പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

“കുമ്പളങ്ങാക്കറി”

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പ്രവദ

ചെറുകഥ

അണപ്പല്ലു പിന്നെയും വിങ്ങി. കഞ്ഞി കുടിച്ചത്‌ ധൃതിയിലായിരുന്നു. രാവിലെ കഞ്ഞിക്ക്‌ കറി വേണമെന്ന നിർബ്ബന്ധമൊന്നും അയാൾക്കില്ല. ആവി പറക്കുന്ന കഞ്ഞിയിലേയ്‌ക്ക്‌ ഒരു സ്‌പൂൺ നറുനെയ്യിടും. നുളള്‌ ഉപ്പും. ചൂടുകഞ്ഞിയിൽ അതൊന്നിളക്കിച്ചേർക്കും. നിറയെ കോരിക്കുടിക്കും. ഈയിടെ ശീലമൊന്നു മാറ്റി. പ്രായം കൂടുകയല്ലേ. എണ്ണയും നെയ്യുമൊക്കെ കുറച്ചുകളയാം. അങ്ങിനെയാണ്‌ കഞ്ഞിക്കൊരു മെഴുക്കുപുരട്ടിയോ തോരനോ കൂട്ടാൻ തുടങ്ങിയത്‌.

അയാളെഴുന്നേറ്റുപോയി കടയുടെ പിന്നിലുളള വാതിൽ തുറന്നിട്ടു. എന്നിട്ട്‌ തൊട്ടടുത്ത പുരയിടത്തിൽ നിന്ന്‌ ഇപ്പുറത്തേയ്‌ക്ക്‌ ഓല ചാഞ്ഞു നില്‌ക്കുന്ന തൈത്തെങ്ങിലെ ഈർക്കിൽത്തുമ്പൊടിച്ചു പല്ലിട കുത്തി. പല്ലിനിടയിൽ നിന്നു തെറിച്ച അച്ചിങ്ങാനുറുങ്ങ്‌ അയാൾ പുറത്തേയ്‌ക്ക്‌ നീട്ടിത്തുപ്പുകയും ചെയ്‌തു.

കടയ്‌ക്കുപിന്നിൽ കഷ്‌ടിച്ചിറങ്ങി നടക്കാനുളള ഇടയുണ്ട്‌. വേലിപ്പച്ചയും കാട്ടുചുണ്ടയും കോവലുമൊക്കെ പിടിച്ച്‌ അവിടം കാടുകയറി. കാടുംപടലും വെട്ടിത്തെളിച്ചു നില്‌ക്കുമ്പോഴാണു കുമ്പളത്തെ കണ്ടത്‌. പിന്നെ ചെടിയുടെ ചുവടിളകാതെ ചുറ്റുമൊന്നു തെരഞ്ഞു കൊടുത്തു. അടുത്ത ദിവസം കുറച്ചു വളമിട്ടു. ഒന്നുരണ്ടു വേനൽമഴയും കിട്ടി. താമസിയാതെ ചെടിക്കു വളളി വീശി. വേഗം ഒരു കശുമാങ്കൊമ്പു കുത്തിച്ചാരി അതിന്മേൽ കയറു കെട്ടി കുമ്പളവളളി കടയ്‌ക്കു മേലെ കയറ്റിവിട്ടു. ഓടിനുമീതെ അഞ്ചാറു വെട്ടോലയും നിരത്തി. ഇനി പടരട്ടെ. കായ്‌ക്കട്ടെ.

ഇതയാളുടെ സ്വഭാവമാണ്‌. കുമ്പളവളളി കണ്ടാൽ അതിനെയൊന്നു പരിപാലിക്കണം. അമ്മയുളള കാലത്ത്‌ വീട്ടിൽ മിക്കവാറും ഒരു കുമ്പളം പടർന്നു കിടന്നു എടുത്താൽ പൊങ്ങാത്ത പൊണ്ണൻ കായ്‌കളുമായി. വീട്ടിലെ കറികളുടെ രുചിരഹസ്യം ആ കുമ്പളങ്ങളായിരുന്നു. അമ്മ എപ്പോഴും വെച്ചു തരുമായിരുന്ന കുമ്പളങ്ങാക്കൂട്ടാനാണ്‌ ഇന്നും അയാൾക്ക്‌ ഏറ്റവും ഇഷ്‌ടമുളള കറി. വന്നുവന്ന്‌ കുമ്പളങ്ങാക്കറി കിട്ടാതെയായി; കൂട്ടാതെയും.

കടയിൽ, പിന്നെയും കുറേനേരം അയാൾ വെറുതെ അങ്ങനിരുന്നു. കച്ചവടം നടക്കുന്ന കടയല്ല. ജംഗ്‌ഷനിൽ കണ്ണായ സ്ഥലത്ത്‌ കുറച്ചുനാൾ മുൻപ്‌ വാങ്ങിയിട്ട രണ്ടു പീടികമുറി. ഇടഭിത്തി തട്ടി ഒന്നു പുതുക്കി ചെറിയ ട്യൂഷൻ സെന്റർ തുടങ്ങാനായിരുന്നു പ്ലാൻ. മോളന്ന്‌ എം.എസ്സി എഴുതി നില്‌ക്കയാണ്‌. കട വാങ്ങിയതറിഞ്ഞ്‌ പലരും ചോദിച്ചു. “വാസുണ്ണിയെന്താ ബിസിനസ്സു വല്ലോം തുടങ്ങുന്നോ?” മനസ്സിലുളളതല്ല പറഞ്ഞത്‌. “ങാ, ഒന്നൊന്നരക്കൊല്ലം കൂടിയേളളൂ ഇനി ഉദ്യോഗം. പിന്നെ വെറുതെ വീട്ടിലിരിക്കണ്ടല്ലോ.”

നേരുപറയാഞ്ഞത്‌ ഒന്നോർത്താൽ നന്നായി. ശ്രീക്കുട്ടി നല്ല മാർക്കോടെ തന്നെ എം.എസ്സിയെടുത്തു. ട്യൂഷൻ സെന്ററിനെക്കുറിച്ചു മോളോടു പറഞ്ഞപ്പോൾ അവൾ ഭിത്തിയിൽ പാലം തീർക്കുന്ന ഉറുമ്പിൻ കൂട്ടത്തെ നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അയാൾ ധൈര്യം കൊടുത്തു. സഹായത്തിന്‌ അച്ഛനും കൂടാം. മലയാളവും ഇംഗ്ലീഷുമൊക്കെ പത്താംതരംവരെ പറഞ്ഞു കൊടുക്കാൻ എനിക്കുപറ്റും. പക്ഷേ, തീരുമാനിക്കേണ്ടതു മോളാണ്‌. മോളു പറയണം.

