പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

തിര്യക്കുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
മാനസി ദേവി

കഥ

എന്തോ ശബ്‌ദം കേട്ടാണ്‌ ഞാൻ ജനൽ തുറന്നത്‌. അടുത്ത വീട്ടിലെ വല്യപ്പന്റെ ഇടറിയ ശബ്‌ദത്തിലുളള അലർച്ചയും മുക്കലും. കമ്പിയോ തടിയോ കൊണ്ട്‌ തറയിൽ അടിക്കുന്ന ശബ്‌ദം. തല്ലുകൊണ്ട പൂച്ചയുടേതുപോലെ ദയനീയമായ കരച്ചിൽ. ‘എന്താദ്‌’, ‘ഒന്നു പിടിക്കെടീ’, ‘വല്യണ്ണനേ വിളി’, ‘എന്റമ്മാമ്മേ’ എന്നൊക്കെ ഒരു കൂട്ട ബഹളം. പൊന്നപ്പൻ ചെട്ടിയാരെന്ന വല്യപ്പന്റെ മൂത്തമരുമകൾ ദമയന്തി ബ്ലൗസിനുമീതെ ഒരു തോർത്തുപോലും എടുത്തിടാതെ നിന്നവേഷത്തിൽ ഇറങ്ങിയോടുന്നതുകണ്ടു.

വഴക്കു വല്ലതുമാണോ, അതോ? ഇത്‌ നഗരമാണ്‌. അയൽപക്കത്തെ രഹസ്യങ്ങളറിയാൻ ഉത്സാഹിക്കരുതെന്നറിയായ്‌കയല്ല; ഞാൻ വാതിലിന്റെ കുറ്റിയെടുത്തു.

“വേണ്ട ഇന്ദൂ.... ഇതൊക്കേരു പതിവാ. നോക്കാനൊന്നും പോണ്ട. അയ്യാള്‌ ചെലപ്പോക്കെ വെറുതെ കെടന്നു ബഹളം വയ്‌ക്കും.... തെറീം കൂട്ടോം... അല്ലാണ്ടെ അപകടോന്ന്വല്ല. എടയ്‌ക്കൊക്കെ കേക്കാം ഇങ്ങനെ ഒരൂട്ടം... ” അമ്മ തടഞ്ഞു.

“പാവം ഓർമ്മയൊന്നുമില്ലായിരിക്കും.” വാർദ്ധക്യമെന്ന ദുരന്തം. എനിക്കു കഷ്‌ടം തോന്നി.

“പിന്നെ... ഓർമ്മയില്ലാണ്ടൊന്ന്വല്ല... അഹങ്കാരാ. പത്തിരുപതു കൊല്ലായില്ലേ ഞാൻ കാണുന്നു... മൊശകോടൻ!”

“അതെന്താ അമ്മ അങ്ങനെ പറഞ്ഞെ?”

“ആ തന്തേടെ ഓരോ കാട്ടായം തന്നെ. ഇപ്പത്തന്നെ നോക്ക്‌. അകത്ത്‌ കുളിമുറി ഒണ്ടാക്കീട്ടൊണ്ട്‌, ഒന്നല്ല രണ്ടെണ്ണം. സതീന്ദ്രനേ... മൂത്തമോൻ വീടു പുതുക്കിയപ്പോ. പൊറത്തും ഒണ്ട്‌. മേക്കൂരേം ഒന്നുമില്ലേലും ഒരു മറവൊണ്ടല്ലോ. എന്നാലെന്താ അയ്യാള്‌ വടക്കേപ്രത്തെ പൈപ്പിന്റെ മൂട്ടിലെ കുളിക്കൂ. പണ്ടും അങ്ങനെ തന്നാ. മറപ്പെരേ കേറത്തില്ല. പൊറത്ത്‌ കുട്ടകം വലിച്ചോണ്ട്‌ വച്ച്‌ ഭാര്യ വെളളം ചൊമന്നു കൊണ്ടുവന്ന്‌ ഒഴിച്ചു കൊടുക്കും. അവർക്ക്‌ വയ്യാണ്ടായേക്കുന്നു. ഇപ്പം മരുമോള്‌ ചൂടുവെളളം കൊണ്ടെ ഒഴിച്ചു കൊടുക്കും. പൈപ്പും തൊറന്നിട്ടേണ്ട്‌ ഒരിരുപ്പാ. ഇത്തിരിയെങ്ങാനും താമസിച്ചാ തെറിവിളി തൊടങ്ങും... പിന്ന്യോ ജനിച്ചപടിയല്ലെ നീരാട്ട്‌. നാലുവശത്തും വീടുകളാ... റോഡിക്കൂടെ പോണോർക്കുവരെ കാണാം. ദമയന്തീം പെമ്പിളേളരും കേറി കതകടയ്‌ക്കും. അല്ലാണ്ടെന്താ ചെയ്‌കാ... തന്തയായിപ്പോയില്ലേ?”

