പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

തരിശുഭൂമിയിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഉമ്മാച്ചു

കഥ

“നിങ്ങളെ ഞാനെവിടെയോ കണ്ടിട്ടുണ്ട്‌.... ഓർക്കാനാവുന്നില്ല..”

നരേന്ദ്രന്റെ ശ്രദ്ധ മുഴുവൻ റോഡപകടത്തെ സംബന്ധിച്ച, സായാഹ്ന പത്രത്തിലെ ആ തടിച്ച വാർത്തയിലായിരുന്നു. അയാൾ തന്റെ ഇടതുവശത്ത്‌ വന്നിരുന്ന ആ രൂപത്തെ നോക്കി- ഒരു കറുത്ത പയ്യൻ. സ്വന്തം കറുപ്പോടൊപ്പം വെയിലേറ്റുവാടിയ അവന്റെ മുഖത്ത്‌ സ്‌നേഹമസൃണമായ ചിരി. സ്‌നേഹത്തിന്റെ വെളിച്ചം പ്രവഹിക്കുന്ന കണ്ണുകൾ.

“എവിടെ നിന്നാണെന്നോർമ്മയില്ല... നിങ്ങളുമായി ഞാൻ” എട്ടാം ക്ലാസ്സിലോ ഒൻപതിലോ പഠിക്കുന്ന സ്‌കൂൾ കുട്ടിയോളം പ്രായമുളള, കൂരിരുട്ടിനേക്കാൾ കറുത്ത ആ മുഖം നരേന്ദ്രനോട്‌ ലോഹ്യം കൂടുകയാണ്‌.

കരിക്കട്ടപോലെ കറുത്ത ആ പയ്യനെ നരേന്ദ്രൻ വേഗം തിരിച്ചറിഞ്ഞു. അവന്റെ വിയർപ്പുനാറുന്ന, ചേറിൽ കുതിർന്ന വസ്‌ത്രങ്ങളും.

“ഇല്ല, എന്നെയായിരിക്കില്ല....” അയാൾ അമർഷം വരുത്തിക്കൊണ്ട്‌ അവനോടു പറഞ്ഞു. അയാൾ അങ്ങനെ പറഞ്ഞപ്പോൾ അവൻ പനിപിടിച്ചവനെപ്പോലെ ഒന്നൊതുങ്ങിക്കൊണ്ട്‌ ദീനമായി നരേന്ദ്രനെ നോക്കി. നരേന്ദ്രൻ കൈയിലെ സായാഹ്ന പത്രത്തിലേക്ക്‌ തലതാഴ്‌ത്തിക്കളഞ്ഞു.

അപ്പോൾ ബസ്സിനു താഴെ ട്രാക്കിൽ എന്തോ ബഹളം-സമയം 6.03 ലേയ്‌ക്ക്‌ ചാഞ്ഞതിനെ ചൊല്ലിയാണ്‌. 6.04 ന്‌ പോകേണ്ട ബസ്സിലെ ക്ലീനർ അവർ ഇരുന്ന ബസ്സിലെ കണ്ടക്‌ടറെ തെറിയഭിഷേകം ചെയ്യുന്നു. ക്ലീനറുടെ പച്ചപ്പുലമ്പൽ സഹിക്കവയ്യാഞ്ഞ്‌ നരേന്ദ്രൻ ഇരുന്ന ബസ്സ്‌ തലശ്ശേരി ലക്ഷ്യമാക്കി മെല്ലെ ഉരുണ്ടു.

ബസ്സ്‌ സറ്റാന്റിൽ നിന്ന്‌ പ്രധാന റോഡിലേക്കിറങ്ങിയതോടെ നരേന്ദ്രന്‌ സായാഹ്നപത്രത്തിലെ ചോരപുരണ്ട വരികളിൽ ശ്രദ്ധയുറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അയാൾ ആ സായാഹ്നപത്രം നെടുനീളത്തിൽ മടക്കുന്നതുകണ്ട്‌, അതുവരെ ആ സായാഹ്ന പത്രത്തിലേക്ക്‌ കാക്കക്കണ്ണിട്ട്‌ നോക്കിക്കൊണ്ടിരുന്ന എതിർ സീറ്റിലെ കുറിയ മനുഷ്യൻ ആർത്തിയോടെ കൈനീട്ടി.

നരേന്ദ്രൻ, ‘ഈ പത്രം ഇനി തിരിച്ചു തരണ്ട’ എന്ന്‌ മനസ്സിൽ ഉരുവിട്ടുകൊണ്ട്‌ പത്രം കാക്കക്കണ്ണുകാരന്റെ സീറ്റിലേക്കിട്ടു.

ബസ്സിൽ സിറ്റിങ്ങ്‌ ലോഡിന്നപ്പുറം സ്‌റ്റാന്റിങ്ങിൽ എട്ടോ പത്തോ യാത്രക്കാർ മാത്രമേയുളളു. താഴെ ചൊവ്വയിലെത്തുമ്പോഴേക്കും ബസ്സ്‌ ടൈറ്റ്‌ ലോഡാവുമെന്നും അയാൾക്ക്‌ അറിയാമായിരുന്നു.

നരേന്ദ്രൻ ആ കറുത്ത പയ്യനെ വീണ്ടും ശ്രദ്ധിച്ചു. വളരെയധികം ക്ഷീണമുളളതുകൊണ്ടാവാം-അവൻ സീറ്റിനു പിന്നിലെ കമ്പിയിലേക്ക്‌ തലചായ്‌ച്‌, ഉറങ്ങുന്നതുപോലെ കണ്ണുമടച്ച്‌ ഇരിക്കുകയാണ്‌. വിയർപ്പ്‌ അവന്റെ മുൻകഴുത്തിൽ കട്ടപിടിച്ചിരിക്കുന്ന അഴുക്കിനെ വഴുക്കിക്കൊണ്ട്‌ നാറുന്ന ഷർട്ടിനുളളിലേക്ക്‌ ഇഴഞ്ഞിറങ്ങുന്നു.

