പുഴ.കോം > പുഴ മാഗസിന്‍ > ശാസ്ത്രം > സമയത്തിന്റെ ഒരു ലഘുചരിത്രം > കൃതി

അഞ്ച്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സ്‌റ്റീഫൻ ഹോക്കിങ്ങ്‌

വിവഃ പരമേശ്വരൻ കെ.വി.

ശാസ്‌ത്രത്തിന്റെ അന്തിമ ലക്ഷ്യം പ്രപഞ്ചത്തെ മുഴുവൻ വിശദീകരിക്കുന്ന ഒരൊറ്റ സിദ്ധാന്തം സംഭാവന ചെയ്യുക എന്നതാണ്‌. എങ്കിലും ശാസ്‌ത്രജ്ഞർ യഥാർത്ഥത്തിൽ കൈക്കൊളളുന്ന സമീപനം പ്രശ്‌നത്തെ രണ്ടായി തിരിക്കുക എന്നതാണ്‌. ആദ്യത്തേത്‌ പ്രപഞ്ചം സമയത്തോടൊപ്പം എങ്ങനെ മാറുന്നു എന്ന്‌ വിശദീകരിക്കുന്ന നിയമങ്ങളാണ്‌ (പ്രപഞ്ചം ഏതെങ്കിലും ഒരു പ്രത്യേക സമയത്ത്‌ എങ്ങനെയിരിക്കുന്നു എന്ന്‌ നമുക്കറിയാമെങ്കിൽ മറ്റൊരു സമയത്ത്‌ എങ്ങനെയായിരിക്കുമെന്ന്‌ ഈ നിയമങ്ങൾ പറയുന്നു) രണ്ടാമത്തേത്‌ പ്രപഞ്ചത്തിന്റെ പ്രാരംഭദശയെ സംബന്ധിച്ച പ്രശ്‌നമാണ്‌. ഇതിൽ ആദ്യത്തേത്‌ മാത്രമാണ്‌ വാസ്‌തവത്തിൽ ശാസ്‌ത്രത്തിന്റെ പരിധിയിൽ വരുന്നുളളൂ. പ്രാരംഭാവസ്ഥയെ സംബന്ധിച്ച ചോദ്യം ആത്മീയ വാദത്തിനോ മതത്തിനോ വിടണം എന്നാണ്‌ അവരുടെ വീക്ഷണം. ദൈവം സർവ്വശക്‌തനായതു കൊണ്ട്‌ പ്രപഞ്ചം എങ്ങനെ വേണമെങ്കിലും തുടങ്ങാമല്ലോ എന്ന്‌ അവർ പറയും. അതങ്ങനെയാവാം, പക്ഷേ അങ്ങനെയെങ്കിൽ അദ്ദേഹത്തിന്‌ അതിനെ യാതൊരു നിയമവുമില്ലാതെ, തോന്നിയപോലെ വികസിപ്പിച്ചെടുക്കാമായിരുന്നു. എന്നാൽ പ്രപഞ്ചത്തെ ചില നിയമങ്ങൾക്കനുസരിച്ച്‌ ക്രമാനുഗതമായി രൂപാന്തരപ്പെടുത്തിയെടുക്കാനാണ്‌ അദ്ദേഹം തുനിഞ്ഞത്‌ എന്ന്‌ നമുക്ക്‌ കാണാൻ കഴിയും. അതിനാൽ പ്രാരംഭാവസ്ഥയെയും നിയന്ത്രിക്കുന്ന ചില നിയമങ്ങളുണ്ട്‌ എന്ന്‌ കരുതുന്നത്‌ ഒരുപോലെ ഉചിതമായിരിക്കും.