“അതമ്മേ മനപ്പൂർവ്വമൊന്നുമാവില്ല. ആറുവയസ്സിലും അറുപതു വയസ്സിലും ഒരുപോലേന്നല്ലേ. ബോധോല്യാതെ ചെയ്യണതാകും. മകൻ കാര്യായിട്ടു പറഞ്ഞാ മതീല്ലോ ഒരു തോർത്തോ വല്ലതും ഉടുത്തു കുളിക്കാൻ. കുളിമുറീക്കുളിച്ച്‌ ശീലോമില്ലല്ലോ. വയസ്സനല്ലേ... തുണിയുടുക്കാത്തതിനേക്കുറിച്ചൊന്നും ഓർമ്മയുണ്ടാവില്ലന്നേ.”

“വേണ്ടിന്ദൂ നീ ന്യായീകരിക്കണ്ട. നെനക്കെന്തറിയാം! മരുമോള്‌ മുറ്റമടിക്കുമ്പോളും, അയ്യാക്കു വെളളം കൊണ്ടെ ഒഴിച്ചു കൊടുക്കുമ്പോൾവൊക്കെ കെളവന്റെ ഒരു നോട്ടം പോണ കാണണം. എന്നിട്ട്‌ ഒരു പച്ചത്തെറീം.... ഈ മതിലിന്റെപ്പറത്തെ സർവേക്കല്ലേലല്ലേ അയ്യാടെ ഇരിപ്പ്‌. ആരും പറഞ്ഞതല്ല, ഞാനീ ചെവികൊണ്ട്‌ കേട്ടേരിക്കുന്നു. എന്തോ പറയാനാ... കെളവനെന്താണ്ടിന്റെ സൂക്കേടാ.”

എനിക്ക്‌ വല്യപ്പന്റെ മരുമകളോട്‌ നീരസം തോന്നി. അവർക്കൊരു സാരിയുടുത്തു നടന്നുകൂടേ, ഒരൊതുക്കം കിട്ടുമല്ലോ. ഞാനതു തുറന്നു പറഞ്ഞു.

“നീയെന്തറിഞ്ഞാ ഈ പറയുന്നെ? ഒന്നാമത്‌ അവര്‌ ശീലിച്ചത്‌ കളളിമുണ്ടും ബ്ലൗസും മാത്രാ. ഒരു തോർത്തേലും തോളത്തിട്ടോണ്ടല്ലേ ദമയന്തി നിക്കാറൊളളൂ? സാരിയ്‌ക്കൊക്കേളള പാങ്ങുവേണ്ടേ. എത്ര വയറു കഴിയണന്നറിയ്യോ... സതീന്ദ്രന്റെ മാത്രം വരവാ. അനിയമ്മാര്‌ മുഠാളമ്മാര്‌ തിന്നാൻ സമയത്തെത്തും. അവന്മാരൊണ്ടാക്കണത്‌ അവമ്മാർക്കു പൊടിയടിക്കാനാ... എന്താണ്ട്‌ കറക്കുകമ്പനിയാ. പിന്നെ സതീന്ദ്രന്റെ മൂന്നുമക്കള്‌... മരിച്ചുപോയ പെങ്ങടെ മകൻ... ദാ പിന്നിപ്പോ എങ്ങാണ്ടൂന്നൊക്കെ കടം വാങ്ങിച്ചാ വീടു നന്നാക്യേ. പെണ്ണിന്‌ ആലോചനേക്കെ വരുന്നുണ്ടത്രെ. ആയ കാലത്ത്‌ പൊന്നപ്പ ചെട്ട്യാരൊണ്ടാക്കീതൊക്കെ അയ്യാളു തന്നെ തിന്നുംകുടിച്ചും തീർത്തു; മക്കളേയൊഴിച്ച്‌.” അമ്മയ്‌ക്കു വല്യപ്പനോടു ദയവൊന്നുമില്ല. അമ്മ വീറോടെ തുടർന്നുഃ

“പിന്നെ അയാളൊരു തന്തയല്ലെ.... മരുമകളെന്നു വച്ചാൽ മകൾടെ സ്ഥാനം തന്നെയാ. അല്ലേത്തന്നെ എന്താത്ര നോക്കാനും പറയാനും. ഏതു ചുട്ടവേനക്കും പെണ്ണുങ്ങക്കു പൊതിഞ്ഞു കെട്ടാതെ വീട്ടിപ്പോലും നിന്നൂടാന്നു വച്ചാ! നൂലുബന്ധോല്യാതെയല്ലെ അയാൾടെ കുളീം തേവാരോം. എന്നിട്ട്‌ ആരാ നോക്കാൻ ചെന്നേ... അശ്രീകരം!”

