പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കേരളത്തിലെ ഔഷധസസ്യങ്ങൾ > കൃതി

കീഴാർനെല്ലി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. ചന്ദ്രലേഖ സി.റ്റി.

ലേഖനം

കേരളത്തിലെ സമതല പ്രദേശങ്ങളിലും റോഡരികിലും മറ്റും ഒരു കളയായി വളരുന്ന കീഴാർനെല്ലി പണ്ടുമുതലേ മഞ്ഞപ്പിത്ത ചികിൽസയ്‌ക്ക്‌ വളരെ പ്രചാരത്തിലുളള ഔഷധസസ്യമാണ്‌. ഭൂമ്യാമലകി എന്ന സംസ്‌കൃതനാമം നെല്ലിയുമായി ഇതിനുളള രൂപസാദൃശ്യം പ്രകടമാക്കുന്നു. (ആമലകി=നെല്ലിക്ക) യൂഫോർബിയേസി സസ്യകുടുംബത്തിൽപ്പെട്ട ഫില്ലാന്തസ്‌ പ്രാറ്റേർനസ്‌ (ഫില്ലാന്തസ്‌ നെരൂരി), ഫില്ലാന്തസ്‌ അമാരസ്‌, ഫില്ലാന്തസ്‌ മദരാസ്‌പെറ്റൻസിസ്‌ എന്നീ മൂന്നു സസ്യങ്ങളേയും കീഴാർനെല്ലിയായി പരിഗണിക്കുന്നു.

പതിനഞ്ചുമുതൽ മുപ്പതുവരെ സെന്റിമീറ്റർ ഉയരത്തിൽ വളരുന്ന ഒരു ചെറുസസ്യമാണ്‌ കീഴാർനെല്ലി. പച്ചനിറത്തിലുളള തണ്ട്‌ നേരെ മുകളിലേക്ക്‌ വളരുന്നു. ആൺപുഷ്‌പങ്ങൾ കൂട്ടമായും പെൺപുഷ്പങ്ങൾ ഒറ്റയ്‌ക്കും കാണുന്നു. മൂന്നായി വിഭജിക്കാവുന്ന പെൺപുഷ്പങ്ങളിൽ മൂന്നു വിത്തുകളും ഉണ്ടാവും.

മഞ്ഞപ്പിത്ത ചികിൽസയിൽ ഒറ്റമൂലിയായി പ്രയോഗിക്കുന്ന കീഴാർനെല്ലിയിലെ ഫില്ലാന്തിൻ എന്ന രാസഘടകമാണ്‌ ഔഷധഗുണത്തിനാധാരം.

മഞ്ഞപ്പിത്തത്തിന്‌ കീഴാർനെല്ലി സമൂലം ഇടിച്ചുപിഴിഞ്ഞ നീര്‌ രാവിലെയും വൈകിട്ടും പത്തുമില്ലി വീതം സേവിക്കണം. പിത്തകഫങ്ങളെ ശമിപ്പിക്കുന്ന ശീതവീര്യമുളള ഒരു ദ്രവ്യമാണ്‌ ഇത്‌.

വളരെ പഴകിയ ആമാതിസാരം രക്താതിസാരം മുതലായ രോഗങ്ങൾക്ക്‌ കീഴാർനെല്ലി സമൂലം അരച്ച്‌ മോരിൽ കലക്കി കൊടുത്താൽ ശമനം കിട്ടും.

പത്തുഗ്രാം കീഴാർനെല്ലി അരച്ച്‌ കുരുമുളക്‌ ചേർത്ത്‌ പാലിൽ കലർത്തി സേവിക്കുന്നത്‌ പ്രമേഹത്തിന്‌ കുറവുവരുത്തും.

കീഴാർനെല്ലിയും തേനും ചേർത്ത മിശ്രിതം ഭക്ഷണത്തിനു മുൻപായി കഴിച്ചാൽ വലിവ്‌, ചുമ എന്നീ ശ്വാസകോശ രോഗങ്ങൾക്ക്‌ ശമനമുണ്ടാകും.

കീഴാർനെല്ലി ഇന്തുപ്പു ചേർത്തരച്ച്‌ കുറച്ചുനേരം ചെമ്പുപാത്രത്തിൽ വച്ചശേഷം കണ്ണിൽ എഴുതിയാൽ നേത്രരോഗം കൊണ്ടുളള നീരും വേദനയും കുറയും.

ബലാദിഘൃതത്തിലും, അമൃതാതിഘൃതത്തിലും, ത്രൂഷണാദിഘൃതത്തിലും, താമലക്യാദിഘൃതത്തിലും കീഴാർനെല്ലി അടങ്ങിയിരിക്കുന്നു.

ഉണങ്ങിയ വിത്തുകൾ നനവുളള മണ്ണിൽ വീണ്‌ മുളച്ച്‌ തൈകൾ ധാരാളമായി ഉണ്ടാവും. ഉണങ്ങിയ വിത്തുകൾ ശേഖരിച്ച്‌ പാകിയും തൈകൾ വളർത്തിയെടുക്കാം. ധാരാളം ഔഷധഗുണമുളള ഈ സസ്യം സംരക്ഷിക്കേണ്ടത്‌ നമ്മുടെ കടമയാണ്‌.

Previous Next

ഡോ. ചന്ദ്രലേഖ സി.റ്റി.

സസ്യശാസ്‌ത്രത്തിൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചു. ഔഷധസസ്യമായ ‘അശ്വഗന്ധ’യിലെ ജനിതക പരിവർത്തനങ്ങളെക്കുറിച്ചുളള പഠനത്തിനാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ആനുകാലികങ്ങളിൽ സസ്യശാസ്‌ത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.