പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

ബാലമുരളിയും സി.ഐ.എയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഐസക്‌ ഈപ്പൻ

ചെറുകഥ

നഗരത്തിലെ ഒരു പരസ്യപ്പലകയിൽ ഇങ്ങനെ എഴുതിയിരുന്നു. “ഇന്ത്യയിൽ ലഭ്യമാകുന്നതിൽ ഏറ്റവും ശുദ്ധമായ ജലം ഞങ്ങളുടേത്‌.” അതിന്റെ അക്ഷരങ്ങൾ വലുതും, മനോഹരവുമായിരുന്നു. രാത്രിയിൽ, അക്ഷരങ്ങളിലേക്ക്‌ ചാഞ്ഞിറങ്ങുന്ന രീതിയിൽ സ്ഥാപിച്ചിരുന്ന സോഡിയം വേപ്പർ ലാമ്പിന്റെ പ്രകാശധാര യാത്രക്കാരുടെ മനസ്സിലേക്ക്‌ ആ പരസ്യത്തെ കൊണ്ടെത്തിച്ചു. നഗരവീഥിയുടെ തിരക്കുകളിൽ പെടാതെ ബാലമുരളി ആകാശത്തേക്കു നോക്കി അതു വായിച്ചു.

ബാലമുരളിക്ക്‌ അപ്പോൾ കലശലായ ദാഹം തോന്നിയതിനാൽ അടുത്തുളള കുടിവെളളക്കടയിലേക്ക്‌ കയറി. അവിടെനിന്ന്‌ ജലം നിറച്ച വയറുമായി അവൻ തൊട്ടടുത്തുളള ഉദ്യാനത്തിലേക്കു നീങ്ങി.

ഒരുമണിക്കൂർ മുൻപ്‌, അതായത്‌ നാലുമണിക്ക്‌ പെയ്ത ചുവപ്പും, മഞ്ഞയും കലർന്ന മഴയുടെ അംലകണികകൾ ഉദ്യാനത്തിനെ വർണ്ണകമ്പളത്തിൽ പൊതിഞ്ഞു വെച്ചിരുന്നു. പതിവുപോലെ തെക്കേ അറ്റത്തെ വാകമരത്തിന്റെ കൽകെട്ടിലിരുന്ന്‌ അവൻ അന്നത്തെ ഭക്ഷണത്തെ കുറിച്ചു ചിന്തിച്ചു.

അപ്പോൾ വായിലേക്കെറിയുന്ന കടലയുടെ ആലസ്യവുമായി പൂർണ്ണിമ മെല്ലെ വാകമരത്തിലേക്കെത്തുന്നു. ചാര നിറമാർന്ന വാനിറ്റിബാഗ്‌ ബാലമുരളിയുടെ ചിന്തകളിലേക്കെറിഞ്ഞ്‌, മാറുമറച്ചിരുന്ന ഷാൾ ഒന്നുകൂടി ചുരുട്ടി കഴുത്തിലണിഞ്ഞ്‌ അവൾ അവന്റെ മുൻപിൽ ചോദ്യങ്ങളുടെ കണ്ണുമായി നിലകൊളളുന്നു.

“അപ്പോൾ ബാലമുരളി എന്ന എന്റെ ഗിനിപിഗ്ഗെ... നീ ഇന്ന്‌ എത്ര ഗ്ലാസ്‌ വെളളം കുടിച്ചു.”

ബാലമുരളി അർത്ഥസൂചകമായ നോട്ടത്താൽ പൂർണ്ണിമയുടെ മനസ്സളന്ന്‌ ഒരു ചെറുചിരിയോടെ ‘ഓ’ എന്ന ശബ്‌ദമുണ്ടാക്കി തിരിയുന്നു.

ഉദ്യാനത്തിലേക്കു പറന്നെത്തുന്ന ആൺപിളളാരുടെയും പെൺപിളളാരുടെയും പതിവു ക്ലോസപ്പു ചിത്രമായി ബാലമുരളിയും, പൂർണ്ണിമയും ചിന്തിച്ചു കാടുകയറുന്നു.