മോളൊന്നും പറഞ്ഞില്ല. ശാരദ കയർത്തു. “പറ്റില്ല. വയസ്സാം കാലത്ത്‌ അച്ഛന്റൊരു മോഹം. പ്രിൻസിപ്പാളാകാൻ.”

ക്ഷമയോടെ അയാൾ ശാരദയോടു വീണ്ടും സംസാരിച്ചു. ട്യൂഷൻ സെന്ററിനെന്താണൊരു കുറവ്‌. ജോലി തിരക്കി എങ്ങും അലയേണ്ട. പഠിക്കാൻ ധാരാളം കുട്ടികളെത്തും. നല്ല വരുമാനവും കിട്ടും. ഒപ്പം മോൾക്ക്‌ ആത്മവിശ്വാസവും കാര്യശേഷിയും വർദ്ധിക്കും. എന്തു മോശംണ്ടതിൽ.

ശാരദയുടെ ഉളളിലിരിപ്പു മറ്റൊന്നാണ്‌. ശ്രീക്കുട്ടിക്ക്‌ വയസ്സ്‌ ഇരുപത്തിരണ്ടു കഴിഞ്ഞു. വൈകാതെ പറ്റിയൊരാൾക്കൊപ്പം പറഞ്ഞയയ്‌ക്കണം. ട്യൂഷൻസെന്ററിന്റെ കഥ അതോടെ കഴിയും.

അതിനെന്താ അവിടെയും തുടങ്ങാലോ ഒരു ട്യൂഷൻ സെന്റർ? അത്‌, കൊണ്ടു പോണോരും കൂടി സമ്മതിച്ചിട്ടുവേണ്ടേ? എന്നോടിവിടെ ചെയ്തതുപോലെ ജോലിക്കു വിടണ്ടെന്ന്‌ അവർക്കും തോന്നിയാലോ?

അതിനയാൾക്കു മറുപടിയില്ലായിരുന്നു. നേരാണ്‌. പ്രീഡിഗ്രിവരെ പഠിച്ചതാണു ശാരദ. ടൈപ്പ്‌ റൈറ്റിംഗ്‌ ലോവറും ഹയറും പാസ്സായിരുന്നു. കല്യാണം കഴിഞ്ഞ്‌ ശ്രീക്കുട്ടിക്ക്‌ മൂന്നും ശ്രീജയ്‌ക്ക്‌ ഒന്നും വയസ്സ്‌. ശരത്തില്ല. ശാരദയ്‌ക്ക്‌ നാട്ടിലെ സർവ്വീസ്‌ ബാങ്കിൽ ഒരുദ്യോഗം തരപ്പെട്ടു. ഒരുപാടാലോചിച്ചു. ഒരെത്തും പിടിയും കിട്ടിയില്ല. വീട്‌, അമ്മ, കുഞ്ഞുങ്ങൾ. അമ്മയ്‌ക്കാണെങ്കിൽ ആയിടെ തീരെ ക്ഷീണം. അതിരാവിലെ പുറപ്പെടുന്ന താൻ സന്ധ്യയോടെയേ വീട്ടിലെത്തൂ. ശാരദയുംകൂടി ഇല്ലെങ്കിൽ? അങ്ങിനെ ജോലിക്കു വിട്ടില്ല. അതാണിപ്പോ പുറത്തുവന്നത്‌.

ഉദ്യോഗത്തിനു പോകാത്തതുകൊണ്ട്‌ ഇയാൾക്കിവിടെ എന്തു കുറവുണ്ടായി? അയാളന്വേഷിച്ചു.

വീടുമുഴുവൻ അടിയോടെ ഒറ്റയ്‌ക്കു ചുമക്കുന്ന ഭാവമല്ലേ ഉളളിൽ?

എന്നാരു പറഞ്ഞു?

“എനിക്കങ്ങനെ തോന്നാറുണ്ട്‌.”

“അതു തോന്നുന്നവരുടെ കുറ്റമാണ്‌.”

ആയിരിക്കാം എന്തായാലും ട്യൂഷൻസെന്റർ തൽക്കാലം വേണ്ട. മോൾക്ക്‌ ഭേദപ്പെട്ടൊരു ജോലി തരപ്പെടണം. ആണിനെപ്പോലെ പെണ്ണും ജോലി ചെയ്‌തു ജീവിക്കണം. മോളു പഠിക്കട്ടെ. അവളെ ബി.എഡ്‌ഡിനു ചേർക്കണം.

അയാൾക്കു പിന്നെ കലി ഉറയുകയായിരുന്നു. വായിൽ തോന്നിയതൊക്കെ ശരിക്കങ്ങട്ട്‌ പറഞ്ഞു. വെടിമരുന്നിന്റെ വേവും മണവുമുളള വാക്കുകൾ. ശാരദ അതെല്ലാം മിണ്ടാതെ നിന്നുകേട്ടു. അടുത്ത മുറിയിലിരുന്ന്‌ ശ്രീക്കുട്ടിയും എല്ലാം കേൾക്കുന്നുണ്ടായിരുന്നു.

കടമുറി വാങ്ങിയതിൽപ്പിന്നെ മുടങ്ങാതെ അവധി ദിവസങ്ങളിൽ അയാളിവിടെ വന്നിരിക്കും. പരിചയക്കാരാരെങ്കിലും വന്നാൽ നാട്ടുവർത്തമാനം പറയും. ഇല്ലെങ്കിൽ ഇതുപോലെ വല്ല ചിന്തകളിലുമൊക്കെപ്പെട്ട്‌ പരിസരം മറന്ന്‌ കുറെ നേരം.

വല്ലാതെ ദാഹിച്ചു. വിശക്കാൻ സമയമായിട്ടില്ല. മേടമാസവെയിലാണ്‌. ഉച്ചയായാൽ അകവും പുറവും ഒരുപോലെ ചുട്ടുപൊളളും. വെട്ടി വിയർക്കും. കടയിൽ ഒരു ടേബിൾ ഫാൻ വാങ്ങിവയ്‌ക്കാൻ ഇനിയും താമസിച്ചുകൂടാ. കഴിഞ്ഞ ഉത്സവത്തിന്‌ മൂന്നാലു കസേര വാങ്ങിയിട്ടു. രണ്ടു ദിവസത്തെ അവധി എടുത്ത്‌ ഉത്സവം നല്ലതുപോലെ ആസ്വദിക്കുകയും ചെയ്‌തു. ജനം എത്രയാണു വരികയും പോവുകയും ചെയ്തത്‌. ചുറ്റുമുളള കടകളിൽ പൂരക്കച്ചവടം പൊടിപൊടിക്കുകയായിരുന്നു.

