പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ഒട്ടകങ്ങൾ ഉണ്ടാകുന്നത്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബാബു ജോർജ്‌ അതിരുങ്കൽ

പ്ലാറ്റ്‌ഫോമിലെ തിരക്കിൽ ഒട്ടകം ശിരസ്സു കുലുക്കി മുന്നോട്ടു കുതിച്ചു. ഏതോ ഒരു നിമിഷത്തിൽ തലയിൽ വന്നുവീണ ഭീമാകാരമായ ഒരു പെട്ടി അതിന്റെ യാത്രയുടെ ആവേശത്തേയും വേഗതയേയും കീഴ്‌പ്പെടുത്തിയിരുന്നു. ചിലപ്പോൾ ആ പെട്ടിയുടെ ഭാരം അതിനെ ജനപ്രളയത്തിന്റെ അടിത്തട്ടിലേക്ക്‌ മുക്കിയും, ശ്വാസം മുട്ടിച്ചും ബന്ധപ്പെടുത്തിയിരുന്നു. എങ്കിലും, ആത്മബലവും കായികബലവും ഉപയോഗിച്ച്‌ അത്‌ അതിന്റെ ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. പ്ലാറ്റ്‌ഫോമുകൾ കയറിയും ഇറങ്ങിയും അത്‌ പുറംലോകത്തിലേക്ക്‌ എത്തപ്പെട്ടു. ഒട്ടകത്തിന്റെ തലയിലെ ചുമട്‌ ആരൊക്കെയോ ചേർന്ന്‌ പിടിച്ചിറക്കി. അധികം ഭാരമെടുത്ത്‌ ശീലമില്ലാത്ത ആ സാധുജീവി ജീവിതത്തിന്റെ മരുഭൂമിയിൽ എപ്പോഴും തനിച്ചായിരുന്നു.

ന്യൂഡൽഹിയിൽ നിന്നും വന്ന ട്രെയിൻ തിരുവനന്തപുരത്തേക്ക്‌ മെല്ലെ നീങ്ങിത്തുടങ്ങിയിരുന്നു. ഒട്ടകം തല ചരിച്ച്‌ ആ പോക്ക്‌ നോക്കിനിന്നു.

അഞ്ചുവർഷങ്ങൾക്കു മുൻപാണ്‌, ഇതേപോലൊരു ദിവസം തന്റെ മകളെ ഇതേ വണ്ടി ഡൽഹി എന്ന മഹാനഗരത്തിലേക്ക്‌ കൊത്തിക്കൊണ്ടു പോയത്‌.

ജസിക്കാലാലിന്റെയും പ്രിയദർശിനി മാത്തൂരിന്റെയും കൊലപാതകങ്ങൾ കേട്ട അയാൾ, ഈ കഴിഞ്ഞ വർഷങ്ങൾ ജീവിച്ചത്‌, ഒടുങ്ങാത്ത ആധിയോടെ ആയിരുന്നു. മകളെ വീണ്ടും നേരിൽ കണ്ടപ്പോൾ അയാൾക്ക്‌ ഒത്തിരി ആശ്വാസം തോന്നി, മകൾ അയാളോടൊന്നും സംസാരിക്കുകയോ ഒന്നു ചിരിക്കുകയോ പോലും ചെയ്‌തില്ലെങ്കിലും..

മകളുടെ നോട്ടത്തിലും ഭാവത്തിലും ഒരു നീരസം അയാൾ അറിഞ്ഞു. പോകുമ്പോൾ കെട്ടിപ്പിടിച്ചും, ഉമ്മവച്ചും കരഞ്ഞ അതേ മകൾ തന്നെയോ ഇത്‌, അയാൾക്ക്‌ തെല്ല്‌ അതിശയം തോന്നതിരുന്നില്ല. അന്ന്‌ അവൾ ഒരു സാധു പെൺകുട്ടിയായിരുന്നു. ഇന്ന്‌ ജീൻസും, ഇറുകിപ്പിടിച്ച ടീ ഷർട്ടും...