“ബാലാ... ഇന്ന്‌ യൂണിവേഴ്‌സിറ്റിയിൽ ഒരു റഷ്യൻ വനിതയെത്തി. മോഹിനിയാട്ടത്തിനു പറ്റിയ ശരീരമുളള ഒരുവൾ. അവർ കേരളത്തിന്റെ സാമൂഹ്യ സംതൃപ്തിയെക്കുറിച്ച്‌ ഗവേഷണം ചെയ്യുന്നു. ഞങ്ങൾ ഒരുമിച്ച്‌ കാന്റീനിൽ പോവാൻ എച്ച്‌.ഒ.ഡി അനുവദിച്ചതിനാൽ ഒരു റഷ്യൻ രഹസ്യം ഞാൻ ചോർത്തി.” ബാലമുരളി താല്പര്യത്തോടെ രഹസ്യത്തിനു കാതോർക്കുന്നു.

“റഷ്യൻ സൗന്ദര്യത്തിന്റെ ഇഷ്‌ടവിഭവം നമ്മുടെ നാടൻ മസാലദോശയാണ്‌. ഒറ്റ ഇരുപ്പിന്‌ രണ്ടെണ്ണമാണവർ തട്ടിയത്‌..”

വെറുമൊരു വിറങ്ങിലിപ്പായി ബാലമുരളിയുടെ ആകാംക്ഷ രൂപാന്തരപ്പെടുന്നതാസ്വദിച്ച്‌ പൂർണ്ണിമ ഉദ്യാനം കേൾക്കെ ചിരിച്ചുകൊണ്ടിരുന്നു. രണ്ടുവർഷം മുൻപ്‌ സാമൂഹ്യശാസ്‌ത്രവകുപ്പിൽ ഗവേഷകനായിരിക്കെയാണ്‌ ബാലമുരളിയെ അവൾ കാണുന്നത്‌. അന്നവൾ, അതേ വിഭാഗത്തിൽ ബിരുദാനന്തര ബിരുദവിദ്യാർത്ഥിനി.

“കേരളത്തിന്റെ ഭക്ഷണരീതികളും, ആരോഗ്യവും-ഒരു സാമൂഹ്യ വീക്ഷണം” എന്ന തലക്കെട്ടുളള ഡോക്‌ടറേറ്റുമായി ബാലമുരളി സർവ്വകലാശാലയുടെ പറങ്കിമാവിൻകാടുകൾ വിടുമ്പോൾ പൂർണ്ണിമ അവനെ മനസ്സിലാക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുളളൂ.

ബാലമുരളിയുടെ ജീവിതത്തിനും, ചിന്തകൾക്കും ചില പ്രത്യേകതകൾ ഉണ്ടെന്ന്‌ അവൾക്ക്‌ ആദ്യം തന്നെ തോന്നിയിരുന്നു. എന്നാൽ അതെന്താണെന്ന്‌ വ്യക്തമായിരുന്നില്ലതാനും.

ഉദാഹരണത്തിന്‌ പൂർണ്ണിമയോടൊപ്പം കാന്റിനിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴും, പറങ്കിമാവിൻ നിഴലിലൂടെ പരസ്പരം കൈകോർത്തു നടക്കുമ്പോഴും, എല്ലാവരേയും പോലെ അവൻ പ്രണയചിന്തകൾ പങ്കുവെച്ചിരുന്നില്ല. പകരം ഭക്ഷണരീതികൾ ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങൾ, ആരോഗ്യപ്രതിസന്ധികൾ നമ്മുടെ ദേശത്തുണ്ടാക്കുന്നതിൽ സാമ്രാജ്യത്വത്തിന്റെ പങ്ക്‌... ഇങ്ങനെ പൂർണ്ണിമയിലെ കാമുകിയെ തണുത്ത ജലത്തിൽ മുക്കിക്കൊല്ലുന്ന ചിന്തകളായിരുന്നു അവന്റേത്‌.