മകരമാസത്തിലെ ആയില്യം നാളിലാണ്‌ മഹോത്സവം. ചെണ്ടമേളം, പറയെടുപ്പ്‌, ചേരുവാരമത്സരം. ആനകളുടെ കൂട്ടെഴുന്നളളിപ്പ്‌. പകൽപ്പൂരം. ആനച്ചമയങ്ങളിൽ വീണു ചിതറുന്ന അസ്തമയരശ്‌മികൾ. പൂരപ്രഭയ്‌ക്കു സാക്ഷിയായി അമ്പലപ്പാടത്തെ ആൾക്കൂട്ടത്തിൽ അയാളും.

കടയ്‌ക്കുമുന്നിൽ ഒരു കാറു വന്നുനിന്നു. അയാളിറങ്ങി ചെന്നു. ഒരു യാത്രാ സംഘമാണ്‌. ബീച്ചിലേയ്‌ക്കുളള വഴി അറിയണം. കൃത്യമായി പറഞ്ഞു കൊടുത്തു. കാറു നീങ്ങിയപ്പോൾ വിചാരിച്ചു. അല്ലാ ഈ നേരത്താണോ ബീച്ചിൽ പോവുക? നട്ടുച്ചയ്‌​‍്‌ക്ക്‌.

കല്യാണത്തിനു മുൻപ്‌, വേനൽക്കാല സന്ധ്യകളിൽ അയാളും ബീച്ചിൽ പോയി മടങ്ങിയിരുന്നു. ഉച്ച കഴിഞ്ഞാൽ ബീച്ചിൽ തിരക്കു തുടങ്ങും. കടലയും ബലൂണും കളിപ്പാട്ടങ്ങളും വില്‌ക്കുന്നവർ തലങ്ങും വിലങ്ങും നടക്കും. ഐസ്‌ക്രീമും കുൾഫിയുമൊന്നും അന്നു വിറ്റിരുന്നില്ല.

കടപ്പുറത്തെ മിനുസമുളള മണ്ണിൽ തിരകളിളകുന്ന കടലിലേയ്‌ക്ക്‌ നോക്കി അനക്കമില്ലാതെ അയാളിരിക്കും. മനസ്സിലെ തിരകളെ കടൽത്തിരകൾ അലിയിച്ചെടുക്കും.

അന്ന്‌ തറവാട്ടു വീട്ടിലായിരുന്നു. വായനശാലവരെ ഇടവഴി. വായനശാലയ്‌ക്കു മുൻവശം പൂഴിറോഡ്‌. റോഡിലൂടെ മുന്നോട്ടു ചെന്നാൽ ചീനവലകളുളള പൊയില്‌. വഞ്ചി കടന്ന്‌ അരനാഴിക നടപ്പുണ്ട്‌ ബീച്ചിലേക്ക്‌. കല്യാണം കഴിഞ്ഞതോടെ സ്ഥലം വാങ്ങി പുതിയ വീടു വച്ചു തറവാട്ടിൽ നിന്നുമാറി. അങ്ങിനെ ബീച്ചിൽ പോക്കും നിന്നു.

കടലിനോടുളള മനസ്സടുപ്പം അയാൾക്ക്‌ ആകാശത്തോടുമുണ്ട്‌. അമ്പിളിയും നക്ഷത്രങ്ങളുമുളള തെളിഞ്ഞ ആകാശം.

ശ്രീക്കുട്ടിക്കു ബി.എഡ്‌ഡിനു ചേരണമെന്നു പറഞ്ഞപ്പോൾ മുതൽ അയാൾ വല്ലാതെ ദുഃഖിതനായിരുന്നു; ആകെ അസ്വസ്ഥനും. പക്ഷേ, ആകാശം നന്നായ്‌ തെളിഞ്ഞു നിന്നു. ആകാശത്ത്‌ വെൺമേഘങ്ങളും പൂർണ്ണചന്ദ്രനും നക്ഷത്രങ്ങളുമുണ്ടായിരുന്നു. ഉറക്കം വരാഞ്ഞ്‌, മുറ്റത്തെ പേരമരച്ചോട്ടിൽ ഒരു ചാരു കസാലയിട്ട്‌ അയാൾ മാനം നോക്കിക്കിടന്നു.

നേരമെത്ര പോയെന്നറിയില്ല. ഇടയ്‌ക്കെപ്പൊഴോ അയാൾക്കരികെ ആരോ മണ്ണിൽ ചമ്രം പടിഞ്ഞിരിക്കുന്നതറിഞ്ഞു -ശ്രീക്കുട്ടി.

“എന്താ മോളേ?” അയാൾ വെപ്രാളപ്പെട്ടു പോയി.

“അച്ഛനെന്തേ ഉറക്കം വരുന്നില്ലേ?”

“ഇല്ല.”

“അതെന്താ, എനിക്കു പഠിക്കണംന്നു പറഞ്ഞിട്ടാണോ?”

അയാൾ ശബ്‌ദിച്ചില്ല.

“എനിക്കു പഠിക്കണ്ടച്ഛാ. അച്ഛനെ സങ്കടപ്പെടുത്തീട്ട്‌ എനിക്കൊന്നും വേണ്ട.” അയാളുടെ കാല്പാദത്തോടു മുഖം ചേർത്തുവച്ച്‌ അവൾ വിങ്ങി. അയാളും തേങ്ങിപ്പോയി. “അച്ഛനെന്തു വിഷമം. ഒന്നൂല്ല. മോളു പഠിച്ചോളൂ.”

ബി.എഡ്‌ഡിനു ചേരണമെന്നു മകൾ പറഞ്ഞപ്പോൾ സത്യത്തിൽ അയാൾ സന്തോഷിക്കുകയായിരുന്നു വേണ്ടത്‌. സ്‌കൂൾ മാഷാകാൻ എത്ര ആശിച്ചതാണ്‌. ഓഫീസിൽ ജോലി ചെയ്യുന്നെങ്കിലും അയാൾ ഉളളുകൊണ്ടെന്നും മാഷുതന്നെയാണ്‌. തനിക്കു സാധിക്കാതെ പോയത്‌ തന്റെ മകൾക്കു സാധിക്കുമെങ്കിൽ സന്തോഷിക്കുകയല്ലേ വേണ്ടത്‌?