ബസ്സിനുളളിൽ ലൈറ്റ്‌ തെളിഞ്ഞിരുന്നു. ആ പയ്യന്റെയും നരേന്ദ്രന്റെയും സീറ്റിനു മുൻപിലും പിന്നിലുമുളള യാത്രക്കാരിൽ ചിലർ പയ്യനിൽ നിന്ന്‌ പുറപ്പെടുന്ന അഴുക്ക്‌ മണം കാരണം അസ്വസ്ഥരാവുന്നത്‌ നരേന്ദ്രൻ ശ്രദ്ധിച്ചു. നിൽക്കുന്നവരിൽ ചിലർ ആ പയ്യനിൽ നിന്ന്‌ അകന്നു നിൽക്കുകയും ചെയ്‌തിരുന്നു. ഇതൊന്നുമറിയാതെ അവൻ അതേ ദീനതയോടെ പിൻകമ്പിയിലേക്ക്‌ തലചായ്‌ച്‌ ഉറങ്ങുകയാണ്‌.

അവന്റെ നിർഭാഗ്യകരമായ ആ അവസ്ഥയിൽ എന്തുകൊണ്ടോ-നരേന്ദ്രന്‌ പെട്ടന്നാണ്‌ ഓർമ്മവന്നത്‌ - ചാൾസ്‌ ഡിക്കൻസിന്റെ പ്രിയപ്പെട്ട ഒലിവറെയാണ്‌... ലോകത്തെങ്ങുമുളള മനുഷ്യത്വമുളള മനസ്സുകളെ വേദനിപ്പിക്കുന്ന തരത്തിൽ, ഹൃദയാലുത്വമുളവാക്കുന്നതരത്തിൽ-ആ കൊച്ചു നോവലിന്റെ തുടക്കത്തിൽ ഒലിവറുടെ അമ്മയെക്കുറിച്ച്‌ രണ്ടുനാലു വാക്യങ്ങളിൽ ഡിക്കൻസ്‌ കുറിച്ചിട്ടുണ്ട്‌. അതുപോലെ ഈ നിർഭാഗ്യവാനായ പയ്യന്റെ അമ്മ? മദ്യപനായ അച്‌ഛന്റെ ഉത്തരവാദിത്ത്വമില്ലായ്‌മ കാരണം ഇത്ര ചെറുപ്പത്തിലെ ഒരു കുടുംബത്തിന്റെ ഒരു ജീവിതഭാരം മുഴുവൻ പേറി തളർന്നിരിക്കുകയാണോ ഈ പയ്യൻ?

എ.കെ.ജി.ജംഗ്‌ഷൻ ക്രോസ്‌ ചെയ്യാൻ വേണ്ടി ബസ്സ്‌ ഒരുനിമിഷം വിറച്ച്‌ നിന്നപ്പോൾ പയ്യൻ ഞെട്ടിയുണർന്ന്‌​‍്‌, സീറ്റിൽ നിന്നെഴുന്നേറ്റ്‌ ഇന്ത്യൻ കോഫീഹൗസിന്റെ ഭാഗത്തേയ്‌ക്ക്‌ ഏന്തിവലിഞ്ഞ്‌ നോക്കിക്കൊണ്ടിരിക്കെ, പയ്യൻ അവിടെ ഇറങ്ങുകയാണെന്നൂഹിച്ച്‌ ആ സീറ്റിലേക്ക്‌ തിക്കിയിരിക്കാൻ ശ്രമിച്ച്‌ വിഡ്‌ഢിയായ ഒരു കോലം, പയ്യനോട്‌ രോഷത്തോടെ അടങ്ങിയിരിക്കാൻ പറഞ്ഞിട്ട്‌ മുഖം കനപ്പിച്ച്‌ നിൽക്കുകയുണ്ടായിരുന്നു. പയ്യൻ കുറ്റബോധത്തോടെ സീറ്റിൽ അമർന്നിരുന്നു.

നരേന്ദ്രൻ അവനെ വീണ്ടും ശ്രദ്ധിച്ചു. അവന്റെ മുഖത്തെ വിയർപ്പെല്ലാം കാറ്റ്‌ തുടച്ചെടുത്തിരുന്നു. പയ്യൻ വീണ്ടും പിന്നിലെ കമ്പിയിലേയ്‌ക്ക്‌ തലചായ്‌ച്ച്‌ മയക്കത്തിലേക്ക്‌ വീണു.

അയാൾ അവനെ ഓർക്കുകയായിരുന്നു. മൂന്നുദിവസം മുമ്പ്‌-കൃത്യമായി പറഞ്ഞാൽ-കഴിഞ്ഞ ബുധനാഴ്‌ച വൈകുന്നേരം ഇതേ സമയത്ത്‌ ഇതേ ബസ്സിൽ ഇതേ സീറ്റിൽ വെച്ചു തന്നെയാണ്‌ അവൻ തന്നോട്‌ സംസാരിച്ചിരുന്നത്‌.

അന്നും അവൻ ഇതേ ഡ്രസ്സിൽ വിയർപ്പ്‌ നാറ്റവും കൊണ്ടാണ്‌ ഇതേ സീറ്റിൽ തന്റെ ഇടതുവശത്ത്‌ വന്നിരുന്നത്‌-കൈയിൽ വിലകുറഞ്ഞ, കരിപിടിച്ച ഒരു ചെറിയ ഇരുമ്പ്‌ പെട്ടിയും തൂക്കിക്കൊണ്ടായിരുന്നു അവന്റെ വരവ്‌-വിയർപ്പ്‌ നാറ്റം കൊണ്ട്‌ ‘ഒന്ന്‌ മാറിയിരിക്കൂ’ എന്ന്‌ പറയാൻ നാവ്‌ പൊങ്ങിയതാണ്‌. പക്ഷേ, അവന്റെ മുഖത്തേയ്‌ക്ക്‌ നോക്കിയപ്പോൾ-നിഷ്‌കളങ്കമായ ആ ദീനഭാവം-പെട്ടെന്ന്‌ തന്നെ മനസ്സ്‌ തിരുത്തുകയും ചെയ്‌തു. ‘ഈ കുട്ടി ഏതോ ദൂരയാത്ര കഴിഞ്ഞ്‌ വരികയാവും-ദൂരയാത്രയിൽ ഏതൊരുവന്റെയും വസ്‌ത്രങ്ങളിൽ അഴുക്കുപുരളും വിയർപ്പ്‌ നാറും...