ശരീരം മുമ്പോട്ടു വളഞ്ഞ്‌, വളഞ്ഞുപോയ കണങ്കാലുകൾ കവച്ചുവെച്ച്‌ വടികുത്തിപ്പിടിച്ച്‌ വേച്ചുവേച്ചാണ്‌ വല്യപ്പന്റെ നടപ്പ്‌. എന്നും രാവിലെ അമ്മയുടെ വീടിന്റെ മതിലിന്നപ്പുറത്തെ സർവേക്കല്ലിൽ ഇരിപ്പുണ്ടാകും. അല്ലാത്തപ്പോൾ ഒന്നുകിൽ റോഡരികിലെ മതിലിൽ ചാരി, അല്ലെങ്കിൽ തൊട്ടടുത്ത കവലയിലെ കൊടിമരം താങ്ങാക്കി നിൽക്കുന്ന ഓജസ്സുകെട്ട വൃദ്ധൻ വല്ലാത്തൊരു കാഴ്‌ചയാണ്‌. തന്റെ ചുറ്റും കാണുന്ന ചടുലമായ ജീവിതങ്ങളിലും ചലനങ്ങളിലും അയാൾ തന്റെ ഭൂതകാലം തിരയുകയായിരിക്കും... വർത്തമാനവും ഭാവിയും ചിന്തകളിൽ നിന്നൊഴിവാക്കാൻ ശ്രമിക്കുകയായിരിക്കും... പാവം!

“നീയെന്താ ആലോചിക്കുന്നെ?” എന്റെ നിശ്ശബ്‌ദത കണ്ട്‌ അമ്മ ചോദിച്ചു.

“ഒന്നുമില്ല... വെറുതെ... വാർദ്ധക്യം ശാപമാണല്ലേ. കേരളത്തിൽ ആയുർദൈർഘ്യം കൂടി എന്നു മേനി നടിക്കുന്നതു വെറുതെ. സ്വബോധം നഷ്‌ടപ്പെട്ട്‌ മറ്റുളളവരുടെ താങ്ങിൽ ജീവിതം വലിച്ചു നീട്ടുന്നതിലെ ദൈന്യത. അങ്ങനെ ജീവിച്ചിട്ടെന്താ കാര്യം?”

“നിന്റെയൊരു തത്വജ്ഞാനം. അയ്യാക്കൊരു ബോധക്കേടൂല്ല, ദൈന്യതേമില്ല. ഭാര്യേം മക്കളും നല്ലോണം നോക്കുന്നുണ്ട്‌, അയാളെ. കൊച്ചുങ്ങക്കില്ലേലും തന്തയ്‌ക്ക്‌ ഇറച്ചിയോ മീനോ കാണും ഊണിന്‌. നാലുമണിപ്പലഹാരം നിർബന്ധം; എന്തേലും വാങ്ങുകൊടുക്കും, അവര്‌. ക്ഷീണം മാറാൻ നാട്ടുമരുന്നുവേണംന്നു പറഞ്ഞാരുന്നു ഒരു ദെവസത്തെ ബഹളം. സതീന്ദ്രൻ ഒടനേ പോയി വാങ്ങിക്കൊണ്ട്വന്നു എന്താണ്ടോ അരിഷ്ടോം ലേഹ്യോം ഒക്കെ. നല്ല മുണ്ടും തോളത്ത്‌ ഷാളുമിട്ടല്ലാതെ അയ്യാള്‌ പൊറത്തെറങ്ങാറില്ലല്ലോ. പിന്നെവിടാ ദൈന്യത? ചെറുപ്പകാലത്തേപോലെ ജീവിക്കാൻ പറ്റണില്ല... അതിനിപ്പോ എന്താ ചെയ്‌ക?... അല്ലേപ്പിന്നെ യയാതിയേപ്പോലെ മക്കളിലാരോടെങ്കിലും വാങ്ങിക്കട്ടെ യൗവ്വനം... അല്ലപിന്നെ!”