അയാളുടെ പഴകിയ കുപ്പായം വിയർപ്പിൽ കുതിർന്നിരുന്നു. മുതുകിൽ അയാൾക്ക്‌ വലിയ ഒരു മുഴ ഉണ്ടായിരുന്നു, ആ മുഴ വളരെ ചെറുതായിരുന്നു. അയാൾ വളരുന്നതിലും വേഗത്തിൽ മുഴയും വളർന്നു. ഇപ്പോൾ ആ മുഴക്ക്‌ അയാളുടെ ശിരസോളം വലിപ്പമുണ്ട്‌. ആ മുഴയുടെ ഉപോത്‌പന്നമായി ഒരു കൂനും. സദാസമയവും തുപ്പൽ കെട്ടിനിൽക്കുന്ന ചുണ്ടും, പീളകെട്ടി നിൽക്കുന്ന കണ്ണുകളും... ആളുകൾ അയാളെ ഒട്ടകം എന്നു വിളിച്ചു. അയാൾ എതിർത്തില്ല. പുതിയ തലമുറയും... അതും അയാൾ ചിരിച്ചു തളളി.

മകളെ കണ്ട അമ്മ അന്തംവിട്ടുനിന്നു. എങ്കിലും മകളുടെ മാറ്റത്തിൽ അവർ ഉളളുകൊണ്ട്‌ സന്തോഷിച്ചു.

ഒട്ടകം തയ്യൽ മെഷീൻ വെറുതെ ചവുട്ടി ശബ്‌ദമുണ്ടാക്കിക്കൊണ്ടിരുന്നു. അയാൾക്കറിയാവുന്ന ഒരു ജോലി അത്‌ മാത്രമായിരുന്നു. ഇപ്പോൾ പഴയതുപോലൊന്നും ജോലി കിട്ടാതായി. എല്ലാവരും ടൗണിൽ കൊണ്ടുപോയാണ്‌ തയ്യ്‌ക്കാറുളളത്‌... പോരാത്തതിന്‌ റെഡിമെയ്‌ഡ്‌ തുണികളുടെ പ്രളയം... വല്ലപ്പോഴും കിട്ടുന്ന ഒരു ചട്ടയുടെ തുണിയോ, കീറിയ തുണികളുടെ പാച്ച്‌ വർക്കുകളോ മാത്രമാണ്‌ അയാൾക്കിപ്പോൾ കിട്ടാറുളളത്‌. എങ്കിലും അയാൾ ജോലിയിൽ വ്യാപൃതനായിരുന്നു. ചിലപ്പോൾ പഴയ തുണികളിൽ വെറുതെ നൂലുപാകിക്കൊണ്ടിരിക്കും, അതുമല്ലെങ്കിൽ മെഷീൻ തുറന്ന്‌ അതിൽ ഓയിലിടുകയോ, അതുമായി എന്തെങ്കിലും സംവാദിച്ചുകൊണ്ടിരിക്കുകയോ ചെയ്യും. അയാളും അതുമായിട്ടുളള ബന്ധം ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല. നീണ്ട മുപ്പത്തിരണ്ടു വർഷങ്ങൾ...

‘നമ്മുടെ രണ്ടുപേരുടേയും കാലം ഇനി... അധികമൊന്നുമില്ലെടോ’... ചിലപ്പോൾ തുറന്നുവച്ച്‌ ഓയിലിടുമ്പോൾ അയാൾ അതിനോടു പറയും.

‘അച്‌ഛന്റെ മുതുകിലെ കൂന്‌ കുറെക്കൂടി വലുതായോ.... എന്നൊരു സംശയം’ - ഇടയ്‌ക്ക്‌ മകൾ അമ്മയോടു പറയുന്നതു കേട്ടു.

‘എന്താടീ... ആയോ... എന്നൊരു നീട്ട്‌..’ അമ്മ ചിരിച്ചു തളളി.

