പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഓണം ഓഫർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഷിജി മാത്തൂർ

പത്രക്കാരൻ സൈക്കിൾ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് കണ്ണൻ മാഷ്‌ ഉണർന്നത്. എണീറ്റ പാടേ തൊട്ടടുത്ത് കിടക്കുന്ന മൊബൈൽ ഫോണ്‍ എടുത്ത് സമയം നോക്കി...6.12. എന്നും ഇതേ സമയത്താണ് പത്രം വരാറുള്ളത്. ഒന്നുകിൽ ഒരു മിനിറ്റ് നേരത്തെ അല്ലെങ്കിൽ ഒരു മിനിറ്റ് വൈകും..അതിനപ്പുറം വ്യത്യാസം ഉണ്ടാകാറില്ല. അവന്റെ കൃത്യനിഷ്ഠയിൽ അത്ഭുതം കൂറിയാണ് ഓരോ ദിവസവും മാഷ്‌ മൊബൈൽ ഫോണെടുത്ത് സമയം നോക്കി താഴെ വെക്കാറുള്ളത്.

ഇന്ന് ഞായറാഴ്ചയാണ്...വാരാന്തപ്പതിപ്പും ചേർത്ത് വായനയ്ക്ക് വിഭവങ്ങൾ ഒട്ടേറെ കാണും എന്ന് ഓർത്തുകൊണ്ട് മാഷ്‌ പത്രമെടുക്കാൻ മുറ്റത്തേക്കിറങ്ങി. പത്രത്തിന് പതിവിലേറെ കനം. 'ഓ ഓണക്കാലമായല്ലോ...പരസ്യങ്ങളുടെ പെരുമഴയായിരിക്കും ഇനി' എന്ന് ഓർത്തുകൊണ്ട് അയാൾ ചുരുണ്ട് കിടന്ന പത്രമെടുത്ത് നിവർത്തി. ആത്മഗതം അച്ചട്ടായ പോലെ മുൻപേജിൽ ഒരു മുഴുനീള പരസ്യം, രണ്ടാം പേജിലും പരസ്യം തന്നെ, മൂന്നാം പേജിൽ നിന്നാണ് വാർത്ത തുടങ്ങുന്നത്. അവിടെയും അര പേജോളം പരസ്യം. എന്തായാലും പരസ്യം വായനയിലും ആസ്വാദനം കണ്ടെത്താൻ തീരുമാനിച്ച് മാഷ്‌ കസേരയിൽ ചാഞ്ഞിരുന്നു. ഇലക്ട്രോണിക്സ് കടകളുടെ പരസ്യങ്ങൽക്കിടയിലൂടെ കണ്ണോടിച്ചപ്പോൾ ഹൈമവതി ടീച്ചർ പുതിയ വീട് വെയ്ക്കുന്ന സമയത്ത് ഓണ്‍ലൈനിൽ വാങ്ങിയ 40 ഇഞ്ച് എൽ ഇ ഡി ടിവിയെക്കുറിച്ച് ഓർമ വന്നു. രണ്ടാഴ്ച്ചയോളം അവർ അതിനെക്കുറിച്ച് മാത്രമായിരുന്നു വർത്തമാനം.

''ഭർത്താവിന് ഓണ്‍ലൈൻ ഇടപാടുകളെക്കുറിച്ച് നല്ല നോളെജാ..ആഴ്ചയിൽ ഒരു ഐറ്റം എങ്കിലും പർച്ചേസ് ചെയ്യാറുണ്ട്. എന്തെങ്കിലും വാങ്ങും മുന്പ് ചേട്ടൻ മണിക്കൂറുകളോളമാ കംപ്യൂട്ടറിനു മുൻപിൽ കുത്തിയിരുന്ന് പരതാറുളളത്.''

കേട്ടപ്പോൾ ഓർമ വന്നത്, വീട്ടിൽ ഭാര്യ സുകന്യ മീൻ നന്നാക്കുമ്പോൾ മുൻപിൽ കാത്തിരിക്കുന്ന പൂച്ചയെ ആണ്.ടീച്ചറാണെങ്കിൽ തുടർന്ന് കൊണ്ടേയിരിക്കുന്നു.

