പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കേരളത്തിലെ ഔഷധസസ്യങ്ങൾ > കൃതി

ചുവന്നുളളി

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. ചന്ദ്രലേഖ സി.റ്റി.

ലേഖനം

വീട്ടമ്മമാർക്ക്‌ സുപരിചിതമായ ഒരു മലക്കറിവിളയാണ്‌ ചുവന്നുളളി. ലിലിയേസി എന്ന സസ്യകുടുംബത്തിൽപ്പെടുന്ന ചുവന്നുളളി അലിയം സെപ എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്നു. പലാണ്ഡു എന്ന സംസ്‌കൃത നാമത്തിന്‌ പര്യായമായി ദുർഗന്ധ എന്നും പറയുന്നു. ഉളളിയുടെ പ്രത്യേക മണമാണിതിനുകാരണം.

മുപ്പതുമുതൽ തൊണ്ണൂറുസെന്റിമീറ്റർവരെ ഉയരത്തിൽ വളരുന്ന ചുവന്നുളളിയുടെ തണ്ട്‌ വളരെ ചെറിയ ഒരു ‘ഡിസ്‌ക്കാ’യി രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ തണ്ടിൽ നിന്നും നിരവധി നീളമുളള ഇലകൾ പുറപ്പെടുന്നു. ഇലകളുടെ ചുവടുഭാഗം ആഹാരവസ്‌തുക്കൾ ശേഖരിച്ചു വെച്ചിരിക്കുന്നതിനാൽ കട്ടികൂടി ബൾബുപോലെ വീർത്തിരിക്കുന്നു.

ഉഷ്ണവീര്യമുളള ഉളളിയുടെ ഗുണം ഗുരുവും തീഷ്ണവുമാണ്‌. വൈറ്റമിൻ ഏ, ബി, സി എന്നിവ കൂടാതെ, പ്രോട്ടീൻ, കൊഴുപ്പ്‌, സൾഫർ, പഞ്ചസാര എന്നീ രാസഘടകങ്ങൾ അടങ്ങിയിരിക്കുന്നു. അലൈൽ പ്രൊപൈൽ ഡൈ സൾഫൈഡ്‌ എന്ന ഘടകമാണ്‌ ഉളളി മുറിക്കുമ്പോൾ കണ്ണുനീർ വരുത്തുന്നത്‌.

വളരെയേറെ ഔഷധഗുണമുളള ഉളളി നെയ്യിൽ വറുത്തു കഴിക്കുന്നത്‌ അർശസ്‌ രോഗികൾക്ക്‌ ആശ്വാസം പകരും.

ശരീരത്തിൽ അധികമായി അടിയുന്ന കൊഴുപ്പിനെ നിർമാർജ്ജനം ചെയ്യാനുളള കഴിവ്‌ ചുവന്നുളളിക്ക്‌ ഉണ്ടെന്ന്‌ ശാസ്‌ത്രലോകം ഇവിടെ കണ്ടെത്തി. ഉളളി അരിഞ്ഞ്‌ അല്പം നാരങ്ങാനീരും ചേർത്ത്‌ പതിവായി ആഹാരത്തിനൊപ്പം കഴിച്ചാൽ ശരീരത്തിലെ കൊഴുപ്പിന്റെ അംശം കുറയും.

ചർമ്മരോഗങ്ങളുടെ ശമനത്തിന്‌ പച്ചവെളിച്ചെണ്ണയിൽ ഉളളിചതച്ചിട്ടു കാച്ചി പുരട്ടുന്നത്‌ ഫലപ്രദമാണ്‌. തലയിൽ തേച്ചാൽ തലമുടിയുടെ വളർച്ചയെ തുരിതപ്പെടുത്തും.

അപസ്മാരം അധികരിച്ച്‌ ബോധം നഷ്‌ടപ്പെടുന്ന അവസ്ഥയിൽ അല്പം ഉളളിനീര്‌ മൂക്കിലൊഴിച്ചുകൊടുത്താൽ ബോധം തെളിയും.

പനി, ചുമ, ശ്വാസംമുട്ടൽ എന്നിവയ്‌ക്ക്‌ ചുവന്നുളളിനീരും ഇഞ്ചിനീരും സമം എടുത്ത്‌ തേൻ ചേർത്തു കഴിച്ചാൽ ആശ്വാസമുണ്ടാകും.

ഇൻഡ്യയിലുടനീളവും പ്രത്യേകിച്ച്‌ തമിഴ്‌നാട്ടിലും ചുവന്നുളളി കൃഷി ചെയ്‌തുവരുന്നു. ഉളളിപൂവിന്റെ തണ്ടും ഇലയും ചേർത്ത്‌ തോരൻ പോലെയുളള വിഭവങ്ങൾ ഉണ്ടാക്കാമെന്നതിനാൽ അവയ്‌ക്കും പ്രിയമുണ്ട്‌. മാർക്കറ്റിൽ നിന്നും വാങ്ങുന്ന ഉളളി വേരുപിടിച്ച ഭാഗം മണ്ണിലാക്കി ചട്ടിയിലോ കവറിലോ നിറച്ച മണ്ണിൽ നട്ടിരുന്നാൽ സിലിൻണ്ടർ രൂപത്തിലുളള ഇലകൾ വളർന്നുവരും.

Previous Next

ഡോ. ചന്ദ്രലേഖ സി.റ്റി.

സസ്യശാസ്‌ത്രത്തിൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചു. ഔഷധസസ്യമായ ‘അശ്വഗന്ധ’യിലെ ജനിതക പരിവർത്തനങ്ങളെക്കുറിച്ചുളള പഠനത്തിനാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ആനുകാലികങ്ങളിൽ സസ്യശാസ്‌ത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്‌.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.