അയാളുടെ മനസ്സിടിഞ്ഞു. വലതുകൈ ഉയർത്തി മുഴയുടെ വലുപ്പം ഒന്നുകൂടി അയാൾ തിട്ടപ്പെടുത്തി. അയാൾ ദിവസം രണ്ടുമൂന്നു പ്രാവശ്യമെങ്കിലും അങ്ങനെ നോക്കാറുണ്ട്‌. അയാൾക്കും അത്‌ ശരിയെന്നു തോന്നി.

രാത്രിയിലും പകലുമെല്ലാം മകളുടെ മൊബൈൽ ചിലച്ചു ശബ്‌ദമുണ്ടാക്കിക്കൊണ്ടേയിരുന്നു. ഹിന്ദിയല്ലാത്ത ഏതോ ഒരു ഭാഷ... അനായാസം സംസാരിക്കുന്നത്‌ കേട്ട അയാൾ മകളെ അതിശയത്തോടെ നോക്കിയിരുന്നു.

‘മോള്‌ പഞ്ചാബിയും പഠിച്ചു, കേൾക്കുന്നില്ലേ... അവളുടെ ഹോസ്‌പിറ്റലിന്റെ മാലിക്ക്‌ പഞ്ചാബിയാ.... ഇടയ്‌ക്കവൾ ലുധിയാനയിലും മസൂരിയിലും, നൈനിറ്റാളിലുമൊക്കെ പോകാറുണ്ടെന്നു പറഞ്ഞു’.. ഭാര്യ ഇടയ്‌ക്കുവന്നു പറഞ്ഞു.

അയാൾക്കഭിമാനം തോന്നി. എങ്കിലും, നഴ്‌സായ മകൾക്ക്‌ ഈ സ്ഥലങ്ങളുമായുളള ബന്ധം... അയാളുടെ മനസ്സ്‌ ഒരിക്കൽകൂടി ഇടിഞ്ഞു.

പോസ്‌റ്റുമാൻ കയറിവരുന്നത്‌ കണ്ടപ്പോൾ ഉളെളാന്നാളി. അയാൾക്ക്‌ വളരെക്കാലമായി കത്തുകൾ വന്നിട്ട്‌. മകൾ അയച്ചുതരുന്ന മണിഓർഡറുകൾ അല്ലാതെ മറ്റൊന്നും അയാൾക്ക്‌ തപാൽ മാർഗ്ഗം വരാനില്ലായിരുന്നു. രജിസ്‌ട്രിൽ ഒപ്പിട്ടു വാങ്ങുമ്പോൾ അയാൾ പോസ്‌റ്റുമാനോടായി തിരക്കി.

‘എന്തായിത്‌’

‘ജപ്‌തിനോട്ടീസാണെന്നു തോന്നു.’ പോസ്‌റ്റുമാൻ.

അയാൾ തയ്യൽമെഷീൻ ആഞ്ഞുചവിട്ടി, ദേഷ്യവും ദുഃഖവും വരുമ്പോൾ അയാൾ അങ്ങനെയാണ്‌.

അടുത്ത ദിവസം അയാൾ ബാങ്കിലേക്ക്‌ ചെന്നു. ‘സഹകരണ ബാങ്ക്‌ ക്ലിപ്‌തം’ എന്ന ബോർഡ്‌ പഴകിദ്രവിച്ച കതകുപാളിയിൽ ഒരു പിടിവിട്ട്‌ തൂങ്ങിക്കിടന്നിരുന്നു. അയാൾ ഉളളിലേക്ക്‌ നോക്കി. പുരാവസ്‌തുഗവേഷകനെപ്പോലെ ബാങ്ക്‌ മാനേജർ രാമൻനായർ ചിലന്തിവല കെട്ടിയ ഷെൽഫിൽ നിന്നും എന്തൊക്കെയോ തപ്പി എടുക്കുകയായിരുന്നു. അയാൾ കതകിൽ തട്ടിയപ്പോൾ അകത്തുനിന്നും രാമൻനായർ ആരാണെന്നന്വേഷിച്ചു. അയാൾ അകത്തേക്ക്‌ ചെന്ന്‌ രാമൻനായരുടെ മുന്നിൽ ഓച്ഛാനിച്ചുനിന്നു.