''അങ്ങനെ നോക്കുമ്പോഴാ ഒരു ഓഫർ കണ്ടത്. 21000 രൂപയ്ക്ക് 40 ഇഞ്ച്‌ ടി. വി. ഒറ്റ ദിവസത്തെ ഓഫർ ആയിരുന്നു. ഉടനെ ചേട്ടൻ അത് ബുക്ക്‌ ചെയ്തു.''

അങ്ങനെ അവർ തുടരുന്നതിനിടയിൽ മോഹനൻ മാഷ്‌ തന്റെ വിരുദ്ധാഭിപ്രായം രേഖപ്പെടുത്തി.

''ഈ ഓണ്‍ലൈൻ ഇടപാടുകളൊന്നും വിശ്വസിക്കാൻ പറ്റില്ലെന്നെ. നമുക്ക് കിട്ടുന്നത് ഒറിജിനൽ ആണെന്ന് എങ്ങനെ അറിയാനാ...മാത്രമല്ല, എന്തെങ്കിലും കേടുപാട് പറ്റുമ്പോഴാ ബുദ്ധിമുട്ട്. വാറന്റിക്കും സർവ്വീസിനും വേണ്ടി അലഞ്ഞ് നടക്കേണ്ടി വരും.''

ടീച്ചർക്ക് അത് അത്രയ്ക്കങ്ങ് രസിച്ചില്ല.

''അല്ലേലും ഈ മാഷ്ക്ക് പുത്തൻ രീതികളോട് എന്നും പുച്ഛമാ. എന്റെ മാഷേ...ഓണ്‍ലൈനിൽ വാങ്ങുമ്പോഴും ഈ സൗകര്യങ്ങളൊക്കെ ഉണ്ടെന്നേ...ആൾ ഇന്ത്യ സർവീസ് വാറന്റി കാർഡ്‌ തന്നെയാ തരാറുള്ളത്. ടീച്ചറോട് തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കിയിട്ടാവാം മോഹനൻ മാഷ്‌ പിന്നൊന്നും മിണ്ടിയില്ല.

ഇതെല്ലാം ഓർത്ത് പത്രം മറിക്കുന്നതിനിടയിലാണ് ഒൻപതാം പേജിലെ പരസ്യം മാഷിന്റെ ശ്രദ്ധയിൽ പെട്ടത്. ഓണം ഓഫർ....16990 രൂപയ്ക്ക് 40 ഇഞ്ച് എൽ ഇ ഡി ടി. വി. 0% പലിശ നിരക്കിൽ ലോണ്‍ സൗകര്യവും ഉണ്ട്. ടൗണിലെ പ്രധാന ഇലക്ട്രോണിക്സ് കടയുടെ പരസ്യമാണ്. 'കൊള്ളാമല്ലോ...16990 രൂപയ്ക്ക് 40 ഇഞ്ച്‌ ടി. വി കിട്ടുമെങ്കിൽ അത് ലാഭമാണല്ലോ. ടീച്ചറുടേതിനേക്കാൾ 4000 രൂപ ലാഭം. ഇപ്പോഴുള്ള പഴയ 21 ഇഞ്ച്‌ ടി. വി മാറ്റുന്നതിനെക്കുറിച്ച് ഭാര്യയും മക്കളും പറയാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തോളമായി. ഇത്തവണ ലോണ്‍ എടുത്തിട്ടാണെങ്കിലും ടി. വി. മാറ്റണം. എന്നിട്ട് വേണം ഹൈമവതി ടീച്ചർക്ക് മുൻപിൽ ഒന്ന് ഞെളിഞ്ഞിരിക്കാൻ.' എന്നൊക്കെ ഓർത്തുകൊണ്ട് അടുക്കളയിൽ പാചകത്തിൽ മുഴുകി നിലക്കുന്ന ഭാര്യ സുകന്യയുടെ അടുത്തേക്ക് മാഷ്‌ നടന്നു. കാപ്പി ആറ്റിക്കൊണ്ടിരുന്ന സുകന്യയോട് മാഷ്‌ പതിഞ്ഞ ശബ്ദത്തിൽ ചോദിച്ചു ''നമുക്ക് ടി. വി മാറ്റിയാലോ?''

