവസം മുതൽ കേൾക്കുന്നത്‌ രോഗികൾക്ക്‌ ചെയ്‌തിരിക്കുന്ന സൗകര്യങ്ങളെ കുറിച്ചാണ്‌ അപ്പോഴാണു ഈ ദയനീയ ചിത്രം കാണുന്നത്‌.

“അമ്മൂമ്മേ? എന്തു പറ്റി? എന്താ ഇവിടെ കിടക്കുന്നത്‌?” - രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു.

അവർ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും വേറെയും ചിലരെല്ലാം അവിടേക്ക്‌ വന്നുചേർന്നു.

“ഹേയ്‌, എല്ലാവരും ഒന്ന്‌ മാറി നിന്നേ? ഇവിടെ വട്ടം കൂടി നിൽക്കരുത്‌. ചുമ്മാ മാർഗ്ഗതടസ്സം ഉണ്ടാക്കാനായി - സെക്യൂരിറ്റി ഗാർഡ്‌ ഒച്ച വച്ചു.

”അതെന്താ മാഷേ നിങ്ങൾ അങ്ങിനെ പറയുന്നേ? ഇത്‌ ഒരു വയസ്സായ സ്‌ത്രീ അല്ലേ? നിങ്ങൾ ഇതുവരെ ഒന്ന്‌ തിരിഞ്ഞുനോക്കിയില്ലല്ലോ? എന്നിട്ടിപ്പോൾ ഓടികിതച്ച്‌, വന്നിരിക്കുകയാണോ?“ - എന്നിലെ യുവരക്തം തിളച്ചുവന്നു. അവിടെ കൂടിനിന്ന പലരും അതേറ്റുപിടിച്ചു.

അപ്പോഴും അമ്മൂമ്മ ഒന്നും മിണ്ടിയില്ല. എല്ലാവരും പരസ്‌പരം കുശുകുശുക്കുന്നതിനിടയിൽ, പെട്ടെന്ന്‌ ഒരു വാൻ അവിടേക്ക്‌ പാഞ്ഞു വന്നു. ക്യാമറ യൂണിറ്റുമായി ഒരു കൂട്ടം ചാനൽ പ്രവർത്തകർ അവിടം കൈയടക്കി എന്ന്‌ തന്നെ പറയാം. ഞങ്ങൾ എല്ലാവരും പകച്ച്‌ നിൽക്കുകയാണ്‌. ചിലരെല്ലാം ഷൂട്ടിംഗ്‌ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ തിക്കി തിരക്കുന്നു. എന്താ നടക്കുന്നതെന്നറിയാതെ ഞാനും, രാമചന്ദ്രനും ചേട്ടനും മറ്റുള്ളവരും സ്‌തംഭിച്ച്‌ നിന്നു.

”ഓ ഇതേതോ സീരിയലിന്റെ ഷൂട്ടിംഗ്‌ ആണെന്നാ തോന്നുന്നേ....! “- ആരോ പറയുന്നത്‌ കേട്ടു. ചിലർ വെറുതെ സമയം കളഞ്ഞതിനു ഞങ്ങളെ ഇരുവരേയും ഒന്ന്‌ ഇരുത്തി നോക്കിയിട്ട്‌ കടന്നു പോയി. മറ്റുചിലർ ആശുപത്രിയിൽ വന്നത്‌ എന്തിനാണെന്ന്‌ വരെ മറന്ന പോലെ ഷൂട്ടിങ്ങിൽ ലയിച്ച്‌ നിന്നു. ഒന്ന്‌ പിന്നാക്കം മാറിയെങ്കിലും, അവിടെ നിന്നു വിട്ടുപോകാൻ ഞങ്ങളുടെ മനസ്സ്‌ തെയ്യാറായില്ല...... അല്ല... ഇത്‌ സീരിയലും ടെലിഫിലിമും ഒന്നുമല്ല.... മറ്റെന്തോ ആണ്‌... ഞങ്ങൾ അവിടെ തന്നെ നിന്നു. ഞങ്ങളുടെ അരികിൽ നിന്നിരുന്ന ഒരു മാലാഖയുടെ മുഖത്തും ദയനീയമായ ഭാവം ഉണ്ടായിരുന്നു.

