പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

പ്രവാസിയുടെ കാഴ്‌ചകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.സി. സുബിൻ

പ്രവാസി തന്റെ ജന്‌മനാടിനെ കാണുന്നത്‌ പലപ്പോഴും ഭൂതകാല സമൃദ്ധിയുടെ മുൻവിധികളോടെയാണ്‌. ജീവിതത്തിന്റെ ഒടുങ്ങാത്ത അലച്ചിലും അന്വേഷണവും അപരിചിതമായ ഭൂമികകൾ സമ്മാനിക്കുന്ന ആത്‌മീയമായ അസ്വസ്ഥതയുമാവണം ഒരുപക്ഷേ ഈ മുൻവിധിക്ക്‌ കാരണം. അതുകൊണ്ടുതന്നെ പ്രവാസിസാഹിത്യം പലപ്പോഴും പൊയ്‌പോയ കാലത്തിന്റെ സ്‌മൃതിമാധുര്യങ്ങൾ ഗൃഹാതുരതയോടെ ചിത്രീകരിക്കാറുണ്ട്‌. പ്രവാസിയായ എഴുത്തുകാരൻ- കെ. സി. വിപിന്റെ- സാഹിത്യ ഇടപെടലുകൾ - കഥയായും കവിതയായും രൂപപ്പെട്ട പുസ്തകമാണ്‌ സീറോ പബ്ലിക്കേഷൻസ്‌ പ്രസിദ്ധീകരിച്ച “സസ്നേഹം” (വിലഃ40 രൂപ). കഥയും കവിതയും ഒരൊറ്റ സമാഹാരമാകുന്നതിലെ പുതുമ എടുത്തുപറയാതെ വയ്യ.

ജമീല, ജ്ഞാനസാരം തുടങ്ങിയ 8 കഥകളും കോരായണം, ഡയാനക്ക്‌ ഒരു ശാന്തിഗീതം, മാബലി കൂപ്പുകൈയോടെ മുതലായ 4 കവിതകളുമാണ്‌ ഈ സമാഹാരത്തിലുളളത്‌. ആമുഖത്തിൽ ഡോഃ കെ. ശ്രീകുമാർ നിരീക്ഷിക്കുന്നതുപോലെ “വിദൂരങ്ങളിലെ ഗൃഹാതുരകാലാവസ്ഥയുടെ വരൾച്ചയിൽ കാലുറപ്പിച്ചുനിന്നുകൊണ്ട്‌ മലയാളക്കരയിലെ സാഹിത്യവളർച്ചയോട്‌ തോളുരുമ്മി നിൽക്കാൻ ആവേശംകാട്ടുന്ന ഒരു കഥാകൃത്തിനേയും കവിയേയുമാണ്‌ ഈ സമാഹാരത്തിൽ കണ്ടെത്താനാവുന്നത്‌.”

തികച്ചും ഗ്രാമീണമായ കാഴ്‌ചകൾകൊണ്ട്‌ ചിത്രം വരക്കുന്ന കഥയാണ്‌ “ജമീല”. നാട്ടിലേക്ക്‌ തിരിച്ചുവരുന്ന ഹരി എന്ന കഥാപാത്രത്തിന്റെ ഓർമ്മകളിലേക്ക്‌ ആട്ടിൻപാലിന്റെ മണമുളള ജമീല കടന്നുവരുന്നു. കൊണസൻ കൂത്രാളും ആസ്യയുമ്മയും കഥാപാത്രങ്ങളാകുന്ന “ജമീല” സുന്ദരമായ ഒരു കഥപറയാൻ ശ്രമിക്കുന്ന സൃഷ്‌ടിയാണ്‌. കഥാന്ത്യത്തിൽ നിരാശതയും നിസ്സഹായവസ്ഥയും ഒന്നുപോലെ തളർത്തിയ നായകന്റെ ചിത്രം ഒട്ടൊക്കെ വായനക്കാരെ ആകർഷിക്കും.

അസൂയക്കാരനും അത്യാഗ്രഹിയും തപസ്സുചെയ്‌ത പഴംകഥയുടെ മറുകഥയാണ്‌ ജ്ഞാനസാരം. മറ്റു കഥകളിൽ നിന്ന്‌ തികച്ചും വ്യത്യസ്ഥമായി ഈ കഥയിൽ കഥാകൃത്ത്‌ അസാമാന്യമായ രചനാവഴക്കം പ്രകടിപ്പിക്കുന്നുണ്ട്‌. കഥയുടെ ചരട്‌ പൊട്ടാതെ സൂഷ്‌മതലസ്പർശിയായ അവതരണം സാധ്യമാക്കിയതുകൊണ്ട്‌ ഈ സമാഹാരത്തിലെ ഏറ്റവും മികച്ച സൃഷ്‌ടിയായി “ജ്ഞാനസാര”ത്തെ കാണാം.