അന്നും അവൻ ബസ്സ്‌ താണയിലെത്തുന്നതുവരെ-പിന്നിലെ കമ്പിയിലേയ്‌ക്ക്‌ തല ചായ്‌ച്‌ ഇതേ മയക്കത്തിലായിരുന്നു.

അന്ന്‌ താൻ തലശ്ശേരിക്കുളള തന്റെ ടിക്കറ്റ്‌ മുൻ സീറ്റിന്റെ ഫ്രെയിമിൽ തിരുകിക്കൊണ്ടിരിക്കെ അവൻ മെല്ലെ വിറയലോടെ പറയുകയായിരുന്നു. “ഞാൻ ടിക്കറ്റിന്‌ അഞ്ചുറുപ്യ കൊടുത്തതാണ്‌. കണ്ടക്‌ടറുടെ കൈയിന്ന്‌ പൈസ നിലത്തുപോയി... എനിക്ക്‌ ടിക്കറ്റ്‌ തന്നിട്ടില്ല!”

ബസ്സിനുളളിൽ ആളുകൾ തിങ്ങിനിറഞ്ഞിട്ടുണ്ടായിരുന്നു.

“അക്കാര്യം കണ്ടക്‌ടറോട്‌ പറഞ്ഞാമതി. ഇനി ടിക്കറ്റിന്‌ പൈസയൊന്നും കൊടുക്കണ്ട!”

തന്റെ ആശ്വാസവചനം കേട്ടപ്പോൾ അവനിൽനിന്ന്‌ ഒരു ദീർഘനിശ്വാസമുയർന്നു. അവൻ തന്റെ അരികിലേയ്‌ക്ക്‌ ഇത്തിരികൂടി അടുത്തിരുന്നു. അപ്പോൾ അവന്റെ ശരീരത്തിലെ ഏതോ നഗ്നഭാഗം തന്റെ ഏതോ നഗ്നഭാഗവുമായി സ്‌പർശിച്ചിരുന്നു. ആ സ്‌പർശത്തിൽ, അവന്റെ സിരകളിലെ ഭയപ്പാടുകളുടെയും രോദനത്തിന്റെയും അലകൾ തന്റെ ഹൃദയം അറിയുന്നുണ്ടായിരുന്നു. പിന്നീട്‌ അന്ന്‌ ഈ പയ്യൻ ആ ഇരുമ്പ്‌ പെട്ടിയുമായി എവിടെ ഇറങ്ങിയെന്നോ എപ്പോൾ ഇറങ്ങിയെന്നോ ഓർക്കുന്നില്ല.

ബസ്സിനുളളിൽ ഒരു ’സർവകലാശാല‘ രൂപപ്പെട്ടു വരികയായിരുന്നു. ദൈവത്തിന്റെ ഉത്തമ കീടങ്ങളായ മനുഷ്യപുഴുക്കളിൽ ചിലരിൽ ഇന്നത്തെ അന്നം നേടിയതിലുളള ചാരിതാർത്ഥ്യം പ്രകടമാണ്‌. മറ്റു ചിലരുടെ മുഖങ്ങളിൽ മറ്റൊരുത്തനേക്കാൾ കുറഞ്ഞു പോയതിന്റെ ഈർഷ്യയുമുണ്ടെന്നു തോന്നി. രണ്ടു സീറ്റിനപ്പുറത്ത്‌ ഒരാൾ തന്റെ കഴിഞ്ഞയാഴ്‌ചത്തെ ബേഗ്ലൂർ യാത്രയെപ്പറ്റി അടുത്തിരിക്കുന്ന സുഹൃത്തിനോട്‌ നിറങ്ങൾ ചാർത്തി പറയുകയാണ്‌- ആ വായാടിയുടെ അവലക്ഷണ ഭാഷണം ബസ്സിനുളളിൽ മുഴുവൻ കേൾക്കെയാണ്‌. അവൻ പറയുന്നതപ്പടി സുഹൃത്ത്‌ വിഴുങ്ങുന്നുമുണ്ട്‌. മറ്റൊരു ഭാഗത്ത്‌, ഏതോ സ്‌പോക്കൺ ഇംഗ്ലീഷ്‌ സ്ഥാപനത്തിൽ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്ന യുവാക്കളാണെന്നു തോന്നുന്നു, അവരുടെ ഇംഗ്ലീഷ്‌ പ്രോഗ്രാമിൽ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത അപ്പടി പ്രകടമാണ്‌- വയനാട്ടിലെ കർഷക കുടുംബങ്ങളുടെ ആത്മഹത്യ മുതൽ ഹിറ്റ്‌ലറുടെ ഗ്യാസ്‌ ചേംബർ വരെ! പെട്ടെന്ന്‌ പിൻഭാഗത്തുനിന്ന്‌ ഒരു സെൽഫോൺ ശബ്‌ദിച്ചു. ഏറ്റവും പിന്നിലെ ആറാളുടെ സീറ്റിൽ നടുവിലിരിക്കുന്ന ആ പൂർണ്ണകായനായ നാട്ടറബിയെന്നു തോന്നുന്ന മനുഷ്യൻ, ’കല്ലുമക്കായ വറുത്താൽ മതിയെന്നും അയക്കൂറ കറിവെയ്‌ക്കുന്നതാണ്‌ ടേയ്‌സ്‌റ്റെ‘ന്നും ഭാര്യയ്‌ക്ക്‌ നിർദ്ദേശം കൊടുക്കുകയാണ്‌. മുൻഭാഗത്ത്‌ ഡ്രൈവറുടെ സീറ്റിനടുത്ത്‌ മറ്റെന്തോ പ്രശ്‌നം-ഏതോ ഒരുത്തൻ ഒരുത്തിയെ പ്രണയിച്ചു കളഞ്ഞിരിക്കുന്നു.

’ബേഗ്ലൂർവാല‘യുടെ നർമഭാഷണം അശ്ലീലരംഗത്തേയ്‌ക്ക്‌ കടന്നു തുടങ്ങിയപ്പോഴേക്കും ബസ്സ്‌ താഴെ ചൊവ്വ റെയിൽവേ ഗേറ്റിനടുത്തെത്തി, ഗേറ്റ്‌ അടച്ചതു കാരണം ബൻസ്‌ മറ്റൊരു വഴിയെ തിരിച്ചുവിട്ടിരുന്നു.