“വല്യപ്പൻ ടീ.വിയൊന്നും കാണാനിരിക്കില്ലേ? അവടെ ടീ.വിയൊക്കെ ഒണ്ടല്ലോ.”

“ഓ... അയ്യക്കതൊന്നും താല്പര്യല്ല; മറ്റാരും കാണുന്നതും ഇഷ്‌ടമല്ല. ഇന്നാള്‌ മരുമോള്‌ പറയ്യാ ‘അമ്മാവന്‌ കുശുമ്പാ... അടുത്തൂടെ പോമ്പം ഒരു മൂളലും മുക്കലുംണ്ട്‌. ഞാനും പിളേളര്‌ടച്ചനും കൂടെ വല്ല വർത്താനോം പറേണ കണ്ടാലോ ഞങ്ങളാരേലും ടീവി കാണുന്ന കണ്ടാലോ അപ്പത്തൊടങ്ങും കെളവൻ-ഇവിടെല്ലാരും ചത്തോടീ... എനിക്കിത്തിരി വെളളം തരാനാരാ... എല്ലാ -മക്കളും ഒടുങ്ങിയോടീ...’ന്നും പറഞ്ഞ്‌ ഒരേ ചീത്തവിളിയാ. വെളേളാംകൊണ്ട്‌ ചെന്നാലോ ‘എവ്‌ടെ അവരാതിക്കാൻ പോയതാരുന്നെടീ’ന്ന്‌ കൊച്ചിനോടായാലും ചോദിക്കും‘. ദമയന്തി വെറുതേ പറയുന്നതൊന്നുമാവില്ലല്ലോ. അതാ പറഞ്ഞെ കെളവൻ അത്ര പാവമൊന്നുമല്ല.” അമ്മ തീർത്തുപറഞ്ഞു.

വല്യപ്പന്റെ കുളി ഇടയ്‌ക്കൊക്കെ എനിക്കും അസൗകര്യമായിത്തോന്നീട്ടുണ്ടെന്നുളളതു ശരിയാണ്‌. വൈകിട്ട്‌ സ്‌കൂളിൽനിന്നും വരുന്നവഴി രഘൂന്റെ അച്‌ഛനുമമ്മയും താമസിക്കുന്ന വീട്ടിൽ മിക്കവാറും ദിവസം കയറേണ്ടിവരും. അച്ഛനു മരുന്നോ, മറ്റു വല്ല അത്യാവശ്യ സാധനങ്ങളോ വാങ്ങിക്കുന്നത്‌ എന്റെ ഡ്യൂട്ടിയാണ്‌. ആ വീട്ടിലേക്കുളള ഇടറോഡിനരികിലാണ്‌ വല്യപ്പന്റെ വീട്‌. റോഡിന്റെ അതിരിനോടു ചേർന്നുളള പൈപ്പിന്റെ ചുവട്ടിലാണ്‌ വല്യപ്പന്റെ കുളി-പ്രദർശനക്കുളി എന്ന്‌ അമ്മ. വേലിയും മതിലുമില്ല ആ പുരയിടത്തിന്‌. അങ്ങോട്ടു നോക്കാതെ കീഴ്‌പോട്ടു തന്നെ നോക്കി നടന്നുപോരുമ്പോൾ വല്യപ്പനൊരു മുക്കലുണ്ട്‌... പാവം ശ്വാസം മുട്ടലുകാണും.... അല്ലെങ്കിലും പത്തെൺപത്തഞ്ചു വയസ്സായ ആളല്ലേ... ഒരു ബലം കൊടുക്കാൻ... അങ്ങനെ വിശ്വസിക്കുന്നതാണ്‌ മര്യാദ. കൂടുതൽ വിശദീകരണത്തിനു മുതിർന്നില്ല, ഞാൻ.