ഒട്ടും വിശ്വസിക്കാനാവാത്തത്‌ എന്തോ കേട്ടത് പോലെ സുകന്യ കണ്ണൻ മാഷിന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി കുറച്ച് നേരം അങ്ങനെ നിന്ന ശേഷം വീണ്ടും കാപ്പി പാത്രത്തിലേക്ക് ശ്രദ്ധ തിരിച്ചു.

''എന്താ നീ ഒന്നും പറയാത്തത്?'' ആകാംക്ഷയോടെ മാഷ്‌ ചോദിച്ചു.

''നടക്കുന്ന കാര്യം വല്ലതും പറയ്‌ എന്റെ കണ്ണേട്ടാ'' ആറ്റിക്കഴിഞ്ഞ കാപ്പി ഗ്ലാസിലേക്ക് പകർന്നുകൊണ്ട് സുകന്യ പറഞ്ഞു.

''എന്താ നടക്കാതിരിക്കാൻ? എടീ ഓണം ഓഫറുണ്ട്, 17000 രൂപയുണ്ടെങ്കിൽ 40 ഇഞ്ചിന്റെ എൽ ഇ ഡി ടി. വി കിട്ടും.''

''അതിനിപ്പൊ ശമ്പളം കിട്ട്യ കാശ് കൊടുത്ത് ടി. വി വാങ്ങ്യാൽ ഓണത്തിന് പിള്ളേർക്കും, അച്ഛനും, അമ്മയ്ക്കുമൊക്കെ ഓണക്കോടി വാങ്ങണ്ടേ?''

''എടീ അതിനവർ പലിശ രഹിത ലോണ്‍ തരുന്നുണ്ട്. ആദ്യം ഒരു അയ്യായിരമോ ആറായിരമോ കൊടുത്താൽ മതിയാകും.''

ഇതെല്ലാം കേട്ട്കൊണ്ടാണ് ഇളയ മകൾ ദിവ്യ അടുക്കളയിലേക്ക് വന്നത്.

''നമ്മൾ പുതിയ ടി. വി വാങ്ങാൻ പോവ്വാ? എപ്പഴാ അച്ഛാ?''

''ഇന്ന് തന്നെ വാങ്ങാം മോളെ...ഓണമായിട്ട് ഞായറാഴ്ചയും കടയുണ്ട്''

''ഹായ്...ഇതറിഞ്ഞാൽ ഏട്ടന് വല്യ സന്തോഷമാകും, ഞാൻ വേഗം പോയി പറയട്ടെ'' എന്ന് പറഞ്ഞുകൊണ്ട് അവൾ ബെഡ്റൂമിലേക്ക് ഓടി. അവളെ പുഞ്ചിരിയോടെ നോക്കി നിൽക്കെ മാഷ്‌ ഓർത്തു...'ദീപു എട്ടാം ക്ലാസ്സിലും ദിവ്യ അഞ്ചിലുമാ...പിള്ളേരുടെ പഠനം ടി. വി കാരണം മുടങ്ങുമോ?

ഏയ്‌...ഇപ്പോഴത്തെ പിള്ളേർക്ക് ടി. വിയെക്കാൾ കമ്പം മൊബൈൽ ഫോണിനോടും കമ്പ്യൂട്ടറിനോടുമാ. മാത്രവുമല്ല പിള്ളേരൊക്കെ സ്വയം സമയം കണ്ടെത്തി പഠിക്കാൻ ശേഷിയുളളവരാ. ഞാനെന്തിന് പഴഞ്ചൻ രീതിയിൽ ചിന്തിക്കണം?'