എന്നാലതാണോ ചെയ്‌തത്‌? അല്ല. അയാൾ ചിന്തിച്ചു. ജീവിതത്തിന്‌ ഉറപ്പും ഭദ്രതയും ഈ പഠിപ്പുകൊണ്ട്‌ അവൾക്കു നേടാം. പഠിപ്പു കൂടുമ്പൊ പെണ്ണിന്‌ വില കൂടുന്നെന്ന്‌ അയാൾ വിശ്വസിക്കുന്നില്ല. ഡോക്‌ടറായ പെണ്ണിനെ ഒരു ഡോക്‌ടറെ തന്നെ കണ്ടുപിടിച്ചേല്പിക്കാൻ പെടാപ്പാടുപെട്ട രണ്ടച്ഛന്മാരെ അയാൾക്കടുത്ത്‌ പരിചയമുണ്ട്‌. അടിമുടി പൊന്നും മുന്തിയ കാറും കാശും കൊടുത്തവർ. അങ്ങിനെ നോക്കിയാൽ എം.എസ്സി. ബി.എഡ്‌ഡുകാരിക്ക്‌ എം.എസ്സിക്കാരിയേക്കാൾ വില കുറയുമെന്ന്‌ അയാൾക്കു തോന്നി.

മകൾ ബി.എഡ്‌ഡുകാരിയാകുന്നതോടെ തന്റെ വീട്ടിലും അരങ്ങേറാനിടയുളെളാരു രംഗം അയാൾ ഭാവനയിൽ കണ്ടു. ഒരു ദിവസം ആരെങ്കിലും വന്ന്‌ ഇങ്ങനെ പറയും. “ഇവിടത്തെ മോൾക്കു പറ്റിയൊരാലോചനയുണ്ട്‌. പറയുമ്പൊ നിങ്ങളു തമ്മിലറിയും. പയ്യൻ സർക്കാരുദ്യോഗസ്ഥൻ. നല്ല സ്വഭാവഗുണം. മോൾക്കുചേരും. മോളെക്കുറിച്ച്‌ അവർക്കും നല്ല മതിപ്പ്‌. പയ്യന്റെ അമ്മ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്സാണ്‌. അടുത്ത വർഷം റിട്ടയറാകും. അച്ഛനും ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. പെൻഷനായി. വീടും അതിരിക്കുന്ന സ്ഥലവും പയ്യന്റെ പേർക്കാണ്‌. എല്ലാം കൊണ്ടും നല്ല ബന്ധം. ഒന്നിനും ഒരു കുറവുമില്ല. മോളുടെ ഭാഗ്യം.”

അവർക്കു ബി.എഡ്‌ഡുകാരി പെണ്ണുതന്നെ വേണം. പയ്യന്റെ അമ്മ ജോലി നോക്കുന്ന സ്‌കൂളിൽ പ്ലസ്‌ടുവൊക്കെയുണ്ട്‌. അമ്മ റിട്ടയറാകുന്ന ഒഴവിലേയ്‌ക്ക്‌ മോളെ കയറ്റാനാണു പ്ലാൻ. അവർക്കതിനൊക്കെ പ്രയാസമുണ്ടോ? ഇപ്പൊ ജോലിയാണല്ലോ എല്ലാവർക്കും കാര്യം. പോയാണ്ടിൽ സീറ്റൊന്നുക്ക്‌ ആറും ഏഴും ലക്ഷം വാങ്ങി. എന്നിട്ടും ആള്‌ ക്യൂവായിരുന്നു. അല്ല; അതിനിപ്പം ഇവിടെന്താ.. വേണ്ടതുണ്ട്‌. ഇല്ലാത്തോരുടെ കാര്യം പോലാണോ? ജോലിക്കു വേണ്ട തുക ബാങ്കിലിട്ട്‌ രശീതി... പിന്നെ സ്വർണ്ണം. അതു നിങ്ങളുടെ ഇഷ്‌ടം. നിങ്ങളുടെ സ്ഥിതിക്കനുസരിച്ച്‌ ആർക്കാണറിഞ്ഞു കൂടാത്തത്‌?

ഇതൊക്കെ കേൾക്കുമ്പോൾ തനിക്കു തോന്നുന്ന നീരസം ശാരദയ്‌ക്കുണ്ടാവില്ല. അവരു ചോദിക്കും. “എന്തിനാ ഇത്ര സങ്കടപ്പെടുന്നത്‌. അതല്ലേ കാലം. നമ്മളുമാത്രം കൊടുക്കാഞ്ഞാൽ നമ്മുടെ കുട്ടി വീട്ടിൽ നില്‌ക്കും. നമുക്കു കൊടുക്കാനില്ലാഞ്ഞിട്ടല്ലല്ലോ.”

ഒന്നും കൊടുക്കില്ലെന്ന്‌ നമ്മൾ പറഞ്ഞുവോ ശാരദേ. നമ്മുടെ മനസ്സുപോലെ കൊടുക്കും. അതു ചിലപ്പോ അവരു പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതലുമാകാം. എന്തായാലും മോശമായിട്ടു ചെയ്യില്ല; ഉവ്വോ? പക്ഷേ, പെങ്കുട്ടിയെ കളത്തിലിറക്കിയുളള ഈ വിലപേശൽ ഒരച്ഛനും സഹിക്കില്ല. എനിക്കുമാത്രമല്ല വിരോധം. മോളെതിർക്കും. ഓർമ്മയല്ലേ, കുറച്ചുനാൾ മുൻപുവന്ന ആലോചന. അവരുടെ സംസാരത്തിന്റെ കെട്ടുംമട്ടും കണ്ട്‌ അവളന്ന്‌ ഏങ്ങലടിച്ചത്‌ ഇയാളും കണ്ടതല്ലേ? അന്നു മോളെന്താ പറഞ്ഞത്‌ഃ ഇതൊന്നും നമുക്കു വേണ്ടച്ഛാ. അവരടെ നാണം കെട്ടൊരു കണക്കുപറച്ചില്‌. എനിക്കുംല്ലേ ഒരിത്തിരി അഭിമാനം.