ഒറ്റയടിക്ക്‌ പ്രപഞ്ചത്തെ മുഴുവൻ വിശദീകരിക്കുന്ന ഒരു സിദ്ധാന്തം മെനഞ്ഞെടുക്കുന്നത്‌ അത്യന്തം ദുഷ്‌കരമായി ഭവിക്കും. പകരം പ്രശ്‌നത്തെ പല കഷണങ്ങളാക്കി അവക്ക്‌ ഒരുപാട്‌ ഭാഗിക സിദ്ധാന്തങ്ങൾ കണ്ടുപിടിക്കുന്നു. ഇതിലോരോ ഭാഗിക സിദ്ധാന്തങ്ങളും ഓരോ പ്രത്യേക വിഭാഗം നിരീക്ഷണങ്ങളെ മറ്റു വിഭാഗങ്ങളിലെ സ്വാധീനം അവഗണിക്കുകയോ അല്ലെങ്കിൽ അവയെ ലളിതമായ സംഖ്യകളെ കൊണ്ട്‌ പ്രതിനിധാനം ചെയ്യിച്ചു കൊണ്ടോ വിശദീകരിക്കുകയും മുൻകൂട്ടി പറയുകയും ചെയ്യുന്നു. ഒരുപക്ഷേ ഈ സമീപനം പാടെ തെറ്റായിരിക്കാം. പ്രപഞ്ചത്തിലെ സർവ്വവും മൗലികമായി പരസ്‌പരം ആശ്രയിച്ചിരിക്കുന്നുവെങ്കിൽ ഓരോ ഭാഗത്തെ വേർതിരിച്ച്‌ പഠിച്ചുകൊണ്ട്‌ പ്രശ്‌നത്തിന്‌ മൊത്തമായ ഒരു പരിഹാരത്തിലെത്താൻ അസാദ്ധ്യമായിരിക്കാം. എന്നിരുന്നാലും ഈ മാർഗ്ഗത്തിലൂടെ തന്നെയാണ്‌ നാളിതുവരെ നാം മുന്നോട്ട്‌ പോയിരുന്നത്‌. ഇതിനൊരു ഉത്തമ ഉദാഹരണം ന്യൂട്ടന്റെ ഗുരുത്വാകർഷണ സിദ്ധാന്തം തന്നെയാണ്‌. അതുപ്രകാരം രണ്ടു വസ്‌തുക്കൾ തമ്മിലുളള ആകർഷണശക്തി അവയുടെ പിണ്ഡം എന്നൊരു സംഖ്യയെ മാത്രമേ ആശ്രയിക്കുന്നുളളൂ അല്ലാതെ അവ എന്തുകൊണ്ടുണ്ടാക്കിയതാണെന്ന കാര്യവുമായൊന്നും യാതൊരു ബന്ധവുമില്ല. അതിനാൽ സൂര്യന്റെയും ഗ്രഹങ്ങളുടെയും പാത കണക്കാക്കുവാൻ നമുക്ക്‌ അവയുടെ ഘടനയും സ്വഭാവവും സംബന്ധിച്ച സിദ്ധാന്തത്തിന്റെ ആവശ്യമില്ല.