മാഷും ദീപുവും 11 മണിയോടെ ടൗണിലെ കടയിൽ എത്തി. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. എല്ലാ കസ്റ്റമേഴ്സിനെയും ശ്രദ്ധിക്കാൻ കഴിയാതെ സെയിൽസ്മാന്മാർ നന്നേ വിഷമിക്കുന്നുണ്ടായിരുന്നു. 10 മിനിറ്റോളം കാത്ത് നിന്ന ശേഷമാണ് ചെറുപ്പക്കാരനായ ഒരു സെയിൽസ്മാൻ അടുത്ത് വന്ന് ''സാർ...ടി. വി, ഫ്രിഡ്ജ്, എ. സി, വാഷിംഗ് മെഷീൻ ഏതാ വേണ്ടത്?'' എന്ന് ചോദിച്ചത്.

''പത്രത്തിൽ 16990 രൂപയ്ക്ക് എൽ ഇ ഡി ടി. വി ഉണ്ടെന്ന് പരസ്യം കണ്ടു. അതിനെക്കുറിച്ച് അറിയാനാ''

''അയ്യോ...അത് സ്റ്റോക്ക്‌ തീർന്നല്ലോ സാർ'' നിരാശാഭാവത്തോടെ സെയിൽസ്മാൻ പറഞ്ഞു.

''അതിന് ഇന്നത്തെ പത്രത്തിലാണല്ലോ ഞാൻ പരസ്യം കണ്ടത്. ഒന്ന് രണ്ട് മണിക്കൂറിനുള്ളിൽ സ്റ്റോക്ക്‌ തീർന്നെന്നോ?'' ആശ്ചര്യത്തോടെ മാഷ്‌ ചോദിച്ചു.

''അതൊരു ചൈനീസ് കമ്പനിയുടേതായിരുന്നു സാർ.വാറന്റിയൊന്നും ഇല്ലാത്തതാ. അതുകൊണ്ട് ഞങ്ങൾ കുറച്ച് പീസേ സ്റ്റോക്ക്‌ എടുത്തുള്ളൂ. അതെല്ലാം വിറ്റ് പോയി.

സാർ വിഷമിക്കണ്ട, സാറിന് ഞാൻ രണ്ട് വർഷ വാറന്റിയോടു കൂടിയുള്ള നല്ല കമ്പനിയുടെ ടി. വികൾ കാണിച്ച് തരാം...വരൂ''

എന്തായാലും വന്നു, ചുമ്മാ നോക്കിയിട്ട് പോകാം എന്ന് കരുതി മാഷ്‌ സെയിൽസ്മാന്റെ പുറകെ നടന്നു..,ഒപ്പം ദീപുവും. ഏതൊക്കെയോ പല പല കമ്പനികളുടെ വിവിധ വലുപ്പത്തിലുള്ള ടി. വികൾ ആ ചെറുപ്പക്കാരൻ അവർക്ക് കാണിച്ച് കൊടുത്ത്.

''40 ഇഞ്ചിന്റെ എറ്റവും വില കുറഞ്ഞത് ഏതാ?'' മാഷ്‌ ഇടയിൽ കയറി ചോദിച്ചു.

"'20490 രൂപയാണു സാർ.,പക്ഷെ ഇന്ത്യൻ കമ്പനിയാ. അതിനേക്കാൾ ആളുകൾ വാങ്ങുന്നത് ജപ്പാന്റെയും കൊറിയയുടെയും സാധനങ്ങളാ. സാർ ഈ ടി. വി എടുത്തോളൂ..,കൊറിയൻ കമ്പനിയുടേതാ, 21990 രൂപയാ വില. ഇപ്പൊ ഇതിനാ മാർക്കറ്റ്.''

''അത് തന്നെയാ നല്ലത് അച്ഛാ..ക്ലാസ്സിലെ നിവിന്റെ വീട്ടിലും ഇതേ ടി വിയാ'' ദീപു ഇടയിൽ കയറി ഇടപെട്ടു.