‘ങാ... ഒട്ടകമോ!’ അത്രയും പറഞ്ഞ്‌ അയാൾ വീണ്ടും ഷെൽഫിലേക്കു തിരിഞ്ഞു.

‘അയച്ചത്‌ കിട്ടിയില്ലേ...’ രാമൻനായർ. കിട്ടിയെന്ന്‌ അയാൾ തല മെല്ലെക്കുലുക്കി പറഞ്ഞു. രാമൻനായര്‌ ഒരു കസേര അയാൾക്ക്‌ നേരെ നീക്കിയിട്ടു കൊടുത്തു.

‘പതിമൂന്നു വർഷം മുൻപെടുത്ത വീടിന്റെ ലോണാ, ആദ്യം കൃത്യമായി പലിശ അടച്ചതുകൊണ്ടാ ഇത്രയും നാളും മാനേജ്‌മെന്റ്‌ ഒരു നടപടിയും എടുക്കാതിരുന്നത്‌. പിന്നെ രണ്ടാമത്തെ ലോണ്‌, മോളെ നഴ്‌സിങ്ങിനുവിട്ടപ്പോൾ എടുത്തത്‌... അതിന്റെ ഗഡുക്കളോ പലിശയോ അടച്ചിട്ടുമില്ല...’ രാമൻനായർ ക്ഷുഭിതനായി.

കണക്കുകൾ പലിശയും കൂട്ടുപലിശയും ചേർത്ത്‌ രാമൻനായർ അയാളുടെ മുന്നിലേക്ക്‌ നിരത്തി. അയാൾ നിശബ്‌ദനായി ഇറങ്ങിനടന്നു.

ബസ്‌സ്‌റ്റോപ്പിലെ വെയിറ്റിംങ്ങ്‌ ഷെഡിൽ അയാൾ വെറുതെ എന്തൊക്കെയോ ആലോചിച്ചു കൂട്ടിയിരുന്നു.

‘ഒട്ടകത്തിന്റെ പ്രയാസം ഒക്കെ മാറിയല്ലോ, കൊച്ചിനു നല്ലൊരു ജോലിയായി, എന്നാ മോളു തിരികെ പോണത്‌!’ - ബസു കയറാൻ വന്ന ഒരു പരിചിതൻ ചോദിച്ചു.

‘അടുത്ത ഞായറാഴ്‌ച’- അയാൾ

ചിന്തിച്ചു ചിന്തിച്ചു മനസിനു ഭാരം കേറിയപ്പോൾ അയാൾ വീട്ടിലേക്കു നടന്നു.

ജപ്‌തി നോട്ടീസെന്നു കേട്ടപ്പോൾ ഒട്ടകത്തിന്റെ ഭാര്യയ്‌ക്ക്‌ ആധികേറി. വസ്‌തുവിന്റെ പ്രമാണം വച്ചാണ്‌ വിദ്യാഭ്യാസ ലോണെടുത്തത്‌. മകളെ ഒന്നും അറിയിക്കേണ്ട എന്നുവച്ച്‌ അവർ പറയാതിരുന്നു. അതൊരു ശനിയാഴ്‌ച രാത്രി ആയിരുന്നു, മകൾ പോകുന്നതിന്റെ തലേരാത്രി.

‘നീ മോളോടൊന്നു പറ ജപ്‌തിക്കാര്യം, അവളെന്തെങ്കിലും ചെയ്യാതിരിക്കില്ല- അയാൾ.

അവർ ഒരു തയ്യാറെടുപ്പിൽ ആയിരുന്നു. എങ്ങനെ പറയണം, മോൾക്ക്‌ പ്രയാസമാകുമോ..