ഇന്ന്‌ ശാസ്‌ത്രജ്ഞർ പ്രപഞ്ചത്തെ വിശദീകരിക്കുന്നത്‌ രണ്ട്‌ അടിസ്ഥാന സിദ്ധാന്തങ്ങളിലൂടെയാണ്‌. സാമാന്യ ആപേക്ഷിക സിദ്ധാന്തവും ഊർജ്ജകണതന്ത്രവും ഇവയാണ്‌ ഈ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ ഏറ്റവും വലിയ ബൗദ്ധിക നേട്ടങ്ങൾ. സാമാന്യ ആപേക്ഷിക സിദ്ധാന്തം ഗുരുത്വാകർഷണശക്തിയെയും പ്രപഞ്ചത്തിന്റെ ബൃഹത്‌മാനത്തിലുളള ഘടനയെയും, അതായത്‌ കുറച്ച്‌ നാഴികകൾ മുതൽ ആയിരം കോടി കോടി കോടി നാഴിക (ഒന്നിന്‌ ശേഷം 24 പൂജ്യം) തോതിലുളള നിരീക്ഷണ സാദ്ധ്യമായ പ്രപഞ്ച ഘടനയേയും വിശദീകരിക്കുന്നു. ഊർജ്ജകണതന്ത്രമാകട്ടെ ഏറ്റവും ചെറിയ, അതായത്‌ ഒരിഞ്ചിന്റെ ലക്ഷം കോടിയിലൊരംശം എന്ന തോതിലുളള പ്രതിഭാസങ്ങൾ പ്രതിപാദിക്കുന്നു. പക്ഷെ നിർഭാഗ്യവശാൽ ഇവ രണ്ടും പരസ്‌പര വിരുദ്ധമാണെന്ന്‌ കാണാം രണ്ടും ഒരുപോലെ ശരിയാവാൻ സാദ്ധ്യമല്ല. ഇന്ന്‌ ഭൗതികശാസ്‌ത്രത്തിലെ ഏറ്റവും ബൃഹത്തായ സംരംഭങ്ങളിലൊന്ന്‌-ഈ പുസ്‌തകത്തിലെ പ്രധാന പ്രമേയവും-ഈ രണ്ടു സിദ്ധാന്തങ്ങളെയും സമന്വയിപ്പിക്കുന്ന ഒരു പുതിയ സിദ്ധാന്തത്തിനുവേണ്ടിയുളള അന്വേഷണമാണ്‌-ഗുരുത്വാകർഷണത്തിന്റെ ഒരു ഊർജ്ജകണ സിദ്ധാന്തം. അങ്ങനെയൊരു സിദ്ധാന്തം ഇതുവരെ നമുക്ക്‌ ലഭിച്ചിട്ടില്ല. അതിന്‌ ഇനിയും നമുക്ക്‌ ബഹുദൂരം പോകേണ്ടിയിരിക്കാം. എങ്കിലും അത്തരം ഒരു സിദ്ധാന്തത്തിനുണ്ടായിരിക്കേണ്ട പല സവിശേഷതകളും നമുക്ക്‌ ഇതിനകം അറിയാൻ കഴിഞ്ഞിട്ടുണ്ട്‌. മാത്രമല്ല ഗുരുത്വാകർഷണ ക്വാണ്ടം സിദ്ധാന്തം ചെയ്യേണ്ടതായ പ്രവചനങ്ങളെ സംബന്ധിച്ച ഒരുപാട്‌ കാര്യങ്ങൾ നമുക്ക്‌ ഇതിനകം അറിയാമെന്ന്‌ വരുന്ന അദ്ധ്യായങ്ങളിൽ കാണാൻ കഴിയും.

അപ്പോൾ, ഈ പ്രപഞ്ചം നിയമ വ്യവസ്ഥിതമല്ലെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, മറിച്ച്‌, കൃത്യമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നുവെങ്കിൽ, തീർച്ചയായും അന്തിമമായി നിങ്ങൾക്ക്‌ ഈ ഭാഗിക സിദ്ധാന്തങ്ങളെല്ലാം യോജിപ്പിച്ച്‌ പ്രപഞ്ചത്തിലെ സർവ്വവും വിശദീകരിക്കുന്ന ഒരു ഏകീകൃത സിദ്ധാന്തം സൃഷ്‌ടിക്കേണ്ടിവരും. പക്ഷേ അത്തരമൊരു പരിപൂർണ്ണ ഏകീകൃത സിദ്ധാന്തത്തിനുവേണ്ടിയുളള അന്വേഷണത്തിൽ മൗലികമായ ഒരു വൈരുദ്ധ്യമുണ്ട്‌. മുകളിൽ വിവരിച്ച ശാസ്‌ത്ര നിയമങ്ങളെല്ലാം, നാം ഇഷ്‌ടാനുസരണം സ്വതന്ത്രമായി പ്രപഞ്ചത്തെ നിരീക്ഷിക്കാനും നാം കാണുന്നതിൽ നിന്ന്‌ യുക്തിസഹജമായ നിഗമനങ്ങളിലെത്തുവാനും കഴിവുളള വിശേഷബുദ്ധിയുളള ജീവികളാണെന്ന അനുമാനത്തെ അടിസ്ഥാനപ്പെടുത്തിയുളളതാണ്‌. ഇത്തരമൊരു വ്യവസ്ഥയിൽ നാം പ്രപഞ്ചത്തെ മുഴുവൻ നയിക്കുന്ന നിയമങ്ങളിലേക്ക്‌ കൂടുതൽ അടുത്തുകൊണ്ടിരിക്കും എന്നു കരുതുന്നതിൽ അപാകതയില്ല. എന്നാൽ ശരിക്കും അങ്ങനെയൊരു പൂർണ്ണമായ ഏകീകൃത സിദ്ധാന്തമുണ്ടെങ്കിൽ ആ സിദ്ധാന്തം തന്നെ നമ്മുടെ അന്വേഷണത്തിന്റെ ഫലവും നിർണ്ണയിക്കാമല്ലോ. അപ്പോൾ തെളിവുകളിൽ നിന്ന്‌ നാം ശരിയായ നിഗമനത്തിൽ എത്തുമെന്ന്‌ അത്‌ നിശ്ചയിച്ചു കൊളളണമെന്നുണ്ടോ? അതേ അളവിൽ തന്നെ നാം തെറ്റായ നിഗമനത്തിലെത്തിച്ചേരണമെന്നും നിർണ്ണയിച്ചു കൂടെ? അഥവാ ഒരു നിഗമനത്തിലും എത്തുന്നില്ല എന്നും?