ഇപ്പോൾ ആ കറുത്ത പയ്യൻ ഉറക്കമുണർന്ന്‌ ജാഗ്രതയോടെ ഇരിക്കുകയാണ്‌. അവന്‌ ഇറങ്ങേണ്ട സ്ഥലം അടുത്തെന്ന്‌ തോന്നുന്നു-അങ്ങനെ സംശയിച്ച്‌ നരേന്ദ്രൻ അവനെയൊന്നു നോക്കി.

അവൻ നിസ്സഹായഭാവത്തിൽ ഹൃദ്യമായി ചിരിച്ചു. നരേന്ദ്രനും വെറുതെ ചിരിച്ചു. അപ്പോൾ അവന്റെ കണ്ണുകളിൽ വീണ്ടും സൗഹൃദത്തിന്റെ തിളക്കം- “ഇതാ നോക്കൂ, ഞാൻ നിങ്ങളുടെ ഈ ചിരി മുമ്പെപ്പോഴോ അനുഭവിച്ചിട്ടുണ്ട്‌.” എന്ന്‌ ആ കണ്ണുകൾ പറയുകയായിരുന്നു.

“നീ എവിയെടാ ഇറങ്ങുന്നത്‌?” നരേന്ദ്രൻ വെറുതെ ചോദിച്ചു.

“ഞാൻ തോട്ടട ഇറങ്ങും. തോട്ടട കോളനിയ്‌​‍്‌ക്കപ്പുറം കല്ലുമ്മൽ മൊട്ടയിലാ ഞങ്ങളിപ്പോൾ പാർക്കുന്നത്‌.”

“അപ്പഴ്‌ മുമ്പ്‌ എവിടെയായിരുന്നു?”

“മട്ടന്നൂരിന്നടുത്ത്‌. അവിടുന്നാണ്‌ ഞങ്ങളുടെ അച്‌ഛനേം അമ്മേനേം പോലീസുകാര്‌ പിടിച്ചത്‌. എന്നിട്ട്‌ അച്‌ഛനും അമ്മേം ഇപ്പോ കണ്ണൂര്‌ ജയിലിലാണ്‌..”

“എന്തിനാണ്‌ അവരെ പോലീസ്‌ പിടിച്ചത്‌?”

നരേന്ദ്രൻ ജിജ്ഞാസ പ്രകടമാക്കാതെ, മുൻസീറ്റിന്റെ പിൻവശത്ത്‌ വിരലുകൊണ്ട്‌ എന്തോ അവ്യക്ത ചിത്രം വരച്ചിരിക്കെ അവനോട്‌ പതിഞ്ഞ ശബ്‌ദത്തിൽ അന്വേഷിച്ചു.

എന്തിനെന്ന്‌ പറയാൻ അവന്റെ നാവ്‌ വഴങ്ങാത്തപോലെ-ധർമ്മസങ്കടത്തോടെ-അവൻ അയാളെ നോക്കി. അവന്റെ കണ്ണുകൾ നിറയുകയായിരുന്നു.

“...അമ്മ എളേമോനെ പെറ്റിട്ട്‌ മൂന്നുദിവസം കഴിഞ്ഞപ്പൊ...’ അത്രയും പറഞ്ഞപ്പോഴേക്കും അവൻ വിതുമ്പി പോയിരുന്നു. ‘...ഇതിനേം കൂടി പോറ്റാൻ കയ്യുലാന്നും പറഞ്ഞ്‌ അച്‌ഛനും അമ്മേം കൂടി ആ കുഞ്ഞിനെ കൊന്ന്‌ കുയിച്ചിട്ടതിന്‌...” അതുപറഞ്ഞ്‌ അവൻ പിന്നെയും വിതുമ്പിപ്പോയിരുന്നു.

പയ്യൻ അത്രയും പറഞ്ഞപ്പോഴേക്കും നരേന്ദ്രനിൽ ഒരു വിറ ബാധിച്ചിരുന്നു. ചുറ്റുമുളള ആരെങ്കിലും ആ സംസാരം ശ്രദ്ധിക്കുന്നുണ്ടോ എന്ന്‌ അയാൾ പരിഭ്രമത്തോടെ വീക്ഷിച്ചുകൊണ്ടിരിക്കെ തൊട്ടുമുന്നിലെ സീറ്റിൽ നിന്ന്‌ ഒരു മുഖം തിരിഞ്ഞ്‌ നരേന്ദ്രനെയും ആ പയ്യനെയും ശ്രദ്ധിച്ചു. ആ മുഖം, പ്രശസ്‌ത നാടകകൃത്തും നോവലിസ്‌റ്റും കഥാകൃത്തും തലശ്ശേരി ബ്രണ്ണൻ കോളേജിലെ അദ്ധ്യാപകനുമായ ശ്രീ. എൻ.പ്രഭാകരൻ സാറിന്റേതാണെന്ന്‌ നരേന്ദ്രൻ തിരിച്ചറിഞ്ഞു.

ബസ്സ്‌ എസ്‌.എൻ.കോളെജ്‌ സ്‌റ്റോപ്പും കടന്ന്‌ കഴിഞ്ഞിരുന്നു. പയ്യൻ ഇറങ്ങേണ്ട സ്ഥലം ഏതാണ്ട്‌ അടുക്കുകയാണെന്ന്‌ കണ്ട്‌ നരേന്ദ്രൻ പുറത്തേയ്‌ക്കു നോക്കി, സന്ധ്യയോട്‌ വിടചൊല്ലാൻ വിതുമ്പുന്ന പകലിന്റെ ദൈന്യതയറിഞ്ഞ്‌ മൗനിയായി.

-------------------------------------------------------------------------

പിറ്റേന്ന്‌ ഞായറാഴ്‌ചയായിരുന്നു. രാവിലെ അറബി പഠനക്ലാസ്‌ കഴിഞ്ഞ്‌ മുറിയിൽ വന്ന്‌ തലേന്നു വായിച്ചുവെച്ച പുസ്‌തകത്തിനു മുന്നിലിരുന്ന്‌ നാലുവരി വായിച്ചു കഴിഞ്ഞപ്പോഴേക്കും പുസ്‌തകത്തിൽ ശ്രദ്ധ ചെലുത്താൻ കഴിയുന്നില്ല എന്നു കണ്ടു. മനസ്സ്‌ തലേന്ന്‌ ബസ്സിൽ വച്ച്‌ പരിചയപ്പെട്ട ആ കറുത്ത പയ്യന്റെ പിന്നാലെയായിരുന്നു. അറബിക്‌ പഠനം കഴിഞ്ഞശേഷം ആ പുസ്‌തകവുമെടുത്ത്‌ കോഴിക്കോട്‌, വീട്ടിൽ പോകാൻ ഉദ്ദേശിച്ചതുമായിരുന്നു. അമ്മ ഇന്ന്‌ തന്നെ തീർച്ചയായും പ്രതീക്ഷിച്ചിരിക്കും.

