പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കൈതപൂക്കൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സബി ബാവ

പ്രഭാതത്തിലെ കുളിരിൽ പ്രകൃതി നീല കമ്പിളി പുതച്ചു നിദ്രയിലാണ്‌. മഞ്ഞിന്റെ നേർത്ത മൂടുപടംമാറ്റി വെളിച്ചത്തിന്റെ സേനാനികൾ സൂര്യ തേര്‌ ഇറക്കി. പ്രകാശത്തിന്റെ ആഗമനത്തിൽ നിദ്ര വിട്ടുണർന്ന പ്രകൃതിയുടെ വിരഹാകുലരായ കാമുകിമാരെ പോലെ കൈതപൂക്കൾ നമ്രമുഖികളായി.

ചുറ്റും ശൂന്യതയാണ്‌. കൈതപൂവിന്റെ സുഗന്ധം നെഞ്ചിലേറ്റി അലയുന്ന കാറ്റിനു മഞ്ഞു തുള്ളിയുടെ നനവ്‌ പടർന്നിരുന്നു. അല്‌പം ദൂരെനിന്ന്‌ വരുന്ന പാൽക്കാരനോട്‌ ദാമോദരേട്ടൻ അയച്ചു തന്ന അഡ്രസ്സ്‌ കാണിച്ചു, അപരിചിതൻ അത്‌ വാങ്ങി വായിച്ചു ചോദിച്ചു ആരാ? എവിടുന്നു വരുന്നു?

ഞാനവിടുത്തെ ആരുമല്ല എന്റെ അകന്നൊരു ബന്ധു ഈ പറഞ്ഞ സ്‌ഥലത്ത്‌ ഒരു ജോലിയുണ്ടെന്നു പറഞ്ഞുവന്നതാണ്‌.

ശരി.

അതാ ആ കാണുന്ന കൈതക്കാടുകൾക്കപ്പുറത്ത്‌ കാണുന്ന വലിയ വീട്‌ അതാണ്‌ താങ്കൾ അന്വേഷിക്കുന്ന വീട്‌.

വളരെ നന്ദി.

അയാളോട്‌ യാത്ര പറഞ്ഞു മുന്നോട്ടു നടന്നു.

ഇളം കാറ്റിൽ നൃത്തമാടുന്ന കൈതപൂക്കൾക്കരികിലൂടെ പാദസ്വരയലക്കുകൾ കിലുക്കി ഒഴുകുന്ന അരുവിക്ക്‌ കുറുകെ തടിയിൽ തീർത്ത പടിപ്പുര. അല്‌പം പരിഭ്രമത്തോടെയാണെങ്കിലും പടിപ്പുര കടന്നു. മുറ്റത്തിന്റെ ഇരുവശത്തും ഒരേ അളവിൽ വെട്ടി പാകപ്പെടുത്തിയ ചെടികൾ ഒതുക്കുവരെ നീണ്ട്‌ കിടക്കുന്നു. ഒരുവശത്ത്‌ പച്ചപ്പട്ടുപോലെ നട്ടുപിടിപ്പിച്ച പുൽത്തകിടി. ഉയരമുള്ള മട്ടുപ്പാവും കൂറ്റൻ ജാലകങ്ങളും മറ്റുമുള്ള വലിയ ബംഗ്ലാവ്‌. ചുറ്റും കണ്ണോടിച്ചു നിൽക്കുമ്പോഴാണ്‌ പടിപ്പുര കടന്നു സുന്ദരിയായ ഒരുവൾ കടന്നുവന്നത്‌.

നേരിയ കസവ്‌ കരയുള്ള സാരിയാണ്‌ വേഷം, നെറ്റിയിൽ ചന്ദനകുറി, വാലിട്ടെഴുതിയ മിഴികൾ, നീണ്ടു നിവർന്നു കാറ്റിൽ ഇളകുന്ന കാർകൂന്തലിൽ തിരുകിയ തുളസിക്കതിർ. ആ മുഖം മനസ്സിൽ ചെറിയൊരു അനുഭൂതിയുണർത്തും പോലെ നോക്കി നിൽക്കുന്നതിനിടെ അവൾ ചോദിച്ചു.

ആരാ...?

