പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ചെരാത്‌ ചെറുകഥാ പുരസ്‌കാരം എം.കുഞ്ഞാപ്പക്ക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക

വാർത്തകൾ

റിയാദിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ചെരാത്‌ നടത്തിയ ചെറുകഥാ മൽസരത്തിൽ മലപ്പുറം ജില്ലയിലെ പന്തലൂർ സ്വദേശിയായ എം.കുഞ്ഞാപ്പ എഴുതിയ ‘ഏട്ടനെപ്പോലെ ഒരാൾ’ എന്ന കഥ ഒന്നാം സമ്മാനത്തിനർഹമായി.

മാമ്പ്ര മൊയ്‌തീന്റെയും ഫാത്തിമയുടെയും മകനായ കുഞ്ഞാപ്പ തിരുവനന്തപുരത്ത്‌ മാധ്യമം ദിനപ്പത്രത്തിൽ ആർട്ടിസ്‌റ്റാണ്‌. ദൂരദർശൻ സംപ്രേഷണം ചെയ്‌ത ‘ഒരു ഉത്രാടസന്ധ്യയിൽ’ എന്ന ടെലിഫിലിമിന്‌ തിരക്കഥയും സംഭാഷണവും എഴുതിയിട്ടുണ്ട്‌. മലപ്പുറം സരണി സർഗവേദി സംസ്ഥാനതലത്തിൽ നടത്തിയ കഥാമത്സരത്തിൽ (1985) രണ്ടാം സ്ഥാനം നേടിയിരുന്നു. തിരുവനന്തപുരം മാധ്യമം റിക്രിയേഷൻ ക്ലബ്‌ സെക്രട്ടറിയാണ്‌. മാധ്യമം ദിനപ്പത്രത്തിൽ ധാരാളം കാരിക്കേച്ചറുകൾ ചെയ്‌തിട്ടുളള ഇദ്ദേഹം മികച്ച രേഖാചിത്രകാരനും ലേഔട്ട്‌ ആർട്ടിസ്‌റ്റുമാണ്‌.

മൽസരത്തിൽ അസീം പളളിവിള (റിയാദ്‌) എഴുതിയ ‘ഫോട്ടോഗ്രാഫർ’ എന്ന കഥ രണ്ടാം സമ്മാനവും ബന്യാമിൻ (ബഹ്‌റൈൻ) എഴുതിയ ‘ബ്രെയ്‌ക്ക്‌ ന്യൂസ്‌’ എന്ന കഥ മൂന്നാം സ്ഥാനവും നേടി.

നമുക്കു നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌നേഹവും സാഹോദര്യവും പരസ്‌പരവിശ്വാസവും നമ്മുടെ ജീവിതത്തിൽനിന്ന്‌ അന്യമായിക്കൊണ്ടിരിക്കുന്ന കേരളീയതയുമൊക്കെയാണ്‌ ‘ഏട്ടനെപ്പോലെ ഒരാൾ’ എന്ന കഥയിലൂടെ കഥാകൃത്ത്‌ ഓർമ്മപ്പെടുത്തുന്നത്‌. സ്‌ത്രീ പുരുഷബന്ധങ്ങളിലെ പഴയ പവിത്രതയുടെ ശേഷിപ്പ്‌ വരച്ചുകാട്ടി വായനക്കാരനിൽ ആനന്ദമുളവാക്കാൻ ഈ കഥയ്‌ക്ക്‌ കഴിയുന്നുണ്ട്‌. കഥാമൽസരത്തിൽ അയച്ചുകിട്ടിയ 146 കഥകളിൽ നിന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തിയതെന്ന്‌ ജഡ്‌ജിംഗ്‌ കമ്മിറ്റി അംഗമായ കെ.പി.രാമനുണ്ണി പത്രസമ്മേളനത്തിൽ പറഞ്ഞു. ഡോ.എം.എം.ബഷീർ, അക്‌ബർ കക്കട്ടിൽ എന്നിവരാണ്‌ മറ്റു കമ്മിറ്റി അംഗങ്ങൾ.

അയ്യായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ ഒന്നാം സമ്മാനം. മൂവായിരം രൂപയും രണ്ടായിരം രൂപയുമാണ്‌ രണ്ടും മൂന്നും സമ്മാനങ്ങൾ.

പത്രസമ്മേളനത്തിൽ കാനേഷ്‌ പൂനൂര്‌, ഉബൈദ്‌ എടവണ്ണ എന്നിവരും പങ്കെടുത്തു.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.