പക്ഷേ, വീട്ടിൽ പോകാനും മനസ്സ്‌ അനുവദിക്കുന്നില്ല- തോട്ടടയിൽ ചെന്ന്‌ ആ പയ്യനെയും അവന്റെ കുടുംബത്തെയും പറ്റി കൂടുതൽ അറിയാൻ മനസ്സ്‌ തപസ്സ്‌ തുടങ്ങിയിരിക്കുകയാണ്‌-അങ്ങനെയൊരു സംഭവം മുമ്പ്‌ പത്രങ്ങളിൽ വായിച്ചതോർക്കുന്നു- കണ്ണൂർ ജില്ലയുടെ ഏത്‌ ഭാഗത്തായിരുന്നു എന്ന്‌ ഓർക്കുന്നില്ല-ഏതോ ഒരച്ഛനും അമ്മയും ജീവിക്കാൻ ഗതിയില്ലെന്നു പറഞ്ഞ്‌ സ്വന്തം ചോരക്കുഞ്ഞിനെ കൊന്ന്‌ കുഴിവെട്ടിമൂടിയെന്നും നാട്ടുകാരും പോലീസും ചേർന്ന്‌.... ആ ’ഹതഭാഗ്യരായ‘ ദമ്പതികൾ-മാതാപിതാക്കൾ-കണ്ണൂർ സെൻട്രൽ ജയിലിലാണെന്നും.....

നരേന്ദ്രൻ പെട്ടെന്ന്‌ ഒരു തീരുമാനത്തിലെത്തി. വീട്ടിൽ പോകുന്നത്‌ അടുത്ത ആഴ്‌ചയിലാവട്ടെ. ഇന്ന്‌ തോട്ടടയിൽ പോയി ആ പയ്യനെ കുറിച്ചുളള വിവരങ്ങൾ അറിയണം.

പതിനൊന്നു മണിക്കുമുമ്പെ തോട്ടടയിൽ ബസ്സിറങ്ങി, ചില ഓട്ടോ ഡ്രൈവർമാരോട്‌ കല്ലുമ്മൽമൊട്ട എന്ന സ്ഥലം അന്വേഷിച്ചു. ഇ.എസ്‌.ഐ. റോഡിലൂടെ നേരെ നടന്നാൽ മതിയെന്ന്‌ ഡ്രൈവർമാർ പറഞ്ഞെങ്കിലും ഡ്രൈവർമാർക്ക്‌, ഇ.എസ്‌.ഐ.റോഡ്‌ ഏതെന്ന്‌ വിശദീകരിച്ചു തരേണ്ടിവന്നു.

മനുഷ്യരുടെ ചലനങ്ങളൊന്നുമില്ലാത്ത വീതികുറഞ്ഞ്‌ തകർന്ന റോഡ്‌, ചത്ത്‌ ജീർണിച്ച നീളത്താനായ ഒരു ഇഴജന്തുവിനെപ്പോലെ ചുരുണ്ടുപുളഞ്ഞു കിടക്കുകയായിരുന്നു. റോഡിന്നിരുവശത്ത്‌ ചില വീടുകൾ ദൃശ്യമായിരുന്നു എങ്കിലും ആ വീടുകളിലൊന്നും മനുഷ്യ ജീവിതത്തിന്റെ ചലനങ്ങളുണ്ടായിരുന്നതായി തോന്നിയില്ല. ഇടവഴികളാൽ വേർതിരിക്കപ്പെട്ട, പൊന്തക്കാടു പടർന്നൊരു പറമ്പിലെ തെങ്ങിൻ ചുവട്ടിൽ ഒരു പശു, ആ ഭൂമിയുടെ അധിപതയെന്നപോലെ തലയെടുപ്പോടെ നിന്ന്‌ ബാല്യകാല സ്‌മരണകൾ അയവിറക്കിക്കൊണ്ടിരുന്നു. ആ നടത്തത്തിടയിൽ മൂന്നുവർഷം മുമ്പത്തെ ഒരോർമ്മ നരേന്ദ്രന്റെ തലക്കുളളിൽ ചുരുളഴിയാൻ തുടങ്ങിയിരുന്നു.

-താൻ തലശ്ശേരിയിൽ താമസമാക്കി മൂന്നുമാസം കഴിഞ്ഞിരിക്കും- അറബിക്‌ പഠന ക്ലാസിൽ ചേർന്ന്‌ രണ്ടാമത്തെ ആഴ്‌ചയായിരുന്നു ആ സംഭവം-

താനടക്കമുളള ബാച്ചിന്‌ അന്ന്‌ ഉച്ചതിരിഞ്ഞ്‌ നാലുമണി മുതൽ ആറ്‌ മണിവരെയായിരുന്നു അറബിഭാഷാ പഠനം സമയം.

ആ വൈകുന്നേരം 6.15 ഓടെ മുറിയിൽ തിരിച്ചെത്തി, ഒരു സിനിമ കാണാനുളള ധൃതിയിൽ റോഡിലേക്കിറങ്ങിയതായിരുന്നു-അപ്പോൾ എവിടെ നിന്നാണെന്നറിയില്ല, തമിഴ്‌ നാട്ടുകാരനായ ആ മധ്യവയസ്‌കൻ തന്റെ മുന്നിൽ വന്നു ചാടുകയായിരുന്നു.

ആ മനുഷ്യന്‌ തന്നെക്കൊണ്ട്‌ ഒരാവശ്യം സാധിക്കേണ്ടതുണ്ടായിരുന്നു-അത്‌ തമിഴ്‌ ഭാഷയിൽ തന്നെ എങ്ങനെ പറഞ്ഞ്‌ മനസ്സിലാക്കും എന്ന ധർമ്മസങ്കടത്തിൽ ഉഴറി നിൽക്കെ അയാൾ പറയുന്നത്‌ മനസ്സിലാവാതെ നരേന്ദ്രനും റോഡിൽ കുറച്ചു സമയം അതിന്നായി ചെലവഴിക്കേണ്ടി വന്നു.