എന്റെ നെഞ്ചു പൊടിഞ്ഞുപോയി. കാര്യങ്ങൾ തീരുമാനിക്കാനെത്തിയ ചെറുക്കൻ കൂട്ടരുടെ നടുവിലായിരുന്നല്ലോ ഞാൻ. ഒടുവിൽ എങ്ങിനെയോ ധൈര്യം വന്നു. എല്ലാവരേയും ഒരുവിധം യാത്രയാക്കി. അവരു വണ്ടികയറിയപാടേ ഒരിൻലന്റെടുത്തു വച്ചെഴുതി ഃ ഈ അദ്ധ്യായം ഇവിടെ അവസാനിച്ചിരിക്കുന്നു. അക്കാര്യമോർത്ത്‌ അയാളൊന്നു പല്ലിറുമ്മി. അണയുടെ വേദന ഇനിയും വിട്ടിട്ടില്ല. എന്നുവച്ച്‌ അച്ചിങ്ങാ മെഴുക്കുപുരട്ടിയോടയാൾക്കു പിണക്കമോ? അയാൾക്കത്‌ എന്തിഷ്‌ടമായിരുന്നു. അച്ചിങ്ങാ പാകത്തിനൊടിച്ച്‌, ഒരു കൊത്തുതേങ്ങ ചെറുതായി നുറുക്കിയിട്ട്‌ ലേശം ഉപ്പും പുരട്ടി മൺചട്ടിയിലൊന്നു വറ്റിച്ച്‌ വറ്റൽമുളകും ഉളളിയും ചതച്ച്‌ ഇറ്റു വെളിച്ചെണ്ണയിൽ കടുകും വേപ്പിലയുമിട്ട്‌ ഉലർത്തി അമ്മയതു വിളമ്പിയിരുന്നപ്പോൾ. ഉച്ചയ്‌ക്കൊരു നേരംപോലും നിറച്ചുണ്ണാൻ ഇല്ലാതിരുന്നൊരു കാലം.

അരി എത്ര വേണമെങ്കിലും വാങ്ങാമെന്നായപ്പോൾ അച്ചിങ്ങാ മെഴുക്കുപുരട്ടിക്കു രുചിപോര. അതിന്‌, അച്ചിങ്ങാ മെഴുക്കുപുരട്ടിയാണോ കിട്ടാറ്‌. അല്ല; വളളിപ്പയർ ഫ്രൈ. വിരൽനീളത്തിൽ മുറിച്ച വളളിപ്പയർ എണ്ണയിൽ കിടന്നു മൊരിയുന്നു. രണ്ടു പച്ചമുളകും കീറിയിട്ടിരിക്കും. ഉപ്പുണ്ടോ എരിവുണ്ടോ, ആ. അയാൾക്കതു വായ്‌ക്കു പറ്റുന്നില്ല.

അടുക്കളയിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്‌. ശാരദ തരുന്ന ലിസ്‌റ്റു പ്രകാരവും അല്ലാതെയും സകലതും അടുക്കളയിലെത്തിക്കാറുണ്ട്‌. എന്നിട്ടും എവിടെയോ തകരാറ്‌.

അസൗകര്യങ്ങളുടെ നടുവിലായിരുന്നില്ലേ അമ്മ. ബദ്ധപ്പാടുകളുടെ, ക്ലേശങ്ങളുടെ, വറുതിയുടെ, ഇല്ലായ്‌മകളുടെ നടുത്തളത്തിൽനിന്ന്‌ ആ അമ്മ കുമ്പളങ്ങയും ഇരുമ്പൻപുളിയും താളും തകരയുംകൊണ്ട്‌ രുചിക്കുന്ന കറികളുണ്ടാക്കി. ഉണക്കമീൻ ചുട്ടു കാന്താരിയും ഉളളിയും വച്ചു ചതച്ചു. പാത്രത്തിലുളളതിനേക്കാൾ കനിവോടെ അതു വിളമ്പി.

അയാൾ കട താഴിട്ടു പൂട്ടി ഇറങ്ങി. കേശുവിന്റെ കടയിൽ ചെന്ന്‌ ഒരു സോഡാ നാരങ്ങ കുടിച്ചു. പിന്നെ നല്ലതുപോലൊന്നു മുറുക്കി. പലകത്തട്ടിൽ വച്ച കുട തിരികെ എടുക്കുമ്പോൾ കേശു തിരക്കി.

“നല്ല തളിർ വെറ്റ്‌ലയുണ്ട്‌. പൊതിഞ്ഞോട്ടെ.”

“ഹതെന്താ കേശൂ...അങ്ങിനെ?”

“അല്ല; വാസുണ്യേട്ടൻ എങ്ങട്ടോ പുറപ്പെടാന്നു വിചാരിച്ചു.”

“ഏയ്‌, എങ്ങട്ടുംല്ല. വീട്ടിലേയ്‌ക്കന്നെ.”

കേശു വേഗം വെറ്റില പൊതിഞ്ഞു. വെറ്റിലയേ വേണ്ടൂ. ജപ്പാൻ പുകയിലയും നീറ്റുചുണ്ണാമ്പും വീട്ടിലിരിപ്പുണ്ട്‌. ഒന്നാന്തരം പഴുക്കടയ്‌ക്കയുണ്ട്‌. വീട്ടിലെ അടയ്‌ക്ക മുക്കാലും കേശുവാണെടുക്കാറ്‌.

നിരത്തും കഴിഞ്ഞ്‌ ഇടവഴിയേ നടക്കുമ്പോൾ മീൻ പൊരിക്കുന്ന മണം. കുമ്പളങ്ങാക്കറിയൊഴിച്ച്‌ ഉരുട്ടി ഉണ്ണുന്ന കൂടെ ഒരു കഷണം പൊരിച്ച മീനും കൂടിയുണ്ടെങ്കിൽ പറയണോ?

വീട്ടിലിന്ന്‌ എന്തായിരിക്കും. ഒരു വട്ടം കുമ്പളങ്ങാ വാങ്ങിക്കൊടുത്തിട്ട്‌ ദിവസം മൂന്നാലായി. അതെടുത്ത്‌ ഫ്രിഡ്‌ജിൽ വച്ചിരിക്കാം. കോട്ടമാവിൽ നിന്ന്‌ ഒരു ചെനച്ച മാങ്ങയും പൊട്ടിച്ച്‌ ചേർത്തു കറിയാക്കാനും പറഞ്ഞിരുന്നു. തേങ്ങ അമ്മിയിൽ വെണ്ണപോലെ അരച്ചെടുത്താലേ ഈ കറി രുചിക്കൂ. കടുകു താളിക്കുമ്പൊ ലേശം ഉലുവയും ചേർക്കണം. അസ്സലായിരിക്കും. ഓർത്തപ്പോൾതന്നെ കൈകഴുകി ചോറുണ്ണാൻ ധൃതിയായി.