ഞാൻ ദാമോദരേട്ടൻ പറഞ്ഞിട്ട്‌ വന്ന ജോലിക്കാരനാണ്‌. ഉം കയറി ഇരിക്ക്‌ ഞാൻ അച്ഛനെ വിളിക്കാം ഇതും പറഞ്ഞു അവൾ അകത്തു പോയി. നിമിഷങ്ങൾക്കുള്ളിൽ അല്‌പം പ്രായം തോന്നിക്കുന്ന ഒരാൾ പുറത്ത്‌ വന്നു.

ഉം...

കയറി ഇരിക്കു. ഞാൻ ഒരാഴ്‌ച മുമ്പ്‌ ദാമുനോട്‌ പറഞ്ഞിരുന്നു സഹായത്തിനു ഒരാൾ വേണമെന്ന്‌. ദാമു പറഞ്ഞത്‌ അമ്മയും കൂടെയുണ്ട്‌ എന്നാണല്ലോ എന്നിട്ട്‌ കണ്ടില്ല?

വന്നു ജോലി സ്‌ഥിരമായശേഷം എന്നു കരുതി.

അതിനെന്താ പൊറം പുരേൽ അമ്മയ്‌ക്കും നിനക്കും താമസിക്കാനുള്ള സൗകര്യങ്ങൾ എല്ലാമുണ്ട്‌. പക്ഷെ പൊടി പിടിച്ചു കിടപ്പാ ഒന്ന്‌ തൂത്തുവാരി വെടിപ്പാക്കണം. ഇതിനിടയിൽ മുമ്പ്‌ കണ്ട സുന്ദരി താക്കോലുമായ്‌ എത്തി. താക്കോൽ എന്നെ ഏല്‌പിക്കുന്നതിനിടെ അവൾ ചെറുതായൊന്നു പുഞ്ചിരിച്ചു. അന്ന്‌ മുതൽ ഞാനവിടെ ജോലിക്കാരനായി.

മാസങ്ങൾ കടന്നു ഞാനിപ്പോൾ കാരണവരുടെ വിശ്വസ്‌തനായ ജോലിക്കാരനാണ്‌, അമ്മയും കൂടെയുണ്ട്‌ ചെറിയ ജോലികൾക്കായി അമ്മയും ബംഗ്ലാവിൽ എത്തിതുടങ്ങി. അച്ഛന്റെ മരണശേഷം സന്തോഷമെന്തെന്നറിയാത്ത അമ്മക്ക്‌ ഇതിൽ പരം ആശ്വാസമെന്ത്‌.

ദിവസങ്ങൾ നീങ്ങികൊണ്ടിരുന്നു. ഇതിനിടെ ചെറിയ പിണക്കങ്ങളും സന്തോഷങ്ങളുമായ്‌ അവളെന്റെ ഹൃദയത്തിൽ സ്‌ഥാനം പിടിച്ചു. സൗന്ദര്യം തുളുമ്പുന്ന അവളോട്‌ അരുതെന്ന്‌ പറയാൻ എന്റെ മനസ്സ്‌ അനുവദിച്ചില്ല. ദിവസങ്ങൾ നീങ്ങുംതോറും അവൾ കൂടുതൽ അടുത്ത്‌ തുടങ്ങി. അനേകം സ്വത്തിന്റെ അവകാശിയായ കാരണവരുടെ ഏക സന്തതി. പക്ഷെ ഇതൊന്നും മനസ്സിനെ തളക്കാൻ പോന്ന ചങ്ങലയായില്ല. എന്തിനു പറയണം ഞാനവിടുത്തെ ജോലിക്കാരനെന്നത്‌ പോലും അങ്ങിനെ......

വെള്ളരിപ്രാവുകളെ കനവുകണ്ട്‌ ഉണർന്ന ഒരു പ്രഭാതത്തിൽ മഞ്ഞു വീണ പുൽനാമ്പുകളിലും വാലാട്ടി കിളിയുടെ തൂവലിലും കവിതവിരിയിച്ച്‌ സാഹചര്യങ്ങൾ അനുകൂലമായ ആ സന്ദർഭം ഞങ്ങൾ മതിവരുവോളം സംസാരിച്ചു. സംസാരത്തിനിടയിൽ എന്റെ മിഴികൾ അവളെ വരിഞ്ഞു.

അവൾ എന്നിൽനിന്നെന്തെങ്കിലും പ്രതീക്ഷിക്കുംപോലെ.....

അവളുടെ മിഴികളടഞ്ഞു.

