പുഴ.കോം > പുഴ മാഗസിന്‍ > എഡിറ്റോറിയല്‍ > കൃതി

ചുട്ടുകൊല്ലുവാൻ ക്വട്ടേഷനെടുത്ത ഒരു മുഖ്യമന്ത്രി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുവിരാജ്‌ പടിയത്ത്‌

എഡിറ്റോറിയൽ

കരളുപൊളളുന്ന കാഴ്‌ചയായിരുന്നു വഡോദരയിലെ ബെസ്‌റ്റ്‌ ബേക്കറിയിലേത്‌. കരിപിടിച്ച ബേക്കറിയുടെ ചുമരുകൾക്കിടയിൽ കത്തിതീർന്നത്‌ പതിനാല്‌ ജീവിതങ്ങൾ. പലർക്കും ഇതൊരു സ്ഥിരം കലാപക്കാഴ്‌ച മാത്രം. ചിലർക്കാകട്ടെ അധികാര കസേര ഉറപ്പിച്ചു നിർത്താൻ നടത്തിയ രക്തഹോമവും.

ആർഷഭാരത ഭൂമിയിൽ കലാപങ്ങൾ ഉത്സവങ്ങളായി പെരുകുകയാണ്‌. വിഭജനത്തിന്റെ ചരിത്രം തുടർച്ചയായ കലാപങ്ങളുടെ വിത്തായി. പിന്നെ ചെറുതും വലുതുമായി ആയിരങ്ങൾ... വൻമരം വീണപ്പോൾ കേന്ദ്രമന്ത്രിമാരടക്കം തെരുവിലിറങ്ങി നരനായാട്ട്‌ നടത്തിയ ദില്ലിയുടെ ദുരന്തം... കൊച്ചുകേരളത്തിൽ പൂന്തുറ... മാറാട്‌... അങ്ങിനെ പോകുന്നു പിന്നേയും ആയിരങ്ങൾ. ഓരോ കലാപത്തിലും അവസാനം പെറുക്കിക്കൂട്ടുന്ന കണക്കുകളിൽ നഷ്‌ടപ്പെട്ട ജീവനുകളും സ്വപ്നങ്ങളും ബാക്കി. കൊന്നവനും കൊന്നവന്‌ കഞ്ഞിവച്ചവനും മായയായി മാറുന്നു. കോടതിമുറികളിൽ കലാപക്കേസ്സുകെട്ടുകൾ ചവറുകുട്ടയെ നോക്കി ദീനപൂർവ്വം ചിരിക്കുന്നു. പേനയുന്താൻ കഴിയാത്തവണ്ണം നീതിപാലകരുടെ കൈയുകൾ നിയമത്തിന്റെ പഴുതുകളിലൂടെ ചിലർ വരിഞ്ഞു കെട്ടിയിരിക്കുന്നു... പൊലിഞ്ഞുപോയ ജീവനുകൾക്ക്‌ ആത്മശാന്തിയേകാൻ വർഷംതോറും ഒരു അനുസ്‌മരണദിനം ബാക്കി... ചിലപ്പോൾ ഒരു ഹർത്താൽ...

ഒരു തിരിച്ചുവരവ്‌ഃ-

പതിനാല്‌ മുസ്ലീങ്ങളെ ചുട്ടുകൊന്ന ഗുജറാത്ത്‌ ബെസ്‌റ്റ്‌ ബേക്കറിക്കേസിലെ പ്രതികളെ രക്ഷിക്കാൻ നടത്തിയ ഗുജറാത്ത്‌ സംസ്ഥാന സർക്കാരിന്റെ നടപടികൾ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരിക്കുകയാണ്‌. നെറിവുകെട്ട നരേന്ദ്രമോഡിയെന്ന വർഗ്ഗീയ വിഷവിത്ത്‌ ഭരിക്കുന്നിടത്തോളം ഗുജറാത്തിൽ നീതി നടപ്പാക്കാനാവില്ലെന്ന്‌ സുപ്രീംകോടതി മനസ്സിലാക്കിയിരിക്കുന്നു. കീഴ്‌ക്കോടതിയിലെ വിചാരണകൾക്കിടയിൽ പ്രലോഭിപ്പിച്ചും ഭയപ്പെടുത്തിയും സാക്ഷികളെ കൂറുമാറ്റിച്ച്‌, അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ ഒത്താശയോടെ പ്രതികളെ കുറ്റവിമുക്തരാക്കുകയാണ്‌ സർക്കാർ ചെയ്തത്‌. സംസ്ഥാന ഗവൺമെന്റിൽ ഞങ്ങൾക്ക്‌ വിശ്വാസമില്ലെന്നും, ശിക്ഷിക്കാനായില്ലെങ്കിൽ അധികാരമൊഴിഞ്ഞ്‌ പുറത്തുപോകാനും സുപ്രീം കോടതി തുറന്നടിച്ചു. ആസനത്തിൽ ആലുമുളച്ചാൽ അതും തണലെന്ന പഴമൊഴിയിൽ വിശ്വസിക്കുന്ന മോഡിയ്‌ക്കും ഈ പാമ്പിനെ നൂറും പാലും ഊട്ടി വളർത്തുന്നവർക്കും ഇന്ത്യൻ ജുഡീഷ്യറിയോട്‌ ഒരു നുളള്‌ ബഹുമാനമുണ്ടെങ്കിൽ കോടതി പറയുന്നത്‌ അനുസരിക്കുകയാണ്‌ ചെയ്യേണ്ടത്‌. എന്തിനു പറയുന്നു ഗോവധം തടഞ്ഞ്‌ മനുഷ്യവധം പ്രോത്സാഹിപ്പിക്കാൻ കൊതിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആദ്യപ്രസ്താവന ഗുജറാത്തിലെ മോഡി സർക്കാരിനെ പുറത്താക്കേണ്ട എന്നാണ്‌.

എങ്ങിനെയൊക്കെയായാലും ഓരോ കലാപങ്ങൾക്കുമൊടുവിൽ പ്രതികൾ മാഞ്ഞുപോകുന്ന സ്ഥിരം രീതിയിൽനിന്നും വ്യത്യസ്തമായി ഇവിടെ ഇന്ത്യൻ ജുഡീഷ്യറി ശക്തമായി പ്രതികരിച്ചിരിക്കുകയാണ്‌. മോഡിയെപ്പോലെയുളളവരെ പോറ്റി വളർത്തുന്ന ബി.ജെ.പിയുടെ കേന്ദ്ര സർക്കാരിന്റെ കീഴിൽ ഒരിന്ത്യൻ പൗരനായി തലയുയർത്തിപിടിച്ച്‌ ജീവിക്കാൻ തോന്നുന്നില്ലെങ്കിലും ഒരു വെളിച്ചം പോലെ നമ്മുടെ ജുഡീഷ്യറി അവശ്യസമയത്ത്‌ തെളിഞ്ഞു കത്തുന്നുണ്ടല്ലോ എന്ന ആശ്വാസം ബാക്കിയുണ്ട്‌.

പ്ലീസ്‌ വാജ്‌പേയ്‌ജീ... മോഡിയെ പേരിനെങ്കിലും പുറത്താക്കൂ... അപമാനം സഹിക്കാൻ വയ്യ...

സുവിരാജ്‌ പടിയത്ത്‌


Phone: 9847046266
E-Mail: editor.puzha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.