ജപ്‌തി എന്നു കേട്ടപ്പോൾ മകൾ ദേഷ്യം കൊണ്ട്‌ അടിമുടി വിറച്ചു.

’നാണമില്ലേ, തളെള നിങ്ങൾക്കിതു പറയാൻ, നല്ല സമയത്തൊക്കെ തിന്നും കുടിച്ചും കളഞ്ഞു... ‘ അവൾ ക്ഷുഭിതയായി ചെന്ന്‌ പെട്ടിതുറന്ന്‌ ഒരു ഡയറിയെടുത്തു നിവർത്തി.

അത്‌ കണക്കുകൾ ആയിരുന്നു.. അഞ്ചുവർഷത്തെ കണക്കുകൾ.... മാസാമാസം അയച്ചുകൊടുത്ത പണത്തിന്റെ കണക്കുകൾ... ആ ഡയറിയിൽ എല്ലാമുണ്ടായിരുന്നു... അവർ മറന്നു പോയതും... നിസാരമായിക്കണ്ട പലതും...

ഒട്ടകം ഇരുട്ടിൽ എല്ലാം ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു. പിന്നെ ഇരുപത്തിയഞ്ചു വർഷം മുൻപുളള ഒരു പെരുമഴക്കാലത്തിലേക്ക്‌ ചെന്നുപതിച്ചു.

മഴ നനഞ്ഞാണ്‌ ഏഴുമാസം മാത്രം പ്രായമുളള കുഞ്ഞിനെ നെഞ്ചോടു ചേർത്തുപിടിച്ച്‌ കവലയിലെ ഹോസ്‌പിറ്റലിൽ ചെന്നത്‌.

’നിമോണിയ ഏറ്റവും കൂടിയ സ്‌റ്റേജിലാണ്‌, എനിക്കൊന്നും ചെയ്യാൻ കഴിയില്ല‘ - ഡോക്‌ടർ കൈമലർത്തി.

’സിറ്റി ഹോസ്‌പിറ്റലിൽ ചെന്നാൽ ഒരു പക്ഷെ രക്ഷപ്പെട്ടേക്കും, അതും ഉറപ്പുപറയാൻ... അവിടുത്തെ ചിലവുകൾ നിങ്ങളെക്കൊണ്ട്‌ താങ്ങാൻ കഴിയില്ല.‘ - ഡോക്‌ടർ മറ്റ്‌ രോഗികളിലേക്ക്‌ ശ്രദ്ധ തിരിച്ചു.

അയാൾ സിറ്റി ഹോസ്‌പിറ്റലിലേക്ക്‌ കുതിച്ചു.

’ഇവിടുത്തെ ചിലവുകൾ നിങ്ങൾക്ക്‌ താങ്ങാൻ കഴിയില്ല, പണം ചിലവാക്കിയിട്ട്‌ കുഞ്ഞിനെ തിരികെ കിട്ടിയില്ലെങ്കിൽ... ‘ ഡോക്‌ടർ കേസെടുക്കാതെ ഒഴിഞ്ഞു മാറി.

’എട്ടുവർഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം ഉണ്ടായ കുഞ്ഞാ സാറെ, ഞങ്ങൾക്കാരുമില്ല‘ അയാൾ ഡോക്‌ടർക്കു മുന്നിൽ കൈകൂപ്പി നിന്നു.

പെട്ടെന്നാണ്‌ അയാളുടെ മനസ്സിൽ മനുഷ്യ ആന്തരികാവയവങ്ങളെക്കുറിച്ചും അതിന്റെ കമ്പോള പ്രാധാന്യത്തെക്കുറിച്ചും ഒരു ചിന്ത കടന്നുകൂടിയത്‌. ഡോക്‌ടർ അന്താളിച്ചുനിന്നുപോയി.

