പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

അമ്മ നമ്മുടെ ഹൃദയത്തെ തൊടുന്നതെപ്പോൾ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

ഒരാൾരൂപം ദൈവസമാനമാകുന്നത്‌ വെറുമൊരു സാന്ദർഭിക നിലപാടുകൾ കൊണ്ടോ ചില നിമിത്തങ്ങൾ കൊണ്ടോ അല്ല, മറിച്ച്‌ സമനില തെറ്റിയ ഒരു ജീവിതരീതി ഉൾക്കൊണ്ട ഒരു ലോകക്രമത്തിലേയ്‌ക്ക്‌ കാലം നടത്തുന്ന ഇടപെടലായി വേണം ഇതിനെക്കാണാൻ. ഇത്തരം സാന്നിധ്യങ്ങളുടെ അഭാവം ഒരുപക്ഷെ പൂർണ്ണമായ ജീവിത തകർച്ചയിലേയ്‌ക്ക്‌ ലോകത്തെ കൊണ്ടെത്തിക്കാം എന്ന്‌ കരുതാതെ വയ്യ. ബുദ്ധനും ക്രിസ്‌തുവും നബിയും മാർക്സുമെല്ലാം ഇത്തരം ‘ദൈവ’സമാനരായി ഇടപെടുന്നതിന്റെ പ്രസക്തി ഇത്തരത്തിൽ കാണുവാനാണ്‌ ചിലരെങ്കിലും ആഗ്രഹിക്കുന്നത്‌.

മാതാ അമൃതാനന്ദമയിയുടെ അൻപതാം പിറന്നാൾ ആഘോഷം -അമൃതവർഷം- കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു. ഈ ലോകമൊന്ന്‌ എന്ന സത്യം തിരിച്ചറിഞ്ഞ്‌ കറുപ്പും വെളുപ്പും എന്ന വേർതിരിവില്ലാതെ വിശ്വപ്രേമത്തിന്റെ തിരിവിളക്ക്‌ ഹൃദയത്തിൽ കൊളുത്തി അമ്മയുടെ അരികിലേയ്‌ക്ക്‌ ഒഴുകി എത്തിയവർ നമുക്ക്‌ നല്‌കുന്ന തിരിച്ചറിവുകൾ പലതാണ്‌. കേരളത്തിലെ ഒരു സാധാരണ കടലോരഗ്രാമത്തിൽ ഒരു മുക്കുവ കുടിലിൽ ജനിച്ച സുധാമണിയെന്ന പെൺകുട്ടി വാക്കുകളിൽ നിറയെ സ്നേഹവും സാന്നിധ്യത്താൽ ശാന്തിയും വിതയ്‌ക്കുന്ന ലോക മാതാ അമൃതാനന്ദമയി ആയി മാറിയത്‌ നേരത്തെ സൂചിപ്പിച്ച കാലത്തിന്റെ ആരുമറിയാത്ത ചില ഇടപെടലുകൾ കൊണ്ടുകൂടിയാണ്‌. കാരണം ഒരമ്മയുടെ സ്നേഹം ആ ലോകം ആവശ്യപ്പെടുന്നു എന്നതുതന്നെ. മാനുഷിക മൂല്യങ്ങളിൽനിന്നും അന്യവത്‌കരിക്കപ്പെടുന്ന ഒരു സമൂഹത്തിന്‌ തിരിച്ചുവരവിനുളള വഴിയൊരുക്കുന്ന പ്രതിരോധമായിത്തീരുന്നു അമ്മ. അമ്മയുടെ ഓരോ വാക്കും ഒരു ചെറിയ തലോടലും മൃദുചുംബനവും ഓരോ മനുഷ്യനും കാലങ്ങളായി കെട്ടിനിർത്തിയ പശ്ചാത്താപത്തിന്റെ, അശാന്തിയുടെ വ്യാകുലതകളുടെ തീർപ്പായി തീരുകയും വിശ്വപ്രേമത്തിന്റെയും ലോക സമാധാനത്തിന്റെയും നിലാവായി ഉദിക്കുകയും ചെയ്യുന്നു. അമ്മ നല്‌കുന്ന ഈ സ്നേഹം നമ്മൾ ഈ ലോകത്തിനു തിരിച്ചു നല്‌കുക എന്നതാണ്‌ ഈ മഹതിക്ക്‌ നല്‌കാവുന്ന ഏറ്റവും വലിയ പ്രത്യുപകാരം. ഓരോ വ്യക്തിയിലും ഒരമ്മയുടെ സാന്നിധ്യം സൃഷ്‌ടിക്കപ്പെടുകതന്നെ വേണം. ഏതിരുളിലും ഒരു പ്രകാശമായിത്തീരുവാൻ ഇതുതന്നെ ധാരാളം.

ഇതുകൂടി കുറിക്കാതെ വയ്യ. ലോകപ്രേമത്തിന്റെ നെറുകയിൽ ഏതിനുമുപരിയായി മനുഷ്യരെ ഒന്നായി കാണുന്ന അമ്മയുടെ പേരിന്‌ വേണ്ടി, ആ രൂപത്തിനുവേണ്ടി പേറ്റെന്റ്‌ എടുക്കാൻ കൊതിക്കുന്നവർ ധാരാളം. ജാതിയും മതവും വർഗ്ഗവും അമ്മയുടെ മുന്നിൽ ഇല്ല. അമ്മയെ യഥാർത്ഥത്തിൽ തേടിവരുന്നവർക്കുമില്ല. ശ്രീനാരായണഗുരുവിനെപ്പോലെ, ഒരുപക്ഷെ സ്വാമി വിവേകാനന്ദനെപ്പോലെ നാളെ ചില കച്ചവടക്കാരുടെ കണ്ണിലും ഈ പ്രിയപ്പെട്ട അമ്മയുടെ സ്നേഹം ചിലപ്പോൾ ഒരു ചരക്കായി തീരുമെന്നത്‌ ഒരപ്രിയ സത്യം. ഇവർ അമ്മയെ അറിയാത്തവരാണ്‌. അമ്മയുടെ സ്നേഹസ്പർശം ഏറ്റുവാങ്ങാത്തവരാണ്‌.

മാതാ അമൃതാനന്ദമയി നല്‌കിയ ഒരോ വാക്കുകളും ആ വാക്കുകളിൽ തെളിയുന്ന സ്നേഹസന്ദേശവും എന്നും ഒരു സത്യദീപമായി തെളിയും എന്ന പ്രത്യാശയോടെ.... പ്രിയ അമ്മയ്‌ക്ക്‌ പിറന്നാൾ ആശംസകൾ.

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.