എന്നാലും പൂർണ്ണിമ അതാസ്വദിച്ചു.

യൂണിവേഴ്‌സിറ്റി കാന്റീനിൽ ഒരു മേശയുടെ ഇരുവശങ്ങളിലായി ഇരിക്കുകയും ചൂടുചായയും സമൂസയും ഓർഡർ ചെയ്‌ത്‌ പൂർണ്ണിമ, ബാലമുരളിയുടെ കണ്ണുകളിലേക്ക്‌ കയറാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ അവൻ പറയുന്നത്‌ സമൂസയുടെ അന്തരാത്മാവിലെ അപകടങ്ങളെക്കുറിച്ചാണ്‌. “മൈദയും, കടലയും, പട്ടാണിയും എണ്ണയിൽ ഒരു ദേശകാലങ്ങളിൽ സന്ധിക്കുമ്പോൾ സമൂസ ഉണ്ടാവുന്നു. പക്ഷെ ഇതിലെ ഓരോ ചേരുവയിലും ഒരു മൾട്ടിനാഷണൽ പ്ലോട്ടുണ്ട്‌. മൈദയ്‌ക്ക്‌ കുടലിൽ അർബുദമുണ്ടാക്കുവാൻ കഴിവുണ്ട്‌....”

ഒരു നിശബ്ദതയ്‌ക്കുശേഷം അവൻ തുടരുന്നു.

“പൂർണ്ണിമയ്‌ക്കറിയുമോ അമേരിക്കക്കാർ മൈദ ഉപയോഗിക്കില്ല. അവരതിങ്ങോട്ടു കയറ്റി അയയ്‌ക്കും. മൂന്നാം ലോകരാജ്യങ്ങളെ രോഗാതുരമാക്കാൻ.”

ഒരു ചെറുചിരിയിലും കണ്ണിറുക്കിലും ബാലമുരളിയുടെ സമൂസ പുരാണത്തെ ഉൾക്കൊണ്ട്‌, കൈയ്യിൽ പറ്റിയ എണ്ണയെ മെല്ലെ സാരിപൊക്കി കാൽവണ്ണയിലേക്കു തേച്ചുകൊണ്ട്‌ അവൾ പറയുന്നു.

“എന്റെ ബാലനായ മുരളി... ഇങ്ങനെയൊക്കെ ചിന്തിച്ചാൽ ചത്തുപോകും. വേഗം ചായ കുടിച്ചിട്ടു വാ.. എനിക്കു പോകണം.”

തുടർന്നുളള അവളുടെ ചിരിയിൽ ബാലമുരളി പങ്കുചേരില്ല.

അവളാകട്ടെ, ബാലമുരളിയേയും, അവന്റെ തലയ്‌ക്കുളളിലെ ആഗോളതാപത്തേയും കാന്റിനിൽ ഉപേക്ഷിച്ച്‌ അന്നശ്ശേരിയിലേക്കും, അമ്മയുടെ സ്‌നേഹത്തിലേക്കും യാത്രയാവുന്നു. എന്നാൽ ആ യാത്രയിലത്രേയും അവളുടെ ചിന്ത ബാലമുരളിയുടെ ഭ്രാന്തുകളെക്കുറിച്ചായിരിക്കും. യഥാർത്ഥത്തിൽ അതൊന്നും ഭ്രാന്തുകളല്ല എന്നും അവൾക്കറിയാം.

മൂന്നാം ലോകരാജ്യങ്ങളിലേക്ക്‌ സാമ്രാജ്യത്വശക്തികൾ കൊണ്ടുവരുന്ന നവ കൊളോണിയലിസത്തെ കുറിച്ചാണ്‌ അവന്റെ വേവലാതികളെല്ലാം. ഭക്ഷണത്തിലൂടെ നാം എങ്ങനെ അടിമകളും, ഷണ്ഡന്മാരും ആകുന്നു എന്നതാണ്‌ അവന്റെ ചിന്തയിൽ മുഴുവൻ.