സമയം വൈകി. ഉച്ചയ്‌ക്കു ഞങ്ങളുടെ സ്‌കൂളിനവധിയായിരുന്നു. അമ്മയുമായി സംസാരിച്ചിരുന്ന്‌ സമയം പോയതറിഞ്ഞില്ല. അമ്മ ഉണ്ടാക്കിയ ഉണ്ണിയപ്പം പൊതിഞ്ഞെടുത്തു; കുട്ടികൾ എത്തിക്കാണും. അയൽപക്കത്തെ ബഹളം ഞാൻ മറന്നു. തിരക്കിട്ടു ഗേറ്റു കടന്നപ്പോൾ മഴചാറുന്നു. ബാഗിൽനിന്നു കുടയെടുത്ത്‌ നിവർത്തി തലപൊക്കി നോക്കിയത്‌ വല്യപ്പന്റെ മുഖത്താണ്‌. അവരുടെ വീട്ടുപടിക്കൽ റോഡിലേയ്‌ക്കിറങ്ങുന്ന ചവിട്ടുപടിയിൽ കുത്തിപ്പിടിച്ച വടിയിൽ തലമുട്ടിച്ച്‌ അയാളിരിക്കുന്നു. മുഖത്ത്‌ വല്ലാത്ത ഒരു ചിരി.... ഒരു വൃദ്ധമുഖത്തിന്‌ ഒട്ടും ചേരാത്ത ഒരു ഇളിച്ചുകാട്ടൽ... അയാളുടെ നോട്ടം എന്റെ നേർക്കല്ലായിരുന്നു, എങ്ങോട്ടുമല്ലായിരുന്നു... ഒരു വിസ്‌മൃതിയിൽ. കുറച്ചുമുൻപു നടന്ന ബഹളം പെട്ടെന്ന്‌ എന്റെ ഓർമ്മയിലെത്തി. ഞാൻ തിരിഞ്ഞുനോക്കി. ഇല്ല. അമ്മ വരാന്തയിലില്ല, എന്നെ യാത്രയാക്കി വാതിലടച്ച്‌ കയറിപ്പോയിരിക്കുന്നു.

അവരുടെ വീട്ടിൽ... വരാന്തയിൽ മൂക്കത്ത്‌ വിരൽവച്ച്‌ വല്യപ്പന്റെ മകൾ അമ്മിണി നിൽക്കുന്നു. എന്നെ അമ്മിണി കണ്ടതായി തോന്നിയില്ല. തറയിൽ വിരിച്ച തുണിയിൽ കിടക്കുന്ന വല്യമ്മയെ മരുമകൾ എന്തോ തൈലമിട്ടു തടവിക്കൊടുക്കുന്നു. ആണുങ്ങളാരേയും കണ്ടില്ല. തെക്കേ മുറ്റത്തു പതുങ്ങിനിന്ന്‌ എത്തിനോക്കുന്ന രണ്ടു പെൺകുട്ടികൾ-സതീന്ദ്രന്റെ മക്കൾ. എന്തായിരുന്നു പ്രശ്‌നം; വല്യപ്പനെന്തുപറ്റി? കൂടുതൽ ആലോചിക്കാൻ നിന്നില്ല. എന്തായാലും അപകടമൊന്നുമല്ലല്ലോ.

പക്ഷെ....

പിറ്റേന്ന്‌, ഞാൻ സ്‌കൂളിലേയ്‌ക്കു പോകുന്നവഴി...

“എന്തെരണ്ണാ ചെറഞ്ഞു ചെറഞ്ഞു നോക്ക്‌ണത്‌... ആളെക്കണ്ടിട്ടില്ലാത്തപോലെ... എന്താ പോതിക്കണില്ലേ?” എന്നെക്കടന്നു പോയ സ്‌ത്രീ വല്യപ്പന്റെ മുൻപിൽ തിരിഞ്ഞുനിന്ന്‌ കുലുങ്ങിച്ചിരിച്ചു. സമൃദ്ധമായ നെഞ്ചും നിതംബവും അവരുടെ ചിരിയ്‌ക്കൊപ്പം കൂടി. എനിക്കെന്തോ വല്ലാതെ തോന്നി. വടികുത്തിപ്പിടിച്ച്‌ നടുവുകൂനി മതിലിനെ താങ്ങാക്കി നിൽക്കുന്ന പാവം വയസ്സന്റെ മുൻപിൽ ഈ സ്‌ത്രീ...

“ചീനിവെളേലെ കുട്ടപ്പന്റെ മോള്‌ സരോജല്ലേടീ?” ആ സ്‌ത്രീയെ കണ്ണിമയ്‌ക്കാതെ നോക്കിനിന്ന വല്യപ്പൻ ചോദിച്ചു.