”സിസ്‌റ്ററേ, എന്താ അവിടെ? ആരാ ആ അമ്മൂമ്മ. പലരും പറഞ്ഞു സീരിയൽ ഷൂട്ടിംഗ്‌ ആണെന്ന്‌. പക്ഷെ, ആ അമ്മൂമ്മയെ കണ്ടിട്ട്‌ ഒരു നടിയാണെന്ന്‌ തോന്നുന്നില്ല.“ - ഞാൻ എന്റെ ന്യായമായ സംശയം ചോദിച്ചു.

”ഹും, സീരിയൽ.... ആളുകൾക്ക്‌ പ്രാന്താ.... അതു സീരിയലും കുന്തവുമൊന്നുമല്ല... നിങ്ങൾ പറഞ്ഞത്‌ ശരിയാ..... ആ സ്‌ത്രീ നടിയുമല്ല... പക്ഷെ, ഇപ്പോൾ അവർ നടിക്കുകയാ....“ മാലാഖ പറഞ്ഞു.

”നിങ്ങൾക്കറിയോ, കഴിഞ്ഞ 3 ദിവസമായിട്ട്‌ ഞാൻ കൂടി ഡ്യൂട്ടിക്ക്‌ നിൽക്കുന്ന വാർഡിൽ അഡ്‌മിറ്റ്‌ ആയിരുന്നു അവർ. കടുത്ത വൈറൽ പനിയായിരുന്നു. റോഡുവക്കിൽ പനിച്ച്‌ വിറച്ചിരിക്കുന്നത്‌ കണ്ട്‌ ആരോ എടുത്ത്‌ ഈ ആശുപത്രിയിൽ കൊണ്ടാക്കിയതാ.... സങ്കടം തോന്നും അവരുടെ കഥ കേട്ടാൽ....“ - കഥ എന്ന്‌ കേട്ടതിനാലാണെന്ന്‌ തോന്നുന്നു. ചിലർ കൂടി ഷൂട്ടിങ്ങിന്റെ മായാലോകത്തിൽ നിന്നു ശ്രദ്ധ ഞങ്ങളുടെ സംസാരത്തിലേക്കാക്കി.

”എന്താ സിസ്‌റ്ററേ....“ - രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു.

”അവർക്ക്‌ 3 മക്കളുണ്ടെന്നാണു പറഞ്ഞത്‌. ഉണ്ടായിട്ടെന്തിനാ... 3 പേർക്കും ഇവരെ വേണ്ട. മൂത്ത മകൾ ഭർത്താവിനോടാപ്പം അവരുടെ നാട്ടിൽ തന്നെയുണ്ട്‌. അവർ തിരിഞ്ഞുനോക്കില്ലാത്രേ. രാമൻ മകനാ.... അവൻ ഒരു പണക്കാരിപ്പെണ്ണിനെ കല്യാണവും കഴിച്ച്‌ അവരുടെ വീടിന്റെ കാവൽ ഏറ്റെടുത്തിരിക്കുകയാ... ഇളയ മകൾ ആരുടെയോ കൂടെ ഒളിച്ചോടി... ഇപ്പോൾ പലരുടെയും കൂടെ ജിവിക്കുന്നു....“ സിസ്‌റ്ററുടെ മുഖത്ത്‌ വികാരങ്ങളുടെ വേലിയേറ്റം കണ്ടു. കേട്ട്‌ നിന്നവരെല്ലാം ഒരു നിമിഷം ഷൂട്ടിങ്ങിനു പകരം തിരശ്ശീലയിൽ ഒരു സിനിമ തന്നെ ദർശിച്ചു.