എന്നാലും പൂർണ്ണിമ അതൊന്നും അംഗീകരിച്ചു കൊടുക്കില്ല. അംഗീകരിച്ചാൽ ബാലമുരളിയെ തനിക്കു നഷ്‌ടപ്പെടുമോ എന്ന ഒരു പെൺ ആശങ്ക അവളെ ചുറ്റിപ്പറ്റി എപ്പോഴും നിലകൊളളുന്നു.

യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ബാലമുരളി പോയതിനുശേഷം പൂർണ്ണിമ അവനുമായി സന്ധിച്ചിരുന്നത്‌ നഗരമധ്യത്തിലെ ആ ഉദ്യാനത്തിൽ വെച്ചായിരുന്നു. വീട്ടിലേക്കുളള യാത്രയ്‌ക്കിടയിൽ ബാലമുരളിയുടെ സ്‌നേഹത്തിന്റെയും, ഭ്രാന്തിന്റെയും പങ്കുപറ്റാൻ, അവനു താല്പര്യമില്ലെങ്കിലും ആര്യഭവനിലേക്ക്‌ അവനെ ആട്ടിതെളിയിച്ചു കൊണ്ടുപോയി ഒരു മസാലദോശ തിന്നാൻ പൂർണ്ണിമ ഉദ്യാനത്തിലേക്കു വന്നുകൊണ്ടിരുന്നു.

അവൻ അപ്പോഴൊക്കെ വലിയ വലിയ കാര്യങ്ങളാവും പറയുക. ഡബ്ല്യൂ.റ്റി.ഓ. അമേരിക്കയ്‌ക്കു ചെയ്യുന്ന മാമാപ്പണിയെപറ്റി, മൂന്നാം രാജ്യങ്ങളെ രോഗിയും, ചിന്തകൾ നഷ്‌ടപ്പെട്ടവരുമാക്കി, സ്വന്തം കമ്പോളങ്ങളെ കൊഴുപ്പിക്കുന്ന രാജ്യതന്ത്രങ്ങളെപ്പറ്റി... അവൾ അപ്പോൾ ചിരിയോടെ മസാലദോശ തിന്നുകൊണ്ടിരിക്കും. ഇടയ്‌ക്കിടെ ചില മൂളലുകളാലും, ശബ്‌ദങ്ങളാലും പ്രോത്സാഹിപ്പിച്ചു കൊണ്ടുമിരിക്കും.

ബാലമുരളി ഒരു നല്ല മാംസഭുക്കായിട്ടാണ്‌ കൗമാരകാലം കഴിച്ചു കൂട്ടിയതെന്ന്‌ അവളോട്‌ ആണയിട്ടു പറഞ്ഞിട്ടുണ്ട്‌. പൊരിച്ച കോഴിയും, ചപ്പാത്തിയും പിന്നെ തണുത്ത ബിയറുമുളള മഴരാവുകളെ അവൻ പൂർണ്ണിമയ്‌ക്കുമുൻപെ പ്രണയിച്ചിരുന്നു എന്നാണ്‌ ബാലമുരളി പറയുന്നത്‌.

എന്നാൽ കോഴി ഒരു ടെക്‌നോളജി പ്രൊഡക്‌റ്റ്‌ ആണെന്നും, ശൈശവത്തിലേ ഈസ്‌ട്രജൻ കുത്തിവെച്ച്‌ പൊടുന്നനെ മുഴുത്ത സ്‌ത്രീയാക്കി മാറ്റുന്ന ജാലവിദ്യയാണ്‌ കോഴിയുടെ വാണിജ്യവിദ്യയെന്നും, കുറച്ചുനാൾ തുടർച്ചയായി കോഴി ഉപയോഗിച്ചാൽ ഏതു പുരുഷനും സ്‌ത്രീയോ, കുറഞ്ഞപക്ഷം ഷണ്ഡനോ ആകുമെന്നുമുളള ഗവേഷണഭാരത്താൽ ബാലമുരളി കോഴിയെ അതിന്റെ വഴിക്കു വിട്ടു. പെട്ടന്ന്‌ സ്‌ത്രീയാകാൻ അവന്‌ മനസ്സില്ലായിരുന്നു. നാടവിര കാരണം പന്നിയേയും, ബൊവൈൻ ജേക്കബ്‌സ്‌ രോഗമെന്ന സവർണ്ണ ഫാസിസ്‌റ്റു സുഖക്കേടുകാരണം കാളയേയും അതിനുമുൻപെ അവൻ ഉപേക്ഷിച്ചിരുന്നു.