’കിഡ്‌നിയ്‌ക്കു വില കിട്ടും... പക്ഷെ അതൊരുനാൾ നിങ്ങളെ അപകടത്തിൽ കൊണ്ടെത്തിക്കാം.‘

’അത്‌ സാരമില്ല ഡോക്‌ടർ, എന്റെ കുഞ്ഞ്‌ ജീവിക്കട്ടെ, അതുമതിയെനിക്ക്‌.‘

അത്‌ ആരുമറിഞ്ഞില്ല, ഒട്ടകത്തിന്റെ ഭാര്യപോലും.

കുറെനാളുകളായി അടിവയറിന്റെ ഇടത്തുഭാഗത്ത്‌ ഭയങ്കര വേദന അയാൾക്ക്‌ തോന്നിത്തുടങ്ങിയിട്ട്‌, അതും ആരുമറിഞ്ഞില്ല.

ഇരുട്ടിൽ അയാളുടെ പീള കെട്ടിയ കണ്ണുകൾ പൊട്ടിയൊലിച്ചു, തുപ്പൽകെട്ടിനിന്ന ചുണ്ടുകളിലൂടെ നുരയും പതയും ഒലിച്ചിറങ്ങി. പിന്നെ മുതുകിലെ മുഴയുമായി രാത്രിയുടെ മറപറ്റി കൂനിക്കൂടി നടന്നു. ആ യാത്രയുടെ അവസാനം ഇരുട്ടിൽനിന്നും ഊർന്ന്‌ അയാൾ മരുഭൂമിയിലേക്ക്‌... ഒരൊട്ടകമായി... ശൂന്യമായ മണൽപ്പരപ്പ്‌... അങ്ങുമിങ്ങും ഒറ്റപ്പെട്ടു നിൽക്കുന്ന മുൾച്ചെടികൾ.. ഉഷ്‌ണക്കാറ്റ്‌ മണൽത്തരികളെ നാലുദിക്കുകളിലും ചുഴറ്റിയെറിഞ്ഞ്‌ താണ്ഡവമാടി.

ഒട്ടകം ചുട്ടുപൊളളുന്ന മണൽത്തരികളെ ചവിട്ടി മെതിച്ചു നടന്നു. എപ്പോഴെന്നറിയില്ല... പല ദിക്കുകളിൽ നിന്നായി കുറെ ഒട്ടകങ്ങൾ അതിന്റെ പിറകെ കൂടി. അവർക്കു പിറകിനു ശിരസിൽ പകിടി ധരിച്ച കുറെ മനുഷ്യരും ഉണ്ടായിരുന്നു.

’ഞങ്ങൾ നിന്നെപ്പോലെ മനുഷ്യരായിരുന്നു...‘ അതിൽ ഒരൊട്ടകം പറഞ്ഞു.

’ജീവിതത്തിന്റെ തീക്ഷ്‌ണമായ അനുഭവങ്ങളാണ്‌ നമ്മുടെ പരിണാമ ഹേതു.. ഒട്ടകങ്ങളുടെ ജനനം ജീവശാസ്‌ത്രപരമായ ജനനപ്രക്രിയയുമായി വലിയ ബന്ധമൊന്നുമില്ല‘- മറ്റൊരൊട്ടകം.

’ഇവിടെയും മനുഷ്യരുടെ അടിമകളാണ്‌ നമ്മൾ‘ - മറ്റൊരൊട്ടകം.

’ഇവരുടെ ആഹാരവും വെളളവും ചിലരാത്രികൾ കൊണ്ടുതീരും. പിന്നെ നമ്മൾ ഇവരുടെ ഇരയായിത്തീരും‘ - മറ്റൊരൊട്ടകം.

ഒട്ടകങ്ങൾ തൊട്ടുരുമ്മി മണൽപ്പരപ്പിലൂടെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു.

ബാബു ജോർജ്‌ അതിരുങ്കൽ

ലക്‌നൗ.


E-Mail: babugeorge_lucknow@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.