തൂവെള്ള വസ്‌ത്രം ധരിച്ച ആ മാലാഖ കഥ തുടർന്നു. ”ആദ്യദിവസം തന്നെ അവരുടെ കൈവശം മരുന്നിനുപോലും പണമില്ലെന്ന്‌ ഞങ്ങൾക്ക്‌ മനസ്സിലായി. ഹോസ്‌പിറ്റലിൽ കെട്ടിവക്കാനുള്ള രൂപ ഡോക്‌ടർ കൊടുത്തു. പക്ഷെ, പിന്നെയുണ്ടമല്ലോ, ഒത്തിരി നൂലാമാലകൾ.... ഞങ്ങൾക്കറിയാമായിരുന്നു ഇവിടത്തെ ചെലവൊന്നും ഇവർ താങ്ങില്ല എന്ന്‌. ഒടുവിൽ, ഞാൻ തന്നെയാണ്‌ ഡോക്‌ടറോട്‌ പറഞ്ഞത്‌ ഇവർക്ക്‌ സഹായം നൽകണമെന്നും, സൗജന്യചികിത്സ അനുവദിക്കണമെന്നും അപേക്ഷിച്ചുകൊണ്ട്‌ ഇവരുടെ പേരിൽ ഹോസ്‌പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർക്ക്‌ കത്തെഴുതിയത്‌. കത്ത്‌ അവിടെ നിന്നും ട്രെസ്‌റ്റ്‌ ഭാരവാഹികൾ വഴി എത്തേണ്ടിടത്തെത്തിക്കാൻ പാവം ഡോക്‌ടറും കുറെ കഷ്‌ടപ്പെട്ടു. ഒടുവിൽ, ഇവർക്ക്‌ സൗജന്യമായി ചികിത്സ അനുവദിച്ച്‌ കൊണ്ട്‌ ദൈവത്തിന്റെ കൽപന എത്തി.... പക്ഷെ, ഇപ്പോൾ തോന്നുക, ഒന്നും വേണ്ടിയിരുന്നില്ലെന്ന്‌. അവരെ മരുന്നൊന്നും കൊടുക്കാതെ കൊന്നാൽ മതിയായിരുന്നെന്ന്‌...“ സിസ്‌റ്ററുടെ തെണ്ടയിടറി.

”അതെന്താ മോളേ, അങ്ങിനെ പറയുന്നേ.... മോളു ചെയ്‌തത്‌ ഒരു പുണ്യകർമ്മമല്ലേ? അതിനുള്ള പ്രതിഫലം മോൾക്ക്‌ കിട്ടും. ദൈവമായിട്ടല്ലേ ഇവരെ മോളുടേയും, ആ ഡോക്‌ടറുടെ അടുക്കൽ എത്തിച്ചത്‌.“ രാമചന്ദ്രൻ ചേട്ടന്‌ ആ 22 കാരിയോട്‌ വാൽസല്യം തോന്നി. ഞാനും അവരെ അൽപം ബഹുമാനത്തോടെ നോക്കി. കാരണം, കേട്ടറിവിലുള്ളതെല്ലാം ക്രൂരമായ, കുത്തിവെക്കുമ്പോൾ വേദനിപ്പിക്കുന്ന, മാലഖയുടെ വസ്‌ത്രമണിഞ്ഞ, പൂതനമാരെ പോലെ പെരുമാറുന്ന സിസ്‌റ്റർമാരെ പറ്റിയാണല്ലോ?

”അല്ല ചേട്ടന്മാരെ ഞാൻ ചെയ്‌ത ഉപകാരത്തിന്റെ ബാക്കിപത്രമാ ഈ കാണുന്നേ....“

”മനസ്സിലായില്ല?“ - ഞാൻ

”ഇന്ന്‌ രാവിലെ അവരെ ഡിസ്‌ചാർജ്ജ്‌ ചെയ്‌തതാ.... രോഗം മുഴുവൻ മാറിയിട്ടൊന്നുമില്ല. എങ്കിലും ആശ്വാസമുണ്ട്‌. പക്ഷെ, ഇപ്പോൾ ഇതുവരെയായിട്ടും അവരെ എവിടെക്കും പോകാൻ അനുവദിച്ചിട്ടില്ല.... അല്ല, അനുദിച്ചാലും പോകാൻ അവർക്ക്‌ പ്രത്യേകിച്ച്‌ വീടൊന്നുമില്ല എന്നതും സത്യമാ.... എന്നാലും, ഈ വെയിലും കൊണ്ട്‌, വയ്യാത്ത അവർ...“ സിസ്‌റ്ററുടെ നല്ല മനസ്സിനെ ഞങ്ങൾ മനസ്സുകൊണ്ട്‌ നമിച്ചു.