''നമുക്കത് പിന്നൊരു ദിവസം വന്ന് വാങ്ങാം മോനെ'' മാഷ്‌ ദീപുവിനെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. ''പക്ഷെ സാർ, ഇതിപ്പോൾ ഓണം ഓഫർ ആയത് കൊണ്ടാ ഈ വില, ശരിക്കും ഇതിന്റെ എം. ആർ. പി 24000 രൂപയാ'' സെയിൽസ്മാൻ ഇടപെട്ടു.

''അതിനു മാത്രം രൂപ ഞാൻ കൈയ്യിൽ എടുത്തിട്ടില്ലല്ലോ''

''സാറിന്റെ കൈയ്യിൽ കാർഡുണ്ടോ? ഡെബിറ്റൊ ക്രെഡിറ്റൊ ഏതായാലും ഇവിടെ എടുക്കും''

''എനിക്ക് ക്രെഡിറ്റ്‌ കാർഡില്ല. ഡെബിറ്റ് കാർഡിൽ കഷ്ടിച്ച് 10000 രൂപയേ കാണൂ, കൈയ്യിലൊരു 18000 കാണും. അത് മുഴുവൻ ടി. വിക്ക് വേണ്ടി ചിലവാക്കാൻ കഴിയില്ല. ഒരു കാര്യം ചെയ്യാം, നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള ഡീറ്റെയ്ല്സ് പറയൂ. അതാകുമ്പോ ഒരുമിച്ച് പൈസ ചിലവാക്കണ്ടല്ലോ'' അല്പം ശങ്കയോടെ സെയിൽസ്മാൻ പറഞ്ഞു ''സാർ...അത് പിന്നെ...ക്രെഡിറ്റ്‌ കാർഡ്‌ ഉള്ളവർക്ക് മാത്രമേ ലോണ്‍ കിട്ടൂ.'' ഇത്തവണ നല്ല പുളിച്ച തെറി വിളിച്ച ശേഷം ഇറങ്ങിപ്പോകാനാണ് കണ്ണൻ മാഷിന് തോന്നിയത്. പക്ഷെ സംയമനം പാലിച്ച് അങ്ങനെ നിന്നു. ദീപുവാണെങ്കിൽ ടി. വിക്ക് ചുറ്റും നടന്ന് നോക്കുകയാണ്. അൽപ നേരത്തെ മൗനത്തിന് ശേഷം സെയിൽസ്മാൻ തുടർന്നു...''സാർ ഈ ഓഫർ ഇനി ലഭിക്കില്ല, ഇതേ കമ്പനിയുടെ ഇതേ ടി. വി ഈ വിലയ്ക്ക് ഒരിടത്ത് നിന്നും കിട്ടില്ല. ഇതൊന്നും കൂടാതെ ഒരു സമ്മാന കൂപ്പണും ലഭിക്കും.''

''അച്ഛാ കൈയ്യിലുള്ള പൈസയും ബാക്കി തുകയ്ക്ക് കാർഡും കൊടുത്താൽ മതി. അവർ സ്വൈപ്പ് ചെയ്തോളും'' എട്ടാം ക്ലാസ്സുകാരന്റെ ബുദ്ധി ഉപദേശം.

വല്ലാത്തൊരു അവസ്ഥയിൽ പെട്ടു പോയെന്നു ഓർത്ത്‌ കൊണ്ട് ശരി എന്ന അർത്ഥത്തിൽ മാഷ്‌ തല കുലുക്കി.

''ഓക്കെ...എങ്കിൽ ബില്ലടിച്ചോട്ടെ സാർ? എത്ര രൂപയാ ക്യാഷ് ആയി അടയ്ക്കുന്നത്?''

''17000 രൂപ ക്യാഷ് അടയ്ക്കാം, ബാക്കി കാർഡ്‌ സ്വൈപ്പ് ചെയ്യാം.''

''ഒന്ന് ചോദിച്ചോട്ടെ സാർ..,വീട്ടിൽ കേബിൾ കണക്ഷനാണോ?''

''അതെ''

''ഡിജിറ്റൽ കണക്ഷൻ ആണോ സാർ?''