ഈ പ്രശ്‌നത്തിൽ എനിക്ക്‌ നല്‌കാൻ കഴിയുന്ന ഒരേ ഒരു ഉത്തരം ഡാർവ്വിന്റെ പ്രകൃതി നിർദ്ധാരണ തത്വ(Darwin's Principle of Natural Selection)ത്തെ അടിസ്ഥാനപ്പെടുത്തിയുളളതാണ്‌. ഒരു സ്വയംപ്രജനന ജന്തുസമൂഹത്തിൽ ഓരോ അംഗത്തിന്റെയും ജനിതക സത്തയും വളർച്ചയുടെ സാഹചര്യങ്ങളും വ്യത്യസ്‌തമായിരിക്കും. ഈ വ്യത്യാസങ്ങൾ മൂലം ചില വ്യക്തികൾ മറ്റുളളവരേക്കാൾ തനിക്ക്‌ ചുറ്റുമുളള ലോകത്തെക്കുറിച്ച്‌ ശരിയായ നിഗമനങ്ങളിലെത്താനും അതനുസരിച്ച്‌ പ്രവർത്തിക്കാനും പ്രാപ്‌തരായിരിക്കും. ഇവർ അതിജീവിക്കുകയും പ്രത്യുല്‌പാദിപ്പിക്കുകയും ചെയ്യുവാൻ കൂടുതൽ സാധ്യതയുണ്ടാവുകയും അങ്ങനെ അവരുടെ പെരുമാറ്റ ചിന്താരീതികൾ അധീശത്വം പുലർത്തുകയും ചെയ്യും. ബുദ്ധിശക്തിയും ശാസ്‌ത്രീയ കണ്ടുപിടുത്തങ്ങളും അതിജീവനത്തിന്‌ കൂടുതൽ സഹായകരമായിട്ടുണ്ടെന്ന്‌ കഴിഞ്ഞ കാലത്തെ സംബന്ധിച്ചിടത്തോളം വളരെ ശരിയായിരുന്നുവെന്നു കാണാം. എന്നാൽ ഇന്നും ഇത്‌ തന്നെയാണ്‌ സ്ഥിതി എന്ന്‌ പറഞ്ഞുകൂടാ. നമ്മുടെ ശാസ്‌ത്ര കണ്ടുപിടിത്തങ്ങൾ നമ്മെ ഒന്നാകെ നശിപ്പിച്ചേക്കാം, ഇല്ലെങ്കിൽത്തന്നെ ഒരു സമ്പൂർണ്ണ ഏകീകൃത സിദ്ധാന്തം നമ്മുടെ അതിജീവന സാദ്ധ്യതകൾക്ക്‌ ഒരു മാറ്റമുണ്ടാക്കിയില്ലെന്നും വരാം. എങ്കിലും പ്രപഞ്ചം ക്രമാനുഗതമായാണ്‌ വികാസം പ്രാപിച്ചതെങ്കിൽ പ്രകൃതി നിർദ്ധാരണം നമുക്കു നല്‌കിയ വിവേചന ശക്തി സമ്പൂർണ്ണ ഏകീകൃത സിദ്ധാന്തത്തിനുവേണ്ടിയുളള അന്വേഷണത്തിലും ഫലപ്രദമായി പ്രവർത്തിക്കുമെന്നും അതിനാൽ അത്‌ നമ്മെ തെറ്റായ നിഗമനങ്ങളിലേക്ക്‌ നയിക്കില്ലെന്നും പ്രതീക്ഷിക്കാം.