തുടർന്നാണ്‌ പച്ചക്കറിയിലും, പഴങ്ങളിലും അവൻ അഭയം കണ്ടെത്തിയത്‌. ആയിടയ്‌ക്കാണ്‌ രാജ്യാന്തര പേറ്റന്റ്‌ ഓഫീസിന്റെ ശാഖ നഗരത്തിൽ തുറക്കപ്പെട്ടത്‌. അതോടെ എല്ലാ പച്ചക്കറികളുടെയും, ധാന്യങ്ങളുടെയും ഉല്പാദനവും വിതരണവും ഉപഭോഗവും നിയന്ത്രിക്കപ്പെട്ടു. കാർഷിക ഉല്പാദനത്തിനാവശ്യമായ വളം, കീടനാശിനി എന്നിവ പേറ്റന്റ്‌ ഓഫിസിൽ നിന്ന്‌ വിതരണം ചെയ്യപ്പെട്ടു തുടങ്ങിയതോടെ ബാലമുരളി കൂടുതൽ അസ്വസ്ഥനായി.

ഇത്തരം ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ തലച്ചോറ്‌ ചുരുങ്ങുകയും, മനുഷ്യനെന്ന നിലയിൽ അവരെ നിലനിർത്തുന്ന ചിന്താശീലവും, ഭാവിബോധവും ഇല്ലാതാക്കപ്പെടുകയും ചെയ്യുമെന്ന്‌ ബാലമുരളി ഭയന്നു. അതിനാൽ അവൻ തെരുവുയോഗങ്ങളിൽ നിരന്തരമായി ഇതിനെക്കുറിച്ചു പ്രസംഗിക്കുക മാത്രമല്ല, സ്വയം പച്ചക്കറിയും, ധാന്യവും ഉപേക്ഷിക്കുകയും ചെയ്‌തു.

പഴവും, വെളളവും ഉപയോഗിച്ച്‌ എങ്ങനെ ജീവിതം നിലനിർത്താം എന്ന പരീക്ഷണത്തിൽ ഏർപ്പെട്ട ബാലമുരളിക്കുവേണ്ടി പൂർണ്ണിമ സങ്കടപ്പെട്ടുകൊണ്ടിരുന്നു.

എന്നാൽ കാർഷിക ഉല്പാദനത്തിനായി വിദേശികളുമായി രഹസ്യക്കാരാറിൽ ഏർപ്പെട്ടിരുന്ന ഭരണകൂടമാവട്ടെ ബാലമുരളിയുടെ ഭ്രാന്തു നിറഞ്ഞ പോരാട്ടങ്ങളെ ഭയത്തോടെയാണ്‌ കണ്ടത്‌.

വിദേശ വിത്തുകളുടെയും കാർഷികരീതികളുടെയും പരീക്ഷണ ഭൂമിയാക്കി ദേശത്തെ മാറ്റാൻ വിദേശികളിൽനിന്ന്‌ എടുത്തിട്ടുളള കോടിക്കണക്കിന്‌ ഡോളറുകൾ.... മറ്റു രീതിയിലുളള വായ്പകൾ, ജനങ്ങൾ ഇതിന്റെയൊക്കെ സത്യമറിഞ്ഞാൽ ഉണ്ടാവുന്ന ഭവിഷ്യത്തിനെയോർത്ത്‌ അമ്പരക്കുന്ന ഭരണകൂടം ബാലമുരളിയുടെ നീക്കങ്ങൾ പഠിക്കാൻ രഹസ്യപോലീസിനെ ഏർപ്പാടാക്കിയിരുന്നു.