ഒടുവിൽ, ദൈവാധീനത്താൽ അയാൾക്ക്‌ ആവശ്യം നരേന്ദ്രനെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു.

ആ മനുഷ്യന്റെ ഭാര്യ തുടരെത്തുടരെ ഏഴ്‌ പ്രസവങ്ങൾക്കുശേഷം വീണ്ടും ഗർഭിണിയായിരുന്നു. ഈ പ്രസവം കൂടി ആ നിർധന കുടുംബത്തിന്‌ താങ്ങാൻ കഴിയുമായിരുന്നില്ല-ഈ ഗർഭം ഇല്ലാതാക്കാൻ വേണ്ടി അതിനുളള ഏതെങ്കിലും ഇംഗ്ലീഷ്‌ മരുന്ന്‌ വേണം- ഇതായിരുന്നു ആ മനുഷ്യന്റെ ആവശ്യം. അയാൾ ചില മെഡിക്കൽ ഷോപ്പുകളിൽ ചെന്ന്‌ ഈ ആവശ്യം അറിയിച്ചെങ്കിലും മെഡിക്കൽ ഷോപ്പുകാർ അയാളെ ആട്ടിയോടിക്കുകയായിരുന്നു.

നരേന്ദ്രൻ ആ മനുഷ്യനേയും കൂട്ടി തന്റെ വാസസ്ഥലത്തിനടുത്തുളള മെഡിക്കൽ ഷോപ്പിൽ ചെന്ന്‌ അയാളുടെ ആവശ്യം അറിയിച്ചെങ്കിലും മെഡിക്കൽ ഷോപ്പിൽ അന്നേരമുണ്ടായിരുന്നത്‌ വളരെ പ്രായം കുറഞ്ഞ ഒരു ബാലൻ ആകയാൽ അവൻ കൈമലർത്തി. നരേന്ദ്രൻ ആ മനുഷ്യനേയും കൂട്ടി മറ്റു ചില മെഡിക്കൽ ഷോപ്പുകളിൽ കൂടി ചെന്നു. അവിടെ നിന്നും അവർക്ക്‌ നിരാശരായി മടങ്ങേണ്ടിവന്നു.

അവസാനം നരേന്ദ്രൻ ആ മനുഷ്യനോട്‌ ’നിങ്ങൾ നാളെയോ മറ്റൊ ഒരു ഡോക്‌ടറെ ചെന്ന്‌ കണ്ട്‌ വിവരങ്ങൾ ധരിപ്പിക്കൂ‘ എന്ന്‌ പറഞ്ഞ്‌ അയാളെ പറഞ്ഞയക്കുകയായിരുന്നു.

----------------------------------------------------------------------

റോഡിന്റെ മൂന്നാമത്തെ വളവ്‌ കഴിഞ്ഞ്‌ അല്‌പം നടന്നപ്പോഴേക്കും മനുഷ്യവാസമുളള ഏതോ കാട്ടിലേക്കു കടക്കുന്ന പ്രതീതിയായിരുന്നു. അവിടെ നിന്നങ്ങോട്ട്‌ റോഡിലൂടെ നടക്കുമ്പോൾ ഒരു കറുത്ത തേരട്ടയുടെ മേൽ ചവുട്ടി നടക്കുംവിധം അറപ്പുതോന്നിയിരുന്നു. റോഡിനിരുവശത്തുനിന്നും മനുഷ്യമലത്തിന്റെ ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.

ഇനിയും മുമ്പോട്ടു നടന്നു ചെന്നപ്പോൾ കോളനിയിലെ മനുഷ്യജീവിതങ്ങൾ-ആണും പെണ്ണുമായി പല പ്രായത്തിലുളള കരിപുരണ്ട കുറെ ജീവിതങ്ങൾ... മലത്തിന്റെ ദുർഗന്ധം ഇവിടെ അസഹ്യമായിരുന്നു. റോഡിനുനടുവിൽ, പത്തുവയസ്സോളം പ്രായം ചെന്നിട്ടും പൂർണ്ണ നഗ്നരായി ആൺകുട്ടികളും, പെൺകുട്ടികളും ഇടകലർന്ന്‌ ക്രിക്കറ്റ്‌ കളിക്കുകയാണ്‌. ഒരമ്മ അലക്കുകല്ലായി ഉപയോഗിക്കുന്ന, റോഡരികിലെ പാറക്കല്ലിൽ തന്റെ കൈക്കുഞ്ഞിനെ കിടത്തി വെളളമൊഴിച്ച്‌ കുളിപ്പിക്കുന്നു. മറ്റൊരു വീട്ടമ്മ ചാക്കുകഷണങ്ങൾ കൊണ്ടു മറച്ച കുളിപ്പുരയിൽ നിന്ന്‌ കുളികഴിഞ്ഞ്‌ ചേറു നിറഞ്ഞ അടിപ്പാവാട മാറോളം ഉയർത്തിക്കെട്ടിക്കൊണ്ട്‌ തകരക്കഷണങ്ങൾ കൊണ്ടു മറച്ച കുടിലിനുളളിലേക്ക്‌ നുഴഞ്ഞു കയറുന്നു.

അവിടെ റോഡ്‌ ഇടതുവശമായും വലതുവശമായും വഴിതിരിയുകയായിരുന്നു. ആ വഴി തിരിയലിന്റെ മൂലയിലെ ഒഴിവു സ്ഥലത്ത്‌ ചെങ്കല്ലുക്കഷണങ്ങൾ ഇരിപ്പിടങ്ങളാക്കി നരച്ച കാവിമുണ്ടുകൾ ധരിച്ച നാല്‌ പുരുഷന്മാർ ചുറ്റുമിരുന്ന്‌ മുച്ചീട്ട്‌ കളിക്കുകയായിരുന്നു. അതിനുമപ്പുറത്ത്‌ മൂന്നുഭാഗങ്ങളും മരപ്പലകകൾ പാകിയ ഒരു ഗുംട്ടിക്കകത്ത്‌ അരി, ഉപ്പ്‌, മുളക്‌... സാധനങ്ങൾക്ക്‌ കാവലിരിക്കുന്ന മുസ്ലീം സ്‌ത്രീയുടെ ശ്രദ്ധ മുഴുവൻ പുരുഷന്മാരുടെ മുച്ചീട്ട്‌ കളിയിലായിരുന്നു.