''ഇപ്പോൾ ഡിജിറ്റൽ ആക്കിയിട്ടില്ല, പിന്നീട് ആക്കാം''

''സാർ, എന്റെ ഒരു സജഷൻ...40 ഇഞ്ച്‌ എൽ. ഇ. ഡി ടി. വിയിൽ ഡിജിറ്റലാ നല്ലത്, എച്ച്. ഡി ആണെങ്കിൽ ഉത്തമം. സാർ ഒരു എച്ച്. ഡിയുള്ള ഡി. ടി. എച്ച് കണക്ഷൻ കൂടെ എടുത്തോളൂ...1500 രൂപയേ വരൂ.''

''അതെ അച്ഛാ...നിവിന്റെ വീട്ടില് എച്ച്. ഡി കണക്ഷനാ...നല്ല ക്ലാരിറ്റി ആണത്രേ...പിന്നെ നിവിൻ പറഞ്ഞു എൽ. ഇ. ഡിക്ക് സ്റ്റബിലൈസർ വെക്കുന്നത് നല്ലതാണെന്ന്.''

'ഓ...അവന്റെയൊരു നിവിൻ' എന്നോർത്ത് കൊണ്ട് മാഷ്‌ സെയിൽസ്മാനോട് ''സ്റ്റബിലൈസറിന് എത്രയാവും?''

''1 വർഷത്തെ വാറന്റിയുള്ളതിനു 2000 രൂപയാ സാർ''

''തല്കാലം ടി വിയും സ്റ്റബിലൈസറും പോരെ മോനെ?''

''വേണ്ടച്ഛാ...ഡി.ടി.എച്ച് കൂടെ എടുക്കാം. എന്നാലേ കാണാൻ നന്നാവൂ''

ശരിക്കും കുടുങ്ങിപ്പോയെന്ന ചിന്തയിൽ മാഷ്‌ സെയിൽസ്മാനോട് ''എല്ലാം ചേർത്ത് ബില്ലടിച്ചോളൂ''

''സാർ...പിന്നെ ഡി.ടി.എച്ച് ഫിറ്റ്‌ ചെയ്യാൻ ഞങ്ങളുടെ ഒരു ടെക്നീഷ്യൻ വീട്ടിൽ വരും. അയാൾക്ക് 400 രൂപയാ ഫീസ്‌, ഓണം ഓഫർ ഉള്ളത് കൊണ്ട് സാർ 200 രൂപ കൊടുത്താൽ മതി, ബാക്കി 200 ഞങ്ങൾ കൊടുത്തോളും''

അത്രയും പറഞ്ഞ സെയിൽസ്മാൻ ബില്ലടിക്കാൻ ചെന്നു.