നമുക്ക്‌ ഇതിനകം ലഭ്യമായിട്ടുളള ഭാഗിക സിദ്ധാന്തങ്ങൾ തന്നെ അത്യന്തസൂക്ഷ്‌മമായ ചിലതൊഴിച്ച്‌ എല്ലാ അവസ്ഥകളിലും കൃത്യമായ പ്രവചനങ്ങൾ നടത്താൻ പര്യാപ്‌തമാണ്‌ എന്നതിനാൽ പ്രപഞ്ചത്തെക്കുറിച്ച്‌ ഒരു പരമമായ സിദ്ധാന്തത്തിനുവേണ്ടിയുളള അന്വേഷണത്തിന്റെ പ്രസക്‌തിയെ പ്രായോഗികതലത്തിൽ ന്യായീകരിക്കുവാൻ അല്പം ബുദ്ധിമുട്ടുണ്ടാകും. എങ്കിലും ഇതേ വാദങ്ങൾ തന്നെ നമുക്ക്‌ ആപേക്ഷിക സിദ്ധാന്തത്തിനും ഊർജ്ജകണസിദ്ധാന്തത്തിനുമെതിരായി ഉപയോഗിക്കാവുന്നതാണ്‌. എന്നാൽ അവ നമുക്ക്‌ അണുശക്തിയും അതിസൂക്ഷ്‌മ ഇലക്‌ട്രോണിക ശാസ്‌ത്രവിപ്ലവവും നല്‌കി എന്ന വസ്‌തുത ഇവിടെ സ്‌മരണീയമാണ്‌ അതുകൊണ്ട്‌ ഒരു സമ്പൂർണ്ണ ഏകീകൃത സിദ്ധാന്തം മനുഷ്യവർഗ്ഗത്തിന്റെ അതിജീവനത്തെ സഹായിച്ചു കൊളളണമെന്നില്ല; അത്‌ നമ്മുടെ ജീവിതരീതിയെ ഒട്ടുംതന്നെ സ്വാധീനിച്ചില്ലെന്നും വരാം. പക്ഷേ മനുഷ്യസംസ്‌ക്കാരത്തിന്റെ ഉദയം മുതൽ മനുഷ്യർക്കൊരിക്കലും ചുറ്റും നടക്കുന്ന സംഭവങ്ങളെ അവ്യാഖ്യേയവും പരസ്പരബന്ധമില്ലാത്തവയുമെന്നു കരുതി തൃപ്‌തിപ്പെടുവാൻ കഴിയുമായിരുന്നില്ല. അവരെപ്പോഴും ലോകത്തിലന്തർലീനമായിരിക്കുന്ന വ്യവസ്ഥ മനസ്സിലാക്കാൻ വേവലാതിപ്പെട്ടിരുന്നു. ഇന്നും നാം എവിടെ നിന്നാണ്‌ വന്നത്‌; എന്തിനാണിവിടെ വന്നത്‌, എന്നെല്ലാം അറിയാൻ കൊതിക്കുന്നു. മനുഷ്യരാശിയുടെ ഏറ്റവും അഗാധമായ വിജ്ഞാനദാഹം തന്നെയാണ്‌ നാം തുടർന്നുകൊണ്ടേയിരിക്കുന്ന അന്വേഷണത്തിനുളള ന്യായീകരണം. നമ്മുടെ ലക്ഷ്യം നാം ജീവിക്കുന്ന പ്രപഞ്ചത്തിന്റെ പരിപൂർണ്ണ വിശദീകരണത്തിൽ കുറഞ്ഞൊന്നുമല്ലാതിരിക്കട്ടെ.

Previous Next

സ്‌റ്റീഫൻ ഹോക്കിങ്ങ്‌




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.