”എന്താ മോളേ... അവരെ പോകാൻ അനുവദിക്കുന്നില്ലെന്ന്‌ പറയുന്നത്‌. ആരാ തടഞ്ഞുവച്ചിരിക്കുന്നേ?“ - രാമചന്ദ്രൻ ചേട്ടൻ ചോദിച്ചു.

”ചേട്ടാ, ആ നടക്കുന്നത്‌ സീരിയൽ ഷൂട്ടിംഗ്‌ ഒന്നുമല്ല. ഈ ഹോസ്‌പിറ്റൽ നടത്തുന്ന ട്രസ്‌റ്റിന്റെ തന്നെ ടി.വി. ചാനൽ യൂണിറ്റാ അത്‌. ആ അമ്മൂമ്മയുടെ കദനകഥ അവരെക്കൊണ്ട്‌ തന്നെ പറയിപ്പിക്കുന്നത്‌.... പക്ഷെ, ലക്ഷ്യം അവരുടെ അവസ്‌ഥ ജനങ്ങളിലെത്തിക്കുകയല്ല. മറിച്ച്‌ അവർക്ക്‌ ആശുപത്രിയിൽ നിന്നും നൽകിയ സാമ്പത്തിക ഇളവുകളും, പാവങ്ങളോടുള്ള ഭൂമിയിലെ ദൈവത്തിന്റേ കാരുണ്യത്തിന്റെ നേർക്കാഴ്‌ചകളും ഒക്കെയാ.... ഇതൊക്കെ കാണുമ്പോൾ ഈ ജോലിയൊക്കെ ഉപേക്ഷിച്ച്‌ പോയാലോ എന്ന്‌ വരെ തോന്നുണ്ട്‌.....“

പെട്ടന്ന്‌ ടി.വി. ചാനൽ പ്രവർത്തകർ പരിഭ്രാന്തരായി അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നതും, വെള്ളക്കുപ്പിയുമായി സെക്യൂരിറ്റി ഗാർഡ്‌ അവിടേക്ക്‌ ഓടിയടുക്കുന്നതും കണ്ട്‌ ഞങ്ങളും അവിടേക്ക്‌ ചെന്നു. തളർന്ന്‌ കിടക്കുന്ന അമ്മൂമ്മയെ മടിയിലേക്ക്‌ എടുത്ത്‌ വെച്ച്‌ നെഞ്ചിൽ തടവികൊടുക്കുമ്പോഴും വിഷണ്ണയായ സിസ്‌റ്ററുടെ മുഖം മറ്റുള്ളവരിൽ വല്ലാത്ത നീറ്റൽ ഉണ്ടാക്കി. വീണ്ടും ക്യാമറ പോസിഷൻ ചെയ്യാൻ ശ്രമിച്ച യുവാവ്‌ രാമചന്ദ്രൻ ചേട്ടന്റെ നോട്ടത്തിനു മുൻപിൽ തലതാഴ്‌ത്തി.

കുറച്ചു സമയത്തെ പ്രയാസങ്ങൾക്ക്‌ ശേഷം അമ്മൂമ്മക്ക്‌ വീണ്ടും എഴുന്നേറ്റിരിക്കാമെന്നായി. അവർ എല്ലാവരെയും മാറിമാറി നോക്കി. സിസ്‌റ്ററുടെ മുഖത്തേക്ക്‌ അവർ നോക്കിയപ്പോഴേക്കും അവിടെ ഒരു കാർമേഘം ഉരുണ്ടുകൂടിയിട്ടുണ്ടായിരുന്നു.