നരേന്ദ്രൻ ആ ഉമ്മയുടെ അടുത്തേയ്‌ക്ക്‌ ചെന്ന്‌ കല്ലുമ്മൽ മൊട്ടയിലേക്കുളള വഴി ഏതെന്ന്‌ അന്വേഷിച്ചു.

അവർ വലതുവശത്തേക്കുളള ഇടവഴി പോലുളള റോഡ്‌ ചൂണ്ടിക്കാണിച്ച്‌, ആ വഴിയിലൂടെ ഏറെ നടന്ന്‌ മലയിറങ്ങിക്കയറിയാൽ എസ്‌.എൻ.കോളേജിനടുത്തേക്ക്‌ എത്താമെന്ന്‌ പറഞ്ഞു.

നരേന്ദ്രൻ ആ വഴിയെ നടന്നുതുടങ്ങി.

മുന്നോട്ടു ചെന്നപ്പോൾ അത്‌ ഒരു മൊട്ടക്കുന്നിലേക്കുളള വഴിയാണെന്ന്‌ ബോധ്യമായി. മുൾപ്പടർപ്പ്‌ നിറഞ്ഞ വഴിയിൽ ഒരിടത്ത്‌ ഏഴടിയിലധികം നീളമുളള ഏതോ ഒരിഴജന്തു ഉറയൂരിയ ശൽക്കപാശം ഭീതിദമായ കാഴ്‌ചയായിരുന്നു.

നട്ടുച്ചയുടെ ചൂടിൽ, വളരെ ക്ലേശിച്ച്‌ നരേന്ദ്രൻ ആ മൊട്ടക്കുന്നിലേയ്‌ക്ക്‌ നടന്നുകയറി-അവിടെ, കല്ലുമ്മൽ മൊട്ടയുടെ ഉന്നതിയിൽ കണ്ണൂരിന്റെ നെറുകയെന്നോണം തോന്നിച്ച ആ തരിശുഭൂമിയിൽ, ദ്രവിച്ച്‌ വണ്ണം കുറഞ്ഞ മുളകളാൽ കെട്ടിയുണ്ടാക്കിയ ഒരു നാലുകാലോലപ്പന്തൽ-ആ പന്തലിനു കീഴെ പതിനാറുവയസ്സിനു താഴെ പ്രായമുളള ആറ്‌ മനുഷ്യജീവികൾ-എല്ലാം ഒരേ അച്ചിൽ വാർത്തെടുത്തപോലെ കരുമാടിക്കുഞ്ഞുങ്ങളായി.

ഇളയ കുട്ടികളിൽ രണ്ടുപേർ ആ പന്തലിനു കീഴെ ഒരു തഴപ്പായിൽ തളർന്നു മയങ്ങുന്നു. നട്ടുച്ചയുടെ തിളങ്ങുന്ന പൊരിവെയിലിൽ, ഒരീറൻ കാറ്റ്‌-സൃഷ്‌ടികർത്താവിന്റെ സാന്ത്വനം വഹിച്ചുകൊണ്ടെന്നപോലെ അവർക്കുചുറ്റും ചിറകുവിരിച്ച്‌ ചരിച്ചുകൊണ്ടിരുന്നു.. അവരിലെ മുതിർന്ന പയ്യൻ പന്തലിന്റെ മൂലയിലെ അടുപ്പിൽ തീയൂതി തിരിഞ്ഞപ്പോഴേക്കും നരേന്ദ്രനെ വേഗം തിരിച്ചറിഞ്ഞു. അവൻ സ്‌നേഹത്താൽ ജ്വലിച്ച്‌ വിടർന്ന കണ്ണുകളോടെ നരേന്ദ്രനരികിലേയ്‌ക്ക്‌ സൗഹൃദഭാവത്തിൽ ഓടിയെത്തി.

“നിങ്ങളും ഇവിടെയടുത്തുതന്നെയാണോ പാർക്കുന്നത്‌?” അവൻ മുഖവുരയൊന്നുമില്ലാതെ നരേന്ദ്രനോട്‌ അന്വേഷിച്ചു.

“ങ്ങ്‌ ആ... ഇവിടെ അടുത്ത്‌ തന്നെയാണ്‌. കുറച്ച്‌ നടക്കാമെന്ന്‌ കരുതി വീട്ടിൽ നിന്നിറങ്ങി. നടന്ന്‌ നടന്ന്‌ ഇവിടെ എത്തിയതാണ്‌.” നരേന്ദ്രൻ അവ്യക്തമായി എസ്‌.എൻ കോളേജ്‌ കെട്ടിട സമുച്ചയത്തിലേക്ക്‌ കണ്ണയച്ചുകൊണ്ട്‌ പറഞ്ഞു.

“നിങ്ങളെ ബസ്സിൽ വെച്ചു കണ്ടപ്പഴേ തോന്നി, ഞങ്ങളുടെ അടുത്തെവിടെയോ ആണ്‌ പാർക്കുന്നതെന്ന്‌..”

നരേന്ദ്രൻ വെറുതെ ചിരിച്ചു. “ഇന്ന്‌ കണ്ണൂരിലൊന്നും പോയില്ലേ? അയാൾ ചോദിച്ചു.

”ഓ... ഇന്ന്‌ ചെരിപ്പ്‌ നന്നാക്കാൻ ഒരാളും വരില്ല... ഞായറാഴ്‌ച സ്ഥിരമായി അവധിയാണ്‌...“

”അപ്പഴ്‌ ചെരിപ്പ്‌ നന്നാക്കലാണോ പണി?“

”അതറിയില്ലേ! തെക്കിബസാറില്‌ കോഫീഹൗസിനോടടുപ്പിച്ച്‌ റോഡരുകിൽ കറുത്ത പ്ലാസ്‌റ്റിക്‌ കൊണ്ട്‌ മറച്ച ഒരു സ്ഥലം കണ്ടിട്ടില്ലേ, അവിടെയാ...ഞാൻ പഠിച്ച്‌ വരുന്നേയുളളൂ.“ -പളളിക്കുന്നിന്നടുത്ത്‌ മീസാൻ കോളനിയില്‌ പാർക്കുന്ന കറുപ്പയ്യൻ അണ്ണനാ എന്റെ ബോസ്‌...ദെവസം നാല്‌പത്‌ റുപ്യ എനിക്ക്‌ തരും. എന്റെ അച്ഛനും അമ്മയും ജെയിലിൽ നിന്ന്‌ വരുമ്പോഴേയ്‌ക്ക്‌ ഞാൻ ചെരിപ്പുപണി എല്ലാം പഠിക്കും. എന്നിട്ട്‌...”