ചെറുകഥയെന്ന മാധ്യമത്തിൽ നടത്താൻ ശ്രമിക്കുന്ന ഒരു പരീക്ഷണം എന്നതിലപ്പുറം ജനാർദ്ധനന്റെ മരണം എന്ന കഥക്ക്‌ യാതൊരുപ്രസക്‌തിയുമില്ല. പുസ്തകത്തിന്റെ എട്ടുപേജോളം ഈ കഥ അപഹരിക്കുന്നുമുണ്ട്‌. രചനാപരമായ അച്ചടക്കം പുലർത്തിയിരുന്നെങ്കിൽ ഈ കഥയും വായനാക്ഷമമാകുമായിരുന്നു എന്നതിൽ തർക്കമില്ല. സറ്റയറിന്റെ ലോകത്തിലേക്ക്‌ ആധുനികാനുഭവങ്ങൾ പറിച്ചുനടുവാനുളള ശ്രമമാണ്‌ “പെരുച്ചായിക്കുളൂസ്‌” എന്ന കഥ. ഫലിതം എന്തുകൊണ്ടോ ശ്രീ. കെ. സി. വിപിന്‌ വഴങ്ങുന്നില്ല.

കുറുക്കൻ മനോഹരമായ ഒരു ഇമേജറിയായി നിറയുന്ന കഥയാണ്‌ “നായ്‌ക്കുറുക്കൻമാർ”. അതിനെ കഥാനുഭവമാക്കുന്നതിൽ കഥാകൃത്ത്‌ വിജയിച്ചു എന്ന്‌ പറഞ്ഞുകൂടാ. ശ്രമകരമായ പരിഹാസമാണ്‌ “സസ്നേഹ”ത്തിന്റെ ഭാവം. അനുദിനം ദുഷ്‌ടമാകുന്ന മനുഷ്യബന്ധങ്ങൾക്ക്‌ നേരെയുളള പുലഭ്യം പറച്ചിലാണ്‌ ഈ രചന. നിർഭാഗ്യകരമെന്ന്‌ പറയട്ടെ അനാവശ്യമായ വലിച്ചു നീട്ടൽ ഈ കഥയെ വായനായോഗ്യമല്ലാതാക്കിയിട്ടുണ്ട്‌. അത്യപൂർവ്വമായ പ്രമേയത്തിന്റെ കഥാവിഷ്‌ക്കാരമാണ്‌ “ലിസ”. മികച്ച കഥയുടെ സൂചനകൾ ഇതിലുണ്ട്‌.

കഥയെ അപേക്ഷിച്ച്‌ കവിതകൾ ഒട്ടുംതന്നെ സംവേദനക്ഷമമല്ല. പുതിയ മാധ്യമത്തിൽ പരീക്ഷണങ്ങൾ നടത്താനുളള കെ. സി. വിപിന്റെ ശ്രമങ്ങളെ അഭിനന്ദിക്കാതെ വയ്യ. എങ്കിലും അദ്ദേഹം വളരെയേറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.

ആധുനികലോകത്തിന്റെ നെറികേടുകൾക്കും ഉപഭോഗതൃഷ്‌ണകൾക്കുമെതിരായ ചെറുത്തുനിൽപ്പുകൾ ഈ സമാഹാരത്തിലെ മുഴുവൻ സൃഷ്‌ടികളുടെയും അന്തർധാരയാണ്‌. കഥാകൃത്തെന്ന നിലയിൽ ശ്രീ. വിപിൻ ഈ ലോകത്തെ കണ്ടുകൊണ്ടിരിക്കുന്നുവെന്നത്‌ പ്രതീക്ഷയുണർത്തുന്നു. ഏറ്റവും ശ്രദ്ധേയമായ കാര്യം നാടൻബിംബങ്ങളുടെയും രൂപകങ്ങളുടെയും സമൃദ്ധമായ പ്രയോഗമാണ്‌. എല്ലാ കഥകളിലും തന്നെ അതിസുന്ദരമായ ഇത്തരം ചില പ്രയോഗങ്ങൾ കാണാം. നിർഭാഗ്യകരമെന്ന്‌ പറയട്ടെ, ലക്കും ലഗാനുമിലാത്തവിധം തലതല്ലിപായുന്ന ആഖ്യാനത്തിന്റെ വിലക്ഷണതയിൽപ്പെട്ട്‌ അതൊന്നും ഒരു പക്ഷേ വായനക്കാരൻ ശ്രദ്ധിക്കാതെ പോയേക്കാം.

കെ.സി. സുബിൻ

സ്ഥിരമായി ആനുകാലികങ്ങളിൽ എഴുതുന്നു, ‘മാധ്യമത്തിൽ’ സബ്‌ എഡിറ്ററായി പ്രവർത്തിക്കുന്നു.

വിലാസംഃ

കുളങ്ങരകുടിയിൽ വീട,​‍്‌ പളളിപ്പുറം പി.ഒ. എറണാകുളം.


E-Mail: kcsubin@rediffmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.