നീ എന്നെ കാണുന്നില്ലെ. നിനക്കായ്‌ ഞാൻ കരുതിയതാണ്‌ ഇതെല്ലാം എന്നവൾ എന്നോട്‌ പറയും പോലെ തോന്നിയ നിമിഷം എന്റെ പൗരുഷം പുറത്ത്‌ ചാടാൻവെമ്പി അരുതെന്ന്‌ അവൾ ആവർത്തിച്ചെങ്കിലും എന്റെ കൗമാരത്തിന്റെ വിക്രിയകൾ അവളെ തളർത്തി അവളെന്റെ ചിറകിനിടയിൽ അടയിരുന്നു. താമരത്തണ്ടുപോലെ തളർന്ന ശരീരത്തിലൂടെ വിയർപ്പുകണങ്ങൾ ഒലിച്ചിറങ്ങി. തൊണ്ട വരണ്ടു എല്ലാം കെട്ടടങ്ങുമ്പോൾ മനസ്സിന്‌ വല്ലാത്ത വിങ്ങൽ തളർന്നു അവളെ വിളിച്ചു ഇല്ല എണീക്കുന്നില്ല. അവളുടെ വായിൽ നിന്നും നുരയും പതയും ഒലിച്ചിറങ്ങി. പരിഭ്രാന്തിയോടെ ചുറ്റും നോക്കി ഇല്ല ആരും ഇല്ല ഇനിയെന്താണ്‌ സംഭവിക്കുക അറിയില്ല കാരണവർ അറിഞ്ഞാൽ!

ആ ഭയം താങ്ങാനാവാതെ അന്ന്‌ നാട്‌ വിട്ടതാണ്‌. നാടുവിട്ട അന്നുമുതൽ മനസ്സ്‌ തിരയടങ്ങാത്ത സാഗരം പോലെയാണ്‌. അങ്ങിനെയിരിക്കെ ഒരു ദിവസം പത്രത്താളിലൂടെയാണ്‌ വിവരമറിഞ്ഞത്‌. അമ്മ ജീവിതത്തിൽ അനുഭവിക്കാത്തത്‌ ഒന്നുമില്ല.

അവസാനം ഈ ലോകത്തോടും വിടപറഞ്ഞിരിക്കുന്നു. അവസാനമായി അമ്മയുടെ കുഴിമാടത്തിൽ കിടന്നു മാപ്പ്‌ പറയണം, മനസ്സ്‌ തുറന്നു പൊട്ടികരയണം. എല്ലാം ചിന്തിച്ചാണ്‌ ഒരു തിരിച്ചു വരവിന്‌ തയ്യാറെടുത്തത്‌. പഴയ വസ്‌ത്രങ്ങൾ അടങ്ങിയ ബാഗും തോളിലിട്ടു യാത്ര തുടർന്ന്‌ അധികം വൈകാതെ തന്നെ പട്ടണത്തിലേക്കുള്ള ബസ്സിൽ കയറി യാത്ര തുടർന്നു.

യാത്രക്കിടയിൽ ഇടയ്‌ക്കു ദേവൂന്റെ മുഖം മിഴിയിൽ മിന്നിമറഞ്ഞു. അവളുടെ അവസ്‌ഥ എന്താണെന്ന്‌ പോലും അറിയില്ല. ഊഹിക്കാൻ പോലും എനിക്ക്‌ അവകാശമില്ല. അത്രയ്‌ക്ക്‌ നീചനും ചതിയനുമാണ്‌ ഞാൻ. എന്നെത്തന്നെ സ്വയം ശപിച്ചു യാത്ര തുടർന്നു.

സമയം സന്ധ്യയാകുന്നു. ആകാശം ചെമ്പ്‌ തട്ടുപോലെ ചുവന്നിരിക്കുന്നു. ബസ്സിറങ്ങിയപ്പോൾ തന്നെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങി. ചുറ്റും നോക്കാതെ മുന്നോട്ടു നടന്നു കൈതക്കാടും അരുവിയും കടന്നു പടിപ്പുരയിലെത്തുമ്പോൾ പൂട്ടികിടക്കുന്നു. ചുറ്റും ആരുമില്ല അവസാന ശ്രമമെന്നോണം അല്‌പം ശബ്‌ദം ഉയർത്തി വിളിച്ചു.

ഇവിടെ ആരുമില്ലേ?.............