ഉദ്യാനത്തിന്റെ ആകാശമാകെ മഞ്ഞയും ചുവപ്പും കലർന്ന വാകമരപൂക്കളാൽ നിറഞ്ഞുനിന്ന സായാഹ്‌നങ്ങളിലൊന്നിൽ പൂർണ്ണിമ അവളുടെ പതിവു കൗതുകങ്ങളെ ഉപേക്ഷിച്ച്‌ സ്നേഹമയിയായ കാമുകിയായി, ശോഷിച്ച അവന്റെ കവിളുകളെ തലോടി ചോദിക്കുന്നു.

“ഇങ്ങനെയായാൽ എങ്ങനെയാ ബാലമുരളി.... നാട്ടാരെല്ലാം എല്ലാം കഴിക്കുന്നുണ്ടല്ലോ, അവർക്കൊരു കുഴപ്പവുമില്ലല്ലോ... നിങ്ങൾ മാത്രമെന്താ ഇങ്ങനെ...”

ബാലമുരളി ഗൗരവപൂർവ്വം ചിരിച്ചു പറയുന്നത്‌ “ആരു പറഞ്ഞു കുഴപ്പമില്ലെന്ന്‌. ഒരു ദേശം മുഴുവൻ കുഴപ്പത്തിലേക്കു പോവുന്നുണ്ട്‌. പക്ഷെ യഥാർത്ഥ കാര്യങ്ങൾ ജനം അറിയാതിരിക്കാനാണ്‌ സാമൂഹ്യസംഘടനകളുടെ ഒത്താശയോടെ മൾട്ടിനാഷണൽ കമ്പനികൾ പ്രതിരോധ കുത്തിവെയ്പ്‌ യജ്ഞം നടത്തുന്നത്‌. കുത്തിവെയ്പെടുത്താൽ ബാക്കിയെല്ലാം ശരിയാകുമെന്ന്‌ അവർ കരുതുന്നു. ചിന്താപരമായ അടിമത്തം തന്നെയാണിത്‌....”

ഏറെ നേരത്തേക്ക്‌ മൗനത്തിൽ വീണുപോയ പൂർണ്ണിമ സ്വത്വം വീണ്ടെടുത്തു ചോദിക്കുന്നു.

“നീ ഒരുത്തൻ വിചാരിച്ചാൽ ഈ കുഴപ്പമൊക്കെ നേരെയാകുമോ...”

“എനിക്കെന്റെ കാര്യത്തിലല്ലെ തീരുമാനമെടുക്കാൻ കഴിയൂ” എന്ന്‌ പറഞ്ഞുകൊണ്ട്‌ ബാലമുരളി ഉദ്യാനം വിടുന്നു.

ആയിടയ്‌ക്കാണ്‌ ബാലമുരളിയുടെ ആഹാരരീതികളെക്കുറിച്ചുളള കനപ്പെട്ട വാർത്തകൾ മാധ്യമങ്ങളിൽ വന്നുതുടങ്ങിയത്‌. മൂന്നാം ലോകത്തിൽ പുത്തൻ സാമ്രാജ്യത്വം സ്ഥാപിക്കാനുളള കൊളോണിയൽ ശക്തികളുടെ തന്ത്രങ്ങളെ ആഹാരത്തിലൂടെ പ്രതിരോധിക്കുന്ന ഒരുവൻ എന്ന നിലയിൽ ലോകം മുഴുവൻ അയാൾ അവതരിപ്പിക്കപ്പെട്ടു. ഗ്രീൻപീസ്‌ പ്രസ്ഥാനവും, ലോകത്തിലെ സകല ഇടതുപക്ഷ സംഘടനകളും ബാലമുരളിയെ വീരപുരുഷനായി അവതരിപ്പിക്കുന്നതറിഞ്ഞ്‌ ബാലമുരളി അമ്പരക്കുകയും, പൂർണ്ണിമ ചഞ്ചലപ്പെടുകയും ചെയ്തുകൊണ്ടിരുന്നു.

