പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

മഴയില്‍ അലിഞ്ഞവള്‍...

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാത്യു കെ സേവ്യര്‍

ജെനിയുടെ ശരീരത്തില്‍ നിറയെ ഇപ്പോള്‍ പേരറിയാതെ കുഞ്ഞിചെടികള്‍ പൂത്തു നില്‍ക്കുന്നു.കുറച്ചു നേരം അവളെ തന്നെ നോക്കി നിന്നു. പിന്നെ തിരിഞ്ഞു നടന്നു. ആ നനഞ്ഞ മണ്ണിനു ഇപ്പോളും അവളുടെ ഫോറിന്‍ ഡിയോഡ്രെന്റിന്റെ രൂക്ഷ ഗന്ധമുള്ളതു പോലെ….

ജെനി എനിക്കെന്നും ഒരു സ്വപ്നമാണ്…അവളെ എന്നു കണ്ടെന്നോ എവിടെ വെച്ചു കണ്ടെന്നോ എനിക്കോര്‍മ്മയില്ല. അവളുടെ മുഖം പോലും ഓര്‍ത്തെടുക്കാന്‍ പലപ്പോഴും പറ്റാറില്ല. ആകെ മനസിലുള്ളത് കടും നിറത്തിലുള്ള സാരികളും കൊടും വേനലില്‍ പോലും മരവിച്ചിരിക്കുന്ന അവളുടെ കൈകളുമാണ്. അതെന്നെ തൊടുമ്പോള്‍ ഒരു ഇടി മിന്നല്‍ നെഞ്ചില്‍ തുളഞ്ഞു കയറുംപോലെ തോന്നും…

വര്‍ഷങ്ങള്‍ നീണ്ടു നിന്ന എന്റെ അദ്ധ്വാനത്തിനോടുവില്‍ അവളെന്റെ സുഹൃത്തായി, പ്രണയിനിയായി. ആരോ എഴുതി വെച്ച ഒരു നാടകം കളിക്കുകയാണ് ഞാനും അവളുമെന്നു എനിക്കെന്നും തോന്നിയിട്ടുണ്ട്. എന്തിനും കൃത്യമായ ഉത്തരങ്ങള്‍ കൊണ്ടല്ലാതെ തൃപ്തിപ്പെടാത്ത എന്റെ മനസ്സ് അവളുടെ കാര്യത്തില്‍ മാത്രം പകച്ചു നില്‍ക്കുകയാണ്. ഒരു ഫ്ലാറ്റില്‍ താമസിക്കുമ്പോളും ചില ദിവസങ്ങളില്‍ അവള്‍ ഒരു അപരിചതയെ പോലെ മുറിയില്‍ കയറി വാതിലടച്ചു. എന്നെ കാണാത്ത പോലെ എന്റെ മുന്നിലൂടെ നടന്നു. എന്റെ മുന്നിലിരുന്നു ഭക്ഷണം കഴിച്ചു. ചിലപ്പോള്‍ വെറുതെയിരുന്നു കരഞ്ഞു. ഇടക്കു തോന്നാറുണ്ട് അവളെ മുറുകെ കെട്ടിപിടിച്ചിട്ടു ‘എന്തിനും ഞാനുണ്ട് കൂടെ’ എന്നു പറയണമെന്ന്…പക്ഷെ, ധൈര്യം വന്നില്ല. എനിക്കവളറിയാത്ത രഹസ്യങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല, അവള്‍ എന്നും എനിക്കൊരു രഹ്യസ്യമായിരുന്നു. പലപ്പോഴും ചോദിച്ചിട്ടുണ്ട്, അവള്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞു മാറി. തലയും വാലും ഇല്ലാത്ത ഉത്തരങ്ങളോ കുറെ നേരം നീണ്ടു നില്‍ക്കുന്ന പൊട്ടി ചിരിയോ മാത്രമായിരുന്നു അവളുടെ മറുപടി.