ശാരദയ്‌ക്കൊരു ദുർവാശിയുണ്ട്‌. അതാണയാൾക്കു പിടിക്കാത്തത്‌. അമ്മയുണ്ടാക്കുമായിരുന്ന കുമ്പളങ്ങാക്കറിയെക്കുറിച്ച്‌ പലപ്പോഴും ശാരദയോടു പറഞ്ഞുപോയിട്ടുണ്ട്‌. അതു കേൾക്കുമ്പോൾ അവരു നീരസം കാട്ടുകയാണു പതിവ്‌. തുടക്കത്തിൽ, അമ്മയോടും കൂടപ്പിറപ്പുകളോടും തനിക്കുളള സ്‌നേഹത്തോടായിരുന്നു ശാരദയ്‌ക്കെതിർപ്പ്‌. വീട്ടുകാർക്ക്‌ മറ്റാരുണ്ടായിരുന്നു; താനല്ലാതെ. അർഹിക്കുന്നതേ അവർക്കു കൊടുത്തിട്ടുമുളളൂ. പിന്നെന്തിന്‌ ശാരദയ്‌ക്കു പരാതി? എന്തൊക്കെയോ ധാരണ പിശകുകൾ. അതെന്താണെന്നൊട്ടു തെളിച്ചു പറയുന്നുമില്ല. കാര്യമായതെന്തോ ഉളളിലൊളിപ്പിച്ച്‌ നുളളും തരിയും മാത്രം പറയും.

തനിക്ക്‌ തെറ്റുകുറ്റങ്ങളില്ലെന്നല്ല. ധാരാളം കാണും. അത്‌ അതിന്റെ ഇണക്കത്തിനു ശാരദ പറഞ്ഞാൽ ചിന്തിക്കും, തിരുത്തും. ശ്രീക്കുട്ടിയുടെ കാര്യത്തിലും ശാരദയുടെ ഇഷ്‌ടമല്ലേ നടന്നത്‌. താൻ തോറ്റു കൊടുത്തു. ശാരദ പറഞ്ഞത്‌ മോളുടെ നന്മയ്‌ക്കുവേണ്ടിയാണെന്ന്‌ മനസ്സിൽ ഉറപ്പിച്ചു.

പിന്നെ, വളരെ താല്പര്യത്തോടെ അയാൾ പറയുന്ന ചെറിയ കാര്യങ്ങളാകട്ടെ അത്‌ ശാരദ പാടേ നിഷേധിക്കുമ്പോൾ അയാൾക്കു നൊന്തുപോകും. കഴിഞ്ഞാഴ്‌ചത്തെ മാങ്ങാച്ചമ്മന്തിയും അക്കൂട്ടത്തിൽപ്പെടും. നല്ല നാടൻ മാങ്ങ കണ്ടപ്പോൾ കുറച്ചു വാങ്ങി. കടുംമാങ്ങാപ്പരുവം കഴിഞ്ഞിരുന്നു. ഉപ്പിലിടാം. വീട്ടിലെ നാട്ടുമാവ്‌ വെട്ടിക്കളഞ്ഞതിൽ അയാൾക്കു വിഷമമുണ്ട്‌.

നാട്ടുമാങ്ങ കൊണ്ടുചെന്നിട്ട്‌ ഒരു മാങ്ങാച്ചമ്മന്തി വേണമെന്ന്‌ ശാരദയോടു പറഞ്ഞു. ചമ്മന്തികൂട്ടിയോ? ഹില്ല...

വാശിക്ക്‌ മോളെ കൊണ്ട്‌ അയാളതരപ്പിച്ചു. അമ്മിയിൽതന്നെ. നന്നായിരുന്നു. അവളെ അഭിനന്ദിക്കാൻ മറന്നുമില്ല. “നന്നായിട്ടുണ്ട്‌ ശ്രീക്കുട്ടി. അച്ഛമ്മേടെ കൈപ്പുണ്യം നിനക്കപ്പടി കിട്ടീട്ടുണ്ടോന്നൊരു സംശയം. അവൾക്കു വലിയ സന്തോഷമായി. ശാരദയുടെ മുഖം കനത്തു. അയാളതു വകവെച്ചുമില്ല.

വാസുണ്ണിയെ ആരും അങ്ങിനെ തോല്പിക്കണ്ട. അരിവയ്‌ക്കാനോ കറിവയ്‌ക്കാനോ വാസുണ്ണിക്ക്‌ നന്നായറിയാം. കൈപ്പുണ്യമുളള ഉണ്ണിയമ്മയുടെ മകനാണു വാസു. ശാരദയെപ്പോലാണോ അയാൾ. അല്ല. ജീവിതം എന്തെന്ന്‌ വാസു ശരിക്കറിഞ്ഞിട്ടുണ്ട്‌. ഒന്നുമില്ലായ്‌മയിൽ നിന്നാണു കരപറ്റിയത്‌. വെട്ടവും വെളിച്ചവുമെല്ലാം ഉണ്ണിയമ്മയെന്ന പാവം സ്‌ത്രീ. ദാരിദ്ര്യത്തിനു നടുവിലും വാസുവിനെ സ്‌കൂളിലയയ്‌ക്കാൻ അവർക്കു തോന്നി. അവർക്കു മാത്രം. ഉണ്ണിയമ്മയുടെ അച്ഛൻ ഒരു കുടിപ്പളളിക്കൂടം നടത്തിയിരുന്നു. ആശാന്റെ മകൾക്ക്‌ എഴുത്തിന്റേയും വായനയുടേയും വിലയറിയാമായിരുന്നു. അങ്ങിനെ വാസുണ്ണി പഠിച്ചു. ജോലികിട്ടി. ഒടുവിൽ അയാൾക്കും വന്നു ഒരു നല്ല കാലം.

ജോലി ഒരു തുടക്കം മാത്രം. അതോടൊപ്പം കാശുണ്ടാക്കാൻ നന്നെന്നു തോന്നിയ മാർഗ്ഗങ്ങളും അയാൾ കണ്ടെത്തി. ചില്ലറ വസ്‌തുവകകൾ വാങ്ങിയിട്ടു. തരത്തിന്‌ നല്ല ലാഭത്തിൽ അതൊക്കെ മറിച്ചുവിറ്റു. അതയാളുടെ സമയമായിരുന്നു.