ഇനി പറയുന്ന കാര്യങ്ങൾ തുടർന്നുളള രണ്ടുവർഷക്കാലത്തെ സംഭവപരമ്പരകളുടെ ക്ലൈമാക്‌സ്‌ രംഗമാണ്‌. നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ മരണവുമായി ചൂതുക്കളിക്കുന്ന ബാലമുരളി. അവന്റെ പ്രതിരോധങ്ങളെ കബളിപ്പിച്ചുകൊണ്ട്‌ ആനയും, കുതിരയുമായി മരണം മുന്നേറുന്നതിനിടയിൽ, പെട്ടെന്നു തോന്നിയ സ്നേഹത്താൽ മരണം ചോദിക്കുന്നു, കാമുകിയാൽ ചതിക്കപ്പെട്ട നീ ഇതിഹാസത്തിലെ സാംസണാണെന്ന്‌ എനിക്കു തോന്നുന്നു. നിന്നെ ചതിച്ച പൂർണ്ണിമ ഒരു ദലില തന്നെയാണ്‌.

“ഇല്ല, പൂർണ്ണിമ തെറ്റുകാരിയല്ല. പൂർണ്ണിമയെ അവർക്കു കിട്ടിയില്ലെങ്കിൽ മറ്റാരെയെങ്കിലും ഉപയോഗിച്ച്‌ അവർ എന്നെ തളർത്തും....”

“അപ്പോൾ പൂർണ്ണിമയുടെ നീക്കങ്ങളെ നീ ബോധപൂർവ്വം സ്വീകരിച്ചതാണ്‌.”

“അതെ... നിനക്കല്ലാതെ ആർക്കും അതൊന്നും അറിയില്ല... എന്നാലും ഞാൻ പറയാം. സാമ്രാജ്യത്വത്തിലെ പ്രതിരോധിക്കുന്ന ഏതു പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരേയും, എപ്പോഴും സഹായിക്കുക, ഭരണകൂടങ്ങളുടെ ഒത്താശയോടെ സി.ഐ.എ തന്നെയാണ്‌. തുടക്കത്തിൽ വലിയ ആവേശം കാണിക്കുന്ന പലരും പിന്നീട്‌ വ്യവസ്ഥാപിതമായ പ്രതിരോധങ്ങളിലേക്കും കൺകെട്ടുവിദ്യയിലേക്കും ഒതുങ്ങുന്നത്‌ അതുകൊണ്ടാണ്‌. പുറമെ വലിയ സാമ്രാജ്യത്വ വിരുദ്ധത, അകവെ അമേരിക്കൻ രീതികളുടെ കടുത്ത ആരാധകൻ... ഇതാണ്‌ ശൈലി. പണം, സമ്പത്ത്‌, പദവികൾ, സ്‌ത്രീമാംസം എന്നിങ്ങനെ എന്തുവേണമെന്ന്‌ അറിഞ്ഞ്‌ എത്തിക്കോളും... ഞാൻ ഇതിലൊന്നും താല്പര്യമില്ലാത്തവനാണെന്ന്‌ അറിഞ്ഞതുകൊണ്ടാണ്‌ അവർ പൂർണ്ണിമയെ വീഴ്‌ത്തി, എന്നെ കീഴ്‌പ്പെടുത്തിയത്‌.”

മരണം പിടി ഒന്നയച്ചു. ബാലമുരളിക്ക്‌ ആശ്വാസം തോന്നി. ആ ആശ്വാസത്തിലൂടെ ചിന്തയുടെ രഥത്തിലേക്കയാൾ കയറി. ഒപ്പം പൂർണ്ണിമയുമുണ്ടായിരുന്നു.