മഴയുള്ള ഒരു രാത്രിയില്‍ അവളെന്നോട് ഇന്നു നമുക്ക് മഴയില്‍ ഉറങ്ങിയാലോ എന്നു ചോദിച്ചു. കേട്ടപ്പോള്‍ ആദ്യം കൗതുകം തോന്നി. അവളുടെ വട്ടു കേട്ട് അവളെ തന്നെ നോക്കിയിരുന്നു. പിന്നെ കുറെ നേരം ചിരിച്ചു. അവള്‍ക്കു ദേഷ്യം വന്നു തുടങ്ങിയപ്പോള്‍ ബെഡ് ഷീറ്റുമെടുത്തു സ്റ്റെയര്‍ കയറാന്‍ തുടങ്ങി. മഴ തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. മഴയെ നോക്കി കിടന്നു. ചെറിയ മഴ തുള്ളികള്‍ ശരിരത്തില്‍ കുത്തി തുളച്ചു! , പിന്നെ അലിഞ്ഞു ചേര്‍ന്നു. അവള്‍ വന്നെന്റെ അരികില്‍ കിടന്നു…”ആദവും ഹവ്വയും” – അവള്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ മഴ കൂടി. ഞങ്ങളെ മുഴുവനായി മഴ പൊതിഞ്ഞു. അള്‍ൾ തിരിഞ്ഞു എന്നെ കെട്ടിപിടിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു. പക്ഷെ അവള്‍ നിശ്ചലമായി കിടന്നു. എന്റെ കൈകള്‍ തട്ടി മാറ്റി. “എന്താ നിന്റെ പ്രശ്നം? എന്നോട് പറഞ്ഞൂടെ?” ഞാന്‍ അലറി : “എന്റെ എല്ലാം നീ അല്ലെ..എന്നിട്ടും എന്തിനാണ് ഈ അകല്‍ച്ച?” അവള്‍ ഒന്നും പറഞ്ഞില്ല! , അവളുടെ മുഖത്തൂടെ അപ്പോള്‍ ഒഴുകിയത് മഴയോ കണ്ണീരോ? രാവിലെ എന്തോ നെഞ്ചിലൂടെ നുരക്കുന്നതു പോലെ തോന്നിയിട്ടാണ് ഞാന്‍ ഉണര്‍ന്നത്. അവളുടെ വിരലുകള്‍ പുഴുവിനെ പോലെ നുരച്ചു. ഇടക്ക് മീശയും താടിയും പിടിച്ചു വലിച്ചു. അവള്‍ അന്നാദ്യമായിട്ടു എന്നെ ചുംബിച്ചു. “എല്ലാം ശരിയായി തുടങ്ങി” – എന്റെ മനസ്സു വീണ്ടും സ്വപ്നങ്ങള്‍ കണ്ടു തുടങ്ങി.

അവളെ പിരിഞ്ഞുള്ള ആദ്യത്തെ യാത്ര. ആ യാത്രയുടെ മൂന്നാം ദിവസമാണ് ഫ്ലാറ്റ് ഓണര്‍ രവി ചേട്ടന്‍ വിളിക്കുന്നത്‌. പകുതി ഈര്‍ഷ്യ കലര്‍ന്ന സ്വരം .”തന്റെ കൂടെയുണ്ടായിരുന്ന ആ പെണ്ണു മരിച്ചു…” എന്തായിരുന്നു എന്റെ മനസ്സിലപ്പോളെന്നു എത്ര ആലോചിച്ചിട്ടും മനസിലാക്കുന്നില്ല. എന്റെ സ്വപ്നങ്ങള്‍ മാത്രം നിറഞ്ഞു നിന്നിരുന്ന മുറികളല് ഇപ്പോ കുറച്ചു അപരിചിതരും പോലീസും. ജെനിയെ പറ്റി പോലീസ് കുറച്ചു ചോദ്യങ്ങള്‍ ചോദിച്ചു. പലതിനും അറിയില്ല എന്നു പറയമെന്നുണ്ടായിരുന്നു, പക്ഷെ ഒന്നും മിണ്ടിയില്ല.

“ഓരോരുത്തര്‍മാര്‍ വഴിയില്‍ കാണുന്നതിനൊക്കെ വീട്ടില്‍ വിളിച്ചു കേറ്റും മനുഷ്യനു പണിയുണ്ടാക്കാന്‍…” ചില പോലീസുകാര്‍ പിറു പിറുത്തു.

ദിവസങ്ങളെടുത്തു ജെനിയുടെ മരണം മനസിനെ പറഞ്ഞു മനസിലാക്കാന്‍. “വേറെ പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ ആ സ്ത്രീ ഒരു വിഷാദരോഗി ആയിരിക്കണം” – ഡോക്ടര്‍ പറഞ്ഞു. ഇത്രയും സ്നേഹിച്ച എന്നെ ഇങ്ങനെ മുറിവേല്‍പ്പിച്ചു കടന്നു പോയ അവള്‍ ഒരു സാഡിസ്റ്റാണെന്നു പറഞ്ഞു രണ്ടു തുള്ളി കണ്ണീര്‍ കണ്ണില്‍ നിന്നും താഴേക്കു വീണു…അവളോടുള്ള സ്നേഹം പിന്നെയും പിന്നെയും കൂടി കൂടി വന്നു. ഞാന്‍ എന്തിനാണ് ഭ്രാന്തമായി അവളെ സ്നേഹിക്കുന്നതെന്ന ചോദ്യം മാത്രം ബാക്കിയായി.

എന്റെ മുന്നില്‍ ജെനിയുടെ കുഴിമാടം. അവള്‍ക്കു മാത്രമായുള്ള കുരിശു, അവളുടെ പഴകി ദ്രവിച്ച റീത്തുകള്‍!!

ജെനി, അന്നു രാത്രി നമ്മളൊരുമിച്ചു കിടന്നുകൊണ്ട മഴ നീയിന്നു ഒറ്റയ്ക്ക് കൊള്ളുന്നു….നിന്റെ ഓര്‍മ്മ മഴ പോലെ പെയ്തിട്ടും നനയാതെ ഞാന്‍, ഇതാ ഇവിടെ നിന്നെ തന്നെ നോക്കിയിരിക്കുന്നു…നിന്നെ ദേഷ്യം പിടിപ്പിക്കുന്ന ആ പഴയ നോട്ടം!

മാത്യു കെ സേവ്യര്‍


E-Mail: mathewlxavier@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.