അവൻ പന്തലിനുളളിലേയ്‌ക്ക്‌ ചെന്ന്‌ അടുപ്പിൽ തീയൂതിപ്പിടിപ്പിച്ചശേഷം വീണ്ടും നരേന്ദ്രനരികെ വന്നു.

“ചെരിപ്പ്‌ പണിയെല്ലാം പഠിച്ചിട്ട്‌ എന്ത്‌ ചെയ്യും?’ നരേന്ദ്രൻ ചിരിച്ചുകൊണ്ട്‌ അന്വേഷിച്ചു.

”അണ്ണൻ ഒത്തിരി പൈസയുണ്ടാക്കും. എന്നിട്ട്‌... എന്നിട്ട്‌...“ അതുവരെ അവരെ ശ്രദ്ധിക്കാതെ ആ തരിശുഭൂമിയിൽ കളം വരച്ച്‌ കണ്ണുപൊത്തിക്കളിക്കുകയായിരുന്ന രണ്ടു കൊച്ചു പെൺകുട്ടികൾ ഓടിവന്ന്‌ പറഞ്ഞു. ”എന്നിട്ട്‌ അണ്ണൻ ഈ കല്ലുമ്മൽ മൊട്ട വിലയ്‌ക്കുവാങ്ങും.. പിന്നെ വലിയൊരു പെരയും പണിയും. അതുകഴിഞ്ഞ്‌ കണ്ണൂരില്‌ വലിയൊരു ചെരിപ്പ്‌ പീടികേം തൊടങ്ങും..“ അതും പറഞ്ഞുകൊണ്ട്‌ ആ കൊച്ചു പെൺകുട്ടികൾ അവരുടെ കണ്ണുപൊത്തിക്കളത്തിന്നടുത്തേയ്‌ക്കു പാഞ്ഞു.

ആ പെൺകുട്ടികളുടെ വാക്കുകൾ കേട്ട്‌ നരേന്ദ്രൻ ചിരിച്ചുപോയി. ആ ചിരി പയ്യന്‌ ഇഷ്‌ടപ്പെട്ടില്ല എന്ന്‌ തോന്നുന്നു.

”എന്താ ചിരിക്കുന്നത്‌. എന്നെക്കൊണ്ട്‌ അങ്ങനെയൊന്നും ചെയ്യാൻ കഴിയില്ലെ?“ അവൻ ഈർഷ്യയോടെ ചോദിച്ചു.

”പിന്നെന്താ, ശരിക്കും മനസ്സ്‌ വെച്ചാല്‌ അതും അതിന്നപ്പുറത്തുളള കാര്യങ്ങളും ചെയ്യാൻ കഴിയും.“ ആ ഓലപ്പന്തലിനു മുകളിൽ അങ്ങിങ്ങായി പല വർണ്ണങ്ങളിലുളള പ്ലാസ്‌റ്റിക്‌ കവറുകളിൽ വെളളം സംഭരിച്ച്‌ തൂക്കിയിട്ടിരിക്കുന്നത്‌ ശ്രദ്ധിച്ചുകൊണ്ട്‌ നരേന്ദ്രൻ അവന്റെ ചുമലിൽ സ്‌നേഹത്തോടെ തലോടിക്കൊണ്ട്‌ മെല്ലെ പറഞ്ഞു.

”ഞങ്ങളുടെ അച്‌ഛനും അമ്മയും കുറ്റം ചെയ്‌തിട്ടുതന്ന്യാ ജയിലില്‌ പോയത്‌...അതോണ്ട്‌ ശിക്ഷ തീർന്നിട്ട്‌ എപ്പഴായാലും വരുംന്നും പറഞ്ഞു. കറുപ്പയ്യനണ്ണനാ അങ്ങനെ പറഞ്ഞത്‌.“

”നിന്റെ പേരെന്താ?“ പയ്യൻ വീണ്ടും എന്തോ പറയാൻ തുടങ്ങുന്നതിനുമുമ്പ്‌ നരേന്ദ്രൻ ചോദിച്ചു.

”നരേന്ദ്രൻ!“

പയ്യൻ ഉത്സാഹത്തോടെ പറഞ്ഞു.

നരേന്ദ്രൻ ഒരു നിമിഷം നടുങ്ങി. അയാൾക്ക്‌ പിന്നെ അവനോട്‌ സംസാരിക്കാൻ ഭയം തോന്നി. എങ്ങനെയെങ്കിലും അവന്റെ മുന്നിൽ നിന്ന്‌ രക്ഷപ്പെടാൻ വേണ്ടി അയാളുടെ മനസ്സ്‌ കൊതിച്ചു.

അയാൾ ഒരു ഭീരുവിനെപ്പോലെ ആ പയ്യനോട്‌ യാത്ര പറഞ്ഞ്‌ ആ തരിശുഭൂമിയിൽ നിന്ന്‌ നടയിറങ്ങി. അപ്പോൾ ആ നാലു കാലോലപ്പന്തലിനുമുകളിലെ കറുത്ത പ്ലാസ്‌റ്റിക്‌ കവറിൽ നിന്ന്‌ ഇറ്റിറ്റു വീണ ജീവജലം കുടിച്ച്‌ ആ തരിശുഭൂമിയിൽ നിന്ന്‌ മുളച്ചുപൊന്തിയ ഒരു പച്ചപ്പടർപ്പ്‌ അയാളെ നോക്കി എന്തോ പറഞ്ഞു.

ഉമ്മാച്ചു

വിലാസം

പിലാക്കണ്ടി പ്ലാസ

തലശ്ശേരി - 670 101




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.