പൂർണ്ണിമയ്‌ക്ക്‌ ആയിടയ്‌ക്കാണ്‌ ‘ശൈലീരോഗങ്ങളും സമൂഹവും“ എന്ന വിഷയത്തെക്കുറിച്ചു പഠിക്കാൻ വിദേശ സ്‌കോളർഷിപ്പ്‌ തരപ്പെടുന്നത്‌. അവൾക്ക്‌ ഏതു രാജ്യത്തും സഞ്ചരിക്കാനും, വിവരങ്ങൾ ശേഖരിക്കാനും ഉളള സ്വാതന്ത്ര്യം നല്‌കപ്പെട്ടു. കൂടാതെ മാസാമാസം വലിയ ഒരു തുകയുടെ സ്‌കോളർഷിപ്പും.

ബാലമുരളിയുടെ നേതൃത്വത്തിൽ നാടുമുഴുവൻ കാർഷിക വിളകളിലും, കുടിവെളളത്തിലും രാസവസ്‌തുക്കൾ വിതറുന്ന അധിനിവേശ ശക്തികൾക്കെതിരെ പടയണി ഒരുങ്ങുമ്പോൾ, പൂർണ്ണിമ ബാലമുരളിയെ സ്നേഹപൂർവ്വം ആശ്ലേഷിച്ചു.

അവൾക്ക്‌ പ്രേമവും കാമവും ഉണ്ടായിരുന്നു. ഒപ്പം അവന്റെ സമരലക്ഷ്യങ്ങളോട്‌ ആഭിമുഖ്യനാട്യവും. ആദ്യമൊന്നും വഴങ്ങാതിരുന്ന അവനെ, പൂർണ്ണിമ സ്വന്തം ഇച്ഛാശക്തികൊണ്ടു കീഴടക്കി. അവൾ കൊടുത്ത ജലത്തിലും, പഴങ്ങളിലും വീണുറങ്ങിയ അവനിൽ രാസജഡിലമായ മാറ്റങ്ങൾ ആരംഭിക്കുന്നുണ്ടായിരുന്നു. ബാലമുരളിയുടെ ജനിതക ശ്രേണിയിൽ നിന്നൊന്ന്‌, ഒരു പിന്തിരിപ്പൻ കോശം ആക്‌ടിവേറ്റു ചെയ്യപ്പെട്ടു. അവൻ സമരത്തെ ഉപേക്ഷിക്കാനും, ആഹാരം കഴിക്കാനും, ഉറങ്ങാനും തുടങ്ങി...

പൂർണ്ണിമ ഇപ്പോൾ എവിടെയാണെന്നറിയുമോ? മരണം ചോദിക്കുന്നു.

വിദേശ കാര്യവകുപ്പിൽ ഉദ്യോഗസ്ഥയാണ്‌. ബാലമുരളി അബോധാവസ്ഥയിലെ തെളിച്ചത്തിൽ നിന്ന്‌ അവളെ തിരിച്ചറിയുന്നു....

മരണം ചൂതുകളി പലക മടക്കിവെച്ച്‌, അവനെ സ്നേഹപൂർവ്വം ചേർത്തുപിടിച്ചു. പിന്നെ അവന്റെ ആത്മാവിലേക്കിറങ്ങി നിന്നു പറയുന്നു.

”നീ പറഞ്ഞതൊക്കെയാണു ബാലമുരളി സത്യം. മരണത്തിലല്ലാതെ ആരതു കേൾക്കും.“

മരണം ചിരിയോടെ ബാലമുരളിയുമായി നടന്നു. പൂർണ്ണിമ അപ്പോൾ സി.ഐ.എ.യ്‌ക്കു വേണ്ടി ചില പുതിയ കരാറുകളിൽ ഒപ്പിടുകയായിരുന്നു.

ഐസക്‌ ഈപ്പൻ

നിറവ്‌, ജ്യോതി നഗർ, ഈസ്‌റ്റ്‌ ഹിൽ, കോഴിക്കോട്‌-673 005.


Phone: 9387518915




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.