“ങാ..ഹാ... അപ്പം എല്ലാരും പറേന്നത്‌ ശരിതന്നാ... പൊന്നപ്പേണ്ണന്‌ കൊഴപ്പം കണ്ണിനല്ലാ.. അതൊരു തഞ്ചം... ഞാൻ പോണേ..” നീട്ടിപ്പറഞ്ഞ്‌ ശരീരം മുഴുവൻ ചിരിപടർത്തി സരോജം താളത്തിൽ നീങ്ങി. പൊന്നപ്പണ്ണനെന്ന വൃദ്ധനെ കടന്ന്‌ ഇടറോഡിലേയ്‌ക്കു കയറിയ ഞാനൊരു കാഴ്‌ച കണ്ടു- കാലത്തിന്റെ കൈവിരുതുകൾ പതിഞ്ഞൊട്ടിയ പൊന്നപ്പണ്ണന്റെ കവിളുകൾ തുടുക്കുന്നു; കുഴിഞ്ഞുതാണ്‌ പീളകെട്ടിയ കണ്ണുകൾ കത്തുന്നു. എന്റെ തലയ്‌ക്കുമീതെ കൂടി ഒരു സൂംലെൻസ്‌ പോലെ നീണ്ടുചെല്ലുന്ന കൃഷ്‌ണമണികൾ സരോജത്തിന്റെ... ഛെ... ഒരു വൃദ്ധനെപ്പറ്റി ഞാനെന്താണീ ചിന്തിക്കുന്നത്‌. എന്റെ തോന്നലാവും. സരോജത്തിന്റെ ശരീരത്തിന്റെ അസാധാരണ വടിവുകളും ചലനങ്ങളും ഞാൻ പോലും ശ്രദ്ധിച്ചുപോയല്ലോ.

ചിന്തകൾ കുടഞ്ഞുകളഞ്ഞു. നിരീക്ഷണങ്ങൾക്കൊന്നും സമയമില്ല. അമ്മ വിളിച്ചിരുന്നു, രാവിലെ അമ്മയുടെ വീട്ടിൽ കയറണമെന്ന്‌. മകനേക്കാൾ പഥ്യമാണ്‌ മരുമകളെ. അവിടെ ചെന്നപ്പോൾ അച്ഛനു നേരിയ പനി. തലേന്നു വൈകിട്ടു പുറത്തുപോയപ്പോൾ ചെറുതായി നനഞ്ഞു. അതാവും?

“നെനക്കിന്നു പോണോ ഇന്ദൂ... കരിപ്പട്ടിക്കാപ്പി ഒണ്ടാക്കിക്കൊടുത്തൂ. കാര്യായിട്ടൊന്നൂല്ല. എന്നാലും... എന്തേലും വയ്യായ്‌ക തോന്നീച്ചാ....”

അമ്മയുടെ വർത്തമാനം കേട്ടപ്പോൾ അവധിയെടുക്കാൻ തന്നെ തീരുമാനിച്ചു. വൈകിട്ടു കുട്ടികളെക്കൂട്ടി നേരെ അമ്മയുടെ വീട്ടിലേയ്‌ക്ക്‌ പോരാൻ രഘുവിനു ഫോൺ ചെയ്‌തു. സ്‌കൂളിൽ ലീവ്‌ വിളിച്ചു പറഞ്ഞു.

ഊണുകഴിഞ്ഞു അമ്മയ്‌ക്ക്‌ ഉച്ചയുറക്കം പതിവാണ്‌. ഞാൻ വെറുതെ മുറ്റത്തിറങ്ങി. അച്‌ഛന്റെ പൂന്തോട്ടം എത്ര ശ്രദ്ധയോടെ സൂക്ഷിച്ചിരിക്കുന്നു. അച്ഛനങ്ങനെയാണ്‌, മക്കളെക്കാൾ വാത്സല്യമാണ്‌ ചെടികളോട്‌. മുറ്റത്തരികിലെ പേരമരത്തിൽനിന്ന്‌ പഴുത്ത പേരയ്‌ക്കാ പറിക്കാൻ ശ്രമിക്കുമ്പോളാണ്‌ ദമയന്തി ഗേറ്റുകടന്നു വന്നത്‌.

“ആടിനു കഞ്ഞിവെളളമെടുക്കാൻ വന്നതാ... മോളിവിടുണ്ടെന്നു അമ്മ പറഞ്ഞാര്‌ന്നു. ജോലിക്കാരിപ്പെണ്ണു വന്നില്ലാല്ലെ. മൂന്നാലു ദെവസായല്ലോ പോയിട്ട്‌.” ദമയന്തി ലോഹ്യം പറഞ്ഞു.

ഞാൻ ചിരിച്ചു. അപ്പോൾ വെറുതെ ഒരു കൗതുകം തോന്നി. ദമയന്തിയോട്‌ ചോദിക്കാം.

“ഇന്നലെയെന്താരുന്നു അവടെ ബഹളം, അമ്മ വീണതാണോ? കരച്ചിലു കേട്ടു.”