അമ്മ സമാധാനത്തോടെ യാത്ര പറഞ്ഞു. എല്ലാവരും അരികിലിരിക്കെ അമ്മ വാസുവിനെ മാടി വിളിച്ചു. വെളളം ചോദിച്ചു. ജീരകം വറുത്തിട്ടു തിളപ്പിച്ചാറ്റിയ വെളളം വായിലേയ്‌ക്കിറ്റിച്ചു കൊടുത്തു. അമ്മയുടെ നരച്ച മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട്‌ അയാളടുത്തിരുന്നു. പെട്ടെന്ന്‌, അമ്മയുടെ കൃഷ്ണമണികൾ മറിയുന്നതും ചുണ്ടുകൾ കോടുന്നതും കണ്ട്‌ അയാൾ വാവിട്ടു കരഞ്ഞു.

എന്നൊ ഒരിക്കൽ ശാരദ ചോദിക്കയുണ്ടായി. ”നിങ്ങൾക്കുമാത്രമേ അമ്മയുളേളാ? എനിക്കുമുണ്ട്‌. ഈ ലോകത്ത്‌ എല്ലാർക്കുമുണ്ട്‌. അല്ല; പിന്നെ.“

അയാൾക്ക്‌ അമ്മയോടുളള അഗാധമായ സ്‌നേഹം അമ്മയുടെ കഷ്‌ടപ്പാടിനോടുളള കടപ്പാടായിരിക്കാം. അമ്മ പെട്ടപാട്‌. അയലത്തെ തേങ്ങാക്കളത്തിൽ നിന്നു പൊതിമടലു ചുമന്നുകൊണ്ടുവന്ന്‌ ചതച്ച്‌ ഒഴിഞ്ഞ തോട്ടിലോ കുളത്തിലോ വല്ലം കെട്ടിത്താഴ്‌​‍്‌ത്തി ചീഞ്ഞും ചീയാതെയും തല്ലി അലിച്ച്‌ ഒരു ചിമ്മിനിവെട്ടത്തിൽ രാവുപകലാക്കി കയറാക്കി നാലഞ്ചു നാഴിക നടന്ന്‌ വലിയ ചന്തയിൽ കൊണ്ടുപോയി വിറ്റ്‌ ഉപ്പും മുളകും അരിയും വാങ്ങിപ്പെറുക്കി അച്ഛനും മക്കൾക്കും അനത്തിത്തന്നില്ലായിരുന്നെങ്കിൽ!! ജീവിതഭാരത്തിനുമുന്നിൽ ആ പാവം അമ്മ തളർന്നു പോയിരുന്നെങ്കിൽ! ജീവിതത്തോട്‌ ഒരു സമരത്തിനൊരുങ്ങാതെ മക്കളേയും കൂട്ടി വല്ല കടുംകൈയ്യും ചെയ്‌തിരുന്നെങ്കിൽ!!

ചുമതലകളൊന്നും ഏല്‌ക്കാൻ തയ്യാറാകാത്ത അച്ഛനോട്‌ അയാൾക്കു വെറുപ്പായിരുന്നു. എതിർപ്പുണ്ടായപ്പോൾ അമ്മ തടഞ്ഞു. പോട്ടെ മക്കളേ, അച്ഛനോടൊന്നും പറയല്ലേ. എന്തിനു വെറുതെ. അമ്മയ്‌ക്കു സങ്കടാണ്‌.

അച്ഛൻ അതിരാവിലെ കുളിക്കും. അമ്പലത്തിൽ പോകും. വായനശാലയിലിരുന്ന്‌ മുടങ്ങാതെ പത്രം വായിക്കും. അമ്മ വെച്ചു വിളമ്പുന്നത്‌ ഒരക്ഷരം മിണ്ടാതെ കഴിക്കും. വീട്ടുസാധനങ്ങൾക്കൊപ്പം അമ്മ അച്‌ഛന്‌ കെട്ടുബീഡി വാങ്ങും. അയാൾക്കരിശം മൂത്തിട്ടുണ്ട്‌. ”ഈ അമ്മ എന്താ ഇങ്ങനെ?“ അമ്മയുടേയും അച്ഛന്റേയും സ്ഥാനത്ത്‌ അയാൾ വാസുണ്ണിയേയും ശാരദയേയും സങ്കല്പിച്ചു. പൊട്ടിച്ചിരിച്ചു പോയി. പഷ്‌ട്‌!!

”എന്താച്ഛാ ചിരിക്കണ്‌?“ ചെന്നു കയറുമ്പോ മോളു ചോദിച്ചു.

”ഏയ്‌, ഒന്നൂല്ല. നന്നാ വിശക്കണുണ്ടു മോളേ.“

”വിശന്നിട്ടാണോ ചിരിച്ചത്‌?“

”അതോണ്ടല്ല. കത്തുന്ന വെയിലു തലയ്‌ക്കേറ്റപ്പൊ ചിരിച്ചു വന്നതാണ്‌.“

അവളുടെ മുഖം വാടി. പറഞ്ഞത്‌ അന്യായമായിപ്പോയെന്ന്‌ അയാൾക്കും തോന്നി.

”അച്ഛനൊരു തമാശ പറഞ്ഞതല്ലേ, മോളെന്തിനാ വിഷമിച്ചെ? ചോറായിട്ടില്ലേ?“

”ഉവ്വ്‌, അച്ഛൻ വന്നോളൂ.“

അയാൾ ഉടുപ്പും മുണ്ടും മാറ്റി കൈലിയുടുത്തു. കൈയ്യും മുഖവും കഴുകി വന്നപ്പോൾ മേശപ്പുറത്ത്‌ എല്ലാം നിരന്നിരിക്കുന്നു. മഞ്ഞനിറത്തിൽ കടുകു വറുത്തിട്ട കറി കണ്ടതും അയാൾ തിരക്കി.

”ദെന്താ മോളേ?“

”പരിപ്പുചാറ്‌.“

”ഞാൻ കരുതി കുമ്പളങ്ങാക്കറിയാണെന്ന്‌.“

ശാരദ മിണ്ടിയില്ല. മിണ്ടുകയുമില്ല.

”ഇതെന്താ ഈ എണ്ണ വരട്ടി.“

”അത്‌ ബീൻസാണച്ഛാ.“

”ബീൻസ്‌ ഫ്രൈ... രാവിലത്തെ അച്ചിങ്ങാഫ്രൈ ഇപ്പോഴും അച്ഛന്റെ പല്ലിടയ്‌ക്കുണ്ട്‌.“

പരിപ്പുകറി ഒഴിക്കുന്നില്ലെന്നു കണ്ടപ്പോൾ പിഞ്ഞാണപ്പാത്രത്തിലെ മീൻകൂട്ടാൻ മോള്‌ അടുത്തേയ്‌ക്കു നീക്കി വച്ചു. ”വെളളിമീൻ പൊളളിച്ചതാണച്ഛാ.“

അയാളതിൽ കുറച്ചു ചോറിലൊഴിച്ചു. ഒരു പിടി കഴിച്ചിട്ടു പറഞ്ഞു. ഇതു നന്നായിട്ടുണ്ടല്ലോ? മോളുണ്ടാക്കീതാണോ?”