”സാരമില്ല മോളേ... മോളുടെ നല്ല മനസ്സ്‌ കൊണ്ടല്ലേ അങ്ങിനെ ചെയ്‌തത്‌. പിന്നെ എന്നെപോലുള്ള അനാഥകളുടെ അവസ്‌ഥ എന്തായാലും ഇതൊക്കെ തന്നെ.... മക്കൾക്കോ വേണ്ട... പിന്നെയാണോ, ദൈവത്തിന്‌... അല്ല ഒരു പക്ഷെ, ഇതൊന്നും ദൈവം അറിയുന്നില്ലായിരിക്കും അല്ലേ? എത്രയെത്ര ആളുകളാ ദിവസവും വരുന്നേ.... എത്രയെത്രയാളുകൾക്കാ ദിവസവും അനുഗ്രഹവും, രോഗശാന്തിയും നൽകേണ്ടത്‌.... അതിനിടയിൽ നിസ്സാരമായ ഈ ഞാൻ ആര്‌....“ - അമ്മുമ്മക്ക്‌ വാക്കുകൾ തോണ്ടയിൽ കുടുങ്ങി.........

രംഗം പന്തികേടാകുമെന്ന്‌ തോന്നിയിട്ടാകാം, മാലഖയെ വിളിച്ചുകൊണ്ട്‌ പോകാൻ ഭൂമിയിലെ ദൈവത്തിന്റെ ദൂതന്മാർ വന്നു. അമ്മൂമ്മയെ വിട്ട്‌ - ഗത്യന്തരമില്ലാതെ, സ്വന്തം വീട്ടിലെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം ഇവിടെ നിന്നും കിട്ടുന്ന നിവേദ്യച്ചോറായത്‌ കൊണ്ടകാം..... - മാലാഖ കാവൽക്കാരോടൊപ്പം യാത്രയായി.... തന്റെ ഭാണ്ഡക്കെട്ടും എടുത്ത്‌ വേച്ച്‌ വേച്ച്‌ നടന്നുപോകുന്ന അമ്മൂമ്മയെ നോക്കി ഞങ്ങളെല്ലാം പകച്ചു നിന്നു. ഇനി എന്തെന്നറിയാതെ, അവസാനഷോട്ടെന്ന പോലെ നടന്നുപോകുന്ന അമ്മൂമ്മയുടെ പിന്നൊലെ ക്യാമറ സും ചെയ്‌തുകൊണ്ട്‌ ചാനൽ ടിവിയും യാത്രയായി...

ദൂരെ ആകാശത്തേക്ക്‌ കണ്ണുകളുയർത്തി സ്വർഗസ്‌ഥനായ ദൈവത്തോട്‌ പരാതികൾ അയവിറക്കി വേച്ച്‌ വേച്ച്‌ നടന്നുപോകുന്ന അമ്മൂമ്മയും.... ഇവിടെ, ഭൂമിയിലെ ദൈവത്തിന്റെ കാവൽക്കാർ തീർത്ത കോടതിമുറിയിൽ, കണ്ണുകെട്ടപ്പെട്ട നീതിദേവതക്ക്‌ മുൻപിൽ, എല്ലാം തന്റെ പിഴ എന്ന്‌ ഏറ്റ്‌ പറഞ്ഞ്‌ തലകുമ്പിട്ട്‌ നിൽക്കുന്ന മാലഖയും.... ഒരു ഡോക്യുഫിക്ഷൽ പോലെ പ്രേക്ഷകരായ ഞങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങി... ഒപ്പം മുകളിലേക്ക്‌ നോക്കി അമ്മൂമ്മയും, കെട്ടിയേൽപ്പിച്ച പാപഭാരത്താൽ കുനിഞ്ഞ ശിരസ്സുമായി താഴേക്ക്‌ നോക്കി മാലാഖയും മനസ്സിൽ മന്ത്രിച്ചത്‌ ഇപ്രകാരമായിരിക്കാം. ഇതെന്താ, ദൈവത്തെ ഹോളോബ്രിക്‌സിൽ ആണോ വാർത്തെടുത്തത്‌.

മനോരാജ്‌


Phone: 9447814972
E-Mail: manorajkr@gmail.com,manorajkr@rediffmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.