മറുപടിയൊന്നുമില്ല. അല്‌പം ചിന്താനിമഗ്നനായി നിന്നതും പടിപ്പുര തുറക്കപ്പെട്ടു. അല്‌പം പ്രായം തോന്നിക്കുന്ന സ്‌ത്രീ കൂടെ ഒരു കുഞ്ഞു ബാലൻ അവൻ ആ സ്‌ത്രീയുടെ കയ്യിൽത്തൂങ്ങി കൊഞ്ചി ചോദിച്ചു.

ആരാ?.......

ഞാൻ ഞാൻ വേണ്ട ഇവരാരും ഇപ്പോൾ എന്നെ അറിയേണ്ട.....

എന്റെ പരുങ്ങൽ കണ്ടു സ്‌ത്രീ ചോദിച്ചു.

ആരാ?....

നിങ്ങൾ എവിടുന്നാ....?

ഞാനല്‌പം ദൂരെന്നാ മരിച്ച മാതുവമ്മെടെ മകനാ.

അമ്മയെ മറമാടിയത്‌?

ദാ ആ കൈതക്കാടുകൾക്ക്‌ അരികിലൂടെ ഒരു വഴിയുണ്ട്‌ ചെന്നെത്തുന്നത്‌ ചുടലയിലേക്കാണ്‌.

അപ്പോൾ ദേവു?

അകത്തുണ്ട്‌ വരു.... ഞാനാ സ്‌ത്രീയുടെ പിന്നാലെ നടന്നു.

ആ കാഴ്‌ച കണ്ടു ഞെട്ടി!

ഒരു നിമിഷം എന്റെ സകല ശക്തിയും ചോർന്നുപോയി.

നെഞ്ചിലേക്ക്‌ വേദനകൾ ഇരച്ചുകയറി. എനിക്ക്‌ ശക്തി തരു ദൈവമേ.....? ഞാനവളെ വാരിയെടുത്ത്‌ വിളിച്ചു.

ദേവു...................?

ദേവൂട്ടീ................?

ഞാൻ...

അലറി വിളിച്ചെങ്കിലും അവൾക്കു പ്രതികരിക്കാൻ ശേഷി ഇല്ലായിരുന്നു. ഇതെല്ലാം കണ്ടു നിന്ന ബാലൻ കരഞ്ഞു വന്നു ദേവൂനെ പിടിച്ചു.

എന്നിൽ നിന്ന്‌ അകത്തും പോലെ കരഞ്ഞു.

ആ കുഞ്ഞു മുഖം അരിശത്തോടെ എന്നെ നോക്കി.

ഞാൻ അത്‌ഭുതത്തോടെ ആ വിളികേട്ടു.

അവൻ ദേവൂന്റെ മാറത്തുകിടന്നു അമ്മേ അമ്മേ എന്ന്‌ വിളിക്കുന്നു. ഇതുകേട്ട്‌ എന്റെ നെഞ്ചിടിപ്പ്‌ വർദ്ധിച്ചു. രക്തം രക്തത്തോട്‌ ചേരുന്ന ഒരുതരം അരിപ്പ്‌ എന്റെ ശരീരത്തിൽ പടർന്നു. ഞാനവനെ കെട്ടിപ്പിടിച്ചു കരഞ്ഞു. ഇതെല്ലാം കണ്ടു ദേവൂന്റെ കണ്ണിൽ നിന്നും കണ്ണുനീർ അടർന്നു വീണു. എന്റെ കൈകൾ അതു തുടച്ചുകൊണ്ടിരുന്നു.

പിന്നീട്‌....

മാസങ്ങൾ മറഞ്ഞുകൊണ്ടിരുന്നു. ഇന്നവൾക്ക്‌ ഉണ്ണാനും ഉറങ്ങാനും മറ്റെല്ലാത്തിനും പരസഹായനായി നിറഞ്ഞ മനസോടെ ഞാൻ അരികത്തുണ്ട്‌. ഇപ്പോൾ ഒരമ്മയുടെ മടിത്തട്ടിൽ മയങ്ങുന്ന കുഞ്ഞിനെപ്പോലെ അവളെന്റെ മടിത്തട്ടിൽ തലവെച്ച്‌ മയങ്ങുകയാണ്‌.

ഇനിയും ഒരുപാട്‌ പ്രതീക്ഷകളുമായി ഞാനും എന്റെ മകനും.............

സബി ബാവ


E-Mail: sabibava5@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.