“അല്ല; അമ്മ.”

“എന്തെങ്കിലുമൊക്കെ ചെയ്‌തു പഠിക്കണ്ടേ മോളേ. കഷണം നുറുക്കലും തറതുടയ്‌ക്കലും ചെടി നനയ്‌ക്കലുമൊക്കെ മാത്രം മതിയോ? അച്ഛനൊരു കുമ്പളങ്ങാക്കറി വേണമെന്നു പറഞ്ഞിട്ട്‌ എത്ര ദിവസമായി. മോൾക്കതൊന്നു ചെയ്യായിരുന്നില്ലേ. എന്താ മോളേ ഇങ്ങനെ?”

“ഞാൻ ചെയ്യണത്‌ അമ്മയ്‌ക്കു പറ്റണില്ലച്ഛാ.”

“എന്നിട്ട്‌ അമ്മയെന്തേ ചെയ്യാത്ത്‌? ചെയ്യേമില്ല; ചെയ്യിക്കേമില്ലെന്ന്‌.”

ആരും ഒന്നും പറയുന്നില്ലെന്നു കണ്ട്‌ അയാൾ നിർത്തി. വേളൂരി പൊളളിച്ചത്‌ നന്നായിരുന്നു. ഉപ്പും പുളിയും എരിവും എല്ലാംകൂടി ഇണക്കമുണ്ട്‌. നല്ല മണവും. എന്നിട്ടും ഊണു കഴിപ്പൊരു സുഖമായില്ല. കുമ്പളങ്ങാക്കറിയെ കുറിച്ചൊരു ആശാഭംഗവും. വളരെ കുറച്ചേ അയാൾ ഉണ്ടുളളൂ. എഴുന്നേറ്റു കൈകഴുകി.

ഊണുകഴിഞ്ഞ്‌ ഒരു മാമ്പഴമോ ചെറുപഴമോ കഴിക്കുന്നൊരു ശീലമുണ്ട്‌. വീട്ടിൽ മാത്രമുളള നിർബ്ബന്ധമാണത്‌. ചെറുപഴം തീർന്നിരിക്കും. ഉണ്ടായിരുന്നെങ്കിൽ മേശമേൽ കണ്ടേനെ.

അയാൾ പതുക്കെ തൊടിയിലേക്കിറങ്ങി. തോട്ടരികിലുളള മൂവാണ്ടൻ മാവു നിറയെ മാങ്ങാ വിളഞ്ഞു കിടക്കുന്നു. കുറച്ചു പറിപ്പിക്കണം. ശ്രീജയും ശരത്തും സ്ഥലത്തില്ലാതെ പോയി. സ്‌കൂളടച്ചപ്പോൾ മുതൽ സർക്കീട്ടാണ്‌. അമ്മായിമാരുടെ വീടുകളിൽ. ഇളയച്ഛന്മാരുടെ വീടുകളിൽ. ശ്രീജ വീട്ടിലുളളപ്പോ ഇടയ്‌ക്കിടെ വന്നു നോക്കി പഴുത്തു വീഴുന്ന മാമ്പഴം എടുത്തുവയ്‌ക്കും. മാവിൽ കിടന്നു പഴുക്കുന്ന മാങ്ങയുടെ രുചിയാണ്‌ അച്ഛനിഷ്‌ടമെന്ന്‌ ചെറുപ്പത്തിലേ അവൾ തിരിച്ചറിയുന്നു. ശ്രീക്കുട്ടിയെ അതിനൊന്നും കാക്കണ്ട. വായിക്കാനൊരു പുസ്തകം കിട്ടിയാൽ ഏതെങ്കിലും മൂലയ്‌ക്കൊതുങ്ങിക്കൊളളും.

മൂവാണ്ടൻ മാവുചാരി അയാൾ തെല്ലിട നിന്നു. മഴക്കാലത്തുമാത്രം വെളളം നിറയുന്ന തോടാണു താഴെ. കുടുംബവീടിനു പടിഞ്ഞാറേ തോട്‌ ഒഴുകിച്ചെന്നു പൊയിലിൽ ചേരും. മഴയ്‌ക്ക്‌ പൊയിലിൽ നിന്ന്‌ ഇടത്തോട്ടുവഴി പടിഞ്ഞാനേ തോട്ടിലേയ്‌ക്ക്‌ കളകളയായി ഊത്ത മീനെത്തും. ഒറ്റാൽ വച്ചു മീൻപിടിക്കുന്നത്‌ കഴിഞ്ഞ മഴക്കാലത്താണു ശരത്തിനെ കൊണ്ടുപോയി കാണിച്ചത്‌.

അയാൾ താഴേയ്‌ക്കു നോക്കി. പടർപ്പൻ പുല്ലും അഞ്ചിലത്താളിയും തോട്ടിൽ പിടിച്ചു കിടക്കുന്നു. മഴക്കാലത്തു വെളളം നിറയുകയും വേനൽക്കാലത്ത്‌ പറ്റി പുല്ലുപിടിക്കുകയും ചെയ്യുന്ന തോട്ടിൽ അടുക്കളയിലെ ചപ്പുചവറുകളും ശാരദ കൊണ്ടിടുന്നു. വളളിപ്പടർപ്പിനിടയിൽ മാങ്ങ വീണു കിടക്കുന്നുണ്ടാവും. അയാൾ തോട്ടിലേയ്‌ക്കിറങ്ങി. പെട്ടെന്ന്‌ കാല്‌ വഴുവഴുത്ത എന്തിലോ പൂണ്ടുപോയതുപോലെ അയാൾക്കു തോന്നി. തോട്ടിറമ്പത്തു കൈകുത്തി വല്ലായ്‌കയോടെ കാലു സാവകാശം പൊക്കിയെടുത്തു. അകം ചീഞ്ഞ ഒരു കുമ്പളങ്ങാവട്ടം അയാളുടെ ഇടംകാലിൽ ഞാന്നു കിടന്നു.

പ്രവദ

വിലാസം

പ്രവദ,

ഡോർ നം. 19&1191,

എസ്‌.ഡി.പി.വൈ റോഡ്‌,

പളളുരുത്തി,

കൊച്ചി.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.