ദമയന്തി ഞങ്ങളുടെ മതിലിന്നു മുകളിൽക്കൂടി എത്തിനോക്കി, അവരുടെ വീട്ടിലേയ്‌ക്ക്‌. പിന്നെ അടുത്തുവന്നു പതിഞ്ഞ ശബ്‌ദത്തിൽ പറയാൻ തുടങ്ങി.

“ന്റെ കുഞ്ഞേ... അതൊന്നും പറയാനും കേക്കാനും കൊളളുകേലാത്ത കാര്യങ്ങളാ. പതിനൊന്നു പെറ്റ തളളയാ അത്‌. എട്ടെണ്ണത്തിനെ വളർത്തിയെടുക്കേം ചെയ്‌തു. അതുമാത്രാണേൽ വേണ്ടുകേലാരുന്നു. അയ്യാള്‌... ആ തന്ത! ’എന്നാ ആക്രാന്താ... ഞാനൊരാള്‌ ദ്‌ക്കേം എങ്ങന്ന്യാ സഹിച്ചേന്ന്‌ ചോയ്‌ക്കല്ലേ ന്റെ പെണ്ണേ‘ന്നാ അമ്മായി പറയണെ. പാവം തളള കൊറേ സഹിച്ചേക്കുന്നു. ഇപ്പോ അതിനു അഞ്ചു നിമിഷം ഒരേ നെല നിക്കാമ്പറ്റ്വേല... നടുകഴപ്പാ.. ഗർപപാത്രം ഇങ്ങുപോന്നേക്ക്വല്ലേ... എടയ്‌ക്കൊക്കെ വായുമുട്ടലും. ഇന്നലെ ഉച്ചയൂണ്‌ കഴിഞ്ഞപ്പോ അയിനു മുട്ടലുകൂടി. ജാക്കറ്റിന്റെ പിന്നൊക്കെ ഞാനാ ഊരിക്കൊടുത്തേ; കറന്റും ഇല്ലാരുന്നു... അല്ലേലും പകലെപ്പളാ കറന്റൊളളത്‌. അവര്‌ ഊരി വയ്‌ക്ക്വാന്നാ സേതൂന്റച്ചൻ പറയണെ. കളളമ്മാര്‌!”

“എന്താ പിന്നെ പ്രശ്‌നമുണ്ടായത്‌, ശ്വാസം മുട്ടലുകൂടി അല്ലേ?”

“അതൊന്ന്വല്ല. വായുമുട്ടലിന്റെ ഗുളിക എപ്പളും മേശപ്പൊറത്തുതന്നെണ്ടാകും. ഗുളികേം വെളേളാം കൊടുത്ത്‌ തിണ്ണെലൊരു തുണീം വിരിച്ചുകൊടുത്തു. നല്ല കാറ്റാ അവ്‌ടെ. അമ്മായ്യേടെ അരികീ ഞാനും പതുക്കേന്നു തലചായ്‌ചു. കെളവൻ മോടങ്ങോട്ടു പോണ കണ്ടോണ്ടാ ഞാനവ്‌ടെയൊന്നു ചാഞ്ഞെ....എന്താണ്ട്‌ ഒച്ചകേട്ട്‌ തലപൊക്കി നോക്ക്യപ്പ അയ്യാള്‌...അമ്മാവൻ...തിണ്ണേടെ മോളിലിര്‌ന്ന്‌ ഒറ്റനോട്ടാ...എലീനെപ്പിടിക്കാൻ പത്‌ങ്ങനെ പൂച്ചേന്റന്തി. കുണ്ടീപ്പോയ കണ്ണുകളങ്ങനെ തുറിച്ചുവർവേ... അമ്മായ്യേടെ... ഞാം ചാടിയെഴുന്നേറ്റു. അമ്മായ്യേടെ ജാക്കറ്റു നേരേയിടാൻ എടകിട്ടീല്ല... അതിനെടേല്‌...എന്റമ്മേ എനിക്കറീല എന്തൊരു പുകിലാന്ന്‌... കെളവൻ ഒറ്റച്ചാട്ടം... കയ്യിലിരുന്ന ഊന്നുവടികൊണ്ട്‌ അമ്മായ്യേ തലങ്ങും വെലങ്ങും പടപടാന്ന്‌ അടീം തൊടങ്ങി... ഒറങ്ങിയേടത്തൂന്ന്‌ പിളേളര്‌ടച്ചൻ ഒച്ചകേട്ടതും ഓടിപ്പാഞ്ഞെത്തി. ഞങ്ങളു രണ്ടാളു പിടിച്ചിട്ടും അടങ്ങണ്ടെ... ദാ എന്റെ മേത്തിട്ടും കൊണ്ടു മൂന്നാലടി. കെളവനായാലെന്താ...തന്തേടെ ബലം... പ്രാന്തുപിടിച്ച മാതിരീല്‌!”

