പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കേരളത്തിലെ ഔഷധസസ്യങ്ങൾ > കൃതി

തുമ്പ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ഡോ. ചന്ദ്രലേഖ സി.റ്റി.

ലേഖനം

കളയായി തരിശുഭൂമിയിലും കൃഷിയിടങ്ങളിലും നന്നായി വളരുന്ന നിത്യഹരിത ചെറുസസ്യമാണ്‌ തുമ്പ. ലാമിയേസി കുടുംബത്തിൽപ്പെട്ട ലൂക്കാസ്‌ ആസ്‌പേര എന്ന ശാസ്‌ത്രനാമത്തിൽ അറിയപ്പെടുന്ന തുമ്പ, വെളുത്ത പൂക്കളും ഇളം പച്ചനിറത്തിലുളള ഇലകളും തണ്ടുകളും കൊണ്ട്‌ വളരെ ആകർഷകമാണ്‌. ഒരു പാത്രത്തിന്റെ ആകൃതിയിലുളള പൂക്കളുളളതിനാലാവണം സംസ്‌കൃതത്തിൽ ദ്രോണപുഷ്പി എന്നറിയപ്പെടുന്നത്‌. (ദ്രോണം-പാത്രം)

മുപ്പതുമുതൽ അറുപതു സെന്റിമീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ ചെടിയുടെ ഇലകൾ പരുപരുത്തതും രോമിലവുമാണ്‌.

ചെറിയതോതിൽ അണുനാശകശക്‌തിയുളള തുമ്പ വ്യത്യസ്തമായ ഔഷധഗുണങ്ങൾ പ്രദർശിപ്പിക്കുന്നു.

രോഗങ്ങളുടെ വാതകഫാധികമായ അവസ്ഥയെ ശമിപ്പിക്കുന്ന തുമ്പ ജഠരാഗ്നിയെ വർദ്ധിപ്പിക്കുകയും രുചിയുണ്ടാക്കുകയും ചെയ്യുന്നതിനു പുറമെ, തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതുമാണ്‌. ഇതുകൊണ്ടുതന്നെ തുമ്പ പക്ഷാഘാത ചികിൽസയ്‌ക്ക്‌ പ്രയോജനപ്പെടുന്നു. ഇതിനുപുറമേ, നീരിനെ ശമിപ്പിക്കുവാനും, പ്രമേഹം, അർശ്ശസ്‌ എന്നിവയ്‌ക്ക്‌ ആശ്വാസം നൽകാനും തുമ്പയ്‌ക്ക്‌ കഴിവുണ്ട്‌.

ആൽക്കലോയ്‌ഡും ഒരു സുഗന്ധദ്രവ്യവും പുഷ്പങ്ങളിൽ അടങ്ങിയിരിക്കുന്നു.

തുമ്പച്ചാറ്‌ ചൂടുവെളളത്തിൽ കലക്കി മൂന്നുനാലു പ്രാവശ്യം സേവിച്ചാൽ പനിക്ക്‌ ശമനം കിട്ടും.

പാലിൽ തുമ്പപ്പൂവിട്ട്‌ തിളപ്പിച്ച്‌ കുടിക്കുന്നത്‌ കുട്ടികളിലെ വിരശല്യമകറ്റുന്നു.

ത്വക്‌രോഗങ്ങൾ ശമിപ്പിക്കാൻ തുമ്പയില വെളിച്ചെണ്ണ ചേർത്തരച്ച്‌ പുരട്ടുന്നത്‌ ഫലപ്രദമാണ്‌. തേൾവിഷത്തിനും ഫലപ്രദമായ ഔഷധമാണ്‌ ഇത്‌.

പ്രസവാനന്തരം തുമ്പയിട്ട്‌ വെന്തവെളളത്തിൽ നാലോ അഞ്ചോ ദിവസം കുളിക്കുന്നത്‌ പ്രസൂതിക്ക്‌ രോഗാണുബാധ ഉണ്ടാകാതിരിക്കാൻ നല്ലതാണ്‌.

മൂക്കടപ്പ്‌, തലവേദന എന്നിവ മാറ്റാൻ തുമ്പച്ചാറ്‌ അരിച്ചെടുത്ത്‌ നസ്യം ചെയ്യുന്നതും ഇല അരച്ച്‌ നെറ്റിക്ക്‌ പുരട്ടുന്നതും ഫലപ്രദമാണെന്നു പറയപ്പെടുന്നു.

വളരെ ചെറിയ വിത്തുകളാണ്‌ തുമ്പയുടേത്‌. മഴക്കാലത്ത്‌ തരിശുഭൂമിയിലും മറ്റു കൃഷിയിടങ്ങളിലും ധാരാളമായി വളരുന്ന തുമ്പ, ആയുർവേദ ആവശ്യങ്ങൾക്കായി കൃഷി ചെയ്യുന്നതായി അറിവില്ല.

Previous Next

ഡോ. ചന്ദ്രലേഖ സി.റ്റി.

സസ്യശാസ്‌ത്രത്തിൽ കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും ഡോക്‌ടറേറ്റ്‌ ലഭിച്ചു. ഔഷധസസ്യമായ ‘അശ്വഗന്ധ’യിലെ ജനിതക പരിവർത്തനങ്ങളെക്കുറിച്ചുളള പഠനത്തിനാണ്‌ ഡോക്‌ടറേറ്റ്‌ ലഭിച്ചത്‌. ആനുകാലികങ്ങളിൽ സസ്യശാസ്‌ത്ര സംബന്ധിയായ ലേഖനങ്ങൾ എഴുതാറുണ്ട്‌.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.