എല്ലാം പായ്ക്ക് ചെയ്ത് ഓട്ടോയിൽ കയറ്റി വീടെത്തുമ്പോൾ 2 മണി കഴിഞ്ഞിരുന്നു. ദീപു വിശപ്പെല്ലാം മറന്ന് അതിയായ ആവേശത്തിലാണ്. വീടെത്തിയപ്പോൾ ദിവ്യയും തുള്ളിച്ചാടിയാണ് വരവേറ്റത്. എല്ലാം ഇറക്കി വെച്ച ശേഷം ഒരു പേനയും പേപ്പറും എടുത്ത് ബെഡ് റൂമിൽ ചെന്ന് മാഷ്‌ കണക്ക് എഴുതാൻ തുടങ്ങി. ''ആകെ എത്ര രൂപയായി ചേട്ടാ?'' എന്ന ചോദിച്ചുകൊണ്ട് സുകന്യ മുറിയിലേക്ക് വന്നു. ''നോക്കുന്നേ ഉള്ളൂ...എന്റെ ബാങ്ക് അക്കൌണ്ടിൽ ആകെ 28000 രൂപയാ ഉണ്ടായിരുന്നത്. അതിൽ നിന്ന് 18000 രൂപ രാവിലെ തന്നെ ഞാൻ എ. ടി. എം കാർഡ്‌ വെച്ച് എടുത്ത് കൈയ്യിൽ വെച്ചിരുന്നു. തികയാത്തത് കാർഡ്‌ സ്വൈപ്പ് ചെയ്തു.'' ഇത്രയും പറഞ്ഞ് മാഷ്‌ കണക്ക് കൂട്ടാൻ തുടങ്ങി. ''ഓട്ടോ ചാർജ്ജും ഇൻസ്റ്റലേഷൻ ചാർജ്ജും ഉൾപ്പെടെ 26500 രൂപയോളം ആയി'' ഒരു ഞെട്ടലോടെ മാഷിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് സുകന്യ ചോദിച്ചു ''അപ്പൊ ഓണക്കോടി???'' ''എന്താ കണ്ണേട്ടാ ഇത്? 17000 രൂപയ്ക്ക് ടി വി വാങ്ങാൻ പോയിട്ട് കൈയ്യിലുള്ള കാശ് മുഴുവൻ ചിലവാക്കിയിട്ട് വന്നിരിക്കുന്നോ??? ഓണക്കോടി എടുക്കാനും ഓണമുണ്ണാനും നമ്മളിനി എന്ത് ചെയ്യുമെന്ന് ഓർത്തതേ ഇല്ലേ???'' അവളുടെ മുഖത്ത് വല്ലാത്ത നീരസവും സങ്കടവും നിരാശയുമെല്ലാം മാഷ്‌ കണ്ടു. ''അത് പിന്നെ...തീരുമാനിച്ചതല്ലേ എന്ന കരുതി വാങ്ങിയതാ...തൽക്കാലം പൈസയ്ക്ക് വേറെന്തേലും വഴി കാണാതെ നിവൃത്തിയില്ല.'' ''വേറെ എന്ത് വഴി? കണ്ണേട്ടൻ എന്ത് വഴിയാ കാണുക എന്ന് എനിക്കറിയാം'' എന്ന് പറഞ്ഞു കൊണ്ട് സുകന്യ തന്റെ കൈയ്യിലെ ഒരേയൊരു സ്വർണ വളയിലേക്ക് നോക്കി. ''എനിക്ക് സ്വർണാഭരണം ഇട്ടു നടക്കാൻ യോഗമില്ലെന്ന് എനിക്കറിയാം. 6 മാസത്തോളം ബാങ്കിൽ കിടന്ന ശേഷം കഴിഞ്ഞ മാസമാ ഇതെടുത്ത് തന്നത്...ദേ ഇപ്പൊ വീണ്ടും...'' എന്ന് ഗദ്ഗദത്തോടെ പറഞ്ഞവസാനിപ്പിച്ച് വള ഊരി തല കുനിച്ചിരിക്കുകയായിരുന്ന മാഷ്ടെ കയ്യിൽ വെച്ച ശേഷം സുകന്യ അടുക്കളയിലേക്ക് നടന്നു. ''ഊണ് കഴിക്കാൻ വരൂ'' എന്ന് പോകുന്ന വഴിക്ക് പതിഞ്ഞ സ്വരത്തിൽ പറയുന്നത് കേട്ടു. 'ഈശ്വരാ...പൈസ ചിലവാക്കുമ്പോൾ ഞാനിതൊന്നും ഓർത്തില്ലല്ലോ...ഇനിയിപ്പോ വള എവിടെങ്കിലും കൊണ്ട് പണയം വെയ്ക്കണമല്ലോ...സ്വർണ പണയ സ്ഥാപനങ്ങൾക്കും ഓണം ഓഫർ കാണുമായിരിക്കും...ആർക്കാണീ ഓഫറുകൾ കൊണ്ടുള്ള ഗുണം???' എന്നോർത്ത് കൊണ്ട് കണ്ണൻ മാഷ്‌ കട്ടിലിൽ മലർന്ന് കിടന്നു.

ഷിജി മാത്തൂർ


Phone: 9846830147
E-Mail: shijimathur@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.