“എന്തിനാ അടിച്ചത്‌, വരാന്തെക്കെടന്നിട്ടാ?”

“കുഞ്ഞിനെന്തറിയാം.... എന്താ പറയ്യാ ഇദ്‌നൊക്കേം... അടി കഴിഞ്ഞ്‌ അയ്യാടെ നിപ്പുകാണണം, കേറ്റം കേറിവന്ന വണ്ടിക്കാളേന്റന്തി കെതച്ച്‌... പിളേളര്‌ടച്ചനങ്ങു വല്ലാണ്ടായി. അമ്മൂമ്മേ കെട്ടിപ്പിടിച്ചു കരഞ്ഞ പെമ്പിളളാരെ രണ്ടിനേം വലിച്ചെട്‌ത്ത്‌ മൂന്നാലടി അങ്ങോര്‌, ’പോടീ അപ്രത്തെങ്ങാനൂ‘ന്നും പറഞ്ഞോണ്ട്‌. ’അമ്മിണ്യേ വിളിച്ചോണ്ടു വാ‘ന്നും പറഞ്ഞ്‌ അങ്ങോരങ്ങ്‌ മുറീക്കേറിപ്പോയി. ഞാനമ്മിണ്യേ വിളിക്കാനോടി. അയ്യാടെ മുമ്പീ നിക്കാം വയ്യാഞ്ഞിട്ടാ ഞാനോടീത്‌... തന്തേടെ ഇളി... കാണാം വയ്യ... എമ്പത്തെട്ടു വയസ്സായ തന്ത്യാ. എന്റെ സേതുമോൻ വീട്ടിലൊളളപ്പോ അയ്യാള്‌ വല്യ മര്യാദക്കാരനാ. അമ്മിണ്യേം പേടിയാ. ആമ്പിളേളരാരുമില്ലാത്ത തഞ്ചം നോക്കിയാ അയ്യാടെ ഓരോ കൊണവതിയാരം... അനുപവിച്ചല്ലേ തീരൂ. ചുളുങ്ങിക്കൊട്ടടിച്ചിട്ടും.. ങേഹേ.. കെളവനെ നോട്ടോല്ല കാലന്‌....എന്നാപ്പിന്നെ ആ തളേളയങ്ങ്‌ കൊണ്ടോവര്‌തോ...അങ്ങനേലും അതു രക്ഷപ്പെട്ടേരുന്നേലെന്നാ എന്റെ പാർത്തന... ഒളളതു പറയുവാ കുഞ്ഞേ”. ദമയന്തി മുണ്ടിന്റെ കോന്തലകൊണ്ട്‌ മൂക്കുതുടച്ചു.

അപ്പോൾ!

കുഴിഞ്ഞു താണു പീളകെട്ടിയ കണ്ണുകളിലെ തീ... മൊരിഞ്ഞുണങ്ങി ഒട്ടിയ കവിളുകളിലുണരുന്ന തുടുപ്പ്‌... ജരാനരകൾ ആക്രമിച്ചു കീഴടക്കിയ വൃദ്ധമുഖത്തിന്റെ ഭീതിദമായ ഇളിച്ചുകാട്ടൽ?

അന്നു വൈകിട്ടും ഞാൻ കണ്ടുഃ

കണങ്കാലുകൾ കവച്ചുവച്ച്‌ വടികുത്തി വേച്ചുവേച്ച്‌ വല്യപ്പൻ പൈപ്പിനടുത്തു ചെന്നു. ഉടുത്തിരുന്ന മുണ്ടഴിച്ച്‌ ചെമ്പരുത്തിക്കമ്പിലേയ്‌ക്കിട്ടിട്ട്‌ എങ്ങോട്ടിന്നില്ലാതെ വിളിച്ചു പറഞ്ഞു. “വെളളം കൊണ്ടുവാടീ--മോളേ.”

മാനസി ദേവി

വിലാസം

മാനസി ദേവി ,

ടി.സി.42&366 (ഐ),

വളളക്കടവ്‌ പി.ഒ.

തിരുവനന്തപുരം.

695 008